സ്​ത്രീകളെക്കുറിച്ച്​ എന്താണ്​ കേസരി പറഞ്ഞത്​? വാദം, പ്രതിവാദം

സ്​ത്രീകൾക്ക്​ എന്തുകൊണ്ട്​ ഫലിതരസം കുറഞ്ഞിരിക്കുന്നു എന്ന കേസരി ബാലകൃഷ്​ണപിള്ളയുടെ ഒരു ലേഖനത്തിലെ പരാമർശത്തെ അടിസ്​ഥാനമാക്കി എസ്​. ശാരദക്കുട്ടി ​ഫെയ്​സ്​ബുക്കിൽ ഇട്ട പോസ്​റ്റ്​ തിങ്ക്​ പ്രസിദ്ധീകരിച്ചിരുന്നു. ഈ പോസ്​റ്റുമായി ബന്ധപ്പെട്ട്​ റഫീഖ് ഇബ്രാഹിം പോസ്​റ്റ്​ ചെയ്​ത വിയോജനക്കുറിപ്പും അതിന്​ ശാരദക്കുട്ടിയുടെ മറുപടിയും

Think

എസ്​. ശാരദക്കുട്ടി ആദ്യം ചെയ്​ത പോസ്​റ്റിനുശേഷം​, എഡിറ്റ്​ ചെയ്​ത്​ വീണ്ടും ചെയ്​ത പോസ്​റ്റ്​:​കേസരി ബാലകൃഷ്ണപിള്ള സ്ത്രീകൾക്കു ഫലിതരസം കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടെന്ന് ഒരു ലേഖനത്തിൽ കണ്ടെത്തുന്നുണ്ട്.

ലോക സാഹിത്യം മുഴുവൻ വായിച്ചു കൊണ്ടിരിക്കെ കേസരി ഒരു തവണയെങ്കിലും വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വീട്ടിലെയോ നാട്ടിലെയോ പെണ്ണുങ്ങളെ നോക്കാനും കേൾക്കാനും കൗതുകപ്പെടാനും വിസ്മയിക്കാനും ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.

ജപ്പാനിലെ കൊട്ടാര ദാസിയായിരുന്ന സീ ഷൊണാഗൺ ന്റെ Pillow book (തലയിണ പുസ്തകം) മാത്രം വായിച്ചാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.

ആയിരത്തൊന്നു രാവുകൾ വായിച്ചാൽ, പെണ്ണുങ്ങൾ പറയുന്ന കുറെ കെട്ടുകഥകൾ, പരദൂഷണങ്ങൾ, അവരുടെ ചില വർണ്ണനകൾ അവരുപയോഗിക്കുന്ന ചില മെറ്റഫറുകൾ കേട്ടാൽ ഇങ്ങനെയൊന്നും പറയുമായിരുന്നില്ല.

ബർട്രന്റ് റസ്സൽ ചെയ്തിരുന്നതു പോലെ ബുദ്ധിയുള്ള പെണ്ണുങ്ങളെ സംസാരിക്കാനനുവദിച്ചിട്ട് വെറുതെ കേൾവിക്കാരനായി ഇരിക്കാൻ തയ്യാറായിരുന്നെങ്കിലും ഇങ്ങനെയൊന്നും എഴുതുമായിരുന്നില്ല.

അദ്ദേഹം അതിനായി കണ്ടെത്തി ക്രോഡീകരിച്ച അഭിപ്രായങ്ങൾ ഇങ്ങനെ ചുരുക്കി പറയാം.

സ്ത്രീകൾക്ക് യാഥാസ്ഥിതികത്വം കൂടിയിരിക്കുന്നു.

സാമാന്യീകരണത്തിനുള്ള ശക്തി പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവാണ്.

ഓരോ കാര്യത്തിലും അടങ്ങിയിരിക്കുന്ന തത്ത്വം ഗ്രഹിക്കാൻ അവർക്കു പ്രയാസമാണ്.

പുരുഷന്മാരോടു തുല്യമായ നിരൂപണ ശക്തിയില്ല.

സ്ത്രീകളുടെ മാനസിക വളർച്ച, പുരുഷന്മാരേക്കാൾ വേഗത്തിൽ സംഭവിച്ചിട്ട് എളുപ്പത്തിൽ നിലച്ചു പോകുന്നതാണ്.

25 വയസ്സുകഴിഞ്ഞാൽ സ്ത്രീക്ക് ഒന്നും കൂടുതലായി പഠിക്കുവാൻ കഴിയില്ല.

സ്ത്രീകൾക്ക് പ്രവൃത്തിപരത കുറവാണ്.

8.. സംഗതികളിൽ നിന്ന് വേർതിരിഞ്ഞു നിന്നുകൊണ്ട് അവയെ വീക്ഷിക്കുവാൻ സ്ത്രീകൾക്ക് സാധിക്കാറില്ല.

9 ആഡംബരപ്രിയരായതു കൊണ്ട് അവർക്ക് സരളത കുറയും. സരളത കുറഞ്ഞാൽ ഹാസ്യം വരില്ല.

സ്ത്രീകൾക്ക് പ്രസാദാത്മകത്വം കൂടുതലും.വിഷാദാത്മകത്വം വളരെ കുറവുമാണ്. ഇതുകാരണം അവർക്ക് ഫലിതം വരില്ല.

കേസരി സാഹിത്യ ലോകത്തിനാരായിരുന്നാലും ശരി, ആ പാവം മനുഷ്യന്റെ ജീവിതനഷ്ടങ്ങളിൽ എനിക്കഗാധമായ വേദനയും നിരാശയുമുണ്ട്.

എഡിറ്റ് ചെയ്യുന്നതിന് മുമ്പുള്ള ശാരദകുട്ടിയുടെ കുറിപ്പ് തിങ്കിൽ പ്രസിദ്ധീകരിച്ചത്

റഫീഖ് ഇബ്രാഹിം എഴുതിയ വിയോജനക്കുറിപ്പ്

ശാരദക്കുട്ടി ടീച്ചർ എഫ്ബി പോസ്റ്റായി എഴുതിയതും ട്രൂകോപ്പി തിങ്ക് "കേസരിയെക്കുറിച്ചോർത്ത് എനിക്ക് വേദനയും നിരാശയമുണ്ട്' എന്ന ശീർഷകം നൽകി പുനഃപ്രസിദ്ധീകരിച്ചതുമായ കുറിപ്പിനെ മുൻനിർത്തിയാണ് ഈ എഴുത്ത്.

വിജയഭാനു വിശേഷാൽ പ്രതിയിൽ 1940 ൽ വന്ന കേസരി എ.ബാലകൃഷ്ണപിള്ളയുടെ "സ്ത്രീകളും ഫലിതരസവും' എന്ന കഷ്ടി രണ്ടേകാൽ പുറം വരുന്ന ലേഖനമാണ് ടീച്ചറുടെ പോസ്റ്റിന് ആധാരം എന്നു കരുതുന്നു; അതല്ലെങ്കിൽ താഴെ എഴുതുന്നതിന് യാതൊരു പ്രസക്തിയുമില്ല.

ടീച്ചർ കാര്യങ്ങളെ തെറ്റായി ധരിപ്പിക്കുകയാണ്. സ്ത്രീകൾക്ക് ഫലിതരസം കുറവാണെന്ന് കേസരി പറയുന്നുണ്ട് എന്നത്​ സത്യമാണ്. ടീച്ചർ എടുത്തുകാട്ടിയ കാരണങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നുമുണ്ട്. പക്ഷേ അവ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളല്ല. മനഃശാസ്ത്രജ്ഞരുടെ പഠനങ്ങളെ മുൻനിർത്തിയാണെന്ന്​ ചൂണ്ടിക്കാട്ടുന്നുണ്ട്. അവ സംക്ഷേപിച്ച്​വിവരിക്കുകയാണ് താൻ ചെയ്യുന്നതെന്നും അർത്ഥസന്ദിഗ്ധതകളില്ലാതെ ആ ലേഖനം പറയുന്നുണ്ട്.

ടീച്ചർ കേസരിയുടെ അഭിപ്രായം എന്നു പറഞ്ഞ് അക്കമിട്ട് എഴുതിയവയെല്ലാം അക്കാലത്തിന്റെ മനഃശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളാണത്രേ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മനഃശാസ്ത്രം ഇത്തരം തെറ്റായ അഭിപ്രായങ്ങൾ വെച്ചു പുലർത്തിയിരിക്കാനുള്ള സാധ്യതയുണ്ട്. ഹിസ്റ്റീരിയ ഗർഭപാത്രത്തിന്റെ സഞ്ചാരം മൂലം സ്ത്രീകൾക്കു മാത്രമുണ്ടാകുന്ന ശാരീരിക രോഗമാണെന്നും അതില്ലാതാക്കാൻ ദുർഗന്ധമുള്ള ഒരു പ്രത്യേകതരം ഇല മണപ്പിക്കുകയാണ് ചികിത്സയെന്നും 1890 കളിൽ മനഃശാസ്ത്രം കരുതിയിരുന്നു എന്നറിയുക.

ഫ്രോയ്ഡ് ആദ്യം ഇടഞ്ഞത് ഇതിനോടാണെന്നും. 1940 കളിൽ മനഃശാസ്ത്രം സ്ത്രീകളെ സംബന്ധിച്ച് ഇത്തരം ധാരണകൾ പുലർത്തിയിട്ടുണ്ടാവും എന്നു തന്നെ കരുതാം. കേസരി അതെടുത്തെഴുതുകയാണ് ചെയ്തിട്ടുള്ളത്. എങ്കിലും ഏത് മനഃശാസ്ത്രജ്ഞരാണ് ഇത്തരം അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നത് എന്ന് ആ ലേഖനം റഫറൻസ് നൽകാത്തതിനാൽ അതിന്റെ പാപഭാരം കേസരിയിൽ തന്നെ ചാർത്തണമെന്നു വാശിപിടിച്ചാൽ അത്രയും അംഗീകരിക്കാം.

പക്ഷേ, ഏത് ലേഖനത്തിന്റെയും പ്രബന്ധത്തിന്റെയും പെഴ്സ്പെക്ടീവ് എന്ത് എന്നു നിർണ്ണയിക്കുന്നതിന് ആധാരമാക്കേണ്ടത് അതിന്റെ കൺക്ലൂഷനാണ്. ഈ പ്രബന്ധത്തിന്റെ കൺക്ലൂഷൻ എടുത്തെഴുതുന്നു. ഏതൊക്കയോ മന:ശാസ്ത്രജ്ഞന്മാരുടെ സ്ത്രീകളെ സംബന്ധിച്ചുള്ള അന്നുണ്ടായിരുന്നു ഇത്തരം അഭിപ്രായങ്ങൾ എടുത്തെഴുതിയ ശേഷം കേസരി എ.ബാലകൃഷ്ണപിള്ള ആ പ്രബന്ധം ഇങ്ങനെ അവസാനിപ്പിക്കുന്നു: ‘‘ഇത്രയും പറഞ്ഞതിൽ നിന്ന് തങ്ങൾക്കു ഫലിതരസമില്ലല്ലോ എന്ന് സ്ത്രീകൾ ഖേദിക്കുമായിരിക്കാം. എന്നാൽ പ്രഫ. മത്തിൽഡ് വേർതിങ് എന്ന ജർമ്മൻ മനഃശാസ്ത്രജ്ഞയുടെ ‘സാമുദായികാധികാരവിഭജനവാദം' ശരിയാണെങ്കിൽ സ്ത്രീകൾ കുണ്ഠിതപ്പെടേണ്ട ആവശ്യമില്ലെന്നു കൂടി പറഞ്ഞു കൊള്ളട്ടെ. പ്രാചീനകാലം മുതൽക്ക് പുരുഷൻ സ്ത്രീയെ അടിമയാക്കി വെച്ച് സമുദായത്തിലെ അധികാരം കൈവശപ്പെടുത്തിയതിന്റെ ഫലമായാണ് സ്ത്രീകളുടെ കുറവുകൾ ഉത്ഭവിച്ചിട്ടുള്ളതെന്നും അവ ജാത്യാലുള്ളതല്ലെന്നും ഈ സമുദായാധികാര വിഭജനരീതി മാറ്റിയാൽ സ്ത്രീയുടെ കുറവുകൾ തിരോധാനം ചെയ്യുമെന്നുമാണ് ആ മഹിളാമണിയുടെ വാദം'’.

പ്രബന്ധത്തിന്റെ നിലപാട് വളരെ വ്യക്തമാണ്. സ്ത്രീകൾക്ക് ഫലിതരസം കുറവാണെന്നും അതിന്റെ കാരണങ്ങൾ ഇന്നിന്നതാണെന്നും മനഃശാസ്ത്രം (കേസരിയല്ല ) പറയുന്നു. എന്നാൽ പുതിയ (1940 കളിലെ ) മനഃശാസ്ത്ര പഠനങ്ങൾ ഇത്തരം കുറവുകൾ ജനറ്റിക്കലല്ലെന്നും സിസ്റ്റമിക് ആണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വാദങ്ങൾ പരിചയപ്പെടുത്തുന്ന ഒരു കൊച്ചു ലേഖനമാണത്.

പാട്രിയാർക്കൽ സിസ്റ്റം മാറുന്നതോടെ അവസാനിക്കാവുന്നതേയുള്ളൂ സ്ത്രീകളുടെ രണ്ടാം പദവി എന്ന രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ഒരു ലേഖനമാണ് തീർത്തും തെറ്റായി അവതരിപ്പിക്കപ്പെടുന്നത്.കേസരി ആയിരത്തൊന്നു രാവുകൾ വായിച്ചിരുന്നെങ്കിൽ എന്ന ടീച്ചറുടെ നിരാശയൊക്കെ വന്യമായ ഭാവനയായിപ്പോയി എന്നു കൂടി.

കുടുംബം, സദാചാരം തുടങ്ങിയ സങ്കല്പങ്ങളെക്കുറിച്ച് ഇന്നു പോലുമാലോചിക്കാൻ കഴിയാത്ത വിപ്ലവകരമായ നിലപാടുകളെടുത്ത ചിന്തകനാണ് അനാവശ്യമായി അവഹേളിക്കപ്പെടുന്നത്, പ്രതിഷേധിക്കുന്നു.

ഒരു സവിശേഷ രാഷ്ട്രീയ പ്രശ്നം കൂടി ചേർക്കുന്നു. ഫ്രോയ്ഡിയൻ മനോവിജ്ഞാനീയം പുരുഷാധികാരപരമാണ് എന്നതിൽ ഇന്നു നമുക്ക് സംശയമില്ല. Black continent എന്നു സ്ത്രീലൈംഗികതയെ വിശേഷിപ്പിക്കുന്ന ഫ്രോയ്ഡ് Penis Envy എന്ന സംജ്ഞയുപയോഗിച്ചാണ് അതിനെ വിശദീകരിക്കുന്നത്. രണ്ടാം തരംഗ ഫെമിനിസമാണ് ഫ്രോയ്ഡിയൻ മനോവിശകലനത്തിന്റെ ഈ പുരുഷാധികാരത്തെ കുടഞ്ഞത്. എന്നാൽ, ഫ്രോയ്ഡിയൻ മനോവിശകലനത്തെ തന്റെ ചിന്തയുടെ ഒരു ആധാരമായി സ്വീകരിച്ച കേസരി, സിമോൺ ദി ബുവെയെപ്പോലും വായിക്കാതെ സ്ത്രീലൈംഗികതയെ സിസ്റ്റമിക്കലായി കാണുന്നു എന്നത് ചേർത്തു വായിക്കുമ്പോഴാണ് കേസരിയെ മറക്കൽ ക്ഷിപ്രസാധ്യമല്ല എന്നു നമുക്ക് ബോധ്യപ്പെടുക.

റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണമായി ഇരുവരും നടത്തിയ ചർച്ച

എസ്.ശാരക്കുട്ടി:ക്രോഡീകരിച്ചവയിൽ നിന്ന് സ്വന്തം അഭിപ്രായമെന്ന നിലയിൽ അദ്ദേഹമെത്തിയ നിഗമനങ്ങൾ അവയെ അംഗീകരിക്കുന്നതായാണ് കാണുന്നത്. ഒരിടത്തും അതൊന്നും നിഷേധിക്കുന്നില്ല. ഫലിതരസം കുറവാണെന്നതിൽ അദ്ദേഹത്തിനു യാതൊരു സംശയവുമില്ല. അവസാന ഖണ്ഡിക മറ്റൊരു ജർമ്മൻ മനഃശാസ്ത്രജ്ഞയുടെ വരികൾ ചേർത്തുള്ള ഒരു സമാധാനിപ്പിക്കലാണ്. ‘ഫലിതരസമില്ലല്ലോ എന്നു ഖേദിക്കണ്ട' നിങ്ങൾക്കു വേണ്ടി ഒരു 'മഹിളാമണിയുടെ വാദം ' ഇതാണ് എന്നാണ് ലേഖനം അവസാനിക്കുന്നത്. കേസരിയെ സ്ത്രീ വിരുദ്ധനാക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. തന്റെ അഭിപ്രായങ്ങൾക്കിണങ്ങുന്ന മനഃശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് തനിക്കു പറയാനുള്ളത് ഭംഗിയായി പറഞ്ഞു വെച്ചു. അതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിയോജിപ്പുകളോട് ബഹുമാനമേയുള്ളൂ. പക്ഷേ, കേസരി തനിച്ചു നിന്നു പറഞ്ഞില്ല എന്നതുകൊണ്ട് അത് കേസരിയുടെ അഭിപ്രായമല്ലാതാകുന്നില്ല. ലേഖനത്തിലെ അവസാനത്തിനു മുന്നിലെ ഖണ്ഡികയിൽ അത് വ്യക്തമാണ്.

റഫീഖ് ഇബ്രാഹിം:1. കേസരിയുടെ അഭിപ്രായങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം എന്ന് സബ്ടൈറ്റിലിട്ട് പത്ത് ബുള്ളറ്റ് പോയിന്റായി ടീച്ചറെഴുതിയവ കേസരിയുടേതല്ല എന്നും വിവിധ മനഃശാസ്ത്രജ്ഞരുടെ വാദങ്ങൾ സംക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള പ്രാഥമിക തിരുത്തിന് തയ്യാറാവണമെന്നാണ് പറയാനുള്ളത്. കുറഞ്ഞപക്ഷം അങ്ങനെ പറഞ്ഞാണ് അവ ലേഖനത്തിൽ അവതരിപ്പിക്കപ്പെടുന്നതെന്നെങ്കിലും പറയാൻ ടീച്ചർ തയ്യാറാവുക. അല്ലാത്തിടത്തോളം അത് നുണയാണ്.

സ്ത്രീകൾക്ക് ഫലിതരസം കുറവാണ് എന്നു കേസരി പറയുന്നുണ്ട് എന്ന് ഈ പോസ്റ്റിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. പക്ഷേ ടീച്ചർ പോയിന്റായെഴുതിയവ കേസരിയുടെ നേരിട്ടുള്ള അഭിപ്രായമല്ല എന്നാണ് ചൂണ്ടിക്കാട്ടിയത്. ഒരു ലേഖനമെഴുതാൻ ഞാൻ മാർക്സിന്റെ ആശയങ്ങളെടുത്താൽ അതെന്റെ അഭിപ്രായമല്ല, മാർക്സിന്റെ അഭിപ്രായമാണ്. ഞാനത് സംക്ഷേപിക്കുകയാണ് ചെയ്യുന്നത്.

കേസരിയെന്നല്ല ആരും ദൈവമൊന്നുമല്ല, ചരിത്രബാഹ്യമായി ആശയങ്ങൾ രൂപീകരിക്കാൻ. ഒരു ക്വസ്റ്റനെ മുൻനിർത്തി ലേഖനം/ പ്രബന്ധമെഴുതുമ്പോൾ ആ വിഷയത്തിൽ അന്ന് ലഭ്യമായ ആശയങ്ങളെ പ്രാഥമിക റിസോഴ്സായി സ്വീകരിച്ച് അതിൽ നിന്ന് നിഗമനത്തിലെത്തുകയാണ് ക്വാളിറ്റേറ്റീവ് അനാലിസിസിന്റെ മെതഡോളജി. കേസരി നീങ്ങുന്നതും അങ്ങനെ തന്നെയാണ്. പ്രശ്നം, അത്തരം ഒരു അനാലിസിസിൽ സെൽഫ് റിഫ്ലക്സിവിറ്റി പാലിക്കുന്നുണ്ടോ എന്നതാണ്. താൻ സ്വീകരിച്ച സമീക്ഷയ്ക്കു പുറത്ത് /അതിനു വിരുദ്ധമായ ജ്ഞാനം കൂടി നിലനിൽക്കുന്നുണ്ടോ എന്നു കണ്ടറിഞ്ഞ് അതിനെക്കൂടി അക്കമഡേറ്റ് ചെയ്യലാണ് സെൽഫ് റിഫ്ലെക്സിവിറ്റി. അങ്ങനെയോ ബൗദ്ധികസത്യസന്ധത പുലർത്താൻ പറ്റൂ. ചരിത്രത്തിനു പുറത്ത് പോകാൻ ദൈവങ്ങൾക്കൊക്കയേ പറ്റലുണ്ടാവുള്ളൂ.

4.താൻ പറയാൻ ശ്രമിക്കുന്നതിൽ നിന്ന് ഭിന്നമായ മറ്റൊരു ധാരണ രൂപപ്പെട്ടിട്ടുണ്ട് എന്നാണ് അവസാന പാരഗ്രാഫ് അസന്ദിഗ്ധമായി പറയുന്നത്. അത് ഫലിതവും പെണ്ണുങ്ങളെ സമാധാനിപ്പിക്കലുമൊന്നുമല്ല. മഹിളാമണി എന്നതിന് ഇന്നത്തെ പരിഹാസ്യോദ്യോത്മകമായ അർത്ഥഛായയൊന്നും 1940 കളിലില്ല, വേണമെങ്കിൽ ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് നോക്കാം.

ആ ലേഖനത്തിന്റെ മുഴുവൻ രാഷ്ട്രീയവും നിൽക്കുന്നത് "സാമുദായികാധികാരവിഭജനവാദം' എന്ന കേസരി കോയിൻ ചെയ്ത മലയാള പദസംഘാതത്തിലാണ്.അത്ര ശക്തമായൊരു നവസംജ്ഞ സമാധാനത്തിനുണ്ടാക്കിയാതൊന്നൊക്കെ സമാധാനപ്പെടൽ തമാശയാണ്. അതിനുമുമ്പൊരിക്കലും അത്ര ശക്തമായി മലയാളത്തിൽ ജെൻഡർ ഇഷ്യുവിന്റെ സിസ്റ്റമിക് വയലൻസ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കേസരിയെ സ്ത്രീ വാദിയാക്കുക എന്റെയും ലക്ഷ്യമല്ല. തുടക്കത്തിൽ പറഞ്ഞതു പോലെ ജീവിച്ച കാലത്തിന്റെ വൈരുധ്യം കേസരിയിലുണ്ടാവും, ഇ.എം.എസിലുമുണ്ടാവും, നാരായണഗുരുവിലുമുണ്ടാവും. വിപ്ലവകരമായി ജീവിച്ച, ഇന്നു കാണുന്ന സാംസ്കാരിക-രാഷ്ട്രീയ തെളിച്ചം രൂപവത്കരിക്കുന്നതിൽ പങ്കു വഹിച്ച കലാപജീവിതങ്ങളെ ചരിത്ര ബാഹ്യമായി അടർത്തിയെടുത്ത് വിധിക്കുന്നതിലേ അഭിപ്രായവ്യത്യാസമുള്ളൂ. ഇത്തരം ചെറിപിക്കിംഗ് രീതിശാസ്ത്രത്തിന് നാം കൊടുക്കേണ്ട വില ചെറുതായിരിക്കില്ല എന്ന രാഷ്ട്രീയ ഭയം കൊണ്ടാണത്.

ഒരിക്കൽ കൂടി, സംക്ഷേപിച്ചവതരിപ്പിക്കുന്നു എന്ന് വ്യക്തമായി പറയുന്ന ആശയങ്ങൾ ലേഖകന്റെ അഭിപ്രായമാക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അത് തിരുത്താത്തിടത്തോളം ടീച്ചറോട് വിയോജിക്കയല്ലാതെ നിവൃത്തിയില്ല.

നന്ദി, ഇനിയാണ് യഥാർത്ഥ പോയിന്റ് വരുന്നത്. അക്കാലത്ത് നിലവിലുള്ള മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക ധാരണകളെ മുൻനിർത്തിയാണ് കേസരി അത്തരമൊരു നിഗമനത്തിലെത്തുന്നത്. അപ്പോൾ പ്രശ്നം കേസരിയുടേതല്ല, മനഃശാസ്ത്രം എന്ന വ്യവഹാരത്തിന്റേതാണ്. അഥവാ ആ ഡിസിപ്ലിൻ 1940 കളിൽ നിലനിന്നിരുന്ന പാരഡൈമിന്റേതാണ്. കേസരിയുടെ വ്യക്തിപരമായ പ്രശ്നമല്ല അത് മറിച്ച്​, ആ വിഷയമേഖലയുടെ അന്നത്തെ നിലയുടേതാണ്.

കേസരിയുടെ വ്യക്തിപരമായ പ്രശ്നമാണത് എന്നു നമുക്ക് നിഗമനത്തിലെത്തണമെങ്കിൽ സ്ത്രീ പ്രശ്നത്തിൽ പൊതുവെ അദ്ദേഹം സ്വീകരിച്ച നിലപാടെന്താണ് എന്നന്വേഷിച്ചാലേ പറ്റൂ. കുടുംബ, സദാചാര സങ്കല്പങ്ങളിൽ കേസരിയുടെ നിലപാട് ഞാനാവർത്തിക്കാതെ തന്നെ ടീച്ചർക്കറിയാൻ പറ്റും. കേസരി എ.ബാലകൃഷ്ണപിള്ള എന്ന വ്യക്തിയെ കുറ്റക്കാരനാക്കാതെ വ്യവഹാരത്തിന്റെ അധികാരത്തെ ചൂണ്ടിക്കാണിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ജാതിക്കുമ്മിയുടെ ശതാബ്ദിപ്പതിപ്പിന് മഹാകവി എം.പി.അപ്പൻ എഴുതിയ അവതാരികയാണ് ക്ലാസിക് ഉദാഹരണം. സ്വദേശാഭിമാനിയുടെ ജാതി പരാമർശത്തെ വിമർശനാത്മകമായി ചൂണ്ടിക്കാട്ടി അദ്ദേഹം വ്യവഹാരത്തിലേക്കു നീങ്ങുന്നുണ്ട്. അതൊരു പൊളിറ്റിക്കൽ കൺസേണാണ്, സ്വദേശാഭിമാനിയെ വിട്ടുകൊടുത്തു കൂടാ എന്ന രാഷ്ട്രീയ താത്പര്യം. നമുക്കാ താൽപര്യം കൂടുതലായി നഷ്ടപ്പെടുന്നു. വക്കും മുറിയുമെടുത്ത് ഇ.എം.എസ്, ആശാൻ, അബ്ദുറഹ്മാൻ സാഹിബ്, ഇപ്പോ ദാ കേസരിയും എല്ലാരെയും പുറത്താക്കുകയാണ്. ഇതാണ് അടിസ്ഥാന പ്രശ്നം. വിപ്ലവകരമായി ജീവിച്ചവരെ ചരിത്രബാഹ്യമായി വിധിക്കരുത്. വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് മുന്നോട്ടു പോകാനാവണം. വ്യക്തികളെ പുറത്താക്കാനാവരുത്.

ഈ ആനുകൂല്യം സവർക്കറിനും കൊടുത്തൂടേ എന്ന സംശയത്തിന് മിഷേൽ ഫൂക്കോ പണ്ടേക്കു പണ്ടേ വ്യക്തത വരുത്തിയിട്ടുണ്ട്. It is not what one does, but what one does does that. വ്യക്തിയല്ല, അവരുടെ ചെയ്തിയുമല്ല, ചെയ്തിയുടെ ചെയ്തിയാണ് പ്രശ്നം. ഈ മൂന്നാമത്തെ തലമാണ് ശ്രദ്ധിക്കേണ്ടത്. മറ്റു രണ്ടും ചരിത്രസമ്മർദ്ദങ്ങൾക്കുള്ളിലാണ്. ഇത്രയുമാണ് എന്റെ പൊസിഷൻ

പ്രതികരിച്ചതിന് ടീച്ചർക്കു നന്ദി. എവിടെയെങ്കിലും എന്റെ ഭാഷ അമാന്യമായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

സ്നേഹപൂർവ്വം

എസ്.ശാരദക്കുട്ടി:റഫീക്, ക്ഷമയൊന്നും ചോദിക്കേണ്ട കാര്യമില്ലല്ലോ, ഭാഷ ഇതിനൊക്കെത്തന്നെയുള്ളതല്ലേ ? പിന്നെ ഞാനാണ് നന്ദി പറയേണ്ടത്. കൂടെയുണ്ടാവുക എപ്പോഴും. കേസരി കണ്ടെത്തിയവ ഇങ്ങനെ ക്രോഡീകരിക്കുന്നു എന്നു തിരുത്തുന്നു. നന്ദിയുണ്ട്. അത്രക്കൊന്നും ജസ്റ്റി ഫൈ ചെയ്യാൻ ഞാനില്ല. ക്ഷമിക്കണം.

Comments