മലയാളം അറിയാത്ത ചൗധരി,
ഈണത്തിനൊപ്പിച്ച് എഴുതാത്ത വയലാര്‍,
അവരൊന്നിച്ച 'ചെമ്മീന്‍'
മലയാളം അറിയാത്ത ചൗധരി, ഈണത്തിനൊപ്പിച്ച് എഴുതാത്ത വയലാര്‍, അവരൊന്നിച്ച 'ചെമ്മീന്‍'
സലില്‍ ചൗധരിക്ക് മലയാളം അറിയില്ല, വയലാര്‍ ഈണത്തിനൊപ്പിച്ച് പാട്ടും എഴുതില്ല. സലില്‍ദാ ആണെങ്കില്‍ അന്നു വരെ മലയാളി കേട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഈണങ്ങളും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ സൗഹൃദം എന്നും വയലാറിന് ഒരു ദൗര്‍ബല്യമായിരുന്നു. രാമു കാര്യാട്ട് എന്ന സുഹൃത്തിനു വേണ്ടി വയലാര്‍ അതും ചെയ്തു. അങ്ങനെ ചെമ്മീനിലെ സുന്ദരമായ പാട്ടുകള്‍ പിറന്നു.
27 Oct 2022, 03:44 PM
ഒക്ടോബര്‍ എന്തൊരു മാസമാണെന്ന് ഓര്‍ക്കുകയാണ് ഞാന്‍. മഹത്തായ റഷ്യന്‍ വിപ്ലവത്തെ നമ്മള്‍ ഒക്ടോബര്‍ വിപ്ലവം എന്നാണ് വിശേഷിപ്പിക്കുന്നത്. അത് നടന്നത് നവംബറിലാണെങ്കിലും. ഒരു പക്ഷേ നവംബര്‍ വിപ്ലവം എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചിരുന്നത് എങ്കില്‍ പില്‍ക്കാലത്ത് സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായപ്പോള്‍ മലയാളപത്രങ്ങള്‍ക്ക് നവംബറിന്റെ നഷ്ടം എന്നൊക്കെ തലക്കെട്ട് കൊടുക്കാമായിരുന്നു. പുന്നപ്ര വയലാര്‍ സമരം നടന്നതും ഒരു ഒക്ടോബറിലാണ്.
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് പാടിയ വയലാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിടന്ന് മരണത്തെ പുല്‍കിയതും ഒരു ഒക്ടോബറിലായിരുന്നു. 1975 ഒക്ടോബര്‍ 27ന്. വയലാര്‍ അന്തരിച്ചിട്ട് അര നൂറ്റാണ്ടോളം ആകുന്നുവെങ്കിലും അദ്ദേഹത്തിന്റെ വരികള്‍ ഇന്നും നമ്മള്‍ ഓര്‍ക്കുന്നുവെങ്കില്‍ അവ കാലാതിവര്‍ത്തിയായതു കൊണ്ടു തന്നെയാണ്. നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്പര്‍ശിച്ച വരികള്‍.
ചിത്രത്തില്‍ ക്യാമറയില്‍ നോക്കി ചിരിക്കുന്നത് വയലാറാണ്. ഇരിക്കുന്നവരില്‍ ഒരാള്‍ സലില്‍ ചൗധരി. ചെമ്മീനിലെ പാട്ടുകളുടെ റെക്കോഡിംഗ് സമയത്ത് എടുത്ത ചിത്രമാണ്.
ചെമ്മീന്‍ സംവിധാനം ചെയ്ത രാമു കാര്യാട്ട് കാലത്തിനു മുമ്പേ നടന്ന സംവിധായകനായിരുന്നു. അത് ചെമ്മീനിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ നോക്കിയാല്‍ അറിയാം. ക്യാമറാമാനായി മാര്‍ക്കസ് ബാര്‍ട്ട്‍ലി, എഡിറ്ററായി ഋഷികേശ് മുഖര്‍ജി, സംഗീത സംവിധായകനായി സലില്‍ ചൗധരി. സലില്‍ ചൗധരിയും രാമു കാര്യാട്ടും കണ്ടു മുട്ടുന്നത് ഹെല്‍സിങ്കിയില്‍ ലോക യുവജനസമ്മേളനത്തിന് വച്ചാണ്. അന്നു കാര്യാട്ടിനൊപ്പം ഹെല്‍സിങ്കിയില്‍ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ നമുക്കേറ്റവും പ്രിയപ്പെട്ട രണ്ട് വാസുദേവന്‍മാരാണ്, പി.കെ.വിയും എം.ടിയും.

മലയാളിയല്ലാത്ത ഒരു സംഗീത സംവിധായകനുമായി വയലാര്‍ ആദ്യമായാണ് സഹകരിക്കുന്നത്. കടലാസില്‍ കവിതയെഴുതി ദേവരാജന്‍ മാസ്റ്റര്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അതിനെ കുറിച്ച് ചിന്തിക്കാത്ത വയലാറിന്, ഒരു ചട്ടക്കൂടില്‍ തന്റെ വരികളെ ഇണക്കുന്നത് ബുദ്ധിമുട്ടായി തോന്നിയത് സ്വാഭാവികം. ഈണത്തിനൊപ്പിച്ച് പാട്ടെഴുതാന്‍ തനിക്ക് വയ്യെന്ന് പറഞ്ഞ് വയലാര്‍ പിണങ്ങിപ്പോയതോടെ ആകെ പ്രശ്നമായി.
സലില്‍ ചൗധരിക്ക് മലയാളം അറിയില്ല, വയലാര്‍ ഈണത്തിനൊപ്പിച്ച് പാട്ടും എഴുതില്ല. സലില്‍ദാ ആണെങ്കില്‍ അന്നു വരെ മലയാളി കേട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഈണങ്ങളും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ സൗഹൃദം എന്നും വയലാറിന് ഒരു ദൗര്‍ബല്യമായിരുന്നു. രാമു കാര്യാട്ട് എന്ന സുഹൃത്തിനു വേണ്ടി വയലാര്‍ അതും ചെയ്തു. അങ്ങനെ ചെമ്മീനിലെ സുന്ദരമായ പാട്ടുകള്‍ പിറന്നു. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല എന്ന ഒറ്റ വരിയില്‍ തന്നെ മനുഷ്യന്‍ ഇന്നോളം അനുഭവിച്ച പ്രണയവേദനയുടെ എല്ലാ തീക്ഷ്ണതയും അടങ്ങിയിരിക്കുന്നു.
പില്‍ക്കാലത്ത് ഈണത്തിന് അനുസരിച്ച് അനുയോജ്യമായ വാക്കുകള്‍ പാട്ടില്‍ എഴുതിച്ചേര്‍ക്കുന്നതില്‍ അസാമാന്യമായ കഴിവ് വയലാര്‍ കാണിച്ചിരുന്നു.
1976 - ല്‍ ശോഭന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച് ശങ്കരന്‍ നായരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തുലാവര്‍ഷം എന്ന ചിത്രത്തില്‍ കേളി നളിനം വിടരുമോ എന്ന ഗാനമുണ്ട്. അത് കമ്പോസ് ചെയ്തത് സലില്‍ ചൗധരിയാണ്. വയലാര്‍ എഴുതിയിരുന്നത് കേളി പുഷ്പം എന്നായിരുന്നു. എത്ര ഈണമിട്ടിട്ടും സലില്‍ ചൗധരിക്ക് പുഷ്പം എന്ന വാക്ക് പാട്ടുമായി ഇണക്കി ചേര്‍ക്കാന്‍ കഴിയുന്നില്ല. വയലാര്‍ ആണെങ്കില്‍ പാട്ടെഴുതിയ ശേഷം തന്റെ പതിവു കലാപരിപാടികളിലേക്ക് കടന്നു കഴിഞ്ഞിരുന്നു. ശോഭനാപരമേശ്വരന്‍ നായരും വയലാറും ഉറ്റ സുഹൃത്തുക്കളാണ്. ഇതൊന്ന് ശരിയാക്കണം കുട്ടാ, എന്ന് പറഞ്ഞ് കടലാസ് കൈയിലേക്ക് കൊടുക്കുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ വയലാര്‍ പുഷ്പം വെട്ടി നളിനമാക്കുന്നു. പിന്നെ വിടര്‍ന്നത് മനോഹരമായ ഒരു പാട്ടിന്റെ കേളീ നളിനം.

ഒരു ഗാനരചയിതാവ് എപ്പോഴും ഒരു താളക്രമത്തിലാണ് പാട്ടെഴുതുക. അതിന് സംഗീതത്തിന്റെ ശ്രുതിയും ലയവും ചേര്‍ത്ത് ചിറകുകള്‍ വച്ച് കൊടുക്കുക മാത്രമാണ് ഒരു സംഗീത സംവിധായകന്‍ ചെയ്യുക. "വയലാറിന്റെ വരികളില്‍ തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേള്‍പ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളു. വയലാറിനോട് ഒരു വാക്ക് മാറ്റാന്‍ പറയാന്‍ എനിക്ക് പേടിയാണ്, കാരണം ഒരു വാക്കിന് പകരം അമ്പത് വാക്കുകള്‍ വയലാര്‍ പകരം വയ്ക്കും. ഏതെടുക്കണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങും. അതു കൊണ്ട് വാക്ക് മാറ്റാന്‍ ഞാന്‍ പറയാറില്ല.' ഇതാണ് ദേവരാജന്‍ മാഷ് ഒരിക്കല്‍ വയലാറിന്റെ പാട്ടുകളെ കുറിച്ച് പറഞ്ഞത്.
പി. ഭാസ്ക്കരനും തിരുനയനാര്‍ കുറിച്ചിയുമൊക്കെ പാട്ടെഴുത്തില്‍ തിളങ്ങി നിന്ന കാലത്ത് ഒരു ചാന്‍സ് തേടി കുഞ്ചാക്കോ മുതലാളി നടത്തുന്ന ഉദയാ സ്റ്റുഡിയോയുടെ ഗേറ്റില്‍ കാത്തു നിന്ന് നിരാശനായി മടങ്ങേണ്ടി വന്ന ഭൂതകാലവുമുണ്ട് വയലാറിന്. പിന്നീട് അതേ കുഞ്ചാക്കോയുടെ കാര്‍ വയലാറിനെ കാത്ത് രഘവപ്പറമ്പിലെ വീടിന് മുന്നില്‍ മണിക്കൂറുകള്‍ കിടന്നു. ഉദയായുടെ വടക്കന്‍ പാട്ട് പടങ്ങളില്‍ വയലാര്‍ എഴുതിയ ഗാനങ്ങള്‍ പരമ്പരാഗത വടക്കന്‍ ഗാനങ്ങള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കാവുന്നവയാണ്.
ചെമ്മീനിലെ "മാനസ മൈനേ' പാട്ടിന് പിറകില്‍ മറ്റൊരു പ്രണയകഥ കൂടിയുണ്ട്. ഈ ഗാനം ആലപിക്കാനെത്തിയ മന്നാ ഡേക്ക് മലയാളം പിടി കിട്ടുന്നില്ല. മന്നാ ഡേയെ മലയാളം പഠിപ്പിച്ചത് ജീവിത സഖിയായ സുലോചന കുമാരന്‍.
കണ്ണൂര്‍ക്കാരിയായ സുലോചനയെ മന്ന ഡേ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിൻ്റെ വീട്ടുകാർക്ക് കടുത്ത എതിർപ്പ് ആയിരുന്നു. ഇതെല്ലാം മറികടന്ന് അവർ വിവാഹിതരായി.
2012 -ല്‍ സുലോചന അന്തരിച്ചു. 2013 -ല്‍ മന്നാ ഡേയും.
"ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...'
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch