25 Jul 2022, 05:01 PM
ലോകം മുഴുവൻ ലിംഗനീതിയെക്കുറിച്ച്, തുല്യ നീതിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച നടക്കുമ്പോൾ, ലിംഗനീതിയെക്കുറിച്ച് പെൺകുട്ടികൾ ചോദ്യങ്ങൾ ചോദിക്കുന്നതും അധ്യാപകരോട് സംസാരിക്കുന്നതും മറുപടി പറയുന്നതുമെല്ലാം പാരമ്പര്യത്തിന് നിരക്കാത്തതാണെന്നും അത് സ്ഥാപനത്തിൻ്റെ അന്തസ്സിനെ ബാധിക്കുമെന്നും പഠിക്കുന്നത് സംഗീത കലയായതിനാൽ വിനയവും അച്ചടക്കവും അടക്കമൊതുക്കവുമൊക്കെ വേണമെന്നും ഗുരുത്വം വേണമെന്നുമൊക്കെ ആത്മാർത്ഥമായും കരുതുന്ന അത് നിർബന്ധപൂർവ്വം ആവശ്യപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിലെ മൂല്യബോധം 21-ാം നൂറ്റാണ്ടിലും പയറ്റിക്കൊണ്ടിരിക്കുന്ന ഒരു കലാസ്ഥാപനമുണ്ട് തിരുവനന്തപുരത്ത്.
സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്, 1939 ൽ,
83 വർഷം മുൻപ് ദ മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിതമായ സ്ഥാപനം.
ഇവിടെ പഠിക്കുന്ന ഒരു പെൺകുട്ടിയെ കോളേജ് അധികൃതർ ഒരു വർഷത്തേയ്ക്ക് സസ്പെന്റ് ചെയ്യുന്നു. കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി സസ്പെൻഷൻ സ്റ്റേ ചെയ്യുന്നു.
കോളേജിന്റെ അന്തസ്സിനും പെരുമാറ്റ മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചു. അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് 14 ദിവസത്തേക്ക് ആദ്യം സസ്പെന്റ് ചെയ്തത്. ഇതിനെതിരെ ആതിര എം. എന്ന വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചു. സസ്പെൻഷനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നതിനാലും തനിക്കെതിരെ മറ്റ് കുട്ടികളും അധ്യാപകരും നൽകിയെന്ന് പറയപ്പെടുന്ന പരാതികളുടെ കോപ്പികൾ ഹിയറിങ്ങിന് മുൻപ് തരണമെന്ന ആവശ്യം കോളേജ് അധികൃതർ വിസമ്മതിച്ചതിനാലും അന്വേഷണ കമ്മറ്റിയ്ക്കു മുന്നിൽ ആതിര ഹാജരായില്ല. സസ്പെൻഷൻ വാർത്തയുമായി.
അധികൃതരുടെ പരമ്പരാഗത ചിന്തയിൽ കുറ്റത്തിന്റെ വ്യാപ്തി കൂടി. ഒരു വർഷത്തേയ്ക്ക് സസ്പെൻഷൻ നൽകാൻ തീരുമാനിച്ച് പ്രിൻസിപ്പൽ ഉത്തരവിറക്കി.
പ്രശ്നങ്ങളുടെ കുട്ടികൾ തന്നെ പറയും. ഒരേ ക്ലാസിൽ, BPA വോക്കൽ രണ്ടാം സെമസ്റ്ററിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
സ്വാതന്ത്ര്യ ബോധവും അവകാശബോധവുമുള്ള പുതിയ തലമുറയിലെ കുട്ടികൾ, തങ്ങളുടെ ആൺകുട്ടികളായ സഹപാഠികൾക്കെതിരെ അധ്യാപിക നടത്തിയ പരാമർശങ്ങൾക്കെതിരെ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. പരാതിയുടെ അന്തസത്ത ഉൾക്കൊള്ളാൻ പ്രിൻസിപ്പലിനോ ക്ലാസ് ടീച്ചറായ അധ്യാപികയ്ക്കോ ഡിപ്പാർട്ട്മെൻ്റ് എച്ച്.ഒ.ഡി.യ്ക്കോ സാധിച്ചിട്ടില്ല എന്നാണ് അവരുമായി സംസാരിച്ചപ്പോഴും മനസ്സിലാവുന്നത്.
സംഗീതം പോലെ പ്രാക്ടിക്കൽ ക്ലാസുകൾക്ക് വളരെ പ്രാധാന്യമുള്ള ഒരു കോഴ്സ് പഠിക്കുന്ന ഒരു കുട്ടിയുടെ ഒരു അക്കാദമിക് വർഷം മുഴുവൻ കളഞ്ഞു കൊണ്ട് അച്ചടക്ക നടപടിയ്ക്ക് സസ്പെൻഷൻ വിധിയ്ക്കുന്ന അധികാരികളുടെ വരേണ്യ ചിന്തയ്ക്ക് ഹൈക്കോടതി തന്നെ മറുപടി നൽകിയിട്ടുണ്ട്.
ഇതൊരു ഒറ്റപ്പെട്ട പ്രശ്നമോ സംഭവമോ അല്ല. പ്രശ്നം ആശയപരമാണ്. സ്വാതി തിരുനാൾ കോളേജ് പോലെ കലാമണ്ഡലം പോലെ ശാസ്ത്രീയ കലകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ ഗുരുകുല വിദ്യാഭ്യാസ രീതിയുടെ കാലഹരണപ്പെട്ട, വിധേയത്വത്തിന്റെ മൂല്യബോധങ്ങളെ പിൻതുടരുകയും അടിച്ചേൽപ്പിക്കുകയും ചെയ്യുന്നവയാണ്. അധ്യാപകരോട് വിനീത വിധേയത്വം കാണിച്ചില്ലെങ്കിൽ അവർ ശപിക്കുമെന്നും ആ ശാപമേറ്റാൽ കലാരംഗത്ത് ഒന്നുമാവാൻ കഴിയില്ലെന്നും കരുതുന്നവരാണ് ഇവിടങ്ങളിൽ പഠിപ്പിക്കുന്നതും പഠിക്കുന്നതും. കാലാകാലങ്ങളായി ഇവർ പിന്തുടരുന്ന ഈ പ്രതിലോമ തോന്നലുകൾ തലച്ചോറിൽ പതിപ്പിച്ചാണ് ഓരോ വർഷവും നൂറുകണക്കിന് ആർട്ടിസ്റ്റുകൾ പുറത്തു വരുന്നത്. മറ്റ് സർക്കാർ കോളേജുകളിലെ അന്തരീക്ഷമല്ല ഇവിടങ്ങളിൽ. ഇന്റേണൽ മാർക്കും പ്രാക്ടിക്കലുമെല്ലാം പഠിപ്പിക്കുന്ന അധ്യാപകരുടെ സ്വാധീനതയിൽ ആയതിനാൽ പ്രതികരിക്കുന്നത് തെറ്റാണ്, എന്ന് വിദ്യാർത്ഥികളിൽ വലിയൊരുവിഭാഗവും ഭയം കൊണ്ട് വിശ്വസിക്കുന്നു.
കലാരംഗത്ത്, ലോക സംഗീതത്തിൽ, നൃത്തത്തിൽ ഉപകരണസംഗീതങ്ങളിൽ നടക്കുന്ന ഒരു മാറ്റവും ഇവരാരും അറിയുന്നില്ല. സംഗീതത്തിന്റെ സാങ്കേതികത പഠിക്കുമ്പോൾ അതിന് ചരിത്രത്തിലും വർത്തമാനത്തിലും എന്ത് ചെയ്യാൻ കഴിയും എന്ന് ആരും ഓർക്കുന്നു പോലുമില്ല. അച്ചടക്ക നടപടിയെടുത്ത് ഒരു കുട്ടിയെ ഒരു വർഷം മാറ്റി നിർത്തുന്നതിലെ മനുഷ്യത്വമില്ലായ്മ നൂറ്റാണ്ടുകളുടെ കസവു പുതച്ച പാരമ്പര്യവാദികൾക്ക് മനസ്സിലാവുന്നേയില്ല. സമരത്തിന്റേയോ പോരാട്ടത്തിന്റേയോ ഭാഷ ഇവരാരും കേട്ടിട്ടു പോലുമില്ല. ആശയപരമായ മാറ്റം പെട്ടെന്നൊന്നും പ്രതീക്ഷിക്കാനാവില്ലെങ്കിലും പുറത്ത് കലയും കാലവും സിലബസും മനുഷ്യരും മാറുന്നുണ്ട് എന്ന് ഒരു ഇൻസ്റ്റിറ്റ്യൂഷനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഷഫീഖ് താമരശ്ശേരി
Jan 26, 2023
12 Minutes Watch
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
ജോണ്‍ ബ്രിട്ടാസ്
Jan 16, 2023
35 Minutes Watch
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
കെ. കണ്ണന്‍
Jan 08, 2023
15 Minutes Watch
ജോണ്‍ ബ്രിട്ടാസ്
Jan 05, 2023
5 Minutes Read