Trump Drain the Swamp, വെറുപ്പല്ല യു.എസ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ മതവിശ്വാസികളും അനധികൃത കുടിയേറ്റക്കാരുമായ സാധാരണ പൗരന്മാർ എങ്ങനെയാണ് സമീപിച്ചത് എന്ന് വ്യക്തമാക്കുന്ന, ഒരു അമേരിക്കൻ മലയാളിയുടെ ദൃക്‌സാക്ഷ്യമാണിത്. അമേരിക്കൻ സാമൂഹിക ജീവിതത്തിന്റെ ചില രാഷ്​ട്രീയ നന്മകളെക്കുറിച്ചുകൂടിയാണ് ഈ കുറിപ്പ്

ലക്ഷന് രണ്ടാഴ്ച മുമ്പാണ്. പതിവ് നടപ്പിനിറങ്ങിയതാണ്. മൂന്നു വീടിനപ്പുറത്തുള്ള ചെറുപ്പക്കാരന്റെ വീടിന്റെ മതിലിൽ വലിയ ഒരു ബാനർ.

Trump Drain the Swamp

അപ്പോൾ തന്നെ അവിടെനിന്ന് ഒരു ഫോട്ടൊയെടുത്തു.
ഒരു മാസമായതേയുള്ളു, അവരുടെ വീടിനുമുന്നിൽ കുഞ്ഞുവാവയെ തുണിയിൽ പൊതിഞ്ഞ് കൊക്കിൽ കൊരുത്ത് തൂക്കിയിട്ടിരിയ്ക്കുന്ന കൊറ്റിയുടെ ബാനർ ബേർത്ത് അനൗൺസ്‌മെന്റായി പൊങ്ങിയിട്ട്.

ഇങ്ങനെയൊരു ബാനർ അയൽപക്കത്ത് എവിടെയെങ്കിലും പൊങ്ങിയാൽ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമായി ചെന്ന് കോളിംഗ്‌ബെൽ അടിക്കുന്നതാണ്. പക്ഷെ കോവിഡ് സമയമായതുകൊണ്ട് ഇത്തവണ അങ്ങനെചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തിലിരിയ്ക്കുമ്പോഴാണ് ദാ, ഈ ബാനർ പൊങ്ങുന്നത്.

കാണുമ്പോഴെല്ലാം സ്‌നേഹത്തോടെ സംസാരിയ്ക്കുന്ന ചെറുപ്പക്കാരായ ദമ്പതികൾ. ബംഗളൂരുവിലും ഡൽഹിയിലും പോയതും ഡൽഹിയിലെ ധാബയിൽ നിന്ന് ഭക്ഷണം കഴിച്ച കഥയും അവർ പറഞ്ഞത് ഓർത്തു.
എന്നിട്ടും എവിടെയോ ഒരു അസ്വസ്ഥത ആ ബാനറുണ്ടാക്കി.

Drain the Swamp എന്നത് റെയ്ഗന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു രാഷ്ട്രീയ സ്ലോഗൻ ആയിരുന്നു. എങ്കിലും ട്രംപിന്റെ ഭരണകാലത്ത് ഇതിനൊരു റേസിസ്റ്റ് പരിവേഷം കൈവന്നതായി പരക്കെ പറച്ചിലുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ആ ബാനർ പരത്തുന്നത് വെറുപ്പിന്റെ ഭാഷയാണല്ലോ എന്ന് മനസ്സിൽ തോന്നിയത്. അത് എന്റെ മാത്രം തോന്നലാകുമെന്നു കരുതി.

അടുത്ത ദിവസം എന്നോടൊപ്പം നടക്കാൻ മെക്‌സിക്കൻ സുഹൃത്തുമുണ്ടായിരുന്നു. ഈ വീടിന്റെ മുന്നിലെത്തിയപ്പോൾ ഫാബിയോള ആ ബാനറിലേക്ക് നോക്കി നിന്നിട്ട് എന്നോടുപറഞ്ഞു, ‘നമ്മുടെ സബ് ഡിവിഷനിൽ ഇങ്ങനൊരു ബാനർ വേണ്ടായിരുന്നു അല്ലെ?'

പ്രിയ ജോസഫ്

ഞാനീ കുറിപ്പ് എഴുതുമ്പോൾ മിഷിഗണിലും വിസ്‌കോൺസിലും ബൈഡൻ ജയിച്ചുകഴിഞ്ഞു. നെവേഡയുടെ വോട്ടെണ്ണൽ നടക്കുന്നു. ജോർജ്ജിയയിൽ ബൈഡൻ മുന്നേറി തുടങ്ങി. പെൻസിൽവാനിയ റെഡ് സ്റ്റേറ്റ് ആയിട്ടുപോലും ബൈഡൻ വളരെ ചെറിയ ഭൂരിപക്ഷത്തിന് മുന്നിലായി. മെയിൽ ഇൻ ബാലറ്റ് എണ്ണി തീർക്കാനുണ്ട്. ഇഞ്ചൊടിഞ്ച് പോരാട്ടം. നല്ല ചുട്ട അടിയുടെ കുറവുള്ള, ഒരു അൺ ഡിസിപ്ലിൻഡ് കുട്ടിയേപോലെ ട്രംപ് പ്രസ്താവനകൾ ഇറക്കിക്കൊണ്ടേയിരിക്കുന്നു.

ഇതൊരു രാഷ്ടീയ കുറിപ്പല്ല. എന്റെ ചുറ്റുമുള്ളവർ അവരുടെ അഭിപ്രായങ്ങൾ അൺഫിൽറ്റേർഡ് ആയി എന്നോട് പറഞ്ഞത് ഞാൻ എഴുതുന്നു എന്നുമാത്രം.

കടുത്ത മതവിശ്വാസിയാണ് ഫാബിയോള. മെക്‌സിക്കൻ ജനത പൊതുവേ ക്രിസ്തുമത വിശ്വാസികളാണ്. ഫാബിയോള മെക്‌സിക്കോയിൽ പോയി വരുമ്പോഴെല്ലാം കൊന്ത, മാതാവിന്റെ ഫ്രയിം ഒക്കെ കൊണ്ടുവന്ന് തരുന്നത് വലിയ സന്തോഷത്തോടെ ഞാൻ സ്വീകരിക്കാറുണ്ട്. ഫാബി തന്ന പേളും ജേയ്ഡും ഇടകലർത്തിയ കൊന്തയുടെ ഭംഗി കാരണം അതുപയോഗിച്ച് മുഷിക്കാതെ ഭദ്രമായി വച്ചിരിക്കുകയാണ് ഞാൻ. ഇടക്കെടുത്ത് അതിന്റെ ഭംഗി നോക്കും.

ഇത് എഴുതുന്നതിനിടയിൽ പലതവണ ഫാബിയുടെ മെസ്സേജ് വന്നു.
ബൈഡന് വിസ്‌ക്കോൺസിൻ കിട്ടിയപ്പോൾ ആദ്യ മെസ്സേജെത്തി.
‘അയാം ഡൂയിംഗ് റോസറി ഫോർ ബൈഡൻ.'

ഫാബി ആർക്കായിരിക്കും വോട്ട് ചെയ്യുന്നത് എന്നൊരു ചോദ്യം മനസ്സിലുണ്ടായിരുന്നു. തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒരു കാര്യം ചോദിയ്ക്കുന്നത് ശരിയല്ലല്ലോ എന്നോർത്ത് ചോദിക്കാതെ ഇരിക്കുകയായിരിന്നു. മെസ്സേജ് കണ്ടപ്പോൾ എനിക്കുറപ്പായി, മതവിശ്വാസങ്ങൾക്കതീതമായി ഒരു ബൈഡൻ വോട്ടർ ആണ് എന്റെ കൂടെ നടക്കുന്നതെന്ന്.
പക്ഷെ എന്നെ അമ്പരപ്പിച്ചത് കാർപ്പെന്റർ ഫെർണാന്റോ ആണ്.

അനധികൃത കുടിയേറ്റക്കാരനായി അമേരിക്കയിലെത്തിയ ഫെർണാന്റോയുടെ കഥകേട്ട് തരിച്ചിരുന്നിട്ടുണ്ട്. ഒരു നോവൽ എഴുതാനുള്ള എല്ലാ സംഗതികളും അവരുടെ പാലായനത്തിനിടയിലും ജീവിതത്തിലും ഇതിനകം സംഭവിച്ചിട്ടുണ്ട്. ഭാര്യയുടെ റേപ്പ്, രണ്ടുകുട്ടികളിൽ ഒരാളെ കാണാതാകൽ, ഒരു കുട്ടിയെ പ്രകൃതിവിരുദ്ധ സെക്‌സിനുപയോഗിക്കൽ, പട്ടിണി, അപമാനം, അപകർഷത...

ഇതെല്ലാം കഴിഞ്ഞ് എങ്ങനെയോ ഒരു വിധം യു.എസ് പൗരത്വം കിട്ടിയ ഫെർണാന്റോയും ക്രിസ്ത്യൻ മതവിശ്വാസിയാണ്. ബുധനാഴ്ചകളിൽ വീടുതോറും കയറിയിറങ്ങ ബൈബിൾ പ്രചാരണത്തിന് പോകുന്ന ഫെർണാന്റോ ആ ദിവസവും ഞായറാഴ്ചയും ജോലിക്കു വരില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു.

അബോർഷനൊയൊക്കെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിക്ക് കൊന്നാലും താൻ വോട്ട് ചെയ്യില്ല എന്ന് ഫെർണാന്റോ തറപ്പിച്ചുപറയുമ്പോൾ ഞാൻ ഒരുതരിപോലും വിധിക്കാതെ തന്നെയാണ് കേട്ടിരിക്കുന്നത്. കാരണം ഇത് അമേരിക്കയാണ്. വ്യക്തി സ്വാതന്ത്ര്യം ഈ രാജ്യത്തിന് പ്രാണവായുപോലെ മുഖ്യമാണല്ലോ.

ഞാൻ അമേരിക്കയിൽ വന്നപ്പോൾ മുതലുള്ള എന്റെ ഉറ്റസുഹൃത്ത് ഒരു കോട്ടയംകാരിയുണ്ട്. റിപ്പബ്ലിക്കൻ പാർട്ടി അനുഭാവിയാണെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർക്ക് രണ്ടുപേർക്കുമല്ല കുത്തിയത്.

‘രണ്ടെണ്ണത്തേയും എനിക്ക് കണ്ടൂടാ. അങ്ങനിപ്പോ എന്റെ വോട്ട് അവർക്ക് കൊടുക്കുന്നില്ല. ‘ഈനിമൈനി മൈനി മോ' എന്നു പറഞ്ഞ് ഞാൻ ആറുപേരിൽ ഒരാൾക്ക് കുത്തി. ബാക്കിയെല്ലാ വോട്ടും റിപ്പബ്ലിക്കിനും കൊടുത്തു.'

ബാലറ്റ് പേപ്പറിൽ ട്രംപും ബൈഡനും കൂടാതെ മറ്റ് നാലുപേരും കൂടിയുണ്ടായിരുന്നത് എങ്ങനെ എന്റെ കണ്ണിൽ പെട്ടില്ല എന്നതാണ് ഞാൻ അതുകേട്ടപ്പോൾ ആലോചിച്ചത്.

നാലുവർഷം മുമ്പ് ട്രംപിനുവേണ്ടി വിപുലമായ ഫണ്ട് റെയ്‌സിംഗ് നടത്തിയ ഒരു ഇറാനിയൻ സുഹൃത്തിനോട് കോവിഡ് ആയതുകൊണ്ട് ഇത്തവണ ഫണ്ട് റൈയ്‌സിംഗ് നടത്തുന്നില്ലായിരിക്കും അല്ലേ എന്ന് ചോദിച്ചപ്പോൾ; ‘‘കോവിഡ് അല്ലായിരുന്നെങ്കിലും ഇത്തവണ ഇല്ല. ഒരബദ്ധം ആർക്കും പറ്റാലോ. എന്റെ വോട്ട് ബൈഡന് ''എന്ന് സുഹൃത്ത് തറപ്പിച്ച് പറഞ്ഞു.

പോളണ്ടിൽ നിന്ന് വന്ന് ക്ലീനിംഗ് സർവീസ് നടത്തുന്ന മരിയ സ്റ്റിമുലസ് ചെക്കിൽ കണ്ണുനട്ടിരിക്കുന്ന ആളാണ്. അത്​ കിട്ടിക്കഴിഞ്ഞപ്പോൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ അക്കമിട്ട് എന്നെ പറഞ്ഞുകേൾപ്പിച്ചു. ബൈഡൻ ജയിച്ചാൽ സ്റ്റിമുലസ് ചെക്ക് കിട്ടാൻ താമസിക്കും എന്ന് അവരുടെ മകൻ പറഞ്ഞത്രെ.

അതുകൊണ്ട് ട്രംപിനുമാത്രമേ വോട്ട് ചെയ്യൂ എന്ന് മരിയ പറയുമ്പോഴും ഞാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന മോഡിൽ തന്നെ നിന്നു.
‘പേഴ്‌സണലായിട്ട് എനിയ്ക്ക് ട്രംപിനെ ഇഷ്ടമില്ല, പക്ഷെ നമ്മൾ ക്രിസ്ത്യാനികൾ റിപ്പബ്ലിക്കൻ പാർട്ടിക്കേ വോട്ട് ചെയ്യാവുള്ളു ' എന്നുപറഞ്ഞ് രണ്ടു സുഹൃത്തുക്കൾ വാട്ട്‌സാപ്പ് ചെയ്തപ്പോൾ മാത്രം ആ ബാനർ കണ്ടപ്പോൾ തോന്നിയതുപോലൊരു ചെറിയ അസ്വസ്ഥത മനസ്സിലെവിടെയോ അനുഭവപ്പെട്ടു.

അന്നു പകൽ മുഴുവൻ ആ രണ്ടുപേരെയും പറ്റി ഒരു മയവുമില്ലാതെ ഭർത്താവിനോട് മനസ്സുതുറന്ന് കുറ്റം പറഞ്ഞു. അത് കൊണ്ടൊന്നും ഒട്ടും ആശ്വാസം തോന്നിയില്ല. അല്ലെങ്കിലും വെറുപ്പ് എന്ന് വികാരത്തെ കുറിച്ച് പറയുമ്പോൾ ‘മനസ്സിനെ കാർന്നു തിന്നുന്ന' എന്നല്ലാതെ ‘മനസ്സിനെ നിറക്കുന്ന' എന്നാരും പറയാറില്ലല്ലോ!

കുറേ നാളുകളായി ട്രംപ് ഭരണം അമേരിയ്ക്കൻ ജനതക്ക് കൊടുക്കുന്ന സന്ദേശം അതാണ് പറയുന്നതെങ്കിലും പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രഫസറായ എഡ്ഡി ഗ്ലോഡ് പറയുന്നത് ഒട്ടും തള്ളിക്കളയാൻ പറ്റില്ല- It is easy to put the blame on Trump's shoulders. But he is the manifestation of the ugliness within us!

മൂന്നു ദിവസം മുമ്പ് നടക്കാനിറങ്ങിയപ്പോൾ ആ ബാനർ അവിടെ കാണുന്നില്ല. നെക്സ്റ്റ് ഡോർ ആപ്പിൽ ആ ചെറുപ്പക്കാരന്റെ ഒരു പോസ്റ്റ് കണ്ടു ഇന്നലെ, ‘എന്റെ വീടിന്റെ മുന്നിലെ ബാനർ നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമിയ്ക്കണം.'

അമേരിയ്ക്കയുടെ നന്മയിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല.

Comments