വേദകാലത്തെ ബീഫ് മെനു മോദി കാലത്തെ കൗ ഹഗ്‌

വേദപാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് എന്നത് ഹിന്ദുത്വയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. കാരണം, ഹിന്ദുത്വ എന്നത് ഇന്ന് ഹിംസാത്മക ഭരണകൂടമെന്ന നിലയ്ക്ക് വിപുലമായിരിക്കുന്നു. അതുകൊണ്ടുതന്നെ, വീണ്ടെടുക്കേണ്ട പാരമ്പര്യത്തിന് പുതിയ അസ്പൃശ്യരെ ആവശ്യമായിവരുന്നു. പശു ആലിംഗനദിനത്തിന് ആഹ്വാനം ചെയ്ത മൃഗക്ഷേമ ബോർഡ് ഉത്തരവ്, ഒരു ഉദ്യോഗസ്ഥന്റെയോ വകുപ്പിന്റെയോ വിചിത്രഭാവനയിൽനിന്നുണ്ടായ ഒന്നല്ല എന്നർഥം. ബഹുസ്വര ഇന്ത്യക്ക് ഭീഷണിയായ ഹിന്ദുത്വ ഐഡിയോളജിയുടെ തുറന്ന പ്രഖ്യാപനം കൂടിയാണിത്.

ഫെബ്രുവരി 14ന്, വാലന്റയിൻസ് ഡേ, പശു ആലിംഗന ദിനമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാറിനുകീഴിലുള്ള മൃഗക്ഷേമബോർഡ് പുറപ്പെടുവിച്ച ഉത്തരവ്, അത് കേട്ടമാത്രയിലുണ്ടാക്കിയത് ഒരു ചിരിയും പിന്നൊയൊരു ഞെട്ടലും ആയിരിക്കും. ഈ ഉത്തരവ് അതുകൊണ്ടുതന്നെ ഒരു തമാശയെന്ന മട്ടിലാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. എന്നാൽ, ഈ ഉത്തരവിനു പിന്നിലെ രാഷ്ട്രീയം വെറുമൊരു തമാശയിൽ ഒടുങ്ങേണ്ട ഒന്നല്ല.

വിശുദ്ധ പശു എന്ന പേരിൽ ഹിന്ദുത്വ ഐഡിയോളജി മുന്നോട്ടുവയ്ക്കുന്ന വർഗീയ പ്രതീകത്തിനു പുറകിലെ പൊള്ളത്തരം ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും ചരിത്രത്തിലും എങ്ങനെയാണ് പശു ഇമ്മട്ടിൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന്
ഡോ. ബി.ആർ അംബേദ്കർ അടക്കമുള്ളവരുടെ വ്യാഖ്യാനങ്ങളിലൂടെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. മൃഗക്ഷേമബോർഡിന്റെ ഉത്തരവിൽ പറയുന്ന വേദ പാരമ്പര്യത്തിൽ, പശു ദക്ഷിണയെന്നതുപോലെ ഒരു ഭക്ഷണം കൂടിയായിരുന്നു. വേദാനന്തര കാലത്തും പശു മാംസം വിശിഷ്ട ഭോജ്യമായിരുന്നു. മാംസാഹാരികളുടെ ഇതിഹാസമെന്ന നിലയ്ക്കുകൂടി മഹാഭാരതത്തെ വായിക്കാം.

വൈദിക ബ്രാഹ്മണ്യം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്തെ നിർണയിക്കാൻ തുടങ്ങിയതോടെയാണ് പശു വർഗീയമായ ഒരു വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ടത്. ഗോവധ നിരോധനം ഒരു കാമ്പയിനായി രൂപപ്പെടുന്നത് അങ്ങനെയാണ്. ദേശീയ സമരകാലത്ത് കോൺഗ്രസിൽ തന്നെയുണ്ടായിരുന്ന യാഥാസ്ഥിതിക ഹൈന്ദവ നേതാക്കൾ തന്നെ പശുവിന് ഇല്ലാത്ത പവിത്രതയെ ഉയർത്തിപ്പിടിക്കുകയും ഗോവധ നിരോധനം എന്ന മുദ്രാവാക്യം ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഈയൊരു സ്വാധീനത്തിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഗോവധ നിരോധനം കടന്നുകൂടിയത്. പുതിയ കാലത്തെ ഒരു വിദ്വേഷ കാമ്പയിനായി ഗോവധ നിരോധനത്തെ സംഘ്പരിവാർ ഏറ്റെടുക്കുകയും ചെയ്തു.

"പാശ്ചാത്യ സംസ്‌കാരത്തിന്റെ അധിനിവേശം കൊണ്ട് നാശോന്മുഖമായ വേദ പാരമ്പര്യം വീണ്ടെടുക്കണം' എന്ന, മൃഗക്ഷേമ ബോർഡിന്റെ ഉത്തരവ് അക്ഷരാർഥത്തിൽ നടപ്പാക്കുകയാണെങ്കിൽ പശു മാംസം പ്രധാന ഭക്ഷണമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പാശ്ചാത്യ ഭക്ഷണങ്ങളുടെ അധിനിവേശത്തിന് പകരം വക്കാവുന്ന ഒരു ഇന്ത്യൻ മെനു എന്ന നിലയ്ക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ വേദകാലത്തെ യജ്ഞങ്ങളിൽനിന്നും യാഗങ്ങളിൽനിന്നും സുലഭമായി ലഭിക്കുകയും ചെയ്യും. അക്കാലത്തെ കൃതികളെ ഒരു തിരുത്തലും കൂടാതെ അവതരിപ്പിച്ചാൽ മാത്രം മതി.

എന്നാൽ, വേദപാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് എന്നത് ഹിന്ദുത്വയെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. കാരണം, ഹിന്ദുത്വ എന്നത് ഇന്ന് ഹിംസാത്മക ഭരണകൂടമെന്ന നിലയ്ക്ക് വിപുലമായിരിക്കുന്നു. അതുകൊണ്ടുതന്നെ, വീണ്ടെടുക്കേണ്ട പാരമ്പര്യത്തിന് പുതിയ അസ്പൃശ്യരെ ആവശ്യമായിവരുന്നു.

പശു ആലിംഗനദിനത്തിന് ആഹ്വാനം ചെയ്ത മൃഗക്ഷേമ ബോർഡ് ഉത്തരവ്, ഒരു ഉദ്യോഗസ്ഥന്റെയോ വകുപ്പിന്റെയോ വിചിത്രഭാവനയിൽനിന്നുണ്ടായ ഒന്നല്ല എന്നർഥം. ബഹുസ്വര ഇന്ത്യക്ക് ഭീഷണിയായ ഹിന്ദുത്വ ഐഡിയോളജിയുടെ തുറന്ന പ്രഖ്യാപനം കൂടിയാണിത്. ഒരു ദശാബ്ദമായി, മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ടെക്‌സ്റ്റുകളുടെ ഒരനുബന്ധം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും ശാസ്ത്രീയ- അക്കാദമിക- നീതിന്യായ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്തും പ്രയോഗത്തിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഒരജണ്ട. നൂറുവർഷം തികയ്ക്കാൻ പോകുന്ന ഒരു വിദ്വേഷ പ്രത്യയശാസ്ത്രം വമിപ്പിക്കുന്ന വിഷസൂചനയാണ് ഈ ഉത്തരവ്. അതിനോടുള്ള പ്രതികരണം ട്രോളുകളിൽ ഒതുങ്ങാൻ പാടില്ല.

സ്‌നേഹത്തോടെയും പ്രണയത്തോടെയും പരസ്പരം കെട്ടിപ്പിടിക്കുകയും ചേർന്നുനിൽക്കുകയും ചെയ്യുന്ന പലതരം മനുഷ്യരിലൂടെ ഈ വാലന്റയിൻ ദിനം ഒരു പ്രതിരോധത്തിന്റെ ദിനം കൂടിയായി മാറേണ്ടതുണ്ട്.

Comments