അതിനു ശേഷം നമ്മെത്തേടി
ആ സൂപ്പര്‍ വൈറസുകള്‍ തന്നെ വരും
അതിനു ശേഷം നമ്മെത്തേടി ആ സൂപ്പര്‍ വൈറസുകള്‍ തന്നെ വരും
8 Apr 2020, 10:42 AM
അടിയന്തരാവസ്ഥക്കാലങ്ങള്‍, സ്വേച്ഛാധിപത്യം വാഴുന്നിടങ്ങളില്‍ ചിന്തയുടെ സ്വയംനിയന്ത്രണത്തിന്റെ കാലം കൂടിയായി ജനം ഏറ്റെടുക്കാറുണ്ട്. ഭരണകൂടത്തിന് പലതും മറയ്ക്കാനുള്ള തിരശ്ശീലയാണ് യഥാര്‍ഥത്തില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കം. ലോകജനതയുടെ മൂന്നിലൊരുഭാഗം അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന ഈ സമയത്ത്, മറക്കാനും മറയ്ക്കാനും പാടില്ലാത്ത നിരവധി കാര്യങ്ങള്‍ ചുറ്റിലുമുണ്ട്. ഈ മഹാമാരിക്കുമുമ്പുള്ള അനവധി പ്രതിസന്ധികള്‍ ശേഷവും തുടരും, നമ്മുടെ ശരീരത്തെ ലക്ഷ്യമിടുന്ന വൈറസിനേക്കാള്‍ മാരകമായി. അതുകൊണ്ട്, ആ പ്രതിസന്ധികളെക്കൂടി അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല.
ലോക്ഡൗണ്‍ കാലത്തെ ഏറ്റവും തീവ്രമായ ഒരു കാഴ്ചയായിരുന്നു, ഇന്ത്യന്‍ നഗരങ്ങളില്‍നിന്നുള്ള തൊഴിലാളി കുടുംബങ്ങളുടെ പലായനം. ആഗോളീകരണത്തിനുശേഷം സ്വന്തം ഗ്രാമത്തിലെ കൃഷിയില്‍നിന്നും ഭൂമിയില്‍നിന്നും തൊഴിലില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ടവരുടെ ഒരു എതിര്‍പ്രയാണമായിരുന്നു അത്, സ്വന്തമല്ലാത്ത ഇടങ്ങളിലേക്ക് വീണ്ടും. ഇത് വികസനവും സമ്പത്തുമായും ബന്ധപ്പെട്ട വലിയൊരു പ്രതിസന്ധിയാണ്.
ഭരണകൂടം കൊണ്ടുവരുന്ന ഏതു നിയന്ത്രണവും ജനാധിപത്യത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കും. വൈറസ് എത്തുമ്പോള്‍ രാജ്യത്ത് വിദ്യാര്‍ഥികളും യുവാക്കളും സ്ത്രീകളും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന പൊതുസമൂഹം തെരുവിലായിരുന്നു. വൈറസിന് പ്രതിരോധമുയര്‍ത്താന്‍ സാമൂഹിക ഉത്തരവാദിത്തത്തോടെ നമ്മള്‍ അകലം പാലിക്കുകയും കൂട്ടം ചേരാതിരിക്കുകയും ചെയ്യുമ്പോഴും യാഥാര്‍ഥ്യം തെരുവില്‍ അലഞ്ഞു തിരിയുക തന്നെയാണ് . പൗരന്മാര്‍ക്കും ഭരണഘടനക്കും ജനാധിപത്യത്തിനും നാനാത്വത്തിനും എതിരായ വംശീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ തുടരുകതന്നെ ചെയ്യും, അഥവാ അവ എന്നേക്കുമായി ക്വാറന്റൈന്‍ ചെയ്യപ്പെട്ടു എന്ന് ധരിക്കേണ്ടതില്ല.
സാധാരണ മനുഷ്യനുനേരെ ഇന്ന് വഴിയോരത്ത് പ്രയോഗിക്കപ്പെടുന്ന പൊലീസതിക്രമങ്ങള്‍ യാദൃച്ഛികമല്ല , കാരണം, ഒരു 'പൊട്ടന്‍ഷ്യല്‍ ഓട്ടോക്രസി'ക്കുകീഴിലാണിന്ന് ജനജീവിതം . ആ സമഗ്രാധിപത്യത്തിന്റെ ബലപ്രയോഗങ്ങള്‍ ഇത്തരം ലോക്ഡൗണുകളിലൂടെ കരുത്താര്‍ജിക്കാതിരിക്കണം. നമ്മുടെ സാമൂഹിക ബോധം കതകടച്ച് സ്വച്ഛമായി ഒരു പുതപ്പിനടിയില്‍ കിടക്കേണ്ട സമയമല്ലിത്. കൊറോണ വൈറസിനെ നാളെ ആധുനിക വൈദ്യശാസ്ത്രം വഴി മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ കഴിയും. പക്ഷെ, ഈ മനുഷ്യ ലോകത്തെ വിഭജിക്കുന്ന വംശീയതയെയും വിദ്വേഷരാഷ്ട്രീയത്തെയും വര്‍ഗീയതയെയും ഭരണകൂട ഹിംസകളെയും മൂലധനാധിനിവേശത്തെയും പാരിസ്ഥിതികാക്രമണങ്ങളെയും പേറുന്ന സൂപ്പര്‍ വൈറസുകളെ എങ്ങനെ അതിജീവിക്കും. അതല്ലേ ഇപ്പോഴും യഥാര്‍ഥ പ്രതിസന്ധി? അതല്ലേ എന്നത്തെയും ചോദ്യം? വഴികളടഞ്ഞുപോയ, സഞ്ചാരം നിലച്ച നിശ്ചലാവസ്ഥയെ 'ബ്രേക്കു'ചെയ്യാന്‍ ഒരു പുതിയ ചിന്തയ്‌ക്കേ കഴിയൂ, സമീപകാലത്ത് ഉയര്‍ന്നുവന്ന ആഗോള കൊമേഴ്‌സ്യല്‍ മീഡിയ മാര്‍ക്കറ്റ് , മാധ്യമങ്ങളെക്കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണ, അതായത് അവയ്ക്ക് പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ കഴിയും എന്ന തോന്നല്‍ തിരുത്തി. ഒരുതരം ഏകപക്ഷീയമായ സംവാദാത്മകതയുടെ വ്യാജ ഇടങ്ങളിലായിരുന്നു അവയുടെ നിലനില്‍പ്. അതുകൊണ്ടാണ്, അവയ്ക്ക് സമകാലികതയെ മറികടക്കാന്‍ കഴിയാതിരുന്നത്, ഭാവിയുടെ ഒരു ചെറുചലനത്തെപ്പോലും പ്രവചിക്കാന്‍ കഴിയാതിരുന്നത്. നിലനില്‍പിനുവേണ്ടിയുള്ള മനുഷ്യനടക്കമുള്ള ജീവപ്രപഞ്ചത്തിന്റെ അതിജീവനസമരങ്ങെളയെല്ലാം പുറേമ്പാക്കിലാക്കി, ഈ ആഗോള മാധ്യമ ഒലിഗോപോളി സൃഷ്ടിച്ചെടുത്ത പൊതുമണ്ഡലത്തെയാണ് നാം യഥാര്‍ഥമെന്നും ജനാധിപത്യപരമെന്നും കരുതിയത്. ഈ മാധ്യമ സാമ്രാജ്യത്തില്‍ രാജാക്കന്മാരും പ്രജകളും മാത്രമേയുണ്ടായിരുന്നുള്ളൂ, പൗരന്മാരോ പങ്കാളികളോ ഉണ്ടായിരുന്നില്ല. യാഥാസ്ഥിതിക മാധ്യമങ്ങളുടെ ജനിതകത്തിന് വിമതത്വമൊരുക്കാന്‍ നവമാധ്യമങ്ങള്‍ക്ക് ഫലപ്രദമായി കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനമാണ്, പുതിയൊരു മാധ്യമചിന്തയുടെ അടിസ്ഥാനം. ഇതുവരെ നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭാഷ, ഉള്ളടക്കം, വായന, കാഴ്ച, കേള്‍വി എന്നിവയുടെ സമീപനങ്ങളെ നിരസിച്ചുകൊണ്ട്, ചിന്തിക്കുന്ന വായനക്കാരുടെ ബൗദ്ധിക മൂലധനം രൂപപ്പെടുത്തുക എന്ന പരിശ്രമമാണ് മുന്നില്‍. ഉടമസ്ഥതയുടെ നിയമങ്ങള്‍ ഭരിക്കാത്തതും ബൗദ്ധികതയുടെ ഏറ്റവും തീവ്രമായ പങ്കുവെക്കലുകള്‍ സാധ്യമാകുന്നതുമായ ഒരു പൊതു ഇടം സൃഷ്ടിച്ചെടുക്കുകയാണ് ഇപ്പോഴത്തെ വെല്ലുവിളി.
ഒരുവിധ സാങ്കേതികതയുടെയും അകമ്പടിയില്ലാതെ തന്നെ അരാജകമായും അതിരില്ലാതെയും സഞ്ചരിച്ചുകൊണ്ടിരുന്ന ഒന്നാണ് ഒരു സാധാരണ മലയാളിയുടെ ബൗദ്ധികലോകം. എന്നാല്‍, ആ ബൗദ്ധിക മൂലധനം ക്രിയാത്മകമായി വിനിയോഗിക്കപ്പെട്ടില്ല. ആഗോള അന്വേഷണങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു പ്ലാറ്റ്‌ഫോം അസാധ്യമാക്കപ്പെടുകയും ഉപരിപ്ലവമായ ആനുകാലികത്വത്തില്‍ മലയാളി തളച്ചിടപ്പെടുകയുമാണ് ചെയ്തത് . വാണിജ്യ മാധ്യമ നിലയങ്ങളുടെ ഡൈനാമിക്‌സിനെ അതേപോലെ പിന്തുടരാനുള്ള സമ്മര്‍ദ്ദം കൊണ്ടാവാം, ചിന്താസഞ്ചാരത്തെ കെട്ടഴിച്ചുവിട്ട ഡിജിറ്റല്‍ യുഗത്തിന്റെ സൃഷ്ടിയായ നവമാധ്യമങ്ങളും ആനുകാലികത്വത്തിന്റെ ആഴമില്ലായ്മ മറികടക്കാന്‍ ക്ലേശിക്കുകയാണ്.
ഇത്തരം തിരിച്ചറിവുകളാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ ഉള്ളടക്കം. അത്, ഏറ്റവും പുതിയ മലയാളിയെ, ഭാവിയിലെ മലയാളിയെ കൃത്യമായി പ്രതിനിധീകരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ആ ആഗോള മലയാളിയായിരിക്കും ഈ മാധ്യമത്തിന്റെ മൂലധനം. മലയാളിയെ, ആ സത്തക്ക് അര്‍ഹമാക്കിയ വിശാലമായ മാനവികതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വിമതത്വത്തിന്റെയും വിയോജിപ്പിന്റെയും ഭൂമികയായിരിക്കും ഈ പ്ലാറ്റ്‌ഫോമിന്റെ അടിത്തറ. നവമാധ്യമത്തിന്റെ സാമ്പ്രദായികതയെ നിരസിച്ച്, ഒരു ആഗോള ഉള്ളടക്കം. പ്രപഞ്ചത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയവും കലയും ശാസ്ത്രവും സാമ്പത്തികശാസ്ത്രവും സാങ്കേതികതയും സാമൂഹിക ജീവിതവും അതിന്റെ ഏറ്റവുമാഴത്തിലും പ്രതിബദ്ധതയോടെയും രേഖപ്പെടുത്തപ്പെടും. നവീനമായ സാങ്കേതികവിദ്യ ചിന്തയുടെയും ഭാവനയുടെയും സര്‍ഗാത്മകതയുമായി ഇണചേരുന്ന ഒരനുഭവത്തിനാണ് ശ്രമം. ഇവിടെ ,ട്രൂകോപ്പി തിങ്കില്‍ വായനാസമൂഹം പങ്കാളിമാത്രമല്ല, അവര്‍ തന്നെയാണ് മൂലധനം.
Follow Us on: Facebook Page | Youtube | Telegram | Twitter | Instagram
Santhosh Kottayi
24 Oct 2020, 01:12 PM
Very powerful write up.
മുഹമ്മദ് ഹബീബ് പരി
8 May 2020, 12:03 PM
തീർച്ചയായും ആ സൂപ്പർ വെറസുകളെയും അതിജീവിക്കാൻ നമ്മുക്ക് സാധിക്കും. മതേതര രാജ്യത്ത് ഒരു മതത്തിന്റെ അനുയായികൾക്ക് മാത്രം സുഖവാസം മൗഢ്യമാണ്, ഭരണഘടന യുടെ സ്വതം ചോരാത്ത കാലത്തോളം.
രജനിഷ് വി.പി
23 Apr 2020, 09:03 PM
കാത്തിരിക്കുക തന്നെയായിരുന്നു. .മൂലധനത്തെ സംബന്ധിച്ച നിർവചനം ആവേശഭരിതമാക്കുയും ചെയ്യുന്നു.. ഒരു അവാന്ദ് ഗാദ് പ്രതീക്ഷയോടെ., ആശംസകൾ
ഇയ്യ വളപട്ടണം
23 Apr 2020, 08:16 PM
അതെ .മലയാളി ഒരു റിബല്‍ സമൂഹമായിരുന്ന ഒരു കാലമുണ്ടായിരുന്നു.ബോത്ത ഭരണകൂടത്തിനെതിരെ നമ്മുടെ തെരുവില്‍ പോസ്റ്റര്‍ ഒട്ടിച്ചും ബോത്താ ഭരണം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചും ലോകത്തിലെ എല്ലാ പ്രതിരോധ സമരത്തിലും മനസ്സ് കൊണ്ട് ഐക്യപെട്ട മലയാളി.അന്ന് മലയാളിയുടെ മനസ്സ് നിറയെ അടിച്ചമര്‍ത്തപെട്ട സമൂഹത്തോട് സ്നേഹവും കാരുണ്യവും ഉണ്ടായത് നമ്മുടെ റിബല്‍ ചിന്താഗതിയായിരുന്നു.അതിനെ നമ്മള്‍ തന്നെ ഇല്ലാതാക്കിയതുംതോല്‍പ്പിച്ചതും. പിന്നെ നമ്മള്‍ തോല്‍പ്പിച്ചത് തൊഴില്‍ സമരങ്ങളെ ആയിരുന്നു..കേരളത്തില് അതുകൊണ്ട് തന്നെ തൊഴില്‍ സമരവും ഇല്ലാതായി. എന്നിട്ടോ മുതലാളിമാര്‍ സമരം ചെയ്യാനുള്ള കളിക്കളം ഒരുക്കി കൊടുത്തു.തൊഴിലാകളുടെ സമരം കാരണമാണ് ഇവിടെ വികസനം ഉണ്ടാകാത്തത് എന്ന് എല്ലാ ചര്‍ച്ചകളിലും എല്ലാ മുന്ഷിമാരും പറഞ്ഞുകൊണ്ടേയിരുന്നു .പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അത് നേരായി തോന്നും എന്ന് പറഞ്ഞു തന്ന പ്രവാചകനായിരുന്നുവല്ലോ ഗീബല്സ്. അങ്ങനെ തൊഴില്സമാരത്തെ കൊല്ലുകയും മുതലാളി സമരം ഉണ്ടാക്കുകയും ചെയ്തു.എന്നാലോ മുതലാളിമാര്‍ സമരം ചെയ്യുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല.അത് ബസ്സ് മുതാലാളിമാരുടെ സമരം തന്നെ ഉധാഹരമായി എടുക്കാം.ടിക്കെറ്റ് വില കൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്യുന്നു..അപ്പോള്‍ നമ്മളൊക്കെ പറയുന്നത് ബസ്സ് മുതലാളിമാരുടെ അവസ്ഥ ദയനീയമാണ് എന്നും കുത്തുപാള എടുത്തു എന്നും പലരും ആത്മഹത്യ ചെയ്തു എന്നുമാണ്.ഇക്കാര്യം നമ്മെ അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ മാധ്യ സുഹൃത്തുക്കള്‍ ആയിരിക്കും.അത് വാര്‍ത്ത യാകുന്നു.എന്നാലോ തൊഴിലാളി സമരം ചെയ്യുമ്പോള്‍ എല്ലാവര്ക്കും ഹാലിളകും,യാത്രാ ബുദ്ധിമുട്ട് എന്നാണു പറയുക.ഇതാണ് ഇരട്ട താപ്പ്,ഇതിലൂടെയാണ് കേരളത്തിലെ തൊഴിലാളി സമരത്തെ കേരളം തന്നെ ഇല്ലാതാക്കിയത്. ഇങ്ങനെ രൂപപെടുതിയെടുത്ത്ത കേരളത്തില് ഇന്ന് മേധാവിയായി വാഴുന്നത് മത വര്‍ഗീയതായിരിക്കുന്നു. അതായത് റിബലില് നിന്നും പരിണാമം സംഭവിച്ചു ഉണ്ടായതാണ് ഈ വര്‍ഗീയത .അതിനെ രൂപപെടുത്തി എടുത്തത് ഇവിടെത്തെ ചാനലുകാരാനാണ് എന്ന് പറയുന്നതില് ക്ഷമിക്കണം.അവര് എല്ലാ മതത്തിലും ജാതിക്കും സമുധായത്തിനും അളവിലും തൂക്കത്തിലും ഒപ്പിച്ചു കൊണ്ട് ഇരിപ്പിടം നല്‍കി.അത് അവര്‍ ഉപയോഗപെടുത്തുകയായിരുന്നു.സീറ്റ് കൊടുത്തപ്പോള്‍ അത് പറയാനുള്ള സാംസ്ക്കാരിക ബോധം ഉണ്ടോ എന്ന് ചാനലുകാര്‍ നോക്കിയില്ല. അപ്പോള്‍ സംഭവിച്ചത് വര്‍ഗീയതയുടെ വളക്കൂറുള്ള മണ്ണ്‍ ആക്കി അവര്‍ ഉഴുതു മറിച്ചു, നമ്മുടെ സമൂഹത്തെ മലയാളിയെ ഇന്ന് ഭരിക്കുന്നത് മതത്തിലൂടെ ലാഭം ഉണ്ടാക്കുന്നവരാണ് . ഇന്ന് പൊതു ഇടത്തില് മൈക്ക് വെച്ചുള്ള സംസാരത്തിന്റെ ഒച്ചയുടെ അളവ് കൃത്യമായി സൂക്ഷ്മമായും അളന്നു തിട്ടപെടുത്തിയിട്ടുണ്ട് എന്നകാര്യം ഇതു പോലീസുകാരന് ഇതു പ്രജക്കും അറിയാം.എന്നാലോ അത് ഉയരുമ്പോള്‍ പോലീസിനെ വിളിച്ചാല് മതി ഉടനെ എത്തും കേസ് ആക്കും/എന്നാലോ മതത്തിനു അതിന്റെ കൂട്ടര്‍ക്ക് ഒരു ചോദ്യവും ഉത്തരവും ഇല്ല.അതാണ് മലയാളം ഭരിക്കുന്നതും എങ്ങനെ ചിന്തികണം എന്ന് തീരുമാനിക്കുന്നതും മത ജാതി സവര്‍ണ്ണ വര്‍ഗീയ ജീവികളാണ്. പറഞ്ഞുവരുന്നത് കേരളത്തിന്റെ മാറ്റം റിബലില് നിന്നും വര്‍ഗീയത്യിലെക്കുള്ള മതവല്‍ക്കരണ മാറ്റമാണ്.ഇപ്പോള്‍ മതമാണ് ചിന്തിക്കുന്നതും പറയുന്നതും.മതത്തിന്റെ പുരോഹിത്യമാണ് സംസ്ക്കാരത്തെകുരിച്ചും സാമൂഹികതയെ കുറിച്ചും നമ്മെ ബോധ്യം ഉണ്ടാക്കുന്നത്. ഈ പരിസരത്തില്‍ നിന്നുകൊണ്ടാണ് നിങ്ങളുടെ വര്‍ത്തമാനം നിങ്ങളുടെ എഡിറ്റോറിയല്‍ റിബല്‍ ഭാഷയായി മാറുന്നു എന്നും മാറികൊണ്ടിരിക്കുന്നു എന്നുമുള്ള സന്തോഷം പങ്കു വെക്കുന്നതും ഇയ്യ വളപട്ടണം
മുരളി
20 Apr 2020, 02:44 PM
കാലം തെളിയിക്കട്ടെ... എല്ലാവിധ ആശംസകളും.
എം.സി.പ്രമോദ് വടകര
20 Apr 2020, 01:33 PM
സൂക്ഷ്മനിരീക്ഷണവുമായി കാത്തിരിപ്പുണ്ടാവും!
PJJ Antony
17 Apr 2020, 07:39 PM
'ആ ആഗോള മലയാളിയായിരിക്കും ഈ മാധ്യമത്തിന്റെ മൂലധനം. മലയാളിയെ, ആ സത്തക്ക് അര്‍ഹമാക്കിയ വിശാലമായ മാനവികതയുടെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയബോധത്തിന്റെയും വിമതത്വത്തിന്റെയും വിയോജിപ്പിന്റെയും ഭൂമികയായിരിക്കും ഈ പ്ലാറ്റ്‌ഫോമിന്റെ അടിത്തറ. ' ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്യുന്നു.
Philip V Ariel
14 Apr 2020, 09:30 PM
മാധ്യമ ലോകത്തിൽ വേറിട്ട ഒരു ചിന്തയുമായി മുന്നോട്ടു വന്ന ട്രൂകോപ്പി തിങ്കിനു എല്ലാ ആശംസകളും നേരുന്നു ചിന്തയുടെയും ഭാവനയുടെയും സര്‍ഗാത്മകതയുമായി ഇണചേരുന്ന ഒരനുഭവത്തിനാണ് ശ്രമം എന്ന് എഴുതിക്കണ്ടു. അത് അങ്ങനെ ആയിത്തീരട്ടെ എന്ന് വീണ്ടും ആശംസിക്കുന്നു. "വായനാസമൂഹം പങ്കാളിമാത്രമല്ല, അവര്‍ തന്നെയാണ് മൂലധനം." എന്നും പറഞ്ഞു നിർത്തിയത് വായനക്കാർക്ക് ഒരിടം നൽകുന്ന ഒരിടമായിതു തീരുമെന്നും വിശ്വസിക്കുന്നു. വായനക്കാർക്കായി ഒരു പംക്തി തുടങ്ങിയാൽ ഓൺലൈൻ മേഖലയിൽ അതൊരു പുതിയ വഴിത്തിരിവാകും എന്നതിനു സംശയമില്ല. വളഞ്ഞവട്ടം പി വി ഏരിയൽ, സിക്കന്തരാബാദ് @pvariel
Sreeja. M
13 Apr 2020, 10:31 AM
'വായനാ സമൂഹത്തെ നൂലധനമായി കാണുന്നു' എന്നു പറഞ്ഞതിന്നു നന്ദി... തുടക്കം ഗംഭീര൦... ആശംസകൾ..
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read
മനില സി.മോഹൻ
Apr 10, 2021
4 Minutes Watch
പി. പ്രേമചന്ദ്രന്‍
Apr 07, 2021
10 Minutes Read
Think
Mar 12, 2021
1 Minute Read
ജയൻ നീലേശ്വരം
24 Oct 2020, 09:05 PM
മാധ്യമ രംഗത്ത് വിപ്ലവം . അഭിവാദനം