ആൾദൈവ യുക്തിവാദത്തിന്റെ രവിചന്ദ്രൻ ഹോർഡിങ്‌സ്

യുക്തിവാദികൾ ആൾദൈവങ്ങളാവാൻ ശ്രമിക്കുന്നതിന്റെ അയുക്തികതയെപ്പറ്റി സംശയം ഉന്നയിക്കുമ്പോഴൊക്കെ അസഹിഷ്ണുതയുടെ വീരാരാധനയുമായി അവരുടെ തലച്ചോറടിമകൾ വൈകാരിക ഭാഷയുടെ ചാവേറുകളായി ചാടി വീഴുന്ന ഒരത്ഭുതവും കാണാം. ഫലത്തിൽ അതിന്റെ ശൈലി മതഗന്ധം സ്രവിപ്പിക്കുകയും ചെയ്യുന്നു. യുക്തിവാദത്തിന്റെ കാലുകൾ അരാഷ്ട്രീയതയിൽ നില്ക്കുന്നതും രവിചന്ദ്രൻ ഹോർഡിങ്ങ്സ് പോലെ വൈരൂപ്യമാർന്നതുമാണ്.

മുമ്പ് കോഴിക്കോട്ട് ചേർന്ന എസ്സൻസ് സമ്മേളനത്തിലെ ഒരു സെഷനിൽ ക്ഷണിക്കപ്പെടുകയും പോയി പ്രസംഗിക്കുകയും ചെയ്ത ഒരാളാണ് ഞാൻ. ഞാനൊരു നിരീശ്വരവാദിയോ ഭക്തശിരോമണിയോ അല്ല. ഭൗതിക കാര്യങ്ങളും ഭൗതികാംശമുള്ള ഭക്തിപ്രസ്ഥാനസ്വഭാവവുമുള്ള സ്ഥാപനങ്ങളുടെ ഐഹിക ശല്യത്തിന് നിരന്തരമായി പാത്രീഭൂതനായിക്കൊണ്ടിരിക്കുന്ന സാധാരണക്കാരനിൽ ഒരാൾ മാത്രമാണ്. ഇതിനൊക്കെ കാര്യമായി എതിർപ്പുള്ള സാധാരണക്കാരുടെ പ്രതിനിധിയുമാണ്. ഒരു കക്ഷി രാഷ്ട്രീയ സംഘടനയിലോ മത സംഘടനയിലോ അതിന്റെ ഉപസംഘടനയിലോ അംഗമല്ല.

ഇതൊക്കെ അറിഞ്ഞും എനിക്ക് പറയാനുള്ളത് കേൾക്കാൻ ആഗ്രഹമുള്ള ചെറു കൂട്ടായ്മകൾ സംസാരിക്കാൻ വിളിക്കും. സൗകര്യപ്പെട്ടാൽ പോകും. അങ്ങനെയാണ് കോഴിക്കോട്ടെ ആ സംസ്ഥാന എസ്സൻസ് സമ്മേളനത്തിലേക്ക് ഞാൻ ക്ഷണിക്കപ്പെടുന്നത്. അവിടെ എനിക്ക് തോന്നിയതും പാർട്ടി രാഷ്ട്രീയ മത ഭേദമന്യേ, സ്വന്തം തലച്ചോറ് കൊണ്ട് ചിന്തിക്കാനും ജീവിക്കാനും (ഇന്നത്തെ കാലത്ത് മലയാളി ജീവിതത്തിൽ ഇത് വലിയ ആർഭാടമാണെന്നറിയാം!) ആഗ്രഹിക്കുന്ന മനുഷ്യരെ അലട്ടുന്ന ചില കാര്യങ്ങൾ പറഞ്ഞു ഞാൻ പിൻവാങ്ങി. അവസരം തന്ന എസ്സൻസിന്റെ സമർപ്പിത പ്രവർത്തകരോടും ഭാരവാഹികളോടുമുള്ള നന്ദി ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു.

ഷിഹാബുദ്ദീൻ പൊയ്ത്തുംകടവ് എസ്സൻസ് വേദിയിൽ സംസാരിക്കുന്നു

ഭൗതികമതത്തിന്റെ ആസുരതയിൽ നിന്ന് വിട്ട് മതേതരമായ ആത്മീയതയും അതിന്റെ ശുദ്ധവായുവും നിർമ്മമായ മനുഷ്യ സ്നേഹവുമാണ് നമുക്ക് വേണ്ടത് എന്ന് അന്ന് ഞാൻ എന്റെ പ്രസംഗത്തിൽ പറഞ്ഞു വെച്ചതിന്റെ ചുരുക്കം അതായിരുന്നു. ഞാനൊരു നിരീശ്വരവാദിയല്ല എന്ന് പറഞ്ഞാണ് എന്റെ പ്രഭാഷണം തുടങ്ങിയത് തന്നെ. എസ്സൻസ് എന്നെ ഉദാരമായി അതിന് സമ്മതിക്കുകയും അപൂർവ്വം ചിലർ കയ്യടിക്കുകയും ചെയ്തു. നാലയ്യായിരം പേരെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടിയിരുന്നു.

ഇനി അന്ന് തോന്നിയ ചില ആശയക്കുഴപ്പങ്ങൾ പങ്ക് വെക്കട്ടെ. അത് സമ്മേളനത്തിൽ സംസാരിക്കാൻ പോകുന്നതിന് മുമ്പേ തന്നെ തോന്നിയിരുന്നു. അത് ക്രമപ്രകാരം പറയാൻ ശ്രമിക്കാം.

ഒന്ന്:
എസ്സൻസ് സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പ്രാന്തപ്രദേശത്തിലും നിറഞ്ഞു നിന്ന ഒളിമിന്നുന്ന പരസ്യ ബോർഡുകൾ എന്നെ ഹഠദാകർഷിച്ചു. ഇത് ആസ്വാദ്യകരവും വൈജ്ഞാനിക പ്രദവും തന്നെ. നമ്മുടെ സമൂഹത്തിൽ തീർച്ചയായും യുക്തിക്കും ഇത്തരം ഇടങ്ങൾ കിട്ടുന്നത് ആഹ്ലാദകരമാണ്. എന്നാൽ സംഘടനയെ നയിക്കുന്നവരിലൊരാളായ രവി ചന്ദ്രന്റെ പടുകൂറ്റൻ ബഹുവർണചിത്രങ്ങൾ തള്ളിനില്ക്കുന്ന അതിഭയങ്കര വലുപ്പമുള്ള ധാരാളം ഹോർഡിങ്ങ്സ് എന്തിനായിരുന്നുവെന്ന യുക്തിചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഏതായാലും അത് അങ്ങേയറ്റം അരോചകമായി തോന്നി. മതത്തിലെ ആൾദൈവങ്ങളുടെ കൂറ്റൻ പടങ്ങൾ വെച്ചുള്ള ഭീകരവലിപ്പമുള്ള ഹോർഡിങ്ങ്സിനെത്തന്നെ സഹിച്ചു ജീവിക്കുന്ന ശബ്ദമില്ലാത്ത മനുഷ്യർക്ക് മുന്നിൽ എന്തിനാണ് യുക്തിവാദത്തിൽ ഒരു ആൾദൈവമെന്ന് എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല. ഒന്നോ രണ്ടോ ഹോർഡിങ്ങ്സാണെങ്കിൽ പോട്ടെ, അത് രവിചന്ദ്രന്റെ ആരാധകരെ സന്തോഷിപ്പിക്കാനായിരിക്കും എന്ന് വെക്കാം. നഗര നിരത്തിലെ പ്രധാന ഭാഗങ്ങളിൽ ഈ പടുകൂറ്റൻ ബോർഡുകൾ എന്തിനായിരുന്നു, എന്ത് കൊണ്ട് രവിചന്ദ്രന്റെ പടുകൂറ്റൻ ചിത്രങ്ങൾ മാത്രം ഇവയിലൊക്കെ കോട്ടിട്ട രൂപത്തിൽ തുറിച്ചു നില്ക്കുന്നു എന്ന യുക്തിചിന്തയൊക്കെ അന്ന് എന്നെ അലട്ടുകയുണ്ടായി.നഗരത്തിൽ അതിപ്രധാന ഭാഗത്ത് ഒരുക്കിയലങ്കരിച്ച അത്രയും ഹോർസിങ്ങ്സും പടമായിക്കിടക്കുന്ന കൂറ്റൻ രവിചന്ദ്രനും ആരെ കാണിക്കാനാണ്? അതിന്റെ പ്രയോജനമെന്താണ്? മൾട്ടിനാഷണൽ പ്രൊഡക്റ്റുകളുടെ പരസ്യം ഇങ്ങനെ വരാറുണ്ട്. ഇത്തരം ഹോർഡിങ്ങുകളെല്ലാം അവരുടെ മാർക്കറ്റിങ്ങ് വിഭാഗം വിദേശത്ത് നിന്ന് വിമാനമിറങ്ങി വന്ന് പരിശോധിക്കുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നു നോക്കാനുണ്ടെങ്കിൽ അതൊക്കെ വേണ്ടതാണെന്നും അതൊരു അധിക ആർഭാടമല്ലെന്നും സമ്മതിക്കുന്നു. അങ്ങനെയൊന്നുമല്ലെങ്കിൽ കാഴ്ചയുടെ ആ അരോചക ഭംഗിയെ മാറ്റി നിർത്തിയാലും ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. ഇതിനു മാത്രം വേണ്ടിവരുന്ന ശതലക്ഷക്കണക്കിന്, (സമ്മേളനത്തിന് കോടികൾത്തന്നെ) സംഘടിപ്പിക്കാൻ വേണ്ടി രവിചന്ദ്രനും അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും. ഭാര്യയുടെ കെട്ട് താലി വരെ വിറ്റിട്ടുണ്ടാവണം. മാത്രമല്ല, അത്രമേൽ വിശ്വാസവും പിൻതിരിഞ്ഞ് നോക്കാൻ പോലും ശക്തിയില്ലാത്ത വിധം സമർപ്പണബുദ്ധിയുമുള്ള അനുയായികളും ഉണ്ടെന്ന കാര്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ടാവില്ല.

രണ്ട്:
സമ്മേളന നഗരിയിലെ കോർപറേറ്റ് മാതൃകയിൽ വാർത്ത അനുയായികളുടെ "അച്ചടക്കം' എന്നെ ഏറെ ആകർഷിച്ചു. അതിഥി എത്തി എന്ന് അറിയിച്ചപ്പോഴേക്കും ഏല്പിക്കപ്പെട്ട വളണ്ടിയർ ഓടി വരുന്നു, പ്രസംഗവേദിയുടെ പിറകിൽ കൊണ്ടു പോയിരുത്തുന്നു. നമ്മളെ സ്വസ്ഥമാക്കുന്നു. പക്ഷേ, ആ സ്വസ്ഥതയെത്തന്നെ അസ്വസ്ഥപ്പെടുത്തിയ ഒരു കാര്യം എന്നെ വല്ലാതെ അമ്പരപ്പിച്ചു. സംഘാടകർ തമ്മിലുള്ള സ്നേഹ ശൂന്യതയും അറഗൻസും കലർന്ന പെരുമാറ്റമാണത്. ഒട്ടും പരസ്പര ബഹുമാനത്തിന്റേതല്ലാതെ അവർ തമ്മിലുള്ള പെരുമാറ്റം സത്യത്തിൽ എന്നെ വല്ലാതെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഈ സംഘടന പിളരാതെ നിലനിൽക്കണേയെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്തു. രവിചന്ദ്രനെ നേരിൽ കാണാൻ കഴിഞ്ഞതുമില്ല

മൂന്ന്:
എസ്സൻസ് മീറ്റിങ്ങ് ഹാൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ബോളിവുഡ് ഷൂട്ടിങ്ങാനായി സെറ്റിട്ട വിധമുള്ള അതിന്റെ ബഹുവർണ ലൈറ്റ് വിതാനവും വീതി വിസ്താരമേറിയ സ്റ്റേജും ഏത് എന്റർടൈൻമെന്റ് ഷോകളെയും വെല്ലുന്ന വിധമുള്ളതായിരുന്നു. സ്റ്റേജിന് പിന്നിൽ അതിവിശാലമായി സെറ്റ് ചെയ്ത മെയ്ക്കപ്പ് റൂമിലേക്കാണ് ഞാൻ ആനയിക്കപ്പെട്ടത്. മെയ്ക്കപ്പ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമുണ്ടോ എന്ന് സൗമ്യമായി പ്രതികരിച്ചപ്പോൾ ഇതേത് വിചിത്ര ജീവി എന്ന മട്ടിൽ എന്നെയൊന്ന് നോക്കി. നിർബന്ധബുദ്ധിയ്ക്ക് മുന്നിൽ ഇരുന്നു കൊടുത്തപ്പോൾ ഞാൻ സ്വയം സമാധാനിച്ചു. സ്റ്റേജിലെ പല തരം വെളിച്ചങ്ങൾ, പല കാമറകൾ ഇവയ്ക്ക് ഒപ്പിയെടുക്കാൻ മെയ്ക്ക്അപ്പ് ആവശ്യമാണല്ലോ. മാത്രമല്ല മെയ്ക്കപ്പ് ഒരാളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ബുദ്ധിയും യുക്തിചിന്തയും ഒന്നു കൂടി ഉജ്ജലിക്കുകയും ചെയ്ത് കൂടെന്നില്ല. തീർന്നില്ല ഞെട്ടൽ. പ്രസംഗത്തിനുള്ള എന്റെ ഊഴം വന്നപ്പോഴേക്കും ഒരാൾ വന്ന് എന്നോട് കോട്ടിടാൻ പറഞ്ഞപ്പോൾ ഞാൻ എന്റെ നീരസം പ്രകടിപ്പിച്ചെങ്കിലും സാർ, ഇതാണ് ഞങ്ങടെ പ്രസംഗകർക്കുള്ള ഡ്രസ് കോഡ് എന്ന് ശക്തമായി വളണ്ടിയർമാരിൽ ഒരു താക്കീത് പോലെ എന്നോട് സൂചിപ്പിച്ചു. എന്റെ മുന്നിൽ വേറെ വഴിയൊന്നുമില്ലാതെ ഞാൻ ഒരു കോട്ടൂരാനായി ഇറുകി ഞെരിഞ്ഞ് സ്റ്റേജിലേക്ക് നയിക്കപ്പെട്ടു. കോട്ട് ധരിച്ച ഞാൻ ചൂട് കൊണ്ട് അസ്വസ്ഥമായി സ്റ്റേജിലേക്ക് പ്രവേശിച്ചു. പിന്നീടോർത്തു: ഒരുപക്ഷേ, ഈ കറുത്ത കോട്ട് നമ്മെ ഒരു യുണിവേഴ്സൽ പൗരനാക്കുന്നുണ്ടാവണം. നമ്മുടെ യുക്തിചിന്തയെ വിശാലമാക്കുന്നുണ്ടാവണം. വിയർപ്പും ഈ ശ്വാസം മുട്ടും എനിക്ക് ശീലമില്ലാത്തത് കൊണ്ടാവാം. മനസ്സിലെ യാഥാസ്ഥിതികത കൊണ്ടാവാം. വന്ന സ്ഥിതിക്ക് പറയാനുള്ളത് പറഞ്ഞു പോകാം.

പക്ഷേ, പ്രശ്നമതല്ല, വെളിച്ചത്തിൽ കുളിച്ച് നില്ക്കുന്ന എനിക്ക് സദസ്സിനെ നേരാംവിധം കാണാൻ സൗകര്യപ്പെടാത്തതിന്റെ അലോസരവും എന്നെ അലട്ടിത്തുടങ്ങി. സംസാരിക്കുമ്പോൾ പൊതുവെ എനിക്ക് മുന്നിലുള്ള മനുഷ്യരെ കാണാതെ പോകുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നെ സംബന്ധിച്ചിടത്തോളം. ഇതെന്ത് കൊണ്ട് എന്ന ചിന്തയ്ക്ക് മറുപടി കിട്ടിയത് പിൽക്കാലത്ത് ശ്രീ രവിചന്ദ്രന്റെ പ്രസിദ്ധമായ എന്റോസൾഫാൻ ന്യായീകരണപ്രസംഗം കേൾക്കാനിടയായപ്പോഴാണ്. ജൈവികം, ഓർഗാനിക് എന്നീ പദങ്ങളോടുള്ള അദ്ദേഹത്തിന്റെ പുച്ഛം കലർന്ന പ്രസംഗം കേട്ടപ്പോഴാണ്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ താൻ ദിവസേന
മൂന്ന് ടീസ്പൂൺ വീതം എന്റോസൾഫാൻകുടിച്ച് കാണിച്ചു തരാമെന്നോ അത് തന്റെ ശരീരത്തിൽ കുത്തിവെക്കൂ എന്നൊന്നും അദ്ദേഹം ആരെയും വെല്ലുവിളിച്ചതായി കണ്ടിട്ടില്ല.

സി. രവിചന്ദ്രൻ / Photo: Ravichandran C

രവിചന്ദ്രന്റെ പ്രസംഗത്തിലെ എല്ലാ വിധ കീടനാശിനി പ്രയോഗങ്ങളും പഠിക്കാനായപ്പോൾ അദ്ദേഹം കൂടുതൽ വിസിബിൾ ആയി അനുഭവപ്പെട്ടു. ഇത് തീർത്തും സന്തോഷ പ്രദമാണ്. ഇപ്പോൾ, രവിചന്ദ്രൻ സംഘടനയ്ക്കകത്ത് ഒരു മുഷ്ക്കനായ ഏകാധിപത്യ സ്വഭാവിയാണെന്നും മറ്റുമുള്ള പരാതികൾ പലരും പറയുന്നതും കേട്ടു. ഇപ്പോൾ രവിചന്ദ്രന്റെ സംഘടനയ്ക്കകത്തെ തർക്കങ്ങൾ മറ നീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇതൊന്നും ഒട്ടും സന്തോഷകരമായ അനുഭവമല്ല. എതിരഭിപ്രായക്കാരോട് വളരെ അമാന്യമായ നിലയിൽ പ്രതികരിക്കുന്നത് നമ്മുടെ മുൻകാല യുക്തിവാദികളുടെ ഒരു ശൈലിയേ ആയിരുന്നില്ല. മതവും വിശ്വാസവും വികാരത്തിനകത്ത് തമ്പടിക്കുമ്പോൾ സമചിത്തതയും വിവേകവും തുടിക്കുന്ന വിചാര ഭാഷ അവർ പുലർത്തിയിരുന്നു എന്നത് എന്നിൽ വലിയ മതിപ്പുളവാക്കാൻ കാരണമായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ സോഷ്യൽ മീഡിയയിലെ യുക്തിവാദ പ്രവർത്തകരിൽ നിന്ന് അത് മാഞ്ഞ് പോയിരിക്കുന്നു. ഏതായാലും രവിചന്ദ്രന്റെ സംഘടനയ്ക്കകത്തെ തർക്കങ്ങളും കലഹങ്ങളും എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടട്ടെ. ശത ലക്ഷങ്ങൾ മുടക്കിയുള്ള അദ്ദേഹത്തിന്റെ പടുകൂറ്റൻ ചിത്രങ്ങളും ഹോർഡിങ്ങുകളും ഇനിയും പ്രത്യക്ഷപ്പെടട്ടെ! ഈ പോസ്റ്റ് ട്രൂത്ത് കാലത്ത് ഒരു പക്ഷേ, യുക്തിചിന്തകളും കോർപറേറ്റ് വൽക്കരിക്കപ്പെടേണ്ടത് ഒരു ആവശ്യം തന്നെയാവണം. എന്നാലും ആ കോട്ട്, അസഹനീയമായിരുന്നു എന്ന കാര്യം മറക്കാനാവില്ല തന്നെ! പക്ഷേ, സമാധാനിക്കാൻ ഒരു കാര്യമില്ലാതില്ല. കോട്ടിട്ട രവിചന്ദ്രന്റെ പടുകൂറ്റൻ പടമുള്ള ഇത്രയും വലിയ കൊമേഴ്സ്യൽ ഹോർ ഡിങ്ങുകൾ നിറഞ്ഞ ഒരു സമ്മേളനത്തിന് ക്ഷണിക്കപ്പെട്ടത് വലിയ അഭിമാനകരം തന്നെ. ഓർമയിൽ ഇപ്പോഴും കോൾമയിർ കൊള്ളിക്കുന്ന സ്മരണ തന്നെ!

യുക്തിവാദികൾ ആൾദൈവങ്ങളാവാൻ ശ്രമിക്കുന്നതിന്റെ അയുക്തികതയെപ്പറ്റി സംശയം ഉന്നയിക്കുമ്പോഴൊക്കെ അസഹിഷ്ണുതയുടെ വീരാരാധനയുമായി അവരുടെ തലച്ചോറടിമകൾ വൈകാരിക ഭാഷയുടെ ചാവേറുകളായി ചാടി വീഴുന്ന ഒരത്ഭുതവും കാണാം. ഫലത്തിൽ അതിന്റെ ശൈലി മതഗന്ധം സ്രവിപ്പിക്കുകയും ചെയ്യുന്നു. യുക്തിവാദത്തിന്റെ കാലുകൾ അരാഷ്ട്രീയതയിൽ നില്ക്കുന്നതും രവിചന്ദ്രൻ ഹോർഡിങ്ങ്സ് പോലെ വൈരൂപ്യമാർന്നതുമാണ്. എന്തായാലും പുതുതായി പ്രത്യക്ഷപ്പെട്ട അതിനകത്തെ കലഹങ്ങളും വിഭാഗീയതയും എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയും സഹിഷ്ണുതയും സത്യാന്വേഷണത്തിന്റെ തെളിമയും പ്രസരിപ്പിക്കുന്ന പ്രവർത്തനവുമായി, തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുന്ന സംഘടനാ പ്രവർത്തനവുമായി അത് മുന്നോട്ട് പോകട്ടെ!

Comments