ഭരണകൂടവും ജുഡീഷ്യറിയും ഏകാധിപത്യപാതയിൽ കൈകോർക്കുമ്പോൾ

ഒരു രാഷ്ട്രീയ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒട്ടും സാധാരണമല്ലാത്ത പ്രയോഗത്തിന് രണ്ടുവർഷം എന്ന പരമാവധി ശിക്ഷ നൽകേണ്ടതുണ്ടായിരുന്നോ? രണ്ടുവർഷം എന്ന കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാലാണ് ഒരാളുടെ പാർലമെന്റ് അംഗത്വം നഷ്ടമാവുക. അതുപോലെതന്നെ അപ്പീൽ നൽകാൻ രാഹുൽഗാന്ധിക്ക് 30 ദിവസം അനുവദിക്കവേ, ജയിൽ ശിക്ഷ മാത്രമാണ് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല.

ഭിമാന സംരക്ഷണത്തിന്റെ പേരിൽ മനുഷ്യർ പരസ്പരം വെട്ടിക്കൊന്നിരുന്ന കാലത്ത്, അതിനൊരു അറുതി വരുത്തുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണ് ക്രിമിനൽ ഡിഫമേഷൻ അഥവാ മാനനഷ്ടം. അല്ലാതെ, തികച്ചും വ്യക്തിപരമായ ഈ കുറ്റം ക്രിമിനൽ നിയമത്തിന്റെ ഭാഗമാകേണ്ട യാതൊരു കാര്യവുമില്ല. സമൂഹത്തിൽ അത്തരം ആക്രമണോത്സുകത നിലവിലില്ലാത്ത സമകാലിക സാഹചര്യത്തിൽ, നിയമം കൊണ്ടുവന്ന ബ്രിട്ടൻ ഉൾപ്പെടെ പ്രധാനപ്പെട്ട ആധുനിക ജനാധിപത്യ രാജ്യങ്ങളെല്ലാം ക്രിമിനൽ ഡിഫമേഷൻ അവരുടെ നിയമപുസ്തകത്തിൽ നിന്നും പിൻവലിച്ചു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും പ്രസ്തുത നിയമം തുടരുകയാണ്.

ഏകാധിപത്യ പ്രവണതയുള്ള അധികാര കേന്ദ്രങ്ങൾ എങ്ങനെയാണ്, ദുരുപയോഗത്തിന് അനന്തസാധ്യതകൾ ഒരുക്കുന്ന ഈ നിയമം പ്രയോഗിക്കുക എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ അനുഭവം. മുൻപ് രാംജഠ്മലാനി, അരവിന്ദ് കെജ്രിവാൾ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈ വകുപ്പ് ഉപയോഗിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ജയലളിതയുടെ ഭരണകാലത്ത് വ്യാപകമായി വിമതശബ്ദങ്ങളെ ഉപദ്രവിക്കുവാൻ ഈ നിയമം ഉപയോഗിച്ചിരുന്നു. അതേസമയം യഥാർഥത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണപക്ഷത്തിൽപ്പെട്ട അനേകം നേതാക്കൾ, യാതൊരു നിയമത്തെയും ഭയക്കാതെ വർഗീയ വിദ്വേഷ പ്രചാരണം നിർബാധം തുടരുന്നു. തീവ്രവാദ കേസിൽ ശിക്ഷിക്കപ്പെട്ട, ഗോഡ്‌സെ ആരാധകയായ ഭരണകക്ഷി എംപി, പ്രഖ്യാ സിംഗ് ഠാക്കൂർ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയിട്ടുള്ള നിരവധി കലാപാഹ്വാനങ്ങൾ... ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ മുതൽ യോഗിയും അമിത് ഷായും മോദിയും വരെയുള്ള രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ... ഇതൊക്കെയും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു.

പ്രഖ്യാ സിംഗ് ഠാക്കൂർ

ഗവൺമെന്റ്കൾക്ക് മാത്രമല്ല നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കും ഈ നിയമം നിലനിർത്തുന്നതിലും ദുരുപയോഗം ചെയ്യുന്നതിലും തുല്യ ഉത്തരവാദിത്വം ഉണ്ട്. 2016 ലെ സുബ്രഹ്‌മണ്യൻ സ്വാമി vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീംകോടതി, കാലഹരണപ്പെട്ട ഈ നിയമം ഭരണഘടനാപരമെന്ന് വിധിച്ചിരുന്നു. മാനനഷ്ടം ചാർജ് ചെയ്യുന്നത് സംബന്ധിച്ച് പല നിയന്ത്രണങ്ങളും സുപ്രീംകോടതി വച്ചിരുന്നുവെങ്കിലും, അധികാരകേന്ദ്രങ്ങൾക്ക് അനഭിമതരായ മനുഷ്യർ പ്രതിഭാഗത്ത് വരുമ്പോൾ, നിയമത്തിന്റെ എല്ലാ വികല സാധ്യതകളും വിനിയോഗിക്കാറാണ് പതിവ്. അതിന്റെ ക്ലാസിക് ഉദാഹരണമാണ് രാഹുൽ ഗാന്ധി കേസ്.

കേസിൻറെ നാൾ വഴി

കർണാടകയിൽ 2019 മാർച്ച് 13നാണ് കേസിനാധാരമായ പ്രസ്താവന വരുന്നത്. ഒരു ഇലക്ഷൻ റാലിയിൽ രാഹുൽഗാന്ധി ഇങ്ങനെ പ്രസംഗിച്ചു: "എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എങ്ങനെ വന്നു? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.. നോക്കിയാൽ ഇനിയുമുണ്ടാകും ഇതേപോലെ മോദിമാർ.' രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിലൂടെ മുഴുവൻ മോദി സമൂഹത്തെയും അപകീർത്തിപ്പെടുത്തി എന്ന പരാതിയുമായി എത്തിയത് ബിജെപി എംഎൽഎയും ഗുജറാത്ത് മന്ത്രിയും ആയ പർണേഷ് മോദിയാണ്. സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, എച്ച് എച്ച് വർമ്മ, 2021 ജൂൺ 24-ന് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി. 2022 മാർച്ച് മാസത്തിൽ രാഹുൽഗാന്ധിയെ വീണ്ടും കോടതിയിലേക്ക് വിളിപ്പിക്കണം എന്ന് ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി. തുടർന്ന്, ഹർജിക്കാരൻ തന്നെ കേസിന്റെ വിചാരണ നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്ന വിചിത്രമായ നടപടിക്ക് നാം സാക്ഷ്യം വഹിച്ചു. ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ഫെബ്രുവരി പതിനാറാം തീയതി അദ്ദേഹം വീണ്ടും ഹൈക്കോടതിയെ സമീപിച്ച്, "വിചാരണ കോടതിക്ക് മുന്നിൽ ആവശ്യമായ തെളിവുകൾ എത്തിയ സാഹചര്യത്തിൽ' സ്റ്റേ ഒഴിവാക്കി തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. യാതൊരു പുതിയ തെളിവും കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. എന്നിരിക്കിലും, പാർണേഷ് മോദിയുടെ അഭ്യർഥന ഹൈക്കോടതി വീണ്ടും അംഗീകരിച്ചു. സ്റ്റേ നീക്കം ചെയ്തു. ഫെബ്രുവരി 27ന് വിചാരണ പുനരാരംഭിച്ചു. മാർച്ച് 23ന് കോടതി രാഹുൽ ഗാന്ധിയ്ക്ക് 15000 രൂപ പിഴയും, നിയമപ്രകാരം അനുവദിക്കാവുന്ന ഏറ്റവും കൂടിയ ജയിൽ ശിക്ഷയായ രണ്ടുവർഷം തടവ് ശിക്ഷയും വിധിച്ചു.

വിധിയുടെ ലക്ഷ്യം

രണ്ടു കാരണങ്ങൾ കൊണ്ടാണ് കോടതി നടപടി വിചാരണയ്ക്ക് വിധേയമാകേണ്ടത്. ഒന്ന്, ഐപിസി 499, 500 അനുസരിച്ച് ഇവിടെ കുറ്റം സ്ഥാപിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ്. രണ്ട്, കുറ്റകൃത്യം നടന്നു എന്ന് കരുതിയാൽ തന്നെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷത്തെ തടവ് വിധിക്കേണ്ടതുണ്ടായിരുന്നോ എന്നാണ്. സാധാരണഗതിയിൽ കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് യുക്തിപരമായി ശിക്ഷവിധിക്കുന്നതിനാണ് ഒരു കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ എന്ന തരത്തിൽ നിയമം ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒട്ടുമസാധാരണമല്ലാത്ത പ്രയോഗത്തിന് രണ്ടുവർഷം എന്ന പരമാവധി ശിക്ഷ നൽകേണ്ടതുണ്ടായിരുന്നോ? രണ്ടുവർഷം എന്ന കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം രണ്ടുവർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാലാണ് ഒരാളുടെ പാർലമെന്റ് അംഗത്വം നഷ്ടമാവുക. അതുപോലെതന്നെ അപ്പീൽ നൽകാൻ രാഹുൽഗാന്ധിക്ക് 30 ദിവസം അനുവദിക്കവേ, ജയിൽ ശിക്ഷ മാത്രമാണ് 30 ദിവസത്തേക്ക് സ്റ്റേ ചെയ്തത്. ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്യാൻ കഴിയുമായിരുന്നില്ല.

മാനനഷ്ടം സാമൂഹിക വിഭാഗത്തിന് ബാധകമോ?

രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടിട്ടുള്ള എല്ലാവർക്കും മനസ്സിലാകും അത് ഏതെങ്കിലും ഒരു മത - ജാതി വിഭാഗത്തെ ഉദ്ദേശിച്ചല്ല, കൃത്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്ന്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ പേരെടുത്ത് പറഞ്ഞാണ് വിമർശിക്കുന്നത്. മാനഹാനി ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവർക്ക് മൂന്നുപേർക്കും ആണ്. മൂവർക്കും പരാതിയൊട്ടില്ലതാനും. പർണേഷ് മോദിക്ക് കേസ് കൊടുക്കാനുള്ള അധികാരം ഉണ്ടോ എന്നത് ചോദ്യം ചെയ്യേണ്ട കാര്യമാണ്. അതിനപ്പുറം മോദി എന്ന ഒരു സാമൂഹിക വിഭാഗത്തെയാണ് അപകീർത്തിപ്പെടുത്തിയത് എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല. കാരണം മാനനഷ്ടം എന്നത് കൃത്യമായി ഒരു സ്വകാര്യ സംഗതിയാണ്.

പർണേഷ് മോദി

വ്യക്തിയുടെ മാനം ഒരു പ്രോപ്പർട്ടി ആയിട്ടാണ് നിയമം കാണുന്നത്. അതിനുമേലുള്ള അതിക്രമമാണ് കുറ്റം. ഒരു വിഭാഗത്തിനെതിരായിട്ടല്ല, ഒരു വ്യക്തിക്ക് എതിരായിട്ടാണ് അത് നടക്കുന്നത്. ഐപിസി 499-ന്റെ വിശദീകരണത്തിൽ "കമ്പനി, അസോസിയേഷൻ, ഒരു സംഘം ആളുകൾ' എന്നൊക്കെ പറയുന്നുണ്ടെങ്കിലും, അതിന് കൃത്യമായ നിർവചനം സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഒരു സംഘം ആളുകൾ എന്നു പറഞ്ഞാൽ അത് കൃത്യമായി, ഓരോ വ്യക്തിയുടെയും ഐഡന്റിറ്റി തിരിച്ചറിയാൻ കഴിയുന്ന, വ്യതിരിക്തമായ വിഭാഗം ആയിരിക്കണം. അല്ലാതെ ഏതെങ്കിലും ഒരു കൂട്ടം ആളുകൾ എന്നു വരാൻ പാടില്ല. "മോദി എന്ന് പേരുള്ളവരെല്ലാം' അത്തരത്തിലുള്ള ഒരു വിഭാഗമാണ് എന്ന് കണക്കാക്കാൻ കഴിയില്ല. കേസിന് പോകുന്ന വ്യക്തി കൃത്യമായും വ്യക്തിപരമായ നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് തെളിയിക്കുകയും വേണം. മാത്രമല്ല രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ മൂന്ന് വ്യക്തികളെ കൃത്യമായി പേരെടുത്ത് പറഞ്ഞിട്ടുമുണ്ട്. സ്വന്തം അധികാരപരിധിക്ക് പുറത്തു നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള കേസ് ആയതിനാൽ, നിയമനടപടികളിലേക്ക് പോകുന്നതിനു മുൻപ് തന്നെ സിആർപിസി 202 അനുസരിച്ച്, സാക്ഷി മൊഴികൾ പരിശോധിച്ച്, പ്രാഥമികമായും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം കോടതി പരിശോധിക്കണമായിരുന്നു. അതിനുശേഷം ആണ് പ്രതിയെ സമ്മൺ ചെയ്യുക. നടപടിക്രമങ്ങൾ ഒരാളെ ഉപദ്രവിക്കുന്നതിനുള്ള ഉപാധിയായി മാറരുത് എന്ന് കൃത്യമായ സുപ്രീം കോടതി നിർദ്ദേശം ഉണ്ട്. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇതൊക്കെ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

തെരഞ്ഞെടുത്ത ഏകാധിപത്യമായി മാറുന്ന സ്റ്റേറ്റ്

വിധി വന്ന ഉടനെ തന്നെ, രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ അപ്പീലുമായി പോകുന്നതിനു മുന്നേ, അദ്ദേഹത്തെ ഡിസ്‌ക്വാളിഫൈ ചെയ്തുകൊണ്ട് ലോക്‌സഭ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തത് ഒരു പക്വതയുള്ള ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. ഭരണഘടനയുടെ അനുഛേദം 102 (1)(ഇ), ജന പ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 8 എന്നിവ അനുസരിച്ചാണ് അയോഗ്യത കൽപ്പിച്ചിരിക്കുന്നത്. അനുച്ഛേദം 13 അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണ്. അതിന് മുൻപ് രാഷ്ട്രപതി ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം തേടേണ്ടതുണ്ട്. ഈ നടപടിക്രമങ്ങൾ ഒക്കെ പൂർത്തിയാക്കിയിട്ടാണോ തീരുമാനം പുറത്തുവന്നത് എന്ന് വ്യക്തമല്ല.

എന്തായാലും രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവിനെ, ഇത്തരത്തിൽ പാർലമെന്റിന് വെളിയിൽ നിർത്തുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം ഒരു തെരഞ്ഞെടുത്ത ഏകാധിപത്യമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആഗോളതലത്തിലുള്ള വിമർശനങ്ങൾക്ക് ബലം പകരുന്നതാണ് ഈ നടപടി. ഇതിൽ കേന്ദ്രസർക്കാർ മാത്രമല്ല കുറ്റക്കാർ. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭരണകൂട താല്പര്യങ്ങൾക്ക് ഒപ്പം നിന്ന് "ഭരണകൂട കോടതികൾ' ആയി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജുഡീഷ്യൽ സംവിധാനവും ഇതിന് ഉത്തരവാദിയാണ്. പൗരരുടെ മൗലിക അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങൾക്ക് നിയന്ത്രണമായി നിലകൊള്ളേണ്ട കോടതികൾ എക്‌സിക്യൂട്ടീവിന്റെ ഭാഗം എന്നപോലെ പ്രവർത്തിക്കുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. സുപ്രീംകോടതി തന്നെയാണ് അതിന്റെ മുൻപന്തിയിൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാൽ, മാറിമാറി വരുന്ന ചീഫ് ജസ്റ്റിസുമാർക്ക് കീഴിൽ, ഗവൺമെന്റ് താല്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന കോടതിയെയാണ് നാം കാണുന്നത്. എൻ.ജെ.എ.സി. കേസിൽ മാത്രമാണ്, ഈ കാലയളവിൽ, പ്രധാനപ്പെട്ട കാര്യങ്ങളിൽ, ഗവൺമെന്റ് താല്പര്യങ്ങൾക്ക് വിരുദ്ധമായി സുപ്രീം കോടതി നിലകൊണ്ട ഏക സന്ദർഭം.

ക്രിമിനൽ മാനനഷ്ട നിയമത്തിന്റെ ഭരണഘടനാപരത ചോദ്യം ചെയ്യുന്ന ഹർജി പരിഗണിച്ചപ്പോഴും കോടതി സ്വീകരിച്ച നിലപാട് മറ്റൊന്നായിരുന്നില്ല. സുപ്രധാനമായ ഭരണഘടനാ പ്രശ്‌നങ്ങൾ ഉൾപ്പെട്ട കേസ് ആയിരുന്നിട്ടും അതിനുവേണ്ടി ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് പിസി പന്തും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടു വാദങ്ങളാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്. തികച്ചും വ്യക്തിപരമായ കുറ്റകൃത്യം എന്ന നിലയ്ക്ക് മാനനഷ്ടം ക്രിമിനൽ നിയമത്തിൽ ഉൾപ്പെടുത്തുന്നതിന് ന്യായീകരണമില്ല. അത് സമൂഹത്തിനെതരായ കുറ്റം ആകുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം സിവിൽ കേസ് ആയി പരിഗണിച്ചാൽ മതിയാകും. മറ്റൊന്ന്, ഭരണഘടനയുടെ അനുഛേദം 19 (2) -ൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണമായി അപകീർത്തി കടന്നുവരുന്നുണ്ട് എങ്കിലും അത് സിവിൽ ആണോ ക്രിമിനൽ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സ്വാഭാവികമായും സ്വകാര്യമായ കുറ്റകൃത്യം എന്ന നിലയ്ക്ക് അതിന് സിവിൽ സ്വഭാവം ആണ് ഉണ്ടാവേണ്ടത്. അങ്ങനെയാണെങ്കിൽ പോലും യുക്തിസഹമായ നിയന്ത്രണങ്ങൾ മാത്രമേ പാടുള്ളൂ. എന്നാൽ ക്രിമിനൽ മാനനഷ്ട നിയമത്തിലെ നിയന്ത്രണങ്ങൾ യുക്തിസഹമല്ല. സിവിൽ മാനനഷ്ടത്തിൽ "സത്യം' ഒരു പ്രതിരോധമായി വരുന്നുവെങ്കിൽ, ക്രിമിനൽ കേസിൽ "പൊതു നന്മ കണക്കിലെടുത്ത് പ്രസിദ്ധീകരിക്കേണ്ട സത്യം' എന്ന പ്രയോഗം ആണുള്ളത്. പറയുന്നത് സത്യമാണെങ്കിൽ പോലും നിയമത്തിന്റെ ആനുകൂല്യങ്ങൾ ചിലപ്പോൾ ലഭിക്കാൻ ഇടയില്ല എന്ന് സാരം. അനുഛേദം 19 (2)-ൽ "പൊതുനന്മ' എന്ന വാക്ക് ഇല്ലാത്തതു കൊണ്ട് തന്നെ, നിയമം ഭരണഘടന അനുവദിക്കുന്ന നിയന്ത്രണത്തിനപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. വളരെ സുദൃഢമായ നിയമവാദങ്ങളാണ് ഇവ. പക്ഷേ, ക്രിമിനൽ മാനനഷ്ടം, ശരിവെച്ചുകൊണ്ട് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ ന്യായത്തിൽ ഇക്കാര്യങ്ങൾ ശരിയായ വിധം അഭിസംബോധന ചെയ്യുന്നില്ല. ഒരു മനുഷ്യന്റെ അന്തസ്സ്, ആത്മാഭിമാനം അനുഛേദം 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കുന്ന സുദീർഘമായ വിശദീകരണത്തിനു ശേഷം മേൽപ്പറഞ്ഞ രണ്ട് തടസവാദങ്ങൾക്കും യുക്തിസഹായ യാതൊരു മറുപടിയും നൽകാതെ ക്രിമിനൽ മാനനഷ്ടം അനിവാര്യമാണെന്ന് പറയുകയാണ് കോടതി ചെയ്തത്. ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് കീഴിൽ ഭരണകൂടത്തിന്റെ മേലുള്ള നിയന്ത്രണമായി പ്രവർത്തിക്കേണ്ട കോടതിയുടെ നടപടിയല്ല. ഭരണകൂട താല്പര്യങ്ങളെ നിയമ യുക്തിയേതുമില്ലാതെ സംരക്ഷിക്കുന്ന സമീപനമാണ്. ഭരണകൂടം ശക്തി പ്രാപിക്കുന്ന അവസരങ്ങളിൽ ഒക്കെയും ഇത്തരത്തിലുള്ള അപഭ്രംശങ്ങൾ നീതിന്യായ സംവിധാനത്തിൽ കടന്നു വരാറുണ്ട്. അടിയന്തരാവസ്ഥ കാലം അതിനൊരു ചരിത്ര സാക്ഷ്യമാണ്. ജർമ്മനിയിലും ഇറ്റലിയിലും എല്ലാം ഏകാധിപത്യത്തിന്റെ വളർച്ചക്കാലത്ത് എങ്ങനെയാണ് അവിടുത്തെ കോടതികൾ നിശബ്ദമായി ഫാസിസത്തിനും നാസിസത്തിനും കുടപിടിച്ചത് എന്നും ചരിത്രം പറയുന്നു. ജർമൻ നീതിന്യായ സംവിധാനത്തിന് കീഴിൽ നിയമവിരുദ്ധമായതൊന്നും ഹിറ്റ്‌ലർ ചെയ്തിരുന്നില്ല!

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികൾ ഉണ്ടാകുന്ന സമയം ശ്രദ്ധേയമാണ്. വിവിധ പ്രശ്‌നങ്ങളാൽ ഗവൺമെന്റ് പ്രതിരോധത്തിലായിരിക്കുന്ന സമയമാണ്. അദാനി സാമ്രാജ്യത്തിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്ന ഹിൻഡെൻബർഗ് റിപ്പോർട്ട് പാർലമെന്റിൽ ചർച്ച ആവുകയും രാഹുൽഗാന്ധി പ്രധാനമന്ത്രിക്കെതിരെ നിഷിദ്ധമായും വിമർശനം സഭയ്ക്കകത്ത് ഉന്നയിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയാണ്, മാനനഷ്ട കേസിന്റെ വിചാരണ സംബന്ധിച്ച സ്റ്റേ നീക്കം ചെയ്യണമെന്നും ഉടൻ നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പർണേഷ് മോദി ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇതൊക്കെ കൂട്ടി വായിക്കാൻ തോന്നും.

രാഹുൽ ഗാന്ധിയുടെ അനുഭവം വെളിപ്പെടുത്തുന്നത് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ മാത്രമല്ല. ഏകാധിപത്യപരമായ പാതയിലേക്ക് രാഷ്ട്രീയം നീങ്ങുമ്പോൾ അതിനൊപ്പം നിൽക്കുന്ന നീതിന്യായ സംവിധാനത്തിന്റെ അപചയം കൂടി പുറത്തു വരുന്നുണ്ട്. ക്രിമിനൽ ഡിഫമേഷൻ പോലുള്ള പ്രാകൃത നിയമങ്ങൾ നിയമപുസ്തകത്തിൽ നിന്നും നീക്കം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments