ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം:
ഒരു സ്ത്രീയുടെ യാതന
എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ?
ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം: ഒരു സ്ത്രീയുടെ യാതന എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ?
21 Jan 2022, 01:06 PM
ഫ്രാങ്കോ മുളക്കലിന്റെ കുറ്റവിമോചനം: ഒരു സ്ത്രീയുടെ യാതന എല്ലാ സ്ത്രീകളുടേതുമായി മാറിയതെങ്ങനെ? സര്‍വൈവറിനെ പഴിചാരുക, ഫ്രാങ്കോ മുളയ്ക്കലിന്റെ കുറ്റവിമോചനത്തെ വാഴ്ത്തുക, സ്ഥിരമായ വാര്‍പ്പുമാതൃകയില്‍ തന്നെ കോടതിയും സര്‍വൈവറിനെ അവതരിപ്പിക്കുക. ഇതിനൊക്കെ ഇടയില്‍ സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ തോന്നുന്നത് എന്താണ്?
പുതുവര്‍ഷത്തിലെ ആദ്യ മാസത്തില്‍ തന്നെ രണ്ട് ലൈംഗിക പീഡന കേസുകളിലെ വളരെ പ്രധാനപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്- 2017ല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് സിനിമാ നടിയെ പീഡിപ്പിച്ചതും, 2014-2016 കാലഘട്ടത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഒരു കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് അവ.
ജലന്ധര്‍ രൂപതയുടെ റോമന്‍ കാത്തോലിക് ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ടുകൊണ്ടുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി, ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. മിഷിണറീസ് ഓഫ് ജീസസ് കോണ്‍വന്റിലെ മദര്‍ സുപ്പീരിയര്‍ ആയിരുന്ന കന്യാസ്ത്രീയെ അവിടെ സന്ദര്‍ശിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കുറ്റമാണ് മുളക്കലിനെതിരെയുള്ളത്. ഒരു കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗീക പീഡനക്കേസില്‍ വിചാരണ നേരിടുന്ന രാജ്യത്തെ ആദ്യത്തെ കത്തോലിക് ബിഷപ്പാണ് ഫ്രാങ്കോ.
കേരളത്തിന്റെ മതപരവും നിയമപരവും സാമൂഹികവുമായ ഭൂമികയില്‍, പല കാരണങ്ങള്‍കൊണ്ടും വളരെ നിര്‍ണ്ണായകമായ ഒന്നാണ് ഈ കേസില്‍ നടന്ന വിചാരണ. കന്യകാവ്രതം സ്വീകരിച്ച ഒരു കന്യാസ്ത്രീ അവരുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമായ പവിത്രത നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
അധികാരത്തിലിരിക്കുന്ന പുരുഷന്മാര്‍ക്കെതിരായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ ചെറുക്കാന്‍ സാമൂഹിക, മതപരമായ സംവിധാനങ്ങള്‍ അവരെ സഹായിക്കുമെന്നുറപ്പുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ വിശുദ്ധതയില്‍ നിന്ന് താഴേക്ക് പതിക്കുന്ന രീതിയില്‍ സര്‍വൈവറായ കന്യാസ്ത്രീ പ്രവര്‍ത്തിച്ചത് ഇതുവരെ ആരും കാണിച്ചിട്ടില്ലാത്ത ധൈര്യത്തോടെയാണ്. അതിജീവിച്ചവളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തി തിരിച്ചറിഞ്ഞ, കോണ്‍വെന്റിലെ മറ്റ് അഞ്ച് കന്യാസ്ത്രീകള്‍ അവരെ പിന്തുണക്കാന്‍ തയ്യാറായി. ജീവിതമാര്‍ഗ്ഗവും സമൂഹത്തിലുള്ള സ്വീകാര്യതയും അന്തസ്സും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലും അതിജീവിച്ചവള്‍ക്കൊപ്പം അവര്‍ നിന്നു.
അതിജീവിച്ചവളുടെ മൊഴികളിലുള്ള പരസ്പര വിരുദ്ധതയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന്റെ അടിസ്ഥാനമെന്നാണ് 289 പേജുള്ള വിധിയില്‍ പറയുന്നത്. പല സന്ദര്‍ഭങ്ങളിലും, ബിഷപ്പ് തന്നെ കൂടെകിടക്കാന്‍ നിര്‍ബന്ധിച്ചതിനെക്കുറിച്ച് മാത്രമാണ് അവര്‍ പരമാര്‍ശിച്ചതെന്നും ലിംഗം ശരീരത്തിനകത്തേക്ക് കടത്തിയതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ലെന്നുമാണ് കോടതി പറയുന്നത്. ആരോപിക്കപ്പെട്ട ദിനങ്ങളില്‍ ബിഷപ്പ് കോണ്‍വെന്റില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊഴികളും മതിയായ വൈദ്യപരിശോധനാ തെളിവുകളും ഉണ്ട്. എന്നിട്ടും അതിജീവിച്ച കന്യാസ്ത്രീയുടെ സ്വഭാവം വിശ്വാസയോഗ്യമല്ലെന്നതിലാണ് കോടതി വിശ്വസിക്കുന്നത്. പ്യൂരിറ്റന്‍ സദാചാരത്തിന്റെയും അര്‍ത്ഥശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ലൈംഗിക പീഡനം നടന്നുവെന്ന അവരുടെ മൊഴിയെ തള്ളിക്കളയുകയാണ് കോടതി ചെയ്തത്.
തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിട്ടും ബിഷപ്പുമായി ഇടപഴകുന്നത് തുടര്‍ന്നതിന് അതിജീവിച്ചവളെ കോടതി വിധിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതിനെ അതില്‍ ചോദ്യം ചെയ്യുന്നുണ്ട്, കുറ്റം തെളിയിക്കാനുള്ള ഏക ഉത്തരവാദിത്വം അവര്‍ക്ക് മേല്‍ ചാര്‍ത്തുകയും ചെയ്യുന്നുണ്ട്. നീതിന്യായ സംവിധാനം അതിജീവിച്ചവളോട് കൂടുതല്‍ അനുഭാവപൂര്‍വ്വമാണ് പെരുമാറേണ്ടതെന്നതിനാല്‍ ഇത്തരത്തിലുള്ള ഒരു സമീപനം ആശ്ചര്യമുളവാക്കുന്നതാണ്.
ഇങ്ങനെയൊരു സാഹചര്യത്തില്‍, അതിജീവിച്ചവളെയും അവര്‍ക്കൊപ്പം നിന്നവരെയും മാത്രമല്ല വിധി നിരാശരാക്കിയിരിക്കുന്നത്, നമ്മുടെ പൊതുബോധത്തിന്റെ പുരുഷാധിപത്യപരമായ ചട്ടക്കൂടില്‍ കുടുങ്ങി കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയാതെ ഞെരുങ്ങുന്ന എല്ലാ സ്ത്രീകളെയുമാണ്. ചില പൊരുത്തക്കേടുകളുണ്ടെന്ന വാദമുന്നയിച്ച്, അതിജീവിച്ചവളുടെ മൊഴിയെ മുഴുവനായും തള്ളിക്കളഞ്ഞുകൊണ്ട്, ഇതുപോലെയുള്ള ഒരു ലൈംഗീക പീഡനക്കേസിലെ കുറ്റാരോപിതനെ കുറ്റവിമുക്തനാക്കുമ്പോള്‍, അത് സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെയും ലിംഗപരമായി അരികുകളിലാക്കപ്പെട്ടവരുടെയും മനോവീര്യത്തെയാണ് കെടുത്തിക്കളയുന്നത്.
അതിജീവിച്ചവളെ പഴിചാരിയും കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പിനെ പുകഴ്ത്തിക്കൊണ്ടുമുള്ള ആഖ്യാനങ്ങള്‍ക്കും പൊതുസദാചാരബോധത്തെ തൃപ്തിപ്പെടുത്തുന്ന കോടതിയുടെ ഇടപെടലുകള്‍ക്കും ഇടയില്‍ സ്ത്രീകള്‍ക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ തോന്നുന്നത്?
ജുഡീഷ്യല്‍ സദാചാരവും പൊതുസദാചാരവും
ലിംഗ പ്രവേശനം (പെനിട്രേഷന്‍) നടത്തിയെന്നതിനെ സംബന്ധിച്ച് മറ്റുള്ള കന്യാസ്ത്രീകളോടോ പ്രഥമാന്വേഷണ റിപ്പോര്‍ട്ടിലോ സൂചിപ്പിച്ചില്ലെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് സെഷന്‍സ് കോടതി പ്രധാനമായും അതിജീവിച്ചവളുടെ മൊഴിയെ തള്ളിക്കളയുന്നത്. അയാളുടെ കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് അവര്‍ പറഞ്ഞത്, ബലാത്സംഗത്തെക്കുറിച്ച് പിന്നീടുള്ള ഒരു ഘട്ടത്തില്‍ മാത്രമാണ് പറയുന്നത്.
കന്യാസ്ത്രീക്ക് അവരുടെ ബന്ധുവിന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി ഒരു ആരോപണം ഉണ്ടായിരുന്നു, അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. എന്നിട്ടും കോടതി അതിനെ ഉപയോഗിച്ച് ലിംഗപ്രവേശനം (പെനിട്രേഷന്‍) നടന്നിട്ടുണ്ടെന്നതിന്റെ വൈദ്യപരിശോധന തെളിവുകളെ തള്ളിക്കളയാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. കന്യാസ്ത്രീക്ക് മുമ്പ് ഉഭയസമ്മതപ്രകാരം ഉണ്ടായ ലൈംഗിക ബന്ധത്തില്‍ സംഭവിച്ചതാകാം അതെന്ന സംശയമാണ് കോടതി പ്രകടിപ്പിക്കുന്നത്.
അതിജീവിച്ചവള്‍ക്ക് മേലുള്ള പഴികളെയും, ശിക്ഷിക്കാനുള്ള യുക്തിയെയും ഉറപ്പിച്ചുകൊണ്ട് ആ സ്ത്രീ കടന്നുപോയ അനുഭവങ്ങളെ റദ്ദ് ചെയ്യാനുള്ള പ്രവൃത്തികളാണ് ഇവിടെ നടക്കുന്നതെന്ന് കാണാന്‍ കഴിയും. ഇത് പൊതുസമൂഹത്തില്‍ നിന്നുള്ള ഒരാളുടെ അഭിപ്രായപ്രകടനമായിരുന്നെങ്കില്‍, (നിര്‍ഭാഗ്യവശാല്‍) ഇത്രയ്ക്ക് മനഃപ്രയാസമുണ്ടാക്കില്ലായിരുന്നു. കാരണം ഒരു ലൈംഗിക പീഡനം നടന്നുകഴിഞ്ഞാല്‍ തെറ്റായ സ്ഥലത്ത് ഉണ്ടായതിനും, തെറ്റായ വസ്ത്രം ധരിച്ചതിനും, തെറ്റായ കാര്യങ്ങള്‍ പറഞ്ഞതിനും തുടങ്ങി അതിജീവിച്ചവളെ എത്രയും വേഗത്തില്‍ കുറ്റപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്.
എന്നാല്‍ ഇത് ആദരണീയമായ ഒരു കോടതിയുടെ വിധിയാണ്. അതിജീവിച്ചവളെ സംരക്ഷിക്കുന്ന തരത്തിലാണ് നിയമം അതിന്റെ ഇടപെടല്‍ നടത്തേണ്ടതെന്ന സൂക്ഷ്മവും സമഗ്രവുമായ ധാരണയുള്ള ഒരു സ്ഥാപനമാണ് കോടതി. സദാചാരപരമായ ഒരു കുറ്റം വ്യക്തികളില്‍ ആപേക്ഷികമാണെന്നും എന്നാല്‍ നിയമപരമായ ഒരു കുറ്റം അങ്ങനെയല്ലെന്നുമുള്ള ബോധവും ആ സ്ഥാപനത്തിനുണ്ട്. പുരുഷാധിപത്യപരമായ അധികാര ഘടനയിലൂടെ സ്ത്രീകളുടെയും, ക്വീര്‍ വ്യക്തികളുടെയും ശരീരത്തെയും, വ്യക്തിത്വത്തെയും, ലൈംഗികതയെയും സമൂഹം നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ലൈംഗിക അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് സ്വതന്ത്രവും നീതിപൂര്‍വ്വവുമായ വിചാരണക്കുള്ള അവരുടെ അവകാശം ആവശ്യപ്പെടാനുള്ള ഒരേയൊരു സ്ഥലമാണ് കോടതികള്‍.
ജുഡീഷ്യല്‍ സദാചാരവും പൊതുസദാചാരവും വ്യത്യസ്തമാണ്, അത് ഒന്നാകാതിരിക്കുന്നതാണ് ന്യായവും. നമ്മുടെ ആചാരങ്ങളുടെയും സമ്പ്രദായങ്ങളുടെയും വിശ്വാസങ്ങളുടെയും പക്ഷപാതങ്ങളുടെയും മുന്‍വിധികളുടെയും ആകെത്തുകയാണ് പൊതുസദാചാരമെന്നത്. പൊതുസമൂഹത്തിലുള്ള സദാചാരത്തിന്റെ പ്രശ്നവത്തായ ഘടകങ്ങളും നീതിയുടെ പ്രയോഗവും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനുള്ള ഒന്നാണ് നിയമം. സമൂഹം സ്ത്രീകളെ തള്ളിപ്പറയുകയും, കൈയ്യില്‍ അധികാരമുള്ള പീഡകനെ രക്ഷിക്കുകയും ചെയ്യുമ്പോള്‍, അതിജീവിച്ചവര്‍ക്ക് തുറന്നുപറച്ചില്‍ നടത്താനായി നീതിപൂര്‍വ്വവും സുരക്ഷിതവുമായ ഒരു ഇടം നിയമം ഒരുക്കേണ്ടതുണ്ട്.
ഈ കേസിലെ യുക്തി സമൂഹത്തിന്റെ പൊതുസദാചാരവുമായി ചേര്‍ന്നുപോകുന്നതായാണ് കാണാന്‍ കഴിയുക. ഈ തരത്തിലുള്ള നിയമസംവാദങ്ങള്‍ സമൂഹത്തിലെ മറ്റ് സ്ത്രീകളെയും അതിജീവിച്ചവരെയും ബാധിക്കുന്നുണ്ട്. അവരെല്ലാവരിലും പൊതുവായ ഉത്കണ്ഠകള്‍ ഉണ്ടാകുന്നു. കാരണം, സുരക്ഷിതമായ ഒരു ഇടം സമൂഹത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, അത്തരത്തിലൊരു ഇടം നല്‍കുമെന്ന നിയമസംവിധാനത്തിന്റെ വാഗ്ദാനം ഇല്ലാതായതിനാണ് അവര്‍ സാക്ഷികളായത്.
വികാരങ്ങളുടെ രാഷ്ട്രീയം
ഈ വിധി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന ഭയത്തിന്റെയും നിരാശയുടെയും രോഷത്തിന്റെയും അലകളെ നിസ്സാരമായി കാണാന്‍ കഴിയില്ല. 'സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍ തന്നെ ഞാന്‍ വേദനിച്ചിരുന്നു. വിധി എന്നില്‍ പേടിയും നിരാശയുമാണ് ഉണ്ടാക്കിയത്. എനിക്ക് എല്ലാ സമയത്തും ദേഷ്യം തോന്നുന്നു, എന്നെങ്കിലും എനിക്ക് ആ കന്യാസ്ത്രീയുടെ അനുഭവമുണ്ടാവുകയാണെങ്കില്‍ മാതൃകാപരമായ ഒരു സര്‍വൈവര്‍ ആകാവുന്ന തരത്തില്‍ എങ്ങനെയെല്ലാം എന്റെ പെരുമാറ്റങ്ങളെ ക്രമീകരിക്കണമെന്നതിന് ഞാന്‍ മാനസികമായി കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്', ഒരു യുവ സോഫ്റ്റ്വെയര്‍ ഡെവ്ലപ്പറായ ജീനിയ തച്ചറമ്പാത്ത് പറയുന്നു.
നിയമവിചാരണകളെ ലിംഗപദവിയുടെ വീക്ഷണകോണിലൂടെ നോക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍. "ലിവിങ് എ ഫെമിനിസ്റ്റ് ലൈഫ്'ല്‍ ഫെമിനിസ്റ്റ് പണ്ഡിതയായ സാറാ അഹമ്മദ് ചര്‍ച്ച ചെയ്യുന്നത്, സെന്‍സേഷന്റെ (സംവേദനം) പ്രസക്തിയെന്താണെന്നാണ്. സുഖകരമോ ആശ്വാസകരമോ അല്ലാത്ത ഒരു അനുഭവമാണ് സെന്‍സേഷന്‍ എന്ന് അവര്‍ വിശദമാക്കുന്നുണ്ട്. ഇത് പലപ്പോഴും സ്ത്രീകള്‍ക്ക് പ്രത്യേകമായി ഉണ്ടാകുന്ന അനുഭവമാണ്. മാത്രവുമല്ല, സ്ത്രീകളുടെ മേല്‍ പതിക്കുന്ന ഘടനാപരവും വ്യവസ്ഥാപിതവുമായ അതിക്രമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പാളികള്‍ അടര്‍ത്തിനോക്കുന്നതിന്, അവര്‍ അനുഭവിക്കുന്ന അസ്വസ്ഥതകളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
ജെന്റര്‍ (ലിംഗപദവി) എന്നത് ജീവിക്കുന്നതിലൂടെ അനുഭവപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അതിക്രമങ്ങള്‍ക്ക് വിധേയരാക്കപ്പെടുമെന്ന നിരന്തര ഭയത്തിന്റെ കീഴിലാണ് സ്ത്രീകള്‍ ജീവിക്കുന്നത്. ഭൗതിക, ലൈംഗിക, വ്യവസ്ഥാപിത, രാഷ്ട്രീയ മണ്ഡലങ്ങളെ പുരുഷന്മാര്‍ കീഴടക്കുമ്പോള്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലുള്ള സ്ത്രീകളാണ് ഉന്നംവെക്കപ്പെടുന്നത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടേക്കാനുള്ള സാധ്യതകളെ മുന്‍കണ്ട് ജീവിക്കുക, വ്യക്തിത്വമോ അന്തസ്സോ ഇല്ലാത്ത തരത്തില്‍ വസ്തുവായും, ലൈംഗികവസ്തുവായും ചിത്രീകരിക്കപ്പെടുക തുടങ്ങിയ ലിംഗപദവിയുമായി ബന്ധപ്പെട്ട (ജെന്റേര്‍ഡ്) അനുഭവങ്ങള്‍ കാരണമാണ് സ്ത്രീകള്‍ വളരെയധികം സമ്മര്‍ദ്ദത്തിന് കീഴ്പ്പെടുന്നത്. ബലാത്സംഗക്കുറ്റത്തില്‍ ആരോപിതനായ വ്യക്തി, പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്ന പുരുഷന്‍ കുറ്റവിമുക്തനാകുമ്പോള്‍ ഈ അസ്വാസ്ഥ്യം തീവ്രമാകുന്നു.
ഉന്മാദവും വൈകാരികതയും സ്വാഭാവികമെന്നവണ്ണം സ്ത്രീകളുടെ കൂടെപ്പിറപ്പാണ് എന്ന നിലയിലാണ് സമൂഹം ഇതിനെ നിസ്സാരവത്കരിക്കുന്നത്. യുക്തിബോധത്തെ വൈകാരികതയുടെ വിപരീതമായാണ് നമ്മള്‍ കാണുന്നത്. മാത്രവുമല്ല, പുരുഷന്മാരെ യുക്തിബോധമുള്ളവരും ബൗദ്ധികമായി ശ്രേഷ്ഠരായവരുമായി പരിഗണിക്കുമ്പോള്‍ സ്ത്രീകളെ അവരുടെ വികാരങ്ങളുടെ തലത്തിലേക്ക് തരംതാഴ്ത്തുന്ന തരത്തിലുള്ള ദ്വന്ദങ്ങളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങളാണ് ലിംഗപദവിയെക്കുറിച്ച് നമ്മുടെ മുന്നിലുള്ളത്.
ഈ കേസില്‍ നടന്നതുപോലെ സുപ്രധാനമായ തെളിവുകളുണ്ടായിട്ടും കുറ്റാരോപിതനെ വെറുതെ വിട്ട സാഹചര്യത്തില്‍ വളരെ വൈകാരികമായും രോഷാകുലരായും സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍, വികാരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നവരായി അവരെ തരംതാഴ്ത്താനാണ് സമൂഹം വീണ്ടും ശ്രമിക്കുന്നത്. നിയമസംവിധാനങ്ങളോട് അവര്‍ക്കുള്ള സുരക്ഷിതത്വബോധത്തിന്റെയും വിശ്വാസ്യതയുടെയും മുകളില്‍ ഇത്തരത്തിലുള്ള വിധി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സൂക്ഷ്മമായി തള്ളിക്കളയാനാണ് സമൂഹം ശ്രമിക്കുന്നത്.
""ഞാന്‍ വളരെ നിരാശയിലാണ്, അതേസമയം ദേഷ്യത്തിലുമാണ്. ഈ സംവിധാനത്തോടുള്ള വിശ്വാസം പൂര്‍ണ്ണമായും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ, പോരാട്ടം തുടരാനും ലിംഗപരമായ വേര്‍തിരിവ് എവിടെ, എപ്പോള്‍ ഉണ്ടായാലും അത് സഹിച്ചിരിക്കാതെ പ്രതികരിക്കാനുമുള്ള പ്രേരണയാണ് അത് നല്‍കുന്നത്'', ബാംഗ്ലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന റിയോ ജോണ്‍ പറയുന്നു. അതിജീവിച്ചവളെ അപമാനിക്കുന്ന തരത്തിലുള്ള കോടതിവിധികള്‍ കാരണം, സ്ഥാപനവത്കരിക്കപ്പെട്ട സ്ത്രീവിരുദ്ധതയോടും അതിക്രമങ്ങളോടും പോരാടേണ്ടത് തങ്ങളുടെ മാത്രം ഉത്തരവാദിത്വമാണെന്ന തോന്നല്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഭയപ്പെടുത്തുന്ന തരത്തിലുള്ള തളര്‍ച്ചയാണ് അത് അവര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്.
""എനിക്ക് അഗാധമായ വിഷമമവും അപമാനവും തോന്നുന്നുണ്ട്. അതിജീവിച്ചവളെ പഴിചാരുന്നതിനെ നിയമാനുസരണമാക്കുകയും ഇത് പുരുഷന്മാരുടെ ലോകമാണെന്ന് ആവര്‍ത്തിക്കുകയുമാണ് കോടതിവിധി ചെയ്തത്'', ബിരുദപഠനം പൂര്‍ത്തിയാക്കിയ ശ്രീലക്ഷ്മി കെ. ബി. പറയുന്നു. ""അതിജീവിച്ച നിരവധിപ്പേര്‍ ഈ വിധി കാരണം പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുമെന്ന് എനിക്കുറപ്പുണ്ട്. കാരണം മാനസികാഘാതവും അപമാനവും സഹിച്ചതിന് ശേഷവും അവസാനം അതിന് യാതൊരു ഫലവുമുണ്ടാകില്ലെന്ന തോന്നലാണ് ഈ വിധി ഉണ്ടാക്കിയത്'', യു.കെ.യില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ തീര്‍ത്ഥ ഗിരീഷ് പറയുന്നു.
ലൈംഗിക പീഡനത്തെ കളങ്കമായി കാണുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതിജീവിച്ചവരെ നിശബ്ദരാക്കാനും, അവരുടെ സത്യങ്ങളെ കൈയ്യേറാനും, അവരുടെ ശബ്ദങ്ങളെ മായ്ച്ചുകളയാനും, അവരുടെ മൗനത്തെ സമ്മതമായി വ്യാഖ്യാനിക്കാനും സമൂഹം അതിന്റെ എല്ലാ അധികാരങ്ങളും പ്രയോഗിക്കുന്നു. ബിഷപ്പിന്റെ കുറ്റവിമോചനത്തിന് ശേഷം നടന്ന ആഘോഷങ്ങള്‍ ഏറ്റവും അശ്ലീലമായ രീതിയില്‍ ഇതിനെ വെളിപ്പെടുത്തുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ്, തന്നെ പീഡിപ്പിച്ച, താന്‍ പ്രവൃത്തിക്കുന്ന സ്ഥാപനത്തിലെ ഏറ്റവും ശക്തനായ വ്യക്തിയോട് കന്യാസ്ത്രീ മാന്യമായി പെരുമാറിയതിനെ ചോദ്യം ചെയ്യുകയും, അവര്‍ക്ക് മറ്റൊരു പുരുഷനുമായുണ്ടെന്ന് പറയുന്ന ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള കെട്ടിച്ചമച്ച കഥകളെ വലിച്ചിഴച്ച് കൊണ്ടുവരികയും ചെയ്ത് കന്യാസ്ത്രീയെ കോടതിവിധി അപമാനിക്കുന്നത്.
പുരുഷാധിപത്യപരമായ രീതിയില്‍ അതിജീവിച്ചവള്‍ക്ക് മേല്‍ പഴിചാരുന്ന ആഖ്യാനങ്ങളുടെ കൂടെ പൊതുസദാചാരത്തെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള കോടതിയുടെ ഇടപെടല്‍, മിക്ക സ്ത്രീകളുടെയും ധൈര്യവും ആത്മവിശ്വാസവും തകര്‍ത്തുകളഞ്ഞിട്ടുണ്ട് എന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്. ഒരു സ്ത്രീക്ക് നുണ പറയാന്‍ കഴിയില്ലെന്ന 'ഫെമിനിസ്റ്റ് വാശി'യില്‍ നിന്നുള്ള വൈകാരിക രോഷം മാത്രമല്ല സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന നിരാശ. നിയമത്തിന്റെ തെറ്റായവായന നടത്തുകയും സുപ്രധാന തെളിവുകളെ അവഗണിക്കുകയും ചെയ്ത ഒരു വിധിയാണ് ഇത്. അതിജീവിച്ചവളുടെ ശരീരത്തിന്മേല്‍ ശ്രദ്ധകേന്ദ്രീകരിച്ച് അവരെ വ്യക്തിഹത്യ നടത്തുകയും ലൈംഗിക പീഡനങ്ങള്‍ക്കെതിരായ നിയമങ്ങളില്‍ അടുത്തകാലങ്ങളിലുണ്ടായിട്ടുള്ള ഭേദഗതികളെ പരിഗണിക്കാതിരിക്കുകയുമാണ് വിധിയില്‍ ചെയ്തത്.
""നമ്മളെന്തിനോടാണ് എതിരിടുന്നതെന്ന് തിരിച്ചറിയുമ്പോള്‍ പേടിതോന്നുന്നു. അതിജീവിച്ചവളെ മോശക്കാരിയാക്കുന്നതിന് വളരെ നഗ്‌നമായി തന്നെ സാങ്കേതികത്വങ്ങളെ ഉപയോഗിച്ച രീതി.... എന്റെ അമ്മയും, സഹോദരിമാരും ഞാനും ഇത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഇതില്‍ നടന്ന അനീതിയോര്‍ത്ത് വളരെ നിരാശതോന്നി'', സോഷ്യല്‍ വെല്‍ഫെയറില്‍ ബിരുദാനന്തര ബിരുദം നേടിയ ആര്‍ഷാ ആന്‍ പ്രദീപ് പറയുന്നു.
അതിജീവിച്ച ഒരു സ്ത്രീയുടെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തിയായാണ് ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതിയുടെ വിധി കടന്നുവരുന്നത്. ഇവിടെ അതിജീവിച്ച വ്യക്തി ഒരു കന്യാസ്ത്രീയാണ്. അവരുടെ മൊഴിയില്‍ പറയുന്നത് പോലെ വിശുദ്ധിയാണ് അവരുടെ ഏറ്റവും അമൂല്യമായ സമ്പാദ്യം. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് അവര്‍ പള്ളിയില്‍ പരാതി നല്‍കിയിരുന്നുവെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.
സ്വന്തം വിശ്വാസവും, നിയമസംവിധാനവും, സമൂഹവും കൈയ്യൊഴിഞ്ഞ ഒരു സ്ത്രീയാണ് അവര്‍. അവരുടെ ആത്മാഭിമാനത്തിനെതിരെയുള്ള ഓരോ പ്രഹരവും സമൂഹത്തിലെ സ്ത്രീകളെയും അതിജീവിച്ചവരെയും വളരെ ആഴത്തില്‍ വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കുറ്റങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതിനെ വിലക്കുന്നതും നിയമസംവിധാനത്തിന്റെ സാധുതയെ ഇല്ലാതാക്കുന്നതുമായ ഒന്നായിട്ടാകാം ഈ വിധി നിലനില്‍ക്കാന്‍ പോകുന്നത്.
സ്ത്രീകള്‍ക്കും ലൈംഗിക പീഡനത്തെ അതിജീവിച്ചവര്‍ക്കും പൊതുവായുള്ള അനുഭവമെന്താണെന്നും ഇതുപോലുള്ള വിധികള്‍ അവരുടെ സുരക്ഷിതത്വബോധത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. അവര്‍ക്കുണ്ടായിട്ടുള്ള പേടിയെയും മോശമായ അനുഭവങ്ങളുണ്ടാകുന്നത് ഒഴിവാക്കാനായി സ്വന്തം പ്രവൃത്തികളെ നിയന്ത്രിക്കുന്നതുമായ അവസ്ഥയെയും ഭരണകൂടം പരിശോധിക്കണം. കാരണം, സ്ത്രീകള്‍ക്കും അരികുകളിലാക്കപ്പെട്ട ലിംഗപദവി വഹിക്കുന്ന വ്യക്തികള്‍ക്കും അതിജീവിച്ചവര്‍ക്കും, സമൂഹത്തിലും മതത്തിലും നിയമസംവിധാനത്തിലും ഭരണസംവിധാനത്തിലുമുള്ള വിശ്വാസത്തെ രാഷ്ട്രീയപരമായി അടയാളപ്പെടുത്തുന്ന ഒന്നാണ് വൈകാരികമായ ഈ പൊട്ടിത്തെറി.
ഇതിന്റെയെല്ലാം ഇടയില്‍ ഓരോ സ്ത്രീയെയും സര്‍വൈവറെയും വിഴുങ്ങുന്ന ഭയം, തോല്‍വി, വൈരുദ്ധ്യം എന്നിവ ഗുരുതരമാണ്. ഈ ഘട്ടത്തില്‍ നമ്മളില്‍ മിക്കവരുടെയും മനസ്സില്‍ ഉയരുന്ന, നമ്മുടെ ധൈര്യം കെടുത്തുന്ന ചോദ്യങ്ങള്‍ ഇവയാണ് - ലൈംഗിക പീഡനത്തെ അതിജീവിച്ച ഒരു വ്യക്തിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കപ്പെടുന്നത്? അവരെ വിശ്വസിക്കാനും സഹാനുഭൂതിയോടെ പരിഗണിക്കാനും എന്ത് വിലയാണ് കൊടുക്കേണ്ടത്?
feminisminindia.com ല്‍ പ്രസിദ്ധീകരിച്ച ലേഖനം
വിവർത്തനം: നീതു ദാസ്
Content Editor for Feminism In India
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
സംഗമേശ്വരന്‍ അയ്യര്‍
May 04, 2022
10 Minutes Read