truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
Sara Aboobakkar

Obituary

സാറ അബൂബക്കര്‍ /Photo: Basu Nayaka, Twitter

‘നാദിറ ആത്മഹത്യ ചെയ്യേണ്ടത്
പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന്
എനിക്ക് നിര്‍ബന്ധമുണ്ട്’,
സാറാ അബൂബക്കർ എന്ന സമരകഥ

‘നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’, സാറാ അബൂബക്കർ എന്ന സമരകഥ

കാസര്‍കോട്ടുകാരിയായിരുന്നിട്ടും കാസര്‍കോടിന് തന്നെ വേണ്ടല്ലോ എന്ന സങ്കടം സാറ പലപ്പോഴും പലരോടും പങ്കു വെച്ചിരുന്നു. പ്രിയ എഴുത്തുകാരി നിങ്ങള്‍ ഉഴുതുമറിച്ച ഭൂമിയിലാണ് ഇപ്പോള്‍ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നത്. നിങ്ങള്‍ വെട്ടിത്തെളിച്ച വഴിയിലൂടെ എത്രയെത്ര കുഞ്ഞുസാറമാര്‍ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളെ ഓര്‍ത്തില്ലെങ്കില്‍ പിന്നെയാരെയാണ് കാലം ഓര്‍ത്തുവെക്കുക.

12 Jan 2023, 09:26 AM

എം.വി. സന്തോഷ്​ കുമാർ

നാദിറക്ക് തൂങ്ങിമരിക്കാമായിരുന്നു. കൈഞരമ്പു മുറിച്ച് രക്തം വാര്‍ന്ന് മരിക്കാമായിരുന്നു. വിഷം കഴിച്ചോ, തീ കൊളുത്തിയോ, ഉറക്കഗുളികകള്‍ കഴിച്ചോ മരിക്കാമായിരുന്നു. പക്ഷേ എന്റെ നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് ഒരു സമരമാണ്. കേവലം മരണം മാത്രമല്ല.

സാറാ അബൂബക്കറിന്റെ ചന്ദ്രഗിരിയ തീരദല്ലി എന്ന കന്നട നോവലിന്റെ മലയാള പരിഭാഷ ഒരു വാരികയില്‍ ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിക്കുന്ന കാലം. 1980 നും 85നും ഇടയിലുള്ള കാലമായിരിക്കാം. മൊഴിമാറ്റ കലയുടെ പെരുന്തച്ചന്‍ സി. രാഘവനാണ് മലയാളത്തിലേക്ക് ചന്ദ്രഗിരിയ തീരദല്ലി യെ കൂട്ടിവന്നത്.

Sara Aboobakkar
 സാറാ അബൂബക്കര്‍

ഒരിക്കല്‍ മൊഴി ചൊല്ലിയ ഭാര്യയെ മാനസാന്തരപ്പെട്ട് ഭര്‍ത്താവ് വീണ്ടും കല്ല്യാണം കഴിക്കാന്‍ തയാറാവുമ്പോള്‍ അത് പാടില്ലെന്നും രണ്ടാമതൊരാള്‍ നിക്കാഹ് ചെയ്ത് ഒരു രാത്രി അയാളുടെ കൂടെ കിടന്നാല്‍ മാത്രമേ അനുവദനീയമാകൂ എന്നും മതമേധാവികള്‍ തീര്‍പ്പുകല്പിക്കുമ്പോള്‍ തളര്‍ന്നുപോകുന്ന സ്ത്രീത്വത്തെ നോവലില്‍ വരച്ചുകാട്ടുന്നു. നോവലില്‍ നായിക നാദിറ പളളിക്കുളത്തില്‍ ചാടി മരിക്കുന്നു. പക്ഷേ കാസര്‍കോട്ടുനിന്ന്​ അന്നു പ്രസിദ്ധീകരിച്ച വാരികയില്‍ വന്നത് നാദിറ ചന്ദ്രഗിരിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു.

നോവല്‍ വായിച്ച സാറാ അബൂബക്കര്‍ പത്രാധിപരെ വിളിച്ചറിയിച്ചു. ഇനി നോവല്‍ തുടരേണ്ടതില്ല. നിര്‍ത്തിവെയ്ക്കുക.

അന്ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ മൗനം സി. രാഘവനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. സാറയുടെയും രാഘവന്റെയും സൗഹൃദം മുറിഞ്ഞില്ല. കാരണം, സാറയ്ക്ക് അറിയാമായിരുന്നു, രാഘവന്‍ മാഷായിരുന്നില്ല നാദിറയെ പുഴയില്‍ മുക്കി കൊന്നതെന്ന്. അച്ചടി മഷി പുരളുംമുമ്പ് മറ്റാരോ അതില്‍ കൈകടത്തിയിരിക്കുന്നു.
നോവല്‍ പാതിയില്‍ നിര്‍ത്തിയതിനെക്കുറിച്ച് വിളിച്ചുചോദിച്ചവരോട് സാറ പറഞ്ഞു: നാദിറയുടേത് മരണമല്ല, സമരമാണ്. സി. രാഘവന്‍ ആ നോവല്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ആരും പുസ്തക രൂപത്തിലാക്കിയില്ല.

കര്‍ണാടക, കാസര്‍കോട് ഗഡിനാട്ടിലെ മുസ്‍ലിം സ്ത്രീകളുടെ ജീവിതമായിരുന്നു സാറാ അബൂബക്കറിന്റെ മിക്ക രചനകളിലും കഥാപാത്രങ്ങളായി വന്നത്. സമുദായത്തിലെ അനീതിക്കും അസമത്വത്തിനുമെതിരേ സാറയുടെ കഥാപാത്രങ്ങള്‍ കലഹിച്ചു.

ALSO READ

മലപ്പുറം പെണ്ണിന്റെ ആത്മകഥ

എഴുത്തിനേക്കാള്‍ ശക്തമായ ആയുധം വേറെയില്ലെന്ന് തിരിച്ചറിയുകയും അതുവഴി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ ആയിരം നാവായി ഒരു സമൂഹത്തെയാകെ മാറ്റിമറിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയപുത്രിയും കന്നടയുടെ മരുമകളുമാണ് സാറാ അബൂബക്കര്‍. പുണ്യമായി കാണുന്ന മതഗ്രന്ഥങ്ങളെ അന്ധമായ മനസ്സുമായി അപഗ്രഥനം ചെയ്ത് അതിലെ നന്മയെ മൂടിവെച്ചും ആണ്‍മേല്‍ക്കോയ്മക്കും ആണധികാരത്തിനും വേണ്ടി മാറ്റിമറിച്ചും സമുദായം അടക്കിവാണ പ്രമാണിമാര്‍ക്കുനേരെയാണ് സാറാ അബൂബക്കറിന്റെ ഓരോ സ്ത്രീകഥാപാത്രങ്ങളും വിരല്‍ ചൂണ്ടിയത്. പക്ഷേ എന്തുകൊണ്ടോ സാറാ അബൂബക്കറെന്ന മകളെ മലയാളം ചേര്‍ത്തുപിടിച്ചില്ല. മകളെപ്പോലെ കന്നട ഒപ്പം നിര്‍ത്തി.

ആടും ആട്ടിന്‍കൂടും കുച്ചില്‍പുറമെന്ന അടുക്കളയുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്‍ലിം പെണ്‍കുട്ടികളെ വീടിന്റെ പൂമുഖം വഴി തന്നെ ഇറക്കിക്കൊണ്ടുവന്ന് പാഠശാലയിലെത്തിക്കുകയും അതുവഴി വിപ്ലവത്തിന് തിരികൊളുത്തുകയും ചെയ്ത മഹാരഥന്മാരുടെ നാടാണ് കാസര്‍കോട്. പക്ഷേ ചുരുക്കം ചിലര്‍ മാത്രമേ അക്കാലങ്ങളെ സ്വര്‍ണശോഭയോടെ ഓര്‍ത്തെടുക്കുന്നുള്ളു. എന്തുകൊണ്ടോ ബഹുഭൂരിഭാഗം അത്തരം മഹാന്മാരെ ഇപ്പോഴും ഇരുട്ടത്തു നിര്‍ത്തുകയാണ്. മഹാകവി ടി. ഉബൈദിന്റെ 50-ാം ചരമവര്‍ഷം വലിയതോതില്‍ കൊണ്ടാടാതെ പോകുന്നതിന്റെ സങ്കടം നേര്‍ക്കാഴ്ചയായി മുന്നിലുള്ളപ്പോള്‍ അങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് പറയുക.

Sara Aboobakkar
 സാറ അബൂബക്കര്‍ റാണി അബ്ബാക്ക അവാര്‍ഡ് സ്വീകരിക്കുന്നു /Photo: UT Khader, Twitter

കാസര്‍കോട് ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയ പുരയില്‍ പി. അഹമ്മദിന്റെയും സൈനബിയുടെയും ആറുമക്കളില്‍ ഏക പെണ്‍തരിയായിരുന്നു സാറ. ഉമ്മ സൈനബിയോട് അയല്‍ക്കാരികള്‍ വന്നുപറയുന്ന സങ്കടങ്ങളൊക്കെ മടിയിലിരുന്ന് കുഞ്ഞ് സാറ കേള്‍ക്കുമായിരുന്നു. തന്റെ എഴുത്തില്‍ കഥാപാത്രമായവരില്‍ ഭൂരിഭാഗവും അങ്ങനെയുള്ള പാവം സ്ത്രീകളായിരുന്നുവെന്ന് സാറ പിന്നീട് പറഞ്ഞിട്ടുണ്ട്.

അഭിഭാഷകനായ പിതാവ് പി. അഹമ്മദിന് സാറയെ പഠിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. സാറക്ക് പഠിക്കണമെന്ന മോഹവും. മുസ്‍ലിം പെണ്‍കുട്ടികള്‍ക്ക് നാലാംക്ലാസ് വരെ പഠിപ്പും അതുകഴിഞ്ഞാല്‍ കെട്ടിച്ചുവിടലുമാണ് സമുദായ രീതി. ചെമനാട് സ്‌കൂളിലാണ് നാലാം ക്ലാസ് വരെ പഠിച്ചത്. മലയാളത്തിലായിരുന്നു പഠനം. തുടര്‍പഠനം കാസര്‍കോട് ബി.ഇ.എം.(ബേസല്‍ ഇവാഞ്ചലിക് മിഷന്‍) സ്‌കൂളില്‍. അത് കന്നടയില്‍. അഞ്ചാംക്ലാസിന് ശേഷം പഠിക്കുന്ന ഏക മുസ്‍ലിം പെണ്‍കുട്ടിയായി സാറ. 1953 ല്‍ അന്നത്തെ 11-ാം ക്ലാസായ മെട്രിക്കുലേഷന്‍ പാസായി. മെട്രിക്കുലേഷന്‍ പാസാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുസ്‍ലിം പെണ്‍കുട്ടി. മലയാളവും കന്നടയും കൊങ്കിണിയും പഠിച്ചു. ലൈബ്രറിയിലെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി. തുടര്‍പഠനം ആഗ്രഹിച്ചെങ്കിലും നടന്നില്ല. മംഗലാപുരം സെന്റ് ആഗ്നസ് കോളേജില്‍ മാത്രമാണ് അന്ന് തുടര്‍ പഠനത്തിനുള്ള സൗകര്യമുണ്ടായിരുന്നത്. യാത്രാ സൗകര്യം ഇന്നത്തെപ്പോലെ അന്നില്ലല്ലോ. പഠനം നിന്നു.

ALSO READ

വേണ്ടത്, സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുനല്‍കുന്ന കോമണ്‍ ഫാമിലി കോഡ് 

കര്‍ണാടകയിലെ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന മംഗലാപുരം ലാല്‍ബാഗിലെ അബൂബക്കറിന്റെ ജീവിത സഖിയായതോടെ അങ്ങോട്ട് പറിച്ചുനടപ്പെട്ടു. വിവാഹശേഷം അബൂബക്കറിന് ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ സാറയും കൂടെ പോയി. ബംഗളൂരിലെത്തിയ ആദ്യനാളില്‍ സാറയെയും കൂട്ടി അബൂബക്കര്‍ മാര്‍ക്കറ്റില്‍ പോയി. പ്രിയപ്പെട്ടതെന്തും വാങ്ങിക്കോളൂ എന്ന് പറഞ്ഞ അബൂബക്കറിനോട് ലൈബ്രറിയിലേക്കുള്ള വഴിയേതെന്നായിരുന്നു സാറ ചോദിച്ചത്. തരാതരം പുത്തന്‍ വസ്ത്രങ്ങളോ, ആഭരണങ്ങളോ സാറ ആഗ്രഹിച്ചിരുന്നില്ല. കുറച്ചു പുസ്തകങ്ങളെടുത്തു. അന്ന് വഴിയോരത്തെ ബുക്ക്സ്റ്റാളില്‍ തൂക്കിയിട്ടിരുന്ന ലങ്കേഷ് പത്രികെ കൗതുകം തോന്നി വാങ്ങി. ആ ലങ്കേഷ് പത്രികെയാണ് തന്റെ എഴുത്ത് ജീവിതം മാറ്റി മറിച്ചതെന്ന് പലഘട്ടങ്ങളിലും സാറ പറഞ്ഞിട്ടുണ്ട്. ലങ്കേഷ് പത്രികെ വായിച്ച ശേഷമാണ് എഴുതണമെന്ന് തോന്നിയത്. 1981 ല്‍ അതേ വാരികയില്‍ മതസൗഹാര്‍ദ്ദത്തെക്കുറിച്ച് കുറിപ്പെഴുതി സാറ എഴുത്തുജീവിതം തുടങ്ങി. കവിയും എഴുത്തുകാരനുമായ പി. ലങ്കേഷ് തുടങ്ങിയ വാരികയാണ്. ഒരു പരസ്യം പോലും വാങ്ങാതെ, ആരുടെയും ചൊല്‍പ്പടിക്കു നില്‍ക്കാതെ സത്യം തുറന്നുപറയാന്‍ ധൈര്യം കാട്ടിയ പത്രാധിപര്‍. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെയും ദളിതന്റെയും ഉന്നമനമായിരുന്നു ലക്ഷ്യം. നാലും അഞ്ചും ലക്ഷം കോപ്പികളായിരുന്നു അക്കാലത്ത് വിറ്റു തീര്‍ന്നത്. ലങ്കേഷ് എഴുതാന്‍ പ്രചോദനം നല്‍കിയിരുന്നുവെന്ന് സാറ തന്നെ പറഞ്ഞിട്ടുണ്ട്. ചന്ദ്രഗിരിയ തീരദല്ലി എന്ന നോവല്‍ ആദ്യം പ്രസിദ്ധീകരിച്ചത് ലങ്കേഷ് പത്രികെയിലായിരുന്നു. ഓരോ അധ്യായവും അച്ചടിച്ചുവരുമ്പോള്‍ സാറയ്ക്കും ലങ്കേഷിനും മതമൗലികവാദികളില്‍ നിന്നും ഭീഷണി ഉയര്‍ന്നുകൊണ്ടേയിരുന്നു. മതമൗലികവാദികളുടെ പ്രസിദ്ധീകരണങ്ങളില്‍ സാറയെ തേജവധം ചെയ്ത് എഴുതി. അതിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ അനുകൂലമായി വിധി നേടി. 1985 -ല്‍ കര്‍ണാടക പുത്തൂരില്‍ നടന്ന സാഹിത്യ സമ്മേളനത്തില്‍ വെച്ച് സാറയെ മതതീവ്രവാദികള്‍ അക്രമിച്ചു.

Gowri Lankesh
 ഗൗരി ലങ്കേഷ്‌

പക്ഷേ സാറ കുലുങ്ങിയില്ല. സാറയും പത്രാധിപര്‍ ലങ്കേഷും മകള്‍ ഗൗരി ലങ്കേഷും കാണിച്ച ധീരമായ നിലപാടുകള്‍ വിജയം കണ്ടു. സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം ഒട്ടൊക്കെ ഉഴുതുമറിക്കപ്പെട്ടു. ഹിന്ദുഭീകരര്‍ 2017 ല്‍ വെടിവെച്ചു കൊല്ലുംവരെ ഗൗരി ലങ്കേഷും സാറയും ആത്മബന്ധം തുടര്‍ന്നു. വെടിയുണ്ടയെപ്പോലും ഭയക്കാത്ത അച്ഛനും മകളുമായുളള സൗഹൃദം. സാറയ്ക്ക് എങ്ങനെ എഴുതാതിരിക്കാനാവും അല്ലേ.

ഗൗരി ലങ്കേഷിനെ കൊന്നതറിഞ്ഞ ഉടന്‍ സാറ എഴുതി: ശബ്ദിക്കുന്നവരെ ആര്‍ക്കാണ് പേടിയെന്ന്. സാറയുടെ എഴുത്ത് വെടിയുണ്ടയെക്കാള്‍ ശക്തമായിരുന്നു. സ്വന്തം സമുദായത്തിന്റെ അനീതികള്‍ക്കെതിരെ പൊരുതി വളര്‍ന്ന സാറ ഹിന്ദു വര്‍ഗീതക്കെതിരെയും നിലകൊണ്ടു. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാര്‍ എഴുതിയ ഗുജറാത്ത്: ബിഹൈന്‍ഡ് ദി കര്‍ട്ടണ്‍ എന്ന പുസ്തകം കന്നടയിലേക്ക് മൊഴിമാറ്റിയത് സാറയായിരുന്നു.

മുസ്​ലിം യുവതി കേന്ദ്രകഥാപാത്രമായുള്ള വ്രജഗലു എന്ന നോവല്‍ സാര വജ്ര എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ചന്ദ്രഗിരിയ തീരദല്ലി എന്ന നോവല്‍ സിനിമയാക്കണമെന്ന ആഗ്രഹവുമായി കോഴിക്കോട്ടെ സിനിമാപ്രവര്‍ത്തകര്‍ സാറയെ സമീപിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് അതേ നോവല്‍ മോഷ്ടിച്ച് ബ്യാരി എന്ന സിനിമ ബഹുഭാഷയില്‍ ഇറങ്ങുന്നത്. 2011 ലെ ദേശീയ ചലച്ചിത്രോത്സവത്തില്‍ ബ്യാരിക്ക് പുരസ്‌കാരം ലഭിച്ചു. തമിഴിലും അവാര്‍ഡ് കിട്ടി. പകര്‍പ്പവകാശ നിയമപ്രകാരം സാറ കേസ് ഫയല്‍ ചെയ്തു. വിധി അനുകൂലമായി. എന്നാല്‍ പിന്നീടും താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് കാസര്‍കോട്ടെ ചില സുഹൃത്തുക്കളോട് സാറ പറഞ്ഞിരുന്നുവത്രെ.

ചന്ദ്രഗിരിയ തീരദല്ലി (1981), സഹന (1985), വജ്രഗളു (1988), കദന വിറാമ (1991), സുളിയല്ല സിക്കവരു (1994), തല ഒഡേഡ ധോനിയല്ലി (1997), പഞ്ചറ (2004) എന്നിവയാണ് അവരുടെ നോവലുകള്‍. ചപ്പാലിഗളു, പായന, അര്‍ധരാത്രിയല്ല ഹുട്ടിട കൂസു, കെദ്ദാ-സമയ, ഗണസാക്ഷി എന്നിവ ചെറുകഥകള്‍.
ഹോട്ടു കാന്തുവ മുന്ന ആത്മകഥയാണ്. ഖദീജ മുംതാസിന്റെ ബര്‍സ, ബി.എം. സുഹ്‌റയുടെ ബലി, കമലദാസിന്റെ മനോമി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ എന്നീ കൃതികള്‍ കന്നഡയിലേക്ക് മൊഴി മാറ്റി. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, അനുപമ നിരഞ്ജന അവാര്‍ഡ്, ഭാഷാ ഭാരതി സമ്മാന്‍ എന്നവി നേടി. മംഗ്ലൂരു യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

കര്‍ണ്ണാടകയിലാണ് താമസമെങ്കിലും കാസര്‍കോട് വിളിച്ചപ്പോഴോക്കെ അവര്‍ ഇവിടേക്ക് ഓടിയെത്തിയിരുന്നു. സഫിയ സമര കാലത്ത് കെ.എസ്.ആര്‍.ടി.സി. ബസിലാണ് സമരപ്പന്തലിലെത്തിയത്. എന്‍ഡോസള്‍ഫാന്‍ സമരമുഖത്തെത്തിയതും അങ്ങനെത്തന്നെ.
കാസര്‍കോട്ടുകാരിയായിരുന്നിട്ടും കാസര്‍കോടിന് തന്നെ വേണ്ടല്ലോ എന്ന സങ്കടം സാറ പലപ്പോഴും പലരോടും പങ്കു വെച്ചിരുന്നു. പ്രിയ എഴുത്തുകാരി നിങ്ങള്‍ ഉഴുതുമറിച്ച ഭൂമിയിലാണ് ഇപ്പോള്‍ പ്രതീക്ഷയുടെ പച്ചപ്പ് കാണുന്നത്. നിങ്ങള്‍ വെട്ടിത്തെളിച്ച വഴിയിലൂടെ എത്രയെത്ര കുഞ്ഞുസാറമാര്‍ പിച്ചവെച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളെ ഓര്‍ത്തില്ലെങ്കില്‍ പിന്നെയാരെയാണ് കാലം ഓര്‍ത്തുവെക്കുക.

എം.വി. സന്തോഷ്​ കുമാർ  

സ്വതന്ത്ര മാധ്യമപ്രവർത്തകന്‍

  • Tags
  • #Sara Aboobacker
  • #M.V. Santhosh Kumar
  • #Obituary
  • #Gouri Lankesh
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
PELE

Obituary

ഹരികുമാര്‍ സി.

പെലെ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല

Dec 30, 2022

3 Minutes Read

p-narayana-menon

Obituary

പി.കെ. തിലക്

ബദലുകളുടെ മാഷ്​

Dec 02, 2022

5 Minutes Read

scaria-zacharia

Obituary

അജു കെ. നാരായണന്‍

സ്‌കറിയാ സക്കറിയ: ജനസംസ്‌കാരപഠനത്തിലെ പുതുവഴികള്‍

Oct 19, 2022

6 Minutes Read

NE Balakrishna Marar

Obituary

കെ. ശ്രീകുമാര്‍

എന്‍.ഇ. ബാലകൃഷ്ണമാരാര്‍ പുസ്തകങ്ങള്‍ കൊണ്ടെഴുതിയ ചരിത്രം

Oct 15, 2022

6 Minutes Read

N E Balakrishna Marar

Obituary

എന്‍.ഇ. സുധീര്‍

പുസ്​തക പ്രസാധക- വിപണന ചരിത്രത്തിലെ മാരാർ കളരി

Oct 15, 2022

5 Minutes Read

achuthan

Obituary

ടി.പി.കുഞ്ഞിക്കണ്ണന്‍

പരിസ്​ഥിതി സംരക്ഷണത്തെ ദരിദ്രപക്ഷ സംരക്ഷണമാക്കിയ ഡോ. എ. അച്യുതൻ

Oct 11, 2022

6 Minutes Read

Kodiyeri Balakrishnan

Memoir

പി.ടി. കുഞ്ഞുമുഹമ്മദ്

പിണറായി എനിക്കുതന്ന ഫ്‌ലാറ്റില്‍ അന്ന് കോടിയേരി ഒരു മുറി ചോദിച്ചു

Oct 02, 2022

7 Minutes Read

Kodiyeri Balakrishnan

Memoir

കെ.ടി. കുഞ്ഞിക്കണ്ണൻ

ആ തലശ്ശേരിയില്‍ നിന്ന് രൂപംകൊണ്ട കോടിയേരി

Oct 02, 2022

5 Minutes Read

Next Article

സൂക്ഷിക്കുക, 2023 ൽ ഒരു സോഷ്യൽ മീഡിയ ആക്രമണം നിങ്ങളെയും കാത്തിരിക്കുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster