ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായത്രയും ഭക്ഷണം -അത് ഉച്ഛിഷ്ടമായാലും ശരി- കൊടുത്താല്‍ മതി ജനസംഖ്യയില്‍ വലിയ ഒരു ശതമാനത്തെ മേലാളര്‍ക്ക് അടിമപ്പണിക്കായി കിട്ടുന്നു. കൂലി കൊടുക്കേണ്ട. എന്തൊക്കെ ചെയ്താലും ശൂദ്രന്‍ ധനം സമ്പാദിക്കരുത് എന്ന് നിര്‍ബന്ധമാണ്. ശൂദ്രന്‍ പണം സമ്പാദിച്ച് വലിയ ധനികനായാല്‍ അത് ബ്രാഹ്മണന് മനോവിഷമം ഉണ്ടാക്കും. ശൂദ്രന്‍ ധനികനായാല്‍ ബ്രാഹ്മണനെ ധിക്കരിച്ചേക്കാം എന്ന ആശങ്കയും ധര്‍മ്മസംഹിതകളില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. ഈ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന കാലത്താണ് ചട്ടമ്പിസ്വാമികള്‍ ആര്‍ക്കാണ് വേദപഠനത്തിന് അധികാരം എന്ന് ഉറക്കെ ചിന്തിക്കുന്നത്.
18 Aug 2020, 10:28 PM
മതം എന്നുവെച്ചാല്‍ വിശുദ്ധഗ്രന്ഥം, വിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ മാത്രമല്ല, ഇവയെല്ലാം അംഗീകരിക്കുന്ന വിശ്വാസിസമൂഹം കൂടി ഉള്‍പ്പെട്ടതാണ് എന്ന് ജര്‍മ്മന്‍ തത്ത്വചിന്തകന്‍ ഹെഗെലിന്റെതായി ഒരു നിര്‍വചനമുണ്ട്. ഒരു പടി കൂടി കടന്ന്, വിശ്വാസപ്രമാണങ്ങളാല്‍ പരസ്പരം ദൃഢമായി ബന്ധപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ ചേര്‍ന്നുണ്ടാകുന്ന സമുദായം ആണ് മതം എന്നും പറയാം. അതായത് ഊന്നല്‍ വിശുദ്ധഗ്രന്ഥത്തില്‍നിന്നും ആചാരങ്ങളില്‍നിന്നും മാറി വിശ്വാസി സമുദായത്തിലേക്കുവരുന്നു. വിശ്വാസികളുടേതായ സമുദായത്തില്‍ വ്യാപിക്കുകയും അവരില്‍ സാക്ഷാത്താവുകയും ചെയ്യുന്ന വിശ്വാസ-വിശ്വാസി നൈരന്തര്യമായി മതം മാറുന്നു. ഇത്തരമൊരു മതം സമുദായത്തെയാണ് സംബോധനചെയ്യുന്നത്, വ്യക്തികളെയല്ല. ദിവ്യാത്മാവ് ജനക്കൂട്ടത്തില്‍ ഒന്നാകെ വ്യാപിക്കുന്നതായി അത്തരം മതങ്ങളില്‍ സങ്കല്‍പിക്കുന്നു.
മേലാളരുടെ അടിമപ്പണിക്കായി ഒരു സൂത്രം
പക്ഷെ, മതത്തിന്റെ ഈ നിര്‍വചനം ഹിന്ദുമതത്തിന് ചേരുകയില്ല. ഒരു വ്യക്തിയും അവന്റെ വിശ്വാസങ്ങളുമാണ് ഹിന്ദുവിന്റെ മതം. അതൊരിക്കലും സമൂഹത്തിലേക്ക് ഒന്നാകെ വ്യാപിക്കുന്നില്ല. സമൂഹത്തിലെ വ്യക്തികള്‍ തമ്മില്‍ ജാതി-തൊഴില്‍ ബന്ധങ്ങളല്ലാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന സാഹോദര്യമോ ഏകാത്മാവിന്റെ സമൂഹവ്യാപനമോ ഉണ്ടാകുന്നില്ല. വിശുദ്ധഗ്രന്ഥങ്ങള്‍ പോലും എല്ലാവര്‍ക്കും കൈയില്‍ വെക്കാനോ പഠിക്കാനോ അവകാശമില്ല. അങ്ങനെ ചെയ്യുന്നതില്‍നിന്ന് കര്‍ക്കശമായ നിയമങ്ങള്‍ അവരെ തടയുന്നു. ഗ്രന്ഥം പോയിട്ട് അതെഴുതിയ ഭാഷ പഠിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. കേരളീയര്‍ക്കു വേണ്ടി എഴുതിയ ശാങ്കരസ്മൃതിയില്‍ പറയുന്നത് അങ്ങനെയാണ്. ശൂദ്രര്‍ക്ക് അക്ഷരമാല പഠിക്കാം, പക്ഷെ വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കാന്‍ പാടില്ല. പുരാണം വായിക്കുന്നത് കേള്‍ക്കാം, എന്നാല്‍ സ്വയം പുസ്തകം നോക്കി പുരാണം വായിച്ചുകൂടാ.
പഠനമോ ആത്മസാക്ഷാത്കാരമോ ശൂദ്രനു പറഞ്ഞിട്ടില്ല. ശൂദ്രന്റെ മുഖ്യധര്‍മ്മം തനിക്കു മുകളിലെ വര്‍ണ്ണങ്ങളുടെ, പ്രധാനമായും ബ്രാഹ്മണവര്‍ഗ്ഗത്തിന്റെ സേവനമാണ്. ബ്രാഹ്മണരെ പരിചരിക്കുക, ബ്രാഹ്മണന്റെ ഉച്ഛിഷ്ടം കഴിക്കുക, അവരുടെ കല്‍പന അനുസരിക്കുക, അവര്‍ക്കു വേണ്ടത് ചെയ്തുകൊടുക്കുക ഇതൊക്കെ ചെയ്താല്‍ മതി ശൂദ്രന്‍ സ്വര്‍ഗം പൂകാന്‍.
ഭാഗ്യത്തിന് അന്യസംസ്ഥാനക്കാര്‍ക്കില്ലാത്ത ഒരു സൗജന്യം ശാങ്കരസ്മൃതി കേരളത്തിലെ ശൂദ്രര്‍ക്ക് അനുവദിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിലെ ശൂദ്രന്മാര്‍ ബ്രാഹ്മണനെ കാണുമ്പോഴെല്ലാം നിലത്തുകിടന്ന് നമസ്‌കരിക്കേണ്ടതുണ്ട്, എന്നാല്‍ കേരളത്തിലെ ശൂദ്രര്‍ അപ്രകാരം ചെയ്യേണ്ട. അവര്‍ കുനിഞ്ഞ് ഉപചാരം കാട്ടിയാല്‍ മതിയാവും.
ഇങ്ങനെ ഒരു സംവിധാനം സമൂഹത്തില്‍ ഏര്‍പ്പെടുത്തുന്നത്, അങ്ങനെ ഏര്‍പ്പെടുത്തുന്നവര്‍ക്ക് ഏറെ സൗകര്യമായിരിക്കും. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായത്രയും ഭക്ഷണം - അത് ഉച്ഛിഷ്ടമായാലും ശരി- കൊടുത്താല്‍ മതി ജനസംഖ്യയില്‍ വലിയ ഒരു ശതമാനത്തെ മേലാളര്‍ക്ക് അടിമപ്പണിക്കായി കിട്ടുന്നു. കൂലി കൊടുക്കേണ്ട. ബ്രാഹ്മണന് സേവനം ആവശ്യമില്ലെങ്കില്‍ ശൂദ്രന് കൈത്തൊഴില്‍ ചെയ്തു ജീവിക്കാം. എന്തൊക്കെ ചെയ്താലും ശൂദ്രന്‍ ധനം സമ്പാദിക്കരുത് എന്ന് നിര്‍ബന്ധമാണ്. ശൂദ്രന്‍ പണം സമ്പാദിച്ച് വലിയ ധനികനായാല്‍ അത് ബ്രാഹ്മണന് മനോവിഷമം ഉണ്ടാക്കും എന്നതുകൊണ്ടാണ് ശൂദ്രന്‍ ധനം സമ്പാദിക്കരുത് എന്ന് വിലക്കിയിരിക്കുന്നത്. കൂടാതെ ശൂദ്രന്‍ ധനികനായാല്‍ ബ്രാഹ്മണനെ ധിക്കരിച്ചേക്കാം എന്ന ആശങ്കയും ധര്‍മ്മസംഹിതകളില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്.
ശൂദ്രര്‍ക്കും വേദപഠനമാകാം
ഈ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന കാലത്താണ് ചട്ടമ്പിസ്വാമികള്‍ ആര്‍ക്കാണ് വേദപഠനത്തിന് അധികാരം എന്ന് ഉറക്കെ ചിന്തിക്കുന്നത്. തന്റെ നിശിതമായ ബുദ്ധിയും സൂക്ഷ്മമായ തര്‍ക്കവും ഉപയോഗിച്ച് ശൂദ്രര്‍ക്കും വേദപഠനമാകാം എന്ന് സ്വാമികള്‍ സമര്‍ത്ഥിക്കുന്നു. ബ്രാഹ്മണര്‍ മാത്രമേ വേദം പഠിക്കാവൂ എന്ന്

സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അബ്രാഹ്മണര്‍ പലരും വേദം പഠിച്ചതായും ബ്രാഹ്മണര്‍ അവരെ വേദം (അല്ലെങ്കില്‍ ബ്രഹ്മവിദ്യ) പഠിപ്പിച്ചതായും പുരാണകഥകളില്‍ കാണുന്നു. പഠിക്കാമെന്നും പഠിക്കരുതെന്നും രണ്ടു വിധത്തില്‍ പറഞ്ഞിരിക്കയാല്‍ പഠിക്കാം എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നു സ്വാമികള്‍ സ്ഥാപിക്കുന്നു.
വേദം എന്നു പറയുമ്പോള്‍ സ്വാമികള്‍ മനസ്സിലാക്കുന്നത് അച്ചടിച്ച വേദപുസ്തകങ്ങളെയല്ല, ബ്രഹ്മജ്ഞാനത്തെയാണ് എന്നു വിചാരിക്കണം. കാരണം വേദത്തിന്റെ അര്‍ത്ഥം അറിയാന്‍ അദ്ദേഹം വാക്കിന്റെ അര്‍ത്ഥത്തിലേക്കും പര്യായങ്ങളിലേക്കുമാണ് പോയത്. അനേകം യുക്തികള്‍ ഉപയോഗിച്ച് വേദപഠനം ശൂദ്രര്‍ക്കും ആകാം എന്നു സ്ഥാപിക്കുന്നതിന്റെ പിറകില്‍ ജാതികള്‍ സമങ്ങളാണ് എന്ന സങ്കല്‍പവും കാണും. സംസ്‌കൃതം പഠിച്ച ഒറ്റപ്പെട്ട എതെങ്കിലും ഒരു ശൂദ്രവ്യക്തിയെ വേദം പഠിക്കാന്‍ അനുവദിക്കാമോ എന്നതല്ല പ്രശ്‌നം. 18ാം നൂറ്റാണ്ടില്‍ വേദങ്ങള്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കെ ആര്‍ക്കും അവ വിലകൊടുത്തു വാങ്ങി സ്വന്തമാക്കാനും പഠിക്കാനും കഴിയുമായിരുന്നു. രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരിലേക്ക് പോയതിന്റെ ഫലമായിരുന്നു ഇത്. വേദം കേട്ടുവെന്ന് ആരോപിക്കപ്പെടുന്ന ശൂദ്രനെ പിടിച്ചുകൊണ്ടുവന്ന് അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാന്‍ ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ സാധിക്കുമായിരുന്നില്ല. രാജഭരണകാലത്തും വേദം കേട്ടു പോയ ശൂദ്രനെ പിടിച്ചുകൊണ്ടുവന്ന് ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുമായിരുന്നോ എന്നു സംശയമാണ്. കുറ്റകൃത്യം തടയാനും പേടിപ്പിക്കാനുമായി ഘോരനിയമങ്ങള്‍ ഇങ്ങനെ എഴുതിവെച്ചതാവാന്‍ മതി.
ശൂദ്രന്‍ ശ്മശാനമാകയാല്‍ അവനുള്ളേടത്ത് വേദം ഉച്ചരിക്കരുത് എന്നു വിധിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് പാപമാണ്. ശൂദ്രന്റെ സാമീപ്യം അറിയാതെ ഒരു ബ്രാഹ്മണന്‍ വേദം ഉച്ചരിക്കുകയും വേദമാണ് ഉച്ചരിക്കുന്നത് എന്ന് അറിയാതെ ശൂദ്രന്‍ അതുവഴി കടന്നുപോകുകയും ചെയ്യാന്‍ ഇടയാവുന്ന പ്രത്യേകസന്ദര്‍ഭത്തിലല്ലാതെ ഈ കുറ്റകൃത്യം നടക്കുകയില്ല.
അധികാരം ഉണ്ടായിട്ടും ബ്രാഹ്മണന്‍ അലസതയാലോ മറ്റോ വേദം പഠിക്കാതിരിക്കുകയാണെങ്കില്‍ അവന്‍ ശൂദ്രന്റെ നിലയിലേക്ക് തരംതാഴുന്നു എന്നു സ്മൃതികള്‍ പറയുന്നു. വേദം പഠിക്കുക എന്നുവെച്ചാല്‍ അത്ര എളുപ്പമല്ല. എട്ടു വയസ്സില്‍ തുടങ്ങുന്ന കഠിനയത്‌നത്തിലൂടെയാണ് വേദം സ്വായത്തമാക്കേണ്ടത്. നല്ല സമ്പത്തുള്ള കുടുംബത്തിലെ കുട്ടികള്‍ക്കേ ഈ രീതിയില്‍ വേദം പഠിക്കാന്‍ കഴിയൂ. ഇതേരീതിയില്‍ വേദം പഠിക്കാന്‍ ശൂദ്രന് സാധിക്കില്ല. സ്വന്തം ജീവിതത്തിന് ആവശ്യമായ പണം മുഴുവന്‍ ആദ്യമേ കരുതല്‍ ധനമായി പൂര്‍വികര്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലേ അതുപയോഗിച്ച് വേദം പഠിക്കാന്‍ കഴിയൂ. മതിയായ ഒഴിവുസമയവും വേണം. ശൂദ്രനെ വേദം പഠിപ്പിക്കുന്ന ബ്രാഹ്മണന്‍ നരകത്തില്‍ പോകുമെന്ന് ഉറപ്പാണ്. പിന്നെ ആരാണ് ശൂദ്രനെ അതു പഠിപ്പിക്കുക? കൃത്യമായ രീതിയില്‍ ഉച്ചരിച്ചില്ലെങ്കില്‍ മന്ത്രത്തിന്റെ പ്രഭാവം നഷ്ടമാകും.
അച്ചടിച്ച പുസ്തകത്തിലെ അക്ഷരങ്ങള്‍ നോക്കി വേദം വായിക്കുന്നതുകൊണ്ട് അതിന്റെ ദിവ്യശക്തി കൈവരികയില്ല. 19ാം നൂറ്റാണ്ടില്‍ വേദം അച്ചടിക്കുക എന്ന ലക്ഷ്യത്തോടെ അത് എഴുതിയെടുക്കാന്‍ എച്ച്.എച്ച്. വില്‍സന്‍ ശ്രമിച്ചപ്പോള്‍ വേദം ചൊല്ലിക്കൊടുക്കാന്‍ ആരും തയ്യാറായില്ല എന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു. റഫറന്‍സ് തരാന്‍ നിവൃത്തിയില്ല. ഹൈദരാബാദില്‍ താമസിക്കുന്ന, മദ്യപനും ജാതിഭ്രഷ്ടനുമായ ഒരു ബ്രാഹ്മണനാണ് അതിന് തയ്യാറായത്. അച്ചടിമഷിയില്‍ പശുവിന്റെ രക്തം ചേര്‍ക്കുമെന്ന തെറ്റിദ്ധാരണയാല്‍ അച്ചടിച്ച വേദം ബ്രാഹ്മണര്‍ കൈകൊണ്ടു തൊടുമായിരുന്നില്ല. എന്നാല്‍ അതേ പുസ്തകം മറ്റൊരാള്‍ ഉറക്കെ വായിച്ചാല്‍ അതവര്‍ കേട്ടുകൊള്ളും. ഇതു പറയുമ്പോള്‍ വൈദികസാഹിത്യപ്രാവീണ്യം നേടിയ ഫ്രീദ്രിഹ് മാക്‌സ് മുള്ളര്‍ക്ക് വാരാണസിയിലെ ബ്രാഹ്മണസമൂഹം ബ്രാഹ്മണപദവി നല്‍കിയ കാര്യംകൂടി ഓര്‍മ്മിക്കാം. മാക്‌സ് മുള്ളര്‍ എഡിറ്റു ചെയ്ത ഋഗ്വേദം വാരാണസിയില്‍ പ്രസിദ്ധീകരിക്കാന്‍ ഇന്ത്യാക്കാര്‍ ക്ഷണിച്ചിരുന്നുവെങ്കിലും തനിക്കത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. മാക്‌സ് മുള്ളര്‍ ഇന്ത്യയില്‍ വന്നില്ലെങ്കിലും പ്രശസ്തരായ അനേകം

ബ്രാഹ്മണപണ്ഡിതരും സംന്യാസിമാരും ഇംഗ്ലണ്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും അങ്ങോട്ടുചെന്ന് മാക്‌സ് മുള്ളറെ കാണുമായിരുന്നു. സായണനെയോ യാസ്‌കനെയോ നേരില്‍ കാണുമ്പോഴത്തെ ആദരവായിരുന്നു മാക്‌സ് മുള്ളര്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക്. ഇംഗ്ലീഷില്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ ഇന്ത്യക്കാര്‍ പറയുന്ന ഇംഗ്ലിഷ് മാക്‌സ് മുള്ളര്‍ക്ക് മനസ്സിലായില്ല, സംസ്‌കൃതത്തില്‍ സംസാരിച്ചപ്പോള്‍ മാക്‌സ് മുള്ളറുടെ വിചിത്രമായ സംസ്‌കൃതോച്ചാരണം പണ്ഡിറ്റുകള്‍ക്കും മനസ്സിലായില്ല എന്ന് നീരദ് സി. ചൌധരി എഴുതുന്നു. കുറെ ജര്‍മ്മന്‍കാര്‍ വാരാണസിയില്‍ വന്ന് ബ്രാഹ്മണരായി മാറി കോളനിയുണ്ടാക്കി താമസിക്കാന്‍ പോകുന്നു എന്ന കേട്ടുകേള്‍വി അന്ന് വാരാണസിയില്‍ പരന്നിരുന്നു എന്ന് മാക്‌സ് മുള്ളര്‍ തന്റെ അമ്മയ്ക്കുള്ള കത്തില്‍ എഴുതിയിട്ടുണ്ട്. തന്റെ പദ്ധതികള്‍ നടക്കാതെ പോയാല്‍ താനും അവിടെ അഭയം തേടുമെന്നും അതേ കത്തില്‍ താന്‍ എഴുതി. സംസ്‌കൃതവും വേദവും പഠിക്കുകയും അവയെപ്പറ്റി എഴുതുകയും ചെയ്‌തെങ്കിലും മാക്‌സ് മുള്ളര്‍ തന്റെ ക്രിസ്തുമതവിശ്വാസം കൈവിടുകയുണ്ടായില്ല.
ബ്രഹ്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്നത് മറ്റൊരു ജ്ഞാനം
വേദം ജ്ഞാനമാണ് എന്നു പറയുമെങ്കിലും ഇന്ന് പുസ്തകരൂപത്തില്‍ ലഭ്യമായ ഋഗ്വേദമോ അഥര്‍വവേദമോ അര്‍ത്ഥമറിഞ്ഞുതന്നെ പഠിച്ച് ഹൃദിസ്ഥമാക്കിയതുകൊണ്ടുമാത്രം ഒരാള്‍ക്ക് ബ്രഹ്മജ്ഞാനം കൈവരുമോ എന്ന് സംശയമാണ്. ബ്രഹ്മസാക്ഷാത്കാരത്തിന് സഹായകമായ വേദം വേറെയാണ്. അതിനുവേണ്ടിയാണ് പുരാണകഥകളിലെ ബ്രാഹ്മണര്‍ ക്ഷത്രിയരെയും വൈശ്യരെയും സമീപിച്ചത്. ഒരു കഥയില്‍ ധനികനായ ഒരു ശൂദ്രന്‍ ബ്രാഹ്മണനെ സമീപിച്ചത്. ഈ ജ്ഞാനം വേദമന്ത്രരൂപമാകാന്‍ ഇടയില്ല. ആണെങ്കില്‍, ഓര്‍മ്മയില്‍ ഋഗ്വേദം സൂക്ഷിക്കുന്ന ബ്രാഹ്മണര്‍ അതുതന്നെ വീണ്ടും ക്ഷത്രിയരില്‍ നിന്ന് സമ്പാദിക്കേണ്ട കാര്യമില്ല. അതിനുമപ്പുറം രഹസ്യമായിരിക്കുന്ന മറ്റൊരു ജ്ഞാനമാണ് ബ്രഹ്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്നത്.
എട്ടു വയസ്സുമുതല്‍ പഠിച്ച് ഉറപ്പിച്ച വേദമന്ത്രജ്ഞാനം കര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് അത്യാവശ്യമാണ്. എന്നാല്‍ ആത്മസാക്ഷാത്കാരത്തിന് ആവശ്യം മേലെ പറഞ്ഞ രഹസ്യജ്ഞാനമാണ്. ഇത് യോഗവിദ്യാരൂപമാണ് എന്നു കാണാം. പല ധര്‍മ്മസൂത്രങ്ങളുടെയും അവസാനത്തെ അദ്ധ്യായങ്ങളില്‍ വിവരിക്കുന്നത് യോഗാനുഷ്ഠാനമാണ്. ഉപനിഷത്തുകള്‍ മാത്രമല്ല ധര്‍മ്മസൂത്രങ്ങളും യോഗവിദ്യ ഉപദേശിക്കുന്നു.
ശൂദ്രന് അധികാരമുണ്ട് എന്ന് ചട്ടമ്പിസ്വാമികള്‍ പ്രഖ്യാപിക്കുന്ന ജ്ഞാനം ഇതാണ്. ഇത് രഹസ്യമായ ജ്ഞാനമാണ് എന്നു പറയുന്നതിന് പൊതുജനങ്ങള്‍ എല്ലാവര്‍ക്കും ഈ ജ്ഞാനം ആവശ്യമില്ലെന്നും നന്നേ കുറച്ചു വ്യക്തികള്‍ മാത്രമേ അത് ശീലിക്കേണ്ടൂ എന്നും അര്‍ത്ഥമാകാം. സമൂഹത്തിലെ മുഴുവന്‍ ആളുകളും ബ്രഹ്മജിജ്ഞാസുക്കളായി ഇക്കാണുന്ന പ്രപഞ്ചം മിഥ്യയാണെന്ന തീരുമാനത്തില്‍ എത്തിയാല്‍ രാഷ്ട്രത്തിനും അതിന്റെ സാമ്പത്തികഘടനക്കും എന്തു സംഭവിക്കും? വമ്പിച്ച സ്വത്തിന് ഉടമയായ ഒരാള്‍ക്കു മാത്രമേ ബ്രഹ്മജ്ഞാനത്തിനായി പരിശ്രമിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ എല്ലാ സമ്പത്തും ത്യജിച്ച് ശരീരം മാത്രമായി സഞ്ചരിക്കുന്ന സന്യാസിയ്ക്ക്. ഏതായാലും ജനസാമാന്യത്തിന് പൊതുവേ സ്വീകരിക്കാവുന്ന ഒരു മാര്‍ഗ്ഗമല്ല ബ്രഹ്മജിജ്ഞാസയുടേത്.
ഇനി ശ്രമിച്ചാല്‍പോലും ഒന്നോ രണ്ടോ ആളുകള്‍ക്കു മാത്രം ചെന്നെത്താന്‍ കഴിയുന്ന അത്യുന്നതപദവിയാണത്. ഈ ആശയം സ്വാമികള്‍ ഭഗവദ്ഗീതയില്‍നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു: ‘‘അനേകായിരം മനുഷ്യരില്‍ ഒരാള്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍ അതുനേടിയെന്നു വരാം (413).'’ അഹിംസയെ പരമധര്‍മ്മമായി സ്വാമികള്‍ ചിത്രീകരിക്കുന്നേടത്തും വിരലിലെണ്ണാന്‍ കഴിയുന്നത്ര ആളുകള്‍ക്കുമാത്രം പാരമ്യത്തില്‍ എത്തിക്കാന്‍ കഴിയുന്ന പദ്ധതിയെപ്പറ്റിയാണ് താന്‍ സംസാരിക്കുന്നത്. സസ്യാഹാരികള്‍ക്കെതിരെ സംസാരിക്കുന്ന മാംസാഹാരികള്‍ ഉപയോഗിക്കുന്ന ഒരു ന്യായം സസ്യങ്ങള്‍ക്കും ജീവനുള്ളതിനാല്‍ അവയെ ആഹരിക്കുന്നതും ഹിംസയാകും എന്നതാണല്ലോ.
സസ്യങ്ങളെ ഭക്ഷിക്കുന്നത് ഹിംസയാണ് എന്നു സ്വാമികള്‍ സമ്മതിക്കുന്നു. എന്നാല്‍ പടിപടിയായി ആഹാരം കുറച്ചുകൊണ്ടുവന്ന് ഉണങ്ങിയ ഇലകള്‍ മാത്രം കഴിച്ചും അതും കടന്ന് വായുമാത്രം ഭക്ഷണമാക്കിയും യോഗിക്ക് പരിപൂര്‍ണമായ അഹിംസയില്‍ എത്താന്‍ കഴിയുമെന്നാണ് സ്വാമികള്‍ പറയുന്നത്. ഇത് ചുരുക്കം വ്യക്തികള്‍ക്കു മാത്രം സാധിക്കുന്ന കഠിനവ്രതമാണ്.
ബ്രഹ്മസാക്ഷാത്കാരത്തിനായി ശൂദ്രര്‍ കഷ്ടപ്പെടുന്നത് എന്തിന്
ബ്രാഹ്മണനായാല്‍ പോലും ഒന്നോ രണ്ടോ വിശിഷ്ടവ്യക്തികള്‍ക്ക്, കിട്ടിയെങ്കിലായി എന്നു പറഞ്ഞ പോലെ ദുര്‍ലഭമായിരിക്കുന്ന ബ്രഹ്മസാക്ഷാത്കാരത്തിനായി ശൂദ്രരോ അതില്‍ താഴെയുള്ള അവര്‍ണ്ണരോ പഞ്ചമരോ കഷ്ടപ്പെടുന്നത് എന്തിന് എന്ന ചോദ്യം ഉയരേണ്ടത് ഇവിടെയാണ്.

ബ്രാഹ്മണര്‍ക്കു മാത്രം എന്ന വാദത്തെ ഇതുവരെ നേരിട്ടത്, നിങ്ങള്‍ക്കു മാത്രമായാല്‍ പോരാ ഞങ്ങള്‍ക്കും വേണം എന്നു പറഞ്ഞുകൊണ്ടാണ്. ജാതികള്‍ പലതും അങ്ങനെ ബ്രാഹ്മണരുടെ രീതികള്‍ സ്വീകരിക്കാന്‍ ഇടയായി. ജാതികളുടെ സംസ്‌കൃതീകരണത്തിലേക്ക് അതു നയിച്ചു. ഇതിനുപകരം ആരും പരീക്ഷിക്കാത്ത മറ്റൊരു വഴിയും ഉണ്ടായിരുന്നു, നിങ്ങളുടെ ദിവ്യഗ്രന്ഥങ്ങളും ദൈവികജ്ഞാനവും നിങ്ങള്‍ പണ്ടേ വേലി കെട്ടിത്തിരിച്ചതുപോലെ നിങ്ങളുടെ കയ്യില്‍ തന്നെ ഇരിക്കട്ടെ, അവയൊന്നും ഞങ്ങള്‍ക്കു വേണ്ട എന്നു വെക്കുന്ന ഒരു വഴി.
രാജ്യത്തിലെ എല്ലാ ജനങ്ങളും ബുദ്ധന്റെ ഭിക്ഷുമാര്‍ഗ്ഗം തെരഞ്ഞെടുത്താല്‍ അത് വലിയ അസന്തുലനത്തിലേക്കു നയിക്കും. ഭിക്ഷുക്കളുടെ ആശ്രമങ്ങള്‍ക്കായി പണ്ടത്തെ രാജാക്കന്മാര്‍ അസംഖ്യം ഗ്രാമങ്ങള്‍ വിട്ടുകൊടുത്തിരുന്നു. രാജദാനവും ഭിക്ഷയും കൊണ്ട് ജീവിക്കുന്ന അസംഖ്യം ഭിക്ഷുക്കള്‍ രാജ്യത്തില്‍ ഉണ്ടായിരിക്കുകയെന്നാല്‍ അത്രയും ആളുകള്‍ നാട്ടിലെ ഉല്‍പാദന-സാമ്പത്തികപ്രക്രിയകളില്‍നിന്ന് മാറിനില്‍ക്കുക എന്നാണ് അര്‍ത്ഥം. വര്‍ണ്ണവ്യവസ്ഥ ബ്രാഹ്മണരോട് ആവശ്യപ്പെടുന്നതും ഉല്‍പാദനപ്രക്രിയയില്‍നിന്ന് മാറിനില്ക്കാനാണ്. ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയില്‍ പണം പലിശയോ കൃഷിയോ ബ്രാഹ്മണര്‍ക്ക് ജീവനോപായമാക്കാം. എന്നാല്‍ ദക്ഷിണയാണ് അവരുടെ മുഖ്യവരുമാനം.
ധാന്യവണ്ടികളില്‍നിന്ന് ഉതിര്‍ന്നുവീണ ധാന്യമണികളും കൊയ്ത്തു കഴിഞ്ഞ വയലില്‍ ശേഷിക്കുന്ന ധാന്യമണികളും പെറുക്കിയെടുത്തു (കാലാ പെറുക്കുക) വേണം ബ്രാഹ്മണന്‍ നിത്യവൃത്തി കഴിക്കാന്‍ എന്നു ധര്‍മ്മസൂത്രങ്ങളില്‍ പറയുന്നു. ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്ന ഇത്രയും അധികം പേരെ നിലനിര്‍ത്തേണ്ടത് ജനസംഖ്യയില്‍ ബാക്കിവരുന്ന മറ്റേ വിഭാഗമാണ്. അവര്‍ക്കു അതിനു സാധിക്കാതെ വന്നാല്‍ ഭിക്ഷുസമ്പ്രദായത്തിന് താളം തെറ്റും; സംവിധാനം തന്നെ തകര്‍ന്നടിയും. ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമായിരുന്നു ബ്രഹ്മാനന്ദസ്വാമികള്‍ക്ക്.
വേറൊരിടത്ത് ഞാന്‍ ഉദ്ധരിച്ച ബ്രഹ്മാനന്ദസ്വാമികളുടെ ആശയം ആവര്‍ത്തിക്കട്ടെ: ‘‘സര്‍വ്വസ്വവും ത്യജിച്ച് ഭിക്ഷാടനം ചെയ്തു ജീവിക്കുന്നതിനോട് സ്വാമികള്‍ക്ക് യോജിപ്പില്ല. അവനവന്റെ ജീവിതത്തിന് ആവശ്യമായ സ്വത്ത് കൈവശം വെക്കണം എന്ന് സ്വാമികള്‍ ഉപദേശിക്കുന്നു. അങ്ങനെ ചെയ്യാതെ മുഴുവന്‍ സ്വത്തും ഉപേക്ഷിച്ച് ഭിക്ഷുവായി ജീവിക്കുന്നത് ഇഹസുഖത്തിനും നിജാനന്ദത്തിനും ഒരു പോലെ ഹാനിയാവും. ബുദ്ധന്റെയും മറ്റും സര്‍വ്വത്യാഗസമ്പ്രദായം ശരിയായില്ല എന്നും ബുദ്ധന്‍ രാജ്യത്തെ ത്യജിച്ചത് യുക്തമായില്ല എന്നും സ്വാമികള്‍ പറഞ്ഞു(ആനന്ദാദര്‍ശം 169, 171).''
പരശുരാമന്റെ കേരളസൃഷ്ടി ചോദ്യം ചെയ്യപ്പെടുന്നു
അന്നത്തെ ബ്രാഹ്മണരുടെ സാമ്പത്തികഭദ്രതയുടെ അടിസ്ഥാനം ശൂദ്രരുടെയും അതില്‍ താഴ്ന്ന ജാതികളുടെയും അടിമത്തമായിരുന്നു. രാജ്യത്തിലെ സമ്പത്ത് മുഴുവനായും വന്നത് ജനങ്ങളുടെ അദ്ധ്വാനത്തില്‍നിന്നാണ്. അതാണ് കനത്ത നിധിനിക്ഷേപങ്ങളായി പരിണമിച്ചത്. അല്ലാതെ രാജാക്കന്മാരുടെ കയ്യില്‍ വേറെ ധനാകര്‍ഷണഭൈരവയന്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

സമ്പത്തുണ്ടാക്കാന്‍ ഉതകുന്ന ഉല്‍പാദനപ്രക്രിയകള്‍ അവര്‍ ആരംഭിക്കുകയോ നടത്തിക്കൊണ്ടു പോവുകയോ ഉണ്ടായില്ല. കണ്ണില്‍ ചോരയില്ലാത്ത നികുതി, യുദ്ധമെന്ന പേരില്‍ അന്യരാജ്യങ്ങളില്‍ ചെന്ന് നടത്തുന്ന കൊള്ള - ഇവയായിരുന്നു രാജസമ്പത്തിന്റെ ഉറവിടം. ഉറപ്പുള്ള ധനാധാരത്തിന്മേല്‍നിന്നു കൊണ്ടാണ് ബ്രാഹ്മണര്‍ ബ്രഹ്മജിജ്ഞാസയി ലേക്കു തിരിഞ്ഞത്. ഇനി ശൂദ്രനും ബ്രഹ്മസാക്ഷാത്കാരം കൊതിക്കുന്നുവെങ്കില്‍ അവനും വേണം സാമ്പത്തികമായ ഭദ്രത. ബ്രഹ്മജിജ്ഞാസുവായ ശൂദ്രവ്യക്തി തന്നെ ധനികനാവണമെന്നല്ല. അവന്‍ ഉള്‍പ്പെടുകുയും അവനെ പിന്തുണക്കുകയും ചെയ്യുന്ന സമുദായം സമ്പന്നമാവണം. ഇതിനായി ചട്ടമ്പിസ്വാമികള്‍ തെരഞ്ഞെടുത്ത വഴി പൗരാണികവും കാവ്യാത്മകവുമായിരുന്നു. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്നും പരശുരാമന്‍ ഈ ഭൂഭാഗത്തെ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും പറയുന്ന പുരാവൃത്തത്തെ സ്വാമികള്‍ ചോദ്യം ചെയ്തു.
ഈ പുരാവൃത്തം സ്വീകാര്യമല്ല എന്നും കേരളം ആദ്യമേ നാഗന്മാര്‍/നാകന്മാര്‍/നായന്മാര്‍ താമസിക്കുകയും ഭരിക്കുകയുംചെയ്ത ദേശമായിരുന്നു എന്ന് വാദിച്ചു. ഇത് നായര്‍ പ്രാമാണ്യവാദമാണെന്നു വരാം. അതോടൊപ്പം അത് ബ്രാഹ്മണപ്രാമാണ്യവാദത്തിന്റെ തിരസ്‌കാരവുമാണ്. കേരളമാഹാത്മ്യം, കേരളോല്‍പത്തി, സ്‌കന്ദപുരാണത്തിന്റെ ഭാഗമെന്നു പറയുന്ന(സ്‌കന്ദപുരാണത്തിന്റെ പ്രസിദ്ധീകരിച്ച പതിപ്പുകളില്‍ സഹ്യാദ്രിഖണ്ഡം എന്നൊരു ഭാഗം ഇല്ല. ലഭ്യമായ ‘ബ്രഹ്മാണ്ഡപുരാണ'ങ്ങളില്‍ ‘കേരളമാഹാത്മ്യം' എന്ന ഭാഗം ഇല്ലാത്തതു പോലെ) സഹ്യാദ്രിഖണ്ഡം എന്നീ കൃതികളിലാണ് പരശുരാമന്‍ കേരളം സൃഷ്ടിച്ച കഥയുള്ളത്. എന്നാല്‍ സഹ്യാദ്രിഖണ്ഡം എന്ന പേരില്‍ സ്വതന്ത്രമായ ഒരു പുസ്തകം ഉണ്ട്. അതിലെ അധ്യായാന്തങ്ങള്‍ ‘‘സ്‌കന്ദപുരാണേ ആദിരഹസ്യേ സഹ്യാദ്രിഖണ്ഡേ വ്യാസസനത്കുമാരസംവാദേ...'' എന്നിങ്ങനെയാണ്. പരശുരാമന്‍ മീന്‍പിടുത്തക്കാരെ വിളിച്ചു കൂട്ടി അവരുടെ ചൂണ്ടകള്‍ മുറിച്ചു കളഞ്ഞ് നൂല്‍ പൂണൂലാക്കി ധരിപ്പിച്ച് ബ്രാഹ്മണരാക്കി മാറ്റി എന്നൊരു ഐതിഹ്യം സഹ്യാദ്രിഖണ്ഡത്തിലുണ്ട് (ജീവചരിത്രവും പ്രധാനകൃതികളും 420).
ഇത്തരം കഥകള്‍ തങ്ങള്‍ക്ക് അവമതിയുണ്ടാക്കുന്നു എന്ന് സഹ്യാദ്രിഖണ്ഡം പ്രസിദ്ധീകരിച്ച കാലത്തും ഈയടുത്ത കാലത്തും മഹാരാഷ്ട്രയിലെ ചിത്പവനബ്രാഹ്മണര്‍ പ്രതിഷേധിക്കുകയുണ്ടായി. ‘സഹ്യാദ്രിഖണ്ഡം' തുടങ്ങിയ സ്ഥലമാഹാത്മ്യങ്ങളിലാണ് പരശുരാമന്റെ കേരളസൃഷ്ടിയുടെ കഥകള്‍ കാണുക. ഈ കഥകള്‍ എല്ലാം സ്വാമികള്‍ സൂക്ഷ്മമായി പരിശോധിക്കുന്നു. സാമാന്യയുക്തി ഉപയോഗിച്ചല്ല സ്വാമികള്‍ ഇവ അടിസ്ഥാനരഹിതമാണെന്നു പറയുന്നത്. അവ പരസ്പരവിരുദ്ധവും പൂര്‍വ്വാപരവിരുദ്ധവും ആണെന്നതുകൊണ്ടാണ്.
ഒരു കഥയില്‍ പരശുരാമന്‍ മഴു കന്യാകുമാരിയില്‍നിന്ന് വടക്കോട്ട് എറിഞ്ഞു എന്നു പറയും. മറ്റൊന്നില്‍ ഗോകര്‍ണ്ണത്തില്‍നിന്ന് അസ്ത്രം അയച്ചുവെന്നും അത് കന്യാകുമാരിയില്‍ ചെന്നു വീണു എന്നു പറയും. ഒരു കഥയില്‍ രാമന്‍ ക്ഷത്രിയരെ കൊന്നതിലെ വീരഹത്യാപാപം തീര്‍ക്കാനാണ് ഭൂമി ബ്രാഹ്മണര്‍ക്കു ദാനം ചെയ്തതെന്നു പറയും. എന്നാല്‍ ജിതേന്ദ്രിയനും ജ്ഞാനിയുമായ രാമനില്‍ പാപസ്പര്‍ശം ഇല്ലെന്നും അതിനാല്‍ ഭൂമി ദാനം ചെയ്തുകൊണ്ട് പാപം പരിഹരിക്കേണ്ട കാര്യം രാമനില്ലെന്നും സ്വാമികള്‍ വാദിക്കുന്നു. ബ്രാഹ്മണര്‍ കേരളഭൂമി കയ്യടക്കി വെക്കുന്നതിന് പ്രമാണരേഖയായി ഇരിക്കേണ്ട സ്ഥലമാഹാത്മ്യങ്ങള്‍ ഇങ്ങനെ പരസ്പരവിരുദ്ധമാണെങ്കില്‍ അവയിലെ അവകാശവാദം അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് സ്വാമികള്‍ വാദിക്കുന്നു. സ്വാമികളുടെ വാക്കുകള്‍ ഉദ്ധരിക്കാം: ‘‘മലയാള ബ്രാഹ്മണരുടെ ജന്മാവകാശത്തെ നിര്‍ണ്ണയിക്കുന്ന അവരുടെ പ്രമാണഗ്രന്ഥങ്ങള്‍ പൂര്‍വ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവ വിശ്വാസയോഗ്യങ്ങളല്ലെന്നും അതിനാല്‍ അവര്‍ക്ക് ഇവിടെ ജന്മാവകാശമില്ലെന്നു സിദ്ധിക്കുന്നു(ജീവചരിത്രവും പ്രധാനകൃതികളും 424).'’

കേരളത്തിലെ ആദിമനിവാസികളായ നാഗന്മാര്‍/നാകന്മാര്‍/നായന്മാര്‍ ആണ് ഈ ദേശത്തിന്റെ അവകാശികള്‍ എങ്കില്‍ അവര്‍ ഉത്പത്തികളിലും മാഹാത്മ്യങ്ങളിലും പറയുന്നതുപോലെ ശൂദ്രരല്ല എന്നും വന്നുചേരും. കേരളത്തിലെ നായന്മാരെ കുറിക്കാന്‍ ശൂദ്രന്‍ എന്ന വാക്ക് പഴയ രേഖകളിലോ സംസാരഭാഷയിലോ ഉപയോഗിക്കുമായിരുന്നില്ല എന്നു സ്വാമികള്‍ പറയുന്നു. സ്വാമികള്‍ എഴുതുന്നതിനും അമ്പതു കൊല്ലം മുമ്പാണ് രജിസ്റ്റര്‍പ്രമാണങ്ങളില്‍ ആദ്യമായി നായര്‍ക്ക് ശൂദ്രന്‍ എന്നു പേരിട്ടതെന്നും പിറകെ വന്ന ആധാരമെഴുത്തുകാര്‍ മുന്‍പിന്‍നോക്കാതെ ആ രീതി തുടരുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ ദേശത്തിലെ പഴയ ഭരണാധികാരികള്‍ ആയിരുന്നതുകൊണ്ട് അവരെ ക്ഷത്രിയര്‍ എന്നു വിളിക്കാം. നാഗന്മാര്‍/നാകന്മാര്‍/നായന്മാര്‍ ശൂദ്രര്‍ അല്ലെങ്കില്‍ ശൂദ്രരെ വേദാധ്യയനത്തില്‍നിന്നു വിലക്കുന്ന ധര്‍മ്മസംഹിതകളിലെ ശാസനങ്ങളില്‍നിന്ന് അവര്‍ മുക്തരാകും. ആദ്യം വേദാധികാരത്തെ താത്ത്വികമായി സ്ഥാപിച്ചുവെങ്കില്‍ ഇവിടെ സ്വാമികള്‍ വേദാധികാരത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ തെളിവുകള്‍ കൊണ്ടുവരുന്നു. രാഷ്ട്രീയാധികാരവും പ്രാമാണ്യവും ഉള്ള ഒരു ജനവിഭാഗം ദാസനോ ശൂദ്രനോ ആവാനിടയില്ല.
ക്രിസ്തുമതഖണ്ഡനം
പാശ്ചാത്യശക്തികളുടെ അധിനിവേശത്തോടൊപ്പം ക്രിസ്തുമതവും ഇന്ത്യയില്‍ പ്രചരിച്ചു. ഇതിനിടയില്‍ ഹിന്ദുക്കളും മിഷനറിമാരും തമ്മില്‍ പലവിധമായ ഏറ്റുമുട്ടലുകളും ഉണ്ടായി. തര്‍ക്കങ്ങളും ദാര്‍ശനികവിചാരങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. പഴയ ചില തര്‍ക്കങ്ങളുടെ വിവരങ്ങള്‍ ഇന്ത്യയിലെ ഡെയ്നിഷ് മിഷനില്‍ പ്രവര്‍ത്തിച്ച ജര്‍മ്മന്‍ മിഷനറിയായ ബര്‍ത്തലോമിയോ സൈഗെന്‍ബാള്‍ഗിനെപ്പോലുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ കാണാം. ജോസഫ് മൂളിയില്‍ എഴുതിയ സുകുമാരി എന്ന നോവലിന്റെ തുടക്കത്തില്‍ ക്രിസ്തുമതാശയങ്ങളെ സ്വന്തം ചിന്താശക്തികൊണ്ട് ചെറുത്തുനില്ക്കാന്‍ ശ്രമിക്കുന്ന ഒരു കഥാപാത്രമുണ്ട്. മിഷനറിമാരുടെ പൊതുപ്രസംഗങ്ങള്‍ പലപ്പോഴും ചോദ്യോത്തരരൂപത്തിലുള്ള ആശയസംഘട്ടനങ്ങള്‍ക്കു കാരണമായിട്ടുണ്ട്. അക്കാലത്ത് ഹിന്ദുവിശ്വാസങ്ങളെ വിമര്‍ശിച്ചുകൊണ്ട് അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം തുടങ്ങിയ പുസ്തകങ്ങള്‍ പുറത്തുവന്ന കാര്യം സ്വാമികള്‍ തന്റെ പീഠികയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതച്ഛേദനം എന്ന പുസ്തകത്തെപ്പറ്റി ആലോചിക്കാന്‍. ക്രിസ്തുമതത്തിന്റെ മുഖ്യമായ ആശയങ്ങള്‍ അടങ്ങുന്ന ക്രിസ്തുമതസാരം എന്ന ആദ്യഭാഗം, ഈ ആശയങ്ങളുടെ നിരാകരണമായ ക്രിസ്തുമതഖണ്ഡനം എന്ന രണ്ടാം ഭാഗം ഇങ്ങനെയാണ് പുസ്തകത്തിന്റെ ക്രമം. ഇന്ത്യയില്‍ സര്‍വ്വജ്ഞന്‍ എന്ന ഒരു സങ്കല്‍പമുണ്ട്. ഒരു ചിന്തകന്‍ അയാള്‍ വിശ്വസിക്കുന്ന ചിന്താപദ്ധതിയെപ്പറ്റി മാത്രം അറിഞ്ഞാല്‍ പോരാ, നിലവിലിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും പഠിച്ചിരിക്കണം എന്നാണ് സര്‍വ്വജ്ഞന്‍ എന്ന സങ്കല്‍പത്തിന്റെ അര്‍ത്ഥം. ആദിശങ്കരന്‍ അക്കൂട്ടത്തില്‍ പെടുന്ന സര്‍വ്വജ്ഞന്‍ ആയിരുന്നു എന്ന് ഐതിഹ്യം. തനിക്കു വിശ്വാസമില്ലാത്ത ലോകായതം പോലുള്ള ദര്‍ശനങ്ങളെ സംബന്ധിച്ച ഏതു ചോദ്യത്തിനും ലോകായതത്തിന്റെ പക്ഷത്തുനിന്നു ഉത്തരം പറയാന്‍ ശങ്കരനു സാധിക്കുമായിരുന്നു. അന്നത്തെ വിജ്ഞാനങ്ങള്‍ എല്ലാം സംസ്‌കൃതഭാഷയിലായിരുന്നതുകൊണ്ട് ശങ്കരന് അതിനു സാധിച്ചു.
എന്നാല്‍ ഇംഗ്ലിഷ് അറിയാത്ത ചട്ടമ്പി സ്വാമികള്‍ക്ക് പാശ്ചാത്യവിജ്ഞാനത്തിന്റെ കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ഭാഷ അറിയുന്നവരുടെ സഹായത്തോടെ സ്വാമികള്‍ തനിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജ് ഫിലോസഫി പ്രൊഫസര്‍ എം. പി. സുന്ദരം പിള്ളയായിരുന്നു സ്വാമികള്‍ക്ക് വിവരങ്ങള്‍ നല്‍കിയവരില്‍ ഒരാള്‍. ഗവേഷണത്തില്‍ സഹായികളെ വെക്കുന്നത് പാശ്ചാത്യര്‍ക്കിടയില്‍ പതിവാണ്. നമ്മള്‍ ലോകപണ്ഡിതരെന്നും ചിന്തകരെന്നും വിളിക്കുന്ന പാശ്ചാത്യമഹാന്മാരുടെ കൃതികള്‍ ഒറ്റയൊറ്റ വ്യക്തികളുടെ ഏകാന്തരചനകള്‍ അല്ല. അവയുടെ രചനക്കു പിറകില്‍ അനേകം സഹായികളുടെ വിവരശേഖരണവും യാത്രകളും പിന്തുണയും ഉണ്ട്. ഏകാകിയായ ശില്‍പിയോ കൈത്തൊഴിലാളിയോ ചെയ്യുന്നതു പോലെ ഒറ്റയ്ക്കിരുന്നു പരാശ്രയമില്ലാതെ പ്രവര്‍ത്തിക്കുകയല്ല അവര്‍. സഹായികള്‍ വിവരം ശേഖരിക്കുകയും ചിന്തകന്‍ അവ കൂട്ടിച്ചേര്‍ക്കുകയും വേര്‍പെടുത്തുകയും ചെയ്തുകൊണ്ട് തന്റേതായ താര്‍ക്കികഘടനയില്‍ ഒതുക്കി പുനരവതരിപ്പിക്കുന്ന ഈ രീതി സ്വാമികളുടെ കൃതികളില്‍ കാണുന്നത് ശ്രദ്ധേയമാണ്.
യേശു ശരിക്കും ജീവിച്ചിരുന്നുവോ?
സ്വാമികള്‍ ശേഖരിച്ച വിവരങ്ങളുടെ കൂട്ടത്തില്‍ കണ്ട ഒരു കൗതുകം പങ്കുവെക്കാം. യേശു ശരിക്കും ജീവിച്ചിരുന്ന വ്യക്തിയായിരുന്നുവോ എന്ന ചോദ്യം സ്വാമികള്‍ ക്രിസ്തുമതഖണ്ഡനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. യേശു ജനിച്ചു എന്ന് നമ്മള്‍ അറിയുന്ന കാലത്തിനടുത്ത് ജീവിച്ച ‘സോസിമോസ്' (Zosimos. ‘യൊസിമോസ്' എന്നു അച്ചടിച്ചത് പിശകാവണം) എന്ന പൂര്‍വ്വചരിത്രകാരനെപ്പറ്റി സ്വാമികള്‍ പറയുന്നു (ജീവചരിത്രവും പ്രധാനകൃതികളും- 872). ജീവിച്ചത് പൊ. വ. 491-510 കാലത്ത് കോണ്‍സ്റ്റന്റിനോപ്പിളില്‍. പരമ്പരാഗത ബഹുദേവമതം ഉപേക്ഷിച്ചതിന്റെ പേരില്‍ കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയെ വിമര്‍ശിച്ചു (വിക്കിപീഡിയ). കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കാന്‍ കാരണം ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ താന്‍ ചെയ്ത മഹാപാപങ്ങള്‍ പൊറുത്തുകിട്ടുമെന്ന് ഒരാള്‍ ഉപദേശിച്ചതാണ്. ആര്‍ക്കൈവ്‌ഡോട്ഓര്‍ഗ് എന്ന വെബ് സൈറ്റില്‍ ഈ ചരിത്രകാരന്റെ പുതിയ ചരിത്രം എന്ന ഗ്രീക്കു കൃതിയുടെ ഇംഗ്ലിഷ് വിവര്‍ത്തനം കിട്ടും. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം എഴുതിയ സോസിമോസ് അറിയപ്പെടുന്ന പൂര്‍വ്വചരിത്രകാരന്മാരില്‍ ഒരേയൊരു അക്രൈസ്തവനാണ്.
ക്രിസ്തുമതത്തിനു മുമ്പത്തെ ‘റോമന്‍ പാഗനിസം'(റോമന്‍ ബഹുദേവമതം) ആയിരുന്നു സോസിമോസിന്റെ മതം. ‘‘ക്രിസ്തുമതവ്യാപനത്തോടെ യൂറോപ്പില്‍ സംന്യാസിമാര്‍ എന്നു പേരുള്ള, വിവാഹം ചെയ്യാത്ത, യുദ്ധം ചെയ്യാന്‍ ശേഷിയില്ലാത്ത, രാജ്യക്ഷേമത്തിനായി ഒന്നും ചെയ്യാത്ത വലിയ ഒരു വിഭാഗം ആളുകള്‍'' വിദ്യാലയങ്ങളിലും മഠങ്ങളിലും പെരുകിയതായി സോസിമോസ് തന്റെ ചരിത്രത്തില്‍ പറയുന്നു. സമകാലികമായ പല കാര്യങ്ങളും വിവരിക്കുന്ന ഈ പുസ്തകത്തില്‍ ഒരിടത്തും യേശുക്രിസ്തുവിനെപ്പറ്റി പറയാത്തത് എന്തുകൊണ്ട് എന്നാണ് ചട്ടമ്പിസ്വാമികളുടെ ചോദ്യം. യേശുവിനെപ്പറ്റി സോസിമോസിന്റെ പുസ്തകത്തില്‍ ഒന്നും പറയുന്നില്ല. പക്ഷെ ക്രിസ്തുമതത്തെപ്പറ്റി പറയുന്നുണ്ട്. യേശു ജീവിച്ചിരുന്നിട്ടേയില്ല എന്ന് സ്വാമികള്‍ അര്‍ത്ഥമാക്കുന്നില്ല. സോസിമോസിന്റെ പുസ്തകത്തില്‍നിന്നു വിവരം ശേഖരിച്ച വ്യക്തിയുടെ ആശയമാകാം അത്. സോസിമോസിന്റെ പുസ്തകത്തില്‍ സംഭവങ്ങളെല്ലാം ആണ്ടുമാസം തീയതി വെച്ച് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പറഞ്ഞിരിക്കുന്നു.
പുസ്തകത്തില്‍ ആണ്ടുമാസം തീയതി വെച്ച് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കിലും അതു ചെയ്തത് സോസിമോസ് അല്ല. താന്‍ ഒരിടത്തും കൊല്ലക്കണക്കു കൊടുത്തിട്ടില്ല. തന്റെ കൃതിക്ക് വിവര്‍ത്തകന്‍ തയ്യാറാക്കിയ അനുബന്ധത്തിലാണ് ആ വിശദാംശങ്ങള്‍. അതില്‍ യേശുക്രിസ്തുവിന്റെ പേരും കൊല്ലവും വ്യക്തമായി കൊടുത്തിട്ടുണ്ട്. ‘ആദിയില്‍ വചനമുണ്ടായി' എന്ന ബൈബിള്‍ വചനത്തെപ്പറ്റി സാരിക്കുന്നതിനിടയില്‍ സ്വാമികള്‍ യേശുവെ ജീവിച്ചിരുന്ന മനുഷ്യന്‍ എന്ന നിലയില്‍ ചിത്രീകരിച്ചിരുന്നു. ഒരിടത്ത് സ്വാമികള്‍, അപ്പൊസ്തലനായ പൌലോസ് എഴുതിയ ബൈബിള്‍ ഭാഗത്തിന് ‘എഫേസ്യര്‍' എന്ന തലക്കെട്ടാണ് പുതിയ തര്‍ജമകളില്‍ പ്രയോഗിച്ചുകാണുന്നത് എന്ന് തിരുത്തു പോലെ എഴുതിയത് പിശകാണെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങള്‍ വരെ ശ്രദ്ധിക്കുന്ന രീതിയാണ് സ്വാമികളുടേത് എന്നു ഇത് വ്യക്തമാക്കുന്നു(866). ‘അപ്പൊസ്തലനായ പൌലോസ് എഫേസ്യര്‍ക്ക് എഴുതിയ ലേഖനം' എന്ന ഭാഗത്തെ ചുരുക്കത്തില്‍ സൂചിപ്പിക്കാന്‍ ലേഖനം എഴുതിയ ‘പൌലോസ്' എന്ന പേരല്ല, ലേഖനം കിട്ടിയ ‘എഫേസ്യര്‍' എന്ന പേരാണ് ഉപയോഗിക്കാറ്. ഈ വ്യത്യാസം സ്വാമികളുടെ സഹായികള്‍ ശ്രദ്ധിച്ചു കാണില്ല.
ക്രിസ്തുമതത്തെ സംബന്ധിച്ച് സഹായികള്‍ സ്വാമികള്‍ക്കു വേണ്ടി ശേഖരിച്ച മറ്റൊരു കൂട്ടം വിവരങ്ങള്‍ മദ്ധ്യയുഗങ്ങളിലെ മതദ്രോഹവിചാര(ഇന്‍ക്വിസിഷന്‍)ത്തെ സംബന്ധിച്ചവയാണ്. വില്യം ഹാരിസ് റൂള്‍ എഴുതിയ ഹിസ്റ്ററി ഓഫ് ദി ഇന്‍ക്വി സിഷന്‍, എഡ്വേഡ് ഗിബന്‍ എഴുതിയ ഡിക്ലൈന്‍ ആന്‍ഡ് ഫോള്‍ ഓഫ് ദ റോമന്‍ എംപയര്‍, ഡേവിഡ് ഹ്യൂം രചിച്ച എ ഹിസ്റ്ററി ഓഫ് ഇംഗ്ലന്‍ഡ്(ദ സ്റ്റ്യൂഡന്‍സ് ഹ്യൂം പതിപ്പ്), ജോണ്‍ വിലെം ഡ്രെയ്പര്‍ എഴുതിയ ഹിസ്റ്ററി ഓഫ് ദ കോണ്‍ഫ്‌ലിക്ട് ബിറ്റ്വീന്‍ റിലിജിയന്‍ ആന്‍ഡ് സയന്‍സ്, യോസഫ് ദ് ലാ മെത്രീ എഴുതിയ സ്പാനിഷ് ഇന്‍ക്വിസിഷന്‍ എന്നീ പുസ്തകങ്ങള്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. അലക്‌സാന്‍ഡ്രിയയിലെ ഗണിതപ്രതിഭ ഇപേതിയ[ഹൈപേഷ്യ]യെ പ്ലാറ്റോവിന്റെയും അരിസ്റ്റോട്ടിലിന്റെയും ദര്‍ശനങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു എന്ന കുറ്റത്തിന് ജനക്കൂട്ടം തൊലിയുരിച്ചു കൊന്ന സംഭവം ക്രിസ്തുമതച്ഛേദനത്തില്‍ വായിക്കാം. ക്രിസ്തുമതവിശ്വാസിയായ ഒരാളെ സ്വന്തം മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഹൈപ്പേഷ്യയെ കൊന്നത് എന്ന് സ്വാമികള്‍ പറയുന്നു(947). ഗിബന്‍ എഴുതിയ റോമാസാമ്രാജ്യചരിത്രത്തില്‍നിന്നാണ് ഹൈപ്പേഷ്യയെ സംബന്ധിച്ച വിവരങ്ങള്‍ സ്വാമികള്‍ എടുത്തത്. ഇംഗ്ലിഷ് കഥാപാത്രമായ ഹെന്റിയറ്റ റ്റെംപ്ള്‍ ഇന്ദുലേഖയായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത കൊല്ലം അതിനെക്കാള്‍ പ്രസിദ്ധയായ ഹൈപ്പേഷ്യ സൂചനാരൂപത്തിലെങ്കിലും സ്വാമികളുടെ കൃതിയില്‍ വന്നു മറഞ്ഞത് ഓര്‍മ്മിക്കേണ്ടതാണ്. കൂട്ടത്തില്‍ ദലൂസ എന്ന സ്ഥലത്തുവെച്ച് ‘പാണിനി' എന്നൊരു തര്‍ക്കശാസ്ത്രിയെ 1619ല്‍ നാവറുത്തു കൊന്ന സംഭവത്തെക്കുറിച്ചും പറയുന്നു(955). ഫ്രാന്‍സിലെ റ്റൂലോസ് (Toulouse) ആണ് ദലൂസ. ഇറ്റാലിയന്‍ ചിന്തകനായ ലൂസിലിയോ വാനിനി (Lucilio Vanini) യെയാണ് ഇങ്ങനെ വധിച്ചത്. ‘വാനിനി' അക്ഷരം മാറി ‘പാണിനി' ആയതാണ്. അല്ലാതെ യൂറോപ്പിലും ‘പാണിനി' എന്ന അതേപേരില്‍ മറ്റൊരു ഭാഷാപണ്ഡിതന്‍ ഉണ്ടായിരുന്നുവെന്ന് ധരിക്കരുത്. മതദ്രോഹികളെ പീഡിപ്പിക്കാന്‍ ചിവോലറ്റ് (Chevolet) എന്ന പീഡനയന്ത്രം ഉപയോഗിച്ചതായി സ്വാമികള്‍ പറയുന്നു(949). ഇത് എന്തെന്ന് മനസ്സിലാകുന്നില്ല. സ്വാമികള്‍ പേരുകള്‍ പറഞ്ഞ റഫറന്‍സ് പുസ്തകങ്ങളിലൊന്നും ഈ വാക്ക് കാണുന്നില്ല. മൃഗങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, ചിത്തം എന്നീ അന്തഃകരണങ്ങള്‍ ഉണ്ട് എന്ന ആശയം സ്വാമികള്‍ എടുക്കുന്നത് Systeme de la Nature (ദ സിസ്റ്റം ഓഫ് നേച്ചര്‍) എന്ന പുസ്തകത്തില്‍നിന്നാണ്. അതിന്റെ കര്‍ത്താവിന്റെ പേരായി കൊടുത്തത് Czolde എന്നാണ്. Baron D'Holbach ആണ് ശരിക്കും പേര്. അത് അച്ചടിയില്‍ Czolde ആയി മാറിയതാവണം.
അവനവന്റെ മതം
നിശിതമായ താര്‍ക്കികബുദ്ധിയാണ് സ്വാമികളുടേത്. ഒരു ആശയത്തെ സമീപിക്കുമ്പോള്‍, ആദ്യമായി ആ ആശയം സത്യമെങ്കില്‍ തനിക്ക് എത്തിച്ചേരാനാവുന്ന വ്യത്യസ്തമായ അസംഖ്യം സാദ്ധ്യതകള്‍ താന്‍ ഓരോന്നായി പരിഗണിക്കും. പാഠത്തിനു വെളിയിലേക്കു പോകാതെ അതിന്റെ അകത്തുനിന്നുകൊണ്ട് മാത്രമാണ് അര്‍ത്ഥവിചാരത്തിന്റെ രൂപത്തിലുള്ള ഈ വിചിന്തനം പുരോഗമിക്കുക. പിന്നീട് ഈ സാദ്ധ്യതകളും താന്‍ തുടങ്ങിയ പ്രധാനാശയവും തമ്മില്‍ പൂര്‍വ്വാപരവൈരുദ്ധ്യങ്ങളോ പരസ്പരവൈരുദ്ധ്യങ്ങളോ ഉണ്ടോ എന്നു നോക്കിയിട്ട് അവ മുന്നോട്ടു വെച്ച് ആദ്യത്തെ പ്രധാനാശയം അസ്വീകാര്യവും അസത്യവും ആണെന്ന് സമര്‍ത്ഥിക്കും. സ്വാമികളുടെ വാദരീതിയുടെ ഗതി ഇതാണ്.
അന്നത്തെ മിഷനറിമാരുടെ ഹിന്ദുമതവിമര്‍ശനവും മിഷനറിമാര്‍ക്ക് സ്വാമികള്‍ എഴുതിയ ഖണ്ഡനവും മറ്റൊരു സംഗതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. മതസൗഹാര്‍ദ്ദസംഗമങ്ങളില്‍ എന്തെല്ലാം ഭംഗിവാക്കുകള്‍ പറഞ്ഞാലും ഓരോ മതക്കാരനും അവനവന്റെ മതമാണ് അന്യമതങ്ങളെക്കാള്‍ യോഗ്യം എന്ന് ഉള്ളില്‍തട്ടി വിശ്വസിക്കുന്നു. ഇത് സ്ഥാപിക്കുന്നതിനായി അവര്‍ സ്വന്തം മതത്തിന്റെ ഗുണങ്ങള്‍ എടുത്തുകാട്ടുക മാത്രമല്ല, പരമതത്തിന്റെ ദോഷങ്ങള്‍ തുറന്നു കാട്ടുകയും ചെയ്യുന്നു. എന്നു മാത്രമല്ല, പരമതം ആരാധിക്കുന്ന ദൈവം സത്യമായ ദൈവമല്ല, വ്യാജദൈവമാണ് എന്നു സ്ഥാപിക്കാനും അവര്‍ ഒരുങ്ങുന്നു. ഈ ഘട്ടത്തില്‍ വ്യാജദൈവമെങ്കില്‍ വ്യാജദൈവം, ‘പരമതക്കാരന്‍ ഏതിലെങ്കിലും വിശ്വസിച്ചുകൊള്ളട്ടെ, അത് എന്നെ ബാധിക്കുന്ന കാര്യമല്ല' എന്നുവെച്ച് അനങ്ങാതിരുന്നാല്‍ അതാവും ഏറ്റവും വലിയ മതസഹിഷ്ണുത. പകരം, ‘പരമതക്കാരന്‍ അവന്റെ മതം ഉപേക്ഷിച്ച് എന്റെ മതം സ്വീകരിക്കട്ടെ, എന്റെ മതമാണല്ലോ സത്യമായ മതം' എന്നു ശഠിക്കുകയും അതിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മതതീവ്രവാദമായി.
ഓരോ മതത്തെയും ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് യുക്തിവാദികള്‍ അല്ല, അന്യമതത്തിലെ വിശ്വാസികളാണ്. ക-മതത്തിന്റെ യുക്തിവാദികള്‍ ഖ-മതത്തിലെ വിശ്വാസികളാവും. ഗ-മതത്തിലെ വിശ്വാസികള്‍ ക-ഖ മതങ്ങളുടെ യുക്തിവാദികളും. നാലഞ്ചു വ്യത്യസ്തമതങ്ങള്‍ നാട്ടിലുണ്ടെങ്കില്‍ ഓരോന്നും യുക്തിവാദികളെക്കാള്‍ വീറോടെ അപരമതങ്ങളെ സൈദ്ധാന്തികമായി നിരാകരിച്ചുകൊണ്ടിരിക്കും. ക-മതം സത്യമാണെങ്കില്‍ ഖ-ഗ മതങ്ങള്‍ സത്യമാകാന്‍ പാടില്ല, മറിച്ചും. ‘എല്ലാ മതങ്ങളും സത്യം, എല്ലാ ദൈവങ്ങളും ഒന്ന്' എന്നു പറയുന്നതില്‍ കാര്യമില്ല. ‘തത്കാലം പിരിഞ്ഞു പോകണം, ദയവായി അടിയുണ്ടാക്കരുത്' എന്ന ദീനമായ അപേക്ഷയായി അതിനെ എടുത്താല്‍ മതിയാവും.
സംസ്‌കൃതം കൃത്രിമ ഭാഷ
സൂക്ഷ്മമായ വിചിന്തനവും ധീരമായ നിഗമനങ്ങളുമാണ് ഭാഷയുടെ ഉത്പത്തിയെയും പരസ്പരബന്ധത്തെയും സംബന്ധിച്ച് സ്വാമികള്‍ അവതരിപ്പിക്കുന്നത്. തമിഴിന്റെ ആദിരൂപങ്ങളില്‍ ഒന്നിന്റെ പരിണിതരൂപമാണ് സംസ്‌കൃതം എന്നും എല്ലാ ഭാഷകളുടെയും ആദിപ്രഭവം ഒന്നാണെന്നും ശിശുവിന്റെ ജന്മസിദ്ധമായ ശബ്ദങ്ങളുടെ പരിണാമമാണ് ഭാഷയിലെ അക്ഷരമാലയെന്നും അതില്‍നിന്നാണ് ഭാഷ ഉണ്ടായതെന്നും സ്വാമികള്‍ പറയുന്നത് പിറകെ വന്ന ഒരു നൂറ്റാണ്ടിനകം രൂപപ്പെട്ട ഭാഷാശാസ്ത്രതത്ത്വങ്ങള്‍ക്ക് സമ്മതമാകുവാന്‍ ഇടയില്ല.
സംസ്‌കൃതം കൃത്രിമമായ ഭാഷയാണെന്ന സ്വാമികളുടെ നിരീക്ഷണം അതിശയിപ്പിക്കുന്നതാണ്. എല്ലാ പ്രാകൃതികഭാഷകളിലും ആദ്യം ഭാഷ ശീലിച്ചതിനു ശേഷമാണ് പഠിതാക്കള്‍ അതിന്റെ വ്യാകരണം പഠിക്കുക. എന്നാല്‍ സംസ്‌കൃതമാവുമ്പോള്‍ ആദ്യം വ്യാകരണം പഠിക്കുകയും പിന്നീട് ഭാഷ പഠിക്കുകയും ചെയ്യുന്നു. സ്വാമികളുടെ നിരീക്ഷണം ശരിയാണെന്നതിന്റെ തെളിവാണിത്. മൗലികമായ ഏതാനും പ്രാഥമികശബ്ദങ്ങളുടെ മേലെ അസംഖ്യം പരിവര്‍ത്തനങ്ങള്‍ വന്നുവന്ന് ഇന്നത്തെ ഭാഷയായി മാറുകയായിരുന്നു എന്ന സങ്കല്‍പമാണ് സംസ്‌കൃതത്തിലെ വൈയാകരണികള്‍ക്ക്. സ്വാമികള്‍ക്കും ഇതേ സങ്കല്‍പമാണ്. ഓങ്കാരത്തില്‍നിന്ന് ഇക്കാണായതെല്ലാം ആവിര്‍ഭവിച്ചു എന്ന ആശയത്തിന്റെ മറ്റൊരു രൂപം തന്നെ അതും.
(സൂചന: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും പ്രധാനകൃതികളും. തീര്‍ത്ഥപാദാശ്രമം, വാഴൂര്‍, തിരുവനന്തപുരം: 2011. പഴയ പുസ്തകങ്ങള്‍ക്ക് Internet Archiveനോട് കടപ്പാട്)
ഡോ. ടി.എസ്. ശ്യാംകുമാര്‍
Nov 17, 2020
21 Minutes Listening
റിമ മാത്യു
Oct 31, 2020
18 Minutes Read
ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്
Oct 26, 2020
6 Minutes Read
ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്
Oct 22, 2020
3 Minutes Read
കെ. എസ്. ഇന്ദുലേഖ
Sep 20, 2020
11 Minutes Read
അശോകകുമാർ വി.
Aug 29, 2020
13 Minutes Read
കെ.എം. സീതി
Aug 04, 2020
15 Minutes Read
എൻ സി ഹരിദാസൻ
18 Aug 2020, 03:21 PM
വടക്ക്ദേശത്തെവിടെയോ നിന്ന് കേരളത്തിലെത്തിയ നമ്പൂതിരിമാർ അനാര്യന്മാരിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ട്ബ്രാഹ്മണരായവരാവാനുള്ള സൂചന പരശുരാമൻ കേരളം സൃഷ്ടിച്ച ഐതിഹ്യത്തിൽ കാണാം.മഹാരാഷ്ട്രയിൽ നൂറ്റാണ്ടുകളായി തുടരുന്ന പരിവർത്തനച്ചടങ്ങുകൾക്ക് അവകാശമുള്ളത് ഭൃഗു കാശ്യപ ഗോത്രങ്ങൾക്കാണ് .ഭൃഗു ഗോത്രത്തിൽ പെട്ടയാളാണ് പരശുരാമൻ.ഇദ്ദഹം ഗോത്ര സംസ്കൃതി നിലനിൽക്കുന്ന കേരള ഭൂമിയിൽ പരിവർത്തിത ബ്രാഹ്മണരായ നമ്പൂതിരിമാരെ കുടിയിരുത്തി എന്ന് കരുതാം.ഇവർക്ക് ഭൂദേവന്മാരായി ജീവിതം നയിക്കാൻ കഴിയുന്നവിധത്തിൽ മലയാള ശൂദ്രന്മാരെയും അവരിൽ പ്രബലരായവരെ നാമമാത്ര ക്ഷത്രിയരായും പരിവർത്തിപ്പിച്ചെടുത്തു.( പരദേശത്തുനിന്ന് വ്യത്യസ്തമായി കേരളത്തിൽ ബ്രാഹ്മണർക്ക് മാത്രമേ വേദപഠനത്തിന് അധികാരമുള്ളൂ എന്ന് ശാങ്കരസ്മൃതിയിൽ പറഞ്ഞത് ഇവിടെ ക്ഷത്രിയസ്ഥാനമോ വൈശ്യ സ്ഥാനമോ ഇല്ല എന്നതിന്റെ തെളിവാണ്) ബ്രാഹ്മണരുടെ ആശ്രിതരായി കഴിഞ്ഞ കാലങ്ങളിലാണ് നായർ സമുദായം പ്രമാണിമാരായി മാറുന്നത്.നമ്പൂതിരിമാരുടെ കുടിയേറ്റത്തിന് മുമ്പ് നായന്മാർ ഗോത്ര ജീവിതം നയിക്കുകയും പ്രാബല്യമുള്ള .ഗോത്രത്തലവന്മാരായി ജീവിക്കുകയും ചെയ്തിരിക്കാം.സഹ്യപർവതം കടന്നു വന്ന വണിക്കുകളുടെ ജൈന ബുദ്ധ (നാഗന്മാർ?) ആരാധനാ രീതികളും അവർ സ്വീകരിച്ചിരിക്കാം.ഭൂമി ഒരു പ്രദേശം (territory) എന്നല്ലാതെ ഭൂമിയിൽ ഉടമാവകാശം (property) സാധ്യമാണ് എന്ന ധാരണയില്ലാത്ത ഗോത്ര മനുഷ്യരുടെ ജീവിതത്തിൽ വലിയ ആഘാതമൊന്നും (കുടിയിറക്ക്...) ഏൽപ്പിക്കാതെയാവണം ബ്രാഹ്മണർ കേരളം പങ്കിട്ടെടുത്തത് എന്ന് ഡി.ഡി.കൊസാംബി കേരളത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വെച്ച് പി.കെ.ബാലകൃഷ്ണൻ പറഞ്ഞവസാനിപ്പിച്ചത്... ( ജാതി വ്യവസ്ഥയും കേരള ചരിത്രവും). ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ വിരാട് പുരുഷന്റെ മുഖമാണ് ബ്രാഹ്മണർ, കൈകളാണ് ക്ഷത്രിയർ,തുടകളാണ് വൈശ്യർ എന്നാണ് പറയുന്നത് ( ഓരോ അവയവങ്ങളിൽ നിന്ന് സൃഷ്ടിച്ചു എന്നല്ല!) ഇവരെ സേവിക്കുന്നതിനു വേണ്ടി കാലടികളിൽ നിന്ന് ശൂദ്രരെ സൃഷ്ടിച്ചു എന്നും! കേരളത്തിൽ തങ്ങളെ സേവിക്കാൻ വേണ്ടി നായന്മാരെയും അമ്പലവാസികളെയും മലയാള ശൂദ്രൻ എന്ന് വിളിച്ചു!! ചട്ടമ്പി സ്വാമികൾ താർക്കിക ബുദ്ധി കൊണ്ട് സ്ഥാപിച്ചതിനു മുമ്പു തന്നെ ബുദ്ധ ജൈന മതങ്ങളുടെ അനുയായികൾ വഴി അമ്പലവാസികളും നായന്മാരും സംസ്കൃതം പഠിച്ചിരുന്നു. സംസ്കൃത മലയാള സങ്കരഭാഷയിൽ എഴുതിയ മണിപ്രവാള കൃതികൾ മിക്കതും അജ്ഞാത കർതൃത്ത്വമാണ്.ദാമോദരച്ചാക്യാരാണ് ഉണ്ണിയാടി ചരിതം രചിച്ചത്. ഈ പരിചയം പിൽക്കാലത്ത് വൈദേശിക ഭരണകാലത്ത് ലഭിച്ച സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വേദങ്ങൾ പഠിക്കാനും വിവർത്തനം ചെയ്യുന്നതിനും മലയാളിയെ പ്രാപ്തരാക്കി.