തുടരും, അയോധ്യ

അയോധ്യയിലെ തുടർക്കഥകൾ പുതിയ മാനങ്ങളിലേക്കു വളരുകയാണ്. അപ്രഖ്യാപത ഹിന്ദുത്വ തിയോളജിക്കൽ രാഷ്ട്രത്തിലെ അവകാശ- അധികാരങ്ങൾ ഇല്ലാത്ത മനുഷ്യരായി ന്യൂനപക്ഷങ്ങളെ മാറ്റുന്ന പദ്ധതിയിലെ ഒരു ഘട്ടം കൂടി പൂർത്തിയായി

ത്തീഫ് അലി സിദ്ദിഖിക്ക് അന്ന് നാല് വയസായിരുന്നു. അവന്റെ ക്ലാസിൽ തന്നെ പഠിച്ചിരുന്ന അവിനാശ് പാണ്ഡെയ്ക്ക് അഞ്ചും. അക്കാലത്ത് അയോദ്ധ്യ അടക്കമുള്ള പ്രദേശങ്ങളുടെ ജില്ലാ ആസ്ഥാനമായിരുന്ന ഫൈസാബാദിൽ, ആ ചെറുനഗരത്തിലെ മുഖ്യ കോത്ത് -വാളിക്കു (പോലീസ്‌സ്റ്റേഷൻ) സമീപമുള്ള ചെറുവീടുകളിൽ താമസിച്ചിരുന്ന ഈ കുട്ടികൾക്ക് ആ ദിവസം നല്ല ഓർമയുണ്ട്. ‘യേ തോ സിർഫ് ജാൻകി ഹേ, അബ് കാശി മഥുര ബാക്കി ഹേ' (ഇത് വെറും സൂചന മാത്രം, ഇനി കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന് ആർത്തു വിളിച്ചുകൊണ്ട്, വാഹന ടയറുകൾ കൂട്ടമായി കത്തിച്ചും, മുൾവേലികൾ കെട്ടിയും, കൂറ്റൻ പാറക്കഷണങ്ങൾ കൂട്ടിയിട്ടും, മാലപ്പടക്കങ്ങൾ പൊട്ടിച്ചും മറ്റു പ്രതിബന്ധങ്ങൾ നിരത്തിയും, സുരക്ഷാ സൈനികരുടെ നീക്കം തടഞ്ഞ് ഹിന്ദുത്വ കർസേവകർ അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന എട്ടു കിലോമീറ്റർ പൂർണമായി വരുതിയിലാക്കിയ, 28 വർഷങ്ങൾക്കുമുമ്പുള്ള, ആ ഞായാറാഴ്ച. 1992 ഡിസംബർ 6.
ലത്തീഫിനെയും അവിനാശിനെയും അതിനുമുൻപേ എനിക്ക് പരിചയമുണ്ട്. ലത്തീഫിന്റെ ബഡെ ചാച്ച (മൂത്തമ്മാവൻ) മുഹമ്മദ് യൂനുസ് സിദിഖി വക്കീലാണ്. അക്കാലത്ത് ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റിയെ കോടതിയിൽ പ്രതിനിധീകരിച്ചുവന്ന അഭിഭാഷകരിൽ ഒരാൾ. 1986ലെ എന്റെ ആദ്യ ഫൈസാബാദ് സന്ദർശനം മുതൽ സുഹൃത്താണ്. അങ്ങനെ യൂനുസ് സാബിനെ കാണാൻ പോവുമ്പോൾ ചിലപ്പോഴൊക്കെ വഴിയിൽ ഈ പിള്ളേരെ കാണും. അങ്ങനെ ഒരു കണ്ടു പരിചയം.
ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷമുള്ള വർഷങ്ങളിൽ പിള്ളേർ വലിയവരായി. യൂനുസ് സാബ് പോയി. അപ്പോഴും അയോദ്ധ്യ വാർത്താകേന്ദ്രമായി തുടർന്നു. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കും പിന്നെ ഗാർഹിക ചുമതലകളിലേക്കും ലത്തീഫും അവിനാഷും വളർന്നുകയറുന്നത് രണ്ടര ദശാബ്ദത്തിൽ ഏറെയായി തുടർന്ന എന്റെ വാർത്താപിന്തുടരൻ യാത്രകളിൽ ഞാൻ കണ്ടു. രണ്ടുപേരും വലുതായൊന്നും പഠിച്ചില്ല. അച്ഛൻ പാണ്ഡെയുടെ വളക്കടയിൽ പഴയ ചാന്തുപൊട്ട്, റോൾഡ് ഗോൾഡ് ആഭരണങ്ങൾക്കൊപ്പം പുതിയ സൗന്ദര്യവർദ്ധക വസ്തുക്കളും ചേർത്ത്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജനങ്ങളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും എടുത്ത് കളഞ്ഞ ദിവസത്തിന്റെ വാർഷികത്തിൽ തന്നെ അയോധ്യയിൽ ഭൂമിപൂജ നടത്തുന്നത്​ ഈ സമകാലികാവസ്ഥയുടെ മർദ്ദക സൂചികയിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്

ഫാൻസി സ്റ്റോർ ആക്കി അവിനാശ്. വീട്ടിലെ തൊഴിൽ പാരമ്പര്യത്തിന്റെ ഒരു വഴിയായ തുകൽശേഖരണവും വിൽപനയും ജീവിതായോധന മാർഗമാക്കി ലത്തീഫ്. ഈ കാലത്തിനിടയിൽ പല തവണ ഇരുവരെയും കണ്ടു, ഇടയ്‌ക്കൊക്കെ ദീർഘമായി സംസാരിച്ചു. ആ ദിവസം, 1992 ഡിസംബർ ആറിന് ആ കുട്ടികൾ കടന്നുപോയ മാനസികാവസ്ഥകൾ ചോദിച്ചറിഞ്ഞു. അതിനു ശേഷമുള്ള കാലങ്ങളെ അവർ കണ്ടറിഞ്ഞ രീതിയും ചർച്ചകളിൽ കടന്നുവന്നു. കൂട്ടുകാരാണെങ്കിലും തീർത്തും വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ആ ദിവസം എന്ന് ഇരുവരും ഈ ഇടപഴകലുകളിൽ ഓർത്തെടുത്തു. തന്റെ ബഡെ ചാച്ചയിൽ ആ ദിവസവും അതിനുശേഷവും നിറഞ്ഞ ഗാഢമായ നഷ്ടബോധവും ദുഃഖവും തന്റെ വലിയ കൂട്ടുകുടുംബത്തിൽ എല്ലാവരും പങ്കുവെച്ചതതായി ലത്തീഫ് ഓർത്തു. അവിനാശിന്റെ വീട്ടിൽ അക്കാലത്ത് ആഹ്ലാദമായിരുന്നു; തിളഞ്ഞുമറിഞ്ഞ ആഹ്ലാദമല്ല, ഫൈസാബാദിലെ മുസ്‌ലിം സഹജീവികൾക്ക് ഒപ്പം ഇനിയും കഴിയേണ്ടിവരും എന്നും, അവരുമായി സാമൂഹിക - സാമ്പത്തിക ബന്ധങ്ങൾ നിലനിറുത്തേണ്ടി വരും എന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നിയന്ത്രിത ആഹ്ലാദം.
പരാജയപ്പെടുന്ന മനുഷ്യരുടെ സ്വരം

വർഷങ്ങൾക്കിപ്പുറം, ഇന്നലെ, 2020 ആഗസ്ത് നാലിന്, വീണ്ടുമൊരിക്കൽ, അയോധ്യയുടെയും ഫൈസാബാദിന്റെയും വഴികൾ അടയ്ക്കപ്പെടുമ്പോൾ ലത്തീഫിനെയും അവിനാശിനെയും ഫോണിൽ വിളിച്ചു; ‘അന്ന് സുരക്ഷാസൈനികരെയും വിന്യാസങ്ങളെയും തടയാൻ നിയമവിരുദ്ധമായി വഴി തടഞ്ഞവർ ഇന്ന് അധികാരത്തിന്റെ ശക്തിയിൽ, നിയമം തന്നെയായി മാറി, വഴി തടയുന്ന ദിവസങ്ങൾ ആണിപ്പോൾ. പ്രവൃത്തി ഒന്നുതന്നെ, അതിന്റെ അലകും പിടിയും, രൂപവും ഭാവവും മാറി. പക്ഷെ ആത്യന്തിക ഫലം ഒന്നുതന്നെ. നഷ്ടം ഞങ്ങൾക്ക്, മുസ്‌ലിംകൾക്ക് മാത്രം. അന്നത്തെ നിയമവിരുദ്ധ വഴി തടയലും നിയന്ത്രണങ്ങളും ഇന്ന് നിയമവാഴ്ചയുടെ തന്നെ ഭാഗമായി പുനരവതരിക്കുമ്പോൾ സ്വാഭാവികമായും അത് ഞങ്ങൾക്കുമേൽ ഉണ്ടാക്കുന്ന ആഘാതത്തിന്റെ ആഴവും പരപ്പും കൂടുതലാണ്. അതുണ്ടാക്കുന്ന ഞെരുക്കം കൂടുതൽ അസഹനീയമാണ്. ' ഫോണിൽ ഇത് പറയുമ്പോൾ ലത്തീഫിന്റെ സ്വരം, 28 വർഷം മുമ്പ് മുഖാമുഖം സംസാരിക്കുമ്പോൾ യൂനുസ് സാബിൽ നിന്നുണ്ടായ സ്വരത്തിന്റെ അതെ തലത്തിൽ ഉള്ളതായിരുന്നു. ഇല്ലാത്ത ഒരു സ്‌ഥൈര്യം തൊണ്ടയിൽ ആവാഹിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന മനുഷ്യരുടെ സ്വരമായിരുന്നു അത്. അന്ന്, 1992 ഡിസംബർ അഞ്ചിന് ഉച്ചകഴിഞ്ഞ് യൂനുസ് സാബിനെ കാണുമ്പോൾ, അദ്ദേഹത്തിന് പതിവുള്ള വിടർന്ന ചിരിയായിരുന്നില്ല. പകച്ച്, ചോരവാർന്ന്, പഴയ യൂനുസ് സാബിന്റെ ഒരു നിഴൽ പോലുമല്ലാത്ത രൂപം. അതിനു മുൻപ് പല വട്ടമായി, പല കോലങ്ങളും

അത്ഭുതകരമായ ഈ ‘ദാനം' സുപ്രീംകോടതി നൽകിയ ഈ ദിനം -
2019 ഡിസംബർ ഒമ്പത് - ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു വലിയ കറുത്ത ദിനമായി തന്നെ എണ്ണപ്പെടണം

രൂപങ്ങളിലും അരങ്ങേറിയ ഹിന്ദുത്വ കർസേവകളിൽ നിന്ന് വ്യത്യസ്തമാണ് 1992 ഡിസംബർ എന്ന് യൂനുസ് സാബിന് അറിയാമായിരുന്നു. ‘ഭായ് സാബ്, ഇസ് ബാർ ഓ ലോഗ് മസ്ജിദ് സറൂർ ഗിരാ ദേങ്കെ, ആപ് ലോഗ് കോയി ഹംകൊ ബച്ചാ നഹി പായേങ്കെ' (ഇത്തവണ അവർ എന്തായാലും പള്ളി പൊളിക്കും, നിങ്ങളിൽ ആർക്കും ഞങ്ങളെ രക്ഷിക്കാനാവില്ല.’ ). അന്ന് ഒരു സംഘം പത്രപ്രവർത്തകർക്കൊപ്പം യൂനുസ് സാബിനോട് ആശ്വാസ വചനങ്ങൾ പറയാൻ ശ്രമിച്ചുവെങ്കിലും അതൊന്നും അദ്ദേഹത്തെ സ്പർശിക്കുന്നില്ല എന്ന് വ്യക്തമായിരുന്നു.

ആ വൈകാരിക നിമിഷങ്ങൾക്കിടയിലും യൂനുസ് സാബ് അന്ന് കൃത്യമായി വരച്ചു കാട്ടിയ ഒരു ചരിത്രപാത ദശാബ്ദങ്ങളുടെ ആസൂത്രണത്തിലൂടെയും, പലതരം സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളിലൂടെയും നിതാന്തമായി മുന്നോട്ടു കൊണ്ട് പോയ ഹിന്ദുത്വരാഷ്ട്രീയ പദ്ധതിയെ പറ്റിയുള്ളതായിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘ് ചുക്കാൻ പിടിച്ചു, 1920 കൾ മുതൽ ഹിന്ദുത്വവാദികൾ മുന്നോട്ടുനീക്കിയ അധീശത്വ പദ്ധതികളുടെ ഒരു ഘട്ടത്തിന്റെ പൂർത്തീകരണമാണ് 1992 ഡിസംബർ 6 എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ജുഡീഷ്യൽ ചരിത്രത്തിലെ അദ്ഭുതകരമായ അധ്യായം

ആത്യന്തികമായി രാഷ്ട്രീയ അധികാരത്തെയും അതിന്റെ തുടർച്ചയായി സാമൂഹിക അധീശത്വത്തെയും ലക്ഷ്യമിട്ട ആ ഘട്ടാധിഷ്ഠിത പദ്ധതികൾ പിന്നീട് ക്രമം ക്രമമായി മുന്നേറി. 1998 മുതൽ 2004 വരെയുള്ള സഖ്യബല സർക്കാരുകളിലൂടെയും, 2004 നും 2014 നും ഇടയിലുള്ള രാഷ്ട്രീയ തിരിച്ചടികളിലൂടെയും, അതിനു തുടർച്ചയായി നരേന്ദ്രമോദി എന്ന രാഷ്ട്രീയ ബിംബവും ഗുജറാത്ത് മോഡൽ വികസനം എന്ന അമൂർത്ത സങ്കൽപനവും ഉയർത്തിക്കാട്ടിയുള്ള തിരിച്ചുവരവിലൂടെയും ഒക്കെ ഈ ഘട്ടാധിഷ്ഠിത പദ്ധതികൾ പ്രതിഫലിച്ചു. ഇതിന്റെയൊക്കെ പരിസമാപ്തിയെന്നോണം 2014 ൽ ഹിന്ദുത്വവാദ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ ഉപകരണമായ ഭാരതീയ ജനതാപാർട്ടിയുടെ ഏകകക്ഷി ഭൂരിപക്ഷ ഭരണം ഉണ്ടാവുന്നു.
നാല് വർഷത്തിനുശേഷം, 2019ൽ, ഇന്നും സംശയാസ്പദമായി നിലനിക്കുന്ന ചില തീവ്രവാദി ആക്രമങ്ങൾക്കും അത് സൃഷ്ടിച്ച വർഗീയ വികാരത്തള്ളിച്ചക്കിടയിൽ ‘കരുത്തനായ നേതാവ്' എന്ന ബിംബം നിലനിർത്തിക്കൊണ്ട് വർധിത ഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ തിരിച്ചെത്തുന്നു. 1998 - 2004 കാലത്ത് സഖ്യകക്ഷികളെ ആശ്രയിച്ചു ഭരണം നടത്തിയിരുന്നപ്പോൾ പിൻനിരയിലേക്ക് മാറ്റിയ മൂല പരിപാടികൾ - അയോദ്ധ്യ, ഭരണഘടനയുടെ 307 അനുച്ഛേദം റദ്ദാക്കൽ, പൊതു സിവിൽനിയമം തുടങ്ങിയവ - ഈ പുതിയ തലത്തിലും മണത്തിലും ഉള്ള അധികാരശക്തിയിൽ മറനീക്കി പുറത്തുവന്നു തുടങ്ങുന്നു. മോദിയുടെ ആദ്യ ഭരണകാലത്ത് തന്നെ നിരന്തരമായ ആന്തരിക തകർച്ചയും ശോഷണവും നേരിട്ട് കൊണ്ടിരുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ കോടതിയും നീതിന്യായ വ്യവസ്ഥയും അലിഞ്ഞുചേരുന്നു.
അങ്ങനെ, 2019 ഡിസംബർ ഒമ്പതിന്, ഇന്ത്യയുടെ ജുഡീഷ്യൽ ചരിത്രത്തിൽ അദ്ഭുതകരമായ ഒരു അധ്യായം എഴുതിചേർത്ത് സ്വന്തം വിധി പ്രസ്താവത്തിലെ ന്യായീകരണങ്ങളെയും കണ്ടെത്തലുകളെയും നിരാകരിക്കുന്ന ഒരു വിധി സുപ്രീംകോടതിയിയിൽ നിന്ന് ഉണ്ടാവുന്നു. അതിന്റെ തുടർച്ചയയായി

മോദിയുടെ ആദ്യ ഭരണകാലത്ത് തന്നെ നിരന്തരമായ ആന്തരിക തകർച്ചയും ശോഷണവും നേരിട്ട് കൊണ്ടിരുന്ന ഭരണഘടനാ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ കോടതിയും നീതിന്യായ വ്യവസ്ഥയും അലിഞ്ഞുചേരുന്നു

അയോധ്യയിലേ "തർക്കസ്ഥലം' മുഴുവനായി വിശ്വഹിന്ദു പരിഷത് എന്ന സംഘപരിവാർ സംഘടന പ്രതിനിധാനം ചെയ്ത ‘ശ്രീരാമ പക്ഷത്തിനു' നൽകപ്പെടുന്നു.
അത്ഭുതകരമായ ഈ ‘ദാനം' സുപ്രീംകോടതി നൽകിയ ഈ ദിനം - 2019 നവംബർ ഒമ്പത് - ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു വലിയ കറുത്ത ദിനമായി തന്നെ എണ്ണപ്പെടണം. 1992ൽ ബാബ്റി മസ്ജിദ് തകർത്തതിനുശേഷമുള്ള ഓരോ വാർഷികത്തെയും ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും മറ്റു നിരവധി മുസ്‌ലിം സംഘടനകളും ‘ഷഹീദ് ദിൻ' (രക്തസാക്ഷി ദിനം) ആയാണ് ആചരിച്ചുപോന്നത്. ആ സ്മരണാദിനങ്ങളിൽ ഒരുപാട് തവണ ദൃക്​സാക്ഷിയാകാൻ കഴിഞ്ഞ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ, അവിടെ സ്ഥിരമായി മുഴങ്ങിക്കേട്ട ഒരു കാര്യം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള അചഞ്ചലമായ വിശ്വാസം ആയിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ‘വിധി ആർക്ക് അനുകൂലമായാലും അത് ഞങ്ങൾ സ്വീകരിക്കും. ഇന്ത്യൻ ജുഡീഷ്യറിയുടെ ചട്ടവട്ടങ്ങളും മാർഗങ്ങളും കുറ്റമറ്റതാണ് എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. ’ ഓരോ സ്മരണദിനത്തിലും ഈ പ്രഖ്യാപനം അയോധ്യയിലെ ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റിയിൽ നിന്ന് ഉണ്ടാവുമായിരുന്നു.
കോഓർഡിനേറ്റർ പ്രധാനമന്ത്രിയായപ്പോൾ

ഈ ആത്മവിശ്വാസത്തിലേക്ക് നയിച്ച മറ്റൊരു ഘടകത്തെ പറ്റിയും ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി നേതാവ് സഫ്രായാബ് ജീലാനി വിശദീകരിക്കുമായിരുന്നു. തങ്ങളുടെ പക്കലുള്ള ഭൂമി രേഖകൾ ആരാലും ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തത് ആണെന്നതായിരുന്നു ആ വിശദീകരണം. അങ്ങനെ നല്ല ജൂറിസ്​പ്രുഡൻസിനെ പറ്റിയും തങ്ങളുടെ പക്കലുള്ള രേഖകളുടെ ആധികാരികതയെ പറ്റിയും ഒരു ജനസമൂഹത്തിനുണ്ടായിരുന്ന വിശ്വാസത്തെ മുഴുവൻ തകർത്തെറിഞ്ഞ വിധി പ്രസ്താവമായിരുന്നു 2019 ഡിസംബർ 9 ന്റേത്. ഇതാണ് 2020 ആഗസ്ത് അഞ്ചിന് അയോധ്യയിൽ ഭൂമിപൂജയ്ക്ക് വഴിയൊരുക്കിയത്. 1990ൽ അയോധ്യയിലെ ആദ്യ കർസേവക്കായി അന്നത്തെ ഹിന്ദു ഹൃദയസാമ്രാട്ട് ലാൽ കൃഷ്ണ അദ്വാനിയുടെ രാമരഥയാത്രയുടെ സഞ്ചാരവഴികളിലെ കോഓർഡിനേറ്റർ കൂടി ആയിരുന്ന മോദി അയോധ്യയിലേക്ക് ഇറങ്ങുന്നു. ആ ഇറക്കത്തിനായുള്ള സുരക്ഷാസംവിധാനങ്ങളെ കുറിച്ചായിരുന്നു ലത്തീഫിന്റെ ‘ഒരേ സംഘം നിയമ വിരുദ്ധ വഴിതടയലിൽ നിന്ന് നിയമബദ്ധവഴി തടയലിലേക്ക് മുന്നേറിയിരിക്കുന്നു' എന്ന പരാമർശം. യൂനുസ് സാബിന്റെ ഈ കൊച്ചു അനന്തരവന് തീർച്ചയായും രാഷ്ട്രീയ രൂപകങ്ങളുടെ ഭാഷയറിയാം. അത് കൊണ്ടുതന്നെ ഇന്നത്തെ അയോധ്യയിൽ കാണുന്ന നിയമബദ്ധ വിലക്കുകളെ പറ്റിയുള്ള ലത്തീഫിന്റെ പരാമർശം ഒരു ചടങ്ങിനെ പറ്റി മാത്രമുള്ളതല്ല. സമഗ്രമായ അർഥത്തിൽ ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന, അവർക്കുമേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്ന വിലക്കുകളെയും നിയന്ത്രണങ്ങളെയും അത് സൃഷ്ടിച്ചിട്ടുള്ള അടിച്ചമർത്തൽ കാലാവസ്ഥയെയും പറ്റി തന്നെയാണ്.
ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കി ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് മുഴുവൻ എല്ലാ സ്വാതന്ത്ര്യങ്ങളും എടുത്ത് കളഞ്ഞ ദിവസത്തിന്റെ വാർഷികത്തിൽ തന്നെ അയോധ്യയിൽ ഈ ഭൂമിപൂജ നടത്തുന്നതും ഈ സമകാലികാവസ്ഥയുടെ മർദ്ദക സൂചികയിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. യൂനുസ് സാബിന് അറിയാമായിരുന്നതുപോലെ ലത്തീഫിനും അറിയാം. രണ്ടാംകിട അല്ലെങ്കിൽ മൂന്നാംകിട പൗരത്ത്വത്തിലേക്ക് തള്ളി നീക്കപ്പെടുന്നതിന്റെ, അപ്രഖ്യാപത ഹിന്ദുത്വ തിയോളജിക്കൽ രാഷ്ട്രത്തിലെ അവകാശ- അധികാരങ്ങൾ ഇല്ലാത്ത മനുഷ്യരായി ന്യൂനപക്ഷങ്ങളെ മാറ്റുന്ന പദ്ധതിയിലെ ഒരു ഘട്ടം കൂടി പൂർത്തിയായി എന്ന്.
പക്ഷെ ഇതിനു ഇടയിലും വ്യവസ്ഥാപിത സങ്കൽപങ്ങൾക്ക് വിപരീതമായി അവിനാശ് വലിയ ആവേശത്തിൽ ഒന്നുമല്ല. ‘ഈ കോവിഡ് കാലം എല്ലാത്തിനെയും പാർശ്വവത്കരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ രാമക്ഷേത്ര നിർമാണം എനിക്ക് നൽകുന്ന സന്തോഷത്തിനു ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ട് മാത്രം എന്റെ കച്ചവടം മെച്ചപ്പെടുമോ എന്ന എനിക്ക് അറിഞ്ഞുകൂടാ. അതുണ്ടായാൽ നന്ന്. പക്ഷെ കോടതി വിധിക്കുശേഷം അയോധ്യയിൽ നടന്ന പണികളൊക്കെ വലിയ മുതലാളിമാർക്കാണ് കിട്ടിയിരിക്കുന്നത്. കോവിഡ് കാലത്തെ രാമഭഗവാൻ ഈ അസന്തുലിതാവസ്ഥ കൂടി പരിഗണിക്കും എന്നാണു ഞങ്ങൾ പ്രാർത്ഥിക്കുന്നത്​.’

അതെ അയോധ്യയിലെ തുടർക്കഥകൾ പുതിയ മാനങ്ങളിലേക്കു വളരുകയാണ്. മോദി ഭരണത്തിന്റെ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തെറ്റിക്കാൻ ഉതകുന്ന ഒരു രാഷ്ട്രീയ ആയുധമാണ് എന്ന തിരിച്ചറിവ് സംഘപരിവാറിലും അതിനുപുറത്തുള്ള രാഷ്ട്രീയ ഇടങ്ങളിലും സാധാരണ ജനങ്ങൾക്ക് ഇടയിലും തീർച്ചയായും ഉണ്ട്. ഒരു പക്ഷെ അത് വേണ്ടത്ര ഇല്ലാത്തതു മുഖ്യപ്രതിപക്ഷത്തിലാണ്, പ്രത്യേകിച്ചും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിൽ. പക്ഷെ അത് വേറൊരു വലിയ കഥയാണ്. 2020 ആഗസ്ത് അഞ്ചിന് ശേഷവും ഏറെ ചർച്ച ചെയ്യപ്പെടാൻ വകുപ്പുള്ള രാഷ്ട്രീയ അബദ്ധ തുടർച്ചകളുടെ കഥ.

ഫ്രണ്ട്‌ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്ററും ചീഫ് ഓഫ് ബ്യൂറോയുമാണ് ലേഖകൻ

Comments