ക്ലബ് ഫുട്‌ബോളിനോട്
സൂപ്പര്‍ ലീഗ് ഉയര്‍ത്തുന്ന
ചോദ്യങ്ങള്‍
ക്ലബ് ഫുട്‌ബോളിനോട് സൂപ്പര്‍ ലീഗ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ക്ലബുകള്‍ പിന്മാറുകയും, സൂപ്പര്‍ ലീഗ് ശൈശവത്തില്‍ തന്നെ മരണപ്പെടുകയും ആണ്. പണക്കൊഴുപ്പിനും വമ്പന്‍ ക്ലബുകളുടെ സമ്പൂര്‍ണ്ണ മോണോപൊളി ശ്രമങ്ങള്‍ക്കും മേലെയുള്ള ആരാധകരുടേയും, സ്‌പോര്‍ട്സ് താരങ്ങളുടേയും വിജയമായി സൂപ്പര്‍ ലീഗിന്റെ അവസാനം വായിച്ചെടുക്കാമെങ്കിലും അത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് ക്ലബുകളെ നയിച്ച ആഗോള സാഹചര്യവും, അതിന് എതിര്‍പ്പ് ഉയരാന്‍ ഉണ്ടായ സാഹചര്യങ്ങളും എന്തെന്ന് വിലയിരുത്തന്നത് കൗതുകകരമായിരിക്കും.
21 Apr 2021, 03:38 PM
സ്‌പോര്‍ട്സ് ലോകത്തെ ആകെ ഞെട്ടിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപനം. ലോകത്തെ ഏറ്റവും പ്രമുഖരായ 15 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന യൂറോപ്യന്‍ ലീഗിന്റെ പ്രഖ്യാപനത്തെ പറ്റിയുള്ള വാര്‍ത്തകള്‍ മുമ്പേ തന്നെ ഉണ്ടായിരുന്നെങ്കിലും റയല്‍ മാഡ്രിഡ്, ബാഴ്‌സിലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, മിലാന്‍, യുവന്റസ് തുടങ്ങി 12 വമ്പന്‍ ക്ലബുകളുടെ പങ്കാളിത്തത്തെ പറ്റിയുള്ള പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതം തന്നെയെന്ന് പറയാം. കോവിഡ് മഹമാരിയും അത് ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക ബാധ്യതയുമാണ് ഇ.എസ്.എല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ കാരണമായത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ആഗോള ഫുട്‌ബോള്‍ ആരാധകരിലും താരങ്ങളിലും പരിശീലകരിലും ഫുട്‌ബോളുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തകരുമെല്ലാം വളരെ പെട്ടെന്ന് തന്നെ ഈ തീരുമാനത്തോട് രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. വലിയ എതിര്‍പ്പാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടായത്. ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പ്, മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള, ലിവര്‍പൂള്‍ താരം ജയിംസ് മില്‍നര്‍ എന്നിവര്‍ പരസ്യമായി തന്നെ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഇംഗ്ലീഷ് ലീഗിലെ ക്ലബ് ക്യാപ്റ്റന്മാര്‍ യോഗം ചേര്‍ന്ന് സംയുക്തമായി സൂപ്പര്‍ ലീഗിനെ എതിര്‍ത്ത് കൊണ്ട് പ്രസ്താവന ഇറക്കി. മറ്റ് പലരും പരോക്ഷമായി എതിര്‍പ്പിന്റെ സൂചനകളും നല്‍കി.

ഇന്ന് പുറത്ത് വരുന്ന വാര്‍ത്തകളനുസരിച്ച് പല ക്ലബുകളും എതിര്‍പ്പുകളെ തുടര്‍ന്ന് ലീഗില്‍ നിന്നും പിന്നോട്ട് പോവുകയാണ്. ഇംഗ്ലീഷ് ക്ലബായ ചെല്‍സി ലീഗ് വിടുകയാണെന്ന് അറിയിച്ചു. തീരുമാനത്തിന്റെ പേരില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പ്രസിഡന്റിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയര്‍മാനും രാജി വെയ്‌ക്കേണ്ടതായി വന്നു. അംഗങ്ങളുടെ പിന്തുണ ഇല്ലാതെ സൂപ്പര്‍ ലീഗിലേക്ക് ഇല്ലെന്ന് ബാഴ്‌സിലോണ പ്രസിഡന്റ് ലാപോര്‍ട്ടയ്ക്കും പ്രസ്താവിക്കേണ്ടതായി വന്നു. ഈ ലേഖനം എഴുതുമ്പോള്‍ സൂപ്പര്‍ ലീഗിന് സമ്മതം നല്‍കിയ 12 മുന്‍നിര ക്ലബുകള്‍ ലീഗ് പിന്‍വലിക്കാന്‍ ആലോചിച്ച് കൊണ്ടുള്ള യോഗത്തില്‍ ആണെന്ന സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ക്ലബുകള്‍ പിന്മാറുകയും, സൂപ്പര്‍ ലീഗ് ശൈശവത്തില്‍ തന്നെ മരണപ്പെടുകയും ആണ്. പണക്കൊഴുപ്പിനും വമ്പന്‍ ക്ലബുകളുടെ സമ്പൂര്‍ണ്ണ മോണോപൊളി ശ്രമങ്ങള്‍ക്കും മേലെയുള്ള ആരാധകരുടേയും, സ്‌പോര്‍ട്സ് താരങ്ങളുടേയും വിജയമായി സൂപ്പര്‍ ലീഗിന്റെ അവസാനം വായിച്ചെടുക്കാമെങ്കിലും അത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് ക്ലബുകളെ നയിച്ച ആഗോള സാഹചര്യവും, അതിന് എതിര്‍പ്പ് ഉയരാന്‍ ഉണ്ടായ സാഹചര്യങ്ങളും എന്തെന്ന് വിലയിരുത്തന്നത് കൗതുകകരമായിരിക്കും.
എന്താണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ്?
ലോകത്തിലെ ഏറ്റവും പ്രമുഖരായ 15 ക്ലബുകള്‍ മാത്രം അണിനിരക്കുന്ന ഫുട്‌ബോള്‍ ലീഗാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ്. ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടേയോ, യൂറോപ്യന്‍ സംഘടനയായ യുവേഫയുടേയോ കീഴില്‍ നടക്കുന്ന മത്സരമല്ല എന്നതാണ് ലീഗിന്റെ പ്രത്യേകത. ലീഗിന് സ്വതന്ത്രമായ സംവിധാനമാണ് നിലവിലുള്ളത്. അതുപോലെ മറ്റ് ലീഗുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ക്ലബുകള്‍ക്ക് ലീഗില്‍ മാറ്റുരയ്ക്കാന്‍ അവസരമോ, നിലവിലെ 15 ക്ലബുകള്‍ ലീഗില്‍ നിന്ന് മോശം പ്രകടനം കാരണം പുറത്താവുന്ന സാഹചര്യമോ സൂപ്പര്‍ ലീഗ് ഫോര്‍മാറ്റില്‍ ഇല്ല.

യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ആയി പ്രവര്‍ത്തിക്കാം എന്ന് വാഗ്ദാനം നല്‍കിയിട്ടുള്ളത് അമേരിക്ക കേന്ദ്രീകരിച്ചുള്ള ജെ.പി മോര്‍ഗന്‍(JP Morgan) എന്ന ബാങ്കാണ്. 5 ബില്യണ്‍ ഡോളറാണ് ജെ.പി മോര്‍ഗന്‍ ലീഗിന് നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലീഗില്‍ ചേരുന്നതിനുള്ള സമ്മതം നല്‍കുന്നതിന് മാത്രം ഓരോ ക്ലബിനും 300 മില്യണ്‍ ഡോളറാണ് തുകയായി നല്‍കിയത്.
എന്തുകൊണ്ട് ഇ.എസ്.എല്‍?
യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയുടെ (UEFA) സംവിധാനങ്ങളോടുള്ള എതിര്‍പ്പ്, മതിയായ തുക ക്ലബുകള്‍ക്ക് നല്‍കാത്തതിലുള്ള അമര്‍ഷം എന്നിവ ഇ.എസ്.എലിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്. കൂടുതല്‍ പണത്തോടുള്ള അഭിനിവേശം എന്ന ഒരു വശം മാത്രമായി അതിനെ ചുരുക്കേണ്ടതില്ല. ബാഴ്‌സിലോണ റയല്‍ മാഡ്രിഡ് ക്ലബുകള്‍ ഒഴിച്ച് ബാക്കി സമ്മതം മൂളിയ 10 ക്ലബുകളും സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ളവയാണ്. അവര്‍ക്ക് പണത്തോട് അഭിനിവേശം ഉണ്ടാവുന്നതില്‍ അശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. ഇപ്പോള്‍ കിട്ടുന്നതിന്റെ ഇരട്ടി പണം എന്ന് പറഞ്ഞാല്‍ മറ്റ് വശങ്ങള്‍ ചിന്തിക്കേണ്ട ബാധ്യതയുമില്ല. മറ്റു രണ്ടു സ്പാനിഷ് ക്ലബുകളാവട്ടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പണം എവിടെ നിന്ന് വന്നാലും സ്വീകരിക്കാം എന്ന അവസ്ഥയിലും. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സ്വമേധയാ തയ്യാറായിരുന്നില്ലെങ്കില്‍ ബാഴ്‌സിലോണ കഴിഞ്ഞ ഡിസംബറില്‍ പാപ്പരായതായി പ്രഖ്യാപിക്കേണ്ടി വന്നേനെ. റയല്‍ മാഡ്രിഡ് ആവട്ടെ സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഫുട്‌ബോളിലേക്ക് 2010-കള്‍ക്കു ശേഷം ഒഴുകിയ അറബ് മൂലധനത്തെ ചെറുക്കാന്‍ ഉള്ള ശ്രമങ്ങളാണ് ഈ ക്ലബുകളെ ഇത്രയും കടക്കെണിയില്‍ എത്തിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പാരിസ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ ഏറ്റെടുത്ത അറേബ്യന്‍ വ്യവസായികള്‍ കണക്കില്ലാത്ത പണമാണ് ഫുട്‌ബോളില്‍ ചിലവഴിച്ചത്. ഫുട്‌ബോളിലെ വേതന-വിനിമയ സ്റ്റാന്റേഡുകള്‍ ആകെ മാറ്റിമറിക്കാന്‍ ഈ മൂലധനനിക്ഷേപം കൊണ്ട് ഈ ക്‌ളബുകള്‍ക്ക് സാധിച്ചു.

ബാഴ്‌സിലോണയില്‍ നിന്ന് ബ്രസീലിയന്‍ താരം നെയ്മറെ 222 മില്യണ്‍ യൂറോ മുടക്കി പാരിസ് ക്ലബ് വാങ്ങിയത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയാ യായിരുന്നു. അതിന് തൊട്ട് മുമ്പത്തെ വര്‍ഷം നടന്ന ഫ്രഞ്ച് താരം പോള്‍ പോഗ്ബയ്ക്ക് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുടക്കിയ 105 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയുടെ ഇരട്ടിയിലും അധികം.! അത്രയും തുക ഒരു താരത്തിനായി ഒരു ക്ലബും മുടക്കും എന്ന ധാരണ അതുവരെ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം 145 മില്യണ്‍ യൂറോ മുടക്കി കിലിയന്‍ എംബാപ്പെയേയും പാരിസ് ക്ലബ് വാങ്ങി. നെയ്മറുടെ ഈ ട്രാന്‍സ്ഫറാണ് ഫുട്‌ബോള്‍ സ്റ്റാന്റേഡുകളെ ദ്രുതഗതിയില്‍ മാറ്റിയത് എന്ന് വേണമെങ്കില്‍ പറയാം..
ഗ്രൗണ്ടിന് പുറത്തെ മാര്‍ക്കറ്റില്‍ ഈ അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ ഏല്പ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാന്‍ ബാഴ്‌സിലോണ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഫിലിപെ കുട്ടിഞ്ഞോ (145 മില്യണ്‍ യൂറോ), ഉസ്മാന്‍ ഡെംബേലേ (130 മില്യണ്‍ യൂറോ), ആന്റോണിയോ ഗ്രീസ്മാന്‍ (120 മില്യണ്‍ യൂറോ) എന്നീ താരങ്ങളെ വന്‍ വിലയ്ക്കാണ് വാങ്ങിയത്. ലീഗിലെ മറ്റ് ക്ലബുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.
ജാവോ ഫെലിക്‌സ് എന്ന യുവതാരത്തിന് വേണ്ടി അത്‌ലറ്റിക്കോ മാഡ്രിഡ് 127 മില്യണ്‍ മുടക്കാന്‍ തയ്യാറായി. ഈഡന്‍ ഹസാര്‍ഡിന് വേണ്ടി റയല്‍ മാഡ്രിഡ് 115 മില്യണ്‍ മുടക്കി. താരങ്ങളുടെ വേതനവും ഭീമമായി വര്‍ധിച്ചു. ഗ്രൗണ്ടിന് പുറത്തുള്ള മാര്‍ക്കറ്റില്‍ അറബ് പണം അടിസ്ഥാനപ്പെടുത്തിയുള്ള വമ്പന്‍ ക്ലബുകള്‍ ആധിപത്യം സ്ഥാപിക്കുന്നത് തടയാനുള്ള വ്യഗ്രതയായിരുന്നു പരമ്പരാഗത ക്ലബുകളുടെ ഈ ഗ്ലാമര്‍ സൈനിങ്ങുകള്‍. എല്ലാ ക്ലബുകളുടെ വാര്‍ഷിക ചിലവില്‍ ഉണ്ടായ ഈ ദ്രുതഗതിയിലുള്ള വര്‍ധനയ്ക്ക് കാരണം പെട്ടന്നുണ്ടായ മൂലധനത്തിന്റെ ഒഴുക്ക് തന്നെയാണെന്ന് കാണാം.

ഇംഗ്ലീഷ് ലീഗിലും സമാന സ്ഥിതിയുണ്ട് 2008ല്‍ അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വരെ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗിലെ കുഞ്ഞന്മാരായിരുന്നു. പിന്നീട് വമ്പന്‍ താരങ്ങളെ ഉയര്‍ന്ന പ്രതിഫലവും ട്രാന്‍സ്ഫര്‍ ഫീയും നല്‍കി ടീമിലെത്തിച്ച സിറ്റിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2010ന് ശേഷം സിറ്റി ലീഗില്‍ മൂന്നാം സ്ഥാനത്തിന് താഴെ പോയിട്ടില്ല. സിറ്റി അറബ് മൂലധനം ഉപയോഗിച്ച് കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1500 മില്യണ്‍ യൂറോയോളം തുക ചിലവഴിച്ച് താരങ്ങളെ വാങ്ങിയിട്ടുണ്ട്. ഇതിനൊപ്പം വരില്ലെങ്കിലും സിറ്റിയോട് മല്ലിടാന്‍ മറ്റ് ക്ലബുകളും 10 വര്‍ഷത്തിടെ ആയിരത്തിനടുത്ത് മില്യണ്‍ യൂറോ ട്രാന്‍സ്ഫറിനായി ചിലവഴിച്ചതായി കാണാം. മാഞ്ചസറ്റര്‍ യുണൈറ്റഡ് (1343), ചെല്‍സി (1000), ആര്‍സനല്‍ (906), ലിവര്‍പൂള്‍ (1000) എന്നിവ ചില ഉദാഹരണങ്ങളാണ്.
ഇത്തരത്തില്‍ നിര്‍ലോഭം പണം ചിലവഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉള്ള ബാധ്യത യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയ്ക്ക്(UEFA) ഉണ്ട്. സ്‌പോണസര്‍ഷിപ്പുകള്‍ കണക്കില്‍ വര്‍ദ്ധിപ്പിച്ച് കാണിച്ചാണ് പല ക്ലബുകളും ഈ നിയമങ്ങളെ മറികടന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് സാധ്യമാവുക വമ്പന്‍ വ്യവസായികള്‍ ഉടമസ്ഥരായിട്ടുള്ള ക്ലബുകള്‍ക്കാണ്. നിലനില്‍ക്കുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ റെഗുലേഷന്‍സ് (FFP) ചട്ടങ്ങള്‍ ക്ലബുകള്‍ പാലിക്കുന്നുണ്ടോ അതിലെ പഴുതുകള്‍ ഉപയോഗിച്ച് തെറ്റായ വിധത്തില്‍ ക്ലബുകള്‍ താരങ്ങളെ വാങ്ങിക്കൂട്ടി നേട്ടങ്ങള്‍ സമ്പാദിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം യുവേഫ വേണ്ട വിധത്തില്‍ നിറവേറ്റിയില്ല. വിദേശ മൂലധനം യഥേഷ്ടം ഫുട്‌ബോളില്‍ ഉപയോഗിക്കാന്‍ മൗനാനുമതി നല്‍കുകയായിരുന്നു പലപ്പോഴും. ഒരു തവണ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് ഭീഷണിയുമായി യുവേഫ എത്തിയെങ്കിലും, ഭീഷണിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.

ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ റൂള്‍സ് വീണ്ടും ലഘൂകരിക്കാന്‍ ഒരുങ്ങുകയാണ് യുവേഫ. കൂടുതല്‍ പണം ഫുട്‌ബോളില്‍ നിക്ഷേപിക്കപ്പെടണം എന്നാണ് ഇതിന് പറയുന്ന ന്യായീകരണം. ഇത്തരത്തിലുള്ള അയഞ്ഞ നിലപാടുകളും, ടിവി റൈറ്റ്‌സില്‍ നിന്നും, പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്ന് മതിയായ സാമ്പത്തിക വിഹിതം ക്ലബുകള്‍ക്ക് യുവേഫ നല്‍കാത്തതുമാണ് സൂപ്പര്‍ ലീഗ് പോലെയുള്ള മാര്‍ഗങ്ങളിലേക്ക് പോവാന്‍ വമ്പന്‍ ക്ലബുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് അങ്ങനെ എളുപ്പത്തില്‍ രക്ഷപ്പെടാം എന്ന് ഈ ക്ലബുകള്‍ കരുതുന്നു. സത്യത്തില്‍ ഇവിടെ ക്ലബുകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതില്‍ യുവേഫ അല്പം കൂടെ ഉത്തരവാദിത്വമോ, നടപടികളോ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു ലീഗ് ഫോര്‍മേഷന്റെ ആവശ്യം ഒരു പക്ഷേ ഉണ്ടാവുമായിരുന്നില്ല. ടിവി റൈറ്റ്‌സില്‍ നിന്നും കൂടുതല്‍ വിഹിതം കൊടുക്കുക, കൂടുതല്‍ ശക്തമായ സ്‌പോണ്‍സര്‍ഷിപ്പുകള്‍ ആകര്‍ഷിക്കുക, കൂടുതല്‍ മെച്ചപ്പെട്ട മാര്‍ക്കറ്റിങ്ങ് നടത്തുക, സ്ട്രക്ചറല്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അത് നടപ്പിലാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടത് യുവേഫ തന്നെയായിരുന്നു.
ഭാവിയിലെ ഫുട്‌ബോള്‍ മോഡല്‍
ഇ.എസ്.എല്‍ മുന്നോട്ട് വെയ്ക്കുന്ന മോഡല്‍ അനുസരിച്ച് ഭാവിയിലെ ഫുട്‌ബോള്‍ പൂര്‍ണ്ണമായും ടെലിവിഷന്‍ റൈറ്റ്‌സ്, പരസ്യങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ഫുട്‌ബോള്‍ ക്ലബുകളെ സംബന്ധിച്ച് അപ്രധാനമായി മാറും. ഇ.എസ്.എലിന്റെ പ്രസിഡന്റും സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റുമായ ഫ്‌ളോറന്റിനോ പെരേസ് കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ "എല്‍ ചിരിംഗിറ്റോക്ക്' നല്‍കിയ അഭിമുഖത്തിലും ഫുട്‌ബോളിന്റെ ഭാവിയെ പറ്റി ഇ.എസ്.എല്‍ സംഘാടകര്‍ക്ക് ഉള്ള മറ്റ് ചില വീക്ഷണങ്ങളും പങ്ക് വെയ്ക്കുന്നുണ്ട്. അതിലൊന്ന് 90 മിനുട്ട് ഫുട്‌ബോള്‍ ആധുനിക കാണികളെ സംബന്ധിച്ച് ബോറന്‍ ആണെന്നും, സമയദൈര്‍ഘ്യം കുറച്ച് ഫുട്‌ബോള്‍ കൂടുതല്‍ ആകര്‍ഷണീയം ആക്കുക പോലെയുള്ള ഗെയിം സ്ട്രക്ചര്‍ മാറ്റങ്ങളാണ്.

ഇത്തരം മാറ്റങ്ങളെ വളരെ യാഥാസ്ഥിതികമായി സമീപിക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. മാറ്റം എല്ലാത്തിനും അനിവാര്യമാണ്. ടെസ്റ്റ് ക്രികറ്റില്‍ നിന്ന് ഏകദിനങ്ങള്‍ ഉണ്ടായപ്പോഴും പിന്നീട് ട്വന്റി ട്വന്റി ക്രിക്കറ്റ് ഉണ്ടായപ്പോഴും നമ്മള്‍ കേട്ട പലവിധ വാദഗതികളുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ മാര്‍കറ്റബിളും, ഉദ്വേഗഭരിതവും ഇത്തരം ദ്രുതവേഗത്തിലുള്ള കായികരൂപങ്ങളാണെന്ന അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ആധുനിക ലോകത്ത് ഒന്നര മണിക്കൂര്‍ ഫുട്‌ബോളിനെക്കാള്‍ ആളുകള്‍ കാണാന്‍ ഇഷ്ടപ്പെടുക ഒരു മണിക്കൂര്‍ അല്ലെങ്കില്‍ 45 മിനുട്ട് ഫുട്‌ബോള്‍ തന്നെയായിരിക്കും. ഇത്തരം വിഷയങ്ങളില്‍ പലര്‍ക്കും വ്യക്തിപരമായ റിസര്‍വേഷന്‍ ഉണ്ടാവും. ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ ആസ്വദിക്കാന്‍ വയ്യാത്തവന്‍ കളി കാണണ്ട എന്നൊക്കെ പറഞ്ഞെന്ന് വരാം. പക്ഷേ ഇതേ വാദം ടെസ്റ്റ് ക്രികറ്റ് വാദികളും, ഏകദിന ക്രിക്കറ്റ് വാദികളും ഉയര്‍ത്തിയിട്ട് എന്ത് സംഭവിച്ചു എന്നതിന്റെ പരിണിതഫലങ്ങള്‍ നമ്മള്‍ നേരത്തേ സൂചിപ്പിച്ചു. അതുകൊണ്ട് ഇ.എസ്.എല്‍ ഫുട്‌ബോളിന്റെ ഭംഗി നശിപ്പിക്കുന്നേ എന്ന വാദം ആദ്യം നമുക്കു വിടാം. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഏത് സ്‌പോര്‍ട്‌സിനേയും പോലെ ഫുട്‌ബോളിനും ഇന്നല്ലെങ്കില്‍ നാളെ കൈവരും. വീഡിയോ റഫറിയിങ്ങ് വന്നപ്പോള്‍ ഫുട്‌ബോളിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായി പറഞ്ഞവരുണ്ട്. എന്നാല്‍ ഇന്ന് ചെറിയ പിഴവുകള്‍ പോലും അടയാളപ്പെടുത്താവുന്ന സാങ്കേതിക വിദ്യ വന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കുക സാധ്യമല്ല. മറഡോണ കൈ കൊണ്ട് ഗോള്‍ അടിച്ച് ലോകകപ്പ് നേടിയത് ഇന്നത്തെ കാലത്താണെങ്കില്‍ എന്താവും സ്ഥിതിയെന്ന് ഓര്‍ത്താല്‍ മതി.

എന്നാല്‍ ഇവിടെ മറ്റ് കുഞ്ഞന്‍ ക്ലബുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ഒരു ഘടകം സൂപ്പര്‍ ലീഗ് ഷെഡ്യൂളാണ്. എല്ലാ ആഴ്ചയും ഒരു കളി അത് മിഡ് വീക്കില്‍ നടത്താന്‍ ആണ് സൂപ്പര്‍ ലീഗ് പദ്ധതി. ഇത് ഗുരുതരമായ പ്രശ്‌നമാണ്. കാരണം എല്ലാ ആഴ്ചയും സൂപ്പര്‍ ലീഗ് കളി വരുമ്പോള്‍ സ്വാഭാവികമായും വമ്പന്‍ താരങ്ങള്‍ക്ക് ക്ലബുകള്‍ വിശ്രമം അനുവദിക്കും. ആഭ്യന്തര ലീഗിന് രണ്ടാമത്തെ പരിഗണന മാത്രമേ ഉണ്ടാവുകയുള്ളു. ആഭ്യന്തര ലീഗില്‍ വമ്പന്‍ കളിക്കാര്‍ കളിക്കാതിരുന്നാല്‍ റേറ്റിങ്ങ് കുറയും, വരുമാനം ഇടിയും. ഇത് കൂടുതലും ബാധിക്കുക അഭ്യന്തര ലീഗിനെ മാത്രം ആശ്രയിക്കുന്ന ചെറു ടീമുകളെയാണ്. ഇതിനെ മറികടക്കുക എളുപ്പമല്ല. കൂടുതല്‍ ഗ്ലാമറസായ ഒരു ലീഗ് അപ്പുറത്ത് നടക്കുമ്പോള്‍ അതില്‍ മാറ്റുരയ്ക്കാര്‍ സാധിക്കാത്ത ടീമുകള്‍ കിതയ്ക്കും. എന്നാല്‍ ഇതേ പ്രശ്‌നം യുവേഫയുടെ തന്നെ യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലുമുണ്ട്. രാജ്യാന്തര ടൂര്‍ണമെന്റുകളായ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് ഇവ നടക്കുമ്പോള്‍ കുഞ്ഞന്‍ ടീമുകള്‍ അനുഭവിക്കുന്നതും ഇതേ പ്രശ്‌നമാണ്. ഒരേ ഒരു വ്യത്യാസം ഈ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കുഞ്ഞന്‍ ടീമുകള്‍ക്ക് ചെറിയ അവസരം എങ്കിലും ഉണ്ട് എന്നതാണ്.
സാമ്പത്തിക വശങ്ങള്‍
ഇ.എസ്.എല്‍ ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി എന്നാല്‍ ഇത്തരത്തിലുള്ള ഗെയിം സ്ട്രക്ചര്‍ മാറ്റങ്ങളല്ല. മറിച്ച് കുഞ്ഞന്‍ ക്ലബുകളെ ആഗോള ഫുട്‌ബോള്‍ ചിത്രത്തില്‍ നിന്ന് ഇല്ലാതാക്കുന്ന മോണോപൊളിയാണ്. നേരത്തെ പറഞ്ഞത് പോലെ കുഞ്ഞന്‍ ടീമുകള്‍ക്ക് സൂപ്പര്‍ ലീഗില്‍ പങ്കെടുക്കാനുഉള്ള അവസരം ഒരിക്കലും ലഭിക്കുന്നില്ല. ലീഗിലുള്ള ഏറ്റവും ശക്തരായ 20ല്‍ താഴെ ക്ലബുകള്‍ മാത്രമാണ്. ഇവരാണ് സ്ഥിരം അംഗങ്ങള്‍. ഇതാണ് സൂപ്പര്‍ ലീഗ് ഉയര്‍ത്തുന്ന ഏറ്റവും വലിയ പ്രശ്‌നം. മറ്റ് ക്ലബുകള്‍ക്ക് ഒരു കാരണവശാലും ഉയര്‍ന്ന് വരാനുള്ള അവസരം സൂപ്പര്‍ ലീഗിലില്ല. ലീഗ് അംഗങ്ങളായ ക്ലബുകളുടെ സ്ഥനം ഏറെക്കുറേ സുരക്ഷിതവുമാണ്. നമ്മുടെ ഐ.പി.എല്‍ ഒക്കെ പോലെയെന്ന് പറയാം.
എന്നാല്‍ ക്രിക്കറ്റ് പോലെയൊരു ചെറിയ സ്‌പോര്‍ട് അല്ല ഫുട്‌ബോള്‍. ഒട്ടനവധി താരങ്ങള്‍ വളര്‍ന്ന് വരുന്നത് ചെറിയ ക്ലബുകളില്‍ മികച്ച പ്രകടനം നടത്തി പടി പടിയായി ഉയര്‍ന്ന് കൊണ്ടാണ്. വമ്പന്‍ താരങ്ങള്‍ കളിക്കാന്‍ ഇറങ്ങാത്തത്, ആഭ്യന്തര ലീഗിനോടുള്ള ഉദാസീന സമീപനം തുടങ്ങിയ ഘടകങ്ങള്‍ തീര്‍ച്ചയായും ആഭ്യന്തര ലീഗിന്റേയും അതിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ക്ലബുകളേയും കാര്യമായി ബാധിക്കും. ആഭ്യന്തര ലീഗുകളുടെ ടെലിവിഷന്‍ റൈറ്റ്‌സ്, കാണികളില്‍ നിന്നുള്ള വരുമാനം തുടങ്ങിയവ ഇടിയും. ചെറിയ ക്ലബുകളുടെ വരുമാനത്തെ തടസ്സപ്പെടുത്തുന്നത് താരങ്ങളുടെ വളര്‍ച്ചയെകൂടെയാണ് ബാധിക്കുക. യുവേഫയുടെ നടത്തിപ്പിലുള്ള സുതാര്യത ഇല്ലായ്മയെ പെരേസ് നടത്തിയ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
അതിജീവനം
സൂപ്പര്‍ ലീഗിനോടുള്ള വിയോജിപ്പ് പ്രമുഖ താരങ്ങളും, പരിശീലകരും, ആരാധകരും നിലവില്‍ തന്നെ പരസ്യപ്പെടുത്തി തുടങ്ങി. ഫിഫയുടേയും, യുവേഫയുടേയും വിലക്കുകള്‍ നിയമപരമായ നിലനില്‍ക്കുന്നതല്ലെന്നും അതിനെ മറികടക്കാന്‍ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസം ഫ്‌ളൊറന്റീനോ പെരേസ് നല്‍കിയ അഭിമുഖത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇന്ന് സൂപ്പര്‍ ലീഗ് ഉപേക്ഷിച്ചാലും നാളെ ഇത് കൂടുതല്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടാം എന്ന സാധ്യതയും, ആ ഒരു ബാര്‍ഗയിനിങ്ങ് പവറും ഇപ്പോള്‍ വമ്പന്‍ ക്ലബുകള്‍ക്ക് കൈവന്നിരിക്കുന്നു.

യുവേഫ അവതരിപ്പിച്ച പുതിയ ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റ് കൊണ്ട് മാത്രം ഇതിനെ മറികടക്കാന്‍ സാധിക്കില്ല. അത് തന്നെ വമ്പന്‍ ക്ലബുകള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങുന്ന വിധത്തില്‍ ആണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മത്സരത്തില്‍ തോറ്റാലും ജയിച്ചാലും മുന്‍നിര ക്ലബുകള്‍ക്ക് ലീഗില്‍ സ്ഥിരസാന്നിധ്യം ഉറപ്പ് വരുത്തുന്നതാണ് 2024 മുതലുള്ള ടൂര്‍ണമെന്റിന്റെ യുവേഫ അവതരിപ്പിച്ച ഫോര്‍മാറ്റിന്റെ ആദ്യരൂപം.
ലീഗിലെ സ്ഥിരസാന്നിധ്യം ആവുക എന്നതല്ല മറിച്ച് കൂടുതല്‍ വരുമാനം നേടുക എന്നതാണ് ക്ലബുകളുടെ താല്‍പര്യം. സമ്മാനതുകയും, സാമ്പത്തിക വിഹിതവും സൂപ്പര്‍ ലീഗിനോട് കിടപിടിക്കുന്ന വിധത്തില്‍ വര്‍ധിപ്പിക്കുക എന്ന പ്രതിവിധിയാണ് യുവേഫ സ്വീകരിക്കേണ്ടത്.
വി.അബ്ദുള്‍ ലത്തീഫ്
Mar 05, 2022
5 Minutes Read
മുസാഫിര്‍
Jan 17, 2022
6 Minutes Read
ജിഷ്ണു കെ.എസ്.
Aug 12, 2021
9 Minutes Read