വ്യത്യസ്തതയ്ക്കും ആനന്ദങ്ങള്‍ക്കും അര്‍ഹതയും അവകാശവുമുള്ള മനുഷ്യരെ ഭരണകൂടം ഒറ്റയടിക്കു റദ്ദുചെയ്തു കളയുന്ന വര്‍ത്തമാനകാല പരിസരത്ത്, 1890ല്‍ സര്‍ചക്രവര്‍ത്തിമാരുടെ ഭരണകൂട ഭീകരതക്കെതിരെ എഴുതപ്പെട്ട മാക്സിം ഗോര്‍ക്കിയുടെ '26 ആണുങ്ങളും ഒരു പെണ്‍കുട്ടിയും' എന്ന കഥ അര്‍ത്ഥങ്ങളുടെ എത്രയെത്ര അടരുകളാണ് തുറന്നു തരുന്നത്. എക്കാലത്തെയും മികച്ച എഴുത്തുകാര്‍, അവരെ വായിക്കുന്ന ഹൃദയങ്ങളോട് ചെയ്യുന്ന വലിയ ചില ഉടമ്പടികളുണ്ട് എന്ന് വിശദീകരിച്ചുകൊണ്ട് കഥയുടെ അനുഭവത്തെ സ്വന്തം വ്യക്തിത്വത്തിലേക്ക് ചേര്‍ത്തുനിര്‍ത്തി വേറിട്ട ഒരു വായന
ഇരുണ്ട് കല്‍പ്പെട്ടി പോലെയുള്ളതും താഴ്ന്ന മേല്‍ക്കൂരയുള്ളതും വൃത്തിയില്ലാത്തതുമായ വാസസ്ഥലം. അതിനുള്ളില്‍ ചുട്ടുപഴുത്ത ഓവന്‍ പോലെ പണിമേശ. അതിനിരുവശത്തുമായി യന്ത്രങ്ങള്‍ നിരത്തിയാലെന്ന പോലെ മുഖാമുഖം നോക്കിയിരിക്കുന്ന 26 ആണ്‍തൊഴിലാളികള്‍. ഒഴിവാക്കപ്പെടുന്ന ദുര്‍ബലരായ മനുഷ്യരെ എവിടെക്കണ്ടാലും മാക്സിം ഗോര്‍ക്കിയുടെ ഈ കഥ എന്റെ കണ്‍മുന്നില്‍ ചലച്ചിത്രം പോലെ തെളിയും. പണിശാലയില്‍ ബിസ്‌കറ്റുണ്ടാക്കുന്ന തടവുപുള്ളികളാണവര്‍. അവിടേക്കാണ് പ്രഭാത സൂര്യരശ്മിയെന്ന് തോന്നിപ്പിച്ച് താനിയ എന്ന പതിനാറുകാരി ദിവസവും ചെന്നുകയറുന്നത്.
വായിക്കുന്ന കഥകളിലെല്ലാം സ്വന്തം സാഹചര്യങ്ങളെ കണ്ടെത്തി അവയെ ദൃശ്യങ്ങളാക്കി കോര്‍ത്തുകോര്‍ത്തെടുത്ത് ചലച്ചിത്രത്തിലെന്നതുപോലെ അനുഭവിച്ചറിയുമായിരുന്ന കൗമാരകാലത്താണ് ഞാന്‍ താനിയയെന്ന പതിനാറുകാരിയെ പരിചയപ്പെടുന്നത്. സര്‍ ഭരണകാലത്ത്, റഷ്യയിലെ തൊഴിലാളി ക്യാമ്പുകളുടെ ഭീതിദമായ ഇരുട്ടറകളില്‍ പ്രഭാതകാന്തി പ്രസരിപ്പിച്ച പെണ്‍കുട്ടി. തൊഴിലാളിവര്‍ഗത്തിന്റെ അന്നത്തെ മടുപ്പേറിയ, ആവര്‍ത്തന വിരസമായ ജീവിതമാണ് '26 ആണുങ്ങളും ഒരു പെണ്‍കുട്ടിയും' (Twenty-six Men and a Girl) എന്ന കഥയുടെ ഇതിവൃത്തം. മുതലാളിയെയും അയാളെ നിലനിര്‍ത്തുന്ന സാമ്പത്തിക വ്യവസ്ഥയെയും പരിരക്ഷിക്കുവാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യര്‍. തൊഴിലാളി യൂണിയനുകളോ സേവന വേതന വ്യവസ്ഥകളോ വിനോദങ്ങളോ വിശ്രമമോ ഇല്ല. ചൂഷണം മാത്രം.
ഈ കഥ ഞാന്‍ വായിക്കുന്ന കൗമാരകാലത്ത് കോട്ടയത്ത് തമിഴരും റെഢ്യാര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ് അയല്‍നാട്ടുതൊഴിലാളികളായി ആകെ ഉണ്ടായിരുന്നത്. ശീമാട്ടിയിലും അയ്യപ്പാസിലും പാര്‍ഥാസിലുമൊക്കെ തൊഴിലിന് വ്യവസായികള്‍ കൊണ്ടുവന്ന് വാടകവീടെടുത്തു കൊടുത്ത് അവരെ കൂട്ടത്തോടെ പാര്‍പ്പിച്ചിരുന്നു.
അവിവാഹിതരായ ചെറുപ്പക്കാരുടെ ഇത്തരം വാടകവീടുകള്‍ ഞങ്ങളുടെ വീടിനടുത്ത് ധാരാളമുണ്ടായിരുന്നു. 'പാണ്ടികള്‍ താമസിക്കുന്ന വീട്' എന്നാണ് അവ അറിയപ്പെട്ടത്. ആ വീടിന്റെ മുന്നിലൂടെയാണ് ഞാന്‍ ദിവസവും തിരുനക്കര അമ്പലത്തിലേക്ക് പോയിരുന്നത്. നാടുകണ്ട്, കാഴ്ചകള്‍ കണ്ട്, ചിരിച്ച്, ഇളകി, ഒഴുകി പറക്കാന്‍ അനുവാദമുള്ള പരിമിതമായ ദൂരപരിധിക്കുള്ളിലെ യാത്രകളായിരുന്നു അതെല്ലാം.
വഴിയില്‍ ഈ വീട്ടിനു മുന്നിലെത്തുമ്പോള്‍ 'പാണ്ടികള്‍' എന്നെയും ഞാനവരെയും ശ്രദ്ധിക്കുകയും അതില്‍ ഞാന്‍ സ്വകാര്യമായ ഒരാനന്ദം അനുഭവിക്കുകയും ചെയ്തിരുന്നു. ആ ചെറിയ വീട്ടില്‍ അവര്‍ ജീവിക്കുന്ന ജീവിതം ഞാന്‍ സങ്കല്‍പ്പിച്ചിരുന്നത് മാക്‌സിം ഗോര്‍ക്കിയുടെ ഭാഷയിലും ഭാവനയിലുമാണ്.
ഗോര്‍ക്കിയുടെ കഥയില്‍ കണ്ട അത്രയും തന്നെ ഇരുണ്ടതായിരിക്കുമോ അവരുടെ മുറികള്‍? തൊഴിലെടുത്തു തളരുമ്പോള്‍ അവര്‍ക്കും വിനോദോപാധികളൊന്നുമുണ്ടായിരിക്കില്ലല്ലോ. കഥയിലേതു പോലെ മാറാല തൂങ്ങി കറുത്തതും പുക പിടിച്ചതുമായിരിക്കുമോ അവരുടെ ചുവരുകള്‍? അവിടെ ചുട്ടുപഴുത്ത ഓവനിരുവശത്തുമെന്നതു പോലെ ഈ മനുഷ്യയന്ത്രങ്ങള്‍ പരസ്പരം നോക്കി ഇരിക്കുന്നുണ്ടാകുമോ? ഭൂതകാലത്തെ മുറിവുകളെ വീണ്ടും കുത്തിയെടുത്ത് വ്രണപ്പെടുത്തുന്ന പാട്ടുകളാകുമോ രാത്രികളില്‍ അവര്‍ പാടുന്നുണ്ടാവുക? പെണ്ണുങ്ങളുടെ പ്രസരിപ്പും ചിരിയും തിളക്കങ്ങളുമില്ലാത്ത ആണ്‍മുറികള്‍.
തീര്‍ച്ചയായും അവരുടെ അവസ്ഥകള്‍ ഗോര്‍ക്കിയുടെ കഥയിലേതുപോലെ അത്രക്ക് മോശമായിരിക്കാനിടയില്ലെന്നറിയാമെങ്കിലും റഷ്യയിലെ ബിസ്‌കറ്റു നിര്‍മ്മാണശാലയെ എന്റെ ഭാവനാപരിസരത്തേക്കു ഞാന്‍ കൊണ്ടുവന്നത് ഈ വീട്ടിലൂടെയാണ്.
അവിടേക്കാണ്, മറ്റു തൊഴിലിടങ്ങളിലേക്കുള്ള ബിസ്‌കറ്റു വാങ്ങാന്‍ ദിവസവും താനിയ കടന്നു ചെല്ലുന്നതായി ഞാന്‍ സങ്കല്‍പിക്കുന്നത്.
സാധാരണ ആണുങ്ങള്‍ പെണ്ണുങ്ങളെക്കുറിച്ചു പറയുന്ന മാതിരി കഥകളൊന്നും അവര്‍ താനിയയെക്കുറിച്ചു പറയില്ല. കാരണം അവര്‍ക്ക് അവളോട് ആരാധനയുണ്ടായിരുന്നു. കഥയിലെ ആഖ്യാതാവു പറയുന്നുണ്ടല്ലോ, ആരെയെങ്കിലും ആരാധിച്ചുകൊണ്ടല്ലാതെ നമുക്ക് ജീവിതം സാധ്യമല്ല എന്ന്. ഈ ലോകത്ത് താനിയ മാത്രമാണ് അവരെ മനുഷ്യകുലത്തില്‍പെട്ടവരെന്ന പരിഗണനയോടെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നത്.
തുണിക്കടയിലെ തൊഴിലാളികള്‍ എന്റെ ഭാവനയില്‍ അങ്ങനെ ഗോര്‍ക്കിയുടെ കഥയിലെ തടവുപുള്ളികളായി. അവരെന്നെ ആരാധനയോടെയാണ് കാണുന്നതെന്ന ഭാവത്തില്‍ താനിയയെ പോലെ ഞാനവരെ എനിക്കാവുന്നത്ര മനോഹരമായി നോക്കി. തൊഴിലാളികളായ ആ ചെറുപ്പക്കാരെ അന്ന് വര്‍ധിച്ച സ്നേഹത്തോടെ നോക്കുവാന്‍ എനിക്കു പരിശീലനം കിട്ടിയതില്‍ മാക്സിം ഗോര്‍ക്കിയുടെ കാരുണ്യത്തിന് വലിയ പങ്കുണ്ട്. എക്കാലത്തെയും മികച്ച എഴുത്തുകാര്‍, അവരെ വായിക്കുന്ന ഹൃദയങ്ങളോട് ചെയ്യുന്ന വലിയ ചില ഉടമ്പടികളുണ്ട്.
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഈ തൊഴിലാളികള്‍ താമസിക്കുന്നതിന്റെ എതിര്‍വശത്തെ വീട്ടിലെ വിധവയായ ബ്രാഹ്മണ സ്ത്രീക്ക് ഉയരവും സൗന്ദര്യവുമുള്ള മൂന്ന് ആണ്‍മക്കളുണ്ടായിരുന്നു. ധനികരായ ഇവര്‍ക്ക് ജോലിയൊന്നുമുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. എന്നാല്‍ എല്ലാ പെണ്‍കുട്ടികളെയും തങ്ങളുടെ അവകാശം പോലെ ആകര്‍ഷണീയമായി നോക്കുവാനുള്ള കഴിവുണ്ടായിരുന്നു. അമ്പലത്തില്‍ പോകുമ്പോള്‍ എനിക്കിവരെയും കാണാമായിരുന്നു. ഞാനവരെയും അവരെന്നെയും നോക്കുന്നുണ്ടായിരുന്നു. എന്നെക്കുറിച്ചവരെന്തായിരിക്കും ചിന്തിക്കുക എന്ന പതിവു പെണ്‍ചിന്തയൊന്നും ഒരിക്കല്‍ പോലും ആ നോട്ടത്തില്‍ നിന്നെന്നെ തടഞ്ഞിരുന്നില്ല.
മാക്സിം ഗോര്‍ക്കിയുടെ കഥയിലെ തൊഴില്‍ശാലയില്‍ വെളുത്ത റൊട്ടിയുണ്ടാക്കുന്നവരെ ഞാന്‍ കണ്ടത് ആ വെളുത്ത ചെറുപ്പക്കാരുടെ ഛായയിലായിരുന്നു. ഇങ്ങനെ രണ്ടുതരം ജീവിതം ജീവിക്കുന്ന ആണുങ്ങളുടെ ഇടയിലൂടെ, കഥയിലെ ബിസ്‌കറ്റ് നിര്‍മാണ മുറിയിലെന്നതുപോലെ ഞാന്‍ നടന്നു. ഒരു കൂട്ടര്‍ വൃത്തിയുള്ള വസ്ത്രവും ഭക്ഷണവും അനുഭവിച്ചിരുന്നവര്‍. വെളുത്ത റൊട്ടിയുണ്ടാക്കുന്നവര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളോ സ്വാതന്ത്ര്യമോ മാനുഷിക പരിഗണനകളോ ഒന്നും തടവുപുള്ളികള്‍ക്കു കിട്ടിയിരുന്നില്ല.
എല്ലാ പെണ്‍കുട്ടികളെയും നോക്കാനുള്ള അവകാശം പോലും അവര്‍ക്കെന്നതുപോലെ തങ്ങള്‍ക്കില്ലെന്നാണ് തടവുപുള്ളികള്‍ വിശ്വസിച്ചിരുന്നത്.
വ്യക്തിത്വമില്ലാത്തവരും മൃഗങ്ങളില്‍ നിന്നോ വസ്തുക്കളില്‍ നിന്നോ വ്യത്യസ്തരല്ലാത്തവരും നല്ല വസ്ത്രമോ കിടക്കാന്‍ നല്ല മുറിയോ ഇല്ലാത്തവരുമായ അവര്‍ കള്ളന്മാരും കൊള്ളരുതാത്തവരുമായതിനാല്‍ അവരെ സൂക്ഷിക്കണമെന്നതാണ് ഇത്തരക്കാരെ കുറിച്ചു പ്രചാരത്തിലുള്ള മിത്തുകള്‍.
അവര്‍ക്ക് രൂപഭംഗിയില്ലാത്തതു കൊണ്ട് പെണ്‍കുട്ടികള്‍ അവരെ തിരിഞ്ഞു നോക്കുകയുമില്ലെന്ന് ബിസ്‌കറ്റ് കമ്പനിയിലെ പൊങ്ങച്ചക്കാരനായ സൈനികോദ്യോഗസ്ഥന്‍ വീമ്പിളക്കുമായിരുന്നു. തന്റേടിയായ താനിയയെ പോലും ഒരു കണ്ണിറുക്കലില്‍ തനിക്ക് കീഴ്പ്പെടുത്താനാകുമെന്നയാള്‍ പറഞ്ഞത് തൊഴിലാളികളെ അസ്വസ്ഥരാക്കുന്നുണ്ട്. താനിയ അവര്‍ക്കു പ്രിയപ്പെട്ട പെണ്‍കുട്ടിയാണ്.
കോളനിവത്കരണം എങ്ങനെയാണ് അധിനിവേശകനെയും അധിനിവേശിതനെയും സൃഷ്ടിക്കുന്നത് എന്ന് ആല്‍ബര്‍ട്ട് മെമി എഴുതിയിട്ടുണ്ടല്ലോ. രണ്ടു കൂട്ടരെയും അത് ഒരേപോലെ അപമാനവീകരിക്കുന്നു, നശിപ്പിക്കുന്നു. യന്ത്രങ്ങളാക്കി മാറ്റുന്നു. താനിയയുടെ സാന്നിധ്യവും പ്രസരിപ്പും ഈ തൊഴിലാളികളില്‍ ഊര്‍ജ്ജം നിറച്ചതോടെ അവര്‍ സ്വയം മറന്ന് അധികവേല ചെയ്യുന്നത് പതിവായി എന്ന് കഥയില്‍ സൂചനയുണ്ട്.
താനിയയും തൊഴിലാളികളും ഒരേപോലെ മുതലാളിക്കു ലാഭമുണ്ടാക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. താനിയയുടെ സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് മുതലാളിയുടെ ആവശ്യമായിരുന്നു. മികച്ച ബിസ്‌കറ്റ് താനിയക്കു വേണ്ടി പാകം ചെയ്യപ്പെട്ടു. തൊഴിലാളികളുണ്ടാക്കുന്ന ബിസ്‌കറ്റ് വാങ്ങാന്‍ വേണ്ടി മാത്രമായിരുന്നു അവള്‍ അവിടെ ചെന്നിരുന്നത്. അല്ലെങ്കില്‍ പിന്നെ പാകമല്ലാത്ത കുപ്പായം ഒന്നു പാകപ്പെടുത്തിത്തരുമോ എന്നു ചോദിച്ചവനോട് അവള്‍ പുച്ഛത്തില്‍ മുഖം തിരിക്കണമായിരുന്നോ? അര്‍ഹതയില്ലാത്തവരെടുത്ത അനാവശ്യ സ്വാതന്ത്ര്യമായാണ് അവള്‍ അവരുടെ ചെറിയ ആവശ്യത്തെ കണ്ടതും. തൊഴിലാളികള്‍ക്ക് മികച്ച രീതിയില്‍ പണിയെടുക്കുവാനുള്ള പ്രലോഭനം മാത്രമായിരുന്നു താനിയ എന്നു സംശയം തോന്നുന്ന ആ വായനാനേരങ്ങള്‍ വലിയ അസ്വസ്ഥതയാണുണ്ടാക്കിയത്.
'26 ആണുങ്ങളും ഒരു പെണ്‍കുട്ടിയും' എന്ന പുസ്തകത്തിന്റെ കവര്‍
വ്യത്യസ്തതക്കും സന്തോഷത്തിനും വേണ്ടി വല്ലാതെ ആഗ്രഹിക്കുന്ന ആ മനുഷ്യര്‍ക്ക് നേരംപോക്കുണ്ടാക്കി കൊടുക്കുന്നുണ്ട് കഥയില്‍ പാവേല്‍ എന്ന കഥാപാത്രം. പട്ടാളക്കാരനുമായി താനിയയെച്ചൊല്ലി പന്തയം വച്ചു കൊണ്ടായിരുന്നു അത്. രണ്ടാഴ്ചക്കുള്ളില്‍ താന്‍ താനിയയെ വളച്ചിരിക്കുമെന്നാണ് പട്ടാളക്കാരന്റെ വെല്ലുവിളി.
മുതലാളി നല്‍കിയ അധികപ്പണിയും ജോലിഭാരവും മറന്ന് ഈ ആണുങ്ങള്‍ താനിയയെ പിന്തുടര്‍ന്നു. ആര്‍ക്കും വഴങ്ങാത്ത താനിയയെ താന്‍ വശത്താക്കുമെന്ന പട്ടാളക്കാരന്റെ വാദം തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴില്‍ നല്‍കുകയാണ്. ഒളിഞ്ഞുനോട്ടമെന്ന തൊഴില്‍. എന്തു സംഭവിക്കും? അവള്‍ വഴങ്ങുമോ? സമയം ചെല്ലുന്തോറും അവരുടെ ആകാംക്ഷയേറുന്നു. പകല്‍ മുഴുവന്‍ അവര്‍ ചിന്തിക്കുകയും യുക്തിപൂര്‍വമായ സംവാദങ്ങളിലേര്‍പ്പെടുകയും മുന്‍പത്തേക്കാള്‍ മനോഹരമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
പിശാചുമായി വിചിത്രമായ കളിയിലേര്‍പ്പെട്ടതായി അവര്‍ക്കു തോന്നുകയും വിരസത മറന്നു പോവുകയും ചെയ്തു. പക്ഷേ താനിയ തങ്ങളോടെന്ന പോലെ ചുണക്കുട്ടിയായാണ് പട്ടാളക്കാരനുമായി ഇടപെടുന്നതെന്നു കണ്ട തൊഴിലാളികള്‍ നിരാശയിലാഴുന്നു. തന്നെ ഒളിഞ്ഞു നോക്കുന്ന തൊഴിലാളികളെക്കണ്ടു കുപിതയായ താനിയ പുച്ഛവും വെറുപ്പും ഒളിച്ചു വെക്കുന്നില്ല. 'പ്രാകൃതര്‍, ദുരിതം പിടിച്ച തടവുപുള്ളികള്‍' എന്ന് ശപിച്ച് ഇറങ്ങിപ്പോവുകയാണ്. പിന്നീടവള്‍ ബിസ്‌കറ്റ് വാങ്ങാന്‍ ചെന്നിട്ടുമില്ല.
വ്യത്യസ്തതയ്ക്കും ആനന്ദങ്ങള്‍ക്കും അര്‍ഹതയും അവകാശവുമുള്ള മനുഷ്യരെ ഭരണകൂടം ഒറ്റയടിക്കു റദ്ദുചെയ്തു കളയുന്ന വര്‍ത്തമാനകാല പരിസരത്ത്, 1890ല്‍ സര്‍ചക്രവര്‍ത്തിമാരുടെ ഭരണകൂട ഭീകരതക്കെതിരെ എഴുതപ്പെട്ട ഈ കഥ അര്‍ത്ഥങ്ങളുടെ എത്രയെത്ര അടരുകളാണ് തുറന്നു തരുന്നത്.
മടുപ്പിക്കുന്ന ജീവിത സാഹചര്യങ്ങളില്‍, വൈകാരിക മുരടിപ്പുകളും അരക്ഷിതത്വവും മനുഷ്യരെ എന്തെന്തുതരം അരാജകത്വങ്ങളിലേക്ക് ചെന്നെത്തിക്കില്ല? ഭരണകൂടം കൂടി ഉത്തരവാദിയായതിനാല്‍ തെരുവു ജീവിതങ്ങള്‍ എത്തിപ്പെടുന്ന ദുരവസ്ഥകള്‍ക്കെല്ലാം ഒരര്‍ത്ഥത്തില്‍ നീതീകരണമുണ്ട്. അവര്‍ ചെയ്യുന്ന കൊടുംപാതകങ്ങളുടെ പാതിശിക്ഷ ഭരണകൂടത്തിനും അവരെ കുറ്റവാളികളാക്കി മാറ്റുന്ന സമൂഹത്തിനും അവകാശപ്പെട്ടതാണ്.
സൗന്ദര്യ ശാസ്ത്രപരമായി സെക്ഷ്വല്‍ സൈക്കോളജിയെ സമീപിക്കുന്ന കഥയായാണ് പത്തുകൊല്ലം മുന്‍പ് ഈകഥ വായിച്ചതെങ്കില്‍ പൗരത്വം നിഷേധിക്കപ്പെടുന്നവരും പിറന്ന നാട്ടില്‍ അധമ ജീവിതം ജീവിക്കേണ്ടി വരുന്നവരുമായ എത്രയോ നിസ്വജീവിതങ്ങളെയാണ് ഇന്ന് ഈ കഥ ഓര്‍മ്മിപ്പിക്കുന്നത്.
പ്രത്യാശ നഷ്ടപ്പെട്ട പൗരസമൂഹം കൂടുതല്‍ സന്ദേഹങ്ങളിലേക്ക് ആഴുമോ? അതോ നിലനില്‍പ്പിനും അതിജീവനത്തിനുമായി നവീനവും ശക്തവുമായ മറ്റ് ആശയത്തിലേക്കു നീങ്ങുമോ? കഥ ഉത്തരമൊന്നും തരുന്നില്ല. മാനുഷികാവസ്ഥകളിലെ ചേരിതിരിവുകളെയും അധികാര സമവാക്യങ്ങളെയും ശക്തമായി ഓര്‍മിപ്പിക്കുകയും ചോദ്യം ചെയ്യുകയുമാണ്. ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കഥ ആത്യന്തിക സത്യത്തോടും ജീവിതത്തോടും ചേര്‍ന്ന് നിന്ന് അഭയമേകുന്നു. സാമൂഹികാവസ്ഥകളെ ഭയന്ന് നേര്‍ക്കുനേര്‍ പറയാനാകാതെ പോകുന്ന സത്യങ്ങളെ കഥ നിര്‍ഭയമായും നിശിതമായും വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഉത്സവക്കാലത്ത് തിരുനക്കര ക്ഷേത്രപരിസരത്ത് വെച്ച് അന്നത്തെ വസ്ത്ര സ്ഥാപനത്തിലെ തൊഴിലാളികളിലൊരാളെ കുടുംബസമേതം കണ്ടു. അയാള്‍ ഭാര്യയെയും മക്കളെയും സന്തോഷത്തോടെ പരിചയപ്പെടുത്തി. അന്നത്തെ "പാണ്ടി'കളിപ്പോള്‍ നല്ല മലയാളം പറയുന്ന ശരിക്കുള്ള മലയാളികളാണ്.
നല്ല വായനാനുഭവം സമ്മാനിച്ച ടീച്ചർക്ക് നന്ദി. കഥയോ കഥാപാത്രങ്ങളോ പരിചിതമെന്നു തോന്നുന്ന കഥാസന്ദര്ഭങ്ങളോ ആണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്. ഗോർക്കിയുടെ ഈ കഥ ഞാൻ വായിച്ചിട്ടില്ലെങ്കിലും ടീച്ചറുടെ വായന ഹൃദ്യമായി. ഈ വായന എന്നെ ഓർമിപ്പിച്ചത് എന്റെ കോളേജ് കാലത്തെയാണ്. ചില ആൺ - പെൺ നോട്ടങ്ങളുടെ അർത്ഥങ്ങളെ പറ്റി ഞാൻ ചിന്തിച്ചുപോയി. അതിനെ male - female gaze എന്ന രീതിയിൽ വ്യാഖ്യാനിക്കാനൊന്നും അറിയില്ല. തുറിച്ചു നോട്ടങ്ങൾക്കും ക്ഷണിക്കപ്പെടുന്ന നോട്ടങ്ങൾക്കും അപ്പുറത്ത്
ഞാൻ കോളേജിലേക്ക് പോകുമ്പോൾ സ്ഥിരമായി കാണുന്ന ഏതോ ഒരാൾ. വഴിയരികിലെ ഹോൾ സെയിൽ കടയിൽ രാവിലെ സാധനങ്ങൾ ഡിസ്പ്ലേ ചെയ്യുന്പോൾ അശേഷം ചിരി കലരാത്ത അയാളുടെ നോട്ടം കാണുമ്പോൾ ഞാൻ ചിന്തിക്കും അയാൾ എന്നെത്തന്നെയാണ് നോക്കുന്നതെന്ന്. അതിൽ ആനന്ദിക്കാൻ അയാൾ ഒട്ടും സുന്ദരനായി തോന്നിയിട്ടുമില്ല. ഇപ്പോഴത്തെ കോളേജ് പെൺകുട്ടികൾ ആണ്കുട്ടികളെപ്പറ്റി പരസ്പരം പറയാറുള്ള കമന്റ്സ് പറയാൻ പോലും അതീവ (കപട ) സദാചാര വാദിയായ എനിക്ക് പേടിയായിരുന്നു. ഇതുപോലെ എത്രെയോ നോട്ടങ്ങളിലൂടെ നമ്മൾ ദിവസവും കടന്നുപോകുന്നു.
Felica
16 Apr 2020, 08:32 AM
Thank you for the good writeup. It in fact was a
amusement account it. Look advanced to more added agreeable from you!
However, how could we communicate? I could not refrain from
commenting. Perfectly written! Woah! I'm really loving the
template/theme of this website. It's simple, yet effective.
A lot of times it's hard to get that "perfect balance" between usability and
appearance. I must say you've done a excellent job with
this. Additionally, the blog loads very quick for me on Safari.
Exceptional Blog! http://foxnews.net
Here is my blog post :: <a href="http://foxnews.net">Bill</a>
എൻ. അജിത് കുമാർ
13 Apr 2020, 10:12 PM
നന്നായിട്ടുണ്ട്. നല്ല ഭാഷ, നല്ല വിഷയം ,നല്ല അക്ഷരം, നല്ല അവതരണം. കമൽറാം , മനില, ശാരദേ- നിങ്ങെളെല്ലാം പ്രതിഭകൾ തന്നെ. കാലത്തെ തിരിച്ചറിയുന്നവർ .നന്ദി
ഷിബൂഷ്
13 Apr 2020, 08:59 AM
" പെണ്ണുങ്ങളുടെ പ്രസരിപ്പും ചിരിയുമില്ലാത്ത ആൺമുറികൾ " എന്ന വാക്യം കഥയിലെ ആൺജീവിതാവസ്ഥയെ അസ്വാസ്ഥ്യജനകമായി ആവിഷ്കരിക്കുന്നു.
ഗോർക്കിയുടെ കഥയെ സ്വന്തം ജീവിത പരിസരവുമായി ഇണക്കിച്ചേർക്കുന്നു എന്നതാണ് ഈ എഴുത്തിന്റെ ആകർഷണീയത . ആൺ - പെൺനോട്ടങ്ങളുടെ പിന്നിലെ മാനസികാവസ്ഥകളിലേക്കുള്ള കാഴ്ചയായും ഈ എഴുത്ത് മാറുന്നു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളടരുകളെ തെളിയിച്ചെടുക്കുന്ന ഒരു പാഠം എന്നതിനപ്പുറത്ത് വ്യക്തിയുടെ സ്വകാര്യതയ്ക്ക് സ്വകാര്യ ആനന്ദങ്ങൾക്ക് - വ്യക്തിക്ക് തന്നെയും - പ്രാധാന്യം നൽകുന്ന ഒരു പാഠം ഈ എഴുത്ത് രൂപപ്പെടുത്തുന്നു. കേവല സ്ത്രീവാദത്തെയോ, പുരുഷാധിപത്യ പ്രവണതയെയോ പുൽകാതെ വ്യക്തിയെ, മനുഷ്യനെ അഭിമുഖീകരിക്കുന്ന ഒന്നായി ഇത് നിലനിൽക്കുന്നു. യന്ത്രയുഗത്തിലെ മനുഷ്യയന്ത്രങ്ങളെ മനുഷ്യരായി പരിവർത്തിപ്പിക്കുന്നത് റഷ്യൻ തൊഴിലാളികളെയും പാണ്ടിത്തൊഴിലാളികളെയും താനിയയെയും തന്നെയും സമീകരിക്കുന്നതിലാണ്. ഒരു കഥ പോലെത്തന്നെ ഇത് അവസാനിപ്പിക്കാനും ശ്രദ്ധിച്ചു. കൗമാരത്തിൽ കണ്ട പാണ്ടിത്തൊഴിലാളിയെ കുടുംബത്തോടൊപ്പം കാണുന്ന സന്ദർഭം, കാല്പനികമായ ഒരു കഥാരംഗത്തെ ഓർമിപ്പിക്കുന്നതായി.
ചാരുലത
13 Apr 2020, 04:47 AM
ഒരു കാലത്ത് വിപ്ലവകാരികൾ , ബുദ്ധിജീവികൾ ആയിരുന്നു കാമ്പസുകളിലെ ഏറ്റവും വലിയ attraction. വിപ്ലവകാരിയുടെ കാമുകി ആവുക... വല്ലാത്ത ഒരാനുഭൂതി ആയിരുന്നു.
ഇന്ന് അങ്ങനെ ഒരു വിപ്ലവകാരി ഒരു കാമ്പസിലും ഉണ്ടാവില്ല എന്ന് മാത്രമല്ല ഉണ്ടെങ്കിൽ തന്നെ അയാൾ ഒരു കോമാളി ആവും
എന്തൊരു നീറ്റലാണ് ഗോർക്കിയിലൂടെ പോകുമ്പോൾ ഞങ്ങൾ അനുഭവിച്ചിരുന്നത്.രാജ്യത്ത് വിപ്ല
വും ഉണ്ടാകുമെന്ന് സ്വപ്നം കണ്ട് നടന്ന ഒരു തലമുറ ഉണ്ടായിരുന്നു. അങ്ങനെ ഒരു സ്വപ്നം ഞങ്ങൾക്ക് തന്നത് സേവയിറ്റ് സാഹിത്യം ആണ്.
മാസിം ഗോർക്കിയുടെ സ്ത്രീയുടെ ഒരു വശമാണ് ശാരദക്കുട്ടി ഇവിടെ പറയുന്നത്.
എവിടെയും എന്ന പോലെ പ്രണയിനിയായി ശാരദക്കുട്ടി ഇവിടെയും.
നമ്മുടെ നാട്ടിൽ ഒരു കാലത്ത് പാണ്ടികൾ എന്ന് വിളിച്ചിരുന്ന തമിഴ് തൊഴിലാളികൾ,......... അവരുടെ ജീവിതത്തെ പ്രണയത്തോടെ നോക്കാൻ വിപ്ലവപ്രണയിനിയായ ഒരു 16കാരിക്കേ കഴിയു ......
"അവരെന്നെ ആരാധനയോടെയാണ് കാണുന്നതെന്ന ഭാവത്തില്‍ താനിയയെ പോലെ ഞാനവരെ എനിക്കാവുന്നത്ര മനോഹരമായി നോക്കി.....
തൊഴിലാളികളായ ആ ചെറുപ്പക്കാരെ അന്ന് വര്‍ധിച്ച സ്നേഹത്തോടെ നോക്കുവാന്‍ എനിക്കു പരിശീലനം കിട്ടിയതില്‍ മാക്സിം ഗോര്‍ക്കിയുടെ കാരുണ്യത്തിന് വലിയ പങ്കുണ്ട്.
ശരിയാണ് ഞങ്ങളിലെ സ്നേഹത്തിന് പ്രണയത്തിന് നിറം പകർന്നു തന്നിരുന്നത് വലിയ ഒരളവ് വരെ ഗോർക്കിയും റഷ്യൻ സാഹിത്യവും ആയിരുന്നു. ഗോർക്കിയേയും, യുഗേയേയും വായിക്കാൻ ഇതുപോലെ ഉള്ള എഴുത്തുക ക്കെങ്കിലും സാധിച്ചിരുന്നെങ്കിൽ.....
Meena T Pillai
12 Apr 2020, 11:27 PM
A poignant reading that reminds us that we are what we read!
AC SREEHARI
12 Apr 2020, 10:24 PM
ആ അവസാനത്തെ വരിയിൽ നിന്നാണ് വായന തുടങ്ങേണ്ടത്. മലയാളികളായ നമ്മളൊക്കെ വന്നവരാണ്.
നമ്മൾ ഇപ്പോൾ താത്ക്കാലത്തേക്കെങ്കിലും മറന്നുപോയ പൗരത്വപ്രശ്നവും ഇപ്പോൾ ചർച്ചചെയ്യുന്ന 'അതിഥി' തൊഴിലാളി പ്രശ്നവും ഗോർക്കിക്കഥയിൽ വായിക്കുന്നു എന്നത് നമ്മുടെ വായനയുടെ ക്രിയാത്മകതയുടെ ഏറ്റവും നല്ല ഒരിടത്തെ കാണിച്ചുതരുന്നു. ഗോർക്കിയെ ഇത്ര രാഷ്ട്രീയപരമായി വിവർത്തനം ചെയ്ത ശാരദക്കുട്ടി ടീച്ചർ ക്ക് ഒരു ബിഗ് സല്യൂട്ട്!
ഷെഫീഖ്
12 Apr 2020, 08:31 PM
നല്ല എഴുത്ത്, മികച്ച വായനാനുഭവം
കല സാവിത്രി
12 Apr 2020, 08:04 PM
"വ്യത്യസ്തതയ്ക്കും ആനന്ദങ്ങള്‍ക്കും അര്‍ഹതയും അവകാശവുമുള്ള മനുഷ്യരെ ഭരണകൂടം ഒറ്റയടിക്കു റദ്ദുചെയ്തു കളയുന്ന വര്‍ത്തമാനകാല പരിസരത്ത്, 1890ല്‍ സര്‍ചക്രവര്‍ത്തിമാരുടെ ഭരണകൂട ഭീകരതക്കെതിരെ എഴുതപ്പെട്ട ഈ കഥ അര്‍ത്ഥങ്ങളുടെ എത്രയെത്ര അടരുകളാണ് തുറന്നു തരുന്നത്. " ശാരദക്കുട്ടി ടീച്ചർ ശക്തമായി ഈ കഥയെ വർത്തമാനകാല സാമൂഹികപരിസരവുമായി ചേർത്തുവായിച്ചിട്ടുണ്ട്. നല്ല വായനാനുഭവം
ശാന്തി കൃഷ്ണ
16 Apr 2020, 03:48 PM
നല്ല വായനാനുഭവം സമ്മാനിച്ച ടീച്ചർക്ക് നന്ദി. കഥയോ കഥാപാത്രങ്ങളോ പരിചിതമെന്നു തോന്നുന്ന കഥാസന്ദര്ഭങ്ങളോ ആണ് വായിക്കാൻ പ്രേരിപ്പിക്കുന്നത്. ഗോർക്കിയുടെ ഈ കഥ ഞാൻ വായിച്ചിട്ടില്ലെങ്കിലും ടീച്ചറുടെ വായന ഹൃദ്യമായി. ഈ വായന എന്നെ ഓർമിപ്പിച്ചത് എന്റെ കോളേജ് കാലത്തെയാണ്. ചില ആൺ - പെൺ നോട്ടങ്ങളുടെ അർത്ഥങ്ങളെ പറ്റി ഞാൻ ചിന്തിച്ചുപോയി. അതിനെ male - female gaze എന്ന രീതിയിൽ വ്യാഖ്യാനിക്കാനൊന്നും അറിയില്ല. തുറിച്ചു നോട്ടങ്ങൾക്കും ക്ഷണിക്കപ്പെടുന്ന നോട്ടങ്ങൾക്കും അപ്പുറത്ത് ഞാൻ കോളേജിലേക്ക് പോകുമ്പോൾ സ്ഥിരമായി കാണുന്ന ഏതോ ഒരാൾ. വഴിയരികിലെ ഹോൾ സെയിൽ കടയിൽ രാവിലെ സാധനങ്ങൾ ഡിസ്പ്ലേ ചെയ്യുന്പോൾ അശേഷം ചിരി കലരാത്ത അയാളുടെ നോട്ടം കാണുമ്പോൾ ഞാൻ ചിന്തിക്കും അയാൾ എന്നെത്തന്നെയാണ് നോക്കുന്നതെന്ന്. അതിൽ ആനന്ദിക്കാൻ അയാൾ ഒട്ടും സുന്ദരനായി തോന്നിയിട്ടുമില്ല. ഇപ്പോഴത്തെ കോളേജ് പെൺകുട്ടികൾ ആണ്കുട്ടികളെപ്പറ്റി പരസ്പരം പറയാറുള്ള കമന്റ്സ് പറയാൻ പോലും അതീവ (കപട ) സദാചാര വാദിയായ എനിക്ക് പേടിയായിരുന്നു. ഇതുപോലെ എത്രെയോ നോട്ടങ്ങളിലൂടെ നമ്മൾ ദിവസവും കടന്നുപോകുന്നു.