എന്തുകൊണ്ട് രവിചന്ദ്രൻ സി. വിമർശിക്കപ്പെടണം?

കേവല യുക്തിവാദികളെ, അവരുടെ എല്ലാമെല്ലാമായ യുക്തി ചതിയ്ക്കുന്നതിന്റെ കൂടി കഥയാണ് രവിചന്ദ്രൻ സി.യുടെ കഥ. അതൊരു വ്യക്തിയുടെ മാത്രം കഥയല്ല. മറിച്ച്, പല പേരുകളിൽ അറിയപ്പെടുന്ന കേവല യുക്തിവാദികളുടെയാകെ കുടുംബ കഥയാണ്.

കേരളത്തിലെ ഏറ്റവും യുക്തിയുള്ള മനുഷ്യജീവി, ഒരുപക്ഷേ, രവിചന്ദ്രൻ സി. ആകാനാണ് സാദ്ധ്യത. ചുരുങ്ങിയത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെങ്കിലും അതങ്ങിനെയാണെന്ന കാര്യത്തിൽ സംശയമേതുമില്ല. ഒരു തർക്കത്തിനും നിൽക്കാതെ അക്കാര്യം നമുക്ക് സമ്മതിച്ചു കൊടുക്കാവുന്നതാണ് എന്നാണ് എന്റെ പക്ഷം. രവിചന്ദ്രന്റെ ഒട്ടുമിക്ക പുസ്തകങ്ങളും വായിയ്ക്കുകയും, ഞെട്ടിപ്പിക്കുന്ന പ്രഭാഷണങ്ങളിൽ പലതും കേൾക്കുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക്, അദ്ദേഹം കൊണ്ടു നടക്കുന്ന യുക്തിയുടെ കാർക്കശ്യങ്ങളെക്കുറിച്ച് ലവലേശം സംശയങ്ങൾ എനിയ്ക്കില്ല. സാന്ദർഭികമായി പറയട്ടെ, രവിചന്ദ്രന്റെ "പകിട 13' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവേളയിൽ, അത് ഏറ്റുവാങ്ങാൻ ലഭിച്ച ഒരവസരം സന്തോഷത്തോടെ സ്വീകരിച്ച ഒരാളാണ് ഞാൻ. കാരണം, ഇന്നത്തെപ്പോലെ അന്നും അദ്ദേഹം പറയുന്ന പല കാര്യങ്ങളിലും എനിക്ക് അതിയായ താൽപ്പര്യങ്ങളുണ്ടായിരുന്നു.

എന്നാലിന്ന്, "യുക്തിവാദികളുടെ ആൾദൈവം' എന്ന്, കളിയായും കാര്യമായും പലരാലും വിളിക്കപ്പെടുന്ന രവിചന്ദ്രൻ രൂക്ഷമായ ചില വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. ഈയിടെയായി അദ്ദേഹം നടത്തുന്ന പല അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും സംഘപരിവാർ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നതാണ് എന്നതുകൊണ്ടാണ് ആ വിമർശനങ്ങൾ വന്നിട്ടുള്ളത്. സംഘപരിവാർ മുന്നോട്ടു വെയ്ക്കുന്ന സാംസ്കാരിക ദേശീയതയുടെ ആശയം, "സ്വതന്ത്ര ചിന്ത' എന്ന പട്ടുനൂൽ നിർമിത ചാക്കിൽ നിറച്ച് ഒളിച്ചു കടത്തുകയാണ് അദ്ദേഹം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനായി പ്രധാനമായും രവിചന്ദ്രൻ ഉപയോഗപ്പെടുത്തുന്നത് ഇസ്‌ലാം മത വിമർശനമാണ്. ഗൂഗിൾ സെർച്ചിലൂടെ താൻ തന്നെ കണ്ടെത്തിയിട്ടുള്ള ഇസ്‌ലാമിനകത്തെ ക്രൂരത, സ്ത്രീ വിരുദ്ധത, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, വസ്ത്രധാരണം, ഭക്ഷണം തുടങ്ങി എന്തുമേതും, രവിചന്ദ്രന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹത്തിന് തികച്ചും ചക്കര ആശയങ്ങളാണ്. പൊതുവിൽ മതവിമർശനം മുഖ്യ അജണ്ടയായി എടുത്തിട്ടുള്ള അദ്ദേഹം, സമീപകാലത്ത് സ്പെഷ്യലൈസ് ചെയ്തിട്ടുള്ളത് ഇസ്‌ലാം മതവിമർശനത്തിലാണ് എന്നത് കേവലം യാദൃച്ഛികമാകാനിടയില്ല.

സമകാലീന കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ അതിനുള്ള മൈലേജ് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആ മൈലേജിന്റെ പുറത്തുള്ള രവിചന്ദ്രൻ സി.യുടെ യാത്ര, പോത്തിന്റെ പുറത്തേറി വരുന്ന, ഹിന്ദു മിത്തോളജിയിലെ കാലന്റേതു പോലെ, പ്രഹരശേഷിയുള്ളതായി തോന്നുന്നുണ്ട് ഇപ്പോൾ അദ്ദേഹത്തിന്റെ ഒട്ടുമിക്ക അനുയായികൾക്കും. ഊക്കുള്ള ആ കയർക്കുരുക്ക് വീഴാനുള്ള അടുത്ത അവസരം ഏത് നിർഭാഗ്യവാന്റേതാണ് എന്ന മനുഷ്യസഹജമായ ജിജ്ഞാസയാൽ, "നൂറ്റാണ്ടിന്റെ ചിന്തകൻ', "കേരളത്തിൽ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും വലിയ ബുദ്ധിജീവി' തുടങ്ങിയ അസാധാരണ പട്ടങ്ങൾ അവരദ്ദേഹത്തിന് നിർലോഭമായി അനുവദിച്ചും നൽകുന്നുണ്ട്. അസൂയ ലവലേശം തീണ്ടാതെ പറയട്ടെ- തികച്ചും ഭാഗ്യവാൻ തന്നെ ഈ രവിചന്ദ്രൻ സി.

സംവരണത്തിന്റെ കാര്യം വന്നാൽ, എല്ലാതരം സംവരണങ്ങൾക്കും രവിചന്ദ്രൻ നിശ്ചയമായും എതിരാണ്. പൗരത്വ ഭേദഗതിയുടെ കാര്യം വന്നാൽ, അതിൽ മതത്തിന്റെ അംശം തീരെയില്ല എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമേതുമില്ല. ഗാന്ധി വധത്തെ അദ്ദേഹം ഗോഡ്സെയുടെ കണ്ണിലൂടേയേ കാണൂ. സാമ്പത്തിക ചിന്തയിൽ ഒരു മുതലാളിത്ത പക്ഷപാതിയായ അദ്ദേഹത്തിന് സോഷ്യലിസം എന്ന ആശയത്തോട് സ്വാഭാവികമായും പുച്ഛമാണ്. സോഷ്യൽ ഡാർവിനിസത്തിന്റെ കണ്ണടയിലൂടെ കാര്യങ്ങളെ കണ്ട്, മനുഷ്യൻ, സമത്വമുള്ളവരായി ജീവിക്കാൻ വേണ്ടി പരിണമിച്ചുണ്ടായതല്ല എന്ന യുക്തിയാണ് ആ പുച്ഛത്തിന്റെ മറുപുറം. (അപരരോടുള്ള പുച്ഛം ഒരു സ്ഥായീഭാവമാണെങ്കിലും, അത് വെറുതേ പുച്ഛിക്കാനുള്ള ഒരു പുച്ഛമല്ലെന്നർത്ഥം. മറിച്ച് അദ്ദേഹം കൊണ്ടു നടക്കുന്ന യുക്തിചിന്തയുടെ ഒരുൽപ്പന്നമാണ് അത് എന്ന വസ്തുത ശരിയായി മനസ്സിലാക്കണം നാം).

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിയ്ക്കുന്ന നടപടികൾ വിമർശിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം രവിചന്ദ്രനില്ല. തന്നെയല്ല, അത് നല്ലതാണ് എന്ന അഭിപ്രായം ഉണ്ടുതാനും. ഒരു ഭാഗത്ത് സമ്പത്തും, മറുഭാഗത്ത് ദാരിദ്ര്യവും പെരുകുന്നതിൽ വിഷമിച്ചിട്ട് കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം, അർഹതയുള്ളവരേ അതിജീവിയ്ക്കൂ. അതാണ് പ്രകൃതിയുടെ നിയമം. പ്രകൃതിശാസ്ത്രത്തിലെ ഈയൊരു യുക്തിയാണ് സാമൂഹ്യശാസ്ത്രത്തിലും രവിചന്ദ്രന്റെ യുക്തി. "തെങ്ങിനും, കവുങ്ങിനും ഒരേ തളപ്പ് കെട്ടരുത്' എന്ന, സാധാരണ നാട്ടിൻപുറത്തുകാരുടെ വൈരുദ്ധ്യാത്മക യുക്തി മഹാപണ്ഡിതനായ രവിചന്ദ്രന് അതുകൊണ്ടു തന്നെ പിടികിട്ടുന്നില്ല. കാരണം, യുക്തി എന്നത് കേവലമായ ഒരു ഏകകമാണ് അദ്ദേഹത്തിന്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരേയൊരു മറുമരുന്ന്. എവിടെയും കണ്ണുമടച്ച് പ്രയോഗിക്കാവുന്നത്. അതുകൊണ്ടാണ്, കൊണ്ടോട്ടി അങ്ങാടിയിലുള്ള ഒരു തട്ടുകടയിൽ പൊറോട്ടയുണ്ടാക്കുന്ന അഹമ്മദ് കുട്ടിയുടെ വകയിലൊരു മൂത്താപ്പയാണ് ചെങ്കിസ് ഖാൻ എന്ന് സംശയലേശമന്യേ അദ്ദേഹത്തിന് പറയാനാവുന്നത്. ഇത്തരം തോന്നലുകളുടെ പേര് അറിവ് എന്നല്ല; മറിച്ച് കേവലയുക്തി എന്നാണ്. ഇന്റർനെറ്റിൽ നിന്ന് ലഭിയ്ക്കുന്ന വെറും വിവരങ്ങളേയും, മേൽ പറഞ്ഞതു പോലുള്ള ഘടാഘടിയൻ യുക്തികളേയും പരമമായ അറിവായി തെറ്റിദ്ധരിയ്ക്കുന്ന ഒരു സമൂഹത്തിൽ, ചെറിയൊരു സർക്കിളിലാണെങ്കിലും രവിചന്ദ്രന് കിട്ടിയ ആൾദൈവ പദവി സ്വാഭാവികമെന്നേ പറയാനാവൂ.

സംഘപരിവാറുകാർ പറയുന്ന പല കാര്യങ്ങളും അവർ പറയുന്നതിനേക്കാൾ യുക്തിഭദ്രമായും പണ്ഡിതോചിതം എന്ന നാട്യത്തിലുമാണ് രവിചന്ദ്രൻ പറയുക. "സ്വതന്ത്രചിന്ത'യുടെ അസ്കിത കൂടി ഉള്ളതു കൊണ്ട്, സ്വാഭാവികമായും അതിന് വിശ്വാസ്യതയും കൂടും. അങ്ങിനെയെങ്കിൽ ഈ രവിചന്ദ്രൻ, താഴെപ്പറയുന്ന മൂന്ന് തരം വിഭാഗക്കാരിൽ ഏതെങ്കിലും ഒന്നാകാനേ തരമുള്ളൂ. എന്നാൽ, ആ വിഭാഗം ഏതാണ് എന്ന് മനസ്സിലാകാൻ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടിവരും.

ചിദാനന്ദപുരി, ഉദിത് ചൈതന്യ.

ആദ്യമെല്ലാം സ്വതന്ത്ര - നിഷ്പക്ഷ ലേബലിൽ പ്രത്യക്ഷപ്പെട്ട് "വലിയ' കാര്യങ്ങൾ പറഞ്ഞ് ജനസമക്ഷം സ്വീകാര്യത കിട്ടിയ പലരും പിന്നീട് സംഘപരിവാറിന്റെ സ്വന്തം തട്ടകത്തിൽ ആടിത്തിമർക്കുന്ന കാഴ്ച ഇതിനകം എത്രയോ കണ്ടതാണ് നാം. ഇ. ശ്രീധരനേയും, സെൻകുമാറിനേയും പോലുള്ള ഉദ്യോഗസ്ഥ പ്രമുഖരിൽ തുടങ്ങി ചിദാനന്ദപുരിയേയും, ഉദിത് ചൈതന്യയേയും പോലുള്ള സ്വാമിമാരിൽ വരെ എത്തി നിൽക്കുന്ന ആ ശൃംഘല നാം പൊതുവിൽ കരുതുന്നതിനേക്കാൾ നീണ്ടതാണ്. ആദ്യം പറഞ്ഞവർ RSS മനസ്സ് എക്കാലവും സൂക്ഷിച്ചു പോരുന്ന അവസരവാദികളും, സ്ഥാനമോഹികളുമാണെങ്കിൽ, ഉദിത് ചൈതന്യയെപ്പോലുളളവരെ കേരളത്തിന്റെ ആത്മീയ മണ്ഡലത്തിൽ RSS പ്രത്യേകമായി നിയോഗിച്ചതാണ് എന്നതാണ് വസ്തുത. എന്നാൽ അമ്മട്ടിൽ അവർ വെളിപ്പെടാൻ സമയമെടുക്കുമെന്ന് മാത്രം. ഈ രണ്ട് കോളങ്ങളിൽ ഏതെങ്കിലുമൊന്നിലാണോ രവിചന്ദ്രൻ സി.യുടെ സ്ഥാനം എന്നത് കാലത്തിന് മാത്രമേ വെളിപ്പെടുത്താനാവൂ. അത് വെളിപ്പെടാനുള്ള സമയമെടുക്കുന്നതിന് മുൻപ്, ആ തരത്തിലുള്ള ഏതെങ്കിലും ചർച്ചകൾ നാം തുടങ്ങിവെയ്ക്കുന്നത് തികച്ചും വ്യക്തിപരമായിപ്പോകാനേ ഉപകരിക്കൂ. അത് നല്ല ഒരു സംവാദ രീതിയല്ല.

സംഘപരിവാറിന് വലിയൊരളവിൽ സഹായകമാകുന്ന രവിചന്ദ്രയുക്തികൾ ഓരോന്നോരായി എടുത്ത് മറുപടി പറയുക എന്നത് ഈ കുറിപ്പിന്റെ ഉദ്ദേശ്യമല്ല; അത് എളുപ്പത്തിൽ സാദ്ധ്യമാണ് എങ്കിലും. മറിച്ച്, രവിചന്ദ്രൻ ഉൾപ്പെടെയുള്ള കേവല യുക്തിവാദികളെ, അവർ തന്നെ പരമപ്രധാനമായി കാണുന്ന യുക്തി എങ്ങിനെ അപകടത്തിൽ ചാടിക്കുന്നു എന്ന് വിശദീകരിക്കാനാണ് ഈ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്. അതായത്, കേവല യുക്തിവാദികളെ, അവരുടെ എല്ലാമെല്ലാമായ യുക്തി ചതിയ്ക്കുന്നതിന്റെ കൂടി കഥയാണ് രവിചന്ദ്രൻ സി.യുടെ കഥ. അതൊരു വ്യക്തിയുടെ മാത്രം കഥയല്ല. മറിച്ച്, പല പേരുകളിൽ അറിയപ്പെടുന്ന കേവല യുക്തിവാദികളുടെയാകെ കുടുംബ കഥയാണ്.

മതവിമർശനമാണ് എല്ലാ യുക്തിവാദികളേയും പോലെ രവിചന്ദ്രന്റേയും മൂലാധാരം. അതിൽ നിന്നാണ് മറ്റ് പലതിലേയ്ക്കും അദ്ദേഹം പടർന്നു പന്തലിയ്ക്കുന്നത്. പലപ്പോഴായി എല്ലാ മതങ്ങളേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. ഇപ്പോൾ കൂടുതലായി ഊന്നുന്നത് ഇസ്​ലാമിലാണ് എന്നു മാത്രമേയുള്ളൂ. എന്നാൽ, ഒട്ടുമിക്ക യുക്തിവാദികളേയും പോലെ, ജാതിവിമർശനം രവിചന്ദ്രന്റേയും മുഖ്യ വിഷയമല്ല. ജാതിയെ വിമർശിക്കാതെയുള്ള മതവിമർശനം ആര് നടത്തിയാലും, അതിലെത്രമാത്രം യുക്തിയുടെ അംശങ്ങളുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യയിൽ അത് സംഘപരിവാറിന് അനുകൂലമായേ വരൂ. ഈയൊരവസ്ഥ രൂപപ്പെട്ടു വന്നതിന്റെ ഉത്തരവാദി തീർച്ചയായും രവിചന്ദ്രനല്ല. എന്നാൽ, ഇതിനകം രൂപപ്പെട്ടു കഴിഞ്ഞ ആ അവസ്ഥയുടെ ഒന്നാന്തരം ഗുണഭോക്താവാണ് അദ്ദേഹം.അറിഞ്ഞോ അറിയാതെയോ, സംഘപരിവാർ ഉയർത്തുന്ന ആശയങ്ങളുമായി അദ്ദേഹത്തിന്റെ യുക്തിവാദം പ്രതിപ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നത് ഇപ്പോൾ ഒരു യാഥാർത്ഥ്യമാണ്; അതൊരു വിരോധാഭാസമായി ചിലർക്കെങ്കിലും തോന്നാമെങ്കിലും.

മതവിമർശനം യുക്തിവാദികളുടെ മുഖ്യ വിഷയമായതിന്റെ പിറകിലുള്ള കാരണം, ഒരു പക്ഷേ, നിരീശ്വരവാദമായിരിക്കാം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിൽ ഈശ്വരന് പങ്കില്ല എന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിൽ, അതിനുമാത്രം സഹായകമായ യുക്തിയുടേയും, പഴുതടച്ച തർക്കശാസ്ത്രത്തിന്റേയും ടൂളുകളാണ് അവർ നിർമ്മിച്ചെടുക്കുന്നത്. അതിനിടയിൽ, മതങ്ങൾക്ക് പോരായ്മകളൊക്കെ ഏറെയുണ്ടെങ്കിലും, മതം പിഴിഞ്ഞെടുത്താൽ എന്തെങ്കിലും ചില നന്മകളും കിട്ടാനിടയുണ്ട് എന്ന വസ്തുത അവരൊരിക്കലും അംഗീകരിക്കുകയില്ല. എന്നാൽ, ആ വിധം ജാതിയെ നാം സമീപിക്കുകയാണെങ്കിൽ അതിൽ നിന്ന് തിന്മയല്ലാതെ മറ്റൊന്നും ലഭിക്കാനിടയില്ല എന്ന വസ്തുതയും അവർക്ക് മനസ്സിലാക്കാനാവുന്നില്ല. മതങ്ങളെ ഇല്ലാതാക്കുന്നതിനേക്കാൾ ഇന്നത്ത അടിയന്തിരമായ കടമ, മതങ്ങളിൽ ഉള്ളവരോ, ഇല്ലാത്തവരോ ആയ ആളുകളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തലാണ് എന്ന ധാരണയില്ലാത്ത ഒരാൾ, ജാതിവിരുദ്ധ ചേരിയിൽ ഉറച്ചുനിൽക്കാത്ത ഒരാൾ, എത്ര തന്നെ വലിയ വിമർശകനാണ് താൻ എന്ന് സ്വയം കരുതിയാലും ഭരണകൂടത്തിന്റെ ഇഷ്ടഭാജനമായിരിക്കാനാണ് സാദ്ധ്യത. ഈ രീതിയിൽ ഇന്നത്തെ ഇന്ത്യനവസ്ഥയിൽ, ഇസ്‌ലാം ഉൾപ്പെടെയുള്ള ഏത് മതത്തേക്കാളും അധികമായി ആക്രമിക്കപ്പെടേണ്ട സാമൂഹ്യ സ്ഥാപനം ജാതിയാണ് എന്ന ധാരണയില്ലായ്മയാണ്, സവർണ - യുക്തിവാദ ഗ്രൂപ്പുകളിലെ ആൾദൈവ പദവിയിലേക്ക് രവിചന്ദ്രൻ സി. യെ ഉയർത്തിയത് എന്ന് കാണാനാകും.

യുക്തിയാണ് എല്ലാത്തിലും മീതെയെന്നാണ് യുക്തിവാദികളുടെ ധാരണ. അത്തരത്തിലുള്ള കേവല യുക്തിയുടെ കണ്ണടയിലൂടെയാണ് അവർ ലോകത്തെ കാണുന്നതും വ്യാഖ്യാനിയ്ക്കുന്നതും. എന്നാൽ, കോർപ്പറേറ്റ് താൽപ്പര്യങ്ങളും, ദേശീയതയും സമ്മേളിക്കുന്ന തരത്തിൽ പുതിയൊരു സാമൂഹ്യ അവബോധം തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള നമ്മുടെ കാലത്ത്, അതിനെ സഹായിയ്ക്കുന്ന ആഗോളവൽക്കരണത്തിന്റെ യുക്തികളാണ് എല്ലാ യുക്തിവാദികളുടേതുമെന്ന പോലെ, രവിചന്ദ്രന്റേയും യുക്തി.

എട്ടാം ക്ലാസ്സിലെ ഒരു ജീവശാസ്ത്ര അദ്ധ്യാപകന്റെ/കയുടെ നിർമ്മമതയോടെ, പ്രകൃതി ശാസ്ത്രത്തിൽ മാത്രം ഉപയോഗിക്കേണ്ട ഡാർവ്വിനിസം, സാമൂഹ്യ ശാസ്ത്രത്തിലേക്ക് പറിച്ചു നട്ട്, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ സ്വയം ന്യായീകരിക്കുന്ന സൈദ്ധാന്തിക സംതൃപ്തി ഒരാൾക്ക് നേടാനാവുന്നുണ്ടെങ്കിൽ അതിന്റെ കാരണം, മുതലാളിത്ത യുക്തിയാണ്.

ആഗോളവൽക്കരണത്തിന്റെ അടിസ്ഥാന യുക്തി കിടക്കുന്നത് മുതലാളിത്തത്തിലാണ്. മുതലാളിത്തത്തിന്റെ യുക്തിയാകട്ടെ, ചുരുങ്ങിയത് മൂന്ന് തരത്തിലെങ്കിലും പ്രവർത്തിക്കുന്നതുമാണ്. അതിലൊന്നാമത്തേത്, ആ യുക്തി പ്രത്യക്ഷവാദ (Positivism) പരമാണ് എന്നതാണ്. പ്രത്യക്ഷവാദമെന്നാൽ, പ്രകൃതി ശാസ്ത്രത്തിന്റെ പദ്ധതികളുടെ രീതിയിൽ ലോകത്തിലെ എല്ലാ അനുഭവങ്ങളേയും നോക്കിക്കാണുക എന്നതാണ്. സമ്പത്തിനും, ദാരിദ്ര്യത്തിനുമിടയിൽ നിന്നുകൊണ്ട്, "അർഹതയുള്ളവരേ അതിജീവിയ്ക്കൂ' എന്ന ഡാർവിൻ വചനം ഉദ്ധരിച്ച്, ഭീകരമായ ആ സാമൂഹ്യ വൈരുദ്ധ്യത്തെ ന്യായീകരിക്കുകയാണ് രവിചന്ദ്രൻ സി. ചെയ്യുന്നത്. എട്ടാം ക്ലാസിലെ ഒരു ജീവശാസ്ത്ര അദ്ധ്യാപകന്റെ/കയുടെ നിർമ്മമതയോടെ, പ്രകൃതി ശാസ്ത്രത്തിൽ മാത്രം ഉപയോഗിക്കേണ്ട ഡാർവ്വിനിസം, സാമൂഹ്യ ശാസ്ത്രത്തിലേക്ക് പറിച്ചു നട്ട്, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ സ്വയം ന്യായീകരിക്കുന്ന സൈദ്ധാന്തിക സംതൃപ്തി ഈ വിധം ഒരാൾക്ക് നേടാനാവുന്നുണ്ട് എങ്കിൽ അതിന്റെ കാരണം, അയാളിൽ പ്രവർത്തിക്കുന്ന മുതലാളിത്ത യുക്തിയുടെ കാര്യക്ഷമതയല്ലാതെ മറ്റൊന്നുമല്ല.

രണ്ടാമത്തെ കാര്യം, ഇന്ത്യയിൽ നാം ആധുനികത എന്ന് വിളിക്കുന്നത്, കൊളോണിയൽ ആധുനികതയെയാണ് എന്നതാണ്. ഈ ആധുനികതയുടെ യുക്തിയാകട്ടെ ഉപകരണ യുക്തി (instrumental reason)യുമാണ്. യന്ത്രത്തെ കൈകാര്യം ചെയ്യുന്നതുപോലെ എല്ലാത്തിനേയും കൈകാര്യം ചെയ്യുക എന്നതാണ് അതിന്റെ രീതി. യുക്തി പ്രയോഗിക്കുന്ന ആൾക്ക് മാത്രമേ അസ്തിത്വവും ബോധവും ഉള്ളതായി അത് കണക്കാക്കുന്നുള്ളൂ. യുക്തി പ്രയോഗിക്കപ്പെടുന്ന ആൾക്കോ വസ്തുവിനോ ബോധമോ, പ്രത്യേക അസ്തിത്വമോ ഇല്ലെന്നും കണക്കാക്കപ്പെടുന്നു. കേവല വസ്തുക്കളെക്കൊണ്ടും ചരക്കുകളെക്കൊണ്ടും നിറഞ്ഞതാണ് പ്രകൃതി. വേണ്ടതാണ് ഉള്ളത്. അർഹതയുള്ളതാണ് അതിജീവിയ്ക്കുന്നത്. ഈ സങ്കൽപ്പത്തെ സമൂഹത്തിലേക്ക് മാറ്റി സ്ഥാപിച്ചാൽ, സാമൂഹ്യ ബന്ധങ്ങൾക്കകത്തും വസ്തുക്കളും ചരക്കുകളും മാത്രമേ ഉണ്ടാകൂ. ഈ വിധം ജീവിതം തന്നെ ഒരു വസ്തു വൽക്കരണ പ്രക്രിയയായി മാറുമ്പോൾ, വെറും വസ്തു രതിക്കാരായ മനുഷ്യരായി, ഉപഭോഗ പിണ്ഡങ്ങളായി ഓരോരുത്തരും മാറ്റിയെടുക്കപ്പെടുന്നു. (കേവല യുക്തിയുടെ യാന്ത്രികതയെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ, മാതൃഭാഷയെക്കുറിച്ചുള്ള ഡോ. പി. പവിത്രന്റെ പഠനങ്ങളിൽ നിന്ന് സ്വീകരിച്ചതാണ്).

ഇത്തരത്തിലുള്ള യുക്തിയുടെ ഒരു പ്രശ്നം, അളക്കാനും, തൂക്കാനും കഴിയാത്ത ഒന്നും അതിൽ പരിഗണിക്കപ്പെടുന്നില്ല എന്നതാണ്. വീടാകട്ടെ, സമൂഹമാകട്ടെ, പ്രപഞ്ചമാകട്ടെ, കൃത്യമായ അളവുകളുള്ള വസ്തുക്കളാൽ നിറയ്ക്കപ്പെട്ടതാണ് എന്ന യാന്ത്രിക ബോധത്തെയാണ് ജീവിതദർശനമായും, പ്രപഞ്ച ബോധമായും അത് കൊണ്ടു നടക്കുന്നത്. ഈ യാന്ത്രിക യുക്തിക്ക് അടിമപ്പെട്ട ഒരാൾ, ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വസ്തുവൽക്കരണ പ്രക്രിയയാണ് സാമൂഹ്യജീവിതം എന്ന് ധരിച്ചുവെയ്ക്കും. അങ്ങിനെ വന്നാൽ, സാമൂഹ്യ വൈരുദ്ധ്യങ്ങളെ കാണാനുള്ള ശേഷി സ്വാഭാവികമായും അയാൾക്ക് അന്യമാവുകയും ചെയ്യും.

വിപ്ലവകരങ്ങളെന്ന് പലരും കരുതുന്ന സാമൂഹ്യനിരീക്ഷണങ്ങൾ പലതും നടത്തുമ്പോൾ രവിചന്ദ്രൻ അബദ്ധങ്ങളിൽ ചാടുന്നത്, അദ്ദേഹം വിവരമില്ലാത്ത ഒരാളായതു കൊണ്ടല്ല. മറിച്ച് അദ്ദേഹം ആർജിച്ച വിവരങ്ങൾ, ഭരണകൂടത്തിന്റെ കാഴ്ച്ചപ്പാടിനെ സ്വാംശീകരിക്കുന്ന, മേൽ സൂചിപ്പിച്ച മുതലാളിത്ത യുക്തിയാൽ നിർമ്മിക്കപ്പെട്ടവയാണ് എന്നതിനാലാണ്. ഈ യുക്തിയെ സമ്പുഷ്ടമാക്കാനുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പഠനങ്ങളും, ഗൂഗിൾ സെർച്ചുകളും ആ യുക്തിയെ ദൃഢീകരിക്കുന്ന ജോലി മാത്രമേ യഥാർത്ഥത്തിൽ നിർവ്വഹിക്കുന്നുള്ളൂ.

മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ ഉൽപ്പാദിക്കുന്ന ഇത്തരം അറിവുകളെ പ്രശ്നവൽക്കരിക്കാതെ, "അറിവുള്ളയാൾ' എന്നൊരു പട്ടം ഒരാൾക്കും നൽകാനാവില്ല. ഭരണകൂടത്തെ അകത്ത് സ്വാംശീകരിച്ച്, അതിന്റെ താൽപ്പര്യങ്ങൾക്ക് ഒഴുകുവാനുള്ള ചാലുകളായി സ്വയം മാറിത്തീരുന്ന മനുഷ്യരെക്കുറിച്ച് തിയോഡോർ അഡോണോ സൂചിപ്പിച്ചിട്ടുണ്ട്. അത്തരം മനുഷ്യർ, തങ്ങൾ സ്വയം എത്രമാത്രം പണ്ഡിതരാണ് എന്ന് കരുതിയാൽ തന്നെയും സാമൂഹ്യമായ ഉപയുക്തത തീരെയില്ലാത്തവരായിരിക്കും എന്നതാണ് വസ്തുത. എല്ലാ കേവല യുക്തിവാദികളേയും പോലെ, രവിചന്ദ്രനെ സംബന്ധിച്ച വസ്തുതയും അതു മാത്രമാണ്.

കേവലമായ വിവരങ്ങൾ നൽകുന്ന യാന്ത്രികതയുടെ ഉപകരണയുക്തി കൊണ്ട് രവിചന്ദ്രൻ സി. എന്ന "സ്വതന്ത്ര ചിന്തകൻ' സംഘപരിവാർ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ അമൂർത്തവൽക്കരണ പ്രക്രിയയ്ക്ക് വലംതല കൊട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ

യുക്തിയുടേയും, അറിവിന്റേയും മണ്ഡലം വികസിക്കുമ്പോഴും, സ്വന്തം സൗന്ദര്യ മണ്ഡലത്തെ വികസിപ്പിക്കാൻ പരിശ്രമിക്കുന്നില്ല എന്നതാണ് കേവല യുക്തിവാദത്തിന്റെ (വാദികളുടേയും) പരിമിതി. ആഴത്തിലുള്ള സാംസ്കാരിക വിമർശനത്തിനും, അവരവിൽ നിന്ന് പുറത്തുകടന്ന് നമ്മെത്തന്നെ മനസ്സിലാക്കാനും ഒരാളെ സഹായിയ്ക്കുന്നത് സാന്ദര്യമണ്ഡലത്തിന്റെ വികാസമാണ്. ആധുനികത സൃഷ്ടിക്കുന്ന സാമൂഹ്യ വിഭജനങ്ങളെ മനസ്സിലാക്കണമെങ്കിൽ സൗന്ദര്യ മണ്ഡലത്തിന്റെ വികാസം കൂടിയേ കഴിയൂ. ജാതിയെപ്പറ്റി പറയുമ്പോൾ, "അതിനിപ്പോൾ ജാതിയൊക്കെ ഉണ്ടോ?' എന്നും, അസമത്വത്തെപ്പറ്റി പറയുമ്പോൾ, "അതിനിപ്പോൾ എവിടെയാണ് ദാരിദ്ര്യം' എന്നും, ജെന്ററിനെപ്പറ്റി പറയുമ്പോൾ, "സ്ത്രീകൾക്കിപ്പോൾ സ്വാതന്ത്ര്യം കൂടിപ്പോയതിന്റെ പ്രശ്നമല്ലേ' എന്നും പറയുന്ന പണ്ഡിത സിംഹങ്ങൾ നമുക്ക് ചുറ്റും എത്ര വേണമെങ്കിലുമുണ്ട്. കേവലയുക്തിയുടെ ഈ ചതിക്കുഴിയാണ്, അത്ര തന്നെ പ്രാധാന്യമില്ലാത്ത മുൻഗണനകൾ തീരുമാനിക്കാൻ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. വ്യക്തിപരമായ ഒരു കുറവല്ല അത്. മറിച്ച്, ദർശനത്തിന്റെ അപര്യാപ്തതയാണ്.

ദാർശനികമായ ഈയൊരു കുറവ് രവിചന്ദ്രന്റെ സാമൂഹ്യ വിമർശനങ്ങളിൽ പലപ്പോഴും നിഴൽ വിരിയ്ക്കുന്നതായി കാണാനാകും. അക്കാര്യം വിശദീകരിക്കാൻ സഹായിയ്ക്കുന്ന മൂന്ന് ഉദാഹരണങ്ങൾ ഇവിടെ ചൂണ്ടിക്കാട്ടട്ടെ.

""വിവേകാനന്ദൻ ഒരു ഹിന്ദു മിശിഹായോ?'’ എന്ന പേരിൽ, സ്വാമി വിവേകാനന്ദനെപ്പറ്റി ഒരു ദീർഘലേഖനം ഏതാനും വർഷങ്ങൾക്ക് മുൻപ് രവിചന്ദ്രന്റേതായി വന്നിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ വിവേകാനന്ദന് ചുറ്റും ബോധപൂർവ്വമായി കെട്ടിപ്പൊക്കിയുണ്ടാക്കിയ അതിനായകത്വത്തിന്റെ പൊള്ളത്തരങ്ങൾ പ്രസ്തുത പ്രബന്ധത്തിൽ രവിചന്ദ്രൻ തുറന്നുകാട്ടുന്നുണ്ട്. എന്നാൽ കേവല യുക്തിയുടെ അതിപ്രസരം മൂലം, "ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്; അല്ലെങ്കിൽ കളരിക്ക് പുറത്ത്' എന്ന ഒരു രീതി മാത്രമേ തനിക്ക് വഴങ്ങുകയുള്ളൂ എന്ന് മറ്റല്ലാ വിശകലനങ്ങളിലുമെന്ന പോലെ പ്രസ്തുത ലേഖനത്തിലും രവിചന്ദ്രൻ തെളിയിയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കേവല യുക്തികൾ, വിവേകാനന്ദനെ ശരിയാംവണ്ണം മനസ്സിലാക്കുന്നതിൽ നിന്ന് എങ്ങിനെയെല്ലാമാണ് നമ്മെ തടയുന്നത് എന്നറിയാൻ, മുപ്പത് വർഷങ്ങൾക്കെങ്കിലും മുൻപ് ഡോ. എം. മുരളീധരൻ ഇന്ത്യൻ ആത്മീയതയെക്കുറിച്ചെഴുതിയ അത്യുജ്ജ്വലമായ ലേഖനം ഒന്ന് വായിച്ചാൽ മതിയാകും. 1995 ൽ, തന്റെ മുപ്പത്തേഴാമത്തെ വയസ്സിൽ, മരിച്ചുപോയ അദ്ദേഹം, സംസ്കാര പഠനത്തിന്റെ ആഴങ്ങളിൽ വ്യവഹരിക്കാൻ കെൽപ്പുണ്ടായിരുന്ന ഒരു മാർക്സിസ്റ്റ് ചിന്തകനായിരുന്നു. വിവേകാനന്ദൻ എന്ന വ്യക്തിയെ, അദ്ദേഹം ജീവിച്ച ചരിത്രഘട്ടത്തിൽ പ്രതിഷ്ഠിച്ച്, വിവേകാനന്ദചിന്തയുടെ ശക്തി ദൗർബ്ബല്യങ്ങൾ തുറന്നു കാട്ടുന്ന പ്രസ്തുത പഠനം, വൈരുദ്ധ്യാത്മക ചിന്താപദ്ധതിയുടെ മലയാളത്തിലുള്ള മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ്. (2012 ൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച, രവീന്ദ്രൻ എഡിറ്റ് ചെയ്ത "കലാവിമർശനം - മാർക്സിസ്റ്റ് മാനദണ്ഡം' എന്ന കൃതിയിൽ മുരളീധരന്റെ ഈ പ്രൗഢമായ പ്രബന്ധം ഉൾപ്പെടുത്തിയിട്ടുണ്ട്.)

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷം ഇന്ത്യയിൽ വികസിച്ചു വന്ന ദേശീയതാ ബോധം ഒരു ഭാഗത്തും, ആ ദേശീയബോധത്തിന് "സഞ്ചരിക്കാൻ' പാകത്തിൽ രൂപപ്പെട്ടിട്ടില്ലാത്ത ഒരു ദേശീയ പ്രസ്ഥാനത്തിന്റെ അഭാവം മറുഭാഗത്തും സൃഷ്ടിച്ച ഒരു സന്ദിഗ്ധാവസ്ഥയിൽ വിവേകാനന്ദനെ പ്രതിഷ്ഠിക്കുകയാണ് മുരളീധരൻ ചെയ്യുന്നത്. അദ്ദേഹം എഴുതുന്നു:
"ശക്തമായ ഒരു ദേശീയ പ്രസ്ഥാനത്തിന്റെ അഭാവത്തിൽ, ആത്മീയതയുടെ മേലങ്കി എടുത്തണിയാൻ നിർബന്ധിതമാകുന്ന ദേശീയബോധത്തിന്റെ ധർമ്മസങ്കടത്തേയാണ് വിവേകാനന്ദചിന്ത പ്രതിഫലിപ്പിക്കുന്നത്.... ക്രൂരമായ ഭൗതികയാഥാർത്ഥ്യത്തിൽ നിന്ന് തികച്ചും സ്വതന്ത്രമായ, ഒരാന്തരികത്വത്തെ നിലനിർത്താനുള്ള നിരാശ സ്ഫുരിക്കുന്ന ഒരു ശ്രമമാണ് അദ്ദേഹം (വിവേകാനന്ദൻ ) നടത്തുന്നത്. അതുകൊണ്ടാണ് വിവേകാനന്ദന്റെ സിദ്ധാന്തങ്ങളും നിഗമനങ്ങളും തമ്മിൽ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നത്. സിദ്ധാന്തങ്ങൾ വിപ്ലവാത്മകങ്ങളാണ്. പക്ഷേ നിഗമനങ്ങൾ യാഥാസ്ഥിതികവും...!’

ഗഹനവും ചരിത്രപരവുമായ ഈയൊരു രീതിശാസ്ത്രം രവിചന്ദ്രന്റെ പഠനത്തിൽ നമുക്ക് കാണാനാവില്ല. വിഗ്രഹഭഞ്ജനത്തിന് ഉപകരിക്കുന്ന, ജനപ്രിയമായ ചില വിവരങ്ങൾ (informations) ഉൾക്കൊള്ളിച്ച, ആഴം കുറഞ്ഞ ഒരു വിഹഗ വീക്ഷണം മാത്രമാണ് അത്.

രണ്ടാമത്തെ ഉദാഹരണം, ഈയടുത്തകാലത്ത് രവിചന്ദ്രൻ നടത്തിയ ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു പ്രഭാഷണമാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വമാണ് പ്രഭാഷണ വിഷയം. "വെടിയേറ്റ വൻമരം: എം.കെ. ഗാന്ധി വധിക്കപ്പെട്ടതെന്തിന്?' എന്ന തലവാചകത്തിൽ തന്നെ പ്രഭാഷണത്തിന്റെ ലക്ഷ്യം രവിചന്ദ്രൻ വെളിപ്പെടുത്തുന്നുണ്ട്. അതൊരു തെറ്റാണ് എന്നല്ല. ഗാന്ധിജി വിമർശനങ്ങൾക്ക് അതീതനാണ് എന്നുമല്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ട് കണ്ട വലിയ രാഷ്ട്രീയ ദാർശനികൻമാരിൽ ഒരാളായ ഗാന്ധിജിയെ വിലയിരുത്തുമ്പോൾ, ഉണ്ടാകേണ്ട സാമാന്യമായ ചരിത്രബോധമോ, മര്യാദയോ രവിചന്ദ്രൻ കാണിക്കുന്നില്ല. ഗോഡ്സെയുടെ കണ്ണിലൂടെ ഗാന്ധിയെ കാണുന്ന അദ്ദേഹം, ഗാന്ധിജി മുന്നോട്ട് വെച്ച പല ദർശനങ്ങളേയും, ആശയങ്ങളേയും ചില ചേഷ്ടകളിലൂടെയും ഭാവങ്ങളിലൂടേയും മറ്റും റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്, ആരാധകർക്ക് ആവേശം നൽകുന്ന കാര്യങ്ങളാണെങ്കിലും വാസ്തവത്തിൽ രവിചന്ദ്രന്റെ ചരിത്രബോധമില്ലായ്മയേയും, കാമ്പില്ലായ്മയേയുമാണ് അത് ആഴത്തിൽ അടയാളപ്പെടുത്തുന്നത്.

12-13 നൂറ്റാണ്ടുകളിലായി ജീവിച്ച മംഗോളിയൻ "യുദ്ധപ്രഭു' ജെങ്കിസ്ഖാനെ, മുസ്​ലിം ക്രൂരതയുടെ ഉദാഹരണമായി ഉയർത്തിക്കാട്ടാൻ രവിചന്ദ്രൻ നടത്തിയ ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ വീണ്ടും വിവാദത്തിലാക്കിയത്. ഇക്കാര്യത്തിൽ രവിചന്ദ്രൻ ബോധപൂർവ്വമായി കള്ളം പറഞ്ഞതാണെന്നോ, നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണെന്നോ ഞാനേതായാലും കരുതുന്നില്ല. മറിച്ച്, ഖാൻ എന്ന് കേൾക്കുമ്പോഴേക്ക് അതൊരു മുസ്​ലിമാകും എന്നു തോന്നാവുന്ന തരത്തിലുള്ള പൊതുബോധം തന്നെയാണ് രവിചന്ദ്രനേയും നയിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ഇസ്​ലാമിനെ ക്രൂരതയുടെ അപരനാമമായി ചിത്രീകരിക്കാനുള്ള ചുമതല തന്നിൽ നിക്ഷിപ്തമായിട്ടുണ്ട് എന്ന മട്ടിലാണ് സമീപകാലത്ത് രവിചന്ദ്രന്റെ പ്രഭാഷങ്ങളത്രയും ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനായി, കഴിഞ്ഞ 1500 കൊല്ലമായി നീണ്ടും പരന്നും കിടക്കുന്നതെന്ന് പൊതുബോധം കരുതി വെച്ചിട്ടുള്ള ഇസ്​ലാമിക പ്രവർത്തനങ്ങളെ ഗൂഗിളിൽ തിരയുന്ന തിരക്കിലാണദ്ദേഹം. ആ തിരക്കിനിടയിൽ രവിചന്ദ്രൻ മറന്നു പോകുന്ന കാര്യം, ചരിത്രം എന്ന "ബലിവേദി'യിലാണ് ആശയങ്ങളും സംഭവങ്ങളും എല്ലായ്പ്പോഴും അരങ്ങേറുന്നത് എന്നതാണ്. കാലനിരപേക്ഷമായി ഒന്നും തന്നേയില്ല. ഇന്ന് നാം പറയുന്ന പോലുള്ള മുസ്‌ലിം, ഇസ്‌ലാം എന്നീ വാക്കുകളൊന്നും ഇക്കാലം മുഴുവൻ ഇതു പോലെത്തന്നെ ഉപയോഗിച്ചു പോന്നിരുന്നില്ല എന്ന വസ്തുത രവിചന്ദ്രന് അറിഞ്ഞുകൂടാ. പഴയ കാലത്തെ ചരിത്രക്കുറിച്ച് നാം ഇന്നെഴുതുമ്പോൾ അറബികളേയും, തുർക്കികളേയും, പേർഷ്യക്കാരേയുമെല്ലാം ഒന്നായി ചേർത്ത് "മുസ്​ലിം’ എന്ന പൊതുവായൊരു സംജ്ഞ കൊണ്ടാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ 13-ാം നൂറ്റാണ്ടു വരെയുള്ള പ്രമാണ ഗ്രന്ഥങ്ങളിൽ ഈ പലതരം ആളുകളെ വിശേഷിപ്പിക്കുന്നതിന് മുസ്​ലിം എന്ന പദം ദുർലഭമായി മാത്രമേ ഉപയോഗിച്ചു കാണുന്നുള്ളൂ എന്ന് ചരിത്രകാരിയായ റൊമിലാ ഥാപ്പർ പണ്ഡിതോചിതമായി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങിനെ ഉപയോഗിച്ച അപൂർവ്വം സന്ദർ ങ്ങളിലാകട്ടെ, അത് ഒരു മതസംജ്ഞ എന്ന രൂപത്തിൽ ആയിരുന്നതുമില്ല. തുർക്കികളെ തുലുഷ്ക്കർ എന്നും, അറബികളെ യവനർ എന്നും പരാമർശിച്ചിരുന്നു. ഈ വ്യത്യസ്ത വിഭാഗക്കാരിൽ നിന്ന് വേർതിരിച്ചറിയാൻ സിന്ധു നദിക്ക് ഇപ്പുറത്തുള്ളവരെ ഹിന്ദു എന്നും വിളിച്ചു. ഹിന്ദുവാകട്ടെ, മുസ്​ലിമാകട്ടെ, മറ്റെന്ത് മതവുമാകട്ടെ - ഇന്ന് നാം സങ്കൽപ്പിച്ചു കൂട്ടുന്ന തരത്തിലല്ല ചരിത്രത്തിൽ അവ നിലനിന്നിരുന്നത് എന്നർത്ഥം. എന്നാൽ, ഇന്നത്തെ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും മുൻപിൽ ചരിത്രത്തിലെ യാഥാർത്ഥ്യങ്ങൾ ഒരു വിഷയമേയാകുന്നില്ല എന്നതാണ് വാസ്തവം !

ഇത്തരം കാര്യങ്ങളിലെല്ലാം സംഘപരിവാറിന്റെ രീതിശാസ്ത്രം തന്നെയാണ് രവിചന്ദ്രനും പിൻപറ്റുന്നത് എന്നത് ഒട്ടൊക്കെ വിരോധാഭാസമായി തോന്നാം. ഇന്നത്തെ രാഷ്ട്രീയ ആവശ്യങ്ങളെ ചരിത്രത്തിൽ ആരോപിക്കുക എന്നതാണ് ആ രീതി ശാസ്ത്രം. അങ്ങിനെ ചെയ്യുന്ന ഒരാൾക്ക് ആദ്യം തന്നെ ചരിത്രത്തെ അമൂർത്തവൽക്കരിക്കേണ്ടതായിട്ടുണ്ട്. അഥവാ അതിനെ കെട്ടുകഥകളുടെ ഒരു സഞ്ചയമായി മാറ്റിയെടുക്കേണ്ടതായിട്ടുണ്ട്. ചരിത്ര വ്യാഖ്യാനത്തിന്റെ മേഖലയിൽ സംഘപരിവാർ ഇന്ന് നടത്തികൊണ്ടിരിക്കുന്നതും ഈ രണ്ടു കാര്യങ്ങളാണ്. കേവലമായ വിവരങ്ങൾ നൽകുന്ന യാന്ത്രികതയുടെ ഉപകരണയുക്തി കൊണ്ട് രവിചന്ദ്രൻ സി. എന്ന "സ്വതന്ത്ര ചിന്തകൻ' സംഘപരിവാർ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ അമൂർത്തവൽക്കരണ പ്രക്രിയയ്ക്ക് വലംതല കൊട്ടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അത് ബോധപൂർവ്വമാണോ എന്ന് നമുക്കറിയില്ല. എന്നാൽ, ഒന്ന് മാത്രം തീർച്ചയായും പറയാം - വ്യക്തികളേയും, ആശയങ്ങളേയും, സംഭവങ്ങളേയും ചരിത്രത്തിൽ പ്രതിഷ്ഠിച്ച് വിശകലനം നടത്താൻ കെൽപ്പില്ലാത്ത ഏതൊരു ചിന്താപദ്ധതിയും, നാം ഉദ്ദേശിച്ചാലും ഇല്ലെങ്കിലും ഈ വിധം വിപരീത ഫലങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളൂ. അതിന്റെ അവസാനകട്ടെ - നന്മ x തിന്മ,
നല്ലത് x ചീത്ത എന്നീ ബൈനറികളിൽ കാര്യങ്ങളെ കാണാനേ നമ്മെ പ്രാപ്തമാക്കുകയുള്ളൂ - വിഷയം ഏതുമാകട്ടെ - രവിചന്ദ്രന്റെ എല്ലാ കൺക്ലൂഷനുകളും അങ്ങേയറ്റത്തെ നന്മയിലോ, ഇങ്ങേയറ്റത്തെ തിന്മയിലോ ആണ് എത്തി നിൽക്കുന്നുണ്ടാവുക!

ഓർത്തു നോക്കിയാൽ സങ്കടം വരും - എല്ലാ തരം മതവ്യാമോഹങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാനും, ദൈവസങ്കൽപ്പത്തിന്റെ നേരിയൊരു നിഴൽ പോലും അവരുടെ മേൽ പതിയാതിരിക്കാനും വേണ്ടി സമ്പൂർണമായ ഒരു യുദ്ധത്തിനിറങ്ങിയ മതവിരുദ്ധ - ദൈവവിരുദ്ധ പോരാളിയായാണ് കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തിൽ രവിചന്ദ്രൻ സി. ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടക്കം അങ്ങിനെത്തന്നെ ആയിരുന്നു താനും. എന്നാൽ കാണെക്കാണെ ചിത്രം മാറി മറിഞ്ഞു. ഭൂരിപക്ഷ മതരാഷ്ട്ര വാദത്തിന്റെ വക്താക്കൾ, പുകൾപറ്റ ഈ യുക്തിവാദിയുടെ വാദങ്ങളിൽ തങ്ങളുടെ മോഹങ്ങളെ കണ്ടെത്താൻ തുടങ്ങി. ഒരാളുടെ ബൗദ്ധിക ജീവിതത്തിൽ ഇതിനേക്കാൾ വലിയ ദുരന്തമെന്താണ്? ഇനി, സംഘപരിവാറിന്റെ ആശയങ്ങൾ താനൊരിക്കലും പിൻപറ്റുന്നില്ല എന്ന് രവിചന്ദ്രനോ, അദ്ദേഹത്തിന്റെ ഭക്തജനക്കൂട്ടമോ പറയുകയാണെങ്കിൽ അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെയെങ്കിൽ അവർക്കിടയിലെ സാദൃശ്യങ്ങൾ യാദൃച്ഛികമാകാം. എങ്കിൽ, യാദൃച്ഛികമായ ആ കണ്ടുമുട്ടലാണ് യുക്തിവാദം എന്ന ചിന്താപദ്ധതിയുടെ കുഴപ്പം എന്നേ പറയാനാകൂ.

ഇത്തരമൊരവസ്ഥയിൽ പറയാവുന്ന ഗംഭീരമായൊരാശയം ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോ പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്.- "നിങ്ങളുടെ പ്രവൃത്തി ഒരു കാര്യവും, ആ പ്രവൃത്തി ചരിത്രത്തിൽ പ്രവർത്തിക്കുന്നത് വേറൊരു കാര്യവുമാണ്'- എന്നതാണ് അത്.

നമ്മുടെ പ്രവൃത്തി ചരിത്രത്തിൽ പിന്നീടെപ്പോഴെങ്കിലും പ്രവർത്തിക്കുന്നത് നമ്മുടെ നിർദ്ദേശപ്രകാരമല്ല. അതുകൊണ്ട്, ഭാവിയിൽ സമൂഹത്തിന് ആഘാതമേൽപ്പിക്കാൻ സാദ്ധ്യതയുള്ള പ്രവൃത്തികളിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയാണ് നല്ലത്. അതിന് പക്ഷേ, കേവല യുക്തിചിന്തയുടെ റോക്കറ്റ് ലോഞ്ചറുകൾ മാത്രം മതിയാവുകയില്ല.

Comments