ക്രിക്കറ്റ് പരിശീലനത്തിന് പോയ കുട്ടി
സ്‌കൂളില്‍ നിന്ന് ഔട്ട്;
പിന്നില്‍ മാനേജ്‌മെന്റ് അജണ്ടയെന്ന് പിതാവ്
ക്രിക്കറ്റ് പരിശീലനത്തിന് പോയ കുട്ടി സ്‌കൂളില്‍ നിന്ന് ഔട്ട്; പിന്നില്‍ മാനേജ്‌മെന്റ് അജണ്ടയെന്ന് പിതാവ്
കായികമേഖല കരിയറായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം കായിക പരിശീലനത്തിന് വേണ്ട പിന്തുണ നല്‍കണം. അറ്റന്‍ഡന്‍സ് ഷോട്ടേജെന്ന പ്രശ്നമില്ലാതെ അവര്‍ക്ക് പഠിക്കാനും പരീക്ഷകളെഴുതാനും കഴിയണം. മുഴുവന്‍ സമയ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് നിയമങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പും കായികവകുപ്പും ഒരുമ്മിച്ചിരുന്ന് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. അവരുടെ പഠിക്കാനുള്ള അവകാശത്തെ ഹനിക്കാതെ കായികപരിശീലനത്തിനുള്ള പിന്തുണ നല്‍കാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിക്കണം.
14 Nov 2022, 06:00 PM
നിരന്തരമായ പരിശീലനത്തിലൂടെയാണ് ഒരു കായികതാരം രൂപപ്പെടുന്നത്. എന്നാല്‍ ഇതിനുള്ള അവസരങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ടോ? കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളില്‍ കായിക തല്‍പ്പരനായ ഒരു വിദ്യാര്‍ഥിയെ അറ്റന്‍ഡന്‍സ് ഷോട്ടേജിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. മുഴുവന്‍ സമയ കായിക പരിശീലനത്തിനായി സ്‌കൂളില്‍ നിന്ന് അവധിയെടുത്ത വിദ്യാര്‍ഥി പതിനഞ്ച് ദിവസത്തിലധികം ഹാജരായില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും ഗൗനിച്ചില്ല എന്നതുമാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വ്യക്തമായ മാനേജ്മെന്റ് അജണ്ടകളുണ്ടെന്ന് സ്‌കൂളിലെ മുന്‍ പി.ടി.എ. പ്രസിഡന്റ് കൂടിയായ കുട്ടിയുടെ രക്ഷിതാവ് അനൂപ് ഗംഗാധരന്‍ പറയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിയമലംഘനങ്ങളെ താന്‍ ചോദ്യം ചെയ്തതിന് പ്രതികാര നടപടിയായി മകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്നാണ് അനൂപ് ഗംഗാധരന്‍ ആരോപിക്കുന്നത്.
കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് നിയമങ്ങളില്‍ പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും യോജിച്ച് തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനൂപ് ഗംഗാധരന്‍ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു.
റിദാ നാസര്‍: കായിക പരിശീലനത്തിനായി അവധിയെടുത്തതിനാല്‍ അറ്റന്‍ഡന്‍സ് ഷോട്ടേജ് വന്നതാണ് വിദ്യാര്‍ഥിയെ പുറത്താക്കാനുള്ള കാരണമായി സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കായിക തല്‍പ്പരനായ ഒരു വിദ്യാര്‍ഥിയുടെ അഭിരുചികള്‍ മനസ്സിലാക്കാനും വളര്‍ത്താനും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പര്യാപതമല്ല എന്നല്ലേ ഇതര്‍ത്ഥമാക്കുന്നത് ?
അനൂപ് ഗംഗാധരന്‍: എന്റെ മകന്റെ കാര്യം തന്നെ ഉദാഹരണമായി പറയാവുന്നതാണ്. അവന്‍ അഞ്ചാം ക്ലാസ്സില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളില്‍ ചേര്‍ന്നതു മുതല്‍ ക്രിക്കറ്റില്‍ പരിശീലനം നേടുന്ന ഒരാളാണ്. ഏഴാം ക്ലാസ്സിന്റെ അവസാനത്തിലാണ് മുഴുവന്‍ സമയ പരീശീലനത്തിലേക്ക് മാറുന്നത്. ആദ്യം ഹെഡ്മാസ്റ്റര്‍ ഇതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് പരിശീലനത്തിന്റെ പ്രാധാന്യമൊക്കെ ബോധ്യപ്പെടുത്തി പരീക്ഷകള്‍ സമയാസമയം എഴുതാമെന്ന വ്യവസ്ഥയില്‍ അനുവദിക്കുകയായിരുന്നു. സ്വന്തമായി പഠിച്ച് നല്ല രീതിയില്‍ പരീക്ഷകളെഴുതാന്‍ കുട്ടി പ്രാപ്തനായതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. അതേസമയം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന, കായിക തല്‍പ്പരനായ ഒരു കുട്ടിക്ക് അനുവാദം കിട്ടുമോ എന്ന് അറിയില്ല. അക്കാഡമിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന, എല്ലാവര്‍ക്കും ഫുള്‍ എ പ്ലസ്സ് വേണമെന്ന് വാശിപിടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. കായിക തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി ഉയര്‍ന്നുവരാനുള്ള പ്രോത്സാഹനം നല്‍കാന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടില്‍ നിന്ന് ദേശീയ - അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ന്നുവരുന്ന കായികതാരങ്ങള്‍ കുറഞ്ഞുപോയതിന്റെ കാരണവും ഇതുതന്നെയാണ്. കഴിവുള്ള കുട്ടികളുണ്ട് എന്നാല്‍ അവര്‍ക്ക് വളര്‍ന്നു വരാനുള്ള സാഹചര്യവും പ്രോത്സാഹനവുമാണ് ഇല്ലാത്തത്. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളെയൊക്കെ നമ്മുക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. കായിക ഇനങ്ങളില്‍ കഴിവുള്ള ഒരു വിദ്യാര്‍ഥിക്ക് കായികമേഖലയെ പ്രൈമറി ആയി കണ്ടുകൊണ്ട് ഉയര്‍ന്നുവരാന്‍ കഴിയുന്ന അക്കാഡമിക്ക് സിസ്റ്റമാണ് അവര്‍ അവംലബിക്കുന്നത്. ചെറുപ്പം മുതലേ ഈ രീതിയില്‍ പരിശീലനം നല്‍കുന്നതുകൊണ്ടാണ് അമേരിക്കയും ചൈനയും പോലുള്ള രാജ്യങ്ങളിലെ ടീനേജായ കുട്ടികള്‍ പോലും ഒളിമ്പിക്സില്‍ മെഡല്‍ നേടാന്‍ തക്ക കരുത്തരാകുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ കായികമേഖലക്ക് അത്രതന്നെ പ്രമോഷന്‍ ലഭിക്കാറില്ല. ഗ്രേസ് മാര്‍ക്ക് കിട്ടാനുള്ള ഒരു മേഖലയായി അതു ചുരുങ്ങിപോയി. കായികമേഖലയെ കരിയറായി സ്വപ്നം കാണുന്ന കുട്ടികള്‍ നമ്മുടെ സ്‌കൂളുകളില്‍ വളരെ ചെറിയ ശതമാനം മാത്രമേ ഉണ്ടാകൂ. അവര്‍ക്ക് പോലും വേണ്ടത്ര പിന്തുണയും പരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ നമ്മുടെ സ്‌കൂളുകള്‍ക്കും സിസ്റ്റത്തിനും സാധിക്കുന്നില്ല.
പല മേഖലയില്‍ കഴിവുകളുള്ള നമ്മുടെ വിദ്യാര്‍ഥികളെ സിലബസിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സിന്റെ ചട്ടകൂടുകളിലേക്ക് കൊണ്ടുവന്ന്, കേവലം മെമ്മറി ടെസ്റ്റിങ്ങിലേക്ക് ഒതുക്കി തീര്‍ക്കുന്ന ഒരു കാലാഹരണപ്പെട്ട ബോധനരീതിയാണ് നമ്മള്‍ അനുവര്‍ത്തിച്ച് പോരുന്നത്. കായിക തല്‍പരരായ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തികൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നാണ് താങ്കള്‍ കരുതുന്നത് ?
കാലാഹരണപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ടെക്നോളജി വളരെ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഓര്‍മ്മയില്‍ നിന്നെടുത്ത് ഒരു കാര്യം ചെയ്യേണ്ട ആവശ്യം ഇന്ന് നമ്മുക്കില്ല. കാരണം അത് നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ചെയ്യാന്‍ പറ്റും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ കുട്ടികളെ ഇപ്പോഴും പഴയ വിദ്യാഭ്യാസ രീതികളിലൂടെ വാര്‍ത്തെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
കായികമേഖലയെ ക്രിയാത്മകമായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും കായികമേഖലയില്‍ പരിശീലനം നല്‍കണം. പഠനതല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് കായികമേഖലയില്‍ പരിശീലനം നല്‍കുന്നത് അവരുടെ എനര്‍ജി ലെവലിനെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കും. അതുപോലെ കായികമേഖലയെ തന്റെ കരിയറായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയം കായിക പരിശീലനത്തിന് വേണ്ട പിന്തുണ നല്‍കണം. അറ്റന്‍ഡന്‍സ് ഷോട്ടേജെന്ന പ്രശ്നമില്ലാതെ അവര്‍ക്ക് പഠിക്കാനും പരീക്ഷകളെഴുതാനും കഴിയണം. മുഴുവന്‍ സമയ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളുടെ അറ്റന്‍ഡന്‍സ് നിയമങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പും കായികവകുപ്പും ഒരുമ്മിച്ചിരുന്ന് തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. അവരുടെ പഠിക്കാനുള്ള അവകാശത്തെ ഹനിക്കാതെ കായികപരിശീലനത്തിനുള്ള പിന്തുണ നല്‍കാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിക്കണം.
സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂള്‍ അധികൃതരുടെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്തതാണ് മകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രധാന കാരണമായി താങ്കള്‍ ആരോപിക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ പോലും ഹനിക്കുന്ന രീതിയിലുള്ള ഒരു പ്രതികാര നടപടിയിലേക്ക് സ്‌കൂള്‍ മാനേജ്മെന്റിനെ എത്തിക്കാന്‍ മാത്രം എന്തു നിയമലംഘനങ്ങളാണ് ചോദ്യം ചെയ്തത് ?
പ്രധാനമായും പി.ടി.എയുടെ രൂപീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട മാനേജ്മെന്റ് നിയമലംഘനങ്ങളാണ് ചോദ്യം ചെയ്തത്. 2007 -ല്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പി.ടി.എ രൂപീകരണത്തിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എങ്ങനെയാണ് ഒരു വിദ്യാലയത്തിലെ പി.ടി.എ രൂപീകരിക്കേണ്ടതെന്നും ഫണ്ട് ഓഡിറ്റിങ്ങ് എങ്ങനെ നടത്തണമെന്നുമെല്ലാം അതില്‍ വിശദമായി പറയുന്നു. ഓര്‍ഡര്‍ ഇറങ്ങി 15 വര്‍ഷം കഴിഞ്ഞിട്ടും സെന്റ് ജോസഫ്സ് ബോയ്സ് അടക്കമുള്ള ഒട്ടുമിക്ക സ്‌കൂളുകളും ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് പി.ടി.എ രൂപീകരിക്കുന്നത്.
ഉദാഹരണത്തിന് ഒരു സ്‌കൂളിലെ മുഴുവന്‍ രക്ഷിതാക്കളും അടങ്ങുന്ന പി.ടി.എ ജനറല്‍ ബോഡി വിളിച്ചതിനു ശേഷം പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാക്കണമെന്നാണ് ഓഡറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പക്ഷേ ഈ ഒരു നിര്‍ദ്ദേശം പോലും പല സ്‌കൂളുകളും പിന്തുടരാറില്ലെന്നതാണ് വസ്തുത. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടെന്നിരിക്കെ സ്‌കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. സ്‌കൂള്‍ മാനേജ്മെന്റിന് താല്‍പര്യമുള്ള ആളുകള്‍ കമ്മിറ്റിയില്‍ കടന്നുവരണമെന്ന നിഷിപ്ത താല്‍പര്യമാണ് നിയമലംഘനം നടത്തി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാന്‍ സ്‌കൂളുകളെ പ്രേരിപ്പിക്കുന്നത്. തങ്ങള്‍ക്കനുകൂലമല്ലാത്ത രക്ഷിതാക്കളും പൊളിറ്റിക്സുമെല്ലാം കയറി വരുന്നത് വലിയ പ്രശ്നമായാണ് ഇവര്‍ കാണുന്നത്. രാഷ്ട്രീയത്തെ പോലും ഒരു മോശം വാക്കായി ചിത്രീകരിക്കുക വഴി പി.ടി.എയെ അരാഷ്ട്രീയവല്‍ക്കരിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.

എല്ലാ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ജനറല്‍ ബോഡി വിളിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സുതാര്യമായ ഈ തിരഞ്ഞെടുപ്പുകള്‍ക്ക് തടസ്സമായി ഇവര്‍ പറയുന്നത്. എന്നാല്‍ ഒരു മുന്‍ പി.ടി.എ പ്രസിഡന്റെന്ന നിലയില്‍ ഇതില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ആ അര്‍ത്ഥത്തില്‍ ഞാന്‍ പോലും നിയമലംഘനത്തിലൂടെയാണ് പി.ടി.എ പ്രസിഡന്റായതെന്ന് പറയേണ്ടിവരും. പക്ഷേ ഇതിനെക്കുറിച്ച് ഞാന്‍ ആ സമയത്ത് ബോധവാനായിരുന്നില്ല. പ്രസിഡന്റായതിന് ശേഷമാണ് ഞാന്‍ പി.ടി.എയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമെല്ലാം പഠിക്കുന്നതും അറിയുന്നതും.
കഴിഞ്ഞ മെയ്‍മാസത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സ്‌കൂള്‍ മാന്വലില്‍ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍പത് ശതമാനം സ്ത്രീകള്‍ വേണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ഞാനിത് സ്‌കൂള്‍ മാനേജ്മെന്റിനെ അറിയിക്കുകയും ഈ വര്‍ഷമത് പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രക്ഷിതാക്കളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോള്‍ അന്‍പത് ശതമാനം സ്ത്രീ സംവരണം പാലിക്കാമെന്നും അധ്യാപകര്‍ക്കിടയില്‍ ഇത് സാധ്യമല്ലെന്നുമായിരുന്നു മാനേജ്മെന്റിന്റെ മറുപടി. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടുന്ന ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണിത്. അതില്‍ അധ്യാപകരുടെ എണ്ണത്തെക്കാള്‍ ഒരെണ്ണം കൂടുതലായിരിക്കും രക്ഷിതാക്കള്‍. സെന്റ് ജോസഫ്സ് ബോയ്സ് സ്‌കൂളില്‍ പത്ത് അധ്യാപകരും പതിനൊന്ന് രക്ഷിതാക്കളുമാണ് പി.ടി.എ എക്സിക്യൂട്ടീവിലുള്ളത്. ഈ പത്ത് അധ്യാപകരില്‍ അഞ്ച് പേര്‍ വനിതകളായിരിക്കണമെന്നാണ് വ്യവസ്ഥയുള്ളത്. എന്നാല്‍ അവരുടെ തിരഞ്ഞെടുപ്പില്‍ രണ്ട് വനിതാ അധ്യാപകര്‍ മാത്രമാണുണ്ടായിരുന്നത്. ഞാനിത് സൂചിപ്പിച്ചപ്പോള്‍, മാറ്റങ്ങള്‍ വരുത്താന്‍ താല്‍പര്യമില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. ആ അവസരത്തില്‍ എനിക്ക് എന്റെ നിലപാടുകള്‍ ഒന്നു കനപ്പിക്കേണ്ടി വന്നു.
2007 -ലെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും സ്‌കൂള്‍ മാന്വലിന്റെ കോപ്പികള്‍ വെച്ച് കമ്മിറ്റിയിലെ വനിതാ സംവരണത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനും ഹെഡ്മാസ്റ്റര്‍ക്കും ഞാന്‍ അപേക്ഷ നല്‍കിയിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവരതിനോട് യോജിച്ചില്ല. അപ്പോള്‍ രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ടിവന്നു. ഇത്തരത്തില്‍ ഒരു കമ്മിറ്റി തിരഞ്ഞെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ തന്നെയാണ് മറുപടിയായി അവര്‍ അറിയിച്ചത്. ഞാനത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്കും ഡി.ജി.ഐക്കും അയച്ചുകൊടുക്കുകയും പി.ടി.എ തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. പി.ടി.എ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.ഐ ഓഫീസില്‍ നിന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കും സെര്‍ക്കുലര്‍ പോവുകയും ചെയ്തു. പക്ഷേ ഈ സെര്‍ക്കുലര്‍ വെച്ചിട്ട് ഞാനെന്റെ പ്രിന്‍സിപ്പാളിന് വീണ്ടും കത്തയച്ചെങ്കിലും അദ്ദേഹമത് ഗൗനിക്കാന്‍ തയ്യാറായില്ല. പഴയ തിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ മാനേജ്മെന്റ് തയ്യാറായപ്പോള്‍ ഞാന്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയും അവര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സ്കൂള്‍ അധികൃതരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പി.ടി.എ യുടെ ഫണ്ടുമായി ബന്ധപ്പെട്ടാണ് മറ്റൊരു നിയമലംഘനം. കേരളത്തിലെ മിക്ക പി.ടി.എയിലെയും ട്രഷ്റര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരിക്കും. രക്ഷിതാക്കള്‍ക്കിടയില്‍ നിന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതെങ്കിലും പണമിടപാട് മുഴുവന്‍ നടത്തുന്നത് ഹെഡ്മാസ്റ്ററായിരിക്കും. സ്‌കൂളിന്റെ ഉന്നമനത്തിന് വേണ്ടി രക്ഷിതാക്കള്‍ നല്‍കുന്ന പണം എങ്ങനെ ചിലവഴിച്ചുവെന്ന് ഖജാന്‍ജി കൃത്യമായിട്ട് പറയാത്ത പ്രശ്നം സെന്‍റ് ജോസഫ്സ് സ്‌കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ്സ് റൂം നവീകരണത്തിനായി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പതിനേഴ് ലക്ഷത്തോളം രൂപ രക്ഷിതാക്കള്‍ സംഭാവന നല്‍കിയിരുന്നു. ഇതിന്റെ വിനിയോഗത്തില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തുകയല്ലാതെ മറ്റൊന്നും അഡ്മിഷന്‍ സമയത്ത് പിരിക്കരുതെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ ഇത്തവണ അഞ്ചാംക്ലാസ്സ് പ്രവേശനത്തിനായി പതിനാലായിരത്തി എഴുന്നൂറോളം രൂപ പിരിച്ചിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിന് കീഴിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം പോയിരുന്നത്. ഇതടക്കം സ്‌കൂളിന്റെ പേരില്‍ പിരിക്കുന്ന പണമെല്ലാം എങ്ങനെ വിനിയോഗിക്കുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് പി.ടി.എയോട് ഇവര്‍ തുറന്ന് സംസാരിക്കാറില്ലായിരുന്നു. സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം രക്ഷിതാക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ കൈയ്യില്‍ നിന്ന് പിരിക്കുന്ന പണം നേരിട്ട് പി.ടി.എ അക്കൗണ്ടിലിട്ട് ചിലവഴിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
അതുപോലെ സ്‌കൂളിലെ ഒരു അധ്യാപകന്‍ സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ വളരെ തരംതാഴ്ന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെക്കുറിച്ച് പി.ടി.എയില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. എന്നാല്‍ ഞങ്ങളുടെ അഭിപ്രായം മാനിക്കാതെ അധ്യാപകനെ സംരക്ഷിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചത്. അയാള്‍ വീണ്ടും പോസ്റ്റുകളിടുന്നത് തുടര്‍ന്നിരുന്നു. അതുപോലെ തന്നെ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ സ്‌കൂളിലെ വനിതാ അധ്യാപകരെക്കുറിച്ച് ലൈംഗിക ചുവയോടെ എന്നോട് നടത്തിയ ഒരു ഫോണ്‍കോളുണ്ടായിരുന്നു. ഞാനിത് സ്‌കൂള്‍ പ്രിന്‍സിപാളിനെ അറിയിക്കുകയും അയാള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റ് പ്രതികരിച്ചില്ല. അധ്യാപകന്‍ ഈ സംസാരം തുടരുകയാണെന്നറിഞ്ഞപ്പോള്‍ മൂന്ന് നാല് മാസം കഴിഞ്ഞ് നടപടിയെടുക്കാന്‍ പറഞ്ഞ് ഞാന്‍ മാനേജര്‍ക്ക് ഒരു റിട്ടണ്‍ പരാതി നല്‍കി. ഈ സ്‌കൂളില്‍ ഒരു ഇന്റേണല്‍ കംപ്ലയിനിങ്ങ് കമ്മിറ്റിയുണ്ടോയെന്ന് ഞാന്‍ ചോദിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അവര്‍ തട്ടികൂട്ടി ഒരു കമ്മിറ്റിയുണ്ടാക്കി. ലീഗല്‍ നോളജോ, സോഷ്യല്‍ വര്‍ക്ക് ബാക്ക്ഗ്രൗണ്ടോ ഉള്ളവരല്ല കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ആ കമ്മിറ്റി നിയമവിധേയമായല്ല രൂപീകരിക്കപ്പെട്ടത്. അധ്യാപികമാര്‍ തന്നെ നേരിട്ട് പരാതികള്‍ ബോധിപ്പിച്ചിട്ടും നടപടിയെടുക്കാതെ ഈ കമ്മിറ്റി നിര്‍ജീവമാകുകയാണുണ്ടായത്. പി.ടി.എ ദുര്‍ബലപ്പെടുത്തുക എന്ന രീതിയിലാണ് മാനേജ്മെന്റ് നിലപാടെടുത്തിരുന്നത്. സ്‌കൂള്‍ മാനേജ്മെന്റിന് ഭീഷണിയാണ് എന്ന രീതിയിലാണ് പി.ടി.എയെ ഇവര്‍ കണ്ടിരുന്നത്.
ഈ നിയമലംഘനങ്ങള്‍ തുറന്നു സംസാരിച്ചതിന് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് എന്നെ പുറത്താക്കുകയാണ് ചെയ്തത്. 2007 ലെ സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പി.ടി.എയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍, ഡി.ഡി.ഇയിലോ ആര്‍.ഡി.ഡിയിലോ പരാതിപ്പെട്ട് അല്ലെങ്കില്‍ കോര്‍പറേഷനിലെയോ മുന്‍സിപ്പിലാറ്റിയിലെയോ അധ്യക്ഷരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് പറയുന്നത്. എന്നാല്‍ സെന്റ് ജോസഫ്സില്‍ മാനേജ്മെന്റ് ഒരു ഗൂഢാലോചന നടത്തി അവിശ്വാസ പ്രമേയത്തിലൂടെ എന്നെ പുറത്താക്കുകയാണ് ചെയ്തത്.
വിദ്യാര്‍ഥിയെ സസ്‍പെന്‍ഡ് ചെയ്തുള്ള സെന്റ് ജോസഫ്സ് സ്‌കൂളിന്റെ നടപടിക്കെതിരെ ബാലവകാശ കമ്മീഷനിലടക്കം താങ്കള്‍ പരാതി നല്‍കിയിട്ടുണ്ടല്ലോ. കമ്മീഷനില്‍ നിന്നും ബന്ധപ്പെട്ട മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എന്ത് പ്രതികരണമാണ് ലഭിച്ചത് ?
മകന്റെ സസ്പെന്‍ഷനില്‍ ബാലവകാശകമ്മീഷന്‍ സെന്റ് ജോസഫ്സ് സ്‌കൂളിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അതിന്റെ ഹിയറിങ്ങ് അടുത്ത ആഴ്ച നടക്കും. അതില്‍ അന്തിമ തീരുമാനമായിട്ടില്ല. പക്ഷേ ഡി.ഡി.ഇ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പെരുംനുണകള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഒരു നുണ മറയ്ക്കാന്‍ ഒരായിരം നുണകള്‍ പറയേണ്ടി വരും എന്നാണല്ലോ. ഇനി ഈ വിഷയത്തില്‍ അവരുടെ ഭാഗത്ത് നിന്നും യുക്തിപരമായോ ധാര്‍മ്മികപരമായോ കുട്ടിയോട് അനുഭാവപൂര്‍വമുള്ളതോ ആയ ഒരു നടപടിയും പ്രതീക്ഷിക്കേണ്ട എന്നത് വ്യക്തമാവുകയാണ്. പൊതുജനവികാരം ഇത്രയും എതിരായിട്ടും, തങ്ങളുടെ ഭാഗത്ത് തന്നെയാണ് ശരി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവരോട് ഇതില്‍ കൂടുതലായി ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. സമര്‍പ്പിച്ച കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മീഷനും അവര്‍ക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കട്ടെ. നിയമത്തിലെ നൂലാമാലകള്‍ നോക്കിയാണോ, അതോ ഇത്തരത്തിലൊരു പ്രതിസന്ധിയിലേക്ക് ഒരു കുട്ടിയെ തള്ളിയിടാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവേണ്ട നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണോ ഒരു വിധി പറയേണ്ടത് എന്നവര്‍ തന്നെ തീരുമാനിക്കട്ടെ.
ഈ വിഷയത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ഉദ്ദേശമുണ്ടോ?
മകന്റെ സസ്‌പെന്‍ഷനിലും പി.ടി.എയെ ദുര്‍ബലപ്പെടുത്തുന്ന മാനേജ്‌മെന്റ് സമീപനത്തിനുമെതിരെ മുന്നോട്ടുപോകണമെന്ന് തന്നെയാണ് കരുതുന്നത്. സ്‌കൂളിന് വേണ്ടി രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കുമ്പോള്‍ സുതാര്യമല്ലാത്ത രീതിയില്‍ വിനിയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജിലന്‍സ് ഡിപാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് വിഷയത്തില്‍ അന്വേഷണം നടത്തികൊണ്ടിരിക്കയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌ട്രോങ്ങ് ആയി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പില്‍ കൊടുത്ത പരാതിയിലൊക്കെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളില്‍ നിന്ന് വേണ്ടത്ര അന്വേഷണങ്ങളുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് കരുതുന്നത്.
മതത്തിന്റെ കാര്‍ക്കശ്യ,സദാചാര ബോധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഒരു മുന്‍ പി.ടി.എ പ്രസിഡന്റ് എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?
സൊസൈറ്റി ഓഫ് ജീസസ് എന്നറിയപ്പെടുന്ന ഈശോ സഭയാണ് ഈ സ്കൂള്‍ നടത്തുന്നത്. ലോകമാകമാനം വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ള ഒരു ലിബറല്‍ കാഴ്ചപ്പാടുള്ള സൊസൈറ്റിയാണിത്. മാര്‍പാപ്പയൊക്കെ ഈ സഭയില്‍ നിന്നുള്ളതാണ്. പക്ഷേ എല്ലാം സ്ഥാപനങ്ങളിലും ഇതേ മൂല്യങ്ങള്‍ വെച്ചാണോ ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. മതത്തിത്തിന്റേതായ കാര്‍ക്കശ്യങ്ങള്‍ പല സ്ഥലങ്ങളിലും ഈ സ്ഥാപനങ്ങളില്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്. സെന്റ് ജോസഫ് സ്‌കൂളില്‍ ഇതല്ല പ്രശ്നം. മാനേജ്മെന്റിലെ ആളുകളുടെ ഈഗോയും ധാര്‍ഷ്ഠ്യവുമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായത്. തങ്ങള്‍ക്ക് പിന്നില്‍ ഒരു മതത്തിന്റെ ചട്ടക്കൂടുണ്ടെന്നതാണ് അവര്‍ക്ക് ഈ നടപടികള്‍ സ്വീകരിക്കാന്‍ ധൈര്യം നല്‍കിയത്. മതത്തിന്റെ സ്വാധീനങ്ങളില്ലാത്ത ഒരു മാനേജ്മെന്റിന്, ഇങ്ങനെ നിയമലംഘനങ്ങള്‍ നടത്താന്‍ ധൈര്യമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാനും ഇതേ സ്‌കൂളില്‍ പഠിച്ചിട്ടുള്ള ആളാണ്. പക്ഷേ അന്നൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസിന് സ്‌കൂളില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നോ ?
എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിസിന് സ്‌കൂളില്‍ നിന്ന് വലിയ പ്രോത്സാഹനങ്ങളൊന്നും ലഭിക്കാറില്ല എന്നതാണ് സത്യം. സെന്റ് ജോസഫ്സ് സ്‌കൂളില്‍ കായികപരിശീലനം പേരിന് മാത്രമാണ് ഉള്ളത്. പരിശീലനത്തിന് ഒരു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ ഉണ്ടെങ്കിലും കായിക പ്രതിഭകളെ വാര്‍ത്തെടുക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടില്ല. ഇത് പൊതുവെ എല്ലാ പൊതുവിദ്യാലയങ്ങളും നേരിടുന്ന പ്രശ്നമാണ്. ഒരു പരിധിക്കപ്പുറത്ത് കലാകായിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കാന്‍ സ്കൂളുകള്‍ ശ്രമിക്കാറില്ല. സ്‌കൂള്‍ കലോത്സവം ജനകീയമായതിനാല്‍ കായികമേഖലക്ക് കിട്ടുന്നതിനേക്കാള്‍ പ്രാധാന്യവും പരിഗണനയും കലാമേഖലക്ക് കിട്ടുന്നുണ്ട്.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Mar 28, 2023
10 Minutes Read
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഫേവര്‍ ഫ്രാന്‍സിസ്
Mar 04, 2023
3 Minutes Read
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
അഡ്വ. കെ.പി. രവിപ്രകാശ്
Mar 03, 2023
5 Minutes Read
ഡോ. പി.വി. പുരുഷോത്തമൻ
Feb 23, 2023
8 minutes read