കടൽഭിത്തി/പുലിമുട്ട് ഇത്യാദി പുരാതന മാർഗങ്ങൾ കൊണ്ട് ഇനിയും നിങ്ങൾ ഈ വഴി വരരുത്

ഇതുവരെ കടലേറ്റത്തെ പ്രതിരോധിക്കാനാവുന്ന ശാസ്ത്രീയവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഒരു ബദൽമാർഗം കണ്ടെത്താൻ വേണ്ട സമഗ്രമായൊരു പദ്ധതിയോ പ്ലാനോ സർക്കാർ സംവിധാനത്തിൽ നിന്നുണ്ടായിട്ടില്ല.

ടലേറ്റം കൂടിയാൽ കല്ലിട്ട് പ്രശ്നം പരിഹരിക്കും.
എന്നിട്ടും കടൽ കയറിയാൽ കടപ്പുറത്ത് താമസിക്കുന്നവരെ ഏതേലും വിദൂര ദേശത്തെ രണ്ടു മുറി കുടുസ്​ ഫ്ലാറ്റിലേക്കും മാറ്റും. അങ്ങോട്ട് പോവാൻ പറ്റില്ലെന്ന് പറയുന്നവരെ, ‘ഓ പിന്നെ, കടപ്പുറത്തെ ഇടുങ്ങിയൊരു വീട്ടിൽ എട്ട് - പത്ത് പേരായി ഞെരുങ്ങി കഴിഞ്ഞവന്മാരാ, ഇപ്പൊ കൊള്ളാവുന്നൊരു ഫ്ലാറ്റിലേക്ക് മാറ്റിയപ്പോൾ നമ്മളോട് ഡിമാൻറ്​ പറയുന്നു! കിട്ടിയതും വാങ്ങി പോയി ജീവിക്കെടേയ് ' എന്നും പറഞ്ഞ് പുച്ചിക്കും.

ശ്രദ്ധിക്കൂ സ്​റ്റെയ്​റ്റേ,
കടൽഭിത്തി/പുലിമുട്ട് ഇത്യാദി പുരാതന മാർഗങ്ങൾ കൊണ്ട് ഇനിയും നിങ്ങൾ ഈ വഴി വരരുത്. കല്ലിട്ടാലേ പ്രശ്നം തീരൂ എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്ന വലിയൊരു പങ്ക് തീരദേശവാസികളോട് കൂടി സംസാരിച്ച് (കടപ്പുറത്ത് താമസിക്കാതെ തന്നെ കടൽഭിത്തിക്ക് വേണ്ടി വാദിക്കുന്ന വിദഗ്ധ ശബ്ദങ്ങളെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു), അവരിൽ വിശ്വാസമുണ്ടാക്കിക്കൊണ്ട് മറ്റ് ബദൽമാർഗങ്ങൾ കണ്ടെത്താനും അവ നടപ്പിലാക്കാനും എത്രയും വേഗം തയ്യാറാവുകയാണ് വേണ്ടത്.

സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി തീരമേഖലയിൽ നിന്നുള്ള പലരും ബന്ധപ്പെട്ട സംവിധാനങ്ങളോട് ആവശ്യപ്പെടുന്ന കാര്യമാണിത്. പക്ഷേ ഇതുവരെ കടലേറ്റത്തെ പ്രതിരോധിക്കാനാവുന്ന ശാസ്ത്രീയവും പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതുമായ ഒരു ബദൽമാർഗം കണ്ടെത്താൻ വേണ്ട സമഗ്രമായൊരു പദ്ധതിയോ പ്ലാനോ സർക്കാർ സംവിധാനത്തിൽ നിന്നുണ്ടായിട്ടില്ല.

Photo: Noble Author's FB wall

മുന്നാക്ക സംവരണം ‘കാലഘട്ടത്തിന്റെ ആവശ്യം" ആണെന്ന കണ്ടെത്തൽ റെക്കോർഡ് സമയത്തിനുള്ളിൽ ജസ്റ്റിസ് കെ. ശ്രീധരൻ നായരും സംഘവും കണ്ടെത്തിയതിന് പിന്നാലെ അതിലും റെക്കോർഡ് സമയം കൊണ്ട് സാമ്പത്തിക സംവരണം പറ്റാവുന്ന എല്ലാ ഏരിയയിലും നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാരാണിത്. പക്ഷേ കടൽഭിത്തിക്ക് പകരം ശാസ്ത്രീയമായ മറ്റ് വഴികൾ നടപ്പാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തെ അഡ്രസ്സ് ചെയ്യാതെ മുന്നോട്ടു പോവാൻ ഇവിടുത്തെ സംവിധാനങ്ങൾക്ക് സാധിക്കുന്നുണ്ട്.

മറ്റൊരു കാര്യം, ഇലക്ഷൻ സ്റ്റണ്ടിന്റെ ഭാഗമായി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, കടലേറ്റത്തിൽ വീടുകൾ നഷ്ടമായ പൊഴിയൂരിലെയും പരുത്തിയൂരിലെയും കുടുംബങ്ങൾക്കായി നിർമിച്ച പുനർഗേഹം ഫ്ലാറ്റുകൾ മേഴാസിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു പോയിരുന്നു. ഇപ്പോൾ ആറ് മാസം കഴിഞ്ഞു. ഇതുവരെയും ഈ ഫ്ലാറ്റുകളിൽ വെള്ളമോ വൈദ്യുതി കണക്ഷനോ ഏർപ്പാടിക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളുടെ താക്കോലുകൾ അർഹതപ്പെട്ടവർക്ക് കൈമാറിയിട്ടുമില്ല. ആ ഫ്ലാറ്റുകളിൽ കിടന്നുറങ്ങേണ്ട മനുഷ്യരാണ് കഴിഞ്ഞ ഏതാനും ദിവസമായി സ്കൂളുകളിലും അംഗൻവാടികളിലുമെല്ലാം ദുരിതബാധിതരായി കഴിയുന്നത്.

തുറന്നു കൊടുക്കാൻ പ്ലാനില്ലെങ്കിൽ ഉദ്ഘാടനം എന്ന പേരിൽ കൊട്ടിഘോഷിച്ച് ഇറങ്ങരുത്, അത് വൃത്തികേടാണ്. ജനങ്ങളോട് കാട്ടുന്ന ക്രൂരതയുമാണ്!

കോവിഡും പ്രകൃതി ദുരന്തങ്ങളും ഒരേസമയം നേരിടേണ്ടി വരുന്നതിന്റെ വെല്ലുവിളികളിലാണ് നമ്മളെല്ലാവരും. എന്നാൽ സാമൂഹികവും തൊഴിൽപരവും സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടുന്ന മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും കേരളത്തിലെ ലക്ഷം വീട് കോളനികളിലും പുറമ്പോക്ക് ഭൂമികളിലും കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരെയും ഇത്തരമൊരു പ്രതിസന്ധിയുടെ കാലത്ത് സവിശേഷ ഇടപെടലുകളിലൂടെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ കാലേക്കൂട്ടി ചെയ്യേണ്ടതുണ്ട്.

NB: Jyothi Basu Rajayyan ഉൾപ്പെടെ വേണ്ടപ്പെട്ട ഒരുപാട് മനുഷ്യരുടെ വീടുകൾ ഇനിയൊരു മൺസൂണിനെ കൂടി അതിജീവിക്കാനാവുമോ എന്ന ആശങ്കയിലാണ്. അച്ഛന്റെ നാടായ കൊച്ചുവേളിയിലും കടലേറ്റമുണ്ടായി നിരവധി ദുരിതങ്ങളുണ്ടായെന്ന വാർത്ത കാണുന്നുണ്ട്. സേവ് ചെല്ലാനം എന്ന ഹാഷ്ടാഗിന് പുറമേ ഇപ്പോൾ സേവ് പൊഴിയൂർ, സേവ് പൂന്തുറ എന്നീ ഹാഷ്ടാഗുകളും വന്നുതുടങ്ങി.


Comments