truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
supreme-court-verdict

Caste Reservation

ഈ വിധി
ഇല്ലാതാക്കുന്നത് ജാതിയല്ല
നീതിയാണ്‌

ഈ വിധി ഇല്ലാതാക്കുന്നത് ജാതിയല്ല നീതിയാണ്‌

ജാതീയമായ വേർതിരിവ് കൊണ്ടും ലിംഗപരമായ വേർതിരിവ് കൊണ്ടും, ചരിത്രപരമായി അനീതികളെ നേരിട്ട മനുഷ്യരുടെ പ്രശ്നങ്ങൾ, അവർക്ക് സാമ്പത്തിക ഭദ്രത കൈവന്നതുകൊണ്ട് അവസാനിക്കുന്നതല്ല. അത് ജന്മം കൊണ്ട് സംഭവിക്കുന്നതാണ്. തലമുറകളിലേക്ക് പകരുന്നതുമാണ്. സാമ്പത്തിക സംവരണം പക്ഷേ അങ്ങനെയല്ല. സംവരണാർഹമായ വിഭാഗത്തിന് ചരിത്രപരമായ അവഗണന അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ ഉൾപ്പെടുന്ന വിഭാഗത്തിന് അധികാരത്തിലോ വിദ്യാഭ്യാസരംഗത്തോ പ്രാതിനിധ്യത്തിന്റെ കുറവില്ല. സാമ്പത്തിക ഭദ്രത കൈ വന്നാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ

9 Nov 2022, 04:56 PM

പി.ബി. ജിജീഷ്

ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട അനീതിക്കുള്ള പ്രായശ്ചിത്തമെന്ന നിലയ്ക്കാണ് ഭരണഘടനയിൽ അനുച്ഛേദം 15(4), 16(4) എന്നിവ ഇടം നേടിയത്. അത് സമത്വം വാഗ്ദാനം ചെയ്യുന്ന അനുച്ഛേദം 14-ന് അനുപൂരകമാണ് എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഏഴു പതിറ്റാണ്ടായി നിലനിന്നുപോരുന്ന ഈ അനുച്ഛേദത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അടിമുടി മാറ്റുന്നതായിരുന്നു ഭരണഘടനയുടെ 103-ാം ഭേദഗതി. ചരിത്രപരമായ അനീതികളെ അംഗീകരിക്കുകയും അതിനു പരിഹാരം തേടുകയും ചെയ്യുകയെന്ന ഭരണഘടനാപരമായ ലക്ഷ്യത്തിൽ നിന്ന് കേവല ദാരിദ്രനിർമ്മാർജ്ജന മാർഗമായി അനുച്ഛേദം 15 -നെയും 16 -നെയും മാറ്റിയെഴുതുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. ഇരു അനുച്ഛേദങ്ങളും ഭേദഗതി ചെയ്ത് 15(6), 16(6) എന്നിങ്ങനെ കൂട്ടിച്ചേർക്കലുകൾ നടത്തി. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുവേണ്ടി പ്രത്യേക നടപടികൾ സ്വീകരിക്കാം എന്ന നമ്മുടെ ഭരണഘടനാശില്പികളുടെ ലക്ഷ്യത്തോട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെക്കൂടി കൂട്ടിച്ചേർക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്. അങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവർക്ക് പത്ത് ശതമാനം സംവരണം അനുവദിക്കാം എന്നു വന്നു. ആ പത്തു ശതമാനത്തിൽ നിന്ന് ഇപ്പോൾ സംവരണം ലഭ്യമായ എസ്.സി./എസ്.ടി./ ഒ.ബി.സി. വിഭാഗത്തിൽ പെട്ടവരെ ഈ പത്തു ശതമാനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഫലത്തിൽ ദരിദ്രരിൽ സവർണർക്ക് മാത്രം സംവരണം നൽകുന്ന ഏർപ്പാടാണ്. മാസം 65000 രൂപ വരെ വരുമാനമുള്ളവർ ദരിദ്രരാണ് എന്നു കണക്കാക്കുകയും ചെയ്യുന്നു. കേരളത്തിലെ മാനദണ്ഡം അനുസരിച്ച് ഗ്രാമപ്രദേശങ്ങളിൽ 75 സെന്റ് വരെ  സ്ഥലം ഉള്ളവരും കോർപ്പറേഷൻ പരിധിയിൽ 50 സെന്റ് വരെ സ്ഥലമുള്ളവരും ‘ദരിദ്രരാണ്'. കോർപ്പറേഷനിൽ 50 സെന്റ് സ്ഥലം ഉള്ളവർക്ക് ദരിദ്രർ എന്ന നിലയിൽ സംവരണം ലഭിക്കുന്നത് ഒന്ന് ആലോച്ചു നോക്കൂ. അതുകൊണ്ടാണ് ഇത് സാമ്പത്തിക സംവരണമല്ല സവർണ സംവരണമാണ് എന്ന് പറയുന്നത്. സാമ്പത്തിക സംവരണമായിരുന്നുവെങ്കിൽ എല്ലാ ദരിദ്രർക്കും സംവരണം ലഭിക്കണമായിരുന്നു. പാർലമെന്റിൽ ഏതാണ്ട് എല്ലാ കക്ഷികളുടെയും പിന്തുണയോടെ പാസായ ഈ ഭേദഗതി നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിൽ അത് സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഒരു സുവർണ രേഖയായി മാറുമായിരുന്നു. അതുപക്ഷേ ഉണ്ടാകുമെന്ന് അധികമാരും കരുതിയിരുന്നില്ല. അതൊട്ട് എളുപ്പവുമല്ല.  

pariyorum perumal
ചരിത്രപരമായി ഒരു സാമൂഹിക അനീതി നിലനിന്നിരുന്നു എന്ന വസ്തുത അംഗീകരിക്കുക. / പരിയേറും പെരുമാൾ എന്ന സിനിമയില്‍ നിന്ന് 

ഒരു നിയമം ഭരണഘടനാവിരുദ്ധമെന്നു കണ്ട് റദ്ദു ചെയ്യുന്നതുപോലെ എളുപ്പമല്ല ഭരണഘടനാ ഭേദഗതി റദ്ദു ചെയ്യുന്നത്. നിയമം റദ്ദ് ചെയ്യാൻ അത് മൗലികാവകാശ ലംഘനമാണ് എന്ന് തെളിയിച്ചാൽ മതി. നിയമം സ്വച്ഛപരമാണെന്ന്, അനുപാതികമല്ല, അമിതാധികാര പ്രയോഗമാണ്, അങ്ങനെയൊക്കെ ചുണ്ടി കാണിച്ചുകൊണ്ട് മൗലിക അവകാശങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ലംഘനമാണ് എന്നു വന്നാല്‍ നിയമം ഭരണഘടന വിരുദ്ധമാകും. എങ്കിൽപോലും മൗലികാവകാശമുൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിന് വിരുദ്ധമാണ് നിയമമെന്ന് ഹർജിക്കാർ കോടതിയിൽ വ്യക്തമായി തെളിയിക്കേണ്ടി വരും.  കാരണം പാർലമെൻറ് എടുക്കുന്ന ഓരോ നടപടിയും ഭരണഘടനാപരമാണ് എന്ന അനുമാനത്തിൽ നിന്നാണ് കോടതി നടപടികൾ ആരംഭിക്കുന്നത്. സാധാരണ നിയമങ്ങൾക്ക് ഇങ്ങനെയാണെങ്കിൽ ഭരണഘടന ഭേദഗതിക്ക് മാനദണ്ഡം കുറച്ചുകൂടി കഠിനമാവുകയാണ് ചെയ്യുക. അവിടെ ഭേദഗതി മൗലികാവകാശ ലംഘനം ആണോ എന്നല്ല പരിശോധിക്കുന്നത്. 1963-ൽ കേശവാനന്ദഭാരതി കേസിൽ നിർവചിക്കപ്പെട്ടിട്ടുള്ളത് പോലെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്ന ഭേദഗതികൾ മാത്രമേ റദ്ദാക്കാനാകൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണഘടനയിൽ വിവരിച്ചിരിക്കും പ്രകാരം ഉള്ള മൗലീക അവകാശങ്ങൾ എല്ലാം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണ് എന്ന് പറയാൻ കഴിയില്ല. ഈ അവകാശങ്ങൾക്ക് പിന്നിൽ അന്തർലീനമായ മൂല്യങ്ങളാണ് അടിസ്ഥാന ഘടകം. ആ മൂല്യങ്ങളെ പൂർണ്ണമായും നശിപ്പിക്കുന്ന ഭേദഗതികളാണ് റദ്ദ് ചെയ്യുക. കേശവാനന്ദ ഭാരതി വിധിക്ക് ശേഷം, ആ വിധി പാർലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് കോടതിയുടെ നിരന്തരമായ ഇടപെടലുകൾക്ക് അത് വഴിവയ്ക്കും എന്നും ഉള്ള ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 70 വർഷത്തെ സുപ്രീംകോടതിയുടെ ചരിത്രം പരിശോധിച്ചാൽ അതങ്ങനെയല്ല എന്ന് വ്യക്തമാകും. ചരിത്രത്തിൽ അഞ്ചു തവണ മാത്രമേ അത് സംഭവിച്ചിട്ടുള്ളൂ. അതും ഭാഗീകമായി മാത്രം. എഴുപത്തഞ്ചോളം ഭേദഗതികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നോർക്കണം. 

ALSO READ

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവില്‍ എത്ര മുന്നാക്കക്കാരുണ്ട്?

അങ്ങനെ നോക്കുമ്പോൾ, ഭരണഘടനാപരമെന്നും ഭരണഘടനാ വിരുദ്ധമെന്നും വിധിയെഴുതാൻ എളുപ്പമുള്ള കേസായിരുന്നു സവർണ്ണ സംവരണ കേസ്. കേസ് പരിഗണിച്ചവരുടെ ലോകവീക്ഷണമാണ് പ്രധാനം. അവർ എങ്ങനെയാണ് ഭരണഘടനയുടെ അടിസ്ഥാനഘടനയെ വ്യാഖ്യാനിക്കുന്നത് എന്നതനുസരിച്ച് ആയിരിക്കും വിധിയുടെ സ്വഭാവവും.  രണ്ടു കാര്യങ്ങൾ ആണ് പരിശോധിക്കാൻ ഉള്ളത്. ഒന്ന്, നിയമത്തിന്റെ വൈപുല്യം (width), രണ്ട്, അടിസ്ഥാന ഘടന. നിയമത്തിന്റെ വൈപുല്യ പരിശോധനയുടെ ഭാഗമായി 13-ാം ഭേദഗതിക്ക്, റിസർവേഷന് നേരത്തെ കോടതികൾ നിശ്ചയിച്ചിട്ടുള്ള 50% എന്ന പരിധിക്ക് അപ്പുറത്തേക്ക് കടന്നത് ശരിയാണോ, നിലവിൽ ഭരണഘടനയുടെ മൂന്നാം ഭാഗത്ത് അനുവദിക്കപ്പെട്ടത് പോലെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് മാത്രമാണോ സംവരണത്തിന് അർഹതയുള്ളത് തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്ക്ക് വരും. അടിസ്ഥാനഘടനയുടെ ഭാഗമായി പരിശോധിക്കപ്പെടുന്നത് സമത്വമാണ്. ഭരണഘടന രൂപീകരണത്തിന്റെ ചരിത്രവും ഭരണഘടനയുടെ വിപ്ലവാത്മക മൂല്യവും പരിഗണിച്ച്, ആ രാഷ്ട്രീയ ബോധത്തിൽ നിന്നുകൊണ്ട് വീക്ഷിച്ചാൽ, അടിസ്ഥാന ഘടകങ്ങളുടെ ലംഘനം ഈ ഭേദഗതിയിൽ കണ്ടെത്താൻ കഴിയും. എന്നാൽ തികച്ചും സാങ്കേതികവും ഉപരിപ്ലവവുമായാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നതെങ്കിൽ നിശ്ചയമായും രക്ഷിച്ചെടുക്കാൻ കഴിയുന്ന ഒരു ഭേദഗതി തന്നെയാണ് ഇതും. ദൗർഭാഗ്യവശാൽ നമ്മുടെ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി പിന്തുടർന്നത് ഈ പാതയാണ്. ചരിത്രത്തെ അവഗണിച്ചു എന്ന് മാത്രമല്ല, നിയമവൈജ്ഞാനികതയുടെ പിൻ നടത്തത്തിലൂടെ സംവരണ വിരുദ്ധത വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ഇടവയ്ക്കുന്ന വിധിയാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബല ത്രിവേദി, ജസ്റ്റിസ് ജെ ബി പാർഡിവാല എന്നിവരുടേത്. 

ജസ്റ്റിസ് ദിനേശ് മഹേശ്വരി

"ഭരണഘടനയുടെ അനുഛേദം 38, 39, 46 വിശദീകരിക്കുന്ന നിർദ്ദേശക തത്വങ്ങൾ പ്രകാരം സാമ്പത്തിക നീതി സമൂഹത്തിൽ കൊണ്ടുവരുന്നതിന് ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾക്ക് എതിരെ "അടിസ്ഥാനഘടനാ തത്വം' പ്രയോഗിക്കാൻ കഴിയില്ല. കാരണം അനുഛേദം പതിനഞ്ചിന്റെയും പതിനാറിന്റെയും ഭാഗമായി വരുന്ന സംവരണം, തുല്യതാ തത്വത്തിന് വിരുദ്ധമായ ഒരു ആനുകൂല്യം ആയതുകൊണ്ട് തന്നെ അതിനെ അടിസ്ഥാന ഘടനയുടെ ഭാഗമായി കണക്കാക്കാൻ കഴിയില്ല.' ഇതാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ വിധി ന്യായത്തിന്റെ കാതൽ. അദ്ദേഹം ആയിരകണക്കിന് വർഷങ്ങളായി സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കി നിർത്തിയിരുന്ന മനുഷ്യർക്ക് വേണ്ടിയുള്ള ഭരണഘടന പദ്ധതിയെ തുല്യതാ സങ്കൽപത്തിന് വിരുദ്ധമായ ഒരു ആനുകൂല്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അത് ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗവുമല്ല. അങ്ങനെ വരുമ്പോൾ മനുഷ്യരുടെ "സാമ്പത്തിക സ്ഥിതി' മറ്റൊരു ഘടകം കൂടി കണക്കിലെടുത്ത്, ഒരു അനുകൂല്യം കൂടി ഭരണഘടനയിൽ എഴുതി ചേർക്കുവാൻ പാർലമെൻറ് തീരുമാനിച്ചാൽ അത് അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമായ നടപടിയല്ല. വിവേചന രാഹിത്യത്തെയും, നഷ്ടപരിഹാര ക്രിയ എന്ന തരത്തിലുള്ള വിവേചനത്തെയും സമീകരിക്കുന്ന ഒരു നടപടി മാത്രമാണ് അത്. സംവരണം ഭരണഘടനയുടെ ഒരു പ്രധാന ഭാഗമാണ് എന്ന് സമ്മതിച്ചാൽ തന്നെയും, മറ്റൊരു തരത്തിലുള്ള സംവരണം കൂടി ഏർപ്പെടുന്നതുകൊണ്ട് ഇല്ലാതാകുന്ന തരത്തിൽ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമല്ല എന്നു വരുന്നു. 

Dinesh-Maheshwari
ജസ്റ്റിസ് ദിനേശ് മഹേശ്വരി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തുന്നതിലൂടെ നേരത്തെ നിർവചിക്കപ്പെട്ടിട്ടുള്ള 50 ശതമാനം സംവരണം എന്ന പരിധി ലംഘിക്കുകയും, അതുകൊണ്ട് അത് അടിസ്ഥാനഘടനയ്ക്ക് എതിരാവുകയും ചെയ്യുമെന്ന വാദവും നിലനിൽക്കുന്നതല്ല. കാരണം ഈ 50% പരിധി നിശ്ചയിച്ചിരിക്കുന്നത് ഭരണഘടനയുടെ അനുഛേദം 15 (4),  15( 5) 16 ( 4) എന്നിവ പ്രകാരമുള്ള സംവരണത്തിനാണ്. അതായത് നിലവിലുള്ള സംവരണങ്ങൾക്ക് മാത്രമേ ഈ 50 ശതമാനം പരിധി ബാധകമാകൂ എന്നാണ് അദ്ദേഹത്തിൻറെ വാദം. 

മൂന്നാമത്തെ കാര്യം സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് നിലവിൽ മറ്റു സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് സമത്വസങ്കല്പത്തിന് വിരുദ്ധമാണ് എന്ന വാദമായിരുന്നു. 103-ാം ഭേദഗതി നാളിതുവരെ സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത ദരിദ്രരായ മനുഷ്യർക്ക് വേണ്ടിയുള്ളതാണ്. പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങൾക്ക് നിലവിൽ സംവരണം ഉള്ളതാണ്. അതുകൊണ്ടുതന്നെ പുതിയ സംവരണ സംവിധാനത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയത് ആദ്യ നോട്ടത്തിൽ വിവേചനപരമാണ് എന്ന് തോന്നുമെങ്കിലും. കൂടുതൽ വിശദമായ പരിശോധനയിൽ ആ വാദം നിലനിൽക്കുന്നത് അല്ല എന്നും ഈ ഒഴിവാക്കൽ ഇ.ഡബ്ല്യു.എസ്. സംവരണം പ്രവർത്തിക്കുന്നതിന് അനിവാര്യമാണ് എന്നും കാണാം. ഇതായിരുന്നു ജസ്റ്റിസ്. മഹേശ്വരിയുടെ നിഗമനം.

ഈ നിഗമനത്തിൽ അടിസ്ഥാനപരമായ രണ്ടു പ്രശ്നങ്ങൾ കാണാം. ഒന്ന് സംവരണം എന്നത് സമത്വസങ്കൽപത്തിന് വിരുദ്ധമായി നൽകുന്ന ഒരു ആനുകൂല്യമാണ് എന്ന വാദമാണ്. സംവരണത്തെ സുപ്രീംകോടതി ആദ്യമായി റദ്ദാക്കിയ ചെമ്പക ദുരൈ രാജൻ കേസിന്റെ കാലഘട്ടത്തിലേക്ക് നിയമവൈജ്ഞാനികതയെ തിരിച്ചു നടത്തുന്ന ഒരു നടപടിയായി അത്. അന്ന് മദ്രാസിലെ മെഡിക്കൽ കോളേജുകളിൽ എല്ലാ വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയ നിയമമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ബ്രാഹ്മണർക്ക് വരെ സംവരണം ഉള്ള നിയമം ആയിരുന്നു. ചെമ്പകം ഈ നിയമം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ചോദ്യം ചെയ്യുകയും ഗവൺമെന്റിന് വിരുദ്ധമായി വിധി വരികയും ചെയ്തു. ഔപചാരികമായ സമത്വ സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിധി. അതു മറികടക്കാൻ ഭരണഘടന ഭേദഗതി കൊണ്ടുവരികയാണ് ഗവൺമെൻറ് ചെയ്തത്. യഥാർഥത്തിൽ മെഡിക്കൽ കോളേജ് അഡ്മിഷൻ വേണ്ടി അപേക്ഷ പോലും നൽകാത്ത ഒരു വ്യക്തിയുടെ പരാതിയിൽ മേലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പൊതുതാത്പര്യ ഹർജികൾ ഒന്നും നിലവിൽ വന്നിട്ടില്ലാത്ത കാലമാണ്, എന്നിട്ട് പോലും ആ കേസ് സുപ്രീംകോടതി പരിഗണിച്ച് വിധി പറഞ്ഞു എന്നത് കോടതിയുടെ വർഗ്ഗസ്വഭാവത്തിന്റെ മികച്ച ഉദാഹരണമാണ്. ആ കാലഘട്ടത്തിലാണ് കോടതി സംവരണത്തെ സമത്വ സങ്കൽപ്പത്തിന് വിരുദ്ധമായ എന്തോ ആയി പരിഗണിച്ചിരുന്നത്. കാലം മുന്നോട്ടു പോയപ്പോൾ കോടതിയും മാറി. ഭരണഘടന ശില്പികൾ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്ന പ്രകാരം തന്നെ, സംവരണത്തെ അനുഛേദം 14ന് അനുപൂരകമായ സമത്വ സങ്കല്പത്തിന്റെ പൂർണ്ണത കൈവരിക്കുന്നതിന് സഹായകമായ അവശ്യ നടപടിയായി അംഗീകരിച്ചു. ഇന്ദിരാ സാനി കേസിലും നാഗരാജ് കേസിലും എല്ലാം സുപ്രീംകോടതിയുടെ 9 ബെഞ്ച് വരെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. സാഹചര്യം ഇങ്ങനെയായിരിക്കെയാണ് 2022 കൂടുതൽ വലിയ ബഞ്ചുകളുടെ നിലപാടിന് വിരുദ്ധമായി സംവരണം സമത്വത്തിന് വിരുദ്ധമാണ് എന്ന് പഴയ കാഴ്ചപ്പാടിലേക്ക് സുപ്രീംകോടതി പിന്തിരിഞ്ഞു നടക്കുന്നത്. അത് സമകാലീന നിയമവൈജ്ഞാനിക തത്വങ്ങൾക്ക് വിരുദ്ധമാണ്. 

Indra Sawhney
ഇന്ദിര സാഹ്നി കേസിലെ വിധിന്യായത്തില്‍ നിന്ന്  source:indiankanoon.org

രണ്ടാമത്തെ കാര്യം പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക സംവരണ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചാണ്. അവർക്ക് വേറെ സംവരണം ലഭിക്കുന്നുണ്ടല്ലോ എന്ന വാദം ബാലിശമാണ്. വേറെ സംവരണം ലഭിക്കുന്നത് വേറെ കാരണം കൊണ്ടാണ്. ജന്മം കൊണ്ടു തന്നെ അകറ്റിനിർത്തപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത ഒരു വിഭാഗം ആയതുകൊണ്ടാണ്. മുന്നോക്കക്കാർക്ക് അതിൻറെ ആനുകൂല്യം ലഭിക്കാത്തത് അവർ ആ പ്രശ്നം അനുഭവിക്കുന്നില്ല എന്നതുകൊണ്ടാണ്. പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗക്കാർ മാത്രമല്ല സ്ത്രീകളും ന്യൂനപക്ഷ ലിംഗത്തിൽപ്പെട്ട ആളുകളും എല്ലാം സമാനമായ പ്രശ്നം അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് പ്രത്യേക അനുകൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ സ്ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഉണ്ട്. അതിനർത്ഥം സ്ത്രീകൾക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മത്സരിക്കാൻ കഴിയില്ല എന്നല്ല. അല്ലെങ്കിൽ പട്ടിക ജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിൽ സ്ത്രീകൾക്ക് മത്സരിക്കാൻ കഴിയില്ല എന്നുമല്ല. അവിടെ ഇരട്ട സംവരണത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. കാരണം സ്ത്രീകൾക്കുള്ള ആനുകൂല്യവും പട്ടിക വിഭാഗങ്ങൾക്കുള്ള ആനുകൂല്യവും രണ്ടാണ്, രണ്ട് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്. അതുപോലെതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന തീരുമാനം ഗവൺമെൻറ് സ്വീകരിക്കുകയാണെങ്കിൽ, അത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ മനുഷ്യർക്കും ലഭ്യമാക്കണം. പകരം പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കി ദരിദ്ര്യ സവർണർക്ക് മാത്രമേ സംവരണം നൽകുകയുള്ളൂ എന്ന് പറയുന്നത് നീതി നിഷേധമാണ്. പ്രത്യേകിച്ചും ദരിദ്രരിൽ ഭൂരിപക്ഷവും ഈ വിഭാഗങ്ങളിൽ പെട്ടവർ ആയിരിക്കേ. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ തുല്യതാ സങ്കൽപ്പത്തിന്റെ വിവേചനത്തിനെതിരായ ആശയത്തിന്റെ പ്രത്യക്ഷ ലംഘനമാണ്. 

ജസ്റ്റിസ് ജെ. ബി. പാർഡിവാല

കൃത്യമായ സംവരണ വിരുദ്ധ നിലപാടുള്ള വ്യക്തിയാണ് ജസ്റ്റിസ് ജെ.ബി പാർഡിവാല. ഒരു പ്രസക്തിയും ഇല്ലാത്ത കാര്യങ്ങൾ പരിഗണിക്കുമ്പോൾ പോലും സംവരണ വിരുദ്ധത വിധിയിൽ എഴുതിച്ചേർത്ത ചരിത്രം അദ്ദേഹത്തിനുണ്ട്. ഹർദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തിയ വിഷയം പരിഗണിക്കുമ്പോൾ, ആ കേസിന്റെ വിധിയിൽ തികഞ്ഞ സംവരണ വിരുദ്ധത എഴുതി ചേർത്തത് വിവാദമായിരുന്നു. "രാജ്യത്തിൻറെ മുന്നോട്ടുള്ള ഗതിയെ തടയുന്ന രണ്ടു കാര്യങ്ങളാണ് ഉള്ളത് ഒന്ന് സംവരണം രണ്ട് അഴിമതി…' എന്ന് ആരംഭിച്ച് മെറിറ്റിന്റെ മഹത്വത്തെക്കുറിച്ചും അതിലേക്ക് നമ്മൾ മുന്നേറേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംവരണം ഇല്ലാതാക്കേണ്ടതിനെക്കുറിച്ചും എല്ലാം സുദീർഘമായി വിധിയിലെഴുതി അദ്ദേഹം. അത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചു. അന്ന് 58 രാജ്യസഭ എംപിമാർ അധ്യക്ഷനായിരുന്ന ശ്രീ ഹമീദ് അൻസാരിക്ക് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകുന്ന സാഹചര്യമുണ്ടായി. അങ്ങനെ പ്രതിഷേധം കനത്തപ്പോൾ എ.ജി. ഉൾപ്പെടെ ആവശ്യപ്പെട്ടത് പ്രകാരം പ്രസ്തുത പരാമർശങ്ങൾ വിധിയിൽനിന്ന് നീക്കം ചെയ്യുകയുമുണ്ടായി. അദ്ദേഹം തന്റെ മുൻ നിലപാട് അതേപടി തുടരുന്ന കാഴ്ചയാണ് ഈ വിധിയിലും കാണുന്നത്.  

jb
ജസ്റ്റിസ് ജെ. ബി. പാർഡിവാല

വിധിയുടെ 190 -ാം ഖണ്ഡികയിൽ കൗതുകം ഉണർത്തുന്ന ഒരു ഭാഗം കാണാം. "പത്ത് വർഷം കഴിയുമ്പോൾ സംവരണം നിർത്തലാക്കി സാമൂഹിക മൈത്രി കൊണ്ടുവരണം എന്നായിരുന്നു അംബേദ്കറുടെ ആശയം. എന്നാൽ ഇത് ഏഴ് പതിറ്റാണ്ട് കഴിഞ്ഞും തുടർന്ന് പോകുന്നു. സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി, അനന്തകാലത്തേക്ക് ഇത് തുടരാൻ കഴിയില്ല.' സംവരണ വിരുദ്ധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഈ വാദം എങ്ങനെയാണ് ഒരു സുപ്രീംകോടതി വിധിയുടെ ഭാഗമാകുന്നത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായം ഒരു കാലത്തും അംബേദ്കർ മുന്നോട്ടുവെച്ചിരുന്നില്ല. ഭരണഘടന നിർമ്മാണ സഭയും സംവരണത്തിന് അങ്ങനെ ഒരു പരിധി നിശ്ചയിച്ചിരുന്നില്ല. പിന്നെങ്ങനെയാണ് ഈ കേസിൽ പരിഗണിക്കപ്പെടുന്ന സർക്കാർ ജോലിയിലും വിദ്യാഭ്യാസ രംഗത്തുള്ള സംവരണത്തിനും അംബേദ്കർ 10 വർഷം പരിധി വയ്ക്കുന്നത് ആലോചിച്ചിരുന്നു എന്ന് കോടതി പറയുന്നത്? 

ജസ്റ്റിസ് പാർഡിവാല ഈ ഭരണഘടന ഭേദഗതിയെ കാണുന്നത് തൻറെ സംവരണവരുദ്ധ നിലപാടിലേക്കുള്ള ആദ്യപടി എന്ന നിലയിലാണ്. "ജാത്യാടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കുന്നതിന്റെ ആദ്യ ചുവടായി ഇതിനെ കാണാം' എന്ന് വിധിയിൽ എഴുതിയിരിക്കുന്നു. "ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജാതിരഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗ'മായും അദ്ദേഹം ഇതിനെ വ്യാഖ്യാനിക്കുന്നു. 

അനുഛേദം 46 സൂചിപ്പിക്കുന്ന അവശവിഭാഗങ്ങളിൽ പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക വിഭാഗങ്ങൾ മാത്രമല്ല ഉൾക്കൊള്ളുന്നത്. അങ്ങനെ വന്നാൽ അത് ഈ വിഭാഗങ്ങൾക്ക് പുറത്തുള്ള ദുർബല മനുഷ്യരെ യാതൊരു സംരക്ഷണവുമില്ലാതെ ചൂഷണങ്ങൾക്ക് തുറന്നു കൊടുക്കുന്നതിന് വഴിവയ്ക്കും. ഇതിനുള്ള പരിഹാരം സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അവസ്ഥയിലേക്ക് ഇവരെ എത്തിച്ച കാരണങ്ങൾ ഇല്ലാതാക്കുക എന്നതാണ്. സ്വാതന്ത്ര്യം ലഭിച്ച് ഉടനെ തന്നെ ആരംഭിച്ച പദ്ധതി 70 വർഷങ്ങൾക്കുശേഷവും തുടർന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക സംവരണവും അതിൻറെ തുടർച്ചയായിട്ടാണ് അദ്ദേഹം മനസ്സിലാക്കുന്നത്. പ്രത്യേകിച്ചും ജാത്യാധിഷ്ഠിത സംവരണം നിർത്തലാക്കുന്നതിനുള്ള മുന്നോടിയായിട്ടും. 

adhivasi
Photo: Muhammed Hanan

ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ വീക്ഷണം കൃത്യമാണ്. അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ പദ്ധതി എന്താണ് എന്ന് മനപ്പൂർവ്വം അല്ലെങ്കിലും വെളിച്ചത്തു കൊണ്ടുവരികയാണ് അദ്ദേഹത്തിൻറെ വിധിന്യായം. രാജ്യത്തെ പിന്നാക്ക സംഘടനകൾ ആരോപിക്കുന്ന, എന്നാൽ സാമ്പത്തിക സംവരണത്തിന്റെ വക്താക്കൾ പ്രത്യക്ഷത്തിൽ നിഷേധിക്കുന്ന, ഒരു വസ്തുതയ്ക്ക് ജുഡീഷ്യൽ സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കുകയാണ് ഈ വിധിയിലൂടെ. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗക്കാരെ ഒഴിവാക്കുന്നതിലൂടെ അവരെ ചൂഷണത്തിന് വിട്ടുകൊടുക്കുക മാത്രമല്ല ചരിത്രപരമായ അവരുടെ ദുരനുഭവങ്ങൾക്ക് പരിഹാരമായി ഭരണഘടന വിഭാവനം ചെയ്ത നിലവിലുള്ള സംവരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള മാർഗം കൂടിയായി സാമ്പത്തിക സംവരണത്തെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് ജസ്റ്റിസ് ജെ.ബി. പാർഡിവാല. 

ജസ്റ്റിസ് ബേല ത്രിവേദി

"സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൻറെ വിശാല നന്മയെ പ്രതി, പരിവർത്തനോന്മുഖ ഭരണഘടനാപരതയുടെ ഭാഗമായി, സംവരണ സംവിധാനത്തെ പുന പരിശോധിക്കേണ്ടതുണ്ട്' എന്നാണ് ജസ്റ്റിസ് ത്രിവേദി പ്രസ്താവിച്ചത്. നിയമനിർമ്മാണ സഭകളിലേക്കുള്ള സംവരണം 10 വർഷത്തേക്ക് നിജപ്പെടുത്തിയിരുന്നുവെന്നും അത് ഭരണഘടന നിലവിൽ വന്നതിനു ശേഷം പുതുക്കി കൊണ്ടുപോയിരുന്നു എന്നും ഉള്ള വസ്തുത അവർ വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്കുള്ള പാർലമെന്റിലെ സംവരണം 2020-ൽ നിർത്തലാക്കി. "അതുപോലെ അനുഛേദം 15, 16 എന്നിവ അനുസരിച്ചുള്ള സംവരണത്തിനും പരിധി നിശ്ചയിച്ചാൽ അത് ജാതിരഹിത വർഗ്ഗ രഹിത സമത്വാധിഷ്ഠിത സമൂഹത്തിലേക്കുള്ള പുരോഗതിക്ക് ഗുണകരമായിരിക്കും.' 

ജസ്റ്റിസ് പാർദിവാലയും, ജസ്റ്റിസ് ദിനേശ് മഹേശ്വരിയും വിലയിരുത്തിയത് പോലെ തന്നെ 14-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ലംഘനം ആകുന്നില്ല എന്ന് നിഗമനത്തിലേക്കാണ് ജസ്റ്റിസ് ത്രിവേദിയും എത്തിച്ചേരുന്നത്. 

bela-trivedi.jpg
ജസ്റ്റിസ് ബേല ത്രിവേദി

ഈ മൂന്നു വിധികളിലും പൊതുവായുള്ള ഒരു പ്രശ്നം ഇതിലൊന്നിലും സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതൊരു അനീതിയാണ് എന്ന് അംഗീകരിക്കുന്നില്ല എന്നതാണ്. എന്നാൽ എന്തുകൊണ്ട് അനീതിയല്ല എന്ന് സമർത്ഥിക്കാൻ കഴിയുന്നുമില്ല. നേരത്തെയുള്ള സംവരണമായ അൻപത് ശതമാനത്തിൽ നിന്നും ഒന്നും നഷ്ടമാകുന്നില്ലാത്തതിനാൽ  അതൊരു അനീതിയല്ല എന്ന് പറഞ്ഞ് വയ്ക്കുന്നുണ്ട്. എന്നാൽ സത്യമതാണോ? 50 ശതമാനം വരുന്ന പൊതു വിഭാഗം എന്ന് പറഞ്ഞാൽ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പടെയുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതിൽ നിന്ന് പത്ത് ശതമാനമാണ് ഇപ്പോൾ സാമ്പത്തിക സംവരണത്തിനായി മാറ്റി വയ്ക്കുന്നത്. അതിനർഥം പൊതു വിഭാഗത്തിന് നാൽപ്പതു ശതമാനം മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ്. അതായത് പത്ത് ശതമാനം നഷ്ടം. ഇനി പുതിയതായി വരുന്ന പത്ത് ശതമാനം സംവരണത്തിനാണെങ്കിലോ പിന്നാക്കക്കാർക്ക് അവകാശമില്ല. അവിടെ സവർണർ മാത്രമാണ് വരിക. അപ്പോൾ ആ പത്തു ശതമാനവും പിന്നാക്കക്കാർക്ക് നഷ്ടം. അതായത് ഫലത്തിൽ പിന്നാക്കക്കാർക്ക് തങ്ങൾക്ക് അവകാശപ്പെട്ട ഇരുപത് ശതമാനം നഷ്ടമാകുകയാണ്. ഈ വസ്തുത കോടതി പരിഗണിച്ചിട്ടേയില്ല.

ജസ്റ്റിസ് എസ്.ആർ. ഭട്ട്

"സുപ്രീംകോടതിയുടെ 70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രത്യക്ഷത്തിൽ തന്നെ വിവേചനപരവും നീതി രഹിതവുമായ ഒരു കാര്യത്തിന് അനുമതി കൊടുക്കുന്നത് എന്ന വേദനയോടെയാണ് ഞാൻ എഴുതാൻ ആരംഭിക്കുന്നത്' എന്ന വാക്കുകളോടെയാണ് ജസ്റ്റിസ് എസ്.ആർ. ഭട്ട് വിധിന്യായം ആരംഭിക്കുന്നത്. 

103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നു പറയുന്നുണ്ടെങ്കിലും സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരുന്നതിൽ തെറ്റില്ല എന്നായിരുന്നു അദ്ദേഹത്തിന്റെയും അഭിപ്രായം. “സംവരണത്തിന് സാമ്പത്തിക മാനദണ്ഡം പുതുതായി കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാൽ അതിൽ നിന്ന് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ അവർക്ക് വേറെ സംവരണം ഉണ്ട് എന്ന പേരിൽ മാറ്റി നിർത്തുന്നത് പോയകാല അവഗണനകൾക്കൊപ്പം പുതിയ അനീതികൾ കൂടി ചൊരിയുന്നതാണ്” അദ്ദേഹം എഴുതുന്നു. ഈ രാജ്യത്തെ ഏറ്റവും പാവപ്പെട്ട മനുഷ്യർ പിന്നാക്ക വിഭാഗക്കാരാണെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ചരിത്രപരമായ അനീതികൾക്ക് പകരമായി ലഭിക്കുന്ന സംവരണത്തിൽ നിന്നും സാമ്പത്തിക അരക്ഷിതാവസ്ഥകൊണ്ടുള്ള സംവരണത്തിലേക്കുള്ള ഗതിമാറ്റത്തിനുള്ള വാതിൽ അവർക്ക് മുന്നിൽ കൊട്ടിയടയ്ക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി.  

sr bhut
ജസ്റ്റിസ് എസ്.ആർ. ഭട്ട്

“ ഈ ഒഴിവാക്കൽ ‘ഓർവീലിയൻ’ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. എല്ലാ ദരിദ്രർക്കും സംവരണത്തിനുള്ള അവകാശമുണ്ടെന്ന് വിചാരിക്കുകയും അതിൽ, ദരിദ്രരിൽ മുന്നാക്ക വിഭാഗത്തിൽ ഉള്ളവരെ മാത്രം പരിഗണിക്കുകയും ഏറ്റവും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്ക് അതിന് അര്‍ഹതയില്ലാതെവരികയും ചെയ്യുന്നു… സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ഉള്ളവരെ ഒഴിവാക്കുന്ന ഈ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഭാവമായ സമത്വ സങ്കൽപ്പത്തിന്റെ വേരറുക്കുന്നതാണ്. പ്രത്യേകിച്ചും വിവേചനത്തിനെതിരായ ആശയത്തിന്റെ.” ജസ്റ്റിസ് ഭട്ട് രേഖപ്പെടുത്തുന്നു. സിനോ കമ്മീഷന്റെ കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എസ്.സി,/എസ്.ടി., ഓ.ബി.സി.  വിഭാഗങ്ങൾക്കിടയിൽ അതിദരിദ്രരുടെ അനുപാതം യഥാക്രമം 38%, 48%, 33% എന്നിങ്ങനെയാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 

ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഈ ഭേദഗതി സമത്വ സങ്കൽപ്പത്തെ അട്ടിമറിക്കുന്നതല്ല എന്ന യൂണിയൻ ഗവണ്മെന്റിന്റെ വാദത്തെ കോടതി നിരാകരിച്ചത്. സമത്വം എന്നത് സമത്വത്തെ  നിഷേധിക്കരുത് എന്ന ഋണാത്മക ധർമം മാത്രമല്ല, മറിച്ച് എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി, വിവേചനങ്ങൾക്ക് എതിരായി  ധനാത്മകമായ ഉത്തരവാദിത്തവും കൂടിയാണ് എന്ന കാര്യം വിധി അംഗീകരിക്കുന്നുണ്ട്. സംവരണം ഒരു വിഭാഗത്തിന് നൽകുന്ന അവകാശമാണ്, എന്നാൽ അതിന്റെ ഗുണഫലം വ്യക്തിപരമാണ് എന്ന കാഴ്ചപ്പാടാണ് ജസ്റ്റിസ് ഭട്ട് മുന്നോട്ടു വയ്ക്കുന്നത്. ആ ഗുണഫലത്തിൽ നിന്ന് ദരിദ്രരായ ഒരു പട്ടിക വിഭാഗക്കാരെ ഒഴിവാക്കണമെന്നു പറയുന്നത് സമത്വ സങ്കൽപ്പത്തിന് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ ഭരണഘടനയുടെ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്നതാണ് എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. 

ഭേദഗതിയിൽ നിന്ന്, പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്ന ഭാഗം മാത്രം റദ്ദ് ചെയ്‌താൽ അത് സമത്വആശയത്തിന് വിധേയമാകുമല്ലോ എന്നൊരു വാദം കൂടി ഉയർന്നു വന്നിരുന്നു. എന്നാൽ അത് സാധ്യമാവില്ല എന്നായിരുന്നു കോടതിയുടെ കാഴ്ചപ്പാട്. നിയമത്തിന്റെ പല ഭാഗങ്ങളും അങ്ങനെ റദ്ദ് ചെയ്യാറുണ്ടെങ്കിലും, ഒരു ഭരണഘടനാഭേദഗതിയെ ഭാഗീകമായി റദ്ദാക്കുന്നത് അനുവദനീയമല്ല. പാർലമെന്റ് ഉദ്ദേശിക്കുന്നത് വിവേചനപരമായ ഭേദഗതി ആണെന്നിരിക്കെ അതിനെ അങ്ങനെയല്ലാതാക്കി തീർക്കുക എന്നത് ജുഡീഷ്യറിയുടെ കടമയല്ല. ഭരണഘടനാ ഭേദഗതി ജുഡീഷ്യറിയുടെ പണിയല്ല. അതുകൊണ്ടുതന്നെ ഭേദഗതി റദ്ദാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ജസ്റ്റിസ് ഭട്ടിന്റെ വിധിയോട് ചീഫ് ജസ്റ്റിസ് യു.യു. ലളിത് യോജിച്ചുവെങ്കിലും മറ്റു മൂന്നു പേരും സവർണ സംവരണത്തെ പിന്താങ്ങിയതോടെ റേഷ്യോ ഗവൺമെന്റിന് അനുകൂലമാവുകയായിരുന്നു. ഇതിനർത്ഥം വിയോജന വിധിന്യായം പൂർണമായും ഭരണഘടനാ ധാര്‍മികതയ്‌ക്കൊപ്പം ആണെന്നല്ല, സംവരണത്തെയും സമത്വത്തെയും സംബന്ധിച്ച ആഴത്തിലുള്ള അപഗ്രഥനം സാമ്പത്തിക സംവരണത്തെ പൂർണമായും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാക്കുന്നതായി കാണാം. 

സംവരണത്തിന്റെ വേരുകൾ 

ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിന് സാമൂഹിക മാറ്റത്തിന് വിപ്ലവാത്മകമായ ഒരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട് . ആയിരക്കണക്കിന് വർഷങ്ങളായി സാമൂഹികമായി, വിദ്യാഭ്യാസപരമായി, സമൂഹത്തിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ, എല്ലാം പിന്നാക്കം നിൽക്കുകയും ചൂഷണം ചെയ്യപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്ത ഒരു വലിയ വിഭാഗത്തെ മുഖ്യധാരയുടെ ഭാഗമാക്കുക എന്നതും ഭരണഘടനയുടെ ഉദ്ദേശമായിരുന്നു. അതിൽ രണ്ട് ഘടകങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, ചരിത്രപരമായി ഒരു സാമൂഹിക അനീതി നിലനിന്നിരുന്നു എന്ന വസ്തുത അംഗീകരിക്കുക. രണ്ടാമത്തെ കാര്യം, അതിന് ഒരു പരിഹാരം കാണുക. ഇത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായി അംഗീകരിക്കാം. നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വ സങ്കൽപം കേവലസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന സങ്കല്പമല്ല. മനുഷ്യരെല്ലാവരും തുല്യരായിട്ടല്ല ജനിക്കുന്നത് എന്ന് പ്രാഥമിക പാഠം നമ്മുടെ ഭരണഘടനാശില്പികൾ ഉൾക്കൊണ്ടിരുന്നു. സമൂഹത്തിൽ പല കാരണങ്ങളാൽ അസമത്വം നിലനില്‍ക്കുന്നു എന്നും അസമത്വത്തെ നമ്മൾ പരിഗണിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടതുണ്ട് എന്നും അംഗീകരിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളിലൂടെ അല്ലാതെ ഇന്ത്യൻ സമൂഹത്തിൽ അംബേദ്കർ വിശേഷിപ്പിച്ച വൈരുദ്ധ്യങ്ങൾ പരിഹരിക്കുക അസാധ്യമാണ് എന്നും നമ്മുടെ ഭരണഘടന നിർമ്മാണ സഭ തിരിച്ചറിഞ്ഞിരുന്നു. 

അതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഭരണഘടനാ അവകാശമായ തുല്യതയെ നിർവഹിക്കുന്ന അനുഛേദം 14 - ന് അനുബന്ധമായി അനുഛേദം 15 ഉം അനുഛേദം 16 ഉം വന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി പ്രത്യേക നിയമങ്ങൾ ഉണ്ടാക്കുവാൻ ഗവൺമെൻറിനെ അനുവദിക്കുന്നതായിരുന്നു അത്. 

അതായത്  വ്യവസ്ഥാപിതമായ അനീതിയെ അഭിമുഖീകരിക്കുന്നതിന് വേണ്ടിയിട്ടാണ് ഇത്തരമൊരു ഭാഗം ഭരണഘടനയുടെ മൂന്നാം ഭാഗത്ത് എഴുതിച്ചേർത്തത്. ഇത് ഭരണഘടനയുടെ അടിസ്ഥാനഘടകമായ സമത്വ സങ്കൽപത്തിന്റെ ഭാഗമായി തന്നെ നിലനിൽക്കുന്നു. കാരണം, റിസർവേഷൻ എന്ന ഒരു നഷ്ടപരിഹാര ക്രിയ, ഒരു ആനുകൂല്യമല്ല. ഭരണഘടന ആഗ്രഹിച്ച സമത്വാധിഷ്ഠിത സമൂഹത്തിന്റെ നിർമ്മിതിക്കുള്ള ഒരു മുന്നുപാധിയാണ്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന്റെ ഭാഗവും. കാരണം അത്തരമൊരു അംഗീകാരവും പരിഹാരക്രിയയും ഇല്ലാതെ സമത്വം നമ്മുടെ സമൂഹത്തിൽ യാഥാർത്ഥ്യമാവുകയില്ല. പിന്തള്ളപ്പെട്ട മനുഷ്യർ മുഖ്യധാരയിലേക്ക് എത്തി എന്ന് ഉറപ്പുവരുന്ന ദിവസം ഉപേക്ഷിക്കപ്പെടേണ്ടതല്ലേ സംവരണം എന്ന ചോദ്യം ഉയരാം. തീർച്ചയായും അതെ, പക്ഷേ ചരിത്രപരമായ ഒരു അനീതി നിലനിന്നിരുന്നുവെന്നും, അതു നമ്മൾ അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നും ഉള്ള വസ്തുതയുടെ അംഗീകാരം ഭരണഘടനയുടെ അടിസ്ഥാനപ്രമാണത്തിന്റെ ഭാഗമാണ്. ആ അംഗീകാരത്തിൽ നിന്നുമാണ് റിസർവേഷൻ. 

ഇത് കുറച്ചുകൂടി വ്യക്തമാക്കണമെങ്കിൽ എന്തുകൊണ്ട് സാമ്പത്തിക സംവരണം അടിസ്ഥാന പ്രമാണത്തിന്റെ ഭാഗം ആകുന്നില്ല എന്നുകൂടി വിശദീകരിക്കാം.   സാമ്പത്തിക സംവരണവും സാമൂഹ്യ വിഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സംവരണവും അഭിസംബോധന ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ രണ്ട് വിഭാഗങ്ങളെയാണ്. ജാതീയമായ വേർതിരിവ് കൊണ്ടും ലിംഗപരമായ വേർതിരിവ് കൊണ്ടും ചരിത്രപരമായി അനീതികളെ നേരിട്ട മനുഷ്യരുടെ പ്രശ്നങ്ങൾ, അവർക്ക് സാമ്പത്തികമായി സാമ്പത്തിക ഭദ്രത കൈവന്നതുകൊണ്ട് അവസാനിക്കുന്നതല്ല. അത് ജന്മം കൊണ്ട് സംഭവിക്കുന്നതാണ്. തലമുറകളായി നിലനിൽക്കുന്നതും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരുന്നതുമാണ്. ഡോക്ടർ അംബേദ്കർ വിശദീകരിച്ചതുപോലെ ഇന്ത്യൻ സാഹചര്യത്തിൽ വർഗ്ഗം എന്നു പറയുന്നത് ജാതിയാണ്. അത് സാമ്പത്തിക ഭദ്രത കൈ വന്നതുകൊണ്ടോ, വിവിധങ്ങളായ തൊഴിൽ മേഖലകളിലേക്ക് വ്യാപരിച്ചതുകൊണ്ടോ, ഇല്ലാതാവുന്നതല്ല. അങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ അവകാശമായിട്ടാണ് സംവരണം വിഭാവനം ചെയ്യപ്പെട്ടത്. ആ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടാണ് സംവരണം. അത്തരം ഒരു അനീതിയുടെ അംഗീകാരവും പരിഹാരക്രിയയും ആണ് ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന്റെ ഭാഗമാകുന്നത്. സാമ്പത്തിക സംവരണം പക്ഷേ അങ്ങനെയല്ല. സംവരണാർഹമായ വിഭാഗത്തിന് ചരിത്രപരമായ അവഗണന അനുഭവിക്കേണ്ടി വന്നിട്ടില്ല. അവർ ഉൾപ്പെടുന്ന വിഭാഗത്തിന് അധികാരത്തിലോ വിദ്യാഭ്യാസരംഗത്തോ പ്രാധിനിത്യത്തിന്റെ കുറവില്ല. സാമ്പത്തിക ഭദ്രത കൈ വന്നാൽ തീരാവുന്ന പ്രശ്നമേ അവർക്കുള്ളൂ. പഠിക്കാൻ പണമില്ലാത്തവന് സ്കോളർഷിപ്പ് നൽകിയാൽ ആ പ്രശ്നം പരിഹരിക്കപ്പെടും. 

ambedkkar
ഡോ. ബി.ആര്‍. അംബേദ്കര്‍

ദാരിദ്രനിർമ്മാണത്തിന് മറ്റ് അനേകം പദ്ധതികൾ ഉണ്ട്. എല്ലാവർക്കും വീട് വച്ച് നൽകുന്നതിനുള്ള സംവിധാനം ഗവൺമെന്റിന് ചെയ്യാവുന്നതാണ്. സാമ്പത്തിക ഭദ്രതയ്ക്ക് എല്ലാവർക്കും ഒരുപോലെ അർഹതയുള്ള തൊഴിലുറപ്പ് പദ്ധതി പോലെയുള്ള സംവിധാനങ്ങൾ ഉണ്ട്. സംവരണം ഒരു ദാരിദ്രനിർമാർജന പദ്ധതിയല്ല. വ്യക്തിപരമായ അവകാശവും അല്ല. ചരിത്രപരമായ കാരണങ്ങളാൽ, വ്യവസ്ഥാപിതമായ ചൂഷണ വ്യവസ്ഥയാൽ, സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രാതിനിധ്യം ഇല്ലാതെ പോയ മനുഷ്യർക്ക് പ്രാതിനിധ്യവും ആത്മാഭിമാനവും നൽകുന്നതിനുള്ള പദ്ധതിയാണ്. അതിൽ വെള്ളം ചേർക്കുന്നത് ചരിത്രനിഷേധമാണ്. ചരിത്രപരവും വ്യവസ്ഥാപിതവുമായ ഈ അനീതി നിലനിന്നിരുന്നു എന്ന വസ്തുതയുടെ നിഷേധം കൂടിയാണ്. ജസ്റ്റിസ് പാർദിവാലയുടെയും ജസ്റ്റിസ് ത്രിവേദിയുടെയും വിധികളിൽ നിന്നും വ്യക്തമാകുന്നതുപോലെ സംവരണം നിർത്തലാക്കുന്നതിനുള്ള ആദ്യപടികൂടിയാണ് ഇത്. ജാതിരഹിത സമൂഹത്തിലേക്കല്ല, നീതി രഹിത സമൂഹത്തിലേക്കാണ് അതു നയിക്കുക.

  • Tags
  • #Caste Reservation
  • #P.B. Jijeesh
  • #Reservation Issues
  • #LDF
  • #Sangh Parivar
  • #Supreme Court
  • # Economically Weaker Section
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
gujarath

National Politics

പി.ബി. ജിജീഷ്

ഗുജറാത്ത് വംശഹത്യ ;  ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരോട് ? 

Jan 30, 2023

2 Minutes Read

hijab - controversy

Minorities

പി.ബി. ജിജീഷ്

‘വസ്ത്രം നോക്കി' അവകാശങ്ങള്‍ നിഷേധിക്കുന്നത്​ മൗലികാവകാശലംഘനം കൂടിയാണ്​

Jan 24, 2023

8 Minutes Read

k kannan

UNMASKING

കെ. കണ്ണന്‍

കെ.വി. തോമസ് പിണറായിക്കുവേണ്ടി മോദിയോട് എങ്ങനെ, എന്ത്?

Jan 20, 2023

5 Minutes Watch

gujarat riots 2002

Book Review

ശ്രീജിത്ത് ദിവാകരന്‍

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

Jan 20, 2023

14 Minutes Read

Rahul Gandhi

National Politics

ഷാജഹാന്‍ മാടമ്പാട്ട്

രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം 

Jan 10, 2023

3 Minutes Read

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

COVER

Life Sketch

അനുഷ ആൻ​ഡ്രൂസ്​

ആസിഡ്​ ആക്രമണ- ​റേപ്പ്​- കൊലപാതക ഭീഷണികൾക്കിടയിൽ ഒരു പെൺകുട്ടിയുടെ ഇൻസ്​റ്റഗ്രാം ജീവിതം

Jan 08, 2023

10 Minutes Read

COVER

Caste Reservation

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്

മാറേണ്ടത് കോഴപ്പണം വാങ്ങി സ്വന്തം ജാതിക്കാരെ മാത്രം നിയമിക്കുന്ന സംവരണം

Jan 06, 2023

5 Minutes Read

Next Article

ടി-20 വേള്‍ഡ് കപ്പ്; ഇന്ത്യയുടെ 'കളി' കഴിഞ്ഞു, ഇനിയെന്ത് ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster