മലയാളിയുടെ
ഗൾഫ് കുടിയേറ്റത്തിൽ ഇടിവ്,
അയക്കുന്ന പണത്തിലും
മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിൽ ഇടിവ്, അയക്കുന്ന പണത്തിലും
തൊഴിലിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറഞ്ഞതോടെ പ്രവാസികള്‍ അയക്കുന്ന പണവും കുറയുകയാണ്. സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കോവിഡിനുശേഷം വലിയ കുറവുണ്ടായി. 2015-ല്‍ ജി.സി.സി. രാജ്യങ്ങളിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം 7.6 ലക്ഷമായിരുന്നു. 2020-ല്‍ അത് 90,000 ആയി കുറഞ്ഞു. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പുര്‍, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയും ചെയ്തു.
21 Jul 2022, 12:16 PM
കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന സോഴ്സുകളിലൊന്നാണ്പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണം. കോവിഡ്-19 പ്രതിസന്ധിക്കുശേഷം കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ വരവില്‍ വന്‍തോതിൽ കുറവാണുണ്ടായിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചിരുന്നത്. ഇപ്പോള്‍ ഈ മൂന്നു സംസ്ഥാനങ്ങളുടെയും ചേര്‍ന്നുള്ള വിഹിതം ഇന്ത്യയിലേക്കുള്ള ആകെ പ്രവാസിപ്പണത്തിന്റെ 25.1 ശതമാനം മാത്രമാണ്. 2016-17 ല്‍ 42 ശതമാനമായിരുന്നതില്‍ നിന്നാണ് ഈ ഇടിവ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണം പകുതിയായി കുറഞ്ഞതായാണ് റിസര്‍വ് ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആകെ പ്രവാസി പണത്തിന്റെ 53.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഇന്ത്യയിലേക്കുള്ള ഗള്‍ഫ് പണത്തിന്റെ ഏറ്റവും വലിയ വിഹിതം കേരളത്തിലേക്കായിരുന്നു വന്നിരുന്നത്. 2016-17 കാലത്ത് രാജ്യത്തെത്തുന്ന പ്രവാസി പണത്തിന്റെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. 2020-21 ല്‍ ഇത് 10.2 ശതമാനമായി കുറഞ്ഞു. അതേസമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17 ലെ 16.7 ശതമാനത്തില്‍ നിന്ന് 2020-21 ല്‍ 35.2 ശതമാനമായി ഉയര്‍ന്നു. ഇതോടെ മഹാരാഷ്ട്ര കേരളത്തെ പിന്തള്ളി ഒന്നാമതെത്തുകയും ചെയ്തു.
തൊഴിലിനായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുന്നതാണ് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ കുറവിനും കാരണമായത്. ജി.സി.സി. രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കോവിഡിനുശേഷം വലിയ കുറവുണ്ടായി. 2015-ല്‍ ജി.സി.സി. രാജ്യങ്ങളിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം 7.6 ലക്ഷമായിരുന്നു. 2020-ല്‍ അത് 90,000 ആയി കുറഞ്ഞു. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പുര്‍, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുകയും ചെയ്തു.

കാലങ്ങളായി കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഗള്‍ഫ് കുടിയേറ്റത്തില്‍ മുന്നില്‍. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ജി.സി.സി. രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍രംഗത്തെ മാറ്റങ്ങളുമാണ് കുടിയേറ്റം കുറയാൻ കാരണം. 2020-ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എല്ലാ ജി.സി.സി. രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മറ്റനേകം രാജ്യങ്ങളും ലോക്ക്ഡൗണിലായിരുന്നു. 2020 മാര്‍ച്ച് മുതല്‍ നീണ്ടകാലം അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുകയും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധന ആവശ്യം കുറയുകയും ഇന്ധന വില ഇടിയുകയും ചെയ്തത് സമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു. വന്‍തോതിൽ തൊഴില്‍നഷ്ടമുണ്ടാകുകയും ജി.സി.സി. രാജ്യങ്ങളില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് ചുരുങ്ങുകയും ചെയ്തു. യാത്രാവിലക്കും തൊഴില്‍നഷ്ടവും ഗള്‍ഫ് രാജ്യങ്ങളിലെ കുടിയേറ്റക്കാര്‍ വന്‍തോതില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനിടയാക്കി.
കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ‘വന്ദേ ഭാരത് മിഷനി’ലൂടെ 2021 ഏപ്രില്‍ 30 വരെ 55 ലക്ഷത്തിലേറെ പേരാണ് മടങ്ങിയെത്തിയത്. ഇതില്‍ 71.9 ശതമാനം ആളുകള്‍ (40.24 ലക്ഷം) ജി.സി.സി. രാജ്യങ്ങളില്‍ നിന്നാണ്. മടങ്ങിയെത്തിയ ഇന്ത്യക്കാരില്‍ 14.10 ലക്ഷം ആളുകള്‍ (25.2 %) കേരളത്തിലേക്കുള്ളവരായിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികളില്‍ വലിയൊരു വിഭാഗം തൊഴില്‍ നഷ്ടപ്പെട്ട് വന്നവരുമുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും പിന്നീട് തിരിച്ചുപോകാന്‍ സാധിച്ചില്ല. ഇത് ഗള്‍ഫ് പണത്തിന്റെ വരവ് കുറയുന്നതിന് കാരണമായി. ഇത് കേരളത്തിലെ പല വീടുകളെയും പ്രതിസന്ധിയിലാക്കി.
പ്രവാസി പണം പകുതിയും ഗൾഫിൽനിന്ന്
1970-കളുടെ മധ്യത്തില്‍ തുടങ്ങിയ ഗള്‍ഫ് ബൂമിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്ന്, പ്രത്യേകിച്ച് മലബാറില്‍ നിന്ന് നിരവധിയാളുകള്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. ഇത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാക്കിയത്. കേരളത്തിലെ തൊഴില്‍ വിപണിയെയും നിക്ഷേപങ്ങളെയും ഉപഭോഗ സംസ്‌കാരത്തെയുമൊക്കെ സ്വാധീനിച്ച ഗള്‍ഫ് പണം കേരളത്തിന്റെ സാമ്പത്തികരംഗത്തിന്റെ കുതിപ്പിനിടയാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്ന മുഖ്യ ഘടകമായി പ്രവാസി പണം മാറി. കേരളത്തിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും ദാരിദ്ര്യലഘൂകരണത്തിനും കേരളത്തിന്റെ സമഗ്ര വികസനത്തിനും ഗള്‍ഫ് പണം സഹായകമായി.
ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷന്‍ ഡിവിഷന്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിന്റെ (World Migration Report 2022) അടിസ്ഥാനത്തില്‍ 2020-ല്‍ ലോകത്ത് ആകെ 2805.9 ലക്ഷം അന്താരാഷ്ട്ര കുടിയേറ്റക്കാരാണുള്ളത്. ആഗോള കുടിയേറ്റക്കാരില്‍ 6.4 ശതമാനം ഇന്ത്യക്കാരാണ്. അതായത് ഏകദേശം 178.6 ലക്ഷം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്. 2020-ലെ കണക്കനുസരിച്ച് ലോകത്തെ ആകെ പ്രവാസി പണം (global remittance) 702 ബില്യണ്‍ യു.എസ്. ഡോളറാണ്. ഇതില്‍ 83.15 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യക്കാരായ കുടിയേറ്റക്കാരില്‍ 53.5 ശതമാനം (95.6 ലക്ഷം) ജി.സി.സി. രാജ്യങ്ങളിലാണുള്ളത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ തുടര്‍ച്ചയായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2000-2010 കാലഘട്ടത്തിലാണ് അത് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റത്തെ കാര്യമായി ബാധിച്ചിരുന്നില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 2000-ല്‍ 27,39,088 ആയിരുന്നെങ്കില്‍ 2010-ല്‍ 64,42,475 ആയി. 2015-ല്‍ 82,52,572 ആയും 2020-ല്‍ 95,68,590 ആയും ഉയര്‍ന്നു. 2020 മധ്യത്തിലെ കണക്കനുസരിച്ച് ആര് ജി.സി.സി. രാജ്യങ്ങളാലിയ 308.1 ലക്ഷം ഇന്ത്യക്കാരാണുണ്ടായിരുന്നത്. ജി.സി.സി.യിലെ ആകെ കുടിയേറ്റക്കാരില്‍ 31.1 ശതമാനം ഇന്ത്യക്കാരാണ്. യു.എ.ഇയിലെ 39.8 ശതമാനം (34,71,300 പേര്‍) കുടിയേറ്റക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കുവൈറ്റ്-37% (11,52,175), ഖത്തര്‍ -31.5% (7,02,013) , ബഹ്‌റൈൻ - 39% (3,65,098), ഒമാന്‍ - 58% (13,75,667), സൗദി അറേബ്യ - 18.6% (25,02,337) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലിനായി കുടിയേറിയ ജി.സി.സി. രാജ്യം യു.എ.ഇ.യാണ്. 2013-ലെ കേരള സര്‍ക്കാരിന്റെ മൈഗ്രേഷന്‍ സര്‍വേ പ്രകാരം 20.7 ലക്ഷം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. 2018-ല്‍ 18.94 ലക്ഷമായി കുറഞ്ഞതായി സെന്റര്‍ ഫോര്‍ ഡെവലപ്‌മെൻറ് സ്റ്റഡീസ് (CDS) നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു. യു.എസ്., കാനഡ, യു.കെ., സിംഗപുര്‍, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ കേരളത്തില്‍ നിന്ന് 24 ലക്ഷം പേരായിരുന്നു 2013-ല്‍ ഉണ്ടായിരുന്നത്. 2018-ല്‍ 21.22 ലക്ഷമായി ഉയര്‍ന്നു.
ഐക്യരാഷ്ട്രസംഘടനയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് വിഭാഗത്തിന്റെ (United Nation's Department of Economic and Social Affairs) കണക്കനുസരിച്ച് 2020 മധ്യത്തില്‍ ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 95.7 ലക്ഷമാണ്. അതനുസരിച്ച് നോര്‍ക്കയില്‍ നിന്നു ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 2020-ല്‍ ഗള്‍ഫിലുള്ള കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം 23.9 ലക്ഷത്തിനും 28.7 ലക്ഷത്തിനും ഇടയിലായിരിക്കും.
റിസര്‍വ് ബാങ്കിന്റെ 2016-2017 ലെ ഇന്‍വാഡ് റമിറ്റന്‍സ് സര്‍വേ (Inward Remittance Survey) പ്രകാരം ജി.സി.സി. രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നത് 69 ബില്യണ്‍ യു.എസ്. ഡോളറാണ്. ഇതില്‍ 19 ശതമാനം (13.11 ബില്യണ്‍ ഡോളര്‍) കേരളത്തിലേക്കാണ്. അതായത്, 2016-2017 ല്‍ കേരളത്തിലേക്ക് ഗള്‍ഫ് പ്രവാസികളിലൂടെ എത്തിയത് 85.092 കോടി രൂപയാണ്. ഇത് ബാങ്കുകളിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയും വരുന്ന പണത്തിന്റെ കണക്കാണ്. ഇതുകൂടാതെ മറ്റുപല രീതിയിലും ഗള്‍ഫ് പണം ഇവിടെയെത്തുന്നുണ്ട്. നാട്ടിലേക്ക് വരുന്നവര്‍ ഉപഭോഗവസ്തുക്കളും സ്വര്‍ണവുമടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ബന്ധുക്കള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയും സാധനങ്ങള്‍ കൊടുത്തുവിടുന്നുണ്ട്. കേരളത്തിലെത്തുന്ന പ്രവാസിപ്പണത്തിന്റെ 80 ശതമാനവും ഇത്തരം അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ്. അതുകൂടി കണക്കാക്കിയാല്‍ 2017-ല്‍ കേരളത്തിലെത്തിയ പ്രവാസി പണം 1,02,110 കോടി രൂപയായിരിക്കും. കേരള സര്‍ക്കാരിന്റെ ആകെ ചെലവിന്റെ ഏതാണ്ട് അടുത്തെത്തുമിത്. 2017-2018 സാമ്പത്തികവര്‍ഷം കേരള സര്‍ക്കാരിന്റെ ആകെ ചെലവ് 1,10,238 കോടി രൂപയായിരുന്നു.

ഇന്ത്യയുടെ ആകെ പ്രവാസി പണത്തില്‍ 53 ശതമാനം ആറ് ജി.സി.സി. രാജ്യങ്ങളില്‍ നിന്നാണ്. പ്രവാസി പണത്തിന്റെ 59.2 ശതമാനവും കുടുംബപരിപാലനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ സൂചിപ്പിക്കുന്നു. 20 ശതമാനം ബാങ്കുകളില്‍ നിക്ഷേപിക്കുന്നു, 8.3 ശതമാനം മറ്റു നിക്ഷേപങ്ങളായും 12.6 ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ 71%
നോര്‍ക്കയുടെ കണക്കനുസരിച്ച് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ 2021 ജൂണ്‍ 22 വരെ ജി.സി.സി. രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്നത് 14.7 ലക്ഷം ആളുകളാണ്. ഇതില്‍ 59 ശതമാനം (8,72,303) പേരും വന്നത് യു.എ.ഇ.യില്‍ നിന്നാണ്. 11.7 ശതമാനം (1,72,016) സൗദി അറേബ്യയില്‍ നിന്നും 9.7 ശതമാനം (1,42,458) ഖത്തറില്‍ നിന്നും 9.1 ശതമാനം (1,34,087) ഒമാനില്‍ നിന്നും 3.5 % (51,170) കുവൈറ്റില്‍ നിന്നും 2.9 % (43,194) ബഹ്‌റെയിനില്‍ നിന്നുമാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ 3.8 ശതമാനമാണ്. അതായത് 56,209 പേര്‍.
തൊഴില്‍ നഷ്ടപ്പെട്ടോ വിസ കാലാവധി അവസാനിച്ചിട്ടോ ആണ് 91 ശതമാനം പേരും വന്നത്. കോവിഡ് പ്രതിസന്ധി അയഞ്ഞതിനുശേഷം ഇവരില്‍ എത്രപേര്‍ തിരിച്ചുപോയി എന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. നോര്‍ക്കയുടെ കണക്ക് പ്രകാരം ജി.സി.സി. രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 10,51,272 ആണ്. മടങ്ങിവന്നവരില്‍ 71.4 ശതമാനം. വിസ കാലാവധി നഷ്ടപ്പെട്ടതടക്കമുള്ള സാങ്കേതിക കാരണങ്ങളാല്‍ വന്നവര്‍ 19.8 ശതമാനമാണ് (2,91,581 പേര്‍). 10 വയസ്സില്‍ താഴെയുള്ള 81,883 കുട്ടികളാണ് കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിലേക്ക് മടങ്ങിയത്. 30,341 മുതിര്‍ന്ന പൗരന്‍മാരും 13,501 ഗര്‍ഭിണികളും മടങ്ങിയെത്തി. പങ്കാളി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് 2859 പേരും വന്നു.

ജില്ലകള്‍ തിരിച്ച് നോക്കിയാല്‍ മലപ്പുറത്തേക്കാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരില്‍ 17.9 ശതമാനവും മലപ്പുറം ജില്ലയിലുള്ളവരാണ്. ആകെ തിരിച്ചെത്തിയ 14,71,437 പേരില്‍ 2,62,678 പേര്‍ മലപ്പുറം ജില്ലക്കാരാണ്. 1,72,112 പേര്‍ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ (1,64,024), തൃശൂര്‍ (1,18,503), തിരുവനന്തപുരം (1,16,531), കൊല്ലം (1,01,125) ജില്ലകളിലേക്കും ഒരുലക്ഷത്തിലേറെ പ്രവാസികളെത്തി. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 9,828 പേര്‍.
മടങ്ങിയെത്തിയ പ്രവാസികളെല്ലാം ജി.സി.സി. രാജ്യങ്ങളില്‍ കരാര്‍ തൊഴിലിലേര്‍പ്പെട്ടവരും ശമ്പളത്തിനുപുറമെ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരുമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെൻറ് സ്റ്റഡീസ് (CDS) നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ നിന്ന് തെരഞ്ഞെടുത്ത 404 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സൗദി അറേബ്യയില്‍ നിന്നുള്ള 200 പേര്‍ (49.5%), യു.എ.ഇ.യില്‍ നിന്നുള്ള 76, ഒമാനില്‍ നിന്നുള്ള 29, കുവൈറ്റില്‍ നിന്ന് 25, ഖത്തറില്‍ നിന്ന് 45, ബഹ്‌റെയിനില്‍ നിന്ന് 27, അഫ്ഗാനിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമായി രണ്ട് എന്നിങ്ങനെയാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ കണക്ക്. സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരമനുസരിച്ച്, കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായത് വ്യാപാര, റിപ്പെയര്‍ മേഖലയിലാണ്. ഗതാഗതം, നിര്‍മാണം, വ്യവസായം എന്നീ മേഖലകളാണ് തൊട്ടുപിന്നില്‍. ഹോട്ടലുകള്‍, ഡോമെസ്റ്റിക് സര്‍വീസ്, ബിസിനസ് സര്‍വീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന മറ്റു മേഖലകള്‍.
കേരളത്തിലുള്ള കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് കൃത്യമായി പണം അയക്കുന്നവരാണെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞതെന്ന് സി.ഡി.എസ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം പേര്‍ 12,000 രൂപയില്‍ കുറവാണ് ഒരു മാസം നാട്ടിലേക്കയക്കുന്നത്. 48 ശതമാനം പ്രതിമാസം 12,000-നും 20,000-നുമിടയില്‍ അയക്കുന്നു. 22 ശതമാനം പേര്‍ 20,000 രൂപയില്‍ കൂടുതല്‍ എല്ലാ മാസവും വീട്ടിലേക്കയക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഏതാണ്ട് എല്ലാവരും പറഞ്ഞത്, അവര്‍ക്ക് വീട്ടിലെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പണം കൃത്യമായി അയക്കാന്‍ കഴിഞ്ഞിരുന്നു എന്നാണ്. അവരുടെയെല്ലാം കുടുംബങ്ങള്‍ക്ക് സാമ്പത്തികസ്ഥിരതയുമുണ്ടായിരുന്നു. ഈ സാമ്പത്തികസ്ഥിരതയെയാണ് പ്രവാസികളുടെ മടങ്ങിവരവ് തകിടംമറിച്ചത്. സര്‍വേയില്‍ നിന്ന് ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തില്‍, ഒരു പ്രവാസിയുടെ കുടുംബത്തിന് ഒരു വര്‍ഷം ശരാശരി 1.47 - 2.32 ലക്ഷം രൂപയാണ് വരുമാനം.

ദീര്‍ഘകാലമായി പ്രവാസജീവിതം നയിച്ച് കുടുംബം പുലര്‍ത്തുന്നവര്‍ക്കാണ് കോവിഡില്‍ നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. സി.ഡി.എസ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 52.5 ശതമാനം ആളുകള്‍ 10 വര്‍ഷത്തിലേറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തവരാണ്. സൗദി അറേബ്യയില്‍ നിന്ന് വന്നവരില്‍ 57.5 ശതമാനവും കുവൈറ്റില്‍ നിന്നുള്ളവരില്‍ 46.7 ശതമാനവും ഒമാനില്‍ നിന്നുള്ളവരില്‍ 41.4 ശതമാനവും യു.എ.ഇ.യില്‍ നിന്നുള്ളവരില്‍ 39.5 ശതമാനവും പത്തുവര്‍ഷത്തിലേറെ ആ രാജ്യങ്ങളില്‍ ജോലി ചെയ്തവരാണ്.
മാറുന്ന ഗൾഫ് തൊഴിൽമേഖല
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടലാണ് പ്രവാസികളുടെ മടങ്ങിവരവിന്റെ ഏറ്റവും പ്രധാന കാരണം. കോവിഡിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചതിനാലാണ് മൂന്നിലൊന്നാളുകളും കേരളത്തിലേക്ക് മടങ്ങിയത്. ശമ്പളം വെട്ടിക്കുറച്ചതും, വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതുമാണ് മറ്റു പ്രധാന കാരണങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജി.സി.സി. രാജ്യങ്ങളിലെ നിര്‍മാണ, സേവന മേഖലകള്‍ ഉത്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും കനത്ത നഷ്ടത്തിലാവുകയും ചെയ്തു. നഷ്ടത്തിലായ സ്ഥാപനങ്ങള്‍ ജോലിക്കാരുടെ എണ്ണവും ശമ്പളവും വെട്ടിക്കുറച്ചു. ശമ്പളം അഞ്ച് ശതമാനം കുറച്ചത് ജീവിതം ബുദ്ധിമുട്ടിലാക്കിയതായി യു.എ.ഇ.യില്‍ നിന്ന് വന്നവര്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മിക്ക ജി.സി.സി. രാജ്യങ്ങളും വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. ഇതേത്തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു.
അവധിക്ക് നാട്ടില്‍ വന്ന്, കോവിഡ് കാരണം തിരിച്ചുപോകാന്‍ കഴിയാതെ കേരളത്തില്‍ കുടുങ്ങിപ്പോയ പ്രവാസികളുമുണ്ട്. വിമാന സര്‍വീസ് ഇല്ലാത്തതിനാലും ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചതിനാലും പലര്‍ക്കും മടങ്ങിപ്പോകാനായില്ല. ഇന്ത്യയിലെയും ജി.സി.സി. രാജ്യങ്ങളിലെയും വാക്‌സിന്‍ നയത്തിലെ വ്യത്യാസങ്ങളും പലരുടെയും ഗള്‍ഫിലേക്കുള്ള തിരിച്ചുപോക്കിന് തടസമായി. ഇന്ത്യയില്‍ നിന്നുള്ള നിരവധിയാളുകള്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാതായപ്പോള്‍ വന്ന ഒഴിവുകളിലേക്ക് മിക്ക കമ്പനികളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ നിയമിച്ചു. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്റ്റ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രതിസന്ധി കാലത്ത് സ്വന്തം രാജ്യത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ പുതിയ ഒഴിവുകളില്‍ ജോലി നേടാനായി.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വര്‍ക്ക് പെര്‍മിറ്റ് (ഇഖാമ) പുതുക്കുന്നതിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ചതും പലരെ ബുദ്ധിമുട്ടിലാക്കി. സൗദിയില്‍ ഇഖാമ പുതുക്കാനുള്ള തുക 12000 സൗദി റിയാല്‍ (ഏകദേശം 2.40 ലക്ഷം ഇന്ത്യന്‍ രൂപ) ആണ്. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിതാഖത് പ്രോഗ്രാമിന്റെ ഭാഗമായാണ് സൗദി സര്‍ക്കാര്‍ ഫീസ് നിരക്ക് വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ തൊഴില്‍ നിയമമനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. എന്നാല്‍ 35-നും മുകളിലും പ്രായമുള്ള കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാന്‍ സൗദിയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

നോര്‍ക്കയില്‍ നിന്നുള്ള ഡേറ്റയുടെയും സാമ്പിള്‍ സര്‍വേയില്‍ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സി.ഡി.എസ്. തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, മടങ്ങിയെത്തിയ പ്രവാസികളില്‍ 77 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോയതായാണ്. 23 ശതമാനം പ്രവാസികളാണ് തിരിച്ചുപോകാതെ കേരളത്തില്‍ തുടരുന്നത്. തിരിച്ചുപോകാത്തവരില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്ന് വന്നവരാണ്. സൗദി അറേബ്യയില്‍ നിന്ന് വന്നവരില്‍ 80 ശതമാനവും തിരിച്ചുപോയിട്ടില്ല. ഖത്തറില്‍ നിന്ന് വന്നവരില്‍ 40 ശതമാനവും ബഹ്‌റൈനില്‍ നിന്ന് വന്നവരില്‍ 20 ശതമാനവും ഒമാനില്‍ നിന്ന് വന്നവരില്‍ 20 ശതമാനവും യു.എ.ഇ.യില്‍ നിന്ന് വന്നവരില്‍ 10 ശതമാനവും തിരിച്ചുപോയിട്ടില്ല. ജി.സി.സി. രാജ്യങ്ങളില്‍ നിന്ന് കോവിഡ് പ്രതിസന്ധികാലത്ത് മടങ്ങിയെത്തിയ 14.71 ലക്ഷം കേരളീയരില്‍ 3.32 ലക്ഷം ആളുകളാണ് തിരിച്ചുപോകാതെ കേരളത്തില്‍ തുടരുന്നത്.
കോവിഡ്-19 വ്യാപനവും ലോക്ക്ഡൗണും കുടിയേറ്റ തൊഴിലാളികളില്‍ നിന്നുള്ള പണം വരവില്ലാതായതും പ്രാദേശക വിപണികളിലും വലിയ പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയും രൂക്ഷമായി. മടങ്ങിയെത്തിയ പ്രവാസികള്‍ കേരളത്തില്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെ ഇവിടത്തെ വര്‍ക്ക് ഫോഴ്‌സ് വലുതായി. ഇതോടെ എല്ലാ വിഭാഗങ്ങളിലും ലഭ്യമായ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. ഇത് തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയും ചെയ്തു.
അഭയമൊരുക്കണം, കേരളം
കോവിഡ്-19 പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങി, കേരളത്തില്‍ തുടരുന്ന പ്രവാസികള്‍ പലരും തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടുകയാണ്. ഗള്‍ഫില്‍ നിന്ന് അയച്ചിരുന്ന പണം ഉപയോഗിച്ച് നല്ല രീതിയില്‍ ജീവിച്ചിരുന്ന അവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട് കേരളത്തില്‍. അവര്‍ക്കൊപ്പം പ്രവാസികള്‍ കൂടി ചേര്‍ന്നതോടെ ഇവിടെ തൊഴിലില്ലായ്മ അതിരൂക്ഷമായി. കേരളത്തില്‍ സ്ഥിരതയുള്ള, നല്ല വരുമാനമുള്ള ജോലി കിട്ടുമെന്ന പ്രതീക്ഷയില്ലാത്ത പ്രവാസികളില്‍ ഭൂരിഭാഗവും തിരിച്ചുപോകണമെന്നും കുടുംബത്തിന്റെ സാമ്പത്തികസ്ഥിരത വീണ്ടെടുക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി തിരിച്ചുപോകാനുള്ള സാമ്പത്തികസഹായം ലഭ്യമാക്കുകയോ അല്ലെങ്കില്‍ ഇവിടെ ജോലി ലഭ്യമാക്കുകയോ ചെയ്യണമെന്ന് സി.ഡി.എസ്. റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഗ്ലോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (KNOMAD) നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസ്. കേരളത്തിന് അനുയോജ്യമായ പരിഹാര നയങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുകയും ഒരുവര്‍ഷത്തേക്ക് പലിശ ഇളവ് നല്‍കുകയും വേണം. കേരളത്തില്‍ തുടരാനാഗ്രഹിക്കുന്നവര്‍ക്ക് സ്വയം തൊഴിലിനും ചെറുകിട വ്യവസായങ്ങളും കൃഷിയും നടത്തുന്നതിനും വാഹനങ്ങള്‍ വാങ്ങുന്നതിനും സാമ്പത്തിക സഹായം നല്‍കണം. ഒരു ഷത്തേക്ക് പലിശ ഇളവ് നല്‍കി അഞ്ച് ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. അഞ്ചുലക്ഷത്തിലധികം രൂപയുടെ വായ്പയെടുത്തവര്‍ക്ക് നോര്‍ക്കയുടെ നിലവില വായ്പാപദ്ധതി തുടരണം.
എ.പി.എല്‍. റേഷന്‍ കാര്‍ഡുള്ളവര്‍ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരുടെ കാര്‍ഡ് ബി.പി.എല്‍. ആക്കണം. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് ലഭ്യമാക്കണം. ഏറ്റവും കൂടുതല്‍ ആളുകള്‍ മടങ്ങിയെത്തിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങളില്‍ മുന്‍ഗണന നല്‍കണം. ഗള്‍ഫുകാരുടെ മടങ്ങിവരവ് ഏറ്റവുമധികം ബാധിച്ച ഈ മൂന്ന് ജില്ലകള്‍ക്കും പ്രത്യേകമായി ‘ആൻറി റിസഷന്‍ പാക്കേജ്’ നടപ്പാക്കണം. അതിനായി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണം.

മൂന്നുവര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്തശേഷം അപകടം കാരണമോ കാന്‍സര്‍, സ്‌ട്രോക്ക്, ഹൃദയാഘാതം, വൃക്ക തകരാര്‍ തുടങ്ങിയ കടുത്ത രോഗങ്ങള്‍ കാരണമോ മടങ്ങിവന്നവര്‍ക്ക് പ്രതിമാസം 1500 രൂപ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാരിനുകീഴിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത് അനുവദിക്കേണ്ടത്.
കേരളത്തിലെ ചെറുകിട വ്യവസായങ്ങളില്‍ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികള്‍ വ്യവസായം തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കണം. കുടുംബത്തിന്റെ അഭിവൃദ്ധിക്കായി കൃത്യമായ വരുമാനമുള്ള ജോലി തേടിയാണ് എല്ലാവരും ഗള്‍ഫിലേക്ക് പോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം കൂടുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍, തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഇ.എ. സലീം
Dec 09, 2022
10 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
ഡോ. സ്മിത പി. കുമാര്‍
Oct 06, 2022
6 Minutes Read