മൂന്ന് ഡിസംബറുകൾക്കിടയിലെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു ലിപ്‌സ്റ്റിക്ക്

മകളെ ചേർത്തു പിടിക്കാനാവാത്തവിധം അവൾ വിദൂരത്തായിരുന്നു. കാലം ജീവിതാനുഭവങ്ങൾകൊണ്ട് കരുത്തു നൽകിയ മനസ്സുമായി ഇന്നത്തെ യുവത സഞ്ചരിക്കുന്നുവല്ലോ. ഞാൻ ആത്മാവിൽ ആനന്ദിച്ചു. മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ലോകത്ത് ഈയിടെ കണ്ട കാഴ്ചയിൽ അമ്മയുടെ ഒക്കത്തു നിന്ന് ഊർന്നിറങ്ങുന്ന ഒരു വയസ്സുകാരിയുണ്ട്. മുഖത്തെ കുഞ്ഞുമാസ്‌ക് അവൾക്ക് അസ്വസ്ഥതയേ ആകുന്നില്ല: 2019 ഡിസംബറിൽ ദുബായ് വിമാനത്താവളത്തിൽനിന്ന് ഈ ഡിസംബർ വരെയുള്ള ഒരു ഓർമസഞ്ചാരം

പെനെലോപ് കാണാൻ കൗതുകമുള്ള ഫിലിപ്പീനി പെൺകുട്ടിയായിരുന്നു.
ഡ്യൂട്ടി ഫ്രീയിലെ സ്റ്റാഫിന്റെ പ്രത്യേക യൂണിഫോം അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. നെയിം ബാഡ്ജിലെ പെനെലോപ് എന്ന പേര് കണ്ണിലുടക്കിയപ്പോൾ ആ പേര് വിളിച്ചുതന്നെ സംസാരിക്കാനാണ് എനിക്ക് തോന്നിയത്.

ഡിസ്‌പ്ലേ ഷെൽഫിൽ നിന്ന് ഞാൻ ചൂണ്ടിക്കാണിച്ച ലിപ്സ്റ്റിക്ക് ഷെയ്ഡ്‌സ് എല്ലാം മടി കൂടാതെ എടുത്ത് എന്റെ കൈത്തണ്ടയിൽ അവൾ വരച്ചുകാണിച്ചു. അടുപ്പിച്ചു വരച്ച പല ഷെയ്ഡിൽ നിന്നും ചുണ്ടുകൾക്ക് ഏറ്റവും യോജിച്ച ഒരെണ്ണം അവൾ തന്നെ പറഞ്ഞുതന്നു.

എന്നോടൊപ്പം ഭർത്താവും ഉണ്ടായിരുന്നു.
ഏറെ പ്രിയമുള്ള ഡോൾസി ആൻറ്​ ഗബ്ബാന എന്റെ ദേഹത്ത് അടിപ്പിച്ചപ്പോൾ അത് എന്നെ സംബന്ധിച്ച് ഒരു പ്രകോപനകാരണവും ആയി. ചുറ്റുവട്ടത്തൊന്നു കണ്ണോടിച്ചിട്ട് ചേർന്നുനിന്ന് ചെവിയിൽ ഞാൻ പിറുപിറുത്തു; 'വർഷങ്ങളായി ഗന്ധം എന്നത് അറിയുന്നേയില്ല. അത് ഇല്ലാത്തതിന്റെ വിഷമം നന്നായുണ്ട്. അതൊക്കെ മനസ്സിലാക്കണമെങ്കിൽ അനുഭവിക്കുക തന്നെ വേണം'.
കുറ്റം പറയുന്നില്ല, അനുഭവിക്കാത്തത് ആരെങ്കിലും മനസ്സിലായെന്ന് പറഞ്ഞാലും അത് ശുദ്ധനുണയാണ്.

മക്കളുടെ ഫോൺ അപ്പോൾ വന്നു. അവർക്ക് വിൻകാർണിസ് വൈൻ വേണം. ആഘോഷരാവിൽ നക്ഷത്രങ്ങൾ തിളങ്ങുമ്പോൾ കണ്ണുകൾ ഒപ്പം പുഞ്ചിരിക്കണം.

2019 ഡിസംബറിലെ ആ തിരക്കുപിടിച്ച സായാഹ്നത്തിൽ ഒഴുകിനീങ്ങുന്ന വിവിധ രാജ്യക്കാരോടൊപ്പം ഞങ്ങൾക്ക് എത്തിച്ചേരേണ്ട ഗേറ്റിലേക്ക് വേഗം നടക്കുകയായിരുന്നു. എന്റെ ഷോൾഡർ ബാഗിനുള്ളിൽ പെനെലോപ് പൊതിഞ്ഞുതന്ന ലിപ്സ്റ്റിക്കും ഒരു കാലത്ത് എന്നെ ഉന്മാദലഹരിയിലാഴ്ത്തിയ ആ പെർഫ്യൂമും ഉണ്ടായിരുന്നു. വരും നാളുകളിൽ കണ്ണുകൾ കൊണ്ട് സംവദിക്കുന്ന ഒരു കാലം വരുമെന്നോ ഗന്ധമില്ലാത്ത അവസ്ഥയിലൂടെ മനുഷ്യർ കടന്നുപോകുമെന്നോ അറിയാതെ കൈത്തണ്ടയിലെ ലിപ്സ്റ്റിക്ക് പാടുകൾ അമർത്തി തുടച്ചു നീങ്ങവേ ഒരു കാഴ്ച കണ്ടു.

ഒരു കൂട്ടം ആളുകൾ, (അവർ ഹോങ്കോങ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ഒറ്റനോട്ടത്തിൽ അറിയാം) മാസ്‌ക് ധരിച്ചു വേഗത്തിൽ നീങ്ങുന്നു. പെട്ടെന്നുള്ള വിചാരങ്ങളിൽ അവരെല്ലാവരും രോഗികളും ഇമ്യൂണിറ്റി കുറഞ്ഞവരും ആണെന്നുതോന്നി. അതിന് പല കാരണങ്ങളും അപ്പോൾത്തന്നെ കണ്ടെത്തി. മനുഷ്യസഹജമായ അനാവശ്യചിന്തകളിൽ അപ്പോൾ ത്തന്നെ ലജ്ജ തോന്നി ആ വിചാരം പിൻവലിച്ച് കൊച്ചിയിലെ ഡോക്ടർ മൂന്നുവർഷം മുൻപ് പറഞ്ഞത് ഓർത്തെടുത്തു; 'ഈ നഗരത്തിൽ ജീവിക്കാൻ ഏറ്റവും യോഗ്യത ഉള്ള ആളാണ് നിങ്ങൾ. പൂർണമായും ഗന്ധം അറിയുന്നില്ലാത്ത ഈ സ്ഥിതിയിൽ മലീമസമായ വായുവോ മറ്റ് ദുഷിപ്പ് ഗന്ധങ്ങളോ നിങ്ങളെ ഇനി ശല്യം ചെയ്യില്ലല്ലോ. കൂടെക്കൂടെയുള്ള അല്ലർജിക്ക് പരിഹാരമായി മുഴുവൻ സമയം മാസ്‌ക് ധരിച്ച് തല ഉയർത്തിപ്പിടിച്ചു നടക്കൂ. ചെറുപ്പക്കാരനും ഞങ്ങൾ താമസിക്കുന്ന സ്ഥലത്തെ താമസക്കാരനും ആയ ഡോക്ടർ പറഞ്ഞത് ഉൾക്കൊള്ളാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. മാസ്‌ക് ധരിച്ച എന്റെ രൂപം സങ്കല്പത്തിൽ ഒരു സ്ട്രെച്ചറിൽ പച്ച പുതപ്പിട്ട് ആരോ തള്ളിക്കൊണ്ട് പോകുന്നിടത്തോളം വരെ എത്തി.

ആഹ്ലാദകരമായ അവധിക്കാലത്തിനുശേഷം മടങ്ങിപ്പോയ ഭർത്താവ് മാർച്ച് 22ന് വീണ്ടും നാട്ടിലെത്തി. അപ്പോഴേക്കും കൊറോണക്കെതിരായ ജാഗ്രതാ പോർട്ടൽ 'ദിശ 'സജീവമായി കഴിഞ്ഞിരുന്നു.

ഒരിക്കലും തോന്നാത്തൊരു അതിജീവന വീര്യവുമായി ഞാൻ അടുത്തുള്ള ഷോപ്പിംഗ് മാളിലേക്ക് പാഞ്ഞു. വരാൻ പോകുന്ന 28 ദിവസത്തെ ക്വാറന്റയിൻ കഴിച്ചുകൂട്ടാനുള്ള സാധനങ്ങളുമായി വേഗം വീട്ടിലെത്തി. സാനിറ്റൈസറും സോപ്പും ബ്ലീച്ചിങ് പൗഡറും ആയിരുന്നു അക്കൂട്ടത്തിൽ കൂടുതൽ. ഏത് പ്രലോഭന സാധ്യതക്കു മുൻപിലും വേണ്ടുന്നതൊന്നിലേക്കു കണ്ണും മനസ്സും ചുരുങ്ങും എന്നുള്ള ജീവിതത്തിന്റെ പാഠം അവിടെനിന്ന് പഠിച്ചുതുടങ്ങി.
ലോകത്തെ മുഴുവൻ ജാഗ്രതയിലാക്കിയ സൂക്ഷ്മാണുവിന്റെ വാഹകരാവുമോ വിദേശത്തുനിന്നുള്ളവർ എന്ന ജാഗ്രതയിൽ കൊച്ചി എയർപോർട്ടിൽ നിന്ന് നൽകിയ വെളുത്ത ചരടുള്ള പച്ച മാസ്‌കിൽ ആദ്യത്തെ മാസ്‌ക് ധാരി വീടിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.

പിന്നീടുള്ള ദിവസങ്ങൾ ഒരു ഇലയനക്കത്തിന്റെ ജാഗ്രത പോലും ശ്രദ്ധിക്കുന്ന വിധത്തിൽ മനുഷ്യജീവിതം വീടിന്റെ ഉള്ളകങ്ങളിൽ ഒതുങ്ങിനിന്നു.
ഭീതിയാണ് എവിടെയും. ഉറങ്ങിപ്പോയ നഗരം. ജനാലകൾ അടഞ്ഞുകിടക്കുന്ന വീടുകൾ. കൈയിൽ നേരിട്ട് പണം വാങ്ങാൻ അറയ്ക്കുന്ന മനുഷ്യർ. പാരസ്പര്യവും സഹവർത്തിത്തവും സ്വയംരക്ഷക്കുമുന്നിൽ അപ്രത്യക്ഷമായി. ഭയം അതിന്റെ എല്ലാ ഭാവങ്ങളിലും മനുഷ്യജീവിതത്തെ ബാധിച്ചിരിക്കുന്നു.
എനിക്ക് ഏറ്റവും ആവശ്യമായിരുന്ന ഒന്നിനെ മനസുകൊണ്ട് ഉൾക്കൊള്ളാതിരുന്നപ്പോൾ അത് സ്വാഭാവികമായ ഒരു ആവരണമായി കാലം പ്രഖ്യാപിച്ചുവോ.

2020 ഡിസംബർ
ഡൽഹിയിൽ നിന്ന് മകൾ
(ഏറെ നാളത്തെ ഓൺലൈൻ ക്ലാസിനുശേഷം അവൾ കാമ്പസിലേക്കു മടങ്ങിപ്പോയിരുന്നു)

അമ്മേ,
അന്ന് പെട്ടെന്നൊരു ദിവസം നഗരം വിട്ടുപോന്നപ്പോൾ ജനൽപാളികളിൽ ഒന്ന് ചേർത്തടക്കാൻ പറ്റാതെ പോയി.
ബിസ്‌ക്കറ്റ് പാട്ടകളും, അലമാരകളും പരിശോധിക്കാൻ അവർ പഴുതുകളിലൂടെ നുഴഞ്ഞുകയറി.
മനുഷ്യരുടെ പാർപ്പിടങ്ങളുടെ അകശേഷിപ്പുകളിൽ അവർ മൃഷ്ടാന്നഭോജനം കണ്ടെത്തി.
കുറച്ചുകാലത്തേക്ക് അവർക്ക് പാർപ്പിടങ്ങൾ സ്വന്തമായി കിട്ടി.
മേശ, കസേര, അലമാരകൾ, കൗതുകമുള്ളൊരു ലോകം.
ശൈത്യത്തിനു ചൂട് പകർന്ന ബ്ലാങ്കറ്റുകളിൽ എലികൾ കിടന്നുറങ്ങി.
അയ്യോ ... നശിപ്പിച്ചോ അത്?
സൂര്യനും ചന്ദ്രനും താരാപഥങ്ങളുമുള്ള നീല കംഫോർട്ടർ. വർഷങ്ങളുടെ ചൂട് ഉള്ളിൽ പേറുന്നത് , ആ നല്ല അയൽക്കാർ സമ്മാനിച്ചത്.
എന്റെ വ്യഥ അവിടെയും പുറത്തുവന്നു.
സൂര്യനും ചന്ദ്രനും താരാപഥങ്ങളും എലികൾക്കും പാറ്റകൾക്കും, പിന്നെ എല്ലാവർക്കും ഉള്ളതാണ് അമ്മാ. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്.

ഏതാനും ദിവസങ്ങൾക്കുശേഷം ഊർജ്ജം കെട്ടടങ്ങി പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചു. നഗരം ചിതയുടെ ചാരം ഭിത്തിമേൽ പുരട്ടി തുടങ്ങിയിരിക്കുന്നു. എങ്ങോട്ട് നോക്കിയാലും ഭയപ്പെടുത്തുന്ന മൂകത.
ഞങ്ങൾ വരുന്നു. എന്റെ കൂടെയുള്ള കുട്ടികൾക്ക് വീട്ടിലേക്ക് പോകാനാവില്ല. അവിടെ എല്ലാവരും രോഗബാധിതരാണ്.
നിരവധി ഫ്‌ളാറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെൻറ്​ സമുച്ചയത്തിൽ അവർക്കായി പതിനാല് ദിവസത്തെ താമസത്തിനായി വീട് തിരഞ്ഞു. പരിചയമുള്ളവരോട് ചോദിച്ചു.
ബുദ്ധിമുട്ടായിരുന്നു എല്ലാവർക്കും.
ഇക്കാലത്ത് വീട് തന്നില്ലെങ്കിൽ പിന്നെ എന്ത് ജീവിതം. ഞാൻ പ്രതീക്ഷിക്കാതെ എന്റെ സ്‌നേഹിത താക്കോൽ നീട്ടി.

ശുശ്രുഷയുടെയും സ്‌നേഹത്തിന്റെയും ദിനങ്ങൾ

അന്നൊരു നാൾ ഞാൻ നഗരത്തിലേക്കിറങ്ങി. ഒരു പാട് നാളുകൾക്കുശേഷമാണ് വീട് വിട്ടിറങ്ങുന്നത്.
പല തരത്തിലുള്ള മാറ്റങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ നിന്നിറങ്ങി മെട്രോയിൽ നഗരത്തിലോട്ട് ഒരു യാത്ര. ഈ നഗരത്തിന്റെ ഭാഗമായി തീർന്ന ആദ്യനാളുകളിൽ ‘ആദ്യം കയ്ക്കും പിന്നെ മധുരിക്കും' എന്നു പറഞ്ഞ് പ്രതീക്ഷകൾ തന്ന മെട്രോയിൽ തന്നെ.
ഒരു ബോഗിയിൽ രണ്ടോ മൂന്നോ പേർ മാത്രം. ക്ലേശകാലത്തും സഞ്ചാരികൾക്ക് യാത്രാമധുരം നിഷേധിക്കാത്ത മെട്രോ. വേഗത്തിൽ നീങ്ങുന്ന കാഴ്ചകൾക്കൊപ്പം മാസ്‌കിനുള്ളിൽ നിന്ന് നിശ്വാസങ്ങളുടെ വീർപ്പുമുട്ടൽ. കണ്ണാടിച്ചില്ലിൽ കാഴ്ചകൾക്ക് മങ്ങൽ. ഹൃദയത്തിനുള്ളിൽ ഉരുവിടാത്ത വാക്കുകളുടെ പരിഭവം.
അടഞ്ഞു കിടക്കുന്ന ഷട്ടറുകളുടെ, തുരുമ്പു പിടിച്ച താഴുകളുടെ, നിർമാണ സാമഗ്രികളുടെ ഇടയിൽ കൂടി തല നീട്ടുന്ന പച്ചപ്പിന്റെ പൊടിപ്പുകൾ. പേരറിയാ ചെടികൾ, നാടറിയാ കിളികൾ!

മനുഷ്യർ നടന്നുതെളിഞ്ഞ വഴികൾ പിന്നെയും പച്ചപ്പ് തിരിച്ചു പിടിച്ചു. പട്ടണ പ്രാന്തങ്ങളിലെ മണ്ണ് പറയുന്നു, ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നമുക്ക് ഉറങ്ങാം. അവർ നടന്നുതുടങ്ങിയാൽ പച്ചപ്പിന്റെ പുതപ്പ് നീക്കപ്പെടും.
എനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തിയിരുന്നു അപ്പോഴേക്കും. പട്ടിനും പൊന്നിനും ഒക്കെയായി ജനം എത്തിയിരുന്ന ഇടങ്ങൾ. സ്വപ്നങ്ങൾ തുടങ്ങിയ ഇടങ്ങൾ. പ്രതീക്ഷകളുടെ പൂത്തിരി കത്തിച്ചു തീയതികളിൽ മുഹൂർത്തങ്ങളിൽ ജീവിതങ്ങളെ ഒരുക്കിയ സ്ഥലങ്ങൾ. എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു.
അന്നേദിവസം വിൽപന അനുവദിക്കപ്പെട്ടിരുന്ന കണ്ണടക്കടയിലേക്കു ഞാൻ നടന്നു. ഒരു സമയം ഒരാൾക്ക് മാത്രം പ്രവേശനം.

മെട്രോ തൂണിലെ ഇലപ്പച്ചകൾ നോക്കി ഊഴത്തിനായി കാത്തുനിൽക്കുമ്പോൾ മനുഷ്യരല്ലാത്ത നഗരവാസികളെ ഒന്ന് സങ്കൽപ്പിച്ചുനോക്കി. അതിൽ ഗോഡൗണിൽ നിന്ന് പട്ടിന്റെ ചെറു കഷണങ്ങൾ കൊണ്ട് ജാക്കറ്റ് തുന്നാൻ പദ്ധതിയിടുന്ന മൂഷിക ദമ്പതികളെയും ഹോട്ടലുകളിലെ കമിഴ്ത്തിയിട്ട കസേരകൾ നോക്കി നെടുവീർപ്പിടുന്ന ശ്വാനന്മാരെയും കണ്ടു.
ചിതലുകളും ഉറുമ്പുകളും ഇത് തങ്ങൾക്കുള്ള സമയമാണെന്ന് ഓർമിപ്പിച്ച് പിടി തരാതെ ഓടി.

മരണത്തിന്റെ ദൂതുകളും വൈറസുകളും വിചാരങ്ങളുടെ നിയന്ത്രണരേഖക്കപ്പുറത്ത് മാറി നിന്നു. (അതൊക്കെ ഓർത്താൽ എനിക്ക് നടത്തിയെടുക്കാനുള്ള കാര്യങ്ങളിൽ നിന്ന് ഞാൻ പിന്മാറും.)

അടുത്തത് എന്റെ ഊഴമാണെന്ന് കണ്ണടക്കടയിലെ സെയിൽസ്​മാൻ അറിയിച്ചു.
പ്രതീക്ഷിച്ചതുപോലെ കണ്ണട ചില്ലുകൾ മാറ്റി. കാഴ്ചയുടെയും വായനയുടെയും മേഖലകൾ തരം തിരിച്ചപ്പോൾ കൂടുതൽ നാണയങ്ങൾ കൊടുത്ത് കാഴ്ചയുടെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് വായനയുടെ വിശാലഭൂമി ഉറപ്പിച്ചു.
തിരിച്ചിറങ്ങിയപ്പോൾ കൂടുതൽ പ്രത്യാശ തോന്നി. ഈ ക്ളേശകാലത്ത് ഭൂമുഖം മുഴുവൻ വാക്സിനേറ്റഡ് ആകുന്നിടം വരെ മനഃസമാധാനമില്ലാതെ കാത്തിരിക്കുവാനുള്ളതാകയാൽ കൂട്ടിന് കൂടുതൽ നന്നായി കൂടെ ചേരാൻ കണ്ണുകളുണ്ടല്ലോ എന്ന പ്രത്യാശ.
അതിനാലാവണം മെട്രോയിൽ ഇരിക്കുമ്പോഴും ഒരു കുളമ്പടി ശബ്ദത്തിൽ ഞാൻ ആയിരുന്നത്
എനിക്ക് വേണ്ടുന്നത് നേടി തിരിച്ചുവരുന്നതുപോലെ.

2021 നവംബറിൽ രാജസ്ഥാനിലെ
സലാവാസ് എന്ന ഗ്രാമത്തിൽ നിന്ന് മകൾ വിളിക്കുന്നു.

എന്തുവേണം ഇവിടെ നിന്ന്?
പഠനത്തിന്റെ ഭാഗമായി ക്രാഫ്റ്റ് ക്ലസ്റ്ററിൽ ആയിരുന്നു അവൾ.
ആവശ്യസമയത്ത് വീട് നല്കി സഹായിച്ച എന്റെ സ്‌നേഹിതക്കായി ബന്ദ്നി സാരി വാങ്ങിച്ചപ്പോൾ അവൾ അറിയിച്ചു, ഈ തുണിയിൽ നിറയെ കെട്ടുകളാണ്. മെല്ലെ പൊട്ടിക്കുമ്പോൾ അതിനുള്ളിൽ നിന്ന് നക്ഷത്രങ്ങൾ പോലെ ഡിസൈൻസ് കാണാനാകും. കയ്യിൽ കിട്ടിയ സാരിയിൽ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടം. ക്ലേശകാലത്ത് അഭയം നൽകിയതിലും ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്ന് അവൾ പറയുന്നു.

നക്ഷത്രങ്ങൾ ഒളിഞ്ഞിരുന്ന കെട്ടുകൾ

മകളെ ചേർത്തു പിടിക്കാനാവാത്തവിധം അവൾ വിദൂരത്തായിരുന്നു. കാലം ജീവിതാനുഭവങ്ങൾകൊണ്ട് കരുത്തു നൽകിയ മനസ്സുമായി ഇന്നത്തെ യുവത സഞ്ചരിക്കുന്നുവല്ലോ. ഞാൻ ആത്മാവിൽ ആനന്ദിച്ചു.
മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ലോകത്ത് ഈയിടെ കണ്ട കാഴ്ചയിൽ അമ്മയുടെ ഒക്കത്തു നിന്ന് ഊർന്നിറങ്ങുന്ന ഒരു വയസ്സുകാരിയുണ്ട്. മുഖത്തെ കുഞ്ഞുമാസ്‌ക് അവൾക്ക് അസ്വസ്ഥതയേ ആകുന്നില്ല.
കൊറോണയുടെ ആദ്യകാലങ്ങളിൽ അനുഭവിച്ച സാമൂഹ്യപരമായ ഒറ്റപ്പെടുത്തൽ, അതിനോടനുബന്ധിച്ച ഭ്രഷ്ട് എന്ന് വിളിക്കാവുന്ന അവസ്ഥകൾ ഒക്കെ ഏറെ പേരെ നൊമ്പരപ്പിച്ചിട്ടുണ്ട്.

ഞാൻ സ്വപ്നം കാണുന്ന കൊറോണരഹിത ലോകത്തിൽ മാനവരാശി മൊത്തം കൈമാറുന്ന ക്ഷമയുടെയും നന്ദിയുടെയും കുറിപ്പുകളുണ്ട്. കാലചക്രത്തിന്റെ തിരിവിനിടയിൽ കൂടി കടന്നു കൂടി മനുഷ്യനെ വിടാതെ പിന്തുടരുന്ന ഈ വൈറസ് കവർന്നെടുത്ത ഒരോ ആത്മാവിനോടുമുള്ള സ്വാന്തനമുണ്ട്. തകർച്ചയിലും അപമാനത്തിലും മുറിവേറ്റ ഹൃദയങ്ങളോട് കണ്ണുകൾകൊണ്ടൊരു സ്‌നേഹസല്ലാപമുണ്ട്.

വർഷം വാതിൽ പൂട്ടുന്ന ഡിസംബറിൽ പെനെലോപ് പൊതിഞ്ഞു തന്ന ലിപ്സ്റ്റിക്ക് ഞാൻ എടുത്തുനോക്കി. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ് ഉപേക്ഷിക്കാറായിരിക്കുന്നു. മനുഷ്യസമൂഹം അതിജീവനവും അടിസ്ഥാന ജീവിതാവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യം എന്നിവയിലേക്ക് കണ്ണുതുറക്കുകയും എല്ലാവരും ഒരേ ചിന്തയിൽ എരിയുകയും ചെയ്ത ലോകചരിത്രത്തിലെ ഈ കാലം വിസ്മൃതിയിൽ ആണ്ടുപോകാതിരിക്കുവാൻ വാക്കുകളിൽ ഞാനിവിടെ പകർത്തിവെക്കട്ടെ .

Comments