കുട്ടികളിൽ വിട്ടുമാറാത്ത പനിയും ജലദോഷവും, ആശങ്ക വേണ്ട ശ്രദ്ധ വേണം

കോവിഡ് ലോക്ഡൗണിനെ തുടർന്ന് നീണ്ട കാലയളവ് പുറത്തിറങ്ങാൻ കഴിയാതെയും, സാധാരണ സമൂഹ ജീവിതം സാധ്യമാകാതെയും വന്നപ്പോൾ ഇത്തരത്തിലുള്ള ആർജിത പ്രതിരോധനത്തിനുള്ള സാധ്യത കുറഞ്ഞു. ഇതാണ് ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിയുടെയും ജലദോഷത്തിന്റെയും കാരണം.

കോവിഡ് ഭീതിയൊഴിഞ്ഞ് സാധാരണജീവിതത്തിലേയ്ക്ക് സമൂഹം തിരിച്ചെത്തി തുടങ്ങിയിട്ടേയുള്ളു. കോവിഡ് ഏതൊക്കെ രീതിയിൽ സമൂഹത്തെ ബാധിച്ചു എന്നു കൃത്യമായി അറിയണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ശാരീരികമായി, മാനസികമായി, സാമ്പത്തികമായി കോവിഡ്കാലം സൃഷ്ടിച്ച ആഘാതം എത്രയെന്നു ലോകത്തിന്റെ പലഭാഗത്തും പഠനം നടന്നുകൊണ്ടിരിക്കുന്നു. കോവിഡ്കാലത്തെ നിർബന്ധിത അടച്ചിരിപ്പ് കുട്ടികളുടെ ആരോഗ്യത്തെയും പ്രതിരോധ ശേഷിയേയും ബാധിച്ചിട്ടുണ്ടെന്നാണ് കേരളത്തിൽ കുട്ടികളിൽ കാണുന്ന വിട്ടുമാറാത്ത പനിയും ജലദോഷവും സൂചിപ്പിക്കുന്നത്. "പനി അല്ലെങ്കിൽ ജലദോഷം വരുന്നു, കുറയുന്നു, കുറഞ്ഞു തുടങ്ങുമ്പോൾ വീണ്ടും വരുന്നു. അസുഖം പൂർണമായി വിട്ടുമാറുന്നേയില്ല' ഇതാണ് മാതാപിതാക്കളുടെ പരാതി. എൽ.പി. വിഭാഗത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഒരു ദിവസം പതിനാറ് വിദ്യാർഥികൾ വരെ ക്ലാസിൽ എത്താത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പറയുന്നു കോഴിക്കോട് സെന്റ് മൈക്കിൾസ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സി. മേഴ്സി കെ.കെ. കേരളത്തിലെ മറ്റു സ്കൂളുകളിലെയും സ്ഥിതി വ്യത്യസ്തമല്ല.

കുട്ടികൾക്കിടയിൽ പല രോഗങ്ങൾ വിട്ടു മാറാതെ ചുറ്റിക്കറങ്ങുന്നതെന്തു കൊണ്ടാകും? ഡോക്ടർമാർ പ്രതികരിക്കുന്നു -

പൂട്ടുവീണത് പ്രതിരോധ ശേഷിക്കും : ഡോ. ജയകൃഷ്ണൻ ടി.

പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾക്കു കാരണമായ അണുക്കളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ എപ്പോഴും ഉണ്ടാകും. പൊതുസ്ഥലത്തു നിന്ന്, ജോലിസ്ഥലത്തു നിന്ന്, പഠനസ്ഥലത്തു നിന്ന്, അങ്ങനെ എപ്പോൾ വേണമെങ്കിലും ആർക്കു വേണമെങ്കിലും ഇത്തരം വൈറസുകൾ ബാധിക്കാം. അത് സ്വഭാവികമാണ്. ഇടയ്ക്കിടയ്ക്ക് വരുന്ന ഇത്തരം ചെറിയ രോഗങ്ങളെ ശരീരം പ്രതിരോധിക്കും. ഇങ്ങനെ ഒരു ആർജിത പ്രതിരോധശേഷി (Acquired Immuntiy) സ്വഭാവികമായി തന്നെ ശരീരം നേടിയെടുക്കുന്നുണ്ട്.

ഡോ. ജയകൃഷ്ണൻ ടി.

കോവിഡ് ലോക്ഡൗണിനെ തുടർന്ന് നീണ്ട കാലയളവ് പുറത്തിറങ്ങാൻ കഴിയാതെയും, സാധാരണ സമൂഹ ജീവിതം സാധ്യമാകാതെയും വന്നപ്പോൾ ഇത്തരത്തിലുള്ള ആർജിത പ്രതിരോധനത്തിനുള്ള സാധ്യത കുറഞ്ഞു. ഇതാണ് ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിയുടെയും ജലദോഷത്തിന്റെയും കാരണം. സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് ഇടയ്‌ക്കൊക്കെ പനിയും ജലദോഷവും വരുന്നത് സ്വഭാവികമാണ്. അതിലൂടെ അവർ ആർജിത പ്രതിരോധശേഷി കൈവരിക്കുന്നുമുണ്ട്. എന്നാൽ രണ്ടു വർഷം വീടിനകത്ത് അടച്ചിടപ്പെട്ട കുട്ടികളെ സംബന്ധിച്ചിടത്തോളം സമൂഹവുമായി ഇടപെടുന്നതിനും ആർജിത പ്രതിരോധ ശേഷി നേടുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നില്ല. ആ കാലയളവിൽ കോവിഡ് അല്ലാതെ സാധാരണ സീസണലായി കണ്ടുവരുന്ന മറ്റു രോഗങ്ങൾ കുട്ടികൾക്കിടയിൽ കുറവായിരുന്നു.

വളർച്ചയുടെ ഓരോ ഘട്ടത്തിലും മനുഷ്യ ശരീരം പല വൈറസുകളോടും ഏറ്റുമുട്ടി ഒരു സ്വഭാവിക പ്രതിരോധ ശേഷി ആർജിച്ചെടുക്കേണ്ടതുണ്ട്. ഇതിനുള്ള അവസരമാണ് കോവിഡ് കാലം കുട്ടികൾക്ക് നഷ്ടപ്പെടുത്തിയത്.

കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്ത കുട്ടികളെ കോവിഡ് നേരിട്ട് അത്രയധികമൊന്നും ബാധിച്ചിട്ടില്ല. അതിനാൽ തന്നെ കോവിഡ് വന്നുപോയതു കൊണ്ടല്ല, ആർജിത പ്രിരോധശേഷിയുടെ അഭാവം തന്നെയാണ് ഇപ്പോൾ കുട്ടികൾക്കിടയിൽ പടരുന്ന രോഗങ്ങളുടെ കാരണം എന്നു പറയാം. ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. പക്ഷേ, ശ്രദ്ധിക്കണം എന്നു മാത്രം.

(വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ.എം.സി.ടി. മെഡിക്കൽ കോളേജ്. കോഴിക്കോട്)

കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ മതി, അധിക ശ്രദ്ധ ആവശ്യമില്ല : ഡോ. ജേക്കബ് ജോർജ്

ആർജിത പ്രതിരോധശേഷിയുടെ അഭാവം തന്നെയാണ് കുട്ടികളിൽ ഇപ്പോൾ കാണുന്ന വിട്ടുമാറാത്ത അസുഖങ്ങളുടെ ഒരു കാരണം. മറ്റൊന്ന്
അലർജി, ആസ്മ, തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്ക് കോവിഡിനു ശേഷം അത് കൂടാനുള്ള സാധ്യതയുമുണ്ട്. ഇതെല്ലാം കൂടിയാണ് ഇപ്പോൾ പ്രശ്‌നമായിരിക്കുന്നത്.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും, കോവിഡ് ലോക്ഡൗൺ സമയത്ത് ജനിച്ച കുട്ടികളിലും പ്രശ്‌നം രൂക്ഷമാണ്. സമൂഹികമായ ഇടപഴകലുകൾക്ക് അവർക്ക് അവസരം ലഭിച്ചില്ല എന്നതാണ് കാരണം. രണ്ടു വയസ്സിനു താഴെയുള്ള പ്രായത്തിൽ തന്നെ, ചെറിയ വൈറൽ ഇൻഫെഷൻ വന്നുമാറുന്ന കുട്ടികളിൽ മുതിർന്നു കഴിയുമ്പോൾ ഇത്തരത്തിലുള്ള രോഗങ്ങൾ ഇടയ്ക്കിടയ്ക്ക് വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാൽ ചെറുപ്പത്തിൽ അമിതനിയന്ത്രണങ്ങളിൽ (വൈറസുമായി ഇടപെട്ട് അതിലൂടെ സ്വഭാവിക പ്രതിരോധ ശേഷി നേടാനുള്ള അവസരമില്ലാതെ) വളർത്തുന്ന കുട്ടികളിൽ രണ്ടോ മൂന്നോ വയസ്സിനു മുൻപ് വൈറസ് ഇൻഫെക്ഷൻ വരാനുള്ള സാധ്യത കുറവായിരിക്കും. ഈ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുമ്പോൾ ആർജിത പ്രതിരോധശേഷി കുറവായതിനാൽ തന്നെ പെട്ടെന്ന് രോഗം പിടിപെടാം. കുട്ടികളെ സമൂഹവുമായി ഇടപഴകി തന്നെ വളരാൻ അനുവദിക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഇപ്പോഴത്തെ രോഗവ്യാപനത്തിൽ ആശങ്കപെടേണ്ടതില്ല, കുട്ടികൾ പ്രതിരോധശേഷി ആർജിക്കുന്നതോടെ അത് നിയന്ത്രണവിധേയമാകും.

പനിയും ചുമയുമൊക്കെ വന്നാൽ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുക എന്നതാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം. ചെറിയ പനിയല്ലേ, പരീക്ഷ എഴുതുന്നതിൽ കുഴപ്പമില്ലല്ലോ എന്നൊക്കെ എൽകെജിയിൽ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിൽ പോലും അധ്യാപകരും മാതാപിതാക്കളും ആശങ്കപ്പെടുന്നത് കേട്ടിട്ടുണ്ട്. പനിയോ ജലദോഷമോ വന്നാൽ അത് പൂർണമായി മാറി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ കുട്ടികൾക്ക് വിശ്രമം അനുവദിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളെ ശീലിപ്പിക്കണം.

(ശിശുരോഗ വിദഗ്‍ധൻ, എസ്.എച്ച്. മെഡിക്കൽ സെൻറർ കോട്ടയം)

ആശങ്ക വേണ്ട, ശ്രദ്ധ വേണം : വീണാ ജോർജ്

പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ട. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രെൻഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐ.എൽ.ഐ., എസ്.എ.ആർ.ഐ. എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരീക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകും.

വീണാ ജോർജ്

കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടെയുമുണ്ടായത്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

അപായ സൂചനകൾ

ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൾ കണ്ടാൽ ഉടൻതന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം

ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിനു താഴെയുള്ള കുട്ടികൾ 60 - ന് മുകളിലും, രണ്ടു മാസം മുതൽ ഒരു വയസ്സുവരെ 50 - ന് മുകളിലും ഒരു വയസ്സു മുതൽ അഞ്ചു വയസ്സുവരെ 40 -ന് മുകളിലും അഞ്ച് വയസ്സുമുതലുള്ള കുട്ടികൾ 30 - ന് മുകളിലും ഒരു മിനിറ്റിൽ ശ്വാസമെടുക്കുന്നതു കണ്ടാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.

/ Photo: Veena George FB Page

കുട്ടികൾ ശ്രദ്ധിക്കേണ്ടത്

രക്ഷിതാക്കൾ അറിയേണ്ടത്

(ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്)

Comments