കണ്ണനും മുത്തും തമ്മിലുള്ള കെമിസ്ട്രിയും കണ്ണനില്‍ ഉടനീളമുള്ള ദുരൂഹതയുമാണ് ആദ്യപകുതിയിലെ പ്രധാന ടേക് എവേ. ബിജു മേനോന്റെ 'കൂള്‍' കഥാപാത്രം പുതുമയുള്ളതല്ലെങ്കിലും രസകരമായി തന്നെ സ്‌ക്രീനിലെത്തി.
27 Jan 2023, 09:17 AM
പതിഞ്ഞ താളത്തില്‍ തുടങ്ങി പതിയെ തന്നെ പുരോഗമിക്കുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് തങ്കം. എന്നാല്‍ വലിയ ട്വിസ്റ്റുകളോ സസ്‌പെന്‍സുകളോ ഇല്ലാതെ സ്‌ക്രീനില്‍ നടക്കുന്ന ലളിതമായ സംഭവങ്ങളും കഥാപാത്രങ്ങളുടെ പ്രകടനങ്ങളും കൊണ്ടാണ് തങ്കം പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തുന്ന രസകരമായ സിനിമാനുഭവമാക്കുന്നത്.
സ്വര്‍ണപ്പണിക്കാരനാണ് മുത്ത് (ബിജു മേനോന്‍). മുത്ത് ഉണ്ടാക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തിച്ച് വില്‍പന നടത്തുന്നത് കണ്ണന്‍ (വിനീത് ശ്രീനിവാസന്‍) ആണ്. നിയമപരമായി ശരിയായ വഴിയിലൂടെയല്ല ഇരുവരുടെയും ബിസിനസ് പ്രധാനമായും നടക്കുന്നത്. അത്തരത്തില്‍ ഒരു കച്ചവടത്തിനായി മുംബൈയില്‍ എത്തുന്ന കണ്ണനെ പെട്ടെന്ന് കാണാതാവുന്നു. അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ.
ഫാമിലി ഡ്രാമ എന്ന രീതിയിലാണ് തങ്കം കഥ പറഞ്ഞു തുടങ്ങുന്നത്. മുത്തിന്റെയും കണ്ണന്റെയും ബിസിനസിനെയും കുടുംബത്തെയും ചുറ്റുപാടുകളെയും ടൈറ്റിലില്‍ തന്നെ പരിചയപ്പെടുത്തിയ ശേഷം ചെറിയ തമാശകളും സംഭവങ്ങളുമായി സിനിമ തുടരുന്നു. തുടക്കം മുതല്‍ കണ്ണന്റെ കഥാപാത്രത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ പ്രകടനവും എഴുത്തിന്റെ മികവും കൊണ്ട് ആ ദുരൂഹത നന്നായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കണ്ണന്റെ കഥാപാത്രത്തോട് വൈകാരികമായി പ്രേക്ഷകരെ അടുപ്പിക്കാന്‍ ചിത്രം അധികം ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കണ്ണനെ കാണാതാവുന്ന സമയത്ത് അത് വിനീത് ശ്രീനിവാസന്‍ ചെയ്ത കഥാപാത്രമാണെന്ന എംപതിയാണ് പ്രേക്ഷകരില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചത്.

പിന്നീട് സിനിമയില്‍ അല്‍പാല്‍പമായി കണ്ണന്റെ
കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് പോവാന്‍ ശ്യാം പുഷ്കരന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈയൊരു വൈകാരിക അടുപ്പം കൊണ്ടുവരാനായോ എന്ന് സംശയമാണ്. അതേസമയം തന്നെ, ആ ഒരു ട്രാക്ക് വിട്ട് മറ്റൊരു തരത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ സിനിമയില്‍ പുരോഗമിക്കുന്നുണ്ട്. കഥയുടെ ആ ട്രാക്കില്‍ ശ്യാംപുഷ്കരന്റെ തിരക്കഥ വിജയിച്ചിട്ടുണ്ട്. ശ്യാം പുഷ്കരന്റെ എഴുത്തും, സംഭാഷണവും ഷഹീദ് അറഫാത്തിന്റെ സംവിധാനവും പരസ്പരപൂരകമായി സിനിമയെ ഏറെ എന്‍ഗേജിംഗ് ആക്കുന്നുണ്ട്. എങ്കിലും ക്ലൈമാക്സിനോടടുത്ത ചില വെളിപ്പെടുത്തലുകള്‍ എല്ലാ പ്രേക്ഷകർക്കും കണ്‍വിന്‍സ് ആയെന്ന് വരില്ല.
കണ്ണനും മുത്തും തമ്മിലുള്ള കെമിസ്ട്രിയും കണ്ണനില്‍ ഉടനീളമുള്ള ദുരൂഹതയുമാണ് ആദ്യപകുതിയിലെ പ്രധാന ടേക് എവേ. ബിജു മേനോന്റെ "കൂള്‍' കഥാപാത്രം പുതുമയുള്ളതല്ലെങ്കിലും രസകരമായി തന്നെ സ്‌ക്രീനിലെത്തി.

രണ്ടാം പകുതിയോടടുത്ത് മുംബൈ പൊലീസിന്റെ കഥാപാത്രവുമായി മറാത്തി താരം ഗിരീഷ് കുല്‍കര്‍ണി സ്‌ക്രീനിലെത്തിയതോടെ ബിജു മേനോനെ പോലും അപ്രസക്തമാക്കി ഷോ കയ്യടക്കുന്നുണ്ട്. പിന്നീടങ്ങോട്ട് അവസാനം വരെ സിനിമയെ നയിക്കുന്നത് ഗിരീഷ് കുല്‍ക്കര്‍ണിയുടെ ജയന്ത് സഖല്‍ക്കര്‍ എന്ന കഥാപാത്രത്തിന്റെ ഗ്രേസാണ്. ജയന്ത് സഖല്‍ക്കറിന്റെ കൂടെ കേരളത്തിലെത്തുന്ന മറ്റു മുംബൈ പൊലീസ് അംഗങ്ങളെ അവതരിപ്പിച്ചവരും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
കൊച്ചുപ്രേമന്റേതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. രണ്ടോ മൂന്നോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കൊച്ചുപ്രേമന്‍ ശക്തമായ പ്രകടനം കൊണ്ട് തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ തകര്‍ന്നിരിക്കുന്ന, ഒരു മോര്‍ച്ചറിക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന കഥാപാത്രം മലയാളികള്‍ക്ക് ഇതുവരെ പരിചയമില്ലാത്ത കൊച്ചുപ്രേമനെയാണ് കാണിക്കുന്നത്.

കണ്ണന്റെയും മുത്തിന്റെയും സുഹൃത്തായെത്തിയ വിനീത് തട്ടത്തില്‍ ഡേവിഡും അംബിക ചേച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദിര പ്രസാദും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
കേരളത്തിലും തമിഴ്നാട്ടിലും മുംബൈയിലുമായി നടക്കുന്ന കഥയില്‍ വിവിധ ദേശങ്ങളെ രസകരമായി പകര്‍ത്തിയിട്ടുണ്ട് ഗൗതം ശങ്കറിന്റെ ക്യാമറ. സിനിമയുടെ മിസ്റ്ററി എലമെന്റും ഗൗരവവും നിലനിര്‍ത്തിക്കൊണ്ടുപോവുന്നതില്‍ ഛായാഗ്രാഹണം നിര്‍ണായക പങ്കുവഹിക്കുന്നു. ബിജിപാലാണ് സംഗീതം. ഭാവന സ്റ്റുഡിയോസിന്റെയും വര്‍ക്കിംഗ് ക്ലാസ് ഹീറോയുടെയും ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്കരനുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read