truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
shankaran kutty

Story

തെറിപ്പോലീസ്
ശ്രീനാഥ് ശങ്കരന്‍കുട്ടി എഴുതിയ കഥ
വായിക്കൂ, കേള്‍ക്കൂ

തെറിപ്പോലീസ് -ശ്രീനാഥ് ശങ്കരന്‍കുട്ടി എഴുതിയ കഥ , വായിക്കൂ, കേള്‍ക്കൂ

പരമനെസ്സൈ പറഞ്ഞ ഉപദേശമായ കേസു തെളിയിക്കാന്‍ സ്വന്തമായി കണ്ടെത്തേണ്ട വഴിയെപ്പറ്റി അന്നത്തെ സംഭവത്തോടെ തീരുമാനമായി. അമ്മാവന്‍ പോലുമറിയാതെ തെറി ആയുധമായി.

7 Oct 2022, 06:00 PM

ശ്രീനാഥ് ശങ്കരന്‍കുട്ടി

Truecopythink · തെറിപോലീസ് - Malayalam story by sreenath shankarankutty

ഒന്ന്
പരമനെസ്സൈ 

ചെട്ടിഭാഗത്തുനിന്ന് ഹൈക്കോര്‍ട്ടിലേക്കുള്ള പാസഞ്ചര്‍ ബോട്ടില്‍ വച്ച് അങ്ങോരെ അന്ന് പരിചയപ്പെട്ടില്ലായിരുന്നെങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്ന് അറുപത്തിരണ്ടിലെ ഹിന്ദി ചീനി യുദ്ധത്തില്‍ വീരമൃത്യു അടയാനായിരുന്നേനെ ഭരതന്‍പിള്ളയമ്മാവന്റെ വിധി. ബോട്ടിന്റെ മൂലയില്‍ പതുങ്ങി ഇരിക്കുകയായിരുന്ന അമ്മാവനോട് "നല്ല പൊക്കമുണ്ടല്ലാ... പട്ടാളത്തില്‍ ചേരാന്‍ പോകുവാണാ?' എന്ന് പുള്ളിക്കാരന്‍ നേരിട്ട് വന്നു ചോദിക്കുകയായിരുന്നു. രാമവര്‍മ്മ സ്‌കൂളില്‍ ആ സമയത്ത് നടന്നുകൊണ്ടിരുന്ന പട്ടാളറിക്രൂട്ട്‌മെന്റിനെപ്പറ്റിയൊന്നും സത്യത്തില്‍ അമ്മാവനറിയില്ലായിരുന്നു.

എസ്സൈ യൂണിഫോമില്‍ മുന്നില്‍ നില്‍ക്കുന്ന കൊമ്പന്‍മീശക്കാരനെ കണ്ട് അമ്മാവന്‍ ആദ്യമൊന്ന് പേടിച്ചു. ഇടത്തേ പോക്കറ്റില്‍ മെഡലെല്ലാമുണ്ട്. അതിനു മുകളില്‍ "പരമന്‍' എന്ന നെയിംപ്ലേറ്റ്. ചോദ്യത്തിന്റെ താളം കേട്ടപ്പോള്‍ അമ്മാവന് സംശയം തോന്നിയതാണ്. പേരും കൂടി കണ്ടപ്പോള്‍ പേടി അടങ്ങി. പേരും സംസാരവും കൊണ്ട് ആള്‍ക്കാരുടെ മൂലാധാരം വരെ മനസ്സിലാക്കുന്ന വിദ്യ അന്നേ കാരിപ്പള്ളിയിലെ നായന്‍മാര്‍ക്കറിയാം.

കാരിപ്പള്ളിയില്‍ നെല്ലായിപ്പിള്ളിക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഭൂജന്മിയായിരുന്നു അമ്മാവന്റെ അച്ഛന്‍ അതായത് എന്റെ അമ്മയുടെ അച്ഛന്‍ പങ്കജാക്ഷന്‍പിള്ള. അമ്പലനടയില്‍ പലചരക്കുകടയും തൊട്ടുചേര്‍ന്ന് "പൂര്‍ണ്ണേശ്വരി' ജൗളിക്കടയും.
മൂത്ത മകന്‍ രാമന്‍പിള്ളയെ അതേല്‍പ്പിച്ചിട്ട് പലചരക്കുകടയില്‍ ക്യാഷിലിരിക്കുന്നത് മുത്തച്ഛന്‍ നേരിട്ടാണ്. ഇരിക്കുന്നിടത്തുനിന്ന് ജൗളിക്കടയിലേക്ക് ആരൊക്കെ പോകുന്നുണ്ടെന്ന് നോക്കിവയ്ക്കും.
ഓരോ കച്ചവടം കഴിയുമ്പോഴും വല്യമ്മാവന്‍ ചെന്ന് മുത്തച്ഛന് കണക്ക് കൊടുക്കണം.
തുണിക്ക് വന്നവരെക്കൊണ്ട് ഒരു ചുട്ടിതോര്‍ത്തെങ്കിലും അധികം വാങ്ങിപ്പിച്ചില്ലെങ്കില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് "തന്തയിയില്ലാ കഴുവേര്‍ടമോനേ' എന്നുള്ള വിളി ഉറപ്പാണ്.
ചെറുപ്പം മുതലേ ചേട്ടനെ വിളിക്കുന്ന ഈ വിളിയുടെ അര്‍ത്ഥം മനസ്സിലാവാതെ അമ്മാവന്‍ തല പുകച്ചിട്ടുണ്ട്. ഒരിക്കല്‍ ചേട്ടനോട് നേരിട്ട് ചോദിച്ചു. വല്യമ്മാവന്‍ ചിരിച്ചുകൊണ്ട് "അതച്ഛന്‍ തന്നെത്തന്നെ വിളിക്കണതല്ലേടാ...' എന്നു പറഞ്ഞപ്പോള്‍ ആള്‍ക്ക് സങ്കടമില്ലെന്ന് അമ്മാവന് മനസ്സിലായി.
ചേട്ടന്റെ മാത്രമല്ല ആരുടേയും സങ്കടം കാണാന്‍ ചെറുതിലേ അമ്മാവന് പറ്റുകയില്ലായിരുന്നുവെന്ന് അമ്മ പറയാറുണ്ട്. സങ്കടക്കാരേക്കാള്‍ ഒച്ചയിട്ട് കരയുന്നതു കാരണം "ഓളിക്കാരന്‍' എന്നായിരുന്നു അമ്മാവനെ കളിയാക്കി വിളിച്ചിരുന്നത്. വല്യമ്മാവനും എന്റെ അമ്മയ്ക്കും ഏറ്റവും ഇളയതായിരുന്നു അമ്മാവന്‍. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

പഠിക്കാന്‍ ആളത്ര മെച്ചമൊന്നുമായിരുന്നില്ല. മലയാളത്തിന് മാത്രം മാര്‍ക്ക് കിട്ടും. ബാക്കിയെല്ലാത്തിനും കഷ്ടിയായിരുന്നു. ആറിലും ഏഴിലും ഓരോ കൊല്ലം തോല്‍ക്കുകയും ചെയ്തു. അക്കാലത്ത് ഒന്നോ രണ്ടോ കൊല്ലം സ്‌കൂളില്‍ തോല്‍ക്കുന്നത് വലിയ കാര്യമൊന്നുമല്ലാതിരുന്നിട്ടും എട്ടാംക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍ നാളെ മുതല്‍ കടയിലേക്ക് വന്ന് കാര്യങ്ങളൊക്കെ നോക്കിപ്പഠിച്ചോളാന്‍ മുത്തച്ഛന്‍ ഉത്തരവിറക്കി.

"അപ്പ പലചരക്കുകട നിനക്കും ജവുളി എനിക്കും' എന്നു ചേട്ടന്‍ ഉറപ്പിച്ച അന്ന് രാത്രി ഒരു മുഴുത്ത തെറി സ്വപ്നത്തില്‍ കേട്ട് ചെക്കന്‍ വലിയവായില്‍ കരയാന്‍ തുടങ്ങി. മൂന്നു ദിവസം നിര്‍ത്താതെ കരഞ്ഞപ്പോള്‍ കടയില്‍ പോക്ക് രണ്ട് കൊല്ലം കൂടി നീട്ടിക്കിട്ടി.

അങ്ങനെ നീട്ടിക്കിട്ടിയ രണ്ടാം കൊല്ലത്തിന്റെ അവസാനം അതായത് പത്താംതരം പാസായതിന്റെ അഞ്ചാം ദിവസമാണ് മുത്തച്ഛനറിയാതെ അമ്മ ഒരു രൂപാ കൊടുത്ത് "നിനക്ക് പതിനെട്ടു വയസ്സായില്ലേ... എര്‍ണാളത്ത് പോയി എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യ്' എന്ന് അമ്മാവനോട് പറഞ്ഞതും അതിനായി പോകുന്ന പോക്കില്‍ പരമനെസ്സൈയെ കാണുന്നതും.

"എംപ്ലോയ്‌മെന്റില്‍ പേര് ചേര്‍ക്കാന്‍ പോകാണ്' മറുപടി തീര്‍ന്നതും കോതാട് ജെട്ടിയെത്തി. എസ്സൈയെ കണ്ട് അതുവരെ തൊട്ടടുത്ത് പരുങ്ങിയിരിക്കുകയായിരുന്ന ഒരു പിള്ളേച്ചന്‍ രക്ഷപ്പെട്ട പോലെ എണീറ്റ് പോയി. പരമനെസ്സൈ അമ്മാവന്റെ അരുകിലിരുന്നു. 

കോതാട് ജെട്ടിയില്‍ നിന്ന് ഒരു പറ്റം ആളുകള്‍ ബോട്ടില്‍ കയറി ബോട്ട് നിറഞ്ഞു.

അമ്മാവന്‍ ചുറ്റും നോക്കിയപ്പോഴാണ് ആ അത്ഭുതക്കാഴ്ച കണ്ടത്.

ബോട്ട് നിറയെ ജനമാണെങ്കിലും അമ്മാവന്റേയും പരമനെസ്സൈയുടേയും ഒരു മീറ്റര്‍ ചുറ്റുവട്ടത്തില്‍ ഒറ്റ മനുഷ്യനില്ല. അതിനപ്പുറം മനുഷ്യത്തിര തിക്കിത്തിരക്കി നില്‍ക്കുന്നു.

"ദിതാണ് മോനേ പോലീസ് കുപ്പായത്തിന്റ ഗുണം...' അന്തംവിട്ടിരിക്കുന്ന അമ്മാവന്റെ ചെവിയിലേക്ക് ചാഞ്ഞ് പരമനെസ്സൈ പറഞ്ഞപ്പോള്‍ യൂണിഫോമില്‍ പുരട്ടിയിരുന്ന അത്തറിന്റെ മണമടിച്ചു. അമ്മാവന് പരമനെസ്സൈയോടും പോലീസുപണിയോടും യൂണിഫോമിനോടും ആദ്യമായിട്ട് ഇഷ്ടം തോന്നിയത് അപ്പോഴാവണം.

ബോട്ടിറങ്ങി അമ്മാവനേയും കൂട്ടി എസ്സൈ നേരേ പോയത് ഷണ്മുഖം റോഡിലെ ക്യാമ്പിലേക്കായിരുന്നു.
പോലീസില്‍ ചേരാന്‍ തയ്യാറുള്ള പൊക്കവും ആരോഗ്യവും ഉള്ളവരെയെല്ലാം നേരിട്ടെടുക്കുന്ന കാലമാണ്. ഒരെസ്സൈ ശുപാര്‍ശയും കൂടെ ചെയ്താല്‍ ഒന്നും നോക്കാനുണ്ടാവില്ല. പൊക്കവും നെഞ്ചളവും എടുത്തപ്പോള്‍ പൊക്കത്തില്‍ പാസ്സായി പക്ഷെ നെഞ്ചളവില്‍ തോറ്റു. അളവെഴുതിയ കടലാസ്സെടുത്ത് സ്വന്തം കൈ കൊണ്ട് പരമനെസ്സൈ തിരുത്തിയെഴുതി പാസ്സാക്കുകയായിരുന്നു.

എല്ലാം കഴിഞ്ഞപ്പോള്‍ പരമനെസ്സൈ അമ്മാവനെയും കൂട്ടി ക്യാന്റീനില്‍ പോയി. ചായയും പഴംപൊരിയും കഴിക്കുന്നതിനിടയില്‍ അമ്മാവന്‍ മനസ്സ് തുറന്നു.

""സാറേ... ഞാനൊരു സത്യം പറയട്ടെ. എനിക്ക് ആള്‍ക്കാരെ ഇടിക്കാനൊന്നും പറ്റൂല്ല... പെട്ടെന്ന് സങ്കടം വരും'' പറഞ്ഞപ്പോള്‍ തന്നെ കണ്ണ് നിറഞ്ഞു.

പരമനെസ്സൈ ന്യൂ റിക്രൂട്ടിനെ നോക്കി കുറച്ചുനേരം ഇരുന്നു. രണ്ട് പരിപ്പുവടക്കും കൂടി ഓര്‍ഡര്‍ കൊടുത്തു. എന്നിട്ട് മെല്ലെ സംസാരിക്കാന്‍ തുടങ്ങി
""ഡാ... പോലീസെന്ന് പറഞ്ഞാ എന്താന്നാ... സര്‍ക്കാര് ശമ്പളം തരണ ഗുണ്ടയാണെന്നാണാ... അല്ല... നമ്മടെ പണി ജനങ്ങക്ക് കാവല് നില്‍ക്കലാണ്... ബസിലിരിക്കുമ്പ... ബോട്ടിലിരിക്കുമ്പ... എന്തിന്... ചുമ്മാ നടക്കുമ്പ... ഫുള്‍ടൈം നമ്മട കണ്ണും കാതും ബുദ്ധീം പ്രവര്‍ത്തിക്കണം. കയ്യീ പെടാന്‍ തയ്യാറായി ഒര് കള്ളന്‍ അല്ലെങ്കി ഒര് കൊലപാതകി എവിടേങ്കിലും എണ്ടാവും. അവനെ നമ്മ തേടിക്കൊണ്ടിരിക്കണം. ഇന്നല്ലങ്കി നാളെ അവന്‍ വന്ന് കുടുങ്ങും... പിന്ന കുറ്റം തെളിയിക്കാന്‍ എപ്പഴും ഇടിക്കണോന്ന് നിന്നോടാരാണ് പറഞ്ഞത്... നെനക്ക് മാത്രം പറ്റണ ചെല വഴികളെണ്ടാവും കേസ് തെളിയിക്കാന്‍... അത് നീ തന്ന കണ്ടുപിടിച്ചാ മതി...''

അമ്മാവന്റെ മനസ്സ് തെളിഞ്ഞു. തന്റെ മുന്നിലിരിക്കുന്നത് ജീവിതത്തില്‍ വെളിച്ചം നിറയ്ക്കുന്ന മഹാഗുരുവാണെന്നും ഒന്നു തൊടണമെന്നും അമ്മാവന് തോന്നി. കാരിപ്പള്ളിയിലെ നായന്മാര്‍ പൊതുവേ മറ്റു ജാതിക്കാരെ സ്വമനസ്സാലെ തൊടാറില്ല. പരമനെസ്സൈയുടെ കൈത്തണ്ടയിലേക്ക് അമ്മാവന്‍ സൂക്ഷിച്ച് നോക്കി. കാരിരുമ്പ് കയ്യില്‍ കറുപ്പിന്റെ തിളക്കം ഓളംവെട്ടുന്നു. ഉള്ളില്‍ നിന്ന് ഇരച്ചുവന്ന തോന്നലില്‍ അമ്മാവന്‍ പരിപ്പുവട എടുക്കുന്ന കൂട്ടത്തില്‍ എസ്സൈയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു. പരമനെസ്സൈ അമ്മാവന്റെ കണ്ണൂകളില്‍ നോക്കി പുഞ്ചിരിച്ച് കൈകള്‍ തിരിച്ചമര്‍ത്തി.

രണ്ട് 

പോലീസ് ചോറ്, കൊലച്ചൊറ്...

വൈകിട്ട് ചിരിച്ചുകൊണ്ട് വീട്ടിലെത്തിയ അനിയനോട് "എന്താടാ ഇത്ര സന്തോഷം' എന്ന് അമ്മ ചോദിച്ചപ്പോള്‍ "ഞാന്‍ പോലീസീ ചേര്‍ന്ന്...' എന്നമ്മാവന്‍ മറുപടി പറഞ്ഞത് അല്പം ഉച്ചത്തിലായിരുന്നു. കേട്ടുനിന്ന അമ്മമ്മ പധോ പധോ എന്ന് അരിയിടിക്കുന്ന പോലെ നെഞ്ചത്ത് രണ്ടിടി ഇടിച്ചു. "എന്റെ മോന്റെ ചോറ് കൊലച്ചോറായിപ്പോയേ...' എന്നും പറഞ്ഞ് കരച്ചിലും തുടങ്ങി. ഇടിയുടെ ആഘാതത്തില്‍ റൗക്കയഴിഞ്ഞതു പോയത് കണ്ട് അമ്മ മേല്‍മുണ്ടെടുത്ത് അമ്മമ്മയെ പുതപ്പിച്ചു കൊടുത്തു. മേല്‍മുണ്ടും കൂട്ടിപ്പിടിച്ചായി പിന്നീടുള്ള നിലവിളി. 

മുത്തച്ഛന്‍ വിവരമറിഞ്ഞ് എത്തിയത് തന്നെ "തന്തയില്ലാ കഴുവേര്‍ടമോനേ...' എന്നും വിളിച്ചോണ്ടാണ്. ഇത്തവണ ഒരു പരിപാടി കൂടുതലും ഉണ്ടായിരുന്നു. വെള്ളി കെട്ടിയ ചൂരലിനുള്ള അടി. കൂടെ എടുത്താ പൊങ്ങാത്ത പച്ചത്തെറിയും. ഒരു പോലീസുകാരനെയാണ് താന്‍ അടിക്കുന്നത് എന്ന് മുത്തച്ഛനുണ്ടോ ഓര്‍ക്കുന്നു. ആറാമത്തെ അടി വീണുകഴിഞ്ഞപ്പോഴാണ് അമ്മാവന്‍ പോലും താന്‍ പോലീസാണല്ലോ എന്നോര്‍ത്തതും എഴാമത്തെ അടി തടുത്ത് "നിര്‍ത്തടാ മൈരേ...' എന്ന് സ്വന്തം അച്ഛന്റെ മുഖത്തുതന്നെ നോക്കിപ്പറഞ്ഞതും. അമ്മാവന്‍ ജീവിതത്തില്‍ പറഞ്ഞ ആദ്യത്തെ തെറിയായിരുന്നു അത്. 

theri

അതിനിടയില്‍ നെഞ്ചത്തടി നിര്‍ത്തി കാഴ്ചക്കാരിയായി മാറിയിരുന്ന അമ്മമ്മ അമ്മാവന്റെ അവരാതം കേട്ടതും നിന്നിടത്തേക്ക് കുത്തിയിരുന്നു. തലകറങ്ങി വീണതാവുമെന്നു കരുതി അമ്മ ഓടിയെത്തി നോക്കുമ്പോഴുണ്ട് അമ്മമ്മ നിലത്ത് കമഴ്ന്ന് കിടന്ന് ഒച്ചയുണ്ടാക്കാതെ കുമുകുമാ ചിരിക്കുന്നു. അമ്മക്കും അതുകണ്ട് ചിരി വന്നു. ചിരിച്ചാല്‍ മോശമാവുമല്ലോ എന്നു മനസ്സിലോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഉറക്കെ മറ്റൊരു നിലവിളി പൊങ്ങിയത്. നോക്കുമ്പോഴുണ്ട് തെറിപ്പോലീസുകാരന്‍ മതിലില്‍ ചാരിനിന്ന് എങ്ങലടിച്ചു കരയുകയാണ്. 

എല്ലാവരും കൂടി ഓളിക്കാരനെ പിടിച്ച് ഇറയത്തിരുത്തി. നിര്‍ത്താതെ കരയുന്നത് കണ്ട് കഷ്ടം തോന്നിയ അമ്മ അനിയനെ താങ്ങിയിരുത്തി തല തടവിക്കൊടുത്തു. തെറിവിളി കേട്ട മുത്തച്ഛന് പോലും അതുകണ്ട് മനസ്സലിഞ്ഞു. വടി ഇറയില്‍ വച്ച് അകത്തുപോയി വിശറി എടുത്തുകൊണ്ടുവന്ന് മുത്തച്ഛന്‍ വീശിക്കൊടുക്കാന്‍ തുടങ്ങി. കുറച്ചു നേരം വീശിക്കഴിഞ്ഞപ്പോള്‍ വല്യമ്മാവന്‍ വന്ന് വിശറി വാങ്ങി. അമ്മമ്മ മാത്രം ഇന്നേരമത്രയും കിടന്നിടത്തുതന്നെ കിടന്നു. ചിരിക്കുകയാണെന്ന് അമ്മയ്ക്കല്ലാതെ ആര്‍ക്കും മനസ്സിലായില്ല.  

കുറേ നേരം കഴിഞ്ഞപ്പോള്‍ അമ്മാവന്റെ കരച്ചിലടങ്ങി. ആളെഴുന്നേറ്റ് അകത്ത് പോയിക്കിടന്നു. ആ സംഭവത്തോടെ മുത്തച്ഛന്‍ തെറി പറയുന്നത് നിര്‍ത്തി. അമ്മാവനാണെങ്കില്‍ തന്റെ പോലീസ് ജീവിതത്തിന്റെ പുതിയ ഏടിലേക്ക് കടക്കുകയായിരുന്നു. 

മൂന്ന്

വീട്ടിലേക്കുള്ള വരവ്

സര്‍വീസില്‍ കയറി ആദ്യത്തെ കുറേ നാളുകള്‍ ക്യാമ്പില്‍ത്തന്നെ ആയിരുന്നു. ക്യാമ്പില്‍ നിന്ന് പരമനെസ്സൈയുടെ ക്വാര്‍ട്ടേഴ്‌സിലേക്കായിരുന്നു മിക്കവാറും ഒഴിവുദിവസങ്ങളില്‍ അമ്മാവന്റെ പോക്ക്. എസ്സൈ അവിടെ ഒറ്റക്കായിരുന്നു. അവിടെ വച്ചാണ് അമ്മാവന്‍ ഇറച്ചിയും മീനുമെല്ലാം പാചകം ചെയ്യാന്‍ പഠിക്കുന്നത്. അക്കാലത്ത് വല്ലപ്പോഴും വീട്ടിലെത്തിയാല്‍ വീട്ടിലെ ഭക്ഷണത്തോട് കാണിക്കുന്ന ആര്‍ത്തി കാണുമ്പോഴേ അമ്മമ്മ നെഞ്ചത്തിടിയും നിലവിളിയും തുടങ്ങും. മുത്തച്ഛനാണേല്‍ പഴയ തെറിസംഭവത്തോടെ സംസാരം നിര്‍ത്തിയിരുന്നു. എങ്കിലും, ആദ്യത്തെ ശമ്പളം അമ്മാവന്‍ കൊണ്ടുക്കൊടുത്തപ്പോള്‍ വാങ്ങി രണ്ട് പ്രാവിശ്യം എണ്ണി നോക്കി. എണ്ണുമ്പോള്‍ മുഖം തെളിയുന്നത് കണ്ട് അമ്മാവന്റെ മനസ്സ് തെളിഞ്ഞു. എങ്കിലും ഒരൊറ്റ രൂപാ മാത്രം എടുത്ത് ശമ്പളം മൊത്തം മുത്തച്ഛന്‍ തിരിച്ചു കൊടുത്തപ്പോള്‍ അമ്മാവന്‍ കരഞ്ഞു. ""നിന്റെയീ കരച്ചില്‍ എന്നാടാ തീരുന്നത്'' എന്ന അമ്മയുടെ ചോദ്യം കേട്ടപ്പോള്‍ പിന്നെയും കരഞ്ഞു.

story

പരമനെസ്സൈ പിന്നീട് ഒരിക്കല്‍കൂടി സഹായത്തിനെത്തിയത് ക്യാമ്പില്‍ നിന്നുള്ള മാറ്റസമയത്തായിരുന്നു. കൂട്ടത്തില്‍ സ്റ്റേഷനിലേക്കുള്ള ആദ്യത്തെ മാറ്റം അമ്മാവനായിരുന്നു. ഓര്‍ഡര്‍ കിട്ടിയ അന്നു വൈകീട്ട് എസ്സൈയെയും നിര്‍ബന്ധിച്ച് കൂട്ടി അമ്മാവന്‍ വീട്ടിലെത്തി. തലയുയര്‍ത്തിപ്പിടിച്ച് യൂണിഫോമില്‍ മകന്റെ കൂടെ വരുന്ന പോലീസിനെ കണ്ടപ്പോള്‍ കേസൊന്നും പേരിലില്ലെങ്കിലും മുത്തച്ഛന്റെ മുട്ടിനൊരു വിറയല്‍ വന്നു. ചാരുകസേരയില്‍ നിന്ന് മെല്ലെ ആളെഴുന്നേറ്റ് നിന്നു. ഷൂ ഊരാതെ പരമനെസ്സൈ ഇറയത്ത് കയറി എതിരെ കസേരയില്‍ നീണ്ടു നിവര്‍ന്നിരുന്നു. 

"എന്താ പേര്?''
"പങ്കജാക്ഷന്‍ പിള്ള'
"പലചരക്ക് കട ആണല്ലേ? ഭരതന്‍ പറഞ്ഞിട്ടുണ്ട്...'
'അതെ... ജവുളിയും ഉണ്ട്...'
"ഞാന്‍ നായരല്ല...'
"മനസ്സിലായി...'
പറഞ്ഞുകഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നുവെന്ന് മുത്തച്ഛന് തോന്നി.
"അതെങ്ങനെ മനസ്സിലായി?'
മുത്തച്ഛന്‍ ഒന്നും മിണ്ടിയില്ല.
"പരമന്‍ സാറാണ് എനിക്ക് ജോലിയും സ്റ്റേഷനിലേക്ക് മാറ്റവും വാങ്ങിത്തന്നത്...' അമ്മാവന്‍ മെല്ലെ ഇടപെട്ടു.
"എടിയേ... ചായ എടുക്ക്...' ഒരു നിമിഷം ആലോചിച്ച് മുത്തച്ഛന്‍ അകത്തേക്ക് നോക്കി വിളിച്ചു. അമ്മാവന് സമാധാനമായി. അമ്മ ഓട്ടുലോട്ടയില്‍ ചായയും പ്ലേറ്റില്‍ കായവറുത്തതും കൊണ്ടുവന്നു. കായവറുത്തത് എസ്സൈ തിന്നില്ല.  ചായ മാത്രം കുടിച്ച് എഴുന്നേറ്റു. 
"വലിയ ഉപകാരം...' മുത്തച്ഛന്‍ തൊഴുതു. 

ഉപചാരം സ്വീകരിച്ച് തല ഉയര്‍ത്തിപ്പിടിച്ച് പരമനെസ്സൈ നടന്നുതുടങ്ങി. അമ്മാവന്‍ ഓടിച്ചെന്ന് എസ്സൈയുടെ കയ്യില്‍ ഒരിക്കല്‍ കൂടി തൊട്ടു. പരമനെസ്സൈ ചായ കുടിച്ച ആ ലോട്ട അമ്മാവനല്ലാതെ ആരും പിന്നീട് ഉപയോഗിച്ചിട്ടില്ല. അമ്മാവനാണെങ്കില്‍ അതിലല്ലാതെ ചായ കുടിക്കുന്നത് ഞാന്‍ എന്റെ ഓര്‍മ്മയില്‍ കണ്ടിട്ടുമില്ല.

നാല്

മുത്തുറാവുത്തറും തെറിപ്പോലീസും

സര്‍വീസിലെ ആദ്യത്തെ സ്റ്റേഷന്‍ വര്‍ഷങ്ങള്‍ പാറാവിലും നൈറ്റ്ഡ്യൂട്ടിയിലും തീര്‍ന്നു. ഈ സമയത്തെല്ലാം ആര്‍ക്കും അറിയാത്ത വിഷമവൃത്തത്തിലായിരുന്നു അമ്മാവന്‍. സ്റ്റേഷനില്‍ പ്രതികളെ മറ്റു പോലീസുകാര്‍ ഇടിക്കുന്നത് കണ്ടുനില്ക്കാന്‍ ഒട്ടും കഴിയുന്നില്ല. എങ്ങോട്ടെങ്കിലും ഓടിക്കളയാന്‍ തോന്നും. എങ്ങിനെ മുങ്ങാനാണ്. പോലീസായിപ്പോയില്ലേ. അതും ജൂനിയര്‍ കോണ്‍സ്റ്റബിള്‍. കൂടെക്കയറിയവരെല്ലാം നല്ല ഇടിക്കാരായി പേരെടുത്തപ്പോള്‍ അമ്മാവന്‍ മാത്രം പുറകിലായി. മറ്റു പോലീസുകാര്‍ക്കിടയില്‍ കാര്യം ചര്‍ച്ചയായി തുടങ്ങിയപ്പോഴാണ് രണ്ടും കല്‍പിച്ച് ഒരു ദിവസം ലോക്കപ്പിലേക്ക് കയറിയത്. ഇരുട്ടത്ത് ഒറ്റക്ക് പോകുന്ന കുട്ടികള്‍ ഉച്ചത്തില്‍ പാട്ടുപാടുന്നതു പോലെ അമ്മാവന്‍ ലോക്കപ്പില്‍ കിടക്കുന്നവനെ അച്ചാലും മുച്ചാലും തെറി പറയാന്‍ തുടങ്ങി. തെറിയെന്നു പറഞ്ഞാല്‍ നല്ല കല്ലുവച്ച തെറി. സംഗതി ഏറ്റു. പരിപാടി കൊള്ളാമല്ലോ എന്ന് അമ്മാവനും മറ്റുള്ളവര്‍ക്കും തോന്നി. ബാക്കിയുള്ളവരുടെ ഇടിയുടെ കൂടെ അമ്മാവന്റെ തെറി കൂടി ആയപ്പോള്‍ കള്ളന്മാര്‍ കഴിഞ്ഞ ജന്മത്തില്‍ നടത്തിയ കാര്യങ്ങള്‍ കൂടെ വിളിച്ചു പറയാന്‍ തുടങ്ങി.

പരമനെസ്സൈ പറഞ്ഞ ഉപദേശമായ കേസു തെളിയിക്കാന്‍ സ്വന്തമായി കണ്ടെത്തേണ്ട വഴിയെപ്പറ്റി അന്നത്തെ സംഭവത്തോടെ തീരുമാനമായി. അമ്മാവന്‍ പോലുമറിയാതെ തെറി ആയുധമായി. 

ഇതെല്ലാമാണെങ്കിലും മറ്റുള്ളവരുടെ ഇടിയുടെ അകമ്പടിയില്ലാതെ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ തനിക്ക് ഒറ്റക്കൊരു കേസില്‍ കഴിവു തെളിയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് അമ്മാവന്‍ സങ്കടപ്പെട്ടിരിക്കെയാണ് മുത്തു റാവുത്തറുടെ കേസ് വരുന്നത്.
ഇന്നത്തെപ്പോലെയല്ല. പറവൂര്‍ പട്ടണത്തില്‍ അക്കാലത്ത് രണ്ടേരണ്ട് ഗുണ്ടകളേ ഉണ്ടായിരുന്നുള്ളൂ.  മയിലന്‍ കുമരനും മുത്തുറാവുത്തറും. കച്ചേരിപ്പടി മുതല്‍ പടിഞ്ഞാട്ട് ചന്തയും കഴിഞ്ഞ് പുഴക്കര വരെയായിരുന്നു മയിലന്റേയും സംഘത്തിന്റേയും കേന്ദ്രം. കളരിയും മര്‍മ്മവും പഠിച്ച അഭ്യാസിയായിരുന്നു മയിലന്‍. അമ്മന്‍കോവിലില്‍ പണ്ടെങ്ങോ മയിലാട്ടത്തിന് തമിഴ്നാട്ടില്‍ നിന്ന് വന്ന സംഘത്തില്‍ വന്നതാണ്.
മയിലാട്ടം കഴിഞ്ഞ് ചന്തയില്‍ കറങ്ങുന്ന കൂട്ടത്തില്‍ ഉണക്കമീന്‍ കടയില്‍ കയറി "കരുവാട് എത്തന വെല...?' എന്നു ചോദിച്ച് വിരിഞ്ഞു നില്‍ക്കുന്ന തമിഴനെക്കണ്ട് ഉണക്കമീന്‍ അമ്മിണി അന്നത്തെ കച്ചവടം നിര്‍ത്തി. തമിഴനെയൊഴിച്ച് ബാക്കിയുള്ളവരെയൊക്കെ പറഞ്ഞു വിട്ടു. അന്നവിടെ കൂടിയ തമിഴന്‍ കുമരന്‍ പിന്നീട് അമ്മിണിയെ കെട്ടി മയിലന്‍ കുമരനായി. ചന്തയില്‍ ചുമടെടുപ്പ് തൊഴിലാക്കി. എപ്പഴോ നടന്ന ഒരു തല്ലില്‍ അന്നത്തെ ഗുണ്ടാത്തലവന്‍ ചമ്മന്തിപോളേട്ടനെ അടിച്ചു നിലത്തിട്ട് പട്ടണത്തിലെ പ്രധാന ഗുണ്ടയായി. എപ്പോഴും കൂട്ടിന് ഇടംവലം ചന്തയിലെ എന്തിനും പോന്ന രണ്ടു മൂന്നു ചുമട്ടുകാര്‍ ഉണ്ടാവും. എന്നിട്ടും ടൗണിന്റെ കിഴക്കന്‍ പ്രദേശത്ത് കാല്‍ കുത്താന്‍ ഒരിക്കലും മയിലന് കഴിഞ്ഞിട്ടില്ല. കച്ചേരിപ്പടി മുതല്‍ കിഴക്കോട്ട് പെരുമാല്ലൂര്‍ വരെയുള്ള ആറുമൈല്‍ മുത്തുറാവുത്തറുടെ രാജ്യമായിരുന്നു.

മയിലനെപ്പോലെ അഭ്യാസി ഒന്നുമായിരുന്നില്ലെങ്കിലും ആറരയടി പൊക്കത്തില്‍ പത്തുനൂറ്റിമുപ്പതു കിലോ വരുന്ന ഒരു രൂപമായിരുന്നു റാവുത്തറുടേത്. ഈ തടിയിലും ഒരു തരി കുടവയറില്ല. നാലു കെട്ടിയിട്ടുണ്ടെന്നും പത്തിരുപത് പിള്ളേരുണ്ടെന്നുമെല്ലാം നാട്ടില്‍ കഥകളുണ്ട്. സത്യമാണോ അല്ലയോ എന്നെല്ലാം ആര്‍ക്കറിയാം. ഒരു കാര്യം ഉറപ്പായിരുന്നു. ഒരു പഞ്ചായത്തിന്റെ അത്രയും വരുന്ന ആ പ്രദേശത്ത് റാവുത്തര്‍ അറിയാതെ ഒന്നും നടക്കില്ലായിരുന്നു.

സംഘത്തിലെ ആളുകള്‍ തമ്മില്‍ ഇടയ്ക്കിടെ കശപിശ ഉണ്ടാവാറുണ്ടെങ്കിലും മയിലനും റാവുത്തറും തമ്മില്‍ നേരിട്ട് ഒരിക്കലും മുട്ടിയിട്ടില്ലായിരുന്നു. ആദ്യമായി അതുണ്ടായത് കച്ചേരിപ്പറമ്പില്‍ വച്ചാണ്. ഏതോ കേസില്‍ വാദികളും പ്രതികളുമായെത്തിയ രണ്ടുപേരുടേയും ആളുകള്‍ തമ്മില്‍ കച്ചേരിക്ക് പുറത്ത് കൂട്ടയടിയായി. അടിയെന്ന് പറഞ്ഞാല്‍ നല്ല സൊയമ്പന്‍ അടി. കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ പിടിച്ചുമാറ്റാന്‍ രണ്ടുപേരും ഇടപെട്ടു. ഇവരിടപെട്ടതോടെ അടിയും നിന്നു. പക്ഷെ അതിനിടയില്‍ റാവുത്തറുടെ മൂത്തമകന്‍ ഷാഹു മയിലനെ പിടിച്ചു തള്ളി. മയിലന്‍ അഭ്യാസിയല്ലെ. ആരാണെന്നൊന്നും നോക്കിയില്ല. കറങ്ങി കാലുമടക്കി ഒറ്റയടി. മുഖമടിച്ച് കിട്ടിയ ഷാഹു വീണത് റാവുത്തറുടെ കാലിലേക്കും. റാവുത്തര്‍ മുന്നോട്ടാഞ്ഞ് മയിലനെ ചുരുട്ടിയെടുത്ത് ഒറ്റയേറ് കൊടുത്തു. ഒരു പത്തുപതിനഞ്ച് അടിയെങ്കിലും തെറിച്ചുവീണ മയിലന്റെ നടു ഒടിഞ്ഞിട്ടുണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. കളരിയഭ്യാസിക്കെന്ത് വീഴ്ച്ച. സ്പ്രിങ്ങുപോലെ മയിലന്‍ എണീറ്റ് നിന്നു. പിന്നെ മയില്‍ പറക്കുന്നതു പോലെ കുതിച്ചുവന്ന് ഒറ്റത്തൊഴിയായിരുന്നു. അടിനാഭിക്ക് കിട്ടിയ തൊഴിയില്‍ റാവുത്തര്‍ വീണുപോയി. അപ്പോഴേക്കും പോലീസെത്തി എല്ലാവരേയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. മയിലന്റെ സംഘം ആര്‍പ്പുവിളിച്ചാണ് തിരിച്ചുപോയത്. താന്‍ വീണതോടെ സ്വന്തം ആളുകളെല്ലാം നിശബ്ദരായിപ്പോയത് റാവുത്തര്‍ക്ക് വലിയ ക്ഷീണമായിപ്പോയി.

story

ഇതിന് കൃത്യം മൂന്നാം ദിവസം വെളുപ്പിനെയാണ് കച്ചേരിപ്പടിക്ക് മൂന്നു കിലോമീറ്റര്‍ കിഴക്ക്, പള്ളിത്താഴം പാലത്തിന് കീഴെ നെഞ്ച് വരെ വെള്ളത്തിലും നെഞ്ചിന് കീഴോട്ട് കരയിലുമായി കിടന്നിരുന്ന ഒരു ശവം അതിലേ പോയ കറവക്കാരന്‍ കണ്ടത്. വിവരമറിഞ്ഞ് ആളുകൂടി. പോലീസെത്തി വലിച്ച് കരയ്ക്കിട്ട ശവശരീരം കണ്ടപ്പോഴാണ് ജനം ശരിക്കും ഞെട്ടിപ്പോയത്. മടവാളിനുള്ള ഒറ്റവെട്ടില്‍ കഴുത്തിലെ കുറുഞെരമ്പ് മുറിഞ്ഞ് കളരിയഭ്യാസി മയിലന്‍ മരിച്ചു കിടന്നു. വിവരമറിഞ്ഞ് മയിലന്റെ സംഘവും അമ്മിണിയും ചന്തയില്‍ നിന്നെത്തി. സംഘം വന്നവഴി കയ്യില്‍ കിട്ടിയവരെയെല്ലാം തല്ലാന്‍ തുടങ്ങി. എസ്സൈയും മറ്റു പോലീസുകാരും ചേര്‍ന്ന് എല്ലാത്തിനേയും അടിച്ചോടിച്ച് രംഗം ഒന്ന് ശാന്തമാക്കി വന്നപ്പോഴാണ് "ആ ദുഷ്ടന്‍ മുത്തുറാവുത്തറാണീ കൊലച്ചതി ചെയ്തത് സാറേ...' എന്ന് അമ്മിണി വെടി പൊട്ടിച്ചത്. 

ഈ കേസ് എന്തുചെയ്യുമെന്ന് വാ പൊളിച്ചു നിന്ന കുര്യനെസ്സൈ അന്വേഷണത്തിനൊരു ദിശ കിട്ടിയ ആശ്വാസത്തില്‍ പാലത്തിന്റെ ഒതുക്കുകല്ലില്‍ ഇരുന്ന് ഭാവി പരിപാടികള്‍ക്ക് രൂപം കൊടുത്തു. അന്നു രാത്രി റാവുത്തറുമായി ബന്ധമുള്ള എല്ലാ വീട്ടിലും പോലീസ് കയറി. ഒറ്റ ആണുങ്ങളെയും എങ്ങും കണ്ടുകിട്ടിയില്ല. എല്ലാവരും മുങ്ങിയിരുന്നു. 

ഈ സമയത്താണ് നമ്മുടെ ഭരതന്‍പിള്ളപ്പോലീസ് രംഗത്തവതരിക്കുന്നത്. അന്ന് അമ്മാവന്‍ പള്ളുരുത്തി സ്റ്റേഷനിലാണ്. മയിലന്‍ കൊലക്കേസിന്റെ വിവരം കേട്ടപ്പോള്‍തന്നെ പണ്ടെങ്ങോ ഡ്യൂട്ടിക്ക് പോകുന്ന വഴി ബോട്ടില്‍ വച്ച് മുത്തുറാവുത്തറുടെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെട്ട തോപ്പുംപടിക്കാരന്‍ ഒരു കാദറിനെ പുള്ളിക്കോര്‍മ്മ വന്നു. ആരോടും പറയാന്‍ നിന്നില്ല. നേരെ തോപ്പുംപടിക്ക് വച്ചു പിടിച്ചു. മഫ്ടിയില്‍ കറങ്ങി നടന്നന്വേഷിച്ചപ്പോള്‍ കാദറിന്റെ വിലാസം കിട്ടി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പുതിയതായി പലരും അവിടെ എത്തിയിട്ടുണ്ടെന്നും മനസ്സിലായി.

പിറ്റേന്ന് റാവുത്തറെ പോലീസ് കാദറിന്റെ വീട്ടില്‍ നിന്നു പൊക്കി. പള്ളുരുത്തി സ്റ്റേഷനിലേക്കായിരുന്നു ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നത്. നാലു പോലീസുകാര്‍ നിരന്നു നിന്ന് മൂന്നു ദിവസം ഇടിച്ചിട്ടും റാവുത്തര്‍ കരിങ്കല്ല് പോലെ നിന്നു. കസബ സ്റ്റേഷനില്‍ നിന്നും ഇടിക്കാരെ പ്രത്യേകം കൊണ്ടുവന്നു നോക്കി. ഒന്നും സംഭവിച്ചില്ല. ഇടി മൂക്കുമ്പോള്‍ "ഉം...' എന്നൊരു മൂളലല്ലാതെ ഒറ്റയക്ഷരം റാവുത്തറുടെ വായില്‍നിന്ന് വീണില്ല. 

അമ്മാവനെ സി.ഐ വിളിപ്പിച്ചു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോഴും തെറിക്കപ്പുറം ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് സി.ഐക്ക് ഉറപ്പായിരുന്നു. അമ്മാവന്‍ ഇത്തവണ പക്ഷെ കുറച്ച് മാറ്റിപ്പിടിച്ചു. തൊടുപുഴക്കാരന്‍ ഒരു രാജപ്പന്‍ പോലീസിനെ വിളിച്ച് പറയേണ്ട തെറികളും വിധവും പഠിപ്പിച്ച് അമ്മാവന്‍ മാറിനിന്നു. രാജപ്പന്‍ പോലീസ് ബഹുമിടുക്കനായിരുന്നു. പറഞ്ഞ ഉടനെ റാവുത്തറെ സെല്ലിന്റെ കമ്പിയില്‍ ഒറ്റവിലങ്ങില്‍ പൂട്ടി കൈയ്യകലത്തിനപ്പുറം നിന്നങ്ങ് പണി തുടങ്ങി. താന്‍ പഠിപ്പിച്ചത് കൂടാതെ കയ്യില്‍ നിന്നും പലവിധത്തില്‍ രാജപ്പന്‍ ഇടുന്നത് കണ്ട് അമ്മാവനു പോലും രോമാഞ്ചമുണ്ടായി. ഇങ്ങനെ പോയാല്‍ ഇവനൊരു ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കേണ്ടി വരുമെന്ന് മനസ്സില്‍ പറയുകയും ചെയ്തു.

രാജപ്പന്‍പോലീസിന്റെ പ്രകടനം കേട്ടുനില്‍ക്കുമ്പോഴാണ് മുഴുത്ത തെറികള്‍ മുഴുവന്‍ അമ്മമാരെ ഓര്‍മിക്കാനുള്ളവയാണെന്ന സത്യം അമ്മാവന് മനസ്സിലായത്. 
തെറിവിളി തുടങ്ങിയ സമയത്ത് റാവുത്തര്‍ക്ക് അതിഭീകരമായി കലി വന്നിരുന്നു. റാവുത്തര്‍ക്ക് കലിവന്നാല്‍ ചോര കണ്ടേ അടങ്ങുവെന്നാണ് ശാസ്ത്രം. കൈ കമ്പിയോടു ചേര്‍ത്ത് വിലങ്ങിലായതിനാല്‍ ഇത്തവണ ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയായിപ്പോയി. റാവുത്തറുടെ കണ്ണുകള്‍ ചുവന്നു. കയ്യില്‍ വിലങ്ങു വലിഞ്ഞ് ചോരപൊടിയാന്‍ തുടങ്ങി. നല്ലവണ്ണം പേടി തോന്നിയെങ്കിലും രാജപ്പന്‍പോലീസ് നിര്‍ത്തിയില്ല. 

അമ്മത്തെറി അതിഭീകരമായി പുരോഗമിച്ചു. കേട്ടുനില്‍ക്കെ റാവുത്തറുടെ മനസ്സിലേക്ക് ഉമ്മയും പഴയ കാലവും കടന്നുവന്നു. പിന്നീട് പറഞ്ഞ തെറികളൊന്നും അയാള്‍ കേട്ടില്ല. ചിന്തകള്‍ വര്‍ഷങ്ങള്‍ പുറകോട്ട് പോയി മുത്തുറാവുത്തര്‍ ഒരു കുട്ടിയായി മാറി. സങ്കടം കൊണ്ടാവണം അയാള്‍ സെല്ലിന്റെ മൂലയിലേക്ക് തളര്‍ന്ന് കുത്തിയിരുന്നു. 

എല്ലാം കണ്ട് അമ്മാവന്‍ മാറിനില്‍ക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും റാവുത്തറുടെ ഭാവമാറ്റത്തിന് കാരണമെന്ന ചോദ്യം തന്റെ അന്വേഷണബുദ്ധിയിലിട്ട് അമ്മാവന്‍ കശക്കാന്‍ തുടങ്ങി. എല്ലാ ഗുണ്ടകളേയും പോലെ വിശപ്പു മാത്രം നിറഞ്ഞ ഒരു കാലം റാവുത്തര്‍ക്കും ഉണ്ടായിരുന്നിരിക്കാം.  ക്ഷയരോഗം പോലെയുള്ള എന്തെങ്കിലും മഹാരോഗം വന്നു മരിച്ച ഉമ്മയെ പായയില്‍ പൊതിഞ്ഞ് പള്ളിപ്പറമ്പിലേക്ക് ഒറ്റക്ക് ചുമന്ന ഒരു പന്ത്രണ്ട് വയസ്സുകാരനായിരിക്കാം അയാള്‍. കാടുകയറിയ ചിന്തകള്‍ ട്രാജഡിയിലേക്ക് കടന്നപ്പോഴേക്കും അമ്മാവന്റെ കണ്ണു നിറഞ്ഞു.

അകത്തിരുന്ന് കരയുന്ന റാവുത്തറുടെ അടുത്തേക്ക് അമ്മാവന്‍ വെള്ളവുമായി ചെന്നു. റാവുത്തര്‍ മുഖമുയര്‍ത്തി അമ്മാവന്റെ കണ്ണിലേക്ക് നോക്കി. ജീവിതത്തില്‍ ആദ്യമായി കരയുന്ന ഒരു പോലീസിനെ റാവുത്തറും കാണുകയായിരുന്നു.
""മതി... നിര്‍ത്ത്'' എന്നു രാജപ്പന്‍പോലീസിനോട് പറഞ്ഞ് റാവുത്തര്‍ക്ക് അമ്മാവന്‍ വെള്ളം കൊടുത്തു. "
"വിശക്കുന്നുണ്ടോ?''
എന്നു ചോദിച്ചപ്പോള്‍ റാവുത്തര്‍ തലയാട്ടി. ഒരു ബിരിയാണി വാങ്ങിക്കൊണ്ടുവരാന്‍ അമ്മാവന്‍ രാജപ്പന്‍പോലീസിനോട് പറഞ്ഞപ്പോള്‍ റാവുത്തര്‍ തോണ്ടിവിളിച്ച് രണ്ട് എന്നാംഗ്യം കാട്ടി. കാര്യം മനസ്സിലായ രാജപ്പന്‍പോലീസ് പുറത്തേക്ക് പോയി.

കൊണ്ടുവന്ന രണ്ട് ബിരിയാണിയും തിന്നുകഴിഞ്ഞപ്പോഴേക്കും ആ വായിലൂടെ റാവുത്തറുടെ ഹൃദയത്തിലേക്ക് അമ്മാവന്‍ കയറിക്കഴിഞ്ഞിരുന്നു. രണ്ടുപേരും കൂടി സെല്ലില്‍ വൈകീട്ട് വരെ ഇരുന്നു. പഴയ കാലം മുതല്‍ അന്നുവരെയുള്ള സകലതും അമ്മാവനോടയാള്‍ പറഞ്ഞു. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌റ്റ്രേട്ടിന്റെ മുന്നില്‍ ഹാജരാക്കി റിമാന്റ് വാങ്ങുവാന്‍ കൊണ്ടുപോവുമ്പോഴെല്ലാം റാവുത്തര്‍ അമ്മാവനോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു.

കേസ് നടന്നു. റാവുത്തറെ എട്ടുകൊല്ലത്തിന് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് റാവുത്തര്‍ നേരെ വന്നത് അമ്മാവനെ കാണാനായിരുന്നു. പരസ്പരം കണ്ട് സലാം പറഞ്ഞ് റാവുത്തര്‍ ഗുണ്ടയായും അമ്മാവന്‍ പോലീസായും ജീവിതത്തിലേക്ക് തിരിച്ച് പോയി. 

അഞ്ച്

കിഴക്കേ ചായ്പിലെ രഹസ്യം

ആ സമയത്ത് ഞാന്‍ ഏഴിലോ മറ്റോ ആണ്. മുത്തച്ഛനും അമ്മമ്മയുമെല്ലാം അപ്പോഴേക്കും മരിച്ചിരുന്നു. വല്യമ്മാവന്‍ തറവാടിന് കുറച്ചകലെ വീടുകെട്ടി മാറി. എഴുപത്തൊന്നിലെ യുദ്ധത്തില്‍ അച്ഛന്‍ പോയതിനാല്‍ ഞങ്ങള്‍ തറവാട്ടില്‍ തന്നെയായിരുന്നു താമസം. 

മുത്തച്ഛന്‍ മരിക്കുന്നതിന് മുമ്പേ തന്നെ അമ്മാവന് കല്യാണം കുറേ ആലോചിച്ചതാണ്. കല്യാണം വേണ്ടെന്നും പറഞ്ഞ് ആള്‍ ഒറ്റ നിര്‍ബന്ധമായിരുന്നു. ആരോടും കാരണമൊന്നും പറഞ്ഞതുമില്ല.
""ഇവനെന്താടാ ഇങ്ങനെ?'' എന്ന അമ്മയുടെ ചോദ്യത്തിന് ""പത്തുമുപ്പത് വയസ്സായിട്ടും മീശ വരാത്ത അവന്‍ കല്യാണം കഴിക്കാത്തതാ നല്ലത്'' എന്ന് വല്യമ്മാവന്‍ കൊള്ളിച്ചുപറഞ്ഞത് ആര്‍ക്കും മനസിലായില്ലെങ്കിലും അപ്പുറത്തിരുന്ന് അമ്മാവന്‍ കേട്ടു. ആ വീട്ടില്‍ താനൊറ്റക്കായതു പോലെ ആദ്യമായിട്ട് അമ്മാവന് തോന്നിയത് അന്നായിരിക്കണം. എങ്കിലും ഇത്തവണ അമ്മാവന്‍ കരഞ്ഞൊന്നുമില്ല.

ഞങ്ങള്‍ കുട്ടികളോടൊന്നും അധികം സംസാരമുണ്ടായിരുന്നില്ല. സ്റ്റേഷനില്‍ നിന്നു വരുമ്പോള്‍ വറപലഹാരം എന്തെങ്കിലും കയ്യിലുണ്ടാകും. അത് അമ്മയുടെ കയ്യില്‍ കൊടുത്ത് മിക്കവാറും ദിവസങ്ങളില്‍ കിഴക്കേ ചായ്പുമുറിയില്‍ കയറി വാതിലടക്കും. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തിലാണ് സ്റ്റേഷനില്‍ നിന്ന് വരിക. അന്ന് അടുക്കളത്തിണ്ണയില്‍ ഇരുന്ന് അമ്മയോട് സ്റ്റേഷനില്‍ നടന്ന എല്ലാ കാര്യങ്ങളും വിശദമായി പറയും. അമ്മയാണെങ്കില്‍ പകുതിയും കേള്‍ക്കില്ല. ചുമ്മാ പണികള്‍ക്കിടയില്‍ അങ്ങനെ മൂളിക്കൊണ്ടിരിക്കും. ഞാന്‍ ഒന്നുമറിയാത്ത ഭാവത്തില്‍ അവിടെ ചുറ്റിപ്പറ്റി നിന്ന് എല്ലാം വള്ളിപുള്ളി വിടാതെ കേള്‍ക്കും. എനിക്ക് എന്നും അമ്മാവനോട് കടുത്ത ആരാധനയായിരുന്നു. അമ്മ യൂണിഫോം അലക്കാനിടുമ്പോള്‍ ഞാന്‍ എടുത്ത് മണത്തുനോക്കും. ഒരു പോലീസ് സ്റ്റേഷന്റെ അകം മുഴുവന്‍ ആ മണം സങ്കല്‍പ്പിച്ച് ഭാവനയില്‍ കാണും. ഇടയ്ക്ക് അമ്മാവനില്ലാത്തപ്പോള്‍ ചായ്പ്പില്‍ കയറി പുസ്തകങ്ങള്‍ എടുത്ത് നോക്കും. മുഴുവന്‍ കവിതകളായിരുന്നു. എനിക്കാണേല്‍ കവിതയെന്ന് പറഞ്ഞാല്‍ കണ്ണെടുത്താല്‍ കണ്ടുകൂടാ. അമ്മാവനെപ്പോലെയാവാനായി ഞാന്‍ പരമേശ്വരനാശാന്‍ നടത്തിക്കൊണ്ടിരുന്ന അക്ഷരശ്ലോകം ക്ലാസ്സിലും മറ്റും പോയി നോക്കി. ഒരു ഗുണവുമുണ്ടായില്ല. 

story

ചായ്പ്പില്‍ പ്രവേശനമുണ്ടായിരുന്നത് രവിമാഷിന് മാത്രമായിരുന്നു. മാഷും അമ്മാവനും ഒന്നാം ക്ലാസ്സ് മുതല്‍ ഒന്നിച്ചു പഠിച്ചവര്‍. ചെറുതിലേ പോലീസാവാന്‍ നടന്നത് രവിമാഷായിരുന്നു. അമ്മാവനായിരുന്നു റ്റീച്ചറാവാന്‍ ആഗ്രഹം. പക്ഷെ പോലീസാവാനിരുന്നയാള്‍ അമ്മ സര്‍വീസിലിരുന്ന് മരിച്ചപ്പോള്‍ കിട്ടിയ വേക്കന്‍സിയില്‍ ടി ടി സി പഠിച്ച് മാഷായി. പരമനെസ്സൈ വഴി അമ്മാവന്‍ പോലീസും. 

മെലിഞ്ഞ് ഇരുണ്ട നിറത്തില്‍ നിറഞ്ഞ താടിമീശയുള്ള രവിമാഷിന്റെ ചിരി കാണാന്‍ നല്ല ഭംഗിയായിരുന്നു. അമ്മാവനെപ്പോലെ മാഷിനും കല്യാണം വേണ്ടെന്ന് ഒറ്റ നിര്‍ബന്ധമായിരുന്നു. അമ്മാവന് നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളില്‍ മാഷ് സ്‌കൂള്‍ വിട്ട് നേരെ ചായ്പിലെത്തും. പിന്നെ വാതിലടച്ച് രണ്ടുപേരും കൂടി ഇരിക്കും. ഞാന്‍ ഇടക്കെല്ലാം അതിലേ പോയി ചെവിയോര്‍ക്കുമ്പോള്‍ അകത്തുനിന്ന് പതിഞ്ഞ സംസാരം അല്ലെങ്കില്‍ മാഷ് ഈണത്തില്‍ ചൊല്ലുന്ന കവിത അതുമല്ലെങ്കില്‍ നീണ്ട ഒരു നിശബ്ദത പുറത്തേക്ക് വരും. ഒരിക്കലുണ്ട് ഞാന്‍ ജനലിനടുത്ത് നില്‍ക്കുമ്പോള്‍ അകത്ത് അമ്മാവന്‍ കവിത ചൊല്ലുന്നു. "

"നല്ല ഹൈമവതഭൂവിലേറെയായ് കൊല്ലമങ്ങൊരു വിഭാതവേളയില്‍ ഉല്ലസിച്ചു യുവയോഗിയേകനുല്‍ഫുല്ല ബാലരവി പോലെ കാന്തിമാന്‍'' എന്നു ചൊല്ലി ""ബാലരവി പോലെ കാന്തിമാന്‍'' ''ബാലരവി പോലെ കാന്തിമാന്‍''  എന്ന് വീണ്ടും വീണ്ടും പറഞ്ഞ് അടക്കിച്ചിരിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. അകത്ത് അമ്മാവനും രവിമാഷും കട്ടിലില്‍ കിടക്കുന്നുണ്ട്. മെത്താരണയുടെ മറ കാരണം എനിക്കൊന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ ജനലിലൂടെ ഒളിഞ്ഞുനോക്കുന്നത് കണ്ടിട്ടാവണം അമ്മ ഒരു വടിയെടുത്ത് എന്നെ അടിച്ചോടിച്ചു. ""ഇനി മേലില്‍ ചായ്പ്പിനടുത്തെങ്ങാന്‍ പോയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും'' എന്നൊരു ഭീഷണിയും തന്നിട്ട് അമ്മ അടുക്കളപ്പുറത്ത് പോയിരുന്ന് കരയാന്‍ തുടങ്ങി. അമ്മ എന്തിനാണ് ദേഷ്യപ്പെട്ടതെന്നും കരഞ്ഞതെന്നും എനിക്ക് മനസ്സിലായില്ല.

എനിക്ക് കാര്യങ്ങള്‍ വെളിപ്പെട്ട് വരാന്‍ പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ എടുത്തു. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോഴേക്കും അമ്മാവന്‍ എ.എസ്.ഐ ആയി ആലുവ സ്റ്റേഷനിലേക്ക് മാറിയിരുന്നു. ആയിടക്കാണ് രവിമാഷിന്റെ അമ്മ ഒരിക്കല്‍ വീട്ടില്‍ വന്ന് അമ്മയോട് എന്തെല്ലാമോ പറഞ്ഞ് കരഞ്ഞത്. അന്ന് വൈകീട്ട് രാമന്‍പിള്ളയമ്മാവന്‍ വീട്ടിലെത്തി അനിയനോട് ആദ്യമായി കയര്‍ത്തു. രവിമാഷിന്റെ ജീവിതം അമ്മാവനായി നശിപ്പിക്കുകയാണെന്ന് വല്യമ്മാവന്‍ പറഞ്ഞപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കാര്യമായ എന്തോ പ്രശ്‌നമാണെന്ന് മനസ്സിലായി. അമ്മാവനാവട്ടെ ഒന്നും പറയാതെ ചേട്ടന്‍ പറയുന്നത് മുഴുവന്‍ ചിരിച്ചുകൊണ്ട് ഇരുന്ന് കേട്ടു. കുറെ കഴിഞ്ഞപ്പോള്‍ ""പറഞ്ഞു കഴിഞ്ഞോ? ഇനി ഞാന്‍ പോയ്‌ക്കോട്ടേ...?'' എന്നും ചോദിച്ച് എണീട്ട് ചായ്പ്പിലേക്ക് പോയി. വല്യമ്മാവന്‍ കലിയടങ്ങാതെ അമ്മയേയും കുറെ ചീത്ത വിളിച്ചു. ഞാന്‍ അടുക്കളപ്പുറത്ത് എല്ലാം കഴിയുന്നത് വരെ ആരും കാണാതെ ഇരിക്കുകയായിരുന്നു.

ഒന്നൊന്നര മാസം കഴിഞ്ഞപ്പോള്‍ രവിമാഷിന് കോതമംഗലത്തെ ഏതോ കുഗ്രാമത്തിലേക്ക് മാറ്റമായി. നെല്ലായിപ്പിള്ളിക്കാരല്ലേ വീട്ടുകാര്‍. സ്വാധീനമുപയോഗിച്ച് മാറ്റം വാങ്ങിയത് മാഷ് പോലും അറിഞ്ഞിട്ടുണ്ടാവില്ല. അമ്മാവനും മാഷും കൂടിയാണ് ജോയിന്‍ ചെയ്യാനും മറ്റും പോയത്. രവിമാഷ് പോയതില്‍ പിന്നെ അമ്മാവന്‍ വീട്ടില്‍ വരവും ചുരുങ്ങി. ആലുവയില്‍ നിന്ന് നേരെ കോതമംഗലത്തിനാണ് പോക്കെന്ന് ഒരിക്കല്‍ വല്യമ്മാവന്‍ വീട്ടിലെത്തി അമ്മയോട് പറഞ്ഞു. രവിമാഷും അമ്മാവനും കൂടി കള്ളക്കടത്തോ മറ്റോ നടത്തുകയാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അന്നെനിക്കറിയാവുന്ന ഏറ്റവും കൂടിയ കുറ്റം കള്ളക്കടത്തായിരുന്നു.

നെല്ലായിപ്പിള്ളിക്കാര്‍ വെറുതെയിരുന്നില്ല.
ഇരുചെവി അറിയാതെ അതിനിടയില്‍ അവര്‍ മാഷിന്റെ കല്യാണം ഉറപ്പിച്ചു. മുറപ്പെണ്ണായിരുന്നു. അതുകൊണ്ട് തന്നെ പെണ്ണുകാണലും മറ്റും ഉണ്ടായിരുന്നുമില്ല. നിശ്ചയത്തിന് ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോഴാണ് എല്ലാവരും അറിയുന്നത് തന്നെ. രവിമാഷ് അറിയാതെയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് വീട്ടില്‍ എല്ലാവരും കരുതിയിരുന്നത്. അമ്മാവന്‍ അന്ന് വൈകീട്ട് വന്നപ്പോള്‍ അമ്മ കാര്യം പറഞ്ഞു. മറുപടി ഒന്നും പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ആദ്യ ബസിന് ആള്‍ കോതമംഗലത്തിന് പോയി. 

അന്നുച്ചയായപ്പോഴേക്കും അമ്മാവന്‍ തിരിച്ചെത്തി. ജോലിക്ക് പോയിട്ടില്ല എന്ന് അമ്മക്ക് മനസ്സിലായി. ഒന്നും പറയാതെ മുറിയില്‍ കയറി വാതിലടച്ച അമ്മാവനെ പോയി നോക്കിവരാന്‍ പറഞ്ഞ് അമ്മ എന്നെ വിട്ടു. ഞാന്‍ ജനലിന്റെ വിടവിലൂടെ നോക്കുമ്പോഴുണ്ട് ആള്‍ കട്ടിലില്‍ കിടന്ന് ഏങ്ങലടിച്ച് കരയുന്നു. എനിക്കും നല്ല സങ്കടം വന്നു.  ഞാനും കരഞ്ഞു.

എന്റെ കരച്ചില്‍ കണ്ട് അമ്മയും കരഞ്ഞു.
രവിമാഷിന്റെ കല്യാണനിശ്ചയത്തിന്റെ ദിവസം മുഴുവന്‍ അമ്മാവന്‍ ചായ്പ്പില്‍ കയറി വാതിലടച്ചിരുന്നു. ചടങ്ങു കഴിഞ്ഞതിന് പുറകേ മാഷ് അമ്മാവനെ തേടിയെത്തി. അന്നുമുഴുവന്‍ രണ്ടുപേരും അകത്തിരുന്നു. പതിവു പോലെ ഞാന്‍ ജനലിനരികില്‍ ചെന്ന് ചെവി വട്ടംപിടിച്ചു. അകത്ത് അമ്മാവന്‍ മാത്രം സംസാരിച്ചുകൊണ്ടിരുന്നു.  അന്നു രാത്രി മാഷ് ഏറെ വൈകിയാണ് വീട്ടില്‍ പോയത്. പിറ്റേന്ന് എല്ലാവരും എണീക്കുന്നതിന് മുമ്പേ അമ്മാവന്‍ സ്റ്റേഷനിലേക്ക് പോയി. ഒരാഴ്ച തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്ത അമ്മാവനെ സിഐ ഒടുവില്‍ ശകാരിച്ചാണ് വീട്ടില്‍ പറഞ്ഞുവിട്ടത്. മാഷ് പിന്നീടൊരിക്കലും ഈ വീട്ടിലേക്ക് വന്നില്ല.

ആറ്
തടിക്കക്കടവ് പീഢനക്കേസ്

ആയിടക്കാണ് തടിക്കക്കടവ് പീഢനക്കേസ് അമ്മാവന്‍ എറ്റെടുക്കുന്നത്. ഈ കേസിനെ പറ്റി അറിയാത്ത ആരും അക്കാലത്ത് ഉണ്ടാവില്ല. പത്രങ്ങളായ പത്രങ്ങളില്‍ മുഴുവന്‍ ഈ വാര്‍ത്ത ആയിരുന്നില്ലോ. അഞ്ചാറുപേര്‍ ചേര്‍ന്നിട്ടാണ് പതിനഞ്ച് വയസ്സുള്ള കൊച്ചിനെ ഉപദ്രവിച്ചത്. റബ്ബര്‍ തോട്ടത്തില്‍ ചത്തെന്നു കരുതി ഉപേക്ഷിക്കപ്പെട്ട അതിനെ ടാപ്പിംഗിന് വന്ന ആരോ കണ്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എസ്.പി നേരിട്ടാണ് അമ്മാവന് കേസന്വേഷണത്തിന്റെ ചുമതല നല്‍കിയത്. അമ്മാവനാണെങ്കില്‍ മനസ്സ് തകര്‍ന്നിരിക്കുന്ന സമയവും. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗവുമായി ആ കേസന്വേഷണം.
അടിമുടി സീക്രട്ടായിട്ടായിരുന്നു അന്വേഷണം. മുകളില്‍ നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടായി. ഒന്നിലും പെടാതെ ആത്മാര്‍ത്ഥമായിട്ടാണ് അമ്മാവന്‍ ആ കേസന്വേഷിച്ചത്. കേസിന്റെ സമയം മുഴുവന്‍ ആ കൊച്ചിനും അമ്മയ്ക്കും താമസിക്കാന്‍ വീടെടുത്ത് മുടങ്ങാതെ വാടകയും കൊടുത്തിരുന്നത് അമ്മാവനായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നു ആ കൊച്ച്. ഈ സംഭവത്തോടെ അതും മുടങ്ങിയിരുന്നു. തെളിവെടുപ്പിന് കൊണ്ടുപൊകുന്ന ദിവസങ്ങളിലെല്ലാം വൈകീട്ട് വീട്ടില്‍ വന്നാല്‍ അടുക്കളപ്പുറത്ത് അമ്മ എന്തെങ്കിലും ചെയ്യുന്നതിന്റെ അരുകില്‍ ചെന്ന് ഒന്നും മിണ്ടാതെ അമ്മാവന്‍ കുത്തിയിരിക്കും.

""സ്റ്റേഷനില്‍ എന്തെങ്കിലും കുഴപ്പമുണ്ടോടാ...?'' എന്ന് അമ്മ ചോദിക്കുമ്പോള്‍ ഒന്നുമില്ലെന്നും പറഞ്ഞ് മുറിയില്‍ കയറി വാതിലടക്കും. ഒരിക്കല്‍ ""ആ പെണ്ണിന്റെ സങ്കടം നീ എറ്റെടുക്കാന്‍ പോയാല്‍ ജീവിക്കാന്‍ പറ്റുമോ?'' എന്ന് അമ്മ ചോദിച്ചതിന് മറുപടിയായി ""എനിക്ക് വേണമെന്ന് വിചാരിച്ചാലും ഏറ്റെടുക്കാന്‍ പറ്റില്ലല്ലോ ചേച്ചീ...'' എന്നു പറഞ്ഞപ്പോള്‍ അമ്മാവന്റെ കണ്ണ് നിറഞ്ഞു. അമ്മ അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. 

കേസന്വേഷണം കഴിഞ്ഞു. എല്ലാവരെയും അറസ്റ്റ് ചെയ്തു. കേസില്‍ പഴുതില്ലാത്ത വിധം ഭംഗിയായിട്ടായിരുന്നു അമ്മാവന്‍ ചാര്‍ജ് ഷീറ്റും കേസ് ഡയറിയും തയ്യാറാക്കിയിരുന്നത്. ഇതും പഴയ കേസുകളും വച്ച് റിപ്പോര്‍ട്ട് പോയാല്‍ അമ്മാവന്റെ പേര് അടുത്ത വര്‍ഷത്തെ വിശിഷ്ടസേവനത്തിനുള്ള മെഡല്‍ ലിസ്റ്റില്‍ കയറിപ്പറ്റുമെന്ന് വരെ ആയിടെ സ്റ്റേഷനില്‍ സംസാരമുണ്ടായിരുന്നു. 
അന്ന് വൈകീട്ട് അമ്മാവന്‍ വീട്ടിലേക്ക് വലിയ സന്തോഷത്തിലാണ് വന്നത്. കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ എന്നെ വിളിച്ച് ""നിനക്കെന്താവാനാടാ ആഗ്രഹം?'' എന്ന് ചോദിച്ചു. ""പോലീസ്'' എന്നു പറഞ്ഞപ്പോള്‍ ""വെറും പോലീസല്ലടാ.. എസ് ഐ ആവണം'' എന്ന് പറഞ്ഞ് എന്റെ തോളത്ത് തട്ടി. അമ്മ അതു കണ്ട് ചിരിച്ച് കാപ്പിഗ്ലാസ്സ് എടുത്തുകൊണ്ട് പോയി. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെയുമായി.

കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങിയപ്പോള്‍ കളിമാറി. ആ കേസില്‍ അമ്മാവന്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം കേസ് വിസ്താരത്തിനെടുത്തപ്പോഴാണത് പുറത്തുവന്നത്. പെണ്‍കുട്ടിയെ ക്രോസ്സ് വിസ്താരം ചെയ്യുന്നതിനിടയില്‍ ഇടിവെട്ട് പോലെ കൊച്ച് ആണാണോ പെണ്ണാണോ എന്നൊരു ചോദ്യം പ്രതിഭാഗം വക്കീല്‍ എടുത്തിട്ടു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ലിംഗനിര്‍ണ്ണയം സംബന്ധിച്ചുള്ള ഭാഗം എടുത്ത് കാട്ടിയായിരുന്നു ചോദ്യം. കോടതി അമ്മാവനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലാതെ അമ്മാവന്‍ കൊച്ചിന് നേരെ നോക്കി. ആ പാവം തലകുനിച്ചിരിക്കുകയായിരുന്നു.  കോടതി അമ്മാവനെ ഉത്തരവാദിത്വക്കുറവിന് ശാസിച്ചു.

story

ഈ സംഭവത്തോടെ വിചാരണയുടെ സ്വഭാവം മാറി. പിന്നീടുള്ള വാദം മുഴുവന്‍ കൊച്ച് ആണോ പെണ്ണോ എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. അതോടെ സാക്ഷികള്‍ ഒട്ടുമുക്കാലും മൊഴിയും മാറ്റാന്‍ തുടങ്ങി.

വിചാരണ തീര്‍ന്ന് വിധിവന്നപ്പോള്‍ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. സാക്ഷിമൊഴികള്‍ വ്യക്തമായി രേഖപ്പെടുത്തുന്നതില്‍ എ.എസ്.ഐ വീഴ്ച്ച വരുത്തിയെന്ന പരാമര്‍ശവും കോടതി നടത്തി. അത് കേട്ടുനിന്ന അമ്മാവന്‍ മുഴുത്ത ഒരു തെറിയും പറഞ്ഞ് കോടതിയില്‍ നിന്നിറങ്ങിപ്പോന്നു. ഇറങ്ങിപ്പോരുന്ന വഴിയില്‍ ആ പെങ്കൊച്ചും അമ്മയും കാത്ത് നില്‍പ്പുണ്ടായിരുന്നു. അവര്‍ക്ക് പോകാന്‍ ഒരിടമുണ്ടായിരുന്നില്ല. അമ്മാവന്‍ ആ കുട്ടിയുടെ മുഖത്ത് കുറച്ചു നേരം നോക്കി നിന്നു. എന്നിട്ട് ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നുപോയി. കൂടെയുണ്ടായിരുന്ന പോലീസുകാരാണ് പിന്നീട് ഞങ്ങളോടിത് പറഞ്ഞത്.

നാലഞ്ച് മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ആലുവ പങ്കജം തീയറ്ററിന്റെ പുറകിലുള്ള ഒരു വാടകവീട്ടില്‍ രാത്രി നടന്ന പോലീസ് റെയ്ഡില്‍ അറസ്റ്റിലായ ലൈംഗികത്തൊഴിലാളികളെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അമ്മാവന് അന്ന് സ്റ്റേഷന്‍ നൈറ്റ് ഡ്യൂട്ടിയായിരുന്നു. മുഖം തുണി കൊണ്ട് മറച്ച് നിരന്നു നിന്നിരുന്നവരുടെ ഇടയില്‍ ഒരു പെണ്‍കുട്ടി മാത്രം മുഖം മറക്കാതെ നില്‍പ്പുണ്ടായിരുന്നു. 

ഏഴ് 
മൈര് ജീവിതം...

രാവിലെ വീട്ടിലെത്തിയ അമ്മാവന്‍ നേരെ മുറിയില്‍ കയറി വാതിലടച്ചു. ചായ്പ്പിന് കിഴക്കോട്ടുള്ള ജനലിനു മുകളില്‍ രണ്ടഴി മാത്രമിട്ട വെന്റിലേറ്ററുണ്ട്. ഞാനന്ന് സ്റ്റഡി ലീവായതിനാല്‍ പുറത്തെങ്ങും പോകാതെ വീട്ടില്‍ തന്നെ കുത്തിയിരിക്കുന്ന സമയമായിരുന്നു. ചെവി വട്ടം പിടിച്ച് ഞാന്‍ കേള്‍ക്കുമ്പോഴുണ്ട് തെറിപ്പോലീസ് തന്റെ ആയുധം അകത്ത് ആരോടെന്നില്ലാതെ നിരന്തരം പ്രയോഗിക്കുന്നു.

അമ്മയോട് പറഞ്ഞപ്പോള്‍ ""നീയിനി അവിടെപ്പോയി ഇരിക്കണ്ട'' എന്ന് പറഞ്ഞു. ഞാനുണ്ടോ കേള്‍ക്കുന്നു. അന്നുമുഴുവന്‍ അമ്മാവന്‍ അകത്ത് പറയുന്ന ഓരോ തെറിവാക്കും വെന്റിലേറ്ററിലൂടെ പുറത്തേക്ക് വരുന്നത് ആ ഇറയത്തിരുന്ന് ഞാന്‍ കേട്ടുകൊണ്ടിരുന്നു.  കേട്ട് കേട്ട് ഞാന്‍ അവിടെത്തന്നെ കിടന്ന് ഉറങ്ങിപ്പോയി.
സന്ധ്യയായപ്പോഴാണ് ഉണര്‍ന്നത്. ഞാന്‍ ചെവി വീണ്ടും വട്ടം പിടിച്ചു. ഒന്നും കേള്‍ക്കാതായപ്പോള്‍ അകത്ത് നോക്കാമെന്ന് കരുതി എഴുന്നേറ്റ സമയത്താണ് വെന്റിലേറ്ററിന്റെ അഴികള്‍ക്കിടയിലൂടെ ഞെരുങ്ങിപ്പിടഞ്ഞ് ഒരു പക്ഷി ചിറകടിച്ച് പറന്നുപോയത്. ഞാനത് ശരിക്കും കണ്ടു.

story

ജനല്‍പ്പാളിക്കിടയിലൂടെ ഞാന്‍ ഉള്ളിലേക്ക് നോക്കി. എനിക്ക് സഹിക്കാന്‍ പറ്റാത്ത വിധം കരച്ചില്‍ വന്നു. ഒച്ച കേട്ട് അമ്മ ഓടിവന്നു. എനിക്ക് കരച്ചില്‍ നിര്‍ത്താനാവാതെ വന്നുകൊണ്ടിരുന്നു. എന്നെ ഒരു നിമിഷം നോക്കിനിന്നിട്ട് അമ്മയും ജനലിലൂടെ ചായ്പ്പിലേക്ക് നോക്കി. തിരിച്ചു വന്ന് എന്നോടു ചേര്‍ന്ന് തെക്കേ ആകാശത്തേക്ക് നോട്ടമുറപ്പിച്ച് ഒന്നും മിണ്ടാതെ ഇരുന്നു.
ഇന്‍ക്വസ്റ്റിന് വന്ന പോലീസുകാര്‍ എന്നെയും വല്യമ്മാവനേയും ഒരു ചെറിയ തുണ്ടില്‍ എഴുതി വച്ചിരുന്ന വാചകം കാണിച്ചുതന്നു.

"മൈര് ജീവിതം...' രണ്ടേ രണ്ട് വാക്കുകള്‍.

(ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 4-ല്‍ പ്രസിദ്ധീകരിച്ച കഥ)

ശ്രീനാഥ് ശങ്കരന്‍കുട്ടി  

കഥാകൃത്ത്​, നിരൂപകൻ. ഖത്തറിൽ പെട്രോളിയം മേഖലയിൽ കോർപ്പറേറ്റ് സ്ട്രാറ്റജി വിഭാഗം തലവനായി ജോലി ചെയ്യുന്നു. 

  • Tags
  • #Short Story
  • #sreenath shankarankutty
  • #theripolice
  • #Story
  • #Literature
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 1_3.jpg

Memoir

വി.എം.ദേവദാസ്

എസ്​. ജയേഷ്​ ഒരു കഥയായി ഇവിടെത്തന്നെയുണ്ടാകും

Mar 22, 2023

3 Minutes Read

vishnu-prasad

Literature

വി.അബ്ദുള്‍ ലത്തീഫ്

കവി വിഷ്ണു പ്രസാദിനെക്കുറിച്ച്, കവിതയിലെ ഒരു പ്രതിസന്ധിയെക്കുറിച്ച്

Mar 19, 2023

6 Minutes Read

charithram-adhrisyamakkiya-murivukal-book

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തെ പൂർത്തിയാക്കുന്ന വേദനകൾ

Feb 28, 2023

5 Minutes Read

Jaipur literature Festival

Literature

വി.കെ. ബാബു

ശശി തരൂരിനെതിരെ സുമീത്​ സമോസ്​ ഉയർത്തിയ ചോദ്യങ്ങൾ; സാ​ഹിത്യോത്സവങ്ങളുടെ മാറേണ്ട ഉള്ളടക്കങ്ങൾ

Jan 28, 2023

8 minutes read

emithyias

Literature

രാധിക പദ്​മാവതി

ബ്രോണ്ടി സഹോദരിമാരും ഗിരീഷ് പുത്തഞ്ചേരിയും

Jan 19, 2023

8 minutes read

ea salim

Truecopy Webzine

ഇ.എ. സലീം

മലയാളിയുടെ ഗള്‍ഫ് ജീവിതത്തെ കുറിച്ചുള്ള ഒരു സമഗ്രാന്വേഷണം

Jan 12, 2023

9 Minutes Watch

daivakkaru

Novel

വി. കെ. അനില്‍കുമാര്‍

പൊന്നനും അഴകനും 

Jan 10, 2023

10 Minutes Read

td

Truetalk

ടി.ഡി രാമകൃഷ്ണന്‍

ടിക്കറ്റില്ല, ജോണ്‍ എബ്രഹാമിനെക്കൊണ്ട് ഫൈന്‍ അടപ്പിച്ച കഥ

Jan 07, 2023

27 Minutes Watch

Next Article

ആ രാജാവ് ഹിന്ദുവല്ല, വെറ്റിമാറനും കമല്‍ ഹാസനും പറയുന്നതിലെ ശരികള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster