'ആദ്യത്തെ അന്ധാളിപ്പിന് ശേഷം വാരിക തുറന്ന് എപ്പോഴും ചെയ്യുന്നത് പോലെ അവസാനത്തെ പേജുകളില്‍ ആകാംക്ഷയോടെ കണ്ണോടിച്ചു. എന്റെ സ്വന്തം പംക്തി. അതും മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാരികയില്‍.' എഴുത്തുകാരനാകാന്‍ ആഗ്രഹിച്ച തന്റെ ജീവിതത്തിലെ ആ നിര്‍ണായക നിമിഷത്തെക്കുറിച്ച് ഷാജഹാന്‍ മാടമ്പാട്ട് എഴുതുന്നു. കലഹങ്ങള്‍ കുതൂഹലങ്ങള്‍: ഒരു മാപ്പിളയുടെ ലോക ജീവിതം - എന്ന പരമ്പരയുടെ ആറാം ഭാഗം
16 Jul 2020, 10:20 AM
ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സില്‍ ജോലി ചെയ്യുന്ന കാലത്ത് ഏതാനും വര്‍ഷം എന്‍.പി ഹാഫിസ് മുഹമ്മദ് ഓണററി എഡിറ്ററും ഞാന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായി "ആശയസമന്വയം' എന്ന പേരില്‍ ഒരു മാസിക കോഴിക്കോട്ടു നിന്ന് പുറത്തുവന്നിരുന്നു. അതിന്റെ കഥ പിന്നീട് പറയാം. 1997 മുതല്‍ മൂന്നു കൊല്ലത്തോളം പുറത്തുവന്ന "സമന്വയ'ത്തിന്റെ കാലത്താണ് എന്‍.പി. മുഹമ്മദുമായി പരിചയപ്പെടുന്നത്. ഹാഫിസ് സാറും ഞാനുമായുള്ള അടുപ്പമാണ് അതിന് നിമിത്തമായത്. എന്റെ എഴുത്തിനെയും വായനയെയും ചിന്തയെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാള്‍ എന്‍.പിയായിരുന്നു. അക്കാലത്ത് അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹകസമിതിയില്‍ അംഗമാണ്. അതിന്റെ യോഗങ്ങള്‍ക്കായി രണ്ടു മാസത്തില്‍ ഒരിക്കലെങ്കിലും ഡല്‍ഹിയില്‍ വരും. വിമാനത്താവളത്തില്‍ നിന്ന് എന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്തുകൊണ്ടുവരുന്നത് മുതല്‍ തിരിച്ചു വിമാനത്താവളത്തില്‍ കൊണ്ട് വിടുന്നത് വരെ ഞാന്‍ കൂടെയുണ്ടാവും. ആഴവും പരപ്പുമുള്ള, നര്‍മ്മവും കുസൃതിയും നിറഞ്ഞ, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുക വലിയൊരനുഭവമായിരുന്നു. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അകലെ നിന്ന് കാണുമ്പോള്‍ പരുക്കന്‍ പ്രകൃതം. അടുത്താലോ സ്‌നേഹത്തിന്റെ നിറകുടം. വരുമ്പോഴൊക്കെ ഞാന്‍ വായിച്ചാല്‍ മാത്രം പോരാ എഴുത്തിലും സജീവമാകണമെന്ന് ഉപദേശിക്കും. കേരളത്തിലെ മുജാഹിദ് സംഘടനയുടെ യുവജിഹ്വയായ ശബാബിലും ചന്ദ്രികയിലും മാത്രമാണ് ഞാനത് വരെ എഴുതിയിട്ടുള്ളത്. മുഖ്യധാരാപ്രസിദ്ധീകരണങ്ങളില്‍ എഴുതാനാഗ്രഹമുണ്ടായിരുന്നെങ്കിലും അതിനവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മാത്രവുമല്ല ഡോക്ടറേറ്റിനുള്ള ഗവേഷണവും (ഇന്നും അപൂര്‍ണം) ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്ന തിരക്കില്‍ എഴുതാനൊന്നും സമയവുമുണ്ടായിരുന്നില്ല.
ഒരിക്കല്‍ എന്‍.പി ഡല്‍ഹിയില്‍ വന്നപ്പോള്‍ എന്നോട് എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തെപ്പറ്റി എന്താണഭിപ്രായമെന്നു ചോദിച്ചു. ഞാന്‍ ചെറുപ്പം മുതലേ വായിക്കുന്ന പംക്തിയാണ്. പുതിയ പുസ്തകങ്ങളെക്കുറിച്ചു എന്റെ തലമുറയും അതിന് മുമ്പുള്ള തലമുറയും അറിഞ്ഞിരുന്നത്

ഫോട്ടോ: കേരള സാഹിത്യ അക്കാദമി
സാഹിത്യവാരഫലത്തില്‍ നിന്നായിരുന്നു. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലം കലാകൗമുദിയില്‍ നിന്ന് സമകാലികമലയാളം വാരികയിലേക്ക് മാറ്റിയ ഉടനെയാണ് ഈ സംഭാഷണം നടക്കുന്നത്. എസ് ജയചന്ദ്രന്‍ നായര്‍ കൗമുദി വിട്ട് മലയാളത്തിന്റെ പത്രാധിപരായപ്പോള്‍ കൃഷ്ണന്‍ നായരും കൂടെപ്പോകുകയായിരുന്നു. അറബി വായിക്കുന്നത് പോലെയായിരുന്നു ആളുകള്‍ കലാകൗമുദി വായിച്ചിരുന്നത്. വലത്ത് നിന്ന് ഇടത്തോട്ട്. അവസാനത്തെ നാല് പേജിലായിരുന്നല്ലോ വാരഫലം. വാരിക കിട്ടിയാല്‍ മിക്കവരും ആദ്യം വായിച്ചിരുന്നത് അതായിരുന്നു. പംക്തിയുടെ കടുത്ത വിമര്‍ശകര്‍ പോലും. അത്ര മാത്രം ജനപ്രിയമായിരുന്നു സാഹിത്യവാരഫലം. നാല്‍പ്പത് കൊല്ലത്തോളം ഒരു പംക്തി പ്രതിവാരം എഴുതുക എന്നത് തന്നെ ഒരു വിസ്മയമാണ്. അത്ര കാലവും അതിന്റെ ജനപ്രിയത നിലനിര്‍ത്തുക എന്നത് എഴുത്തിന്റെ ചരിത്രത്തിലെ തന്നെ ഒരപൂര്‍വതയും. വാരഫലം കൂറുമാറിയതോടെ കലാകൗമുദി വലിയ പ്രതിസന്ധിയിലായി. അതുവരെ സഹപത്രാധിപരായിരുന്ന എന്‍.ആര്‍.എസ് ബാബുവാണ് ജയചന്ദ്രന്‍ നായര്‍ക്ക് ശേഷം എഡിറ്ററായത്. അദ്ദേഹവും എന്‍.പിയും തമ്മില്‍ വലിയ കൂട്ടായിരുന്നു. "കഴിഞ്ഞ കുറെ ആഴ്ചകളായി കൃഷ്ണന്‍ നായരുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാബു. മലയാളത്തിലെ വലിയ പല എഴുത്തുകാരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.പി അപ്പനടക്കം. ബാബുവിന് പക്ഷെ അതില്‍ താല്പര്യമില്ല. പ്രശസ്തരായ എഴുത്തുകാരാവുമ്പോള്‍ പംക്തിയുടെ ഉള്ളടക്കവും ശൈലിയുമൊക്കെ പ്രവചനീയമായിപ്പോകും. സാംസ്‌കാരികനായകനെന്ന ചീത്തപ്പേരുള്ള ആരെയും ബാബുവിന് വേണ്ട! അയാള്‍ക്ക് വേണ്ടത് പുതിയ ഒരാളെയാണ്. ഞാനും ബാബുവുമായി കുറെ ദിവസങ്ങളായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുകയായിരുന്നു,' എന്‍.പി പറഞ്ഞു.
എന്‍.പിയുടെ മറുപടിയിലെ ആജ്ഞാധ്വനി കൂടുതല്‍ തര്‍ക്കിക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചു. തിരിച്ചുവന്ന് ലീനയോടും മറ്റു ചില സുഹൃത്തുക്കളോടും ചര്‍ച്ച ചെയ്തപ്പോള്‍ അവരെല്ലാം പ്രോത്സാഹനസ്വരത്തിലാണ് പ്രതികരിച്ചത്. ഈ അസുലഭാവസരം ഒരു നിലയ്ക്കും കളഞ്ഞു കുളിക്കരുതെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞു.
ഇതെല്ലാം വള്ളി പുള്ളി വിടാതെ എന്നോട് പറയുന്നതെന്തിനെന്നാണ് ഞാനാലോചിച്ചത്. പുതിയൊരാളാണ് ഉചിതം എന്ന അഭിപ്രായം എനിക്കും ശരിയായി തോന്നി. ആരെയെങ്കിലും കണ്ടെത്തിയോ എന്ന് ഞാന്‍ ചോദിച്ചു. ഇതിനു പറ്റിയ പലരും ജെ.എന്‍.യുവിലുണ്ടല്ലോ എന്നോര്‍ക്കുകയും ചെയ്തു. മാത്യു ജോസഫിന്റെ പേരാണ് ആദ്യം മനസ്സില്‍ വന്നത്. സാഹിത്യ സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ അതിമനോഹരമായ മലയാളത്തില്‍ എഴുതാന്‍ കഴിയുന്ന മാത്യുവിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആലോചിച്ചു. ഞാന്‍ പറഞ്ഞുതുടങ്ങുന്നതിന്റെ മുമ്പ് തന്നെ എന്‍.പി പറഞ്ഞു: "നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബാബുവും ഞാനും ആളെ കണ്ടെത്തി. തീരുമാനമെടുക്കുകയും ചെയ്തു. ഷാജഹാനാണ് ആ പംക്തി ചെയ്യാന്‍ പോകുന്നത്.' ഞാന്‍ അന്ധാളിച്ചു പോയി. എന്‍.പി തമാശ പറയുകയാണെന്നാണ് ഞാന്‍ കരുതിയത്. കൃഷ്ണന്‍ നായരുടെ അവസാന നാലുപുറങ്ങളായിരുന്നു പതിറ്റാണ്ടുകളോളം കലാകൗമുദിയുടെ പ്രധാന ആകര്‍ഷണം. ആ ഇടത്തിലേക്ക് വരാനുള്ള അറിവോ അനുഭവപരിചയമോ എനിക്കില്ലെന്ന് മാത്രമല്ല പ്രതിവാരം നാല് പേജിലേക്ക് വേണ്ട ഉള്ളടക്കം തയ്യാറാക്കാനുള്ള അച്ചടക്കം എനിക്കൊട്ടുമില്ല. എനിക്കിത് പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. "അതിന് ഞാന്‍ ഷാജഹാന്റെ സമ്മതം ചോദിച്ചില്ലല്ലോ. ഇത് ഞങ്ങള്‍ എടുത്തു കഴിഞ്ഞ തീരുമാനമാണ്,' എന്‍.പിയുടെ മറുപടിയിലെ ആജ്ഞാധ്വനി കൂടുതല്‍ തര്‍ക്കിക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചു. തിരിച്ചുവന്ന് ലീനയോടും മറ്റു ചില സുഹൃത്തുക്കളോടും ചര്‍ച്ച ചെയ്തപ്പോള്‍ അവരെല്ലാം പ്രോത്സാഹനസ്വരത്തിലാണ് പ്രതികരിച്ചത്. ഈ അസുലഭാവസരം ഒരു നിലയ്ക്കും കളഞ്ഞു കുളിക്കരുതെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞു.
അവസരം നഷ്ടപ്പെടുത്തരുതെന്ന് എനിക്കും തോന്നി. പക്ഷെ ഇതെനിക്ക് ചെയ്യാനാവുമോ എന്ന ഭീതി മറികടക്കാനാവുന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞു എന്‍.പി നാട്ടിലേക്ക് തിരിച്ചു പോയി. പോകുന്നതിന് മുമ്പ് പംക്തി ഉടനെ തുടങ്ങണമെന്ന അന്ത്യശാസനം തരികയും ചെയ്തു. ഞാനന്ന് രാത്രി ബാബു സാറിനെ ഫോണ്‍ ചെയ്തു. അദ്ദേഹവുമായി ഒരു മുന്‍പരിചയവുമില്ല. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ കുശലാന്വേഷണങ്ങളൊന്നുമില്ല. "ഞാന്‍ ഷാജഹാന്റെ ഫോണ്‍ കാത്തിരിക്കുകയായിരുന്നു. കോളം എപ്പോഴാണ് തുടങ്ങുന്നത്? ഉടനെ വേണം.' പട പേടിച്ചു പന്തളത്തു പോയപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പറഞ്ഞ സ്ഥിതി. പറഞ്ഞതെന്തായാലും ബാബു സാറിന്റെ ശബ്ദത്തിലെ അഗാധമായ സ്‌നേഹം ശ്രദ്ധിക്കാതിരിക്കാനായില്ല. എന്റെ ജീവിതത്തില്‍ എനിക്കേറ്റവും ആദരവും ആരാധനയും തോന്നിയ ഒരാളോടുള്ള ആദ്യസംഭാഷമാണതെന്ന് അപ്പോഴെനിക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു: "ബാബു സാര്‍, ഞാന്‍ പരീക്ഷണാര്‍ത്ഥം ഒരു സാധനമെഴുതി അയക്കാം. അത് സാറിനിഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ നമുക്ക് വഴിയേ തീരുമാനിക്കാം.' സാര്‍ എന്‍.പിയ്ക്ക് പഠിക്കുകയാണെന്ന് തോന്നിപ്പിച്ച മറുപടി ഉടനെ വന്നു: "ഷാജഹാന്‍ അയക്കൂ. തീരുമാനം ഞാനും എന്‍.പിയും എപ്പോഴേ എടുത്തു കഴിഞ്ഞതല്ലേ!' അതിനടുത്ത മൂന്നു ദിവസം ഉറക്കത്തിലും ഉണര്‍ച്ചയിലും ഒരേ കാര്യം മാത്രം മനസ്സില്‍. എന്തെഴുതും? എങ്ങനെ എഴുതും? എങ്ങനെ എഴുതിയാലും എല്ലാവരും താരതമ്യം ചെയ്യാന്‍ പോവുന്നത് കൃഷ്ണന്‍ നായരുമായി. ആ താരതമ്യത്തെ അതിജീവിക്കാനുള്ള കോപ്പ് എന്റെ കയ്യിലില്ല എന്ന് എനിക്ക് നന്നായറിയാം. സാഹിത്യവാരഫലവുമായി സാദൃശ്യമുണ്ടായാല്‍ അനുകരണാരോപണം നേരിടേണ്ടി വരും. പൂര്‍ണമായും വ്യത്യസ്തമായാല്‍ അത് വായനക്കാര്‍ക്കിഷ്ടമാവുമോ എന്ന ആശങ്ക. ആകപ്പാടെ അസ്വസ്ഥത. അമ്പരപ്പ്. അതേ സമയം മഹാമനീഷികളായ എന്‍.പിയും ബാബുസാറും എന്നിലര്‍പ്പിച്ച അന്ധമായ വിശ്വാസം മനസ്സില്‍ സന്തോഷവും അഭിമാനവും നിറച്ചു. മുഖ്യധാരാമാധ്യമങ്ങളില്‍ അതുവരെ ഒരു വരി എഴുതാത്ത ഒരാള്‍ 28 വയസ്സില്‍ ഇതിഹാസസമാനമായ ഖ്യാതിയും പ്രാധാന്യവുമുള്ള ഒരതികായന്റെ പിന്‍ഗാമിയാകാന്‍ നിയോഗിതനാവുക. ശബാബ് വാരികയില്‍ "ദല്‍ഹി വിശേഷങ്ങള്‍' എന്ന പേരില്‍ കുറച്ചു കാലം ഒരു പംക്തി എഴുതിയത് മാത്രമാണ് കോളമെഴുത്തില്‍ മുന്‍പരിചയം. ആ കോളത്തിന് കാരണഭൂതന്‍ അബൂബക്കര്‍ കാരക്കുന്ന് എന്ന ദീര്‍ഘകാലം എന്റെ മേല്‍ ആല്‍മരം പോലെ തണല്‍ വിരിക്കുകയും മഞ്ഞു പോലെ സ്‌നേഹം വര്‍ഷിക്കുകയും ചെയ്ത വലിയ

മനുഷ്യനായിരുന്നു. അദ്ദേഹം ഇന്ന് ഈ ലോകത്തില്ല. കാരക്കുന്നിനെക്കുറിച്ചു ഒരുപാട് പറയാനുണ്ട്. പിന്നീടാവട്ടെ. മൂന്നാലു ദിവസത്തെ കഠിനമനനവും അപൂര്‍വം ചില സ്‌നേഹിതന്മാരോടുള്ള ചര്‍ച്ചയും പംക്തിയുടെ രൂപഭാവങ്ങളെപ്പറ്റി ഒരേകദേശവ്യക്തത നല്‍കി. ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിലെ ജോലിയുള്ളതിനാല്‍ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളെക്കുറിച്ചെഴുതാന്‍ പ്രയാസമുണ്ടാവില്ല എന്നും ഉറപ്പിച്ചു. കൃഷ്ണന്‍ നായരെ ഒറ്റക്കാര്യത്തിലാണ് അനുകരിക്കാന്‍ തീരുമാനിച്ചത്. പംക്തിയുടെ ഓരോ ലക്കത്തിലും നാലോ അഞ്ചോ വ്യത്യസ്ത
വിഷയങ്ങളെക്കുറിച്ചെഴുതുന്നതാണ് ഒരേ കാര്യത്തെക്കുറിച്ചു നാല് പുറങ്ങളെഴുതുന്നതിനേക്കാള്‍ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുക. അതുകൊണ്ട് അക്കാര്യത്തില്‍ വാരഫലത്തിന്റെ രീതി തന്നെ പിന്തുടരാന്‍ തീരുമാനിച്ചു. പംക്തിയില്‍ പരാമര്‍ശിക്കുന്ന പുസ്തകങ്ങളുടെ കാര്യത്തില്‍ കൃഷ്ണന്‍ നായരുടെ പതിവിന് തികച്ചും വിപരീതമായ ഒരു വഴിയാണ് ഞാന്‍ സ്വീകരിച്ചത്. വാരഫലം പൊതുവെ കേന്ദ്രീകരിക്കുന്നത് ലോകത്തെ മുഖ്യധാരാ സാഹിത്യ സൃഷ്ടികളിലാണ്. അതിന് പകരം സാമൂഹ്യശാസ്ത്രവിഷയങ്ങളിലുള്ള പുസ്തകങ്ങള്‍, മുഖ്യധാരയ്ക്കു പുറത്തുള്ള ശ്രദ്ധേയമായ സൃഷ്ടികള്‍, നൂതനമായ ആശയങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമം, കേരളത്തിന്റെ ബൗദ്ധിക സാംസ്‌കാരികമണ്ഡലത്തെക്കുറിച്ചുള്ള ചിലപ്പോഴൊക്കെ പ്രകോപനപരമായ നിരീക്ഷണങ്ങള്‍ - ഇത്തരം ചില സംഗതികളായിരിക്കണം പംക്തിയുടെ അനന്യതയെന്നു തുടക്കത്തിലേ നിശ്ചയിച്ചു. വാരഫലത്തില്‍ നിന്ന് അകം പുറം വ്യത്യസ്തമായ മറ്റൊരു സംഗതി രാഷ്ട്രീയമായിരുന്നു. വാരഫലം പൂര്‍ണമായും അരാഷ്ട്രീയമാണ്. ശുദ്ധലാവണ്യവാദമായിരുന്നു അതിന്റെ പൊതുഭാവം. അകം പുറമാകട്ടെ തീക്ഷ്ണമായ രാഷ്ട്രീയ നൈതിക നിലപാടുകള്‍ മൂലമാണ് ശത്രുക്കളെ സൃഷ്ടിച്ചത്, മിത്രങ്ങളെയും. വിലയിരുത്തിയ സാഹിത്യകൃതികളുടെ ലാവണ്യപരമായ ശക്തിദൗര്‍ബ്ബല്യങ്ങളെക്കാള്‍ രാഷ്ട്രീയനൈതിക സമീപനമായിരുന്നു എന്റെ വിശകലനബിന്ദു.
ഒരു നിമിഷത്തേക്ക് സ്ഥലജലവിഭ്രമം ബാധിച്ച അവസ്ഥയില്‍ ഞാന്‍ അമ്പരന്ന് നിന്ന് പോയി. കണ്ണുകള്‍ സജലങ്ങളായി. സന്തോഷമോ സങ്കടമോ എന്തൊക്കെയോ വികാരങ്ങള്‍ മനസ്സില്‍. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരസുലഭനിമിഷം.
ഒരാഴ്ചക്കുള്ളില്‍ ഞാന്‍ "പരീക്ഷണസാധനം' എഴുതി ബാബു സാറിന് ഫാക്സ് ചെയ്തു. സാറിന്റെ അഭിപ്രായമറിയിക്കണമെന്നും അതിനനുസരിച്ചു തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നും പറഞ്ഞു ഒരു ഈമെയിലുമയച്ചു. അത് കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം ഞാന്‍ അവധിക്കായി കേരളത്തിലേക്ക് തിരിച്ചു.
നാട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞിട്ടും ബാബു സാറിന്റെ മറുപടി വന്നില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ല എന്ന് ഞാനുറപ്പിച്ചു. ബാബു സാറിനെയോ എന്‍.പിയേയോ വിളിച്ചു ചോദിക്കാനുള്ള ധൈര്യം തോന്നിയതുമില്ല. ആകപ്പാടെ ഒരു ചമ്മല്‍. അന്ന് മൊബൈല്‍ ഫോണൊന്നും വന്നിട്ടില്ല. നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞ് കുറെ സുഹൃത്തുക്കളെ ഞാന്‍ താനാളൂരിലെ വീട്ടില്‍ രാത്രി ഭക്ഷണത്തിനു ക്ഷണിച്ചു. നാട്ടില്‍ വരുമ്പോഴുള്ള സ്ഥിരം പതിവാണത്. ഡോ. എം.കെ. മുനീര്‍, കുട്ടി അഹ്മദ് കുട്ടി, എം.ഐ. തങ്ങള്‍, അബൂബക്കര്‍ കാരക്കുന്ന് തുടങ്ങി ഒരു പതിനഞ്ചു പേരെയെങ്കിലും ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ സംഭാഷണം പലപ്പോഴും രാത്രി രണ്ടു മൂന്നു മണി വരെ നീളും.
ഡോ. മുനീര്‍ പകല്‍ സമയത്ത് താനാളൂര്‍ കണ്ടിരിക്കാന്‍ സാധ്യത കുറവാണ്! കുട്ടി അഹ്മദ് കുട്ടി സാഹിബ് ഒഴികെ എല്ലാവരും ആറ് മണിയോടെ എത്തി. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാണ് അദ്ദേഹം വന്നത്. വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ ഒരല്പം പരിഭവത്തോടെ അദ്ദേഹം പറഞ്ഞു: "ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം നീ എന്താ ഫോണില്‍ വിളിച്ചപ്പോള്‍ പറയാതിരുന്നത്?' എനിക്ക് കാര്യം പിടി കിട്ടിയില്ല. അപ്പോഴദ്ദേഹം കലാകൗമുദി വാരിക എന്റെ നേരെ നീട്ടി. അവിശ്വസനീയതയോടെ ഞാനതിന്റെ കവറില്‍ കണ്ണോടിച്ചു. "പുതിയ പംക്തി. അകം പുറം: പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ഒരു പുതിയ ലോകം. ഷാജഹാന്‍ മാടമ്പാട്ട്.' ഒരു നിമിഷത്തേക്ക് സ്ഥലജലവിഭ്രമം ബാധിച്ച അവസ്ഥയില്‍ ഞാന്‍ അമ്പരന്ന് നിന്ന് പോയി. കണ്ണുകള്‍ സജലങ്ങളായി. സന്തോഷമോ സങ്കടമോ എന്തൊക്കെയോ വികാരങ്ങള്‍ മനസ്സില്‍. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരസുലഭനിമിഷം. അതിന് സാക്ഷ്യം വഹിക്കാന്‍ എന്നെ എപ്പോഴും എഴുത്തിന്റെ കാര്യത്തില്‍ പ്രോത്സാഹിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു പോന്ന, സ്വന്തം നിലയ്ക്ക് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ തങ്ങളുടെ ഇടം നേടിക്കഴിഞ്ഞ പ്രിയപ്പെട്ട ചില സുഹൃത്തുക്കളും. ആദ്യത്തെ അന്ധാളിപ്പിന് ശേഷം വാരിക തുറന്നു എപ്പോഴും ചെയ്യുന്നത് പോലെ അവസാനത്തെ പേജുകളില്‍ ആകാംക്ഷയോടെ കണ്ണോടിച്ചു. എന്റെ സ്വന്തം പംക്തി. അതും മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാരികയില്‍. മാതൃഭൂമിയിലോ കലാകൗമുദിയിലോ സ്വന്തം സൃഷ്ടി അച്ചടിച്ച് വരുന്നതാണ് അന്നൊക്കെ ഒരാള്‍ മുഖ്യധാരാ എഴുത്തുകാരനാവുന്നതിന്റെ പുണ്യമുഹൂര്‍ത്തം. അന്ന് രാത്രി ഞങ്ങള്‍ ആഘോഷിച്ചു. എന്നെ ആദ്യമായി പ്രസിദ്ധീകരിച്ച എഡിറ്ററായ, നിര്‍ബന്ധിച്ചു നിരന്തരമായി എഴുതിപ്പിച്ചു കൊണ്ടിരുന്ന, എന്നെ ആദ്യമായി എഡിറ്ററാക്കിയ (ആശയ സമന്വയം)

അബൂബക്കര്‍ കാരക്കുന്നിന്റെ സാന്നിധ്യം ആ രാത്രിയുടെ ആഹ്ലാദത്തിന് മിഴിവ് കൂട്ടി. കാരക്കുന്ന് പോലെ എം.ഐ തങ്ങളും നിത്യശാന്തി പൂകി. ഇന്ന് കൂടെയില്ലാത്ത ഈ രണ്ടു പേരും ഞാനും ആരുടേയും ശല്യമില്ലാതെ സംസാരിക്കാന്‍ മാത്രമായി പലവട്ടം ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ട്! ചരിത്രപണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന തങ്ങള്‍ നീണ്ട കാലം ചന്ദ്രിക പത്രത്തിന്റെ പത്രാധിപരായിരുന്നു. അന്തരിക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
പിറ്റേദിവസം രാവിലെ ഞാന്‍ ബാബു സാറിനെ വിളിച്ചു. അഭിപ്രായമറിയാനല്ലേ ഞാനയച്ചത് ഇത്ര പെട്ടെന്ന് തന്നെ തുടങ്ങുമെന്ന് വിചാരിച്ചില്ലല്ലോ എന്ന് പറഞ്ഞു. "അത് സാരമില്ല. ഇനി മുതല്‍ എല്ലാ ചൊവ്വാഴ്ചയും സാധനം ഇവിടെ എത്തിയിരിക്കണം.' "അകം പുറം' എന്ന പേര് പംക്തിക്കിട്ടത് ബാബു സാര്‍ തന്നെയാണ്. പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് കോളത്തിന്റെ പേര് ഞാനറിയുന്നത് തന്നെ. അകം കവിതകള്‍ പുറം കവിതകള്‍ എന്ന സംഘ സാഹിത്യസങ്കല്പം അറിയുമായിരുന്നു. അതാണോ ബാബു സാറിനെ പേരിടാന്‍ പ്രേരിപ്പിച്ചത് എന്നറിയില്ല. ഇതുവരെ ചോദിച്ചിട്ടുമില്ല. ഏകദേശം നാല് കൊല്ലം "അകം പുറം' എഴുതി. ഓരോ ആഴ്ചയും നാല് പുറങ്ങള്‍ നിറക്കാന്‍ മാത്രം എഴുതുക എളുപ്പമായിരുന്നില്ല. ഓരോ ആഴ്ചയും കോളം വായിച്ചു എന്‍.പി കത്തെഴുതും. ചിലപ്പോള്‍ അങ്ങേയറ്റത്തെ പ്രശംസ. ചിലപ്പോള്‍ ശകാരം. "ഈ ആഴ്ച അകം പുറം പരമബോറായിരുന്നു' എന്ന മട്ടിലുള്ള കത്തുകളും കുറവായിരുന്നില്ല! അപൂര്‍വം ചില ആഴ്ചകളില്‍ അയക്കാന്‍ വൈകിയിട്ടുണ്ട്. ഒരിക്കല്‍ പോലും മുടക്കിയിട്ടില്ല എന്നാണോര്‍മ്മ.
വൈകിയതിന് ക്ഷമ ചോദിച്ചു ബാബു സാറിന് മെയിലയ്ക്കുമ്പോള്‍ വന്നിരുന്ന മറുപടികള്‍ രസകരങ്ങളായിരുന്നു. "My dearest Shaj, my deadlines are not deadly' എന്നിങ്ങനെയുള്ള സ്‌നേഹത്തിലും വാത്സല്യത്തിലും ചാലിച്ച എഴുത്തുകള്‍. എഴുതിയത് വേണ്ടത്ര നന്നായില്ല എന്ന് തോന്നിയാല്‍ കരുതലോടെയുള്ള ഉപദേശങ്ങള്‍. ഇടക്കപ്രതീക്ഷിതമായി ഒരു ഫോണ്‍ വിളി. തിരുവനന്തപുരത്തു വരുമ്പോള്‍ വിശദമായ സംഭാഷണങ്ങള്‍. പൊതുവെ അന്തര്‍മുഖനായ ബാബു സാര്‍ അധികം ആളുകളുമായി കൂട്ടുകൂടുന്നത് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. പ്രതിഭാശാലിയായ പത്രാധിപര്‍, സൂക്ഷ്മദൃക്കായ സാമൂഹ്യനിരീക്ഷകന്‍, കഴിവുറ്റ വിവര്‍ത്തകന്‍, കറകളഞ്ഞ മതനിരപേക്ഷവാദി - ഇതൊക്കെയാണ് ബാബു സാര്‍. നാല് കൊല്ലം കോളമെഴുതി എന്നതിനേക്കാള്‍ നാല് കൊല്ലം ബാബു സാറോട് അടുത്തിടപഴകാന്‍ പറ്റിയതാണ് അകം പുറം മൂലം എനിക്കുണ്ടായ ഭാഗ്യം.
തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിന്റെ എതിര്‍വശത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഒരു വൈകുന്നേരം ദോശ കഴിക്കാന്‍ കയറി. അപ്പോഴതാ തൊട്ടു മുമ്പില്‍ സാക്ഷാല്‍ എം കൃഷ്ണന്‍ നായര്‍! ഞാന്‍ ചെന്ന് പരിചയപ്പെടുത്തി. "പിന്‍ഗാമി അല്ലെ?' എന്നായിരുന്നു ആദ്യപ്രതികരണം.
കോളമെഴുത്തു തുടങ്ങിയതോടെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിലെ ജോലിയ്ക്ക് പുതിയൊരു മാനം കൈവന്നു. ഓരോ പുസ്തകം കാണുമ്പോഴും ഇതകംപുറത്തില്‍ പരാമര്‍ശിക്കാന്‍ പറ്റുമോ എന്നാലോചിക്കും. ഏറ്റവും സന്തോഷമുള്ള കാര്യം മലയാളത്തിലെ എഴുത്തുകാരില്‍ പലരും തങ്ങളുടെ പുതിയ പുസ്തകങ്ങള്‍ എന്റെ പേരില്‍ കലാകൗമുദിയിലേക്ക് അയക്കാന്‍ തുടങ്ങിയതായിരുന്നു. കൂടെ അവരുടെ കത്തുകളുമുണ്ടാവും. അങ്ങനെയാണ് കേരളത്തിലെ സാഹിത്യരംഗത്തെ പലരുമായും ആദ്യമായി പരിചയപ്പെടുന്നത്. വാങ്ങിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ ബില്ലയച്ചു കൊടുത്താല്‍ കലാകൗമുദി കാശ് തരുന്നത് മൂലം എന്റെ പുസ്തകശേഖരവും ഇക്കാലത്തു നന്നായി വളര്‍ന്നു. പംക്തി തുടങ്ങി അഞ്ചാറു മാസം കഴിഞ്ഞു ഞാന്‍ വീണ്ടും കേരളത്തില്‍ വന്നു. തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിന്റെ എതിര്‍വശത്തുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ഒരു വൈകുന്നേരം ദോശ കഴിക്കാന്‍ കയറി. അപ്പോഴതാ തൊട്ടു മുമ്പില്‍ സാക്ഷാല്‍ എം കൃഷ്ണന്‍ നായര്‍! ഞാന്‍ ചെന്ന് പരിചയപ്പെടുത്തി. "പിന്‍ഗാമി അല്ലെ?' എന്നായിരുന്നു ആദ്യപ്രതികരണം. അല്‍പനേരം സൗഹൃദപൂര്‍വം സംസാരിച്ചു. "അകം പുറം ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. എനിക്കിഷ്ടപ്പെട്ടു.' എനിക്ക് തരാന്‍ എന്തെങ്കിലും ഉപദേശമുണ്ടോ എന്ന് ഞാന്‍. "നിങ്ങളുടെ എഴുത്തില്‍ അഹങ്കാരമെന്ന് തോന്നാവുന്ന ഒരു ഭാവമുണ്ട്.

photo/ml.sayahna.org
അതഹങ്കാരമല്ല അഹംബോധമാണ്. അതൊരിക്കലും കൈവിടരുത്,' ഇത്രയും പറഞ്ഞു അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. (ഞാന്‍ ഡയറി എഴുതാറില്ല. ഈ വാചകങ്ങളെല്ലാം ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്.)
വിമര്‍ശനാത്മകതയുടെ ഏറ്റവും വലിയ ആള്‍രൂപത്തില്‍ നിന്ന് ശ്ലാഘ ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഞാന്‍ ഒരു മാത്ര സ്വയം മറന്നു പോയി. അകം പുറം എഴുത്തുമായി ബന്ധപ്പെട്ട ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മയും മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന ആ ഹ്രസ്വസമാഗമം തന്നെ.
2003-ല്‍ "അകം പുറം: അക്ഷരം സംസ്‌കാരം സംവേദനം' എന്ന പേരില്‍ പംക്തികളുടെ സമാഹാരം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. രാമചന്ദ്രഗുഹയാണ് ഷാഹിദ് അമീന് ആദ്യപ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചത്. പുസ്തകത്തിന്റെ മുഖവുരയില്‍ ഞാന്‍ ഇങ്ങനെ എഴുതി: "നിക്ഷ്പക്ഷത ഇപ്പുസ്തകത്തിന്റെ ഗുണങ്ങളിലൊന്നല്ല. പക്ഷം പിടിക്കാന്‍ നട്ടെല്ലില്ലാത്തവര്‍ക്ക് ഈ ദുഷിച്ച കാലത്ത് കൂട്ടിക്കൊടുപ്പുകാരന്റെ മാന്യത പോലും അവകാശപ്പെടാനാര്‍ഹതയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ അക്കാര്യത്തിലൊരു ഖേദപ്രകടനത്തിന് മുതിരുന്നുമില്ല. മലയാളഭാഷയുടെ കാല്പനിക ചതിക്കുഴികളിലൊളിച്ചിരുന്നു ഞാണിന്മേല്‍കളി നടത്തുന്ന സാംസ്‌കാരിക ജന്മങ്ങളോടുള്ള ഒടുങ്ങാത്ത കലി ആരോഗ്യകരമായ സാംസ്‌കാരിക പ്രയോഗങ്ങള്‍ക്ക് മുന്നുപാധിയാകാതെ വയ്യ. നീറോയുടെ നേര്‍പ്പതിപ്പുകളായി മാറിക്കഴിഞ്ഞ സാംസ്‌കാരിക നായികാനായകന്മാരും ഗാന്ധിയെയും ഗോഡ്‌സെയെയും ഒരേ സമയം പരിണയിക്കുന്ന തരളവാനമ്പാടികളും ആകാശത്തേക്ക് വെടി വെച്ചുകൊണ്ടേയിരിക്കുന്ന പഴയ വിപ്ലവകാരികളുമെല്ലാം കൂടിച്ചേര്‍ന്ന് മലിനമാക്കിയ കേരളീയ പൊതുമണ്ഡലം ബുദ്ധിസ്ഥിരതയുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തുമ്പോള്‍ തെളിഞ്ഞ നിലപാടുകളും ഋജുവായ സമീപനങ്ങളും മാത്രമേ പ്രതിരോധത്തിന്റെ വഴി തുറക്കൂ. സാഹിത്യകാരനെ ഭൂമിയുടെ അച്ചുതണ്ടായി പ്രതിഷ്ഠിച്ച വിചിത്രമായ ധൈഷണിക ബോധം നിലനില്‍ക്കുന്ന കേരളത്തില്‍ സാംസ്‌കാരിക ഇടപെടലുകള്‍ക്കുള്ള ഏതുദ്യമവും തരളകാല്പനികതയിലോ ഇത്തിക്കണ്ണിസൈദ്ധാന്തികതയിലോ ചെന്ന് വീഴാനുള്ള സാധ്യതയുണ്ട്.''
തരളകാല്പനികതയും ഇത്തിക്കണ്ണിസൈദ്ധാന്തികതയും പരമാവധി മാറ്റിനിര്‍ത്തി എഴുത്തിനെ പായല്‍മുക്തമായി നിലനിര്‍ത്താന്‍ ഇതുവരെ ശ്രമിച്ചു പോന്നിട്ടുണ്ട്. അകം പുറത്തിലും അതിനുശേഷവും.
കലഹങ്ങള്‍ കുതൂഹലങ്ങള്‍ ഒരു മാപ്പിളയുടെ ലോക ജീവിതം - മുന്‍ ലേഖനങ്ങള്‍ വായിക്കാം...
Babu K Thomas
8 Aug 2020, 12:51 AM
ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ഒരു മനുഷ്യന്റെ എഴുത്ത് വായിച്ചുവന്നപ്പോൾ കണ്ണ് നിറഞ്ഞ
Sadanandan. Km.
16 Jul 2020, 09:48 PM
മലയാള നാടിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലും സാഹിത്യ വാരഫലം വായിച്ചിട്ടുണ്ട്. വളരെ ശരി.
P Sudhakaran
16 Jul 2020, 08:12 PM
കലാകൗമുദിക് മുൻപ് മലയാള നാടിലെ പംക്തി പിന്നീട് മലയാളം വാരികയിൽ വായന യുടെ ഒരു സുവർണ കാലമായി രുന്നു ഓർമിപ്പിചതിനു സന്തോഷം മാ ട മ്പ് സാർ നന്ദി സാഹിത്യ വാരഫലം
എം പി അനസ്
16 Jul 2020, 03:33 PM
വായനയെ പ്രചോദിപ്പിക്കുന്ന എഴുത്ത്. കൗമാരകാലത്ത് വീടിനടുത്തുള്ള ലൈബ്രറിയിൽ നിന്നും കലാകൗമുദി വായിച്ചിരുന്നു. വാരഫലത്തിന്റെ പ്രസക്തിയെക്കുറിച്ചും കലാകൗമുദിയിലെ കൃഷ്ണൻനായരുടെ പംക്തിയെക്കുറിച്ചും സാഹിത്യത്തെ ഗൗരവത്തിൽ കണ്ടിരുന്നവർ അന്ന് ചർച്ച ചെയ്തിരുന്നതും ഓർക്കുന്നു. പിൽക്കാലത്ത് മലയാളസാഹിത്യപഠനത്തിന് ചേർന്നപ്പോഴാണ് വാരഫലം പോലെയുള്ള പംക്തികളെ ഗൗരവമായിക്കണ്ട് വായിക്കാൻ തുടങ്ങിയത്. ആശയ സമന്വയവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ഓർമ്മയിലുണ്ട്. പ്രസിദ്ധീകരിച്ചു വന്ന ഏതോ ഒരു കഥയെക്കുറിച്ചും അതിന്റെ ചിത്രത്തെക്കുറിച്ചുമായിരുന്നു വിവാദ മെന്നാണ് ഓർമ്മ. മുജാഹിദ് വിഭാഗത്തിന്റെ മാനേജ്മെന്റിൽ നടത്തിയിരുന്ന മാഗസിനായിരുന്നല്ലോ ആശയ സമന്വയം സൂചിപ്പിച്ച കഥ ഇസ്ലാമിക് ഐഡിയോളജിയുമായി ഒത്തു പോകുന്നതല്ല എന്നതായിരുന്നു വിവാദത്തിന് കാരണമെന്നു തോന്നുന്നു. ശ്രീഷാജഹാൻമാടമ്പാട്ട് എഴുതിക്കൊണ്ടിരിക്കുന്ന ഈ ജീവിതമെഴുത്ത് സവിശേഷമായൊരു സാഹിത്യ-സാംസ്കരിക പരിസരത്തെക്കൂടി വായനക്കാർക്കു മുമ്പിൽ കൊണ്ടുവരുന്നു.
PJJ Antony
16 Jul 2020, 01:24 PM
"പക്ഷം പിടിക്കാന്‍ നട്ടെല്ലില്ലാത്തവര്‍ക്ക് ഈ ദുഷിച്ച കാലത്ത് കൂട്ടിക്കൊടുപ്പുകാരന്റെ മാന്യത പോലും അവകാശപ്പെടാനാര്‍ഹതയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍......" Delighted to agree with you.
Sunil kumar
16 Jul 2020, 12:41 PM
ഷാജഹാൻ സാർ സുനിലാണ്,"ആകാശത്തേക്ക് വെടിവെച്ചുകൊണ്ടേയിരിക്കുന്ന പഴയ വിപ്ലവകാരികൾ എന്ന പ്രയോഗം 'ക്ഷ' പിടിച്ചു. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് കേരളം ച്യുതിയിലേക്ക് കൂപ്പു കുത്തുന്നത്i..
Saji Markose
16 Jul 2020, 11:03 AM
അറബി വായിക്കുന്നത് പോലെയായിരുന്നു ആളുകള്‍ കലാകൗമുദി വായിച്ചിരുന്നത്. വലത്ത് നിന്ന് ഇടത്തോട്ട്. അവസാനത്തെ നാല് പേജിലായിരുന്നല്ലോ വാരഫലം. വാരിക കിട്ടിയാല്‍ മിക്കവരും ആദ്യം വായിച്ചിരുന്നത് അതായിരുന്നു. - സത്യം
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
ഫാസിൽ
19 Aug 2020, 09:03 PM
വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്ത്. .ആശയസമന്വയം പഴയ ലക്കങ്ങൾ തേടി പിടിച്ചു വായിച്ചിട്ടുണ്ട്. അത്രമേൽ ഹൃദ്യമായിരുന്നു ഓരോ വായനയും. അവരുടെ കഥകൾ, നമ്മുടെ കഥകൾ എന്നിങ്ങനെയുള്ള കഥാ പക്തി, വായനയുടെ, കഥകളുടെ പുതു ലോകത്തിലേക്ക് കൂടി കൊണ്ട് പോയിട്ടുണ്ട്. ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട് ആ പഴയ ലക്കങ്ങൾ