അക്കിത്തത്തിലുണ്ട്​ ആ ‘പഴയ മേൽശാന്തി’

ആരിലൂടെയാണ് അക്കിത്തം സംഘ്പരിവാറിലേക്ക് തിരിയുന്നത് എന്ന് ചോദിച്ചാൽ , അതൊരിക്കലും ഗോൾവാൾക്കറിലൂടെയോ ഗോഡ്സെയിലൂടെയോ ആയിരിക്കില്ല. മറിച്ച് അത് ഗാന്ധിയിലൂടെയാവാനാണ് സാധ്യത. മാനവികത എന്ന വിശാല ദർശനത്തെ ന്യായീകരിക്കാൻ ഗാന്ധി പലപ്പോഴും മനുസ്മൃതിയിലേക്കും ഇന്ത്യൻ മിത്തുകളിലേക്കുമാണ് യാത്ര ചെയ്തത്. അക്കിത്തം, ഗാന്ധിക്കൊപ്പം കൂടെ കൂട്ടിയത് ആ മനുവാദ ദർശനങ്ങളെ കൂടിയാണ്

സംഘ് പരിവാർ സംഘടനകളുടെ സാംസ്കാരിക പ്രതിനിധിയായി മാറിയ കവി മാത്രമായിരുന്നില്ല അക്കിത്തം, കടവല്ലൂർ അന്യോന്യം പോലൊരു മനുവാദ പ്രചാരണ പരിപാടിക്ക് മുഖ്യധാരയിൽ വലിയ രീതിയിലുള്ള വിസിബിലിറ്റി നേടിക്കൊടുക്കാനായി അക്ഷീണം പണിയെടുത്ത അതിന്റെ പ്രയോക്താവു കൂടിയായിരുന്നു ആ "പണ്ടത്തെ മേൽശാന്തി' എന്നു കൂടി കാണേണ്ടതുണ്ട്.

ആരിലൂടെയാണ് അക്കിത്തം സംഘ്പരിവാറിലേക്ക് തിരിയുന്നത് എന്ന് ചോദിച്ചാൽ , അതൊരിക്കലും ഗോൾവാൾക്കറിലൂടെയോ ഗോഡ്സെയിലൂടെയോ ആയിരിക്കില്ല. കാരണം, അവർ കൊണ്ടു നടന്ന ഹിംസയുടെ രാഷ്ട്രീയം ഒരിക്കലും ജീവിതത്തിലോ കവിതയിലോ അക്കിത്തം ഏറ്റുപിടിച്ചിട്ടില്ല.

മറിച്ച് അത് ഗാന്ധിയിലൂടെയാവാനാണ് സാധ്യത. ഗാന്ധിയുടെ വിശ്വമാനവികത , അഹിംസ, ആത്മജ്ഞാനം എന്നീ ആശയങ്ങൾക്കൊപ്പം അദ്ദേഹം കൊണ്ടുനടന്ന മനുവാദ ദർശനങ്ങളും അക്കിത്തം അതേ പടി ജീവിതത്തിൽ ഏറ്റു പിടിച്ചിട്ടുണ്ട് എന്നു കൂടി മനസിലാക്കിയാൽ മാത്രമേ സങ്കീർണമായ ആ ജീവിതത്തെ പൂർണമായും വായിച്ചെടുക്കാൻ കഴിയൂ.

ഗാന്ധിയൻ ഐഡിയോളജിയുടെ ശക്തി, മാനവികത എന്നതാകുമ്പോൾ തന്നെ, അതിന്റെ ഏറ്റവും വലിയ ദൗർബല്യം ആ വിശാല ദർശനത്തെ ന്യായീകരിക്കാൻ ഗാന്ധി പലപ്പോഴും മനുസ്മൃതിയിലേക്കും ഇന്ത്യൻ മിത്തുകളിലേക്കുമാണ് യാത്ര ചെയ്തത് എന്നതു കൂടിയാണ്. അതുകൊണ്ട്, മനുവാദ രാഷ്ട്രീയത്തിന് വേണ്ടത്ര ന്യായീകരണങ്ങൾ ഗാന്ധിയിൽ കണ്ടെത്താൻ കഴിയും. അക്കിത്തം, ഗാന്ധിക്കൊപ്പം കൂടെ കൂട്ടിയത് ആ മനുവാദ ദർശനങ്ങളെ കൂടിയാണ്. അതു കൊണ്ടാണ് , "എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ, എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ' എന്നെഴുതുന്ന അതേ കവിതയിൽ തന്നെ "പണ്ടത്തെ മേശാന്തി നിന്നു തിരിയുന്നു, ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളിൽ ഞാൻ ... "ഓത്തുവായ് ' കൊണ്ടു വിഴുങ്ങേണ്ടി വന്നു മേ , ഓക്കാനമേകുന്ന മീനുമിറച്ചിയും' എന്നും അക്കിത്തം എഴുതിവച്ചത്. ആ കവിതയിൽ കവി പൂണൂലഴിക്കുന്നത് രാഷ്ട്രീയ ബോധ്യം കൊണ്ടല്ല , മറിച്ച് "ചുറ്റും ത്രസിക്കും നഗരം പിടിച്ചെന്നെ മറ്റൊരാളാക്കി , ഞാൻ സമ്മതിയ്ക്കായ്കിലും ' എന്ന നിവൃത്തി കേടുകൊണ്ടാണ്.

ലോകം കൂടുതൽ മുന്നോട്ടു നടക്കുകയും സമൂഹം രാഷ്ട്രീയ സംവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ അത്തരം സംവാദങ്ങളെ പ്രതീക്ഷയോടെയല്ല, പഴയകാല "സൗഭഗ' ങ്ങൾ തനിക്കു ചുറ്റും നഷ്ടപ്പെടുന്നതായാണ് അക്കിത്തം അനുഭവിച്ചത്. തീർച്ചയായും, അക്കിത്തത്തെ പോലെ താൻ അനുഭവിച്ച ഗതകാല ഗരിമകളുടെ രാഷ്ട്രീയ കാരണങ്ങളെ ഒരിക്കൽ പോലും വിമർശനത്തോടെ സമീപിക്കാത്തൊരാൾ അത്തരം സാമൂഹ്യ ചലനങ്ങളെ അങ്ങനെ നിരീക്ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അതുകൊണ്ടാണ്, "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന ഏറെ പ്രസിദ്ധമായ കവിതയിൽ "സ്വർഗം' എന്ന അധ്യായത്തിൽ ഒരിടത്ത് കവി ഇങ്ങനെ വിലപിക്കുന്നത്: ‘അന്നത്തെ മഴവിൽക്കീറു, മുദയാസ്തമയങ്ങളും/ ചന്ദ്രഗോളത്തിലെക്കൊച്ചു മുയലും പൂണ്ട സൗഭഗം/ ഇന്നുള്ളവയ്ക്കില്ല തെല്ലുമന്നത്തെ പാരിജാതവും/ മുല്ലയും പനിനീറും കൈനാറിയും തന്ന ഗന്ധവും'.

എങ്ങനെയാണോ ഗാന്ധി, ഇന്ത്യൻ ഗ്രാമങ്ങളെ മാതൃകാ പ്രതീകങ്ങളാക്കി പ്രതിഷ്ഠിച്ചത്, അതിന്റെ കവിവേർഷൻ മാത്രമായിരുന്നു അക്കിത്തത്തിന്റെ
കവിതകളിൽ നിറഞ്ഞു നിന്ന ഗ്രാമ്യവിശുദ്ധിയും ഗതകാല സ്മൃതികളുമെല്ലാം. അതുകൊണ്ടാണ്, കവി നഗരങ്ങളെ പേടിച്ചത്. മലയാള നോവലുകളും ചെറുകഥകളും കവിതയുമെല്ലാം തീവണ്ടിയും വിമാനവും കയറി യാത്ര ചെയ്തപ്പൊഴും "ചാരുകസേരയിൽ ഭൂതകാലഹ്ളാദത്തി, ന്നുച്ഛിഷ്ടം നുണഞ്ഞു കൊണ്ടിരിക്കും പാവത്താനായ ' കവിയോട് "ഓടിക്കിതച്ചെത്തിയ പട്ടണം' മടുത്തില്ലേ എന്ന് ചോദിക്കുമ്പോൾ ( കവിത: അടുത്തൂൺ) , "മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം, മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രെ' എന്നു പറയാൻ മാത്രം സന്ദേഹമില്ലാത്തവനാകുന്നത്. അത്രമേൽ നിഷ്കളങ്കമാണ് ഗ്രാമജീവിതം എന്ന് വായനക്കാരനെ വിശ്വസിപ്പിക്കാൻ കവി തുനിയുമ്പോൾ തന്നെയും, മുക്കുറ്റിപ്പൂവിലേക്കും നിലപ്പനപ്പൂവിലേക്കും മാത്രം ചുരുങ്ങിപ്പോകുന്ന ആ കാഴ്ച അത്ര നിഷ്കളങ്കമായ ഒന്നല്ലെന്ന് നമുക്ക് പറയേണ്ടി വരുന്നത്.

"നിരത്തിൽ കാക്ക കൊത്തുന്നു, ചത്ത പെണ്ണിന്റെ കണ്ണുകൾ.., മുല ചപ്പി വലിക്കുന്നു, നരവർഗ നവാതിഥി ' എന്ന് സങ്കടപ്പെടുന്ന അതേ കവി തന്നെ നഗരത്തിലെ യുവാക്കളെ സൂചിപ്പിച്ച് കൊണ്ട് അതേ കവിതയിൽ തന്നെ മറ്റൊരിടത്ത് "അണിഞ്ഞു കൊണ്ടും, യാതൊന്നുമണിയില്ലെന്ന മൂച്ചിലും, ബീച്ചിലൂടെയുലാത്തുന്നു നഗരത്തിൻ കിനാവുകൾ / വെള്ള വസ്ത്രം ധരിക്കുന്ന മലയാള നതാംഗികൾ, മുട്ടും കഴുത്തും മൂടാത്ത ചട്ടക്കാരുടെ മിസ്സുകൾ / വല പോലുള്ള ബോഡിസും , കണ്ണാടിപ്പട്ടുസാരിയും , വരിഞ്ഞു മസ്തകം പൊക്കി വിലസീടുന്ന ലേഡികൾ ' എന്നാണ് എഴുതുന്നത്.

മരിച്ചു പോയ സ്ത്രീയെ പറ്റി വിലപിക്കുന്ന അതേ കവി, അതിന്റെ കാരണങ്ങളെ തിരഞ്ഞു ചെന്നെത്തുന്നത്, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് , തലയുയർത്തി നടന്നു പോകുന്ന സ്ത്രീകളിലാണ്. പുതിയ കാലത്തിരുന്നു വായിക്കുമ്പോൾ അങ്ങേയറ്റം മനുഷ്യവിരുദ്ധമായ കാഴ്ചപ്പാടു കൂടിയായിരുന്നു ആ കവിത മുന്നോട്ടു വച്ചത് എന്ന് നമുക്കു കാണാനാകും. അതു കൊണ്ടാണ് "വെളിച്ചം ദുഃഖമാണുണ്ണീ , തമസ്സല്ലോ സുഖപ്രദം' എന്ന് "ഭാവിപൗരനോട് കരഞ്ഞു പറഞ്ഞത്' അവസാന കാലം വരെയും കവി തിരുത്തി പറയാതിരുന്നതും.

ഭൂരിപക്ഷ മതത്തെ അംഗീകരിച്ചു കൊണ്ട് ജീവിക്കലാണ് മതേതരത്വം എന്ന രാഷ്ട്രീയ കാഴ്ചപ്പാടു തന്നെയാണ് കവി പിൻപറ്റി പോന്നത് എന്നുറപ്പിക്കാൻ അദ്ദേഹത്തിന്റെ ഖുറാനിലെ സ്നേഹദർശനത്തെ പറ്റി കൂടി സംസാരിക്കുന്ന "മരണമില്ലാത്ത മനുഷ്യൻ' എന്ന കവിതയിലെ ഈ വരികളുടെ മാത്രം സാക്ഷ്യം മതിയാകും : "അയലിൽ പാർക്കും ഹിന്ദുക്കളിലെ സുഹൃത്തിനെയറിവിൻ, ശത്രുത്വം നിങ്ങൾക്കു ദോഷമേ ചെയ്യൂ'.

തീർച്ചയായും, മാനവിക ദർശനത്തിന്റെ, സ്നേഹ ബോധ്യങ്ങളുടെ ആഴമുള്ള തുടിപ്പുകൾ അക്കിത്തത്തിന്റെ കവിതയിലുണ്ട് എന്നു കൂടി കാണേണ്ടതുണ്ട്. "കരിയിൻമേൽക്കുന്നു തിരിയുന്നു താന്ത കർഷകൻ / അവന്റെ നെടുവീർപ്പല്ലോ നെല്ലോലകളവയ്ക്കു മേൽ, ഉയരും കുല, തൽക്കണ്ണിലൂറും രക്ത കണങ്ങളും / അവ ഭക്ഷിച്ചു പോരുന്നതവനല്ലെന്ന വാസ്തവം, അറിഞ്ഞ ദിവസം കെട്ടു പോയെൻ മനസിലമ്പിളി' എന്ന് കവി തിരിച്ചറിയുന്നത് "എന്റെ കാതിലലയ്ക്കുന്നു, നിത്യ മാനുഷരോദനം / എന്റെ കാലിൽ തറയ്ക്കുന്നു മനുഷ്യത്തലയോടുകൾ / കാവുമ്പായ്, കരിവള്ളൂരിൽ , മുനയൻകുന്നിലും വൃഥാ / അലയുന്നുണ്ടൊരാളാത്മ ചൈതന്യ പരിപീഡിതൻ' എന്നെഴുതിയ ഒരു ഭൂതകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നതു കൊണ്ടാകണം. താനെപ്പൊഴോ കൊണ്ടു നടക്കുകയും ഇടപെട്ടു പോരികയും ചെയ്ത ആ ബോധമണ്ഡലം, അകമേ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടുണ്ടാവണം. അതു കൊണ്ടാണ് "കൊത്താനോങ്ങുന്നവരുടെ വംശം കൊന്നു മുടിക്കും കണ്ടോളൂ' എന്നും ‘എന്നാലങ്ങനെയാട്ടെ വരുവിൻ കൊന്നു തുടങ്ങാമന്യോന്യം, ആരു ജയിക്കും കാണാം ചോരയിലാറാടട്ടെ ബ്രഹ്മാണ്ഡം' എന്നും വല്ലപ്പോഴുമെങ്കിലും ആ കവിത വിലപിച്ചത്. "വീരത ഭഗത്സിങ്ങായുടഞ്ഞു തകരുന്നു, ധീരതയിൽ നിന്നബ്ദുൾ റഹിമാൻ പിറക്കുന്നു' എന്ന പരിമിതി ഉണ്ടായിരുന്നെങ്കിലും .. !

അക്കിത്തം ഗാന്ധിയെ ഒരു പാട് വായിച്ചിട്ടും കേട്ടിട്ടുമുണ്ടാകണം, അദ്ദേഹം വായിക്കാതെ പോയൊരാൾ തീർച്ചയായും അംബേദ്കറാണ്. അക്ഷരങ്ങളെ മാന്ത്രികനെന്ന പോൽ നിരത്തിവക്കാൻ തക്ക കാവ്യപരിശീലനവും സിദ്ധിയും കൈവശമുണ്ടായിട്ടും, ആ കാവ്യജീവിതത്തിന്റെ ഏറ്റവും വലിയ കുറവ് അത് മാത്രമായിരുന്നു. മുറ്റത്തെ മുക്കുറ്റിപ്പുവിന്റെ ഇതളുകളെണ്ണി മനസിലാക്കാൻ ശ്രമിച്ചപ്പോഴും, താൻ എടുത്തു പുതച്ച മനുവാദ ദർശനങ്ങളുടെ മനുഷ്യ വിരുദ്ധതയിലേക്ക് കൺ തുറന്ന് നോക്കാൻ തന്റെ 94 വർഷങ്ങളോളം നീണ്ട ജീവിതത്തിൽ അദ്ദേഹത്തിന് സമയമില്ലാതെ പോയതും അതു കൊണ്ട് മാത്രമാകണം.. !

മനുഷ്യവിരുദ്ധമായ ദർശനങ്ങളുടെ കാവി പുതപ്പിലേക്ക് സ്വയം ചൂളിപ്പോയി എങ്കിലും, ഈ എഴുതിയ വരികൾ കൊണ്ട് മാത്രം ആ കാവ്യജീവിതത്തെ ചിരകാലം മനുഷ്യർ ഓർത്തിരിക്കുമായിരിക്കാം..

"അറിവില്ലാതെ ഞാൻ ചെയ്തോ -
രപരാധം പൊറുക്കുവിൻ
ഭൂമിയിൻമേൽ പാർക്കു-
മിരുന്നൂറു കോടി മനുഷ്യരെ...
എനിക്കു മാനഹാനിക്കാ -
യില്ല കാരണമൊന്നുമേ,
ക്ഷമ യാചിക്കുന്നതെന്നെ -
പ്പെറ്റ ഭൂമിയോടല്ലി ഞാൻ...
ആശിപ്പേനിബ്ഭൂമി നന്നാ-
ക്കീടുവാനെങ്കിലാദ്യമായ്,
എന്നിലുള്ള കളങ്കത്തെ-
ക്കഴുകിക്കളയാവു ഞാൻ.
നിരുപാധികമാം സ്നേഹം
ബലമായ് വരും ക്രമാൽ
ഇതാണഴ, കിതേ സത്യം
ഇതു ശീലിക്കിൽ ധർമ്മവും.
തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകൾ ,
ഉരുക്കി വാർത്തെടുക്കാവൂ
ബലമുള്ള കലപ്പകൾ .
ബോംബിനായ് ദുർവ്യയം ചെയ്യു-
മാണവോൽബണ ശക്തിയാൽ
അന്ധഗ്രാമക്കവലയിൽ
സ്നേഹ ദീപം കൊളുത്തുക.
അജയ്യ സ്നേഹമാമണ്ഡം
വിരിഞ്ഞുണ്ടാകും പ്രകാശമേ ,
സമാധാനപ്പിറാവേ നിൻ
ചിറകൊച്ച ജയിക്കുക .. !’

Comments