ഭരണഘടന ഉറപ്പുനല്‍കുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിന്റെ അഭാവത്തില്‍ നിലനില്‍പ്പുണ്ടാകില്ല എന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ മുന്നറിയിപ്പ് ഓര്‍ക്കേണ്ട ദിവസമാണിത്. നാലില്‍ രണ്ടേമുക്കാല്‍ ബ്രാഹ്മണരും അഞ്ചു ധനികരും അവരുടെ സേവകരുമാണോ ഈ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടത് എന്ന പെരിയോറുടെ ചോദ്യവും പ്രസക്തമായിത്തീരുന്ന ദിവസമാണിത്. ഭരണഘടനയുടെ പ്രയോഗത്തെ മുന്‍നിര്‍ത്തി പ്രകടിപ്പിക്കപ്പെട്ട ഇത്തരം വലിയ ആശങ്കകള്‍ ഇന്ന് യാഥാര്‍ഥ്യങ്ങളായി മാറിയിരിക്കുന്നു.
26 Jan 2023, 12:48 PM
മാധ്യമങ്ങള്‍ ഇന്ന് കൊണ്ടാടുന്ന ഇന്ത്യന്‍ റിപ്പബ്ലിക്ക് അതിലെ പൗരന്മാരെ സംബന്ധിച്ച് എത്രത്തോളം വസ്തുനിഷ്ഠമാണ്?
74 വര്‍ഷം കഴിഞ്ഞിട്ടും അത് ഒരു ഭാവനയായി അവശേഷിക്കുകയാണോ?
തീര്‍ച്ചയായും അല്ല എന്നുതന്നെയാണ് ഉത്തരം. 141 കോടി മനുഷ്യര്‍ക്ക് അതിജീവനത്തിനുള്ള ഏറ്റവുമൊടുവിലത്തെ പിടിവള്ളിയാണ് നമ്മുടെ റിപ്പബ്ലിക്കും അതിന്റെ ഭരണഘടനയും. അതിന്റെ ഏതെങ്കിലുമൊരു അരികില്‍പിടിച്ചാണ് ഇപ്പോഴും ഈ മനുഷ്യരുടെ നിലനില്‍പ്പ്. അരികുകളിലെ ഈ മനുഷ്യരാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സചേതനമാക്കുന്നത്. ചരിത്രപരമായി ഈ മനുഷ്യര്‍ നേരിട്ട അനീതികളെ ധീരമായി അഭിമുഖീകരിക്കാനും പ്രാതിനിധ്യം ഒരു അവകാശമായിത്തന്നെ പ്രഖ്യാപിക്കാനും ഇടം നല്‍കിയ ഒരു ലിവിങ് ഡോക്യുമെന്റായി ഇപ്പോഴും ഭരണഘടന നമുക്കുമുന്നിലുണ്ട്. പലതരം മനുഷ്യര്‍ക്ക് അവരുടെ ഐഡന്റിറ്റികളെല്ലാം അവകാശമായി തന്നെ അനുഭവിക്കാനുള്ള ഒരു സാധ്യത, വളരെ പ്രധാനപ്പെട്ടതുമാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്, സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിന്റെ അഭാവത്തില്‍ നിലനില്‍പ്പുണ്ടാകില്ല എന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ മുന്നറിയിപ്പ് ഓര്‍ക്കേണ്ട ദിവസമാണിത്. നാലില്‍ രണ്ടേമുക്കാല്‍ ബ്രാഹ്മണരും അഞ്ചു ധനികരും അവരുടെ സേവകരുമാണോ ഈ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടത് എന്ന പെരിയോറുടെ ചോദ്യവും പ്രസക്തമായിത്തീരുന്ന ദിവസമാണിത്.
ഭരണഘടനയുടെ പ്രയോഗത്തെ മുന്‍നിര്‍ത്തി പ്രകടിപ്പിക്കപ്പെട്ട ഇത്തരം വലിയ ആശങ്കകള്‍ ഇന്ന് യാഥാര്‍ഥ്യങ്ങളായി മാറിയിരിക്കുന്നു.
ഭരണഘടനക്കുനേരെയുള്ള ആക്രമണങ്ങളാണ് അതില്‍ ഏറ്റവും ഗുരുതരം. 74 വര്‍ഷത്തിനിടെയുണ്ടായ നൂറിലേറെ ഭേദഗതികളില്‍ പലതും ഭരണഘടനയുടെ അന്തഃസ്സത്ത അട്ടിമറിക്കുന്നതായിരുന്നു. മുന്നാക്ക സംവരണം നിയമമാക്കിയ 103-ാം ഭേദഗതി ഏറ്റവുമൊടുവിലെ ഉദാഹരണം.
മൗലികാവകാശങ്ങളുടെ നിഷേധം വ്യാപകമായി വരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് ഈ റിപ്പബ്ലിക് ദിനം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച്, അതിന്റെ സംഘാടകരായ സംഘ്പരിവാറിന്റെ ഭാഷ്യം മാത്രം ജനം കേട്ടാല്‍ മതിയെന്ന് ഭരണകൂടം കല്‍പ്പിക്കുന്നു. ദൃക്‌സാക്ഷികളും ഇരകളും ജീവിച്ചിരിക്കുന്ന, ഹീനമായ ഒരു ചരിത്രസന്ദര്‍ഭത്തിന്റെ ഓര്‍മ, അടയാത്ത അധ്യായമായി മുന്നിലെത്തുമ്പോള്‍, ആ അനിഷേധ്യമായ വസ്തുതകളെ, പരിഹാസ്യമായ രീതിയില്‍ വിലക്കുന്നു. പുതിയ കാലത്ത് ജീവശ്വാസം പോലെ അനിവാര്യമായ മാധ്യമസ്വാതന്ത്ര്യം നിരോധിക്കപ്പെടുന്നു.
രാജ്യത്തെ ഹൈകോടതികളിലും സുപ്രീംകോടതികളിലും ചോദ്യം ചെയ്യപ്പെട്ടു കിടക്കുന്ന, അന്തിമ തീരുമാനമാകാത്ത ഐ.ടി നിയമത്തിന്റെ മറവിലാണ് ഈ വിലക്ക്. ഇതേ നിയമത്തിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാറിന് വ്യാജം എന്ന് തോന്നുന്ന വാര്‍ത്തകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് നിരോധിക്കുന്ന വാര്‍ത്താ സെന്‍സര്‍ഷിപ്പ് വരുന്നു. വാര്‍ത്താവിതരണ മന്ത്രാലയത്തിനുകീഴിലെ പി.ഐ.ബിയോ കേന്ദ്രം നിയോഗിക്കുന്ന മറ്റ് ഏജന്‍സികളോ ആയിരിക്കും ഇനി ഫാക്റ്റ് ചെക്ക് നടത്തുക. സംവാദത്തിന്റെയും വിയോജിപ്പിന്റെയും പുതിയ കാലത്തെ ഏറ്റവും ശക്തമായ പ്ലാറ്റ്‌ഫോമുകള്‍ റദ്ദാക്കപ്പെടുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124ാം വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതി അതിന്റെ ഭരണഘടനാ സാധുത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വകുപ്പ് വിമതശബ്ദങ്ങളെ നേരിടാനുള്ള ആയുധമായത്, നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷമാണ്. 2016നും 2021നുമിടയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളുടെ എണ്ണത്തില്‍ 190 ശതമാനമാണ് വര്‍ധനയുണ്ടായത്.
ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വിചാരണ കാത്തുകിടക്കുന്ന തടവുകാരുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യന്‍ ജയിലുകളിലെ തടവുകാരില്‍ 76 ശതമാനവും വിചാരണ കാത്ത് കിടക്കുന്നവരാണ്. ഈ മനുഷ്യരിലേറെയും ദലിതരും പിന്നാക്കക്കാരും മുസ്‌ലിംകളുമാണ് എന്നും ഓര്‍ക്കുക.
കോവിഡ് കാലത്ത്, 2020 -ല്‍ ലോകത്ത് പട്ടിണിയിലേക്ക് വീണുപോയ മനുഷ്യരുടെ 80 ശതമാനവും ഇന്ത്യക്കാരായിരുന്നുവെന്ന് ലോകബാങ്ക് പഠനം പറയുന്നു. സാമ്പത്തിക തകര്‍ച്ചയെതുടര്‍ന്ന് ദാരിദ്ര്യത്തിലായ ഏഴു കോടി പേരില്‍ 5.6 കോടിയും ഇന്ത്യക്കാരായിരുന്നു.
ജനാധിപത്യത്തെ പ്രയോഗവല്‍ക്കരിക്കാന്‍ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട സംവിധാനങ്ങള്‍, ഭരണകൂടത്തോടുള്ള അപകടകരമായ വിധേയത്വം പ്രകടമാക്കുന്നു. പാര്‍ലമെന്റും ഉന്നത നീതിന്യായ സംവിധാനങ്ങളും ബ്യൂറോക്രസിയും മാധ്യമങ്ങളും സമീപകാലത്ത് കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്നത് ഈ വിധേയത്വത്തിന്റെ പേരിലാണ്.
ജനാധിപത്യത്തിന്റെ തന്നെ സങ്കേതങ്ങളുപയോഗിച്ചാണ്, ജനാധിപത്യം എന്നു തോന്നിപ്പിക്കുംവിധം "ഇലക്ടറല്‍ ഓട്ടോക്രസി'യിലേക്ക് ഇന്ത്യ സഞ്ചരിക്കുന്നത്. ഇതിന്റെ പ്രകടമായ അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളില്‍ അവിശ്വാസം വളര്‍ത്തുന്നു. തെരഞ്ഞെടുപ്പുകളെ അവിഹിതമായി സ്വാധീനിക്കുന്നു. പൗരസമൂഹത്തിനും മാധ്യമങ്ങള്‍ക്കും മേല്‍ കടന്നാക്രമണം നടത്തുന്നു. വര്‍ഗീയ ധ്രുവീകരണം സ്വഭാവികപ്രക്രിയയാക്കി മാറ്റുന്നു. ഹിംസാത്മക ദേശീയതയുടെ ബിംബങ്ങളെ പ്രതിഷ്ഠിക്കുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ബഹുസ്വര പ്രതീകങ്ങളെ മാച്ചുകളയുന്നു.
ഈ യഥാര്‍ഥ ഇന്ത്യയും ഇന്ത്യക്കാരുമില്ലാത്തതാണ്, വന്‍ശക്തികളുടെ ലോകഭൂപടത്തില്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യ എന്ന രാജ്യം. ആ ഭൂപടത്തിലുള്ളത് ആരുടെ ഇന്ത്യയും ആരുടെ നേതാവുമാണ് എന്ന് വ്യക്തവുമാണ്.
പക്ഷെ, ഇന്ത്യന്‍ ജനാധിപത്യം ഗംഭീരമായ തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള ഒരു സംവിധാനം കൂടിയാണ്. അതുകൊണ്ടാണ്, ന്യൂനപക്ഷത്തിന്റെ മാത്രം പ്രാതിനിധ്യമുള്ള ഒരു ഭരണകൂടമായി ഈ സമഗ്രാധിപത്യശക്തിക്ക് നിലനില്‍ക്കേണ്ടിവരുന്നത്. ഇന്ത്യയുടെ എല്ലാതരം ബഹുസ്വരതകള്‍ക്കും ഇടമുള്ള ഭരണഘടന തന്നെയാണ് ഈ സമഗ്രാധിപത്യത്തിനെതിരായി പ്രയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം. ഒരൊറ്റ മതത്തിന്റെയും ഒരൊറ്റ സംസ്‌കാരത്തിന്റെയും ഒരൊറ്റ ഭാഷയുടെയും ആധിപത്യത്തിനെതിരെ നിലകൊള്ളുന്ന മനുഷ്യരുടെയും മൂവ്‌മെന്റുകളുടെയും കൊടിയടയാളമായിരിക്കും ഈ ഭരണഘടന. വിമര്‍ശിക്കപ്പെട്ടും മാറ്റങ്ങള്‍ക്ക് വിധേയമായും പുതിയ കാലത്തെ മനുഷ്യരെയും രാഷ്ട്രീയത്തെയും ഉള്‍ക്കൊണ്ടും, അട്ടിമറിക്കപ്പെടാതെ നിലനില്‍ക്കേണ്ടതുണ്ട്, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഈ ആധാരശില.
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
കെ. കണ്ണന്‍
Mar 09, 2023
4:48 Minutes Watch
അഡ്വ. പി.എം. ആതിര
Mar 09, 2023
33 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
കെ. കണ്ണന്‍
Mar 02, 2023
8 minutes read
അഡ്വ. പി.എം. ആതിര
Feb 14, 2023
31 Minutes Watch