The Worst Person in the World എന്ന സിനിമയിൽ നിന്ന്

പ്രണയത്തിനുത്തരവാദി
നമ്മളല്ലാതെ പിന്നെ ആര്​?

പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.

‘‘എടാ, നമുക്കുചെയ്യാൻ പറ്റുന്ന ഏക കാര്യം, എല്ലാം പൂർണമായ ഭാവനയായിട്ടങ്ങു കാണിക്കുക എന്നേയുള്ളു. ഒരു മാധവിക്കുട്ടി ലൈൻ ..എങ്ങനുണ്ട്? ശരിക്കും നടന്നതാണോ അതോ എല്ലാം ഫാന്റസി ആണോ എന്നൊന്നും ആളോൾക്കു പുടി കിട്ടരുത്. ഉള്ളതൊള്ളത് പോലെ പറഞ്ഞാപ്പിന്നെ വിമർശനമായി, റിവ്യൂസ് ആയി ആകെ സുഖമൊക്കെയങ്ങു പോകും...നമുക്ക് ഒക്കെ പറയാതെ പറയാം... എന്റെ ഐഡിയയും നിന്റെ ക്യാമറയും കൂടെ ആവുമ്പോ നമുക്ക് വേണ്ടതൊക്കെ കാണിച്ചൂന്നൊരാശ്വാസവുമായി. ഈ തിരക്കഥയൊക്കെ സത്യസന്ധമായി എഴുതുകാന്നു പറഞ്ഞാ ഇത്ര പണിയാണെന്നു തൊടങ്ങിയപ്പോ. കരുതിയില്ല ഞാൻ.. ഇതിപ്പോ അഡ്വാൻസും മേടിച്ചേച്ചു പിന്മാറാനും പറ്റാതായില്ലേ?
പിന്നെ മാർകേസിന്റെ മകൾ ഇന്ദിര ഇപ്പോ പുറത്തു വന്നതു പോലൊക്കെ കാര്യങ്ങൾ എന്നേലും വെളിപ്പെട്ടോട്ടെ. അന്ന് നമ്മളുണ്ടാവില്ലേലും വെളിപ്പെടാനുള്ളതൊക്കെ സെറ്റ് ആക്കീട്ടു പോയാൽ മതിയല്ലോ. എന്റെയാ കുഞ്ഞി പയ്യനില്ലേ, ഫോൺ നന്നാക്കാൻ കൊടുത്തിട്ടു ഹാക്ക് ചെയ്തവൻ... അവനൊക്കെ വളർന്നു വരുമ്പോഴേക്കും രസായിട്ടു റിവീൽ ചെയ്‌തോളും... അത് നമുക്ക് സെറ്റാക്കാം.

നീ ഒന്നാലോചിച്ചു നോക്കിയേ.. ആരേലും വിശ്വസിക്ക്വോ ഇതൊക്കെ... പോസ്റ്റ് പാർട്ടം മൂത്ത്​, കൊച്ചിനെ പോലും നോക്കാത്ത ഐശ്വര്യ, ടിൻഡർ ചെക്കനെ നോക്കി സ്വയംഭോഗം ചെയ്തൂന്നു കാണിച്ചാ ഒടിടി-യിൽ പോലും ആളോള് മുഖം ചുളിക്കൂല്ലേ? ക്വാറന്റയിൻ കാലത്തിന്റെ ബോറടിയിൽ നാലു പേരെ സ്ഥിരമായി വെർച്വൽ വേഴ്ചക്ക് തയ്യാറാക്കി നിർത്തിയെന്നൊക്കെ പറഞ്ഞാ, പെണ്ണുങ്ങളുടെ ചാരിത്ര്യം ഞാൻ സംരക്ഷിച്ചില്ലേന്നും പറഞ്ഞ്​ എന്നെ ശബരിമലേ പോലും കേറ്റത്തില്ലെടാ. ശാരിക ഇന്നലേം കൂടെ പറഞ്ഞതാ, ശരത്തേന്നോ ശ്യാമേന്നോ മറ്റോ വിളിച്ചോണ്ട് അവള് ഭർത്താവിന്റെ മോളിൽ കേറി സുഖിച്ചെന്നും പറഞ്ഞു ലവൻ അപ്പൊ തന്നെ അവളുടെ ഫോൺ ചെക്ക് ചെയ്ത് അർധരാത്രിക്ക് അലമ്പാക്കിയെന്ന്... മെർലിന്റെ അന്നത്തെ ഞെട്ടൽ ഓർക്കുന്നുണ്ടോ നീ... അവൾടെ മുൻപിലെ, റൂം മേറ്റ് ആഷിഫേടെ തുണിയുരിഞ്ഞ പ്രകടനം....കൈയും കാലും വിറച്ചു അവൾ എറങ്ങി ഓടിയത്.. ഈയിടെയായി ചെലരൊക്കെ, ആരൊക്കെയാന്നു നിനക്കറിയാല്ലോ, ഈ സെക്ഷ്വൽ സ്റ്റഫ് വാരിക്കോരി എഴുതുന്നുണ്ട്, അവർക്കൊക്കെ നല്ല പണീം കിട്ടുന്നുണ്ട്. അവരെയൊന്നും നമുക്കീ കാര്യത്തിൽ കോൺടാക്ട് ചെയ്യുവേമൊന്നും വേണ്ട, അതിലും ഭീകര ഉരുപ്പടിയല്ലേ നമ്മുടെ കൈയിൽ... ഹാഹാ. ഈ സമാന്തര പ്രണയമൊക്കെ അംഗീകരിച്ച ടീംസ് അന്ന് ഗ്രൂപ്പിൽ കുത്തിന് പിടിച്ചു സീനാക്കിയതോ... ആ ആർമിക്കാരൻ ജിജോ എടപെട്ടില്ലാരുന്നേൽ പിറ്റേന്ന് വാർത്തയായേനെ. ഹൊ, അവനാ ജീനേടെ അരക്കെട്ടിലൂടെ കൈയിട്ടു പൊക്കി സേവ് ചെയ്തത് ഓർക്കുമ്പോ... എന്റെ പൊന്നു ചെക്കാ... ഇപ്പോഴും പെരുവിരലേന്നങ്ങു കേറും മേലോട്ട്... ഇതൊക്കെ എങ്ങനെ സീൻ ബൈ സീൻ ആയി അടുക്കുമെന്നാ.. ആകെ എഴുപതെണ്ണമേ പറ്റത്തുമൊള്ളൂ.

എടാ, നീ അവിടെയുണ്ടല്ലോ അല്ലേ.. എല്ലാം റെക്കോർഡ് ചെയ്യുവാന്നും പറഞ്ഞു ഫോണും ഓൺ ചെയ്തു വെച്ച് നീ അടുക്കളേ പോയോ? എന്നാലും കൊഴപ്പമില്ല..എനിക്കീ സ്‌ക്രിപ്റ്റ് എഴുതാനിരിക്കുമ്പോഴൊക്കെ വല്ലാത്ത സദാചാര ബ്ലോക്ക് ആണെടാ. എഴുതാനുള്ളത് നമുക്ക് ചുറ്റുമുള്ളതൊക്കെ തന്നെയാ. ഈ സദാചാരമൊന്നും ആരുടേയും പേർസണൽ ലൈഫിലില്ല. പറേന്നതും എഴുതുന്നതും മാത്രേയുള്ളു പുറത്തു കാണിക്കാൻ കൊള്ളുന്നത്. ബാക്കിയൊക്കെ ഫേക്കാടാ. പക്ഷെ പാക്ക് ചെയ്തു ഇതൊക്കെ സ്‌ക്രീനിൽ എത്തിക്കുമ്പോ എല്ലാരുടേം ഫേക്ക് കമന്റ്സിന് ഒരു കൊറവുമില്ല. എനിക്കാണേൽ എല്ലാരുടേം ജീവിതത്തി നടക്കുന്നതൊക്കെ എഴുതുവേം പുറത്തു കാണിക്കുവേം ചെയ്യുമ്പോ, ഒക്കെ ഉള്ളിലൊതുക്കി വിഷമിച്ചു നടക്കുന്നോർക്കു ഒരു ആത്മവിശ്വാസം കൊടുക്കാല്ലോ. ജീവിതം ഇത്രേയുള്ളൂ, സന്തോഷത്തോടെ ഇരിക്കൂ എന്നൊക്കെ ഉള്ളിൽ തോന്നിപ്പിക്കാല്ലോ എന്നൊക്കെയാ. പക്ഷെ, വല്ലാത്ത ബ്ലോക്കാണെടോ..
ഞാനീ പറേന്നതൊക്കെ ഒരു ഓഡിയോ സിനിമ ആക്കിയാലോ? നമുക്ക്.. പേർസണൽ കോൺവെർസേഷൻസ് ദൃശ്യമാക്കിയാലേ സിനിമ ആകത്തൊള്ളോ? നമ്മൾ കണ്ടതും അനുഭവിച്ചതും വളരെയധികം മയപ്പെടുത്തി പറയാൻ പഠിക്കണം. ക്രീയേറ്റീവിറ്റി കോമ്പ്രമൈസ് ചെയ്യണം അല്ലേ? ഫേക്കായി തന്നെ ചെയ്യേണ്ടി വരും അല്ലേ?...’’

''പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്. സന്തോഷകരവും ലഘുവും ആയാസരഹിതവുമായ മാനസികാവസ്ഥക്കു പകരം, ഇത്തരം സാഹചര്യത്തിൽ പ്രണയം ഒരാൾക്ക് നൽകുന്നത് ഉത്കണ്ഠയും മാനസിക സംഘർഷവുമാണ്.'' / Illustration: Curt Merlo

പറഞ്ഞുവന്നത് സൗഹൃദങ്ങളിൽ പോലും വെളിപ്പെടുത്താത്ത അതിതീവ്രമായ പ്രണയ മുഹൂർത്തങ്ങളെക്കുറിച്ചാണ്. പ്രണയത്തെ പ്രമേയമായി കൈകാര്യം ചെയ്യുമ്പോഴുള്ള ഇരട്ടത്താപ്പിനെക്കുറിച്ചാണ്. മലയാളിയുടെ സദാചാരകള്ളത്തരങ്ങൾ പോലെ അതെത്ര സുതാര്യമാണ്! അടുത്തും അകലെയും സംഭവിക്കുന്ന, സമാന്തരവും ബഹുമുഖവുമായ പ്രണയങ്ങളും അതിന്റെ പെരുക്കങ്ങളും നമ്മൾ കാണുന്നുണ്ട്. കുടുംബത്തിനകത്തും ജോലിസ്ഥലത്തും പൊതുനിരത്തിലും കോഫിഷോപ്പിലും ബീച്ചിലും അടച്ചിട്ട ജനാലക്കും വാതിലിനുമുള്ളിലും തിങ്ങിവിങ്ങി തുടിച്ചുപൊന്തുന്ന പ്രണയത്തെയും നമുക്കറിയാം. പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരുതരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്. സന്തോഷകരവും ലഘുവും ആയാസരഹിതവുമായ മാനസികാവസ്ഥക്കു പകരം, ഇത്തരം സാഹചര്യത്തിൽ പ്രണയം ഒരാൾക്ക് നൽകുന്നത് ഉത്കണ്ഠയും മാനസിക സംഘർഷവുമാണ്. ഇവ പിന്നീട് കുടുംബബന്ധങ്ങളെയും സദാചാരവിശ്വാസങ്ങളെയും പലതരത്തിൽ ബാധിക്കുന്നുണ്ടെങ്കിലും, അതേസംബന്ധിച്ച മൗലികമായ ചർച്ചകളും ആവിഷ്‌കാരങ്ങളും മലയാളത്തിൽ സജീവമാകാതെ പോകുകയും ചെയ്യുന്നു. പ്രണയത്തിലും കാമത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന പ്രവണതകളെയും കാഴ്ചകളെയും സർഗാത്മകമായി പര്യാലോചിക്കാൻ പൊതുസമൂഹം ലജ്ജിക്കുകയോ ഭയക്കുകയോ ചെയ്യുന്നുണ്ട്. അല്ലെങ്കിൽ പ്രണയവിഷയത്തിന് ബൗദ്ധിക മുടക്കുമുതൽ കൊടുക്കേണ്ടെന്ന പൊതുവായ തോന്നലും ശക്തമായിരിക്കാം.

സുസ്ഥിര കുടുംബത്താൽ കവചിതമായ ഗവേഷണ വിഷയങ്ങളാണ് അക്കാദമികമേഖലയിലും പ്രാഥമികമായി പഠിക്കപ്പെടാറുള്ളത്. പഠനശേഷം കുടുംബബന്ധങ്ങളിലെ അപാകതകൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുത്താറുണ്ട്. എന്നാൽ, കുടുംബബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും മറ്റേതൊരുതരം മനുഷ്യ ബന്ധങ്ങളിലും എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. പ്രണയത്തിന്റെ ചില കാണാപ്പുറങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റുമുള്ള മുഖ്യധാരാ പ്രണയ ഭാവനകളുടെ പശ്ചാത്തലത്തിൽ ഏതു തരം പ്രണയത്തെയാണ് നമ്മൾ പിൻതാങ്ങുന്നതെന്നും, വിഭാവനം ചെയ്യുന്നതെന്നും യഥാർത്ഥ ലോകത്തിൽ ഏതെല്ലാം തരം പ്രണയങ്ങളാണ് സംഭവിക്കുന്നതെന്നും കാണേണ്ടതുണ്ട്.

അധികാര പദവിയുടെയും സാമൂഹ്യഘടനയുടെയും പ്രശ്‌നങ്ങൾ നിലനിൽക്കെ പ്രണയ സാധ്യതകളെ സഹജമായി നേരിടാൻ നമ്മൾ ശീലിക്കേണ്ടതുണ്ട്. അതാതു നാട്ടിലെ സാംസ്‌കാരിക- സദാചാരമൂല്യങ്ങൾക്കനുസരിച്ച്​, പ്രണയ പ്രകടനങ്ങളുടെ സ്വഭാവവും മാറുന്നുണ്ട്. പങ്കാളികൾ കൈമാറുന്ന തികച്ചും വ്യക്തിപരമായ പ്രണയാനുഭവങ്ങൾക്ക്, സാമൂഹ്യമാനം കൈവരുന്നത് അങ്ങനെയാണ്.

വിവാഹിതരുടെ പ്രണയം കുടുംബബന്ധങ്ങളെ താളം തെറ്റിക്കുന്നതായും ആ തെറ്റുകൾ ഏറ്റു പറഞ്ഞു സ്വന്തം പങ്കാളിയിലേക്കു തിരിച്ചെത്തിക്കുന്നതായും ചെയ്യലാണ് മിക്ക മലയാള സിനിമകളുടെയും ഹാപ്പി ഫോർമുല. കവിതകളിൽ അവിടെയും ഇവിടെയും വടിവൊത്തതല്ലാത്ത, അരികുകളിലെ പ്രണയം പ്രതിപാദിച്ചു പോകുന്നുണ്ട്. സിനിമാഗാനങ്ങളാകട്ടെ നഷ്ടപ്രണയങ്ങളെയും കാത്തിരിപ്പിനെയും വാഴ്​ത്തിപ്പുകഴ്​ത്തുകയും ചെയ്യുന്നു. സ്‌നേഹത്തിനു വേണ്ടി വ്യക്തികൾ നടത്തുന്ന സ്വയത്യാഗങ്ങളും വിട്ടുവീഴ്ചകളും പങ്കാളി ഒരിക്കൽ തിരിച്ചറിയുമെന്ന കാത്തിരിപ്പുമൊക്കെ അതിശയോക്തി കലർത്തിയും അത്യന്തം കാല്പനികവൽക്കരിച്ചുമാണ് നമ്മുടെ സിനിമകൾ കാണിച്ചുകൊണ്ടേയിരിക്കുന്നത്.
ഏകപതിയും പത്‌നീയും മാത്രമുള്ള ശ്രേഷ്ഠആദർശത്തിലധിഷ്ഠിതമായ മലയാളി സമൂഹമെന്നു പുറമെ അഭിമാനിക്കുകയും അതിനു അനുകൂലമായി വാദിക്കുകയും ചെയ്യുമ്പോൾ തന്നെ എല്ലാത്തരം സാമൂഹ്യ അതിരുകളെയും തകർത്തു അനവധി പ്രണയങ്ങൾ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്; പ്രണയത്തിനങ്ങനെ ഒരുതരത്തിലുമുള്ള അതിരുകളില്ലല്ലോ. അവയിൽ എല്ലാവൈവിധ്യങ്ങളുണ്ട്.
എന്തുകൊണ്ടാണ് ഒരാൾ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നത്? എങ്ങനെയാണ്​ പ്രണയം അനുഭവിക്കാനും പ്രകടിപ്പിക്കാനുമാവുന്നത്? പ്രണയത്തെ അനുഭവിക്കാനുള്ള ഒരാളുടെ കഴിവിന് തടസ്സമായി നിൽക്കുന്നത് എന്താണ്? പരസ്പരം ഒരുമയോടെ ബഹുമാനത്തോടെ കഴിയേണ്ട വീടുകൾ എങ്ങനെയാണ് സ്‌നേഹരാഹിത്യങ്ങളുടെ, അസ്വസ്ഥതകളുടെ ഉറവിടമാവുന്നത്?

പ്രണയമനസ്സുകളുടെ വ്യക്തിചരിത്രം

പ്രണയവും വെറുപ്പും (ലവ് ആൻഡ് ഹേറ്റ്) വളരെ ശക്തമായ വിരുദ്ധ വികാര നിലപാടുകളായാണ് മനോവിശ്ലേഷണ സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രണയിനിയെ പരിപൂർണമായി സ്വന്തമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരെ പൂർണ്ണമനസ്സോടെ വെറുക്കുന്ന പരസ്പര വിരുദ്ധമായ ഉഭയഭാവനയാണത്. പ്രണയം രണ്ടുപേർ തമ്മിൽ മാത്രമുള്ള ഇടപാടല്ലാത്തതുകൊണ്ട്, അത്ര തന്നെ ലളിതവും സുന്ദരവുമല്ല നമ്മുടെ ചുറ്റുമുള്ള പ്രണയപ്രത്യാഘാതങ്ങൾ എന്നുള്ളതുകൊണ്ട് പ്രണയത്തെക്കുറിച്ച്​ കൂടുതൽ അറിയേണ്ടതുണ്ട്. പ്രണയത്തിന്റെ നിർവചനങ്ങൾ ഓരോ വ്യക്തിയുടെയും അനുഭവതലവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ചെറുപ്പ കാലത്തു നേരിട്ട കഠിനമായ സ്‌നേഹനിരാസങ്ങളോ ഇച്ഛാഭംഗങ്ങളോ കടുത്ത നിയന്ത്രണങ്ങളോ ഒക്കെ, മുതിരുമ്പോൾ താനെന്ന വ്യക്തിയെ, അവയിൽ നിന്നൊക്കെ വേർതിരിച്ചു മനസ്സിലാക്കാനാവാതെ, ശീലിച്ചുവളർന്ന സാദൃശ്യമാതൃകകളെ ആവർത്തിക്കുന്ന സ്വഭാവരീതികളിലേക്കു മാറുന്നു. അതുകൊണ്ടുതന്നെ, ഏതുതരത്തിലുള്ള പ്രണയി/നിയാണ് താനെന്ന ബോധമാണ് ഒരാൾക്ക് ആദ്യം ഉണ്ടാവേണ്ടത്. എന്ന് വെച്ചാൽ, പ്രണയിക്കുമ്പോഴോ അതിനു മുന്നേയോ ഒരാൾക്ക് സ്വയാവബോധം അത്യാവശ്യമാണ്. സ്‌നേഹിക്കപ്പെടുകയോ ആഗ്രഹിക്കപ്പെടുകയോ ചെയ്യാനായില്ലെങ്കിൽ വ്യക്തികൾ മാനസികമായി തകർന്നുപോകുകയും, അടക്കാനാവാത്ത അമർഷവും പകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് മാനസികരോഗചികിത്സയിൽ സ്ഥിരാനുഭവമാണ്. വ്യക്തിബന്ധങ്ങളിൽ അവിഭാജ്യമായ ഒന്നായി മാറുന്ന പ്രണയത്തിന്റെ വേരോട്ടം അത്ര അനായാസം വെളിപ്പെടുന്നതല്ല. സ്വയാന്വേഷണം മറ്റൊരാളിൽ ചെന്നെത്തി നിൽക്കുമ്പോഴാവും പലപ്പോഴും തിരിഞ്ഞു നോട്ടം സംഭവിക്കാറ്.

ദിൽവാലെ ദുൽഹനിയ ലേജായെഗെ-യിലെ രംഗം. ''പ്രണയമായി ഇപ്പോൾ അവതരിപ്പിക്കപ്പെടുന്ന കാഴ്ചകളിലേറെയും വാസ്തവത്തിൽ പലതരത്തിലുള്ള ആസൂത്രിത നിർമിതികളാണ്. മറകളും വെച്ചുകെട്ടലുകളും ഇവിടെ, താനല്ലാത്ത മറ്റെന്തോ ആയി മാറാൻ പ്രേരിപ്പിക്കുകയാണ്. ഈ മായക്കാഴ്ചകൾക്കപ്പുറം ശരീരവും മനസ്സും തുറന്നു വെക്കാനും കൈമാറാനും മുൻ മാതൃകകളില്ലാതെ നമുക്ക് കഴിയേണ്ടതുണ്ട്.''

സ്ഥാനാന്തരഗമനം (transference), എതിർ സ്ഥാനാന്തരഗമനം (countertransference) എന്നിങ്ങനെയുള്ള രണ്ടു പ്രക്രിയകൾ നമ്മുടെയൊക്കെ ബന്ധങ്ങളിൽ വളരെ സാധാരണമായി അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്. എന്റെ പ്രണയി/നിക്ക് എനിക്കറിയാവുന്ന ആരുടെയെങ്കിലും പെരുമാറ്റവുമായി സാമ്യമുണ്ടെങ്കിൽ ഞാൻ എങ്ങനെയാണോ അവരോടു പെരുമാറുന്നത്, അതേപോലെ തന്നെ പ്രണയിനിയോടും പെരുമാറുന്നു. ഇതാണ് സ്ഥാനാന്തരഗമനം. എതിർ സ്ഥാനാന്തരഗമനം എന്നാൽ എന്റെ പ്രണയി/നിയും, എന്നോട്, അവർക്ക് അഗാധ ബന്ധമുള്ള ആരോടോ പോലെ പെരുമാറുന്നു എന്നതാണ്. പ്രണയാനുഭവങ്ങളിൽ കടന്നുവരാറുള്ള സ്വാഭാവിക പ്രകൃതിയാണിവ. പരസ്പരമുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും തീവ്രമാക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും ഈ പ്രക്രിയക്ക് സാധിക്കും. സ്വയം പ്രതിഫലിക്കുന്നത് പ്രണയപങ്കാളിയിലാണെന്ന് വിശ്വസിക്കുന്ന ഒരാൾ, അവരുടെ ഏറ്റവുമടുത്ത മറ്റാരെയോ ആണ് പങ്കാളിയിൽ തേടുന്നതെന്നു അത്ര ലളിതമായി തിരിച്ചറിയണമെന്നില്ല.

പ്രണയ സംബന്ധമായ പാശ്ചാത്യ മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രബലമാണെങ്കിലും ആത്മികവും താത്വികവുമായ മാനമാണ് പൗരസ്ത്യ ചിന്തകൾ പ്രണയത്തിനു നൽകുന്നത്. കേവലം അതിജീവനത്തിനുപരി, ജീവിതത്തിന്റെ അർത്ഥത്തേയും അന്തസത്തയെയും അന്വേഷിക്കലായി പ്രണയം മാറുന്നു. അവരവർ എന്താണോ എങ്ങനെയാണോ അതിനെ അതായി തന്നെ അവതരിപ്പിക്കാനുള്ള ഇടമുണ്ടാക്കുക എന്നതാണ് പ്രധാനം. പ്രണയമായി ഇപ്പോൾ അവതരിപ്പിക്കപ്പെടുന്ന കാഴ്ചകളിലേറെയും വാസ്തവത്തിൽ പലതരത്തിലുള്ള ആസൂത്രിത നിർമിതികളാണ്. മറകളും വെച്ചുകെട്ടലുകളും ഇവിടെ, താനല്ലാത്ത മറ്റെന്തോ ആയി മാറാൻ പ്രേരിപ്പിക്കുകയാണ്. ഈ മായക്കാഴ്ചകൾക്കപ്പുറം ശരീരവും മനസ്സും തുറന്നു വെക്കാനും കൈമാറാനും മുൻ മാതൃകകളില്ലാതെ നമുക്ക് കഴിയേണ്ടതുണ്ട്. അധികാര പദവിയുടെയും സാമൂഹ്യഘടനയുടെയും പ്രശ്‌നങ്ങൾ നിലനിൽക്കെ പ്രണയ സാധ്യതകളെ സഹജമായി നേരിടാൻ നമ്മൾ ശീലിക്കേണ്ടതുണ്ട്.

അതാതു നാട്ടിലെ സാംസ്‌കാരിക- സദാചാരമൂല്യങ്ങൾക്കനുസരിച്ച്​, പ്രണയ പ്രകടനങ്ങളുടെ സ്വഭാവവും മാറുന്നുണ്ട്. പങ്കാളികൾ കൈമാറുന്ന തികച്ചും വ്യക്തിപരമായ പ്രണയാനുഭവങ്ങൾക്ക്, സാമൂഹ്യമാനം കൈവരുന്നത് അങ്ങനെയാണ്. അവരവരുടെ മനസ്സിലേക്ക് എത്തിപ്പെടാനും അതിനെ കാണാനുമുള്ള അടിസ്ഥാന കഴിവ് ചെറിയ പ്രായം മുതലേ നമ്മൾ വളർത്തിയെടുക്കേണ്ടതാണ്. ഒരുപക്ഷെ വിദ്യാഭ്യാസമെന്നത് ജീവോന്മുഖമായ മനോനിയന്ത്രണത്തിനുള്ളതും കൂടെയാണല്ലോ. കരുതലോടെ സ്വയം ഉടച്ചുകൊണ്ട് മറ്റൊരാളുടെ സ്‌നേഹത്തെ നമുക്ക് അനുവദിച്ചു കൊടുക്കാനാവുന്നത് ആത്മാവബോധത്തിൽ നിന്നാണ്. പ്രണയബന്ധങ്ങളിലെ സുരക്ഷിതത്വമില്ലായ്മ തുടങ്ങുന്നത് വലിയൊരു പരിധിവരെ അവരവരിൽനിന്നുതന്നെയാണെന്നിരിക്കെ, സ്വയംഉത്തരവാദിത്തത്തോടെ പ്രണയിക്കാനും കാമിക്കാനും നമ്മുടെ ഇളം തലമുറയെ ആരാണ് തയ്യാറാക്കേണ്ടത്?

ജലാലുദ്ദീൻ റൂമിയുടെ വരികൾ ഇവിടെ പ്രസക്തമാവുന്നു:‘Out beyond ideas of wrongdoing and right-doing, there is a field. I will meet you there. When the soul lies down in that grass, the world is too full to talk about. Language, ideas, even the phrase ‘each other' doesn't make any sense. This then is the realm we are entering.'.

പ്രണയത്തിന്റെ അത്യന്തം സ്വകാര്യമായ അനന്യത, ഒരാളെ സമഗ്രതയുള്ള വ്യക്തി ആക്കുമെങ്കിൽ, പ്രണയത്താൽ ജീവിതം ഏകീകരിക്കപ്പെടുമെങ്കിൽ, നിങ്ങൾക്ക് സ്വച്ഛമനസ്സോടെ ഊറ്റം കൊള്ളാവുന്ന കൈമുതലാണത്. കാരണം പ്രണയം അവരവരെ തന്നെയാണ് തിരയുന്നത്, ഇനിയുമിനിയും, ഏറെ ദയാവായ്പോടെ.▮

Reference:Love and Hate: Existentialism and Psychoanalysis - A Personal Perspective.(accessed Jan 20 2022).

ധ്വനി ബുക്സ് പ്രസിദ്ധീകരിക്കുന്ന (എഡിറ്റർ: റിനി രവീന്ദ്രൻ) ‘പെണ്ണുങ്ങളുടെ പ്രേമ വിചാരങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്​.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


റ്റിസി മറിയം തോമസ്

എഴുത്തുകാരി, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ജെൻഡർ സ്​റ്റഡീസ്​, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ​​​​​​​ഇറങ്ങിനടപ്പ്​, പെൺവഴി(എഡിറ്റർ), പെണ്ണിര (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.

Comments