വിവാഹപ്രായം 21:
സ്ത്രീവിരുദ്ധതയിലേക്ക്
ഒരു കുറുക്കുവഴി
വിവാഹപ്രായം 21: സ്ത്രീവിരുദ്ധതയിലേക്ക് ഒരു കുറുക്കുവഴി
ഇന്ത്യയില്‍ പതിനെട്ടു വയസാണ് ഒരു വ്യക്തിയ്ക്ക് നിയമപരമായി പ്രായപൂര്‍ത്തി ആകുന്ന പ്രായം. അതോടുകൂടി എല്ലാ തരത്തിലുള്ള നിയമപരമായ കോണ്‍ട്രാക്ടുകളുടെയും ഭാഗമാകാന്‍ കഴിയും. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭാഗഭാക്കാകാനാവും. എന്നിട്ടും സ്വന്തം ജീവിതത്തിലെ ഒരു കാര്യത്തില്‍, വിവാഹ കാര്യത്തില്‍, തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് വരുന്നതില്‍ യാതൊരു യുക്തിയുമില്ല.
20 Dec 2021, 12:40 PM
ഏതൊരു നിയമനിര്‍മ്മാണത്തിനുപിന്നിലും ഒരു ലക്ഷ്യമുണ്ടാകണം. ആ നിയമം കൊണ്ട് നിറവേറ്റപ്പെടുന്ന ഒരു കടമയുണ്ടാകണം. അത് ഭരണഘടനാ ധാര്‍മികതയിലൂന്നിയ ജനാധിപത്യ ലോകവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഈയൊരു പ്രാഥമിക ബോധ്യത്തോടെ സമീപിച്ചാല്‍, രാജ്യത്തെ യുവതികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയ കേന്ദ്ര കാബിനറ്റ് നിര്‍ദ്ദേശം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാക്കാനാകും. സമതാ പാര്‍ട്ടി നേതാവ് ജയാ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് ആണ് ഗവണ്‍മെന്റിന് ഇത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്. നിതി ആയോഗിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരാണ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.
പ്രസവത്തോടുകൂടി മരണപ്പെടുന്ന അമ്മമാരുടെ എണ്ണം കുറക്കുക, ആരോഗ്യകരമായ പ്രസവം ഉറപ്പുവരുത്തുക, പോഷകഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക, സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുക, തുടങ്ങിയവയാണ് പുതിയ പരിഷ്‌കാരത്തിന്റെ ലക്ഷ്യങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഓര്‍മ വരുന്നത് 2016-ല്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഗവണ്മെൻറ് പറഞ്ഞ കാര്യങ്ങളാണ്. അതേ മാതൃകയില്‍ തന്നെ ഇക്കാര്യത്തിലും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് നടപ്പിലാക്കുന്ന നയവുമായി ഇവിടെയും യാതൊരു ബന്ധവുമില്ല എന്നു കാണാം.
ലോകത്ത് മാതൃമരണ നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓരോ മണിക്കൂറിലും 5 സ്ത്രീകളാണ് പ്രസവസംബന്ധമായ സങ്കീര്‍ണതകള്‍ മൂലം മരിക്കുന്നത്. 2006-ല്‍ 130 ആയിരുന്ന മാതൃമരണനിരക്ക് 2019 ആകുമ്പോഴേക്കും 113 ആയി കുറഞ്ഞുവെങ്കിലും ഇപ്പോഴും വര്‍ഷാവര്‍ഷം 26,437 സ്ത്രീകളുടെ ജീവനാണ് നഷ്ടമാകുന്നത്. വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നാക്കി ഉയര്‍ത്തിയാല്‍ ദുഃഖകരമായ ഈ സാഹചര്യത്തിന് പരിഹാരമാകുമോ എന്നു പരിശോധിക്കാം.
മാതൃമരണങ്ങളില്‍ എഴുപത്തഞ്ചു ശതമാനത്തിനും കാരണം പ്രസവസമയത്തുള്ള രക്തസ്രാവമോ, അണുബാധയോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുണ്ട്. ഇതില്‍ തന്നെ രക്തസ്രാവമാണ് മുഖ്യകാരണം. ഇതിനു കാരണം അനീമിയയും പോഷക ആഹാരക്കുറവും അടിയന്തര വൈദ്യസൗകര്യങ്ങളുടെ അഭാവവും പ്രസവസമയത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാക്കാത്തതും ഒക്കെയാണ്, അല്ലാതെ 18-നും 21-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ പ്രസവിക്കുന്നതല്ല.

"ദി മില്യന്‍ ഡെത്ത് കൊറോബറേറ്റേഴ്സ്' 2014-ല്‍ നടത്തിയ പഠനപ്രകാരം ഇന്ത്യയില്‍ നടക്കുന്ന മാതൃമരണങ്ങളുടെ പകുതിയും സംഭവിക്കുന്നത് ഇരുപതിനും ഇരുപത്തിയൊന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ്. ഇതില്‍ പതിനെട്ടു വയസില്‍ താഴെയുള്ളവർ ആറു ശതമാനം മാത്രമേ വരുന്നുള്ളൂ. എന്നാല്‍ വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങള്‍ ഈ പഠനത്തിന്റെ ഭാഗമായി വരുന്നുണ്ട്.
മരണങ്ങളില്‍ നാലില്‍ മൂന്നും സംഭവിക്കുന്നത് രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളിലാണ്. അക്ഷരാഭ്യാസമില്ലാത്ത വിഭാഗങ്ങള്‍ക്കിടയില്‍ നിന്നാണ് ഗ്രാമപ്രദേശങ്ങളിലെ മരണങ്ങളില്‍ 72.30 ശതമാനവും. നഗരമേഖലയില്‍ ഇത് 46.10 ശതമാനമാണ്. ആകെ മരണങ്ങളില്‍ 49.70 ശതമാനവും വീടുകളില്‍ വച്ചാണ് സംഭവിച്ചത്. 13 ശതമാനം മരണം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു. 25 ശതമാനം പേര്‍ക്കും യാതൊരു തരത്തിലുമുള്ള വൈദ്യസഹായവും ലഭിച്ചില്ല. 37.60 ശതമാനം പേര്‍ക്കും പ്രസവസംബന്ധിയായ സങ്കീര്‍ണതകള്‍ ഉടലെടുത്ത ഘട്ടത്തില്‍ ചികിത്സ ലഭ്യമായിട്ടില്ല. അതിനര്‍ത്ഥം പ്രസവസമയത്ത് മരണം സംഭവിക്കുന്നതിനുള്ള പ്രധാനകാരണം സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ് എന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കണക്കു പരിശോധിച്ചാല്‍ മാനവവികസന സൂചികയില്‍ പിന്നോക്കം നില്‍ക്കുന്ന ആസാം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മാതൃമരണ നിരക്ക് ഏറ്റവും കൂടുതല്‍. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് വളരെ കുറവാണെന്നും കാണാം.
ലോകരോഗ്യസംഘടനയും ഉയര്‍ത്തിക്കാണിക്കുന്നത് ഇതേ കാര്യമാണ്. മാതൃമരണങ്ങളില്‍ 94 ശതമാനവും ഉണ്ടാകുന്നത് വിഭവങ്ങളുടെ അപര്യാപ്തതയുള്ള മേഖലകളിലാണ് എന്നാണ് കണക്ക്. ദാരിദ്ര്യം, ആരോഗ്യ സംവിധാനങ്ങളിലേക്കുള്ള ദൂരം, അപര്യാപ്തത, സാംസ്‌കാരികവും വിശ്വാസപരവുമായ ചില മാമൂലുകള്‍ എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന അക്കമിട്ടു നിരത്തുന്ന കാരണങ്ങള്‍. വിവാഹപ്രായത്തിന്റെ കാര്യത്തില്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളില്‍ മരണസാധ്യത കൂടുതലാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികള്‍ ഏതെങ്കിലും തരത്തില്‍ പ്രത്യേക അപകടസാധ്യതയുള്ള വിഭാഗമാണ് എന്ന പരാമര്‍ശം എവിടെയുമില്ല. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള വിവാഹങ്ങളാണ് ശൈശവ വിവാഹമായി കണക്കാക്കുന്നത്. ആഗോളതലത്തില്‍, വികസിത ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ വിവാഹപ്രായം പതിനെട്ടായാണ് നിശ്ചയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്ന് ആക്കി ഉയര്‍ത്തുന്നത് മാതൃമരണ നിരക്ക് കുറക്കുവാനാണ് എന്ന വാദം യുക്തിസഹമല്ല.
എന്നാല്‍, ഇതുകൊണ്ട് വലിയ ദോഷമുണ്ടാകുകയും ചെയ്യും. കാരണം ഈ നിയമഭേദഗതി ഇരുപത്തിയൊന്ന് വയസില്‍ താഴെയുള്ള വിവാഹങ്ങളെ ക്രിമിനല്‍വത്കരിക്കും. അതോടെ പ്രസവവുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ നിന്നും ഇവര്‍ പുറത്താവുന്ന സാഹചര്യം ഉണ്ടായേക്കാം. ഇന്ന് ലോകത്ത് ആകെ നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ നാല്‍പ്പതു ശതമാനവും നമ്മുടെ രാജ്യത്താണ്. 2003-ല്‍ ഇത് ആകെ നടക്കുന്ന വിവാഹങ്ങളുടെ നാല്‍പ്പത്തിയേഴ് ശതമാനമായിരുന്നുവെങ്കില്‍ 2019-ല്‍ അത് ഇരുപത്തിമൂന്ന് ശതമാനമായി കുറഞ്ഞു. വിവിധ സാമൂഹ്യ ക്ഷേമ/സ്ത്രീശാക്തീകരണ പദ്ധതികളും വിദ്യാഭ്യാസത്തിന്റെ വ്യാപനവുമാണ് ഇത്തരത്തില്‍ ഒരു മാറ്റം സാധ്യമാക്കിയത്. എന്നിരുന്നാലും ഇന്ത്യയിലെ ശൈശവ വിവാഹങ്ങളുടെ തോത് ഒട്ടും ആശ്വാസ്യമായ തരത്തിലല്ല. ഇതില്‍ ഏറിയ പങ്കും നടക്കുന്നത് ദരിദ്ര-ഗ്രാമീണ മേഖലകളിലാണ്. നിയമം മൂലം വിവാഹപ്രായം ഉയര്‍ത്തിയതുകൊണ്ട് ഈ സാഹചര്യം മാറാന്‍ പോകുന്നില്ല. നമ്മള്‍ സംസാരിക്കുന്നത് പതിനെട്ടു വയസില്‍ താഴെ പ്രായമുള്ള സ്ത്രീകളുടെ വിവാഹങ്ങള്‍ ശൈശവ വിവാഹമായി കണക്കാക്കിക്കൊണ്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍ വിവാഹപ്രായം ഇരുപത്തിയൊന്ന് ആക്കുന്നതോടെ ശൈശവ വിവാഹങ്ങളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുകയും, കൂടുതല്‍ കല്യാണങ്ങള്‍ ഗോപ്യമായി വക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി മാറും. ഇത് കൂടുതല്‍ അന്യവത്കരണത്തിലേക്കും അവശതകളിലേക്കുമായിരിക്കും അവരെ നയിക്കുക. മാതൃമരണ നിരക്ക് കുറയ്ക്കാന്‍ ആവശ്യമായ, പോഷകാഹാരം, ചികിത്സാ സൗകര്യങ്ങള്‍, സാമൂഹ്യസുരക്ഷ, നിയമപരിരക്ഷ തുടങ്ങിയ എല്ലാ മേഖലകളിലും പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. അതോടെ 2019-20 വരെ നാം ഈ മേഖലയില്‍ ആര്‍ജ്ജിച്ച പുരോഗതി ഇല്ലാതാകുകയും ചെയ്യും.
മറ്റൊരു വാദം വിവാഹപ്രായം വര്‍ദ്ധിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണത്തിനു സഹായകമാകും എന്നതാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനും തൊഴില്‍ അന്വേഷിക്കാനും കൂടുതല്‍ സാവകാശം നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട ഭേദഗതി എന്നതാണ് കാരണം. എന്നാല്‍ വളരെ പരിമിതമായ ഒരു വിഭാഗത്തിന് മാത്രമേ ഈ ഗുണമുണ്ടാകൂ. കാരണം രാജ്യത്തെ ശൈശവവിവാഹങ്ങളില്‍ സിംഹഭാഗവും നടക്കുന്നത് തുടർപഠനത്തിനോ ജോലി നോക്കാനോ സാധ്യതകള്‍ ഇല്ലാത്ത മേഖലകളിലും സാമൂഹിക വിഭാഗങ്ങളിലുമാണ്. ഇത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം ബാധകമാണെന്ന് കരുതരുത്. വിദ്യാഭ്യാസവും സാമൂഹിക പിന്നാക്കാവസ്ഥയും സാമ്പത്തിക സ്ഥിതിയും ഒക്കെയാണ് മാനദണ്ഡം. ഈ വിഭാഗങ്ങള്‍ക്കിടയില്‍ രണ്ടു വര്‍ഷങ്ങള്‍ കൂടി പെണ്‍കുട്ടികളെ ഒരു ഭാരമായി കണക്കാക്കുന്ന സാമൂഹിക ബോധം ബലപ്പെടുത്താന്‍ മാത്രമേ ഈ ഭേദഗതി ഉപകരിക്കൂ. പഠിക്കാനും തൊഴിലെടുക്കാനും സാധ്യതകളും അവസരങ്ങളും ഉള്ള ഇടങ്ങളില്‍ ശരാശരി വിവാഹപ്രായം കൂടി വരികയും വധൂവരന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞു വരികയും ചെയ്യുന്നതായി കാണാം. ആഗോളതലത്തില്‍ ഉള്ള അനുഭവങ്ങള്‍ ഇക്കാര്യം ശരിവയ്ക്കുന്നതാണ്. വികസിത ജനാധിപത്യ സമൂഹങ്ങളില്‍ ശരാശരി വിവാഹപ്രായം ഉയര്‍ന്നതും പ്രായവ്യത്യാസം കുറവും ആണ്. അത്തരമൊരു മാറ്റത്തിനുള്ള അവസരങ്ങള്‍ ഒരുക്കാനുള്ള ബാധ്യത ഗവണ്മെന്റിനുണ്ട്. ക്ഷേമപദ്ധതികളിലും ഗ്രാമീണ മേഖലയില്‍ ആസ്തിവികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും പണം മുടക്കേണ്ടതുണ്ട്. അതു ചെയ്യാതെ ഇത്തരത്തിലുള്ള ലൊടുക്കു വിദ്യകള്‍ കാണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക.

ഇരുപത്തിയൊന്ന് വയസ്സുവരെ ഒരു സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തെ പുരുഷാധിപത്യ/ജാത്യാധിപത്യ സാമൂഹിക വ്യവസ്ഥിതിയ്ക്ക് അടിയറവു വക്കുന്നതുകൂടിയാണ് പുതിയ പരിഷ്‌കരണ നിര്‍ദ്ദേശം. രണ്ടു മുതിര്‍ന്ന വ്യക്തികളുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയ്ക്കും ഒരുമിച്ചുള്ള ജീവിതത്തിനും ഒക്കെ ഇത് ഭീഷണിയാകും. ഇരുപത്തിയൊന്ന് വയസ്സുവരെ സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കാന്‍ കഴിയില്ല എന്നുവരും. പതിനെട്ട് വയസു കഴിഞ്ഞവര്‍ക്കുള്ള ലൈംഗിക സ്വാതന്ത്ര്യം നഷ്ടമാകും എന്നു മാത്രമല്ല, "ലിവിംഗ് ടുഗെദര്‍' ബന്ധങ്ങളെയും ഇത് ക്രിമിനല്‍വത്കരിക്കും.
രാജ്യത്ത് നിലവിലുളള ശൈശവവിവാഹ നിരോധന നിയമ (പി.സി.എം.എ. ആക്ട്)-ത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശൈശവവിവാഹം നടത്തുന്നവരെ ശിക്ഷിക്കുന്നു എന്നതല്ല, വിവാഹത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. നിയമത്തിന്റെ വകുപ്പ് 3(3) അനുസരിച്ച് ബാല്യത്തിലേ വിവാഹിതരായവര്‍ക്ക്, വിവാഹപ്രായമായി രണ്ടു വര്‍ഷത്തിനുള്ളില്‍ ബന്ധം ഉപേക്ഷിച്ചു പിന്‍വാങ്ങാം. അതായത് പെൺകുട്ടികള്‍ക്ക് 18 കഴിഞ്ഞ് 20 വയസ്സാകുന്നതിനുള്ളില്‍ ആ ബന്ധത്തില്‍ നിന്ന് പുറത്തുകടക്കണമെങ്കില്‍ അങ്ങനെ ഒരു തീരുമാനത്തിലേക്കെത്താം. എന്നാലിനി 21 വയസ്സുവരെ അവള്‍ കാത്തിരിക്കണം.
പി.സി.എം.എ. നിയമപ്രകാരം 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയും 21 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയും വിവാഹിതരായാല്‍ ആ വിവാഹം സാധുവാണ്, എന്നാല്‍ അസാധുവാക്കാന്‍ കഴിയുന്നതുമാണ്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയോ ചതിയോ ഉണ്ടെങ്കില്‍ വിവാഹം അസാധുവാക്കാന്‍ കോടതിയ്ക്ക് കഴിയും; വിവാഹം നടത്തിക്കൊടുത്തവരെ ശിക്ഷിക്കാനും. എന്നാലും, പ്രായപൂര്‍ത്തിയാകാത്ത വധൂവരന്മാര്‍ വിവാഹം നിലനില്‍ക്കണം എന്നു ആവശ്യപ്പെട്ടാല്‍ വിവാഹം സാധുവാണ് താനും. എതിർപ്പുകള്‍ മറികടന്ന് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുന്നവരുടെ വിവാഹം സംരക്ഷിക്കപ്പെടുന്നത് ഇങ്ങനെയാണ്.
ഇത്തരം കേസുകളില്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പി.സി.എം.എ. നിയമം കാമുകനെതിരെയുള്ള ആയുധമാക്കാറുണ്ട്. ഇനി അതിനുള്ള സാധ്യതയേറുകയാണ് ഉണ്ടാവുക. ഇനി മുതല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധം അനുവദനീയമായ പ്രായം 21 ആണെന്ന് വരികില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇതിനോട് ചേര്‍ത്ത് എപ്രകാരമായിരിക്കും പ്രയോഗിക്കപ്പെടുക എന്നു കണ്ടറിയണം. ഒപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓരോന്നോരോന്നായി പാസാക്കിക്കൊണ്ടിരിക്കുന്ന വിവിധ മത പരിവര്‍ത്തന നിരോധന നിയമങ്ങളും "ലൗ ജിഹാദ്' നിയമങ്ങളും കൂടി ചേരുമ്പോള്‍ പരമ്പരാഗത ജാതി-മത-ഗോത്ര സമവാക്യങ്ങള്‍ക്കകത്ത് സ്ത്രീയെ തളച്ചിടാനുള്ള ഉപകരണം മാത്രമായി ഇതു മാറും.
സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതുകൂടിയാണ് ഈ ഭേദഗതി എന്നും വാദമുണ്ട്. സ്ത്രീക്ക് വിവാഹപ്രായം പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നും ആകുന്നത് വിവേചനപരമാണ്. അത് മാറ്റി വിവാഹപ്രായം ഏകീകരിക്കുന്നത് ലിംഗസമത്വത്തെ പ്രതിഫലിപ്പിക്കും എന്ന വാദം ശരിയാണ്. അത് പക്ഷേ സ്ത്രീയുടെ വിവാഹപ്രായം കൂട്ടിയിട്ടല്ല, പുരുഷന്റെ പ്രായം കൂടി കുറച്ച്, പതിനെട്ട് ആക്കുകയായിരുന്നു വേണ്ടത്. കാരണം സ്ത്രീ ആദ്യം വളര്‍ച്ച പ്രാപിക്കുന്നു എന്നത് പ്രാകൃതമായ ഒരു വിശ്വാസമാണ്. അത് മാറ്റേണ്ട സമയം കഴിഞ്ഞു. എന്നാല്‍ ഇന്നത് മാറ്റുമ്പോള്‍ ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചു വേണം എന്നുമാത്രം.
ലോകത്ത് 158 രാജ്യങ്ങളില്‍ പെണ്ണിന്റെ വിവാഹപ്രായം പതിനെട്ടാണ്. 180 രാജ്യങ്ങളില്‍ ആണിനും പതിനെട്ട് തന്നെ. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ ആണിനും പെണ്ണിനും 18 ആണ് വിവാഹപ്രായം. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരത്തിലുള്ള വിവേചനവും അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ (CEDW) പറയുന്നതും വിവാഹപ്രായം ഇരുവര്‍ക്കും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം എന്ന നിലയ്ക്കാണ്. 2018-ല്‍ NHRC കേസില്‍ സുപ്രീംകോടതിയും വിവാഹപ്രായം ഏകീകരിക്കണം എന്ന് നിരീക്ഷിക്കുകയുണ്ടായി. 2008-ല്‍ ലോ കമ്മീഷന്റെ റിപ്പോര്‍ട്ടിലും ഇതേ പരാമര്‍ശമുണ്ട്. ലോ കമ്മീഷന്റെ നിര്‍ദ്ദേശവും പുരുഷന്മാരുടെ വിവാഹപ്രായവും പതിനെട്ടാക്കി നിശ്ചയിക്കണം എന്നതായിരുന്നു.
ഇന്ത്യയില്‍ പതിനെട്ടു വയസാണ് ഒരു വ്യക്തിയ്ക്ക് നിയമപരമായി പ്രായപൂര്‍ത്തി ആകുന്ന പ്രായം. അതോടുകൂടി എല്ലാ തരത്തിലുള്ള നിയമപരമായ കോണ്‍ട്രാക്ടുകളുടെയും ഭാഗമാകാന്‍ കഴിയും. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഭാഗഭാക്കാകാനാവും. എന്നിട്ടും സ്വന്തം ജീവിതത്തിലെ ഒരു കാര്യത്തില്‍, വിവാഹ കാര്യത്തില്‍, തീരുമാനമെടുക്കാന്‍ അവര്‍ക്ക് കഴിയില്ല എന്ന് വരുന്നതില്‍ യാതൊരു യുക്തിയുമില്ല. അഭിപ്രായം പ്രകടിപ്പിക്കാനും തിരഞ്ഞെടുക്കാനും ഉള്ള അവരുടെ അവകാശത്തെ നമുക്ക് മാനിക്കാതിരിക്കാനാവില്ല. അതാണ് അതിന്റെ ശരിയും.
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read