അവഗണിക്കാനാവാത്ത
അക്ഷരകരുത്തുമായി
അവര്‍ വരും
അവഗണിക്കാനാവാത്ത അക്ഷരകരുത്തുമായി അവര്‍ വരും
വിദ്യാലയം ഇനിയും സാധ്യമല്ലാത്ത അനേകായിരം ബാല്യങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ അസ്തമിച്ചു പോകുന്നുണ്ട്. പട്ടിണിയുടെ ഗ്രാമങ്ങളില്‍ മതവും രാഷ്ട്രീയവും എത്തിക്കാന്‍ സംഘടനകള്‍ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ അവര്‍ക്ക് അന്യമാണ്. അതുതന്നെയാണ് വളര്‍ന്നുവരുന്ന തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും. വിദ്യാഭ്യാസം സൗജന്യമെന്ന് കൊട്ടിഘോഷിക്കുന്ന രാജ്യ തലസ്ഥാനത്തെ അവസ്ഥയാണിത്. അത്തരം അനാഥ ബാല്യങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സത്യേന്ദ്ര പാല്‍ എന്ന ചെറുപ്പക്കാരന്‍. ‘ഡൽഹി ലെൻസ്’ പരമ്പര തുടരുന്നു.
24 Jul 2022, 12:35 PM
റോഡില്‍ ഏറെ സമയം കാത്തു നില്‍ക്കേണ്ടിവന്നതിന്റെ പരിഭവമൊന്നും സ്രേയ പ്രകടിപ്പിച്ചില്ല. കുഞ്ഞു മുഖം നിറഞ്ഞുള്ള ചിരിയോടെ വഴികാണിച്ചു മുന്നില്‍ നടന്നു. പലയിടത്തായി പിന്നിപ്പോയ നരച്ച പാവാടയും ബനിയനുമാണ് വേഷം. നാലാം ക്ലാസ്സിലാണെന്ന് കൈയിലെ കണക്കുപുസ്തകം ഉയര്‍ത്തികാണിച്ചു കൊണ്ടു പറഞ്ഞു. അച്ഛനും അമ്മയും കര്‍ഷകരാണ്. പിച്ചവച്ചതു മുതല്‍ യമുനയുടെ കരയിലെ കൊച്ചു കുടിലിലാണ്. എവിടെനിന്നാണ് വന്നതെന്ന് അവള്‍ക്ക് അറിയില്ല. തങ്ങളുടെയൊക്കെ ജീവിതം അടിമുടി മാറ്റിയ അദ്ധ്യാപകനെ കുറിച്ചു മാത്രമാണ് വാചാലയായത്. സര്‍ക്കാര്‍ കണക്കിലെ കുടിയേറ്റ ഇടങ്ങളില്‍ അക്ഷര വെളിച്ചമെത്തിച്ച ആ മനുഷ്യനെ തേടിയാണ് യാത്ര.
നടക്കുന്നതിനിടക്ക് സ്രേയ ആഹ്‌ളാതത്തോടെ മുന്നോട്ട് വിരല്‍ചൂണ്ടി, ദാ എത്താറായി. ചളിനിറഞ്ഞ യമുനാനദികരയിലൂടെ ഞങ്ങള്‍ നടപ്പുതുടര്‍ന്നു. കടുത്ത ചൂടാണ് ഉത്തരേന്ത്യയാകെ. മുകളിലെ മെട്രോ പാലത്തിന്റെ തണലാണ് ഏക ആശ്വാസം. മയൂര്‍ വിഹാറില്‍ നിന്നും ചെറിയ നടവഴിമാത്രമാണുള്ളത്. അനധികൃതമായതിനാല്‍ മറ്റു വഴികളെല്ലാം പലപ്പോഴായി ഭരണകൂടം അടച്ചതാണ്. യമുനയുടെ കരപറ്റി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. എല്ലാവരും കര്‍ഷകര്‍. പലയിടത്തുനിന്നായി കുടിയൊഴിക്കപ്പെട്ട് ജീവിതവുമായി അലയുന്നവരാണ് മഹാ ഭൂരിഭാഗവും.
കുറച്ചകലെയായി സ്രേയയുടെ ഗ്രാമം മുന്നില്‍ തെളിഞ്ഞു. തക്കാളിയും കാബേജും പച്ചമുളകും പാടങ്ങളില്‍ വിളഞ്ഞ് നില്‍ക്കുന്നു. അത്യാവശ്യ സാധങ്ങള്‍ക്കായി ഷീറ്റുകൊണ്ടു മറച്ച കൊച്ചു കടകളുണ്ട്. കുടിലുകള്‍ മിക്കവയും പ്ലാസ്റ്റിക്ക് ഷീറ്റും പുല്ലുമുപയോഗിച്ചു നിര്‍മ്മിച്ചതാണ്. ഡല്‍ഹിയുടെ നഗര ഹൃദയത്തിലാണ് ഈ ഗ്രാമമുള്ളതെന്ന് അവിശ്വസനീയം. അക്ഷരാര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ പരിഛേദമാണ് മുന്നിലെ കാഴ്ചകള്‍.

സത്യേന്ദ്ര പാല്‍ എന്ന ചെറുപ്പക്കാരന്‍ ആ മനുഷ്യര്‍ക്കിടയില്‍ നിര്‍മ്മിച്ച അത്ഭുതത്തിലേക്ക് നടന്നെത്തി. മുളയും പുല്ലും കൊണ്ടാണ് അക്ഷരങ്ങളുടെ കൂടാരം നെയ്‌തെടുത്തത്. കോണ്‍ഗ്രീറ്റ് തൂണുകളില്‍ പടുത്തുയര്‍ത്തിയ ശീതീകരിച്ച വിദ്യാലയങ്ങുണ്ട് ഡല്‍ഹിയില്‍. പലകാരണങ്ങള്‍കൊണ്ട് അവിടെയൊന്നും പ്രവേശനമില്ലാത്ത എണ്ണമറ്റ കുട്ടികളാണ് തെരുവില്‍ അലയുന്നത്. അത്തരം മുഖങ്ങളുടെ ദൈന്യതയാണ് സത്യേന്ദ്ര പാലിനെ ജീവിതം അന്യമായവര്‍ക്കിടയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ ബദലാണ് മുന്നിലെ പുല്ലുമേഞ്ഞ വിദ്യാലയങ്ങള്‍.
വിദ്യാലയം ഇനിയും സാധ്യമല്ലാത്ത അനേകായിരം ബാല്യങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ അസ്തമിച്ചു പോകുന്നുണ്ട്. പട്ടിണിയുടെ ഗ്രാമങ്ങളില്‍ മതവും രാഷ്ട്രീയവും എത്തിക്കാന്‍ സംഘടനകള്‍ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ അവര്‍ക്ക് അന്യമാണ്. അതുതന്നെയാണ് വളര്‍ന്നുവരുന്ന തലമുറ നേരിടുന്ന പ്രധാന വെല്ലുവിളിയും. വിദ്യാഭ്യാസം സൗജന്യമെന്ന് കൊട്ടിഘോഷിക്കുന്ന രാജ്യ തലസ്ഥാനത്തെ അവസ്ഥയാണിത്. അത്തരം അനാഥ ബാല്യങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സത്യേന്ദ്ര പാല്‍ എന്ന ചെറുപ്പക്കാരന്‍.
അക്ഷരങ്ങള്‍ക്കപ്പുറത്തെ ബാല്യം
സാധാരണ കര്‍ഷക കുടുംബത്തിലാണ് സത്യേന്ദ്ര പാലിന്റെ ജനനം. ആണ്‍കുട്ടിയായതിനാല്‍ ചെറുപ്പം മുതലെ അച്ഛനെ സഹായിക്കേണ്ട ഉത്തരവാദിത്തം വന്നുചേര്‍ന്നു. മണ്ണില്‍ കാലുറച്ചപ്പോഴെ പാടത്തും മറ്റ് തൊഴിലിടങ്ങളിലും അച്ഛനൊപ്പം അന്നത്തിനായി വിയര്‍പ്പൊഴുക്കി. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ പോകാന്‍ സാധിച്ചില്ല. കൃഷിയുടെ പുതിയ പാഠങ്ങള്‍ വിശപ്പടക്കിയെങ്കിലും മനസ്സില്‍ നിറയെ വിദ്യാലയമായിരുന്നു. പട്ടിണിയുടെ ഗ്രാമങ്ങളില്‍ അക്ഷരങ്ങള്‍ കൈയ്യെത്താവുന്നതിലും അകലെയാണ്.
ഗ്രാമത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. അതു കൊണ്ട് തന്നെ പലര്‍ക്കും ഗ്രാമത്തിനപ്പുറത്തെ ലോകത്തെ കുറിച്ച് യാതൊരു ധാരണയുമില്ല. മുന്നിലെ ഏക വഴി കൃഷി മാത്രമാണ്. കഴുത്തില്‍ കയറിട്ട് അവസാനിപ്പിക്കുന്നത് വരെ അത് തുടരും. ഗ്രാമങ്ങളില്‍ പൊലിഞ്ഞ കര്‍ഷരുടെ ജീവന്‍ എണ്ണിയാല്‍ അതിശയോക്തി തോന്നില്ല. ആ സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് സത്യേന്ദ്രപാല്‍ പൂര്‍ത്തിയാക്കുന്നത്. ഗ്രാമത്തില്‍ ജീവിതം അസാധ്യമായിരുന്നു. ബാധ്യതകളുടെ പേമാരിയില്‍ മറ്റ് സാധ്യതകള്‍ നോക്കേണ്ടിവന്നു. ആ യാത്രയാണ് യമുനയുടെ പുറമ്പോക്കില്‍ താമസിക്കുന്ന അമ്മാവന്റെ കുടിലില്‍ എത്തിച്ചത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യമുനയുടെ കരയില്‍ത്തന്നെ മറ്റൊരു കുടില്‍ ഉയര്‍ന്നു. ശാരീരിക വ്യത്യസ്തതകളുള്ള മാതാപിതാക്കളുമായി പോകാന്‍ മറ്റ് ഇടമില്ല. പോകെപ്പോകെ യമുനയുടെ ജീവിതത്തോട് സത്യേന്ദ്രപാലും സമരസപ്പെട്ടു. കാടുകറിയ മണ്ണ് വെട്ടിയൊതുക്കി ക്രിഷിഭൂമിയാക്കി. മനസ്സിലെ അക്ഷരങ്ങള്‍ മണ്ണില്‍ ചേര്‍ത്തെഴുതി. പിന്നീടങ്ങോട്ട് സ്വന്തമായ വഴിയിലൂടെയുള്ള വായനകളും പഠനങ്ങളുമായി.
പ്രാരാബ്ദങ്ങളുടെ മരണച്ചുഴിയില്‍ നില്‍ക്കുമ്പോഴും വായനക്കായി സമയം കണ്ടെത്തി. കൃഷിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുകയില്‍ ഒരുഭാഗം മാറ്റിവച്ചു. വിശന്ന് വലഞ്ഞപ്പോഴും കരുതിവച്ച ചില്ലറതുട്ടുകള്‍ തൊട്ടില്ല. എല്ലാ കഷ്ടപ്പാടിനും പുറകില്‍ ഒറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു. തന്നെപ്പോലെ മറ്റാര്‍ക്കും പണമില്ലാത്തത്തിന്റെ പേരില്‍ വിദ്യ നഷ്ടമാകരുത്. അതിനായി ബദല്‍ സംവിധാനങ്ങളുണ്ടാക്കണം. പഠിക്കണം. അത് പകര്‍ന്നുകൊടുക്കണം.
വഴികാട്ടിയ അക്ഷരങ്ങള്‍
തുറന്ന വായനകളില്‍ നിന്ന് വ്യക്തമായ രാഷ്ട്രീയ ബോധ്യവും സത്യേന്ദ്ര പാലിന് കൈമുതലായി. ചേര്‍ത്തുവച്ച പണവുമായി തുടര്‍പഠനത്തിന് മറ്റ് സഹായത്തോടെ നാഗ്പൂരിലേക്ക് പുറപ്പെട്ടു. വീട്ടിലെ ബാധ്യതകള്‍ പലപ്പോഴും അക്ഷരങ്ങളെ മുറിവേല്‍പ്പിച്ചു. അപ്പോഴൊക്കെയും മനസ്സാന്നിധ്യം കൈവിടാതെ ചേര്‍ത്തുപിടിച്ചു. ബുദ്ധിസവും അംബേദ്കര്‍ ചിന്തകളും എന്ന വിഷയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. മനുഷ്യ മൂല്യങ്ങളെ അതിന്റെ പരമമായ രണ്ടറ്റത്തുനിന്ന് നോക്കിക്കണ്ട അംബേദ്കറും ബുദ്ധനും സത്യന്ദ്രപാലില്‍ വിസ്മയമുണ്ടാക്കി. സഹജീവികളെ കൂടുതല്‍ ചേര്‍ത്ത് പിടിക്കാനുള്ള കരുത്ത് കിട്ടിയതും അവരിലൂടെയാണ്.
ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും മനസ്സില്‍ കരുതിയ ജോലികള്‍ ഒന്നും ലഭിച്ചില്ല. എല്ലായിടത്തുനിന്നും അപ്രതീക്ഷിതമായ അവഗണയായിരുന്നു. ഏറെ അലച്ചിലുകള്‍ക്ക് ശേഷം കാള്‍സെന്ററിന്റെ മൂലയില്‍ ഒരിടം കിട്ടി. തന്റെ സമയം ചിലവാക്കേണ്ടത് അവിടെയല്ലെന്ന് കൃത്യമായി അറിയാമായിരുന്നു. വീട്ടിലെ ബാധ്യതകളാണ് വീണ്ടും സ്വപ്നങ്ങളിലേക്ക് നടക്കാന്‍ വിലങ്ങുതടിയായത്. കൂടുതല്‍ നല്ലത് കൃഷിയെന്ന് തോന്നിയപ്പോഴാണ് വീണ്ടും പാടത്തേക്ക് ഇറങ്ങിയത്.

ഇനിയും കീഴടങ്ങി ജീവിക്കാന്‍ സാധിക്കില്ല എന്ന തോന്നലാണ് പുതിയ ചിന്തകള്‍ക്ക് വിത്തിട്ടത്. അക്കാലത്താണ് തന്റെ മക്കള്‍ക്ക് ക്ലാസ് എടുക്കണമെന്ന ആവശ്യവുമായി സുഹൃത്ത് എത്തുന്നത്. ആ ചോദ്യത്തിന് മുന്നില്‍ പിന്മാറാന്‍ മനസ്സുവന്നില്ല. കുടിലിലെ ഒറ്റമുറിയില്‍ കുട്ടികളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്നത് ചോദ്യചിഹ്നമായി. ഉത്തരം കിട്ടാതെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ പുറത്ത് അഞ്ച് കുട്ടികള്‍ അറിവിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ബുദ്ധനെ പഠിച്ച സത്യേന്ദ്ര പാലിന് അതിന്റെ ഉത്തരം തിരഞ്ഞ് പിന്നീട് അലയേണ്ടിവന്നില്ല. തൊട്ടടുത്തുള്ള മരച്ചുവട് വൃത്തിയാക്കി അഞ്ചുപേരെയും ചുറ്റുമിരുത്തി. ബുദ്ധന്റെ വഴിയില്‍ അക്ഷരങ്ങള്‍ കൂടുതല്‍ മിഴിവോടെ പകര്‍ന്നുകൊടുത്തു.
കാലത്തെ പടുത്ത അക്ഷരങ്ങള്‍
അന്ന് ഡിസംബറിന്റെ മരം കോച്ചുന്ന തണുപ്പിലും കുട്ടികള്‍ ഒഴുകിയെത്തി. എട്ടാം ക്ലാസ്സുവരെയുള്ള എല്ലാ വിഷയവും പകര്‍ന്നു കൊടുത്തു. വിദ്യാര്‍ത്ഥികള്‍ കൂടിയതോടെ ഷീറ്റുമേഞ്ഞ കുടിലുകള്‍പോലുള്ള വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. തലമുറകളെ മുന്നോട്ട് നയിക്കാനുള്ള പ്രകാശമാണ് അദ്ദേഹത്തിന്റെ കൈയിലുള്ളതെന്ന് മനസിലാക്കിയ ഗ്രാമം ഒന്നടങ്കം കൂടെനിന്നു. കുട്ടികള്‍ കൂടിയപ്പോള്‍ പാലത്തിന് അടിയിലും തണല്‍ മരച്ചുവട്ടിലും പുതിയ ക്ലാസുകള്‍ മൊട്ടിട്ടു.
അന്‍പത് രൂപമുതല്‍ ഇരുനൂറുരൂപ വരെയാണ് ഫീസ്. ഭൂരിഭാഗം കുട്ടികള്‍ക്കും അതും കൊടുക്കാന്‍ ഉണ്ടാകില്ല. ഇന്നേ വരെ ഒരു കുട്ടിയോടും ഫീസ് ചോദിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. അക്ഷരങ്ങള്‍ പണം നോക്കി തൂക്കി വില്‍ക്കാനുള്ളതല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സാധിക്കുന്നവര്‍ തരുന്ന ചെറിയ തുക സ്‌നേഹത്തോടെ വാങ്ങും. വൈകാതെ തന്നെ പത്താം ക്ലാസ്സുവരെയുള്ള ക്ലാസുകള്‍ തുടങ്ങി. പുറത്തുനിന്നുള്ള അഞ്ച് അദ്ധ്യാപകരും കരുത്തായി കൂടെയുണ്ട്. അവരും സത്യേന്ദ്രപാലിന്റെ മനസ്സ് കടം കൊണ്ട അപൂര്‍വ മനുഷ്യരാണ്.
അപ്പോഴൊക്കെയും പഠിക്കാനുള്ള മനസ്സ് അദ്ദേഹം കൈവിട്ടില്ല. 2016 ആഗ്രയിലേക്ക് പോയി. ഡോ ബി ആര്‍ അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി എസ് സി മാത്സില്‍ കറസ്‌പോണ്ടന്റായി പഠനം ആരംഭിച്ചു. ഒപ്പം തെരുവു ബാല്യങ്ങളുടെ സ്വപ്നത്തിനായുള്ള പോരാട്ടവും തുടര്‍ന്നു. അവഗണിച്ച സ്ഥാപനങ്ങള്‍ ജോലിയുമായി തേടി വന്നു. തന്നെ കാത്തുനില്‍ക്കുന്ന കുരുന്നുകളേക്കാള്‍ വലുതല്ലായിരുന്നു അതൊന്നും. അവരെ പടുത്തുയര്‍ത്താന്‍ പിന്മാറാത്ത ജാഗൃത വേണമെന്ന ബോധ്യം സത്യേന്ദ്ര പാലിനുണ്ട്. അതാണ് അദ്ദേഹത്തെ നിര്‍ഭയമായി മുന്നോട്ട് നയിക്കുന്നത്.
അവഗണനയുടെ ബദലാണ് അക്ഷരങ്ങള്‍
കോവിഡ് കലാമാണ് വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചത്. അര്‍ദ്ധപട്ടിണിയിലും പുസ്തകവുമായി വന്ന കുട്ടികളെ കൈവിടാന്‍ മനസ്സുവന്നില്ല. ലോകം ഭീതിയോടെ വീടകങ്ങളിലേക്ക് ചുരുങ്ങിയപ്പോഴും ക്ലാസുകള്‍ തുടര്‍ന്നു. ഉദ്ദേശശുദ്ധി മനസിലാക്കിയ നാട്ടുകാര്‍ മാസ്‌ക്കും അത്യാവശ്യം ഭക്ഷണസാധനങ്ങളും എത്തിച്ചു.

ഗ്രാമത്തിന് പുറത്തുനിന്നും വിദ്യാര്‍ത്ഥികളെത്തിയത് കോവിഡ് കാലത്താണ്. പഠനം ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ ടി വി പോലുമില്ലാത്ത കുട്ടികള്‍ വലഞ്ഞു. അവര്‍ക്ക് അത്താണിയാവാനും സത്യേന്ദ്രപാലിന് സാധിച്ചു. എല്ലാ ഞായറാഴ്ചകളിലും വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനമുണ്ട്. പ്രമുഖരായ പലരെയും ഇതിനോടകം നേരിട്ട് കൊണ്ടുവന്ന് കുട്ടികള്‍ക്ക് പരിചയപ്പെടുത്താനും സാധിച്ചു.
പുറമ്പോക്കിലായവരുടെ ജീവിതമിപ്പോള്‍ യമുനപോലെ നിലക്കാതെ ഒഴുകുന്നത് അക്ഷരങ്ങളുടെ കരുത്തിലാണ്. അവര്‍ക്കായി സ്വപ്നച്ചിറകുകള്‍ നെയ്യുകയാണ് സത്യേന്ദ്ര പാല്‍. ഈ കുരുന്നുകള്‍ അക്ഷരകരുത്തോടെ ഒരിക്കല്‍ തെരുവിലിറങ്ങും. തങ്ങളെ അവഗണിച്ച കാലത്തോട് കണക്കുചോദിക്കും. ലോകം തങ്ങളുടേത് കൂടെയാണെന്ന് ഉറക്കെ പറയും. സത്യേന്ദ്രപാല്‍ യമുനയെ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
മുഹമ്മദ് അബ്ഷീര്‍ എ.ഇ.
Feb 26, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Feb 26, 2023
4 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read