ഇ-ബുൾ ജെറ്റ് : വിമർശിക്കപ്പെടേണ്ടത് ഈ കുട്ടികളല്ല

രാഷ്ട്രീയരാണ്, വിഡ്ഢികളാണ്, വിവരമില്ലാത്തവരാണ് എന്നൊക്കെയുള്ള പരിഹാസങ്ങളും പൗരബോധമില്ലാത്തവരാണെന്ന അരിശവും ഭാവിതലമുറയെക്കുറിച്ചുള്ള ആത്‌മാർത്ഥമായ ആവലാതികളും രണ്ടു വ്ളോഗർമാരുടെ അറസ്റ്റിനെത്തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ വളരെ വൈകാരികമായി ചർച്ച ചെയ്യപ്പെടുകയാണ്.

പക്ഷേ, ഈ പറഞ്ഞതെല്ലാം ചില അടിസ്ഥാന പ്രശ്നങ്ങളുടെ രോഗലക്ഷണങ്ങളാണ്. വിമർശിക്കപ്പെടേണ്ടത് അരാഷ്ട്രീയരായ കുട്ടികളോ കൗമാരക്കാരോ അല്ല. മറിച്ച്, അത്തരമൊരു സ്ഥിതിവിശേഷം എങ്ങനെ ഉടലെടുക്കുന്നു എന്നുള്ള അന്വേഷണങ്ങളാണ് നടക്കേണ്ടത്.

അരാഷ്ട്രീയത രാഷ്ട്രീയമില്ലാത്ത അവസ്ഥയല്ല. മറിച്ച് അതു മറ്റൊരു രാഷ്ട്രീയ വീക്ഷണമാണ്. സൂക്ഷ്‌മമായി നോക്കിയാൽ അരാഷ്ട്രീയത ജനാധിപത്യവിരുദ്ധതയാണെന്ന് മനസ്സിലാക്കാം. ജനാധിപത്യത്തിലുള്ള വിശ്വാസം മനുഷ്യർക്കു നഷ്ടപ്പെടുമ്പോളാണ്, അവർ അരാഷ്ട്രീയതയിലേയ്ക്കും ഫാസിസ്റ്റിക് ആയ ആശയങ്ങളിലേയ്ക്കും ആകൃഷ്ടരാകുന്നത്.

1958-ൽ നടത്തിയ ഒരു സർവേയിൽ 73 ശതമാനം ജനങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയിൽ വിശ്വാസം രേഖപ്പെടുത്തിയതെങ്കിൽ, 2021-ൽ അത് 24 ശതമാനമായി കുറയുകയാണ് ചെയ്തതെന്ന് ന്യൂയോർക്കറിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ കാണാനിടയായി.

ഇന്ത്യയിലും ഇതേ ട്രെന്റ് തന്നെ ആയിരിക്കാനാണ് സാധ്യത. ജനാധിപത്യത്തെ ജനങ്ങളിൽ നിന്നകറ്റി മുതലാളിത്തത്തിന് അടിയറ വച്ച വലതു ലിബറൽ രാഷ്ട്രീയം ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും, ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന വലതു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു അധികാരത്തിലേയ്ക്ക് വഴി വെട്ടുകയും ചെയ്തു.

ഇത് ലോകത്ത് ഒരുപാടിടങ്ങളിൽ സംഭവിച്ചു കഴിഞ്ഞു. രാഷ്ട്രീയമായി അതിനു തടയിടാൻ കഴിയുന്ന വിധം ശക്തിയുള്ള ഇടതുപക്ഷ രാഷ്ട്രീയം എവിടെയുമില്ല. ആശയപരമായി ഈ സാഹചര്യത്തെ മനസ്സിലാക്കാനോ നേരിടാനോ വലതു ലിബറൽപക്ഷത്തിനും സാധ്യമല്ല.

രാജ്യത്തിന്റെ, ലോകത്തിന്റെ തന്നെ, സാമ്പത്തിക മേഖല കൂപ്പുകുത്തി, തൊഴിലില്ലായ്‌മ പെരുകി, സുരക്ഷിതമായ തൊഴിൽ മേഖലകൾ ഏതാണ്ടില്ലാതായി, ദരിദ്രൻ കൂടുതൽ ദരിദ്രനാവുകയും, അസമത്വം മുൻപെങ്ങുമില്ലാത്ത വിധം വളരുകയും ചെയ്തു. കോവിഡ് മഹാമാരി കൂടെ വന്നതോടെ പ്രതിസന്ധികളുടെ ലിസ്റ്റ് അനന്തമായി നീളുകയാണ്.

ഈ ഒരു സാഹചര്യത്തിൽ എന്താണ് നമ്മുടെ കുട്ടികൾക്ക് സാധ്യമായ സ്വപ്നങ്ങൾ? എന്ത് പ്രതീക്ഷകളാണ് നമുക്ക് നൽകാനുള്ളത്? എന്തു ലോകമാണ് നമ്മൾ അവർക്കു വേണ്ടി തീർത്തുകൊണ്ടിരിക്കുന്നത്? എങ്ങനെയാണ് അവർക്ക് ഈ ലോകത്തെ സ്നേഹിക്കാൻ സാധിക്കുക? എങ്ങനെയാണ് ഈ വ്യവസ്ഥിതിയിൽ വിശ്വാസമുണ്ടാവുക?

നാല്പതിന്റെ തൊട്ടരുകിൽ നിൽക്കുന്ന ഒരാളന്ന നിലയ്ക്ക് അവർക്ക് നൽകാൻ യാതൊരു വാഗ്ദാനമോ പ്രതീക്ഷയോ എന്റെ പക്കൽ ഇല്ല. പിന്നെ അവരെന്നെ, എന്റെ പ്രത്യയശാസ്ത്രത്തെ, എന്റെ സംസ്കാരത്തെ, ജീവിതവീക്ഷണങ്ങളെ, ജനാധിപത്യബോധത്തെ അംഗീകരിക്കണമെന്ന് എങ്ങനെയാണ് എനിയ്ക്ക് വാശി പിടിക്കാൻ സാധിക്കുക?

ഇബുൾജെറ്റ് ഉൾപ്പെടെയുള്ള വ്ളോഗർമാരിൽ ഭൂരിഭാഗവും സാധാരണ സാമൂഹ്യപശ്ചാത്തലത്തിൽ നിന്നു വരുന്നവരാണെന്നാണ് തോന്നിയിട്ടുള്ളത്. അവരെ ഫോളോ ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും വർഗപരമായി സമാനമായ പശ്ചാത്തലത്തിൽ നിന്നാണെന്നാണ് വ്ളോഗുകൾ നിരീക്ഷിക്കുന്ന ആളെന്ന നിലയിലും ഇന്നലെ മുതൽ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ നിന്നും ഗണിക്കാൻ സാധിക്കുന്നത്.

സിനിമ പോലുള്ള മേഖലകളിൽ ഉള്ളവരോട് ഉണ്ടാകുന്നത് ആരാധനയാണെങ്കിൽ ഇവിടെ കാണുന്നത് ബ്രദർഹുഡിനു സമാനമായ ഫാൻഫോളോയിങ്ങാണ്. വർഗപരമായ താദാത്മ്യപ്പെടൽ അവിടെ പ്രതിഫലിക്കുന്നത് കാണാൻ സാധിക്കും. അവർക്കിടയിൽ നിന്നും അവരെപ്പോലൊരാൾ ആരുടേയും സഹായമില്ലാതെ അവർക്കു കൂടി സാധ്യമാകുമെന്ന പ്രതീക്ഷ നൽകിക്കൊണ്ട് കാശു സമ്പാദിക്കുകയും ജീവിതം "ചിൽ' ചെയ്യുകയും ചെയ്യുന്നതാണ് കാണുന്നത്. അതൊട്ടും തന്നെ ചെറിയ പ്രലോഭനമോ, പ്രചോദനമോ അല്ല.

അതോടൊപ്പം വളരെ മോശം പ്ളഷർ ഇൻഡക്സ് ആദ്യമേയുള്ള, കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മോശമാവുക കൂടി ചെയ്ത, ഒരു സമൂഹത്തിൽ ഇവർ സമ്മാനിക്കുന്ന പ്ളഷർ കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. യാത്ര ചെയ്യാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും കൂട്ടു കൂടാനും പ്രണയിക്കാനും എല്ലാവർക്കും പറ്റുന്ന ഒരു കാലത്ത് ചിലപ്പോൾ അതിന്റെ ആവശ്യമുണ്ടാകില്ലായിരിക്കാം.

മനുഷ്യന്റെ ജീവിതത്തെ എല്ലാ രീതിയിലും പ്രതിസന്ധിയിലാക്കിയ ഒരു വ്യവസ്ഥിതിയേയും അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രത്തേയും അതു പകരുന്ന മൂല്യങ്ങളേയും ചെറുത്തുകൊണ്ടല്ലാതെ ഇത്തരം പ്രവണതകളെ തടയാൻ ആകില്ല. ജനാധിപത്യം മുതലാളിത്തം കൈയടക്കിയ, ആനന്ദം വിപണിയിലെ ചരക്കു മാത്രമാകുന്ന, മനുഷ്യനെ അപ്രസക്തമാക്കിയ, പ്രതീക്ഷകൾ വരണ്ടുപോയ കാലത്ത് ദരിദ്രരായ കുട്ടികൾ ഇബുൾജെറ്റിനു പിന്നാലെ പോകം. രോഗം ഇബുൾജെറ്റല്ല. അതൊരു രോഗലക്ഷണം മാത്രമാണ്.

Comments