ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന
സംഘബന്ധുക്കളുടെ ഭീഷണിക്ക്
വഴങ്ങി അവതാരകരെ കൊണ്ട്
മാപ്പ് പറയിച്ചിട്ടുണ്ട്
ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് മാപ്പ് പറയിച്ചിട്ടുണ്ട്
21 Jun 2022, 12:14 PM
ഷഫീക്ക് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആര്‍.എസ്.എസ്. അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റര്‍മാര്‍ക്കുമുള്ള ആവശ്യകത വര്‍ധിക്കുകയാണെന്നുമുള്ള തരത്തില്‍ ആരോപണങ്ങള്‍ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളില്‍ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
സ്മൃതി പരുത്തിക്കാട്: മലയാളത്തിലെ ചില മുന്‍നിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തില്‍ സംഘപരിവാര്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതില്‍ സത്യമുണ്ട്. കേന്ദ്രത്തിനെതിരായ വാര്‍ത്തകളില്‍ അതിജാഗ്രത പുലര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനെതിരായ വാര്‍ത്തകളില്‍ "നിര്‍ഭയം' നീങ്ങുകയും ചെയ്യുന്നതില്‍ നിന്ന് അത് വ്യക്തമാണ്. ആര്‍.എസ്.എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ധിച്ച സാഹചര്യം പക്ഷെ കേരളത്തില്‍ നിലവിലുണ്ട് എന്ന് തോന്നുന്നില്ല. സംഘ് പ്രവര്‍ത്തനം രണ്ടു തരത്തിലാണ്. ഒന്ന് തലപ്പത്ത് നിയന്ത്രണം എന്ന മട്ടിലാണ് പ്രവര്‍ത്തിക്കുക. ഇവിടെ കേന്ദ്രത്തെയും സംഘപരിവാറിനെയും സ്വന്തം നിലക്ക് വിമര്‍ശിക്കില്ല. പ്രതിപക്ഷം പറയുന്നു എന്ന മട്ടില്‍ മാത്രം കാര്യങ്ങള്‍ അവതരിപ്പിച്ച് നിഷ്പക്ഷ നിലപാടെടുക്കും. രണ്ടാമത്തേത് ഒരുതരം സമ്മര്‍ദ്ദമാണ്. മീഡിയ വണ്‍ അനുഭവം മുന്നിലുണ്ടല്ലോ എന്ന മട്ടില്‍ ഒരു അദൃശ്യ വാള്‍ എപ്പോഴും മുകളില്‍ തൂങ്ങിക്കിടപ്പുണ്ടാവും.
ആര്‍.എസ്.എസ് താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്തവരും സംഘപരിവാറിനെ പരസ്യമായി വിമര്‍ശിച്ചവരും സ്ഥാപനം മാറേണ്ടിവരികയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തത് നമ്മള്‍ കണ്ടു. ചര്‍ച്ചകളില്‍ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് "വ്യക്തിപരമായി' മാപ്പ് പറയിച്ച ചരിത്രവും മുന്നിലുണ്ട്. അപ്പോഴും ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചുകൂടാ എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവാത്തതാണ്. അസഹിഷ്ണുതയുടെ കാര്യത്തില്‍ തീവ്രവലതും ഇടതും തമ്മിലുള്ള മത്സരമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്.
വിഷയാധിഷ്ടിതമായി മാത്രം ചോദിക്കുന്നവരെ സൗകര്യപൂര്‍വം ഓരോ തൊഴുത്തില്‍ കൊണ്ട് കെട്ടുകയാണ്. ചോദ്യങ്ങള്‍ അലോസരപ്പെടുത്തിയാല്‍ നാളെ ചര്‍ച്ചയ്ക്ക് വരില്ല എന്ന ഭീഷണി വലിയ സമ്മര്‍ദ്ദം തന്നെ ആണ്. നവമാധ്യമങ്ങളിലെ "നവ' ഇടത് സഹയാത്രികരുടെ (ഒരു തരത്തിലും വിമര്‍ശിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍) പരിഹാസം, മുഖമില്ലാത്ത പോരാളികളുടെ കടന്നല്‍ കൂട്ട ആക്രമണം... ഇതും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന യഥാര്‍ഥ്യമാണ്. ഒരു കാര്യം ഉറപ്പാണ്. രാജ്യത്തെ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് മേല്‍ ഉറപ്പിച്ച സ്വാധീനം നിലവില്‍ കേരളത്തെ പൂര്‍ണമായി ബാധിച്ചിട്ടില്ല. നാളെ ഉണ്ടായിക്കൂടെന്നില്ല.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തുല്യപ്രാതിനിധ്യം നേടാന്‍ ടെലിവിഷന്‍ ന്യൂസ്റൂമുകള്‍ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
കൈരളിയില്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഞാന്‍. എന്റെ കൈരളികാലത്താണ് മാറാട് കലാപം ഒക്കെ സംഭവിക്കുന്നത്. അന്ന് തീവ്ര വര്‍ഗീയത പറയുന്ന ചില നേതാക്കളുടെ പ്രതികരണങ്ങള്‍ ഒക്കെ കൊടുക്കേണ്ടതില്ല എന്ന തീരുമാനം ഉണ്ടായിരുന്നു. കൈരളി മാത്രമല്ല അന്ന് ഏഷ്യാനെറ്റും നല്‍കിയിരുന്നില്ല. പിന്നീട് മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആയി ഇന്ത്യാവിഷന്‍ വന്നപ്പോഴാണ് ഈ തീവ്ര മുഖക്കാരൊക്കെ സ്ഥിരം മുഖങ്ങള്‍ ആക്കപ്പെട്ടത് എന്ന സത്യവും വിസ്മരിച്ചുകൂടാ. പിന്നെ... കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് ഫലം വരെ ബി.ജെ.പി ഇല്ലാതെ ചര്‍ച്ച പൂര്‍ണമാവില്ല എന്ന നിലപാടിലേക്ക് എല്ലാ മാധ്യമങ്ങളും എത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ സംഘബന്ധു ആരോപണം നേരിടുന്ന ചാനലിലും ബി.ജെ.പി അതിഥികളെ കാണാറില്ല, അതിന്റെ കാരണം എന്തായാലും. ബി.ജെ.പി നേതാക്കള്‍ക്ക് പൊതു സ്വീകാര്യത നേടിക്കൊടുക്കുന്നതില്‍ ചാനലുകള്‍ക്ക് പങ്കുണ്ടാവാം. പക്ഷെ ഇക്കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളുടെയും പങ്ക് കൂടി പരിശോധിക്കേണ്ടേ. തിരഞ്ഞെടുപ്പുകളില്‍ ഹിന്ദു വര്‍ഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പരിലാളിക്കാത്തവരല്ല ഇരു മുന്നണികളും. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ എല്ലാ ചര്‍ച്ചകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് കൊണ്ട് എന്ത് പ്രയോജനം.

കേരളത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സംഘപരിവാറിന് സ്വാധീനമേ ഉണ്ടാകുമായിരുന്നില്ല എന്ന തരത്തില്‍ ഉള്ള വിലയിരുത്തല്‍ ഉപരിപ്ലവമാണ്. കേരളത്തിന്റെ പുരോഗമന മേല്‍ക്കൂരക്ക് താഴെ ഹിന്ദു വര്‍ഗീയതക്ക് വളരാന്‍ ആവശ്യമായ ഘടകങ്ങള്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചിരുന്നു.
മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി വാര്‍ത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളില്‍ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
മാനേജ്‌മെന്റുകളുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്താലോകം പരിമിതപ്പെടുത്തിയാല്‍ കാഴ്ചക്കാര്‍ ഉണ്ടാകുമോ? ചില വിഷയങ്ങള്‍ എടുക്കുന്നതില്‍ പരിമിതി ഉണ്ടെന്ന് അറിയിച്ച ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ട്. അതൊഴിച്ചാല്‍ മുഴുവന്‍ സമയവും മാനേജ്‌മെന്റ് താല്പര്യം അടിച്ചേല്പിക്കാവുന്ന കാഴ്ചക്കരല്ല കേരളത്തില്‍ ഉള്ളത്.
ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധര്‍മം നിര്‍വഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങള്‍ക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാട് എടുക്കുന്ന ചില അവതാരകര്‍ ഉണ്ടാകാം. എന്നുവച്ചു വിമര്‍ശനമേ പാടില്ല എന്ന നിലപാട് എങ്ങനെ അംഗീകരിക്കും. ഒരു പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിലും ഇടത് വിരുദ്ധ ചേരിയില്‍ കെട്ടുന്നതാണ് അനുഭവം. പിന്നെ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എന്ന നിലക്കാണ്, വെളിപ്പെടുത്തല്‍ എന്ന നിലയ്ക്കല്ല ഞാന്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. വിജിലന്‍സിന്റെ അമിതാവേശവും പൊലീസിന്റെ മാസ്‌ക് അഴിപ്പിക്കലും പറയരുത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. HRDS ന്റെ കടന്നുവരവും അഡ്വ. കൃഷ്ണരാജിന്റെ പ്രത്യക്ഷപ്പെടലുമൊക്കെ തുല്യപ്രാധാന്യത്തില്‍ തന്നെ ആണ് മീഡിയ വണ്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്.
കേരളത്തിലെ ടെലിവിഷന്‍ ജേണലിസം ശരിയായ പാതയില്‍ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടര്‍ന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം, റിപ്പോര്‍ട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആ വിമര്‍ശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
അങ്ങനെ ഒന്നും അവകാശപ്പെടാന്‍ ഞാന്‍ ആളല്ല... തെറ്റിയും തിരുത്തിയും തന്നെയാണ് മുന്നേറുന്നത്. കുട്ടികള്‍ കാണരുത് എന്ന മുന്നറിയിപ്പോടെ സരിത നായരുടെ ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി ആഘോഷിച്ചവര്‍, സ്വപ്നയുടെ ജയിലിലെ ശബ്ദരേഖ ശരിയെന്ന് അവകാശപ്പെട്ടവര്‍ മറിച്ചുള്ള വിവരങ്ങള്‍ വരുമ്പോള്‍ രോഷം കൊള്ളരുത്. സ്വപ്നയുടെ ആരോപണങ്ങളെ പ്രതിപക്ഷം പോലും ആഘോഷിച്ചിട്ടില്ല എന്നത് അവരുടെ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍കൂടി ആണ്. മീഡിയ വണ്‍ ഏതായാലും കരുതലോടെ തന്നെ ആണ് ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.
സീനിയർ കോർഡിനേറ്റിങ് എഡിറ്റർ, മീഡിയ വണ്‍
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
PTPoulose
22 Jun 2022, 11:39 AM
പല മാധ്യമപ്രവർത്തകരും അവർ ജോലിചെയ്യുന്ന മാധ്യമമുതലാളിയുടെ ഇംഗിതമനുസരിച്ചാണ് നിവൃത്തികേടുകൊണ്ട് ജോലിചെയ്യുന്നു.സംസ്ഥാന സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങൾ ഒരെണ്ണം പോലും വസ്തുതാപരമായി റിപ്പോർട്ട് ചെയ്യാൻ അവർക്ക് സമ്മർദ്ദം മൂലം കഴിയുന്നില്ല. മറിച്ച് അതിൽ ഇല്ലാത്ത പിശക് സംശയാസ്പദമായി അവതരിപ്പിച്ച് സംഘിബന്ധുക്കളെയുംപ്രതിപക്ഷ ത്തേയും സുഖിപ്പിക്കുന്നു. അനുദിനം ഇമ്മാതിരി വാർത്തകളാണ് ജനം വായിക്കുന്നത്. ആയതിനാൽ പലപ്രമുഖദൃശ്യപത്രമാധ്യമങ്ങളേയും പൊതുജനം തള്ളിക്കളയുന്നു.ഇത് തുടർന്നാൽ പത്രങ്ങൾക്കും ചാനലുകൾക്കും വിശ്വാസ്യത നഷ്ടപ്പെട്ട് ജനം അവയെ അവഗണിക്കും.
ഗോപാലകൃഷ്ണൻ
22 Jun 2022, 08:10 AM
എന്തൊരു വെറുപ്പിക്കൽ.... ആത്മ നിന്ദ തോന്നുന്നില്ലേ...
Siraj valiyedath
21 Jun 2022, 09:12 PM
സ്മൃതി പരുത്തിക്കാട് . പോപ്പുലർ ഫ്രണ്ടിനെ സംഘപരിവാറിനെപോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന രീതിയിൽചർച്ചയിലുടനീളം പെടാപ്പാട് പെടുന്നത്കണ്ടിട്ടുണ്ട് നിഷ്പക്ഷ മാധ്യമ പ്രവർത്തകക്ക് എങ്ങനെയാണ്ഇതുപോലെ പ്രവർത്തിക്കാൻ കഴിയുന്നത്
ഷഫീഖ് താമരശ്ശേരി
Aug 05, 2022
14 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
ഷഫീഖ് താമരശ്ശേരി
Jul 29, 2022
13 minutes Read
ഷഫീഖ് താമരശ്ശേരി
Jul 26, 2022
9 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jul 24, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Jul 13, 2022
65 Minutes Watch
ആർ. രാജഗോപാല്‍
Jul 08, 2022
4.7 minutes Read
PTPoulose
22 Jun 2022, 12:11 PM
കേരളത്തിൽ യുഡിഎഫിന് അടിസ്ഥാനമുള്ളതിനാൽ ചില നിയമസഭാ സീറ്റുകൾ നേടാൻ ബിജെപി യുടെ സഹായം തേടാറുണ്ടെന്നവസ്തുതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ റിസോർട്ടിലാക്കിയിട്ടും രക്ഷയില്ല.ഇവിടെ കോലീബി നല്ലവണ്ണം ഇഴയടുപ്പം ത്തിലാണ് കമ്മ്യൂണിസ്റ്റ് വിരോധം ആസഖ്യത്തിനുള്ളതിനാലാണ്.ബിജെപി അവരുടെ വോട്ടുകൾ വിൽക്കാതിരുന്നാൽ പത്തിൽ താഴെ സീറ്റ് ലഭിക്കും.അപ്പോൾ കോൺഗ്രസ്സിന് ഭാവിയിൽ ഇവിടെയും നിലതെറ്റും.റിസോർട്ട്മാതൃകവേണ്ടതായി വരും.. കോൺഗ്രസ്സ് ഈ ലഭ്യതയും സഖ്യവും ഇവിടെ തുടർന്നാൽ പിന്നെ യുഡിഎഫ് അവശേഷിക്കില്ല. ഒറ്റയ്ക്ക് കോൺഗ്രസ്സിന് എവിടെയും ശക്തിയില്ലാതായി. ആശയദൃഢതയുടെ ശോഷണം,മൃദുഹിന്ദുത്വനിലപാട്, വർഗ്ഗീയത ഇവ കോൺഗ്രസ്സിൽ പ്രത്ര്യക്ഷപ്പെട്ടിരിക്കുന്നു. കോർപറേറ്റ് പ്രീണനം,പൊതുമുതൽ വിൽപ്പന,എണ്ണവിലനിയന്ത്രണമില്ലായ്മ,അഴിമതി,കള്ളപ്പണം, ഇതൊക്കെ കോൺഗ്രസ്സിന്റെ മുഖമുദ്ര!ബിജെപിയുടെ ല്ലാം ശക്തിയായി ഏറ്റെടൂത്ത് തുടരുന്നു. തമ്മിൽവ്യത്യാസമില്ലാത്തതിനാൽ അക്തർ ശക്തിയുള്ളതിലേക്ക് നീങ്ങുന്നു. ഇന്ത്യയിലോകേരളത്തിലോ കോൺഗ്രസ്സിന് ഇനി ഭലണസാധ്യത തീരെയില്ല.കേരളത്തിൽ എല്ലാ മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനെ എതിർത്തിട്ടുംവ്യാജതിരക്കഥകൾപടച്ച്പ്രചരിപ്പിച്ചിട്ടും തുടർഭരണം സിദ്ധമായത് മാധ്യമങ്ങളുടെ സത്യസന്ധത ജനം അവഗണിച്ചതിനാലാണ്. കോലീബിയും മാധ്യമങ്ങളും ഇത് തുടരുകയാണ്.എൽഡിഎഫ് ജനങ്ങളെ വിളിച്ചുകൂട്ടിയുംനവമാധ്യമങ്ങൾവഴിയും യഥാർത്ഥ വസ്തുതകൾ വോട്ടർമാരെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമങ്ങൾതോൽക്കുകയല്ലേ!? ഇനിയിതുപോലെ നേര്,നിർഭയം നുണ തുടരണോ? .