അടൂരിന്റെയും ശങ്കർ മോഹന്റെയും
നുണപ്രചാരണത്തിന്
ജീവനക്കാരും വിദ്യാർഥികളും
മറുപടി പറയുന്നു
അടൂരിന്റെയും ശങ്കർ മോഹന്റെയും നുണപ്രചാരണത്തിന് ജീവനക്കാരും വിദ്യാർഥികളും മറുപടി പറയുന്നു
കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിന് കാരണമായ വസ്തുതകളെ ഉത്തരവാദിത്തബോധത്തോടെ നേരിടുന്നതിനുപകരം, സമരം ചെയ്യുന്ന ജീവനക്കാരെയും വിദ്യാർഥികളെയും ഫ്യൂഡൽ സവർണ ബോധത്തോടെ ആക്ഷേപിക്കുകയാണ് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും ഡയറക്ടർ ശങ്കർ മോഹനും ചെയ്തുകൊണ്ടിരിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഇവർ അഭിമുഖങ്ങളിലൂടെ പറയുന്നത്. ഇരുവരും പറയുന്ന വിശദീകരണങ്ങൾ തുറന്നുകാട്ടുകയാണ് ഇവരുടെ ആക്ഷേപത്തിനിരയായ ജീവനക്കാരും വിദ്യാർഥികളും.
5 Jan 2023, 05:21 PM
കെ. ആര്‍. നാരായണന്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ, ഡയറക്ടര്‍ ശങ്കര്‍ മോഹനും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും, മാധ്യമ അഭിമുഖങ്ങളിലൂടെ നൽകിയ വിശദീകരണം തള്ളി വിദ്യാർഥികളും ജീവനക്കാരും. തങ്ങളുടെ പരാതികൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്നില്ലെന്നുമാത്രമല്ല, വനിതാ ജീവനക്കാരെ അടക്കം ആക്ഷേപിക്കുന്ന വിധത്തിലാണ് അടൂർ ഗോപാലകൃഷ്ണനെപ്പോലൊരാൾ സമരത്തെ വളച്ചൊടിക്കുന്നതെന്നാണ് ഇവരുടെ പരാതി.
ശുചീകരണ തൊഴിലാളികള്‍ ‘ഉടുത്തൊരുങ്ങി വരുന്നു’ എന്നും ‘പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യുന്നു’വെന്നും പരിഹാസത്തോടെയായിരുന്നു അടൂരിന്റെ പരാമർശം. സമരത്തിനിടയാക്കിയ ഒരു പ്രശ്നത്തിലും കൃത്യമായ വിശദീകരണം നൽകുന്നില്ലെന്നുമാത്രമല്ല, വിദ്യാർഥികൾക്കും ജീവനക്കാർക്കും എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ അഴിച്ചുവിടുകയുമാണിവർ ചെയ്യുന്നത്.
അന്വേഷണത്തിൽ അടിസ്ഥാനരഹിതമെന്ന്
തെളിഞ്ഞ ആരോപണവുമായി ഡയറക്ടർ
മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ ഒത്താശയിലാണ് ഇപ്പോൾ സമരം തുടങ്ങിയതെന്നാണ് അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍മോഹനും പറയാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് മദ്യക്കുപ്പികള്‍ നല്‍കിയതിന് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ഇതിന്റെ പ്രതികാരമായാണ് ജീവനക്കാരെയും വിദ്യാര്‍ഥികളെയും തനിക്കെതിരെ നിര്‍ത്തുന്നതെന്നും കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍മോഹന്‍ പറയുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേയനായ സെക്യൂരിറ്റി ഗാര്‍ഡ് ജിമ്മി ജോര്‍ജ് പാലാപ്പറമ്പില്‍ ട്രൂകോപ്പിയോട് പറഞ്ഞു. 2019 ല്‍ കോവിഡ് സമയത്ത് ഹോസ്റ്റല്‍ വൃത്തിയാക്കുന്നതിനിടെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി കേട്ടിരുന്നുവെന്ന് ജിമ്മി പറഞ്ഞു. എന്നാല്‍ ഈ സമയത്തല്ല, പകരം 2019 ബാച്ചിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരം വിജയിച്ചതിന്റെ പ്രതികാരനടപടിയായി 2022 ജനുവരി 28 നാണ് ജിമ്മിയടക്കം സെക്യൂരിറ്റി വിങ്ങിലുള്ള ആറുപേരെയും ഡയറക്ടര്‍ പിരിച്ചുവിട്ടത്. പുതുതായി ചാര്‍ജ്ജെടുക്കാന്‍ ആറുപേര്‍ വന്നപ്പോഴാണ് പിരിച്ചുവിട്ട കാര്യം ഇവര്‍ അറിയുന്നത്. കാരണം അറിയിക്കാതെ പിരിച്ചുവിട്ടതിനെതിരെ ഇവര്‍ ലേബര്‍ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും എക്‌സ് സര്‍വീസ് മാന്‍ കോര്‍പറേഷന്റെ ഓഫീസിലും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ട എക്സ് സര്‍വീസ് മെന്‍ കോര്‍പറേഷന്‍ കോട്ടയത്ത് മറ്റേതെങ്കിലും സ്ഥലത്ത് പിരിച്ചുവിട്ട ആറുപേരെയും നിയമിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. രണ്ടുപേര്‍ക്ക് നിയമനം ലഭിച്ചു. മറ്റുള്ളവര്‍ക്കും നിയമനം കിട്ടിയെങ്കിലും വീട്ടില്‍ നിന്ന് ദൂരെയായതിനാല്‍ പോകേണ്ടത് തീരുമാനിച്ചിരിക്കുകയാണ്. കോര്‍പറേഷന് സത്യാവസ്ഥ ബോധ്യപ്പെട്ടതിനാലാണ് പുനര്‍നിയമനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു:

‘‘ശങ്കര്‍ മോഹന്‍ വന്നശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ നടപടികളാണ് ഉണ്ടായിട്ടുള്ളത്. അതുവരെ ഡയറക്ടറുമായി നേരിട്ട് പ്രശ്നങ്ങള്‍ സംസാരിക്കാൻ അവസരമുണ്ടായിരുന്നു. ശങ്കര്‍ മോഹൻ ചുമതലയേറ്റശേഷം ഈ അവസരം ഇല്ലാതായി. പി.എയുടെ അനുമതി വാങ്ങി വല്ലപ്പോഴും മാത്രമേ കാണാന്‍ പറ്റൂ. പ്രശ്ന പരിഹാരത്തിന് ഒരു ശ്രമവുമുണ്ടായിട്ടില്ല. ശങ്കര്‍മോഹന്‍ പറയുന്നതുപോലെ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഒരു സ്വീപ്പറും എന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ല. മനോരമ ന്യൂസുകാര്‍ ഷൂട്ട് ചെയ്യാന്‍ വന്ന സമയത്ത് ശുചീകരണ തൊഴിലാളികള്‍ക്ക് അവരുടെ ഭാഗം പറയാൻ വീട്ടില്‍ ഷൂട്ട് ചെയ്യാന്‍ അനുവദിക്കുക മാത്രമാണ് ചെയ്തത്’’- ജിമ്മി ജോര്‍ജ് ട്രൂകോപ്പിയോട് പറഞ്ഞു.
‘‘താഴ്ന്ന ജാതിക്കാരെ ശങ്കര്‍ മോഹന് പുച്ഛമാണ്. തനിക്ക് വിധേയപ്പെട്ട് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് അയാള്‍ക്ക് ആവശ്യം. ശങ്കര്‍മോഹന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കുന്നവരെ പ്രതികാര നടപടികളോടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്’’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടൂരിന് ശുചീകരണത്തൊഴിലാളികളുടെ മറുപടി
ശങ്കര്‍ മോഹന്റെ വീട്ടില്‍ നിന്ന് നേരിടേണ്ടി വന്ന ജാതിവിവേചനങ്ങളെ കുറിച്ചുള്ള ശുചീകരണ തൊഴിലാളികളുടെ തുറന്നുപറച്ചിലിനെ മനുഷ്യവിരുദ്ധ പരാമർശങ്ങളോടെയാണ് അടൂര്‍ ആക്ഷേപിച്ചത്. ‘നാലഞ്ച് പെണ്ണുങ്ങള്‍ ഉടുത്തൊരുങ്ങിവന്ന്, പച്ചക്കള്ളങ്ങള്‍ പറഞ്ഞ്, സ്റ്റാറായിരിക്കുകയാണ്’ എന്ന ഒറ്റ വാചകം മതി, എത്രത്തോളം ഫ്യൂഡല്‍ ബോധ്യം പേറുന്ന ആളാണ് അടൂര്‍ എന്ന് മനസ്സിലാക്കാന്‍. ഡയറക്ടറുടെ വീട്ടില്‍ നേരിട്ട സംഭവങ്ങൾ തങ്ങളെക്കൊണ്ട് ആരും പറയിപ്പിച്ചതല്ലെന്നും അപമാനം സഹിക്കവയ്യാതെയാണ് തുറന്നുപറഞ്ഞതെന്നും ശുചീകരണ തൊഴിലാളികള്‍ ട്രൂകോപ്പിയോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഡയറക്ടറോട് നേരിട്ട് തന്നെയാണ് ഇവര്‍ പരാതി പറഞ്ഞിരുന്നത്. ഇതിനുശേഷം പിരിച്ചുവിടുമെന്ന ഭീഷണി വന്നപ്പോഴാണ്മാധ്യമങ്ങളോട് പറയാന്‍ തീരുമാനിച്ചത്: ""ഒരുങ്ങിക്കെട്ടിയൊന്നുമല്ല ഞങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കാറ്. കമ്പ്യൂട്ടറിനു മുന്നിലിരുന്ന് പണിയെടുക്കുന്നവര്‍ മാത്രമേ ഉടുത്തൊരുങ്ങി നടക്കാവൂ എന്നാണോ അടൂർ ഉദ്ദേശിക്കുന്നത്. ഞങ്ങൾ നല്ല വസ്ത്രം ധരിക്കുന്നതില്‍ എന്താണ് പ്രശ്നം?. ആ വീട്ടില്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളാണ് തുറന്നു പറയുന്നത്, അത് നുണയല്ല''- ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു.

മാസത്തില്‍ രണ്ട് തവണ മാത്രമാണ് ശുചീകരണതൊഴിലാളികള്‍ വീട്ടിലേക്ക് വന്നിരുന്നതെന്നാണ് ശങ്കര്‍മോഹന്‍ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇതു നുണയാണെന്നും മാസത്തില്‍ അഞ്ച് തവണയൊക്കെ പോയിട്ടുണ്ടെന്നും കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി വീട്ടിൽ പോകേണ്ടി വന്ന ജീവനക്കാരി പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന മൊഴിയെടുക്കലില്‍ ഇവര്‍ കമീഷനോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. കമീഷന്‍ തങ്ങളുടെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ ട്രൂകോപ്പിയോട് പറഞ്ഞു.
അച്ചടക്കമെന്നാല്‍ പട്ടാളച്ചിട്ടയോ?
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അച്ചടക്കം കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങളാണ് വിദ്യാര്‍ഥികളെ പ്രകോപിതരാക്കിയെന്നും ഇതാണ് വിദ്യാര്‍ഥി സമരത്തിന് കാരണമായതെന്നും ശങ്കര്‍മോഹന്‍ പറയുന്നുണ്ട്. പഠിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വരേണ്ടതെന്നും സമരം ചെയ്യേണ്ടവര്‍ പിരിഞ്ഞുപോകണമെന്നും പറഞ്ഞ് അടൂരും വിദ്യാര്‍ഥി സമരങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്തത്. എന്നാല്‍ അടൂരും ശങ്കര്‍ മോഹനും ഉദ്ദേശിക്കുന്നത് അക്കാദമിക് ഡിസിപ്ലിനാണോ പട്ടാളച്ചിട്ടയാണോ എന്ന് മനസ്സിലായിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അക്കാദമിക്ക് ഡിസിപ്ലിനുതകുന്ന ഒരു സാഹചര്യവും ഇന്‍സ്റ്റിറ്റ്യൂട്ടിലില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായിട്ടും ഫിലിം ആര്‍ക്കൈവുകള്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടിലില്ല. ശങ്കര്‍ മോഹനും അടൂരും വന്നശേഷം സിലബസ് വെട്ടിച്ചുരുക്കലും വര്‍ക്ക് ഷോപ്പുകള്‍ എടുത്തുകളയലും മാത്രമാണ് നടത്തിയത്. ഇവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുവന്നുവെന്ന് പറയുന്ന ഡി.ഐ സ്റ്റുഡിയോയുടെയും തിയേറ്ററിന്റേയും പണി ഇവര്‍ക്കുമുന്നേ തുടങ്ങിയതാണ്. ശങ്കര്‍ മോഹന്‍ വന്നശേഷമാണ് പണി പൂര്‍ത്തിയായതെന്നുമാത്രം. 13 ലക്ഷം രൂപയുടെ ഒരു ട്രൈപോഡ് മാത്രമാണ് പുതുതായി വാങ്ങിയത്. മൂന്ന് വര്‍ഷത്തെ കോഴ്‌സ് രണ്ട് വര്‍ഷമാക്കുക, 25 കീലോമീറ്ററിനുള്ളില്‍ ഒരു സബ്‌ജക്റ്റ് കണ്ടുപിടിച്ച് ഡോക്യുമെന്ററി ചെയ്യുക തുടങ്ങിയ പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ മാത്രമാണ് ഇവര്‍ പുതുതായി നടപ്പിലാക്കിയത്.
1996 -ല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടൂര്‍ മൂന്ന് വര്‍ഷ കോഴ്സ് രണ്ട് വര്‍ഷമാക്കാന്‍ ശ്രമിച്ചപ്പോള്‍ രാജീവ് രവിയെയും വി. അജിത് കുമാറിനെയും പോലുള്ളവര്‍ സമരം ചെയ്തു. ഇതേതുടർന്ന് അടൂര്‍ രാജി വെച്ചുപോകുകയായിരുന്നു. അന്ന് അവിടെ നടപ്പിലാക്കാന്‍ പറ്റാതിരുന്ന സംഭവങ്ങളാണ് ഇപ്പോൾ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.
മൂന്നുവര്‍ഷ കോഴ്‌സ് വലിയ അവസരങ്ങളാണ് വിദ്യാർഥികൾക്ക്നല്കിയിരുന്നത്. ഐ.എസ്.ആര്‍.ഒ, എന്‍.എഫ്.ഡി.സി, കെ.എസ്.ഡി.സി, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചോദിക്കുന്ന മിനിമം ക്വാളിറ്റി മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സാണ്. ഇത് വെട്ടിച്ചുരുക്കിയതിലൂടെ ഈ അവസരവും ഇല്ലാതായിരിക്കുകയാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കോട്ടയം വരെ 27 കിലോമീറ്ററോളം ദൂരമുണ്ട്. ഡോക്യുമെന്ററി ചെയ്യാനുള്ള സ്ഥലദൂരം കുറയ്ക്കുക വഴി ഏത് തരത്തിലാണ് വിദ്യാര്‍ഥികള്‍ ഡെവലപ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സ്റ്റുഡൻറ് കൗണ്‍സില്‍ ചെയര്‍മാൻ ശ്രീദേവ് സുപ്രകാശ് ട്രൂകോപ്പിയോട് പറഞ്ഞു. എല്ലാവരും മിണ്ടാതിരുന്ന് സിനിമ പഠിക്കണമെന്നാണ് അടൂരും ശങ്കര്‍മോഹനും കരുതുന്നത്. വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തി വിധേയരാക്കാനാണ് ഇവരുടെ ശ്രമമെന്നും പ്ലെയ്സ്മെൻറ് സെല്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തിട്ടില്ലെന്നും ശ്രീദേവ് കൂട്ടിച്ചേര്‍ത്തു.
കുറ്റങ്ങള്‍ എപ്പോഴും പട്ടികജാതിക്കാര്‍ക്ക്
ശങ്കര്‍മോഹനും അടൂര്‍ഗോപാലകൃഷ്ണനും തങ്ങളുടെ അഭിമുഖങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലര്‍ക്ക് നിഖിലിനെക്കുറിച്ചും ജോലിയിലുള്ള അദ്ദേഹത്തിന്റെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ചും നിശിത വിമര്‍ശനം നടത്തുന്നുണ്ട്. ഡിസംബറില്‍ കോണ്‍ട്രാക്റ്റ് തീരുമെന്ന് ഭയന്നിട്ടാണ് നിഖില്‍ തനിക്കെതിരെ പരാതി നല്‍കിയതെന്ന് ശങ്കര്‍മോഹന്‍ പറയുന്നു. അടൂരാകട്ടെ, ഇ- ഗ്രാൻറ് വൈകാന്‍ കാരണം നിഖിലാണ് എന്നാണ് പറയുന്നത്. എന്നാല്‍ കോണ്‍ട്രാക്റ്റ് കൂട്ടുമോ ഇല്ലയോ എന്നതൊന്നും തന്റെ വിഷയമായിരുന്നില്ലെന്നും വിവേചനം സഹിക്കവയ്യാതെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും നിഖില്‍ ട്രൂകോപ്പിയോട് പറഞ്ഞു. വിവേചനങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളോടെയാണ് മുഖ്യമന്ത്രിക്ക് നിഖിലും സഹപ്രവർത്തകരും പരാതി നല്‍കിയത്. പരാതി സര്‍ക്കാര്‍ അന്വേഷിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സ്വാധീനമുപയോഗിച്ച് ശങ്കര്‍മോഹന്‍ പരാതികളെല്ലാം ഒതുക്കി. മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രിന്‍സിപ്പൽ സെക്രട്ടറിയുമായി ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പരാതി പരിഗണിക്കാന്‍ സമയമില്ലെന്ന പ്രതികരണമാണ് നിഖിലിന് ലഭിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്ന ആദ്യ ദിവസം തന്നെ, ഈ വാര്‍ത്തയുമായി മുന്നോട്ടു പോകാനാവില്ലെന്നും മുകളില്‍ നിന്ന് നല്ല പ്രഷറുണ്ടെന്നും പറഞ്ഞ് നിഖിലിന് കോള്‍ വന്നിരുന്നു. ഇത്തരം അടിച്ചമര്‍ത്തലുകളെ മറികടന്ന് പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നിഖിലിന്റെ തീരുമാനം. ഇ-ഗ്രാൻറിന്റെ കാര്യത്തില്‍ താമസമുണ്ടായിട്ടില്ലെന്നും ഇ-ഗ്രാൻറ് പ്രശ്‌നം വരുമ്പോള്‍ എപ്പോഴും പട്ടികജാതിക്കാരായ ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി കുറ്റം മുഴുവന്‍ അവരുടെ മുകളില്‍ ചുമത്താനാണ് ഇവര്‍ ശ്രമിക്കാറെന്നും നിഖില്‍ പറഞ്ഞു:

""സ്ഥാപനത്തിന്റെ ഭാഗത്തുള്ള താമസം കൊണ്ടാണ് ഇ-ഗ്രാന്റില്‍ ഇത്രയും കാലതാമസം വരുന്നത്. ഇ-ഗ്രാൻറ് നടത്തിപ്പില്‍ ഞാന്‍ കാരണമാണ് പ്രശ്‌നങ്ങളുണ്ടാകുന്നതെങ്കില്‍ ബാക്കി അഞ്ച് ക്ലര്‍ക്കുമാര്‍ക്ക് ഈ ചുമതല കൈമാറാമായിരുന്നു. ഇ-ഗ്രാൻറ് ചുമതലയില്‍ നിന്ന് മാറ്റാന്‍ ഞാന്‍ തന്നെ പല തവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ, പട്ടികജാതി ജീവനക്കാരാണ് തങ്ങളുടെ തുറുപ്പുചീട്ടെന്ന് പറഞ്ഞ് ഒഴിവാക്കി വിടലാണ് ചെയ്യാറ്.''
അടൂര്‍ ഇവിടെ വരുമ്പോള്‍ പി.എയായി പ്രവര്‍ത്തിച്ചിരുന്ന തന്നെയാണ് നേരിട്ട് അറിയില്ലെന്ന് അഭിമുഖത്തിലൂടെ നുണ പറഞ്ഞതെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. ശങ്കര്‍ മോഹനും അടൂരും ഡയറക്ടറും ചെയര്‍മാനുമായി വരുന്നതിന് മുമ്പ് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പണിയെടുക്കുന്നവരാണ് ജിമ്മിയും നിഖിലുമൊക്കെ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടക്കം കാലം മുതലേ അവിടെയുണ്ടായിരുന്ന ഇവര്‍ക്കെതിരെ 2019ല്‍ ശങ്കര്‍മോഹന്‍ ചാര്‍ജ് എടുക്കുന്നതുവരെയും പരാതിയോ മെമ്മോയോ ഉണ്ടായിട്ടില്ല. 2019-2020 കാലത്ത് ഓഡിറ്റിങ്ങില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. അഡിമിനിസ്‌ട്രേഷനിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ജാതിവിവേചനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞതാണ് നിഖിലിനെ ഒറ്റപ്പെടുത്താന്‍ കാരണമായത്. ഇന്റേണല്‍ കമ്മിറ്റി നിലവിലുണ്ടായിരിക്കുന്ന സാമ്പത്തിക ക്രമക്കേട് ഒതുക്കിത്തീർക്കാന്‍ ശ്രമിക്കുകയും പട്ടിക വിഭാഗത്തില്‍പ്പെട്ട നിഖിലിനെ ഈ ക്രമക്കേടില്‍ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പത്തുവര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനെയും സമാനമായി കാരണങ്ങള്‍ ബോധ്യപ്പെടുത്താതെ പിരിച്ചുവിട്ടിട്ടുണ്ട്. ജോലിയുടെ ആവശ്യം പരിഗണിച്ച് നിരവധി തവണ ഈ വ്യക്തി ഡയറക്ടറെ കാണാന്‍ വന്നിരുന്നെങ്കിലും പുറത്താക്കുകയായിരുന്നു. അതേസമയം ഗുരുതര തെറ്റുകള്‍ ചെയ്യുന്ന പലരെയും സംരക്ഷിച്ചു നിര്‍ത്താനും ശങ്കര്‍ മോഹന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആകെയുള്ള അറുപത് പേരില്‍ നാല്‍പ്പതുപേരും താല്‍ക്കാലിക ജീവനക്കാരാണ്. ജോലി പോകുമോയെന്ന് ഭയന്ന് പലരും ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് നേരിടുന്ന വിവേചനങ്ങളെക്കുറിച്ചൊന്നും ഇപ്പോഴും പുറത്ത് പറഞ്ഞിട്ടില്ല.
തങ്ങൾ വ്യക്തമായ തെളിവുകളോടെ പരാതി നൽകിയിട്ടും സമരം ഇത്ര ദിവസം പിന്നിട്ടിട്ടും കാര്യമായ നടപടികളൊന്നുമെടുക്കാതെ സര്‍ക്കാർ ഇവരെ സംരക്ഷിച്ച് നിര്‍ത്തുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് വിദ്യാർഥികളും ജീവനക്കാരും പറയുന്നു.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
Open letter
Jan 17, 2023
3 minute read