ഭക്തിവ്യവസായത്തിന്റെ ആനക്കൊള്ളക്ക്​ കേന്ദ്രസർക്കാരിന്റെ നെറ്റിപ്പട്ടം

കേരളത്തിലെ ആനഉടമകളും ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള ഭക്തിവ്യവസായ സംഘങ്ങളും ഇവരുടെ സംരക്ഷകരായ എം.പിമാരുമെല്ലാം നടത്തിയ സമ്മർദത്തിന്റെ കൂടി ഫലമായാണ്, ആനകളുടെ ഉടമസ്ഥാവകാശം ‘മതപരമമോ മറ്റേതൊരു ആവശ്യത്തിനോ വേണ്ടി കൈമാറാം' എന്ന അപകടകരമായ വ്യവസ്ഥ വന്യജീവിസംരക്ഷണനിയമത്തിൽ ചേർക്കപ്പെട്ടത്.

കേരളത്തിൽ പൂരങ്ങൾക്കും പെരുന്നാളുകൾക്കും എഴുന്നള്ളിപ്പിക്കാൻ ആനകളെ കിട്ടാനില്ല എന്ന ആനപ്രേമിപുരുഷാരത്തിന്റെ ചിന്നംവിളി ഒടുവിൽ ഫലിച്ചു. 1972 -ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ കഴിഞ്ഞദിവസം രാജ്യസഭ കൂടി പാസാക്കി. ആനകളുടെ ഉടമസ്ഥാവകാശം "മതപരം അടക്കമുള്ള ഏത് ആവശ്യത്തിനും കൈമാറാം' എന്ന പുതിയ വ്യവസ്ഥയാണ് ഭേദഗതിയിലെ ഏറ്റവും അപകടം പിടിച്ച ഒന്ന്. അതായത്, ആനകളെ ഇനി വാണിജ്യാവശ്യങ്ങൾക്ക് കൈമാറാനും ഉപയോഗിക്കാനും കഴിയും. "കേന്ദ്ര സർക്കാറിന്റെ ടേംസ് ആൻറ്​ കണ്ടീഷൻസ്' പ്രകാരം എന്ന് പറയുന്നുണ്ടെങ്കിലും അത് വെറുമൊരു ഫലിതം മാത്രമായി കണ്ടാൽ മതി.

കച്ചവടത്തിനായി "നാട്ടാന' എന്നൊരു സംജ്ഞയുണ്ടാക്കി, അവയുടെ പേരിൽ മിത്തുകളും പുരാണങ്ങളും സൃഷ്ടിച്ച് ഒരു കപട സാംസ്‌കാരിക ബിംബമായി ആനകളെ പൊതുബോധത്തിൽ പ്രതിഷ്ഠിക്കുന്ന പ്രക്രിയ കേരളത്തിൽ സമർഥമായി നടക്കുന്നുണ്ട്. ആനപ്രേമികളെന്ന കപടപുരുഷാരസൃഷ്ടിയുടെ ബലത്തിലാണ് ഈ കൊടുംക്രൂരത അലംഘനീയമായ ആചാരമായി നിലനിൽക്കുന്നത്. ആ ആചാരത്തെ നിയമവിധേയമാക്കുന്ന ഒരു ഭേദഗതിയാണിത്.

വ്യക്തികൾക്ക് നിയമവിധേയമായി ഉടമസ്ഥാവകാശം വച്ചുപുലർത്താവുന്ന ഒരേയൊരു വന്യമൃഗമാണ് ആന. 1972 -ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെ വന്യമൃഗേതര ഇനങ്ങളായ കന്നുകാലികളെപ്പോലെയാണ് പരിഗണിച്ചിരുന്നത്. ആനകളെ മനുഷ്യരുടെ ആനന്ദങ്ങൾക്കായി ഉപയോഗിച്ചിരുന്ന കൊളോണിയൽ ശീലങ്ങളുടെ തുടർച്ചയായിരുന്നു ഈ വ്യവസ്ഥ. എങ്കിലും, ആനകളെ വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. 1990 കളിൽ പ്രൊജക്റ്റ് എലഫെൻറ്​ പദ്ധതി നിലവിൽ വന്നതോടെയാണ് ആനകൾ ഷെഡ്യൂൾഡ് ഒന്ന് കാറ്റഗറി പ്രകാരമുള്ള സംരക്ഷിത ജീവിഗണത്തിൽ പെടുത്തിയത്.

വന്യമൃഗമായ ആനയുടെമേൽ ഉടമസ്ഥാവകാശം സാധ്യമാക്കുന്ന വ്യവസ്ഥക്കെതിരെ മൃഗസംരക്ഷണ മേഖലയിലെയും മൃഗാവകാശരംഗത്തെയും വിദഗ്ധരും ആക്റ്റിവിസ്റ്റുകളും നിരന്തരം ശബ്ദമുയർത്തിവരികയാണ്. അതിനിടെയാണ്, ദുർബലമായ നിയന്ത്രണം കൂടി ഇല്ലാതാക്കും വിധം, കാട്ടിൽ നിന്ന് ആനകളെ വേട്ടയാടിപ്പിടിച്ച് കച്ചവടം ചെയ്യുന്ന മാഫിയാപ്രവർത്തനം നിയമവിധേയമാക്കുന്ന ഭേദഗതി പാസാകുന്നത്.

ഇന്ത്യയിൽ 2675 ബന്ധിത ആനകളുള്ളതിൽ 1251 എണ്ണത്തിനുമാത്രമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുള്ളതെന്ന് ഒരു എം.പി തന്നെ പറയുന്നുണ്ട്. എത്ര നിയമവിരുദ്ധമായാണ് ആനകളുടെ മേലുള്ള ഓണർഷിപ്പ് വ്യവസ്ഥ പ്രവർത്തിക്കുന്നത് എന്ന് കാണിക്കുന്ന കണക്കുകൂടിയാണിത്.

കേരളത്തിലെ മതാഘോഷ വ്യവസായം അതിക്രൂരമായ ആനപീഡനങ്ങളുടെ ചോരയിൽ തഴച്ചുവളരുന്ന ഒന്നാണ്. പൊലീസും മൃഗസംരക്ഷണവകുപ്പും ജില്ലാ ഭരണകൂടങ്ങളും ആനയുടമകളും ക്ഷേത്ര- പള്ളിക്കമ്മിറ്റികളുമെല്ലാം ചേർന്ന അതിവിപുലമായ ഒരു അധികാരലോകമാണത്. ഇടതും വലതുമുള്ള രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും നീതിന്യായസംവിധാനവുമെല്ലാം കേരളത്തിലെ ഈ സാംസ്‌കാരിക അധോലോകത്തിന്റെ സംരക്ഷകരായുണ്ട്.

ഏതാനും വർഷം മുമ്പ് തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ഒരു വിവാദം ഓർക്കാം. പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കട്ടപകടത്തിന്റെ പാശ്ചാത്തലത്തിൽ, ക്ഷേത്രാചാരങ്ങളെന്ന നിലയ്ക്ക് തുടരുന്ന ആനയെഴുന്നള്ളിപ്പിന്റെയും വെടിക്കെട്ടിന്റെയും ആശാസ്യതയെക്കുറിച്ച് ചർച്ച ഉയർന്നുവന്നു.

ശ്രീനാരായണഗുരുവിന്റെ ‘കരി വേണ്ട, കരിമരുന്നും' എന്ന ഉപദേശമൊക്കെ ഉയർന്നുകേൾക്കാൻ തുടങ്ങി. ആചാരപരമായി പോലും നിലനിൽക്കാത്ത ആനയെഴുന്നള്ളിപ്പിനെ സാംസ്‌കാരിക പൈതൃകം എന്ന വ്യാജമായ സത്യവാങ്മൂലം നൽകിയാണ് സർക്കാർ സംവിധാനങ്ങൾ പോലും സംരക്ഷിച്ചുനിർത്തിയത്. അങ്ങനെ ആ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന, ആൾക്കൂട്ടത്തിനിടയിൽ ഏറ്റവും അക്രമകാരിയായി പെരുമാറുന്ന സ്വഭാവസവിശേഷതയുള്ള ആനയുടെ പുറത്തേറി നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറന്ന് പൂരത്തിന് തുടക്കം കുറിച്ചു.

എത്ര കൃത്യത പാലിച്ചാലും പൂരം പോലുള്ള ആഘോഷങ്ങളിലെ ആനകളുടെ സാന്നിധ്യം അത്യന്തം ക്രൂരവും വൻ അപകടസാധ്യതയുള്ളതുമാണെന്ന് വന്യജീവിമേഖലയിലെ വിദഗ്ധരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ആനപ്രേമികൾ എന്ന പേരിൽ അഴിഞ്ഞാടുന്ന വ്യാജപുരുഷാരത്തിനൊപ്പമാണ് എന്നും നമ്മുടെ സംവിധാനങ്ങളെല്ലാം. നിയമവിരുദ്ധവും സംസ്‌കാരവിരുദ്ധവുമായ ഒരു മാഫിയാപ്രവർത്തനത്തിന് അധികാര സംവിധാനങ്ങളെല്ലാം കൂട്ടുനിൽക്കുകയാണ്.

കേരളത്തിൽ മെരുക്കി വളർത്തുന്ന 430 ആനകളാണുള്ളത്. ഇവയിൽ കൂടിയാൽ 150 എണ്ണത്തിനാണ്, ഉടമകളുടെ കണക്കനുസരിച്ച് എഴുന്നള്ളിപ്പിന് ‘ഫിറ്റ്‌നസ്' ഉള്ളത്. ഒരോ വർഷവും 30ഓളം ആനകളാണ് ചരിയുന്നത്. അനുദിനം ആനകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കേ, ആയിരക്കണക്കിന് പൂരങ്ങൾക്കും പെരുന്നാളുകൾക്കും എങ്ങനെയാണ് ഇത്രയും ആനകൾ ഓടിയെത്തുക എന്നതാണ് ആനഉടമകളുടെ ചോദ്യം. കേരളത്തിലെ ആനഉടമകളും ദേവസ്വങ്ങളുടെ നേതൃത്വത്തിലുള്ള ഭക്തിവ്യവസായ സംഘങ്ങളും ഇവരുടെ സംരക്ഷകരായ എം.പിമാരുമെല്ലാം നടത്തിയ സമ്മർദത്തിന്റെ കൂടി ഫലമായാണ്, ആനകളുടെ ഉടമസ്ഥാവകാശം ‘മതപരമമോ മറ്റേതൊരു ആവശ്യത്തിനോ വേണ്ടി കൈമാറാം' എന്ന അപകടകരമായ വ്യവസ്ഥ വന്യജീവിസംരക്ഷണനിയമത്തിൽ ചേർക്കപ്പെട്ടത്.

കാട്ടിൽ 80 വർഷം വരെ ആയുസ്സുള്ള ആനകളുടെ കേരളത്തിലെ ആയുസ്സ് 40 വയസാണ്. ആനകളുടെ മരണനിരക്കും ഏറ്റവും കൂടുതൽ കേരളത്തിലാണ്. ആനകളെ ഇത്ര ക്രൂരപീഡനത്തിന് വിധേയമാക്കുന്ന ഉത്സവങ്ങൾ ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. ഈ ആനന്ദപ്രകടത്തിന് ആനകളെ സംഘടിപ്പിക്കുന്നതുതന്നെ നിയമവിരുദ്ധമായിട്ടാണ്. ആനകളെ വാങ്ങാനും വിൽക്കാനും വിലക്കുണ്ടെങ്കിലും, ഓണർഷിപ്പുള്ളവർക്ക് അതിനെ ഇഷ്ടദാനമായി കൊടുക്കാം. കേരളത്തിലെ ഇടനിലക്കാരായ കച്ചവടക്കാർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇഷ്ടദാനമെന്ന നിലയിൽ ഓണർഷിപ്പ് സ്വന്തം പേരിലേക്കാക്കിയാണ് ഈ കച്ചവടം നടത്തുന്നത്. ആസാം, ബീഹാർ, യു.പി എന്നിവിടങ്ങളിൽ ആനകളെ വേട്ടയാടിപ്പിടിക്കുന്ന മാഫിയാസംഘങ്ങളുടെ ഒത്താശയോടെ കേരളത്തിലെ ഇടനിലക്കാർ നടത്തുന്ന ലക്ഷങ്ങളുടെ ഇടപാടാണിത്.

എന്നാൽ, ഇങ്ങനെ പുറത്തുനിന്ന് ആനകളെ കൊണ്ടുവരുന്നതിന്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി അടക്കമുള്ള നിയന്ത്രണം വന്നതോടെയാണ്, കേരളത്തിൽ എഴുന്നള്ളിപ്പുകൾക്ക് ആനകളെ കിട്ടാതെ വൻ പ്രതിസന്ധിയുണ്ടെന്ന സമ്മർദം സൃഷ്ടിക്കപ്പെട്ടത്. ആചാരസംരക്ഷകരായ കേന്ദ്ര സർക്കാറിന് ഈ ‘പ്രതിസന്ധി' നന്നായി മനസ്സിലാകുകയും ചെയ്യുമല്ലോ. അങ്ങനെയാണ്, വനത്തിൽനിന്ന് ആനകളെ വേട്ടയാടിപ്പിടിച്ച് വിൽക്കുന്നതിന് നിയമസാധുത നൽകുന്ന ഭേദഗതി നിയമമാക്കപ്പെടുന്നത്.

1972ൽ, സ്‌റ്റോക്ക്‌ഹോം കോൺഫറൻസിന്റെ സത്ത ഉൾക്കൊണ്ട് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊണ്ടുവന്ന, പുരോഗമനപരമായ വ്യവസ്ഥകളുണ്ടായിരുന്ന ഒരു നിയമത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദർഭം കൂടിയാണിത് എന്ന് ഖേദത്തോടെ ഓർക്കാം.

Comments