'മുല' എന്നു കേട്ടപ്പോള്‍
കുട്ടി ചിരിച്ച വഷളന്‍ ചിരിയുടെ ഉത്തരവാദി
നമ്മളാണ്, പ്രത്യേകിച്ച് അധ്യാപകര്‍
'മുല' എന്നു കേട്ടപ്പോള്‍ കുട്ടി ചിരിച്ച വഷളന്‍ ചിരിയുടെ ഉത്തരവാദി നമ്മളാണ്, പ്രത്യേകിച്ച് അധ്യാപകര്‍
സെക്‌സ് എന്നും ജെന്‍ഡര്‍ എന്നും പറയുമ്പോള്‍ മാനങ്ങള്‍ വ്യത്യസ്തമാണ്; ആദ്യത്തേത് ജീവശാസ്ത്രപരവും രണ്ടാമത്തേത് സാംസ്‌കാരികവും. എന്നാല്‍ മലയാളത്തിലേയ്ക്ക് മാറുമ്പോള്‍ സെക്‌സ്, ജെന്‍ഡര്‍ എന്നീ രണ്ടു വാക്കുകളും മിക്കവാറും ലിംഗം തന്നെയായി ചുരുങ്ങുന്നു. ഈയൊരു ഭാഷാപരവും സാമൂഹികവുമായ ചുറ്റുപാടില്‍നിന്നുകൊണ്ട് വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിയ്ക്കുമ്പോള്‍ സെക്‌സ് എജ്യുക്കേഷന്‍ ആണോ അതോ ജെന്‍ഡര്‍ എജ്യുക്കേഷന്‍ ആണോ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ അഭികാമ്യമായ പ്രയോഗവും രീതിയുമെന്ന് പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.
20 Oct 2021, 12:24 PM
ഇടയ്ക്കിടെ ഉയര്‍ന്നുവരുന്ന അപൂര്‍വ്വം ചില പരാമര്‍ശങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കി അപ്രത്യക്ഷമാവുന്ന വിചിത്രമായ ഒരു പ്രതിഭാസം മാത്രമാണ് പലപ്പോഴും കേരളത്തിലെ (ഇന്ത്യയിലെ തന്നെയും) ലൈംഗിക വിദ്യാഭ്യാസചര്‍ച്ചകള്‍. പുതിയ എന്തോ കൊണ്ടുവരാന്‍ പോകുന്നു എന്ന് വര്‍ഷങ്ങളായി നമ്മള്‍ നമ്മളോട് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ സാരം ഇതുവരെ അതിവിടെ നമുക്കിടയിലില്ല എന്നതാവുമോ?
നിലവില്‍ ലൈംഗികവിദ്യാഭ്യാസമില്ലാത്ത ഒരു ജനതയാണ് ഇവിടെയുള്ളത് എന്നാവുമോ അതിനര്‍ത്ഥം? ചില വിദേശങ്ങളിലെങ്കിലും വളരെ ശാസ്ത്രീയമായി, ലിംഗപരമായ ഓറിയന്റേഷന്‍, ലൈംഗിക ആരോഗ്യം, അവകാശം എന്നീ കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്തുകൊണ്ട് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതികളുടെ ഭാഗമാക്കി നടപ്പാക്കുന്നുണ്ട്.
ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെയും മനശാസ്ത്രജ്ഞരേയും പങ്കാളികളാക്കി നിരന്തരം ഘട്ടം ഘട്ടമായി നടത്തിവരുന്ന വിദ്യാഭ്യാസപദ്ധതികള്‍ നിലനില്‍ക്കുമ്പോള്‍ നമുക്കത് സാധാരണ ഒരൊറ്റ ക്ലാസുകൊണ്ട് തീരുന്ന പ്രഹസനമാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍, ലൈംഗികാസമത്വം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പ്രശ്‌നങ്ങള്‍, ലിംഗനീതിയുടെ വിഷയങ്ങള്‍, ഉഭയസമ്മതപ്രക്രിയയില്‍ (consent) വ്യക്തതയില്ലായ്മ എന്നീ ചില സുപ്രധാന കാര്യങ്ങളിലാണ് ഇവിടെ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രസക്തിയുള്ളത്. വര്‍ധിച്ചുവരുന്ന ലൈംഗികാക്രമണ- സ്ത്രീപീഡന - സ്ത്രീധന- കൊലപാതക കേസുകള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിയ്ക്കണമെങ്കില്‍ ലൈംഗികതയെ സംബന്ധിച്ച സൂക്ഷ്മമായ അവബോധം രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുതകുന്ന
തരത്തില്‍ കാര്യക്ഷമമായ ലൈംഗിക വിദ്യാഭ്യാസം സാര്‍വത്രികമായി നടപ്പാക്കുക എന്ന അര്‍ത്ഥത്തിലാണ് പ്രസ്തുത പദ്ധതി നടപ്പില്‍ വരുന്നതെങ്കില്‍ ഇവിടെ അത് സ്വാഗതാര്‍ഹം തന്നെയാണ്.
പക്ഷേ ഇവിടെയൊരു ചോദ്യമുണ്ട്. നിലവിലെ പാഠ്യപദ്ധതിയിലോ സിലബസിലോ ലൈംഗിക വിദ്യാഭ്യാസം പ്രദാനം ചെയ്യാനുതകുന്ന യാതൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്ന് പൂര്‍ണമായും പറയാന്‍ കഴിയുമോ? ഭാഷയും സാഹിത്യവും സാമൂഹ്യശാസ്ത്രവും ജീവശാസ്ത്രവും കായികപഠനവുമൊക്കെ നിലവില്‍ ഇത്തരം ആഖ്യാനങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് തീര്‍ത്തുപറയാന്‍ കഴിയില്ലല്ലോ. അങ്ങനെയെങ്കില്‍ വിവാദങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് വളരെ പുതിയൊരു സമ്പ്രദായം അവതരിപ്പിയ്ക്കുന്നതിന് കാലാകാലങ്ങളായി ഇങ്ങനെ ഫലമില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണോ അതോ പകരം നിലവിലെ പാഠ്യ, അധ്യാപനസംവിധാനത്തില്‍ ഒരു പൊളിച്ചെഴുത്താകുമോ ഉചിതം?
മതിയായ ഉള്ളടക്കമുള്ള ബോധന പ്രക്രിയയും അതിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുമുള്ള ചുറ്റുപാടില്‍ തന്നെയാണ് കുട്ടികള്‍ പഠിയ്ക്കുന്നതെങ്കിലും എത്രമാത്രം ലൈംഗിക വിദ്യാഭ്യാസം അവര്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുന്നുണ്ട് എന്ന ആവലാതി പ്രസക്തമല്ലേ?
"ലൈംഗികം' എന്ന വാക്കിന്റെ പൊതുവായ അര്‍ത്ഥം ലിംഗവുമായി ബന്ധപ്പെട്ടത് അഥവാ ലിംഗത്തെ സംബന്ധിച്ചത് എന്നൊക്കെയാണല്ലോ. പക്ഷേ എന്താണ് ഈ "ലിംഗം' എന്നതുകൊണ്ട് "ലൈംഗികവിദ്യാഭ്യാസ'മെന്ന ആശയത്തില്‍ ഇവിടെ വിവക്ഷിയ്ക്കുന്നത്, അല്ലെങ്കില്‍ വിവക്ഷിക്കപ്പെടേണ്ടത് എന്നത് അനിവാര്യമായ ആലോചനകള്‍ക്ക് വിധേയമാവേണ്ടതാണ്. ഇംഗ്ലീഷില്‍ സെക്‌സ് എന്നും ജെന്‍ഡര്‍ എന്നും പറയുമ്പോള്‍ മാനങ്ങള്‍ വ്യത്യസ്തമാണ്; ആദ്യത്തേത് ജീവശാസ്ത്രപരവും രണ്ടാമത്തേത് സാംസ്‌കാരികവും. എന്നാല്‍ മലയാളത്തിലേയ്ക്ക് മാറുമ്പോള്‍ സെക്‌സ്, ജെന്‍ഡര്‍ എന്നീ രണ്ടു വാക്കുകളും മിക്കവാറും ലിംഗം തന്നെയായി ചുരുങ്ങുന്നു. ഈയൊരു ഭാഷാപരവും സാമൂഹികവുമായ ചുറ്റുപാടില്‍നിന്നുകൊണ്ട് വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിയ്ക്കുമ്പോള്‍ സെക്‌സ് എജ്യുക്കേഷന്‍ ആണോ അതോ ജെന്‍ഡര്‍ എജ്യുക്കേഷന്‍ ആണോ നമ്മുടെ നാടിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ അഭികാമ്യമായ പ്രയോഗവും രീതിയുമെന്ന് പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.
സ്‌കൂള്‍ തലം മുതല്‍ സെക്‌സ്, ജെന്‍ഡര്‍ എന്നീ സംജ്ഞകളിലൂടെ തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ കടന്നുപോവുന്ന തരത്തിലുള്ള പാഠ്യപദ്ധതിയുണ്ടാക്കുന്നതിന്റെ കൂടെ സയന്‍സിന്റെയും ഫിസിക്കല്‍ എഡ്യുക്കേഷന്റെയും അധ്യാപകര്‍ മുതല്‍ ഭാഷയും സാമൂഹ്യപഠനവും കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ വരെ നിരന്തരം ക്രിയാത്മകവും പുരോഗമനപരവുമായി ഇടപെടേണ്ട വലിയൊരു പ്രക്രിയയും കൂടിയാണ് ഈ അര്‍ത്ഥത്തില്‍ ലൈംഗിക വിദ്യാഭ്യാസമെന്നത്. ഈ കമ്മ്യൂണിറ്റിയിലേയ്ക്ക് ഒരു കൗണ്‍സലിങ് സൈക്കോളജിസ്റ്റിനെ കൂടി ഉള്‍പെടുത്താന്‍ കഴിഞ്ഞെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. ഓരോ സ്‌കൂളിനും ഒരു കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ് എന്ന ഒരാശയം പ്രസക്തമാണെന്ന് തോന്നുന്നു. കോളജ് വിദ്യാഭ്യാസവകുപ്പ് കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും കഴിഞ്ഞ രണ്ട് വര്‍ഷമായി "ജീവനി' എന്ന പദ്ധതിയിലൂടെ ഇത്തരമൊരു ഉദ്യമം ഏറ്റെടുത്തത് എടുത്തു പറയേണ്ടതാണ്.
പ്രത്യേകമായി സെക്‌സ് എജ്യുക്കേഷന്‍ എന്ന തലക്കെട്ടില്‍ പഠിപ്പിക്കേണ്ടതല്ല യഥാര്‍ത്ഥത്തില്‍ ഇത്തരം ജൈവികവും സാംസ്‌ക്കാരികവുമായ ചിന്തകള്‍. സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്വാഭാവികമായി ഒരു കുട്ടിയ്ക്കുണ്ടാവുന്ന വ്യക്തിപരമായ ഉത്ക്കണ്ഠയോടൊപ്പം പ്രധാനമാണ് ലിംഗസംബന്ധമായി ആ കുട്ടി അഭിമുഖീകരിയ്ക്കുന്ന സാമൂഹികമായ മിത്തുകളും. ഇതില്‍ നിന്നൊക്കെ സമര്‍ത്ഥമായി എങ്ങനെ മാറി നിന്ന് സ്വതന്ത്രമനുഷ്യരായി വളരാനുള്ള ആര്‍ജ്ജവം കാണിക്കണം എന്ന് ചിന്തിക്കേണ്ടത് ഏറെ ആവശ്യമാണ്.

സെക്‌സ് എജ്യുക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് നഗ്‌നതയും ലൈംഗികബന്ധവും പോണ്‍ വീഡിയോയുമൊക്കെ സ്മരിക്കുന്ന (അങ്ങനെ മനഃപൂര്‍വ്വം ചെയ്യുന്നതല്ല, ട്യൂണ്‍ ചെയ്യപ്പെട്ടതാണ്) ഒരു പൊതുബോധമാണ് ഇവിടെ മുഖ്യധാരയിലുള്ളത്. കാര്യം വളരെ വ്യത്യസ്തമാണ്; മുന്‍പേ സൂചിപ്പിച്ചപോലെ രണ്ട് തരത്തില്‍ ഇത് അവതരിപ്പിക്കാം. ഒന്നാമതായി ആണ്‍ പെണ്‍ ശാരീരിക സാഹചര്യങ്ങള്‍, ലൈംഗികത, പ്രത്യുല്‍പാദനവ്യവസ്ഥ എന്നീ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി അറിയുന്നത് കൂടുതലും ബയോളജിയിലൂടെ തന്നെയാവണം. സെക്‌സ് എന്ന ജൈവീകത എന്താണെന്ന് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ഇത് സഹായിയ്ക്കും. പ്രത്യുല്പാദന വ്യവസ്ഥയുടെ പാഠഭാഗം ചര്‍ച്ച ചെയ്യാതെ പേജ്മറിച്ചിട്ട് കടന്നു പോകുന്ന / സൂചനകള്‍ മാത്രം കഷ്ടപ്പെട്ട് പറഞ്ഞ് പോകുന്ന ബയോളജി അധ്യാപകര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രസ്തുത പ്രക്രിയ നടക്കില്ല എന്ന് മാത്രമല്ല, അത് വല്ലാത്ത ആശയക്കുഴപ്പങ്ങളും സുഷ്ടിയ്ക്കും. അതേ സമയം, രണ്ടാമതായി, ഭാഷയും സാഹിത്യവും സാമൂഹ്യശാസ്ത്രവും ജെന്‍ഡര്‍ എന്ന സാമൂഹിക നിര്‍മ്മിതിയിലൂടെ എങ്ങനെ ഒരാള്‍ കടന്നുപോകണമെന്നുള്ള അവഗാഹം കുട്ടികള്‍ക്ക് കൊടുക്കുന്ന തരത്തിലുള്ള പാഠങ്ങള്‍ (texts) ഉല്പാദിപ്പിച്ച് വിതരണം നടത്തിക്കൊണ്ടിരിക്കണം. നൃത്തവും സംഗീതവും വരയും അഭ്യസിപ്പിക്കുമ്പോള്‍ സൗന്ദര്യ ശാസ്ത്ര സംബന്ധമായ ചര്‍ച്ചകളില്‍ ലൈംഗികതയും കടന്നു വരണമല്ലോ. ആണ്‍ പെണ്‍ സൗഹൃദം, ബന്ധങ്ങള്‍, ഇടപെടലുകള്‍ എന്നിങ്ങനെ പല വിഷയങ്ങളും ആഴത്തില്‍ പഠിയ്ക്കാനും ആണധികാരത്തിന്റെ പ്രശ്‌നങ്ങള്‍, സാമൂഹികമായ കടമള്‍, തെരഞ്ഞെടുപ്പുകള്‍, അന്ധവിശ്വാസങ്ങള്‍, വിവേചനങ്ങള്‍ എന്നിവ വിമര്‍ശനാത്മകമായി വിലയിരുത്താനും കുട്ടികള്‍ പാകപ്പെട്ടാല്‍ അതവരുടെ പ്രായോഗിക ജീവിതത്തിനും ബൗദ്ധികമായ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സാഹിത്യകൃതികളിലെ ലൈംഗികത വരുന്ന ഭാഗങ്ങള്‍ "സ്‌ക്കിപ്പ്' ചെയ്യുന്ന പ്രവണത ഇന്നുമുണ്ട്. കിട്ടിയ അവസരം മുതലെടുത്ത് ഇക്കിളിപ്പെടുത്തി വഷളത്തരം പറയുന്ന വേറൊരു വിഭാഗമുണ്ട്. ഈ രണ്ടിന്റെയും ഇടയില്‍ നിന്ന് ഒരു ടെക്സ്റ്റിന്റെ സൗന്ദര്യശാസ്ത്രം ഉള്‍ക്കൊണ്ട് വായന നടത്താനും വ്യാഖ്യാനിക്കാനും വിമര്‍ശിക്കാനുമൊക്കെ എല്ലാ അധ്യാപകര്‍ക്കും കഴിഞ്ഞെങ്കില്‍ എത്ര നന്നായേനെ. കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകര്‍ക്കും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങള്‍. വിവരസാങ്കേതികവിദ്യ ഒരുപാട് പുരോഗമിച്ച ഈ കാലത്ത് ഇന്റര്‍നെറ്റിന്റെ സാധ്യതകളോടൊപ്പം സൈബര്‍ ബന്ധങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ച് സംസാരിയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും അവര്‍ക്കെങ്ങനെ ഒഴിഞ്ഞു മാറാന്‍ കഴിയും? ലൈംഗികാരോഗ്യത്തെപ്പറ്റി സംവദിയ്ക്കാതെ ഒരു കായികാധ്യാപകന് എങ്ങനെ ജോലി ചെയ്‌തെന്ന് പറയാന്‍ കഴിയും? ദൈനംദിന സാമൂഹികപ്രശ്‌നങ്ങളെ (പ്രത്യേകിച്ച് ലിംഗനീതിയ്ക്ക് നിരക്കാത്ത വാര്‍ത്തകളെ) അഭിസംബോധന ചെയ്ത് സംസാരിയ്ക്കാനും അതുവഴി സ്വന്തം വിഷയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകാനും ഏത് വിഷയം പഠിപ്പിയ്ക്കുന്ന അധ്യാപകര്‍ക്കും ശ്രദ്ധിയ്ക്കാമല്ലോ. വാണിജ്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങി എല്ലാ വൈജ്ഞാനിക മണ്ഡലങ്ങളിലേയ്ക്കും പ്രസ്തുത ചിന്തകളെ ബന്ധിപ്പിയ്ക്കാവുന്നതാണല്ലോ. ആര്‍ത്തവം, സ്വയംഭോഗം, ലൈംഗികാകര്‍ഷണം, ആസ്വാദനം, സുരക്ഷിതത്വം, ഗര്‍ഭധാരണം, ഗര്‍ഭനിരോധനം എന്നിങ്ങനെയുള്ള വിഷയങ്ങളിലെ പക്വത കലര്‍ന്ന തുറന്ന ചര്‍ച്ചകള്‍ കുട്ടികള്‍ക്ക് ഒരു ആരോഗ്യകരമായ സമീപനം ഉണ്ടാക്കിയെടുക്കും. ഇത്തരം അപഗ്രഥനങ്ങള്‍ സിലബസിനപ്പുറത്തെ വിശാലമായ ഒരു ലോകത്തെ കുട്ടിയ്ക്ക് പരിചയപ്പെടുത്താന്‍ ഉപകാരപ്രദമാണ്. കണ്ണില്‍ കാന്നുന്ന എന്തിനേയും സൂക്ഷ്മമായി പരിശോധിയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നത് വലിയൊരു ഉദ്യമമാണ്. മാനവികതയും സര്‍ഗാത്മകതയും ശാസ്ത്രീയ അവബോധവും വളര്‍ത്തിയെടുക്കുന്നതോടെ യാഥാസ്ഥിതികത്വം വിട്ടുമാറാന്‍ തുടങ്ങുകയും ഉല്പതിഷ്ണുക്കളായ വ്യക്തികള്‍ രൂപപ്പെടുകയും ചെയ്യുന്നു.
"നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍,
മുല ചപ്പി വലിക്കുന്നു,
നരവര്‍ഗനവാതിഥി'
എന്ന അക്കിത്തത്തിന്റെ പ്രസിദ്ധമായ വരികള്‍ ഒരു പ്ലസ്ടു ട്യൂഷന്‍ ക്‌ളാസില്‍ വെച്ച് ചൊല്ലിയപ്പോള്‍ "മുല' യെന്ന വാക്ക് കേട്ട് അടുത്തിരിക്കുന്നവനെ തോണ്ടി കുണുങ്ങിചിരിച്ച ഒരു കുട്ടിയെ ഓര്‍മ വരുന്നു. ആ വഷളന്‍ ചിരിയുടെ ഉത്തരവാദി നമ്മള്‍ ഓരോരുത്തരും തന്നെയാണ്, പ്രത്യേകിച്ച് അധ്യാപകര്‍.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഒരുപക്ഷേ ഇക്കാര്യം അല്പം കൂടി എളുപ്പമാവും. സാമാന്യം പക്വതയെത്തിയ കുട്ടികളുമായി പല "ഇസ'ങ്ങളും ചര്‍ച്ച ചെയ്യുന്നത് വഴി ജെന്‍ഡര്‍ നിര്‍മ്മിച്ചെടുക്കുന്ന ആണ്‍/പെണ്‍ ദ്വന്ദങ്ങളുടെ സാമൂഹികപ്രസക്തിയെക്കുറിച്ച് അവബോധമുണ്ടാക്കാം, പല ടെക്സ്റ്റുകള്‍ പരിചയപ്പെടുത്താം. അവര്‍ക്ക് സിഗ്മണ്ട് ഫ്രോയിഡിനെയും സൈമന്‍ ദെ ബോവിയറെയും ഡെസ്മണ്ട് മോറിസിനേയും പരിചയപ്പെടുത്താം, തിയറികളിലൂടെ സഞ്ചരിക്കാം. ഇതൊക്കെ ലൈംഗിക വിദ്യാഭ്യാസം തന്നെയല്ലേ? സിലബസും ടെക്സ്റ്റുകളും സമ്പന്നമാണ്, അല്പം അന്തര്‍വൈജ്ഞാനിക സമീപനം അധ്യാപകര്‍ക്കുണ്ടെങ്കില്‍ സ്വാഭാവികമായും ലൈംഗികതയെന്ന സ്ഥിരം "വിലക്ക്'(taboo) ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വിഷയത്തോട് ചേര്‍ത്ത് വെച്ച് ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. ഫെമിനിസത്തെക്കുറിച്ചും LGBT ആഖ്യാനങ്ങളെകുറിച്ചും പറയുമ്പോള്‍, ആചാരങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍, മീഡിയയെ വായിക്കുമ്പോള്‍, എന്ന് വേണ്ടാ എന്തിലും ഏതിലും ലിംഗം എന്ന പ്രശ്‌നം കയറിവരുന്നുണ്ട്. വളരെ പരിമിതമായ സിലബസിനുള്ളില്‍തന്നെ തുറന്നിടാന്‍ പറ്റിയ വലിയ ജാലകങ്ങള്‍ കാണാം; അതുവഴി വെളിച്ചം കയറിവരുമ്പോഴാണ് പരീക്ഷയല്ല, സര്‍ട്ടിഫിക്കറ്റുമല്ല, ജീവിതത്തെ അറിയാനുള്ള ശ്രമമാണ് മുഖ്യമെന്ന് കുറച്ച് പേരെങ്കിലും തിരിച്ചറിയുന്നത്. സമൂഹത്തോടും അധ്യാപകര്‍ ഗവേഷണബുദ്ധിയോടെ ഇതുപോലുള്ള മൗലികമായ ആലോചനകള്‍ പങ്കുവെയ്ക്കണമെന്നാണല്ലോ പൊതുവെ പറയാറുള്ളത്. എങ്ങനെ നോക്കിയാലും പലതരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിദ്യാലയങ്ങളില്‍ / ക്യാമ്പസുകളില്‍ കൃത്യതയുള്ള ലൈംഗികബോധ്യങ്ങള്‍ക്കും ഇടമുണ്ട്. എന്നാല്‍ ജെന്റര്‍ സ്റ്റഡീസ് പോലുള്ള വകുപ്പുകള്‍ നമ്മുടെ സര്‍വകലാശാലകളുടെ ഭാഗമായി മാറിയ സാഹചര്യത്തില്‍പോലും ക്യാമ്പസുകള്‍ സൃഷ്ടിച്ചെടുക്കുന്ന സ്വത്വരാഷ്ട്രീയവാദികളില്‍ ലിംഗത്തെ മറികടന്ന് ചിന്തിയ്ക്കാന്‍ പറ്റിയവര്‍ എത്ര പേര്‍ കാണും? എണ്ണമെടുക്കാന്‍ വിരലുകള്‍ മതിയാവും.

ജൈവികമായ വാസന (instinct) എന്ന നിലയില്‍ ലൈംഗികത ഭൂരിപക്ഷം ശരീരങ്ങളിലും ദാഹവും വിശപ്പും പോലെ നിലനില്‍ക്കുന്നുണ്ട്; പൊതുബോധം കരുതുന്നത് പോലെ ഒരു പരിധിയിലേറെ അത് പരിപോഷിപ്പിക്കേണ്ടതില്ല, അതൊന്നുമല്ല വിദ്യാഭ്യാസ പ്രക്രിയയില്‍ ചെയ്യുന്നതും. മറിച്ച് ലൈംഗികത സംബന്ധിച്ച ചെറുപ്പം മുതലേയുള്ള ചില ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്; പല ബോധ്യങ്ങളും വികൃതമാവാതെ സൂക്ഷിക്കണമെങ്കില്‍ അക്കാദമികമായ ഇടപെടല്‍ നല്ലതുമാണ്. ഒരുപക്ഷേ ഇവിടെയാവും ലൈംഗികതയുടെ സാംസ്‌ക്കാരികതലത്തിന് പ്രസക്തിയേറുന്നത്. ഏറെ സങ്കീര്‍ണവും പ്രശ്‌നവല്‍കൃതവുമായ ഒരു കാലത്ത് ലിംഗം എങ്ങനെ തരംതിരിവിന്റെയും അരികുവല്‍ക്കരണത്തിന്റെയും മര്‍ദ്ദനത്തിന്റെയും കൊലയുടെയുമൊക്കെ ഏജന്‍സി ഏറ്റെടുക്കുന്നു എന്ന രാഷ്ട്രീയമായ അറിവാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടത്; അതുകൊണ്ടുതന്നെ ജെന്‍ഡര്‍ എജുക്കേഷന്‍ എന്ന ഒരു വ്യത്യസ്തമായ പ്രയോഗവും ആശയവും ആവും കൂടുതല്‍ അഭികാമ്യം. ലൈംഗികതയും അതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും അറിയുക എന്ന പ്രാഥമികമായ അറിവിനപ്പുറം കാലികപ്രസക്തിയുളള ഇന്‍ക്ലുസിവ് ആയ ഒരു ലൈംഗിക വീക്ഷണം വിതരണം ചെയ്യാന്‍ പാഠ്യപദ്ധതികള്‍ക്കും അധ്യാപനത്തിനും കഴിഞ്ഞാല്‍ അത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയൊരു വിജയമായിരിയ്ക്കും. ലൈംഗികതയെ "മറ്റേത്', "മസാല' എന്നീ ഓമനപ്പേരുകളില്‍ തമാശ പറയാനും പരിഹസിയ്ക്കാനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി പൊതുവേ സ്‌കൂള്‍/കോളജ് ക്യാമ്പസുകളില്‍ പരിഗണിയ്ക്കുന്നതിന് പകരം വൈജ്ഞാനികവും ക്രിയാത്മകവുമായ ഒരു വ്യവഹാരമായി അതിനെ രൂപാന്തരപ്പെടുത്തണം.
ലൈംഗിക വിദ്യാഭ്യാസം ഒരു കൂട്ടുത്തരവാദിത്തം കൂടിയാണ്. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നാവരുത്. കുടുംബം, സമൂഹം, തൊഴിലിടങ്ങള്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പൊതുമണ്ഡലങ്ങള്‍ എല്ലാം ഒരുപോലെ പിന്തുണയ്‌ക്കേണ്ട ഒരു സാംസ്‌ക്കാരിക ഉദ്യമമാണിത്; അതുകൊണ്ടുതന്നെ "പൊളിറ്റിക്കല്‍ കറക്റ്റ്‌നസി'ന്റെ ഒരു നീണ്ട നിര തന്നെ ഇക്കാര്യത്തിന് വേണ്ടിവരും, അതെങ്ങനെ സാധ്യമാകും എന്നതാണ് ഭരണകൂടം ചിന്തിക്കേണ്ടത്. കൂട്ടത്തില്‍ ശരീരസംബന്ധമായ, ലൈംഗികാരോഗ്യപരമായ ചര്‍ച്ചകളെ എതിര്‍ക്കുന്ന യാഥാസ്ഥിതിക, മതമൗലികവാദികളെയും ശ്രദ്ധിക്കേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്തമുള്ള, ആരോഗ്യകരമായ ലൈംഗിക ധാരണകളിലേയ്ക്ക് കുട്ടികളെ എത്തിയ്ക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ സധൈര്യം ആ ലക്ഷ്യം എവിടെയും പ്രഖ്യാപിയ്ക്കാം. മാറിയ നവമാധ്യമ സാഹചര്യത്തില്‍ വളരെയെളുപ്പം ലഭ്യമാകുന്ന വികലമായ അറിവുകള്‍ കൗമാരക്കാരിലുണ്ടാക്കുന്ന അപകടങ്ങളെ തടയാന്‍ ഇതു തന്നെയാണ് മാര്‍ഗം എന്നിരിക്കേ ഇത്തരം ചര്‍ച്ചകള്‍ എങ്ങനെ അധ്യാപനത്തില്‍ ഔചിത്യത്തോടെ ഉള്‍ക്കൊള്ളിക്കാം എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നു.
ജെന്റര്‍ എഡ്യുക്കേഷന്‍ എന്നൊരു പുതിയ ആശയം കൂടുതല്‍ ഇന്‍ക്ലൂസീവ് ആയിരിക്കും; കാരണം അത് മര്‍ദ്ദിതരുടെ വീക്ഷണത്തെ ഉള്‍ക്കൊള്ളുന്ന ബോധനശാസ്ത്രത്തെ സ്വാംശീകരിയ്ക്കും. ബ്രസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയര്‍ അഭിപ്രായപ്പെടുന്നതുപോലെ അധ്യാപനം ഒരു ബാങ്കിങ് സംവിധാനം പോലെ പ്രവര്‍ത്തിയ്ക്കുകയും അധ്യാപകര്‍ വെറും "നിക്ഷേപകര്‍' ആയി മാറുകയും ചെയ്യുന്ന ബോധന പ്രക്രിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇപ്പോള്‍ നടക്കുന്നതിനേക്കാള്‍ ചര്‍ച്ചകള്‍ നടക്കട്ടെ, അതില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിയ്ക്കട്ടെ, അവരോക്കെയും കുട്ടികള്‍ തന്നെയും അധ്യാപനത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗിക വിജ്ഞാനം മാത്രമല്ല, ഒരു വിഷയവും മാറ്റിനിര്‍ത്തപ്പെടുത്തുക സാധ്യമല്ല.
കവി, അധ്യാപകൻ, ഗവേഷകൻ.
Johney G Vadakel
20 Oct 2021, 08:17 PM
Very good observations.
Drisya Suresh
20 Oct 2021, 07:46 PM
Well explained sir .It is important to present a balanced and complete education about human sexuality
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 04, 2023
3 Minutes Read
Athira
21 Oct 2021, 05:07 PM
❤❤😍😍🙌🙌