ത്രിപുര, നാഗാലാൻറ്​, മേഘാലയ: തോറ്റുപോകാത്ത ചില പ്രതീക്ഷകൾ

ജനഹിതത്തെ അട്ടിമറിച്ച് സ്വന്തമായ ഭരണകൂടങ്ങളുണ്ടാക്കുക എന്ന തന്ത്രത്തിനാണ് ബി.ജെ.പി പ്രദേശിക പാർട്ടികളെ ഇതുവരെ ഉപയോഗപ്പെടുത്തിവന്നിട്ടുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ‘സഖ്യ'ങ്ങൾക്കും അവയുടെ തെരഞ്ഞെടുപ്പുജയങ്ങൾക്കും പുറകിൽ പ്രാദേശിക ജനതകളെയും പാർട്ടികളെയും രാഷ്ട്രീയ കെണിയിലകപ്പെടുത്തുന്ന ബി.ജെ.പി തന്ത്രമാണുള്ളത്.

ത്രിപുര, നാഗാലാൻറ്​, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുഫലം പ്രത്യക്ഷത്തിൽ ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും, അത് പ്രതിപക്ഷത്തിന്റെ സാധ്യതകളെ തീർത്തും അടച്ചുകളയുന്ന ഒന്നല്ല. സി.പി.എം- കോൺഗ്രസ് സഖ്യത്തിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും, ബി.ജെ.പി 2018ൽ നേടിയ ഏകപക്ഷീയ ജയം ആവർത്തിക്കാനായില്ല എന്നത്​ ശ്രദ്ധേയമാണ്​.

ബി.ജെ.പി സഖ്യത്തിന്റെ സീറ്റ് ചോർച്ചയുമായി താരതമ്യം ചെയ്താൽ സി.പി.എമ്മിന് കഴിഞ്ഞ തവണത്തേക്കാൾ രണ്ടു സീറ്റ് മാത്രമാണ് നഷ്ടം. മറിച്ച്, ബി.ജെ.പി സഖ്യത്തിന്റെ വോട്ടുവിഹിതത്തിൽ കാര്യമായ ചോർച്ചയുമുണ്ടായി. അതായത്​, ന്യൂസ്​ ഡസ്​കുകളിൽ നടക്കുന്ന ‘താമരത്തളിക’, താമരത്തിളക്കം’ തിമിർപ്പുകൾ, ആവേശമൊക്കെ ഒന്നു മാറ്റിവച്ച്​ പരിശോധിച്ചാൽ, ഊതിവീർപ്പിച്ച ബലൂണുകളാണെന്നു ബോധ്യമാകും.

ആകെയുള്ള 60ൽ 31 സീറ്റാണ് കേവല ഭൂരിപക്ഷം. 33 സീറ്റ് നേടിയാണ് ബി.ജെ.പി- ഐ.പി.എഫ്.ടി സഖ്യത്തിന് ഭരണത്തുടർച്ച ലഭിച്ചത്. പ്രദ്യോത് ദേബ് ബർമയുടെ തിപ്ര മോത പാർട്ടിയുടെ വിജയമാണ് ഇത്തവണത്തെ ഹൈലൈറ്റ്. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളിൽ സി.പി.എം- കോൺഗ്രസ് സഖ്യത്തോടൊപ്പമെത്തിയ പാർട്ടി, 13 സീറ്റ് നേടി, സംസ്ഥാനത്തെ ഏറ്റവും നിർണായകമായ പൊളിറ്റിക്കൽ ഗെയിമിലെ ലക്ഷണമൊത്ത കണ്ണിയായി മാറി. ബി.ജെ.പി ഭരണത്തിനെതിരായ വോട്ടുകൾ തിപ്ര മോത്തക്ക് സമാഹരിക്കാൻ കഴിഞ്ഞുവെന്ന് വ്യക്തം. ബി.ജെ.പി സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുടെ തകർച്ചയും തിപ്ര മോതയുടെ സാന്നിധ്യം മൂലമാണ്.
14 സീറ്റിൽ വിജയിച്ച സി.പി.എം- കോൺഗ്രസ് സഖ്യം ഒരു ഘട്ടത്തിൽ ബി.ജെ.പി സഖ്യത്തിനുമുന്നിലെത്തിയെങ്കിലും ലീഡ് നിലനിർത്താനായില്ല.

2018ൽ ബി.ജെ.പി 36 സീറ്റിലും സഖ്യകക്ഷിയായ ഐ.പി.ഇ.ടി 18 സീറ്റിലുമാണ് വിജയിച്ചത്. സി.പി.എമ്മിന് 16 സീറ്റ് ലഭിച്ചു. ഈ റിസൾട്ടുമായി താരതമ്യം ചെയ്താൽ, ഇത്തവണ ബി.ജെ.പിയുടെ ജയം അത്ര തിളക്കമുള്ളതല്ല. അതേസമയം, സി.പി.എം ഒലിച്ചുപോകാതെ പിടിച്ചുനിൽക്കുകയും ചെയ്തു. ഗോത്രമേഖലകളിൽ വൻ കുതിപ്പ് നടത്തിയ തിപ്ര മോത പാർട്ടിയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടെല്ലാം ‘തരാതരം' പ്രതിബദ്ധത പുലർത്തുന്ന പ്രദ്യോത് ദേബ് ബർമനുമായി ബി.ജെ.പി ചർച്ച തുടങ്ങിക്കഴിഞ്ഞു. സമ്പൂർണ സ്വയംഭരണാവകാശമുള്ള ഗ്രേറ്റർ തിപ്രാലാൻറ്​ എന്ന സംസ്ഥാനമാണ് ബർമന്റെ ഏറ്റവും വലിയ ഡിമാൻറ്​. ഈ ആവശ്യം രേഖാമൂലം സമ്മതിക്കുന്ന ആരുമായും ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്​.

പ്രദ്യോത് ദേബ് ബർമൻ

തെരഞ്ഞെടുപ്പ് ഫലം വന്നതിനുതൊട്ടുപുറകേ, ഗ്രേറ്റർ തിപ്രാലാൻറ്​ എന്ന ആവശ്യം ഒഴികെയുള്ളവ അംഗീകരിക്കാമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. നേരിയ ഭൂരിപക്ഷം മൂലമുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാനുള്ള ഉപായമെന്ന നിലയിൽ, തിപ്ര മോതയുമായുള്ള വിലപേശലുകൾ ഏതറ്റം വരെ പോകുമെന്നാണ് കണ്ടറിയേണ്ടത്. ഗോത്രമേഖലയിൽ ഐഡന്റിറ്റി പൊളിറ്റിക്‌സ് പയറ്റിയാണ് തിപ്ര മോത ആധിപത്യം പുലർത്തുന്നത്. സർക്കാർ രൂപീകരണത്തിൽ ഒരു കിംഗ് മേക്കറാകാനുള്ള സാധ്യത മുന്നിൽ കണ്ട്, കാമ്പയിൻ സമയത്തുതന്നെ പ്രദ്യോത് ദേബ് ബർമൻ, ഒന്നിലേറെ മുഴങ്ങൾ മുൻകൂട്ടിയെറിഞ്ഞിരുന്നു. കാമ്പയിന്റെ അവസാന ദിവസം നടന്ന റാലിയിൽ, വോട്ടെടുപ്പിനുശേഷം താൻ ‘രാഷ്ട്രീയം വിടും' എന്ന 'ഞെട്ടിപ്പിക്കുന്ന' പ്രഖ്യാപനം നടത്തി. ‘തെരഞ്ഞെടുപ്പിനുശേഷം ഒരു രാജാവായി ഇനിയൊരിക്കലും ജനങ്ങളോട് വോട്ട് തേടില്ല' എന്ന സെന്റിമെൻറ്​സോടെ. പിന്നീട്, അതിലൊരു വിട്ടുവീഴ്ച നടത്തി: സജീവ രാഷ്ട്രീയത്തിലുണ്ടാകും എന്ന്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന തനിക്ക് രാഹുലും പ്രിയങ്കയും മമതാ ബാനർജിയുമൊക്കെയായി ‘നല്ല' ബന്ധമാണുള്ളതെന്നും അദ്ദേഹം സൂചന നൽകിയിരുന്നു.

‘ഡബ്ൾ എഞ്ചി'ന്റെ പവറുകൊണ്ടുമാത്രം ഇത്തവണ ജയിക്കാൻ പാടാണെന്ന ആശങ്കയുണ്ടായിരുന്ന ബി.ജെ.പി, തുടക്കം മുതൽ ഒരു തോഴനെ പ്രദ്യോത് ദേബ് ബർമനിൽ കണ്ടിരുന്നു. അത് യാഥാർഥ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ത്രിപുരയിൽ ഇത്തവണ ബി.ജെ.പി ഹൈടെക് പ്രചാരണമാണ് നടത്തിയത്. കാമ്പയിനിൽ മുഖ്യമന്ത്രി മണിക് സാഹക്കൊപ്പം നരേന്ദ്രമോദിയുടെ സാന്നിധ്യവും ഉറപ്പുവരുത്തി. ഗോത്രവർഗക്കാരെയും യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങളും ബി.ജെ.പി നൽകി.

സി.പി.എം ജനപക്ഷ പ്രകടനപത്രികയാണ് അവതരിപ്പിച്ചത്. ഒരു വർഷം 50,000 തൊഴിൽ, 2014ലെ ഹൈകോടതി വിധിയെതുടർന്ന് ജോലി നഷ്ടപ്പെട്ട 10,323 സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ജോലി, ട്രൈബൽ ഏരിയ ഓട്ടോണോമസ് ജില്ലാ കൗൺസിലിന് കൂടുതൽ അധികാരം, എല്ലാ കുടുംബത്തിനും 50 യൂണിറ്റുവരെ സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് സി.പി.എം മുന്നോട്ടുവച്ചത്. സി.പി.എമ്മിന് ഗ്രാമീണ- സെമി അർബൻ മേഖലകളിലുണ്ടായിരുന്ന സ്വാധീനം പൂർണമായും തിരിച്ചുപിടിക്കാനായില്ലെങ്കിലും ശക്തമായ പോരാട്ടം കാഴ്​ചവക്കാനായി. കോൺഗ്രസിനെയെന്ന പോലെ സി.പി.എമ്മിന് തിപ്ര മോതയെയും സഖ്യത്തിൽ ചേർത്തുനിർത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ ത്രിപുരയിലെ ഫലം മറ്റൊന്നാകുമായിരുന്നു.

മേഘാലയ: ‘മാജിക് നമ്പർ' ബി.ജെ.പി തീരുമാനിക്കും

ഭരണസഖ്യമായ മേഘാലയ ഡെമോക്രാറ്റിക് സഖ്യത്തിലെ പ്രധാന പാർട്ടിയായ നാഷനൽ പീപ്പിൾസ് പാർട്ടി 25 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തൃണമൂൽ കോൺഗ്രസ് അഞ്ചിടത്തും ബി.ജെ.പി മൂന്നിടത്തും ജയിച്ചു. കേവല ഭൂരിപക്ഷത്തിന് 30 സീറ്റാണ് വേണ്ടത്. തൃണമൂൽ കോൺഗ്രസ് നേടിയ അഞ്ച് സീറ്റാണ് ഇത്തവണ ഏറെ ശ്രദ്ധേയം. മേഘാലയ, ആസാം, ത്രിപുര, ഗോവ തുടങ്ങിയ വടക്കുകിഴക്കൻ മേഖലയിൽ കാലുറപ്പിക്കാൻ ടി.എം.സി ഏറെ കാലമായി കഠിനശ്രമത്തിലാണ്. 2018 വരെ എട്ടുവർഷം മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സംസ്ഥാനത്തെ മുഖവുമായിരുന്ന മുകൾ സാംഗ്​മ 12 എം.എൽ.എമാരോടൊപ്പം 2021ൽ ടി.എം.സിയിലെത്തി. അതോടെ, ഒരു രാത്രി പുലർന്നപ്പോൾ സംസ്ഥാനത്ത് പാർട്ടി മുഖ്യ പ്രതിപക്ഷമാകുകയും കോൺഗ്രസ് നാമാവശേഷമാകുകയും ചെയ്തു. ഇതാണ്​, ടി.എം.സിയുടെ വടക്കുകിഴക്കൻ മേഖലാ സ്വപ്​നങ്ങൾക്ക്​ ഊർജം പകർന്നത്​.

മുകുൾ സാംഗ്മ

മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും മുകുൾ സാംഗ്മയും തമ്മിയലായിരുന്നു ഇത്തവണ മത്സരം. ഭരിക്കാൻ ആവശ്യമായ ‘മാജിക് നമ്പർ' ഇല്ലെങ്കിൽ ഏതു പാർട്ടിയുമായും ചേരുമെന്ന് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ പറഞ്ഞിട്ടുണ്ട്. ഇത് ബി.ജെ.പിക്കുള്ള ഒരു നീട്ടുകൂടിയാണ്. എന്തുവില കൊടുത്തും കോൺറാഡ് സാംഗ്മക്കൊപ്പം ചേരാൻ ബി.ജെ.പിക്ക് ഒരു മടിയുമുണ്ടാകില്ല.
യുവാക്കൾക്ക് വലിയ പ്രാതിനിധ്യമുണ്ടായിരുന്ന തെരഞ്ഞെടുപ്പായിരുന്നു മേഘാലയയിൽ ഇത്തവണ. പ്രധാന രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളുടെയെല്ലാം ശരാശരി പ്രായം 46 വയസാണ്. 34 ശതമാനം സ്ഥാനാർഥികളും 40നുതാഴെയുള്ളവർ. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളിൽ 40 വയസുകാർ 38 ശതമാനമായിരുന്നു. ബി.ജെ.പിയിൽ 35, എൻ.പി.പി 35, കോൺഗ്രസ് 32 ശതമാനം വീതം. അതുകൊണ്ടുതന്നെ യുവാക്കൾക്ക് തൊഴിലവസരം വർധിപ്പിക്കുക എന്ന ഉറപ്പായിരുന്നു എല്ലാ പാർട്ടികളും ഉയർത്തിയത്.

നാഗാലാന്റിൽ ആദ്യമായി സ്ത്രീ എം.എൽ.എമാർ

നാഗാലാന്റിൽ എൻ.ഡി.പി.പി- ബി.ജെ.പി സഖ്യം വലിയ വിജയമാണ്​ നേടിയത്​. 60 അംഗ സഭയിൽ സഖ്യം 39 സീറ്റ് നേടി. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത സ്ഥിതിയാണ്. 2018ലാണ്​ എൻ.ഡി.പി.പി- ബി.ജെ.പി സഖ്യം 15 വർഷം നീണ്ട നാഗാ പിപ്പീൾസ് ഫ്രണ്ട് (എൻ.പി.എഫ്) ഭരണം അവസാനിപ്പിച്ചത്​. അന്ന്​ 26 സീറ്റ് നേടി എൻ.പി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബി.ജെ.പിയുടെ കാലുമാറ്റത്തോടെ, അവർക്ക് സർക്കാറുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പിനുമുമ്പ് സഖ്യകക്ഷിയായിരുന്ന എൻ.പി.എഫുമായുള്ള സഖ്യം തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ഉപേക്ഷിക്കുകയും 18 സീറ്റ് നേടിയ എൻ.ഡി.പി.പിയുമായി സർക്കാറുണ്ടാക്കുകയുമായിരുന്നു. ക്രിസ്ത്യൻ ഫാക്റ്റർ വോട്ടിംഗിനെ സ്വാധീനിക്കുന്ന സംസ്​ഥാനം കൂടിയാണ്​ നാഗാലാൻറ്​.

ഹെക്കാനി ജെക്കാലു, സാൽഹൂട്ടുനോ ക്രൂസേ

രണ്ട് സ്ത്രീസ്ഥാനാർഥികളുടെ ജയത്തോടെ, നാഗാലാന്റിലെ ഈ തെരഞ്ഞെടുപ്പ് ഒരു ചരിത്രം കൂടിയായി. 1963ൽ സംസ്ഥാന പദവി ലഭിച്ചശേഷം നടന്ന 14 തെരഞ്ഞെടുപ്പുകളിലൊന്നും നിയമസഭയിലേക്ക് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1977ലെ തെരഞ്ഞെടുപ്പിൽ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ റാനോ മെസെ ഷാസിയ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ഏക സ്ത്രീ സാന്നിധ്യം. സംസ്ഥാനത്ത് ആകെയുള്ള 13.17 ലക്ഷം വോട്ടർമാരിൽ 6.61 പുരുഷന്മാരും 6.56 ലക്ഷം സ്ത്രീകളുമാണ്. സ്ത്രീ സാക്ഷരത 76.11 ശതമാനം, ദേശീയ ശരാശരിയായ 64.6നേക്കാൾ മെച്ചം. എന്നാൽ, രാഷ്ട്രീയരംഗത്ത് സ്ത്രീസാന്നിധ്യം തീരെയില്ല. ഇതുവരെയുള്ള ഒരു തെരഞ്ഞെടുപ്പിലും ആറ് സ്ത്രീകളിൽ കൂടുതൽ മത്സരരംഗത്തുണ്ടായിട്ടില്ല. ഇത്തവണ 183 സ്ഥാനാർഥികളിൽ നാല് സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. രണ്ടുപേർ എൻ.ഡി.പി.പി, ഒരാൾ വീതം കോൺഗ്രസും ബി.ജെ.പിയും. എൻ.ഡി.പി.പിയിലെ ഹെക്കാനി ജെക്കാലു, സാൽഹൂട്ടുനോ ക്രൂസേ എന്നിവരാണ് ജയിച്ചത്. ക്രൂസേ സംരംഭകയാണ്. ഹെക്കാനി ജെക്കാലു അഭിഭാഷകയും ആക്റ്റിവിസ്റ്റുമാണ്.

ദേശീയ പ്രതിപക്ഷത്തിന്റെ കൂടി ‘ഫലം’

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വരുന്നതിന്റെ തലേന്ന്, ചെന്നൈയിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ 70ാം ജന്മദിനാഘോഷവേളയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, കോൺഗ്രസിന്റെ ഒരു നിലപാടു മാറ്റം പ്രഖ്യാപിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്ന് കോൺഗ്രസിന് നിർബന്ധമില്ല. അതായത്, കോൺഗ്രസുകാർ തന്നെ അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ഒരു നിർബന്ധവും പാർട്ടിക്കില്ല.

പ്രതിപക്ഷത്തെ ഓരോ പാർട്ടിക്കും ഓരോ പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന ബി.ജെ.പിയുടെ പരിഹാസം ഇതോടെ നിർവീര്യമായി. മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടി സ്വയം രംഗത്തുള്ള മമതാ ബാനർജിയെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെയും നേരിടാനുള്ള സമർഥമായ ഒരു വഴി തുറക്കുക കൂടിയാണ് ഖാർഗെ ചെയ്തത്. അതായത്, സഖ്യത്തിലെ ഒരു പ്രാദേശിക പാർട്ടിയുടെ നേതാവിനുവരെ പ്രധാനമന്ത്രിയാകാൻ കഴിയുന്ന ഒരു സ്‌പെയ്‌സ്, ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി തുറന്നിട്ടിരിക്കുകയാണ് എന്നർഥം.

റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം എടുത്ത പ്രധാന തീരുമാനം, സമാന ചിന്താഗതിയുള്ള പാർട്ടികളുമായി യോജിക്കാം എന്നായിരുന്നു. 2004ലെ യു.പി.എയേക്കാൾ വിപുലമായൊരു സഖ്യത്തെക്കുറിച്ചാണ് കോൺഗ്രസ് സൂചന നൽകുന്നത്. അതിലേക്കുള്ള ഏറ്റവും പ്രധാന ചുവടുവെപ്പായിരുന്നു ത്രിപുരയിലെ സി.പി.എം- കോൺഗ്രസ് സഖ്യം.

ഈ തെരഞ്ഞെടുപ്പിൽ, സർക്കാറുണ്ടാക്കാനായില്ലെങ്കിലും, ബി.ജെ.പിക്കെതിരെ മതനിരപേക്ഷ ശക്തികളുടെ തെരഞ്ഞെടുപ്പുസഖ്യം പ്രായോഗികമാണ് എന്ന് ത്രിപുര തെളിയിച്ചു. തമിഴ്‌നാടും ബിഹാറും യു.പിയും അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളെയും മതനിരപേക്ഷ കക്ഷികളെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു പ്രതിപക്ഷ സഖ്യത്തിനായി കോൺഗ്രസ് തുറന്നിട്ട സാധ്യതകൾ മറ്റ് ദേശീയ- പ്രാദേശിക പാർട്ടികൾക്ക് എങ്ങനെ വിപുലപ്പെടുത്താനാകും എന്ന ചോദ്യമാണ്, ഈ തെരഞ്ഞെടുപ്പുഫലങ്ങളുടെ അടിസ്ഥാനം. ത്രിപുരയിലെ തിപ്ര മോത പാർട്ടിയുടെ വിജയം, കോൺഗ്രസ് അടക്കമുള്ള ദേശീയ പാർട്ടികൾക്ക് ഒരു പാഠമാണ്. മാത്രമല്ല, തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ട്​ കുറഞ്ഞുവരികയാണ്​ എന്നത്​, വിജയങ്ങൾക്കിടയിൽ വിസ്​മരിക്കേണ്ട ഒരു കാര്യവുമല്ല.

ജനഹിതത്തെ അട്ടിമറിച്ച് സ്വന്തമായ ഭരണകൂടങ്ങളുണ്ടാക്കുക എന്ന തന്ത്രത്തിനാണ് ബി.ജെ.പി പ്രദേശിക പാർട്ടികളെ ഇതുവരെ ഉപയോഗപ്പെടുത്തിവന്നിട്ടുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ‘സഖ്യ'ങ്ങൾക്കും അവയുടെ തെരഞ്ഞെടുപ്പുജയങ്ങൾക്കും പുറകിൽ പ്രാദേശിക ജനതകളെയും പാർട്ടികളെയും രാഷ്ട്രീയ കെണിയിലകപ്പെടുത്തുന്ന ബി.ജെ.പി തന്ത്രമാണുള്ളത്. ഫെഡറലിസത്തിന്റെയും പ്രാദേശിക ജനതകളുടെയും യഥാർഥ പ്രാതിനിധ്യത്തിലൂന്നിയ രാഷ്ട്രീയപ്രയോഗങ്ങൾക്കുമാത്രമേ ഇത്തരം ഇലക്ടറൽ പൊളിറ്റിക്‌സിനെ പ്രതിരോധിക്കാൻ കഴിയൂ. ഇപ്പോൾ, കോൺഗ്രസ് തുടക്കമിടുന്നത് അത്തരമൊരു നീക്കത്തിനാണ് എങ്കിൽ അത് അടുത്ത പൊതുതെരഞ്ഞെടുപ്പിലും ഭാവി ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനമുണ്ടാക്കും.


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments