തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന ഇക്കാലത്ത്​ ‘തുറമുഖം’ ഒരു ചരിത്രക്കാഴ്​ച മാത്രമല്ല

മലയാളത്തിൽ, തൊഴിലാളികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചലച്ചിത്രങ്ങൾ അറുപതുകളിലും എഴുപതുകളിലും നിർമ്മിക്കപ്പെട്ടിരുന്നു. തൊഴിലാളികളുടെ കഥയെന്നത്, അവരുടെ പോരാട്ടത്തിന്റെ കഥയായിരുന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ', ‘മൂലധനം’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങി നിരവധി ചലച്ചിത്രങ്ങൾ തൊഴിലാളി ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. ആ ദിശയിലേയ്ക്കാണ് രാജീവ് രവി ‘തുറമുഖ’ത്തിലൂടെ ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.

1953 സെപ്റ്റംബർ 15 നാണ് മട്ടാഞ്ചേരി വെടിവെപ്പ്​ നടന്നത്. മൂന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേരളത്തിലെ തൊഴിലവകാശ സമര ചരിത്രത്തിൽ ചാപ്പ വിരുദ്ധ സമരവും മട്ടാഞ്ചേരി വെടിവെപ്പും അർഹമായ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു വ്യവസായ നഗരമായി കൊച്ചി വികസിച്ചതിൽ അറബിക്കടലിനും തുറമുഖത്തിനും നിർണായക സ്ഥാനമുള്ളതുപോലെ, തൊഴിലാളികൾക്കുമുണ്ട്. അദ്ധ്വാനശക്തി മാത്രം കൈമുതലുള്ള തൊഴിലാളികൾ, ഗ്രാമങ്ങളിൽ നിന്ന്​ ജോലി തേടി കൊച്ചി തുറമുഖത്തെത്തി, അതിജീവിച്ചത് രക്തമൊഴുക്കിയ പോരാട്ടങ്ങളിലൂടെയാണ്. തൊഴിലവകാശങ്ങൾക്കുവേണ്ടി മട്ടാഞ്ചേരിയിലെ തൊഴിലാളികൾ നടത്തിയ സുദീർഘ സമരത്തിന്റെ ചരിത്രം യഥാതഥമായി ദൃശ്യാഖ്യാനം ചെയ്യുകയാണ് ‘തുറമുഖം'.

‘കാട്ടാളന്മാർ നാട് ഭരിച്ച്, നാട്ടിൽ തീമഴ പെയ്തപ്പോൾ, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ?'-പി.ജെ. ആന്റണി എന്ന നാടകപ്രതിഭ എഴുതിയ ഈ മുദ്രാവാക്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്. മണികണ്ഠനാചാരിയുടെ ഇടിമുഴക്കമുള്ള മുദ്രാവാക്യം വിളി തിയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷക ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിയ്ക്കും . ‘തുറമുഖ'ത്തിലുടനീളം ഉശിരൻ മുദ്രാവാക്യങ്ങളുടെ ഘോഷയാത്രയാണ്. ചൂഷിതരായ തൊഴിലാളികൾ, ഹൃദ്​രക്തത്തിൽ ചാലിച്ചെഴുതിയ മുദ്രവാക്യങ്ങളിൽ അവരുടെ വേദനയും രോഷവുമൊക്കെ സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. കാലഘട്ടത്തിനിണങ്ങുന്ന വാക്കുകളും വരികളും ചേർത്തുകോർത്താണ് അൻവർ അലി മുദ്രാവാക്യങ്ങൾ രചിച്ചിരിക്കുന്നത്.

തുറമുഖം സിനിമയിൽ നിന്ന്

ചതിയന്മാരാം ഇണ്ടെക്കേ
തൊഴിലാളികളെ വഞ്ചിച്ച്
ചരക്കിറക്കാൻ നോക്കണ്ട
സാഗർ റാണി കപ്പലീന്ന്
ചരക്കിറക്കാൻ നോക്കണ്ട

കോനാകമ്പനി സ്റ്റീവ്‌ഡോറേ
ഒത്തുകളിക്കും സെക്കട്രീ
തൊഴിലാളികളെ വഞ്ചിച്ച്
ചരക്കിറക്കാൻ നോക്കണ്ട
സാഗർ റാണി കപ്പലീന്ന്
ചരക്കിറക്കാൻ നോക്കണ്ട

ഇണ്ടെക്കിൻ പട്ടിക്ക് മാത്രം പണിയെങ്കിൽ
അപ്പണി ഞങ്ങ നിറുത്തിക്കും

കരിങ്കാലിച്ചെറ്റകൾ ചാപ്പയുമായ് വന്നാൽ
ആ ചാപ്പ ഞങ്ങ പറപ്പിക്കും

കൽക്കരിയായാലും കാരിരുമ്പായാലും
കപ്പലു ഞങ്ങ കത്തിക്കും
സാഗർ റാണി കത്തിക്കും

സാഗർ റാണീൽ ചരക്കുണ്ടെങ്കിൽ
ഞങ്ങടെ കൈക്ക് കരുത്തുണ്ടെങ്കിൽ
ചരക്കു നിങ്ങളിറക്കില്ല

ഞങ്ങടെ മക്കൾ വെശന്നു കരയുമ്പൊ
ഞങ്ങടെ ചോരയാൽ വാർഫു ചുവക്കുമ്പൊ
ഒരിക്കലും നിങ്ങളിറക്കില്ല
ചരക്കു നിങ്ങളിറക്കില്ല

ഞങ്ങടെ ശവത്തിൽ ചവിട്ടിയേ നിങ്ങ
ചരക്കിറക്കൂ കട്ടായം

ചതിയന്മാരേ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
കരിങ്കാലികളേ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
സ്റ്റീവ്‌ഡോറേ, സെക്കട്രീ
പോലീസേ സർക്കാരേ
കണ്ടോളൂ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
കണ്ടോളൂ കണ്ടോളൂ
സീപ്പീസീയെൽയൂ ചെമ്പടയെ

സീപ്പീസീയെൽയൂ സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്

1930 കളിൽ മലബാർ, തിരുവിതാംകൂർ രാജ്യങ്ങളിൽ നിന്ന്​ തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ നിസ്വവർഗ്ഗത്തിന്റെ കഥയാണ് ‘തുറമുഖം' പറയുന്നത്. അറബിക്കടലിന്റെ തീരത്ത് ഒരു വ്യവസായ നഗരം വളർന്നു വരുന്നതുകൊണ്ടു തന്നെ തൊഴിലാളികളുടെ അനുസ്യൂതമായ ഒഴുക്ക് അവിടേയ്ക്കുണ്ടായി. എന്നാൽ, തൊഴിലാളികളുടെ അവസ്ഥ അടിമസമാനമായിരുന്നു.1886 മെയ് 4 ന് ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ, തൊഴിൽസമയം 8 മണിക്കൂറായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത തൊഴിലാളികൾക്കുനേരെ വെടിവെപ്പുണ്ടാകുകയും നാലുപേർ കൊല്ലപ്പെട്ടുകയും നൂറുകണക്കിന് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹേ മാർക്കറ്റ് കൂട്ടക്കൊലയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ നിരന്തരം സംഘടിപ്പിയ്ക്കപ്പെട്ട സമരത്തിന്റെ ഫലമായാണ് എട്ടു മണിക്കൂർ തൊഴിലവകാശം നിയമമായത്.

മെയ് ദിനാചരണം ആരംഭിച്ച് ഒന്നരപ്പതിറ്റാണ്ടിനുശേഷവും കൊച്ചിയിലെ തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവന്നിരുന്നു. തുറമുഖത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കണമെങ്കിൽ വലിയൊരു കടമ്പ കൂടി കടക്കേണ്ടതുണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായതുകൊണ്ടുതന്നെ, ദിവസേന നൂറ് കണക്കിന് തൊഴിലന്വേഷകർ തുറമുഖത്തെത്തും. തൊഴിലെടക്കുവാനുള്ള യോഗ്യതയെന്നത് ആരോഗ്യവും സന്നദ്ധതതയുമായിരുന്നില്ല. മറിച്ച്, കൈയ്യൂക്കായിരുന്നു. മൂപ്പനും കോൺട്രാക്റ്ററും തൊഴിലാളികൾക്കിടയിലേക്ക് എറിഞ്ഞുകൊടുക്കുന്ന ചാപ്പ (ചെമ്പു നാണയം) കരസ്ഥമാക്കുന്നവർക്കായിരുന്നു ആ ദിവസം തൊഴിൽ ലഭിക്കുന്നത്. അത് ദിവസവും ആവർത്തിക്കുന്നു. ചാപ്പയ്ക്കു വേണ്ടി, തൊഴിലാളികൾ നടത്തുന്ന തമ്മിലടി കണ്ട് രസം പിടിച്ചു നിൽക്കുന്ന മൂപ്പനെ എതിർക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. എന്നാൽ, ചൂഷണം അസഹനീയമായപ്പോൾ തൊഴിലാളികൾ സംഘടിച്ചു. അവർ ചെങ്കൊടിയ്ക്ക് കീഴിൽ അണിനിരന്നു. കൊച്ചിൻ പോർട്ട് കാർഗോ ലേബർ യൂണിയൻ എന്ന തൊഴിലാളി സംഘടന രൂപീകരിച്ച്, ചൂഷണത്തിനെതിരെ അണിനിരന്നു. അവകാശബോധത്തോടെ തൊഴിലാളികൾ ഒന്നിച്ചപ്പോൾ മുതലാളിമാരുടെ സംരക്ഷണത്തിന് പോലീസിന്റെ ഹിസാത്മക ശക്തിയെത്തി. തൊഴിലാളികളുടെ സമരവീര്യവും ഭരണകൂടത്തിന്റെ നൃശംസതയും ഏറ്റുമുട്ടിയപ്പോൾ മട്ടാഞ്ചേരിയിൽ രക്തപ്പൂക്കൾ വിടർന്നു. ആ ആവേശകരമായ തൊഴിലാളി സമര ചരിത്രമാണ് രാജീവ് രവി അഭ്രപാളികളിലെത്തിച്ചിരിക്കുന്നത്.

മലബാറിൽ നിന്ന്​ മട്ടാഞ്ചേരിയിലേയ്ക്ക് കുടിയേറിയ മൈമുവിലൂടാണ് ‘തുറമുഖം' തുടങ്ങുന്നത്. ബ്ലാക്ക് ആൻറ്​ വൈറ്റിന്റെ ചാരുതയിലാണ് അക്കാലത്തെ രാജീവ് രവി ദൃശ്യവത്കരിക്കുന്നത്. പോരാട്ടത്തിന് പ്രാരംഭം കുറിച്ച് മൈമു മണ്ണിലേയ്ക്ക് മടങ്ങി. മടങ്ങും മുൻപ് ഭാര്യ ഉമ്മയോട് ‘ഞാനില്ലെങ്കിലും നീ നമ്മടെ മക്കളെ വളർത്തില്ലേ?'എന്ന മൈമുവിന്റെ ചോദ്യത്തിൽ പകച്ചുപോയെങ്കിലും അവർ മൂന്ന് മക്കളെയും വളർത്തി വലുതാക്കി. ഉമ്മയുടെയും മക്കളുടെയും പോരാട്ടത്തിന്റെ കൂടി കഥയാണിത്​.

മലയാളത്തിൽ, തൊഴിലാളികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചലച്ചിത്രങ്ങൾ അറുപതുകളിലും എഴുപതുകളിലും നിർമ്മിക്കപ്പെട്ടിരുന്നു. തൊഴിലാളികളുടെ കഥയെന്നത്, അവരുടെ പോരാട്ടത്തിന്റെ കഥയായിരുന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ', ‘മൂലധനം’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങി നിരവധി ചലച്ചിത്രങ്ങൾ തൊഴിലാളി ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. ആ ദിശയിലേയ്ക്കാണ് രാജീവ് രവി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.

1953-ലെ വെടിവെപ്പിൽ കൊല്ലപ്പെട്ട സെയ്ദും സെയ്ദലവിയും പിന്നീട് ലോക്കപ്പ് മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട ആന്റണിയുമൊക്കെ അഭ്രപാളികളിൽ പുനർജനിക്കുന്നു. മട്ടാഞ്ചേരിയിൽ ഹിന്ദുവും മുസൽമാനും കൃസ്ത്യാനിയുമൊക്കെ ഏകോദര സഹോദരങ്ങളെപ്പോലെ ചേർന്നു നിന്ന് പോരാടിയെന്നത് ഇന്ന് എടുത്തു പറയേണ്ടതുണ്ട്. സമരങ്ങളാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നതും വർഗീയ, വിഭാഗിയ ചിന്തകളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതെന്നതും തുറമുഖം നൽകുന്ന വെളിച്ചമാണ്.

1968ൽ പി.എം.ചിദംബരം എഴുതി സംവിധാനം ചെയ്ത ‘തുറമുഖം' എന്ന നാടകം അടിസ്ഥാനപ്പെടുത്തി, അദ്ദേഹത്തിന്റെ മകൻ ഗോപൻ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചാരം മൂടിക്കിടന്നിരുന്ന പ്രക്ഷോഭക്കനലുകളെ പ്രോജ്വലിപ്പിക്കും വിധത്തിൽ ചലച്ചിത്ര സാക്ഷാത്കരം നടത്തിയത് രാജീവ് രവിയാണ്. ഗോകുൽദാസിന്റെ കലാസംവിധാനമികവും എടുത്തു പറയേണ്ടതാണ്. 1930 കളിൽ ആരംഭിച്ച്, 53 ൽ അവസാനിക്കുന്ന സിനിമയിൽ കാലഘട്ടം പുനരാവിഷ്‌കരിക്കുവാനുള്ള കലാസംവിധായകന്റെ പരിശ്രമം വിജയം കണ്ടു. പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. പൂർണിമ ഇന്ദ്രജിത്, സുദേവ് നായർ എന്നിവർ അവിസ്മരണീയ പകർന്നാട്ടമാണ് നടത്തിയത്. ജോജു ജോർജ്ജിന്റെ സ്‌ക്രീൻ പ്രസൻസ് എടുത്തു പറയേണ്ടതാണ്. നിവിൻ പോളി, അർജ്ജുൻ അശോകൻ, നിമിഷ സജയൻ, എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിന്നു. എട്ടും പൊട്ടും തിരിയാത്ത ഖദീജ എന്ന പെൺകുട്ടിയായുള്ള ദർശനയുടെ പ്രകടനം ശ്രദ്ധിക്കപ്പെടേണ്ടതാണ് .

തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന ഇക്കാലഘട്ടത്തിൽ ‘തുറമുഖം' തുറന്നു വയ്ക്കുന്ന സമരചരിത്രം വെറും കാഴ്ചകൾ മാത്രമായി അവശേഷിയ്ക്കണ്ടതല്ല. പുതിയ തലമുറയോട് ‘തുറമുഖം' പറയുന്നത്, അനീതിയോടും അസത്യത്തോടും സന്ധിയില്ലാതെ പോരാടുവാനാണ്. വേഷം മാറിയ മൂപ്പന്മാരും കങ്കാണിമാരും ചാട്ടയും ചാപ്പയുമായി മുന്നിൽ നിൽക്കുമ്പോൾ ഇടിമുഴക്കം പോലെ മുഴങ്ങേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ചാണ്​ ഈ സിനിമ ഓർമപ്പെടുത്തുന്നത്​.

Comments