truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 31 March 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 31 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Venkitesh Ramakrishnan on Babri Masjid 4

Babri Masjid

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ തലേന്ന് കര്‍സേവകര്‍ നടത്തിയ റിഹേഴ്സല്‍ / Photo: പ്രവീണ്‍ ജയിന്‍, ദി പ്രിന്‍റ്, ദി പയനീര്‍.

ബാബരി മസ്ജിദ് തകര്‍ത്തത്
ഞങ്ങള്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു,
കോടതിയില്‍ അത് പറഞ്ഞു, പക്ഷേ...

ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ കണ്ടു, കോടതിയില്‍ അത് പറഞ്ഞു, പക്ഷേ...

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് ദൃക്‌സാക്ഷികളാകുകയും അത് കാര്യകാരണസഹിതം തെളിവുകളോടെ കോടതിക്കുമുന്നില്‍ വിശദീകരിക്കുകയും ചെയ്ത നാല് പത്രപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലാണിത്. പള്ളി പൊളിക്കുന്നതിനെക്കുറിച്ച് മുമ്പേ കിട്ടിയ സൂചനകള്‍, ആസൂത്രണത്തെക്കുറിച്ച് ബജ്‌റംഗദള്‍  സ്ഥാപക പ്രസിഡന്റ്  വിനയ് കത്യാര്‍ നല്‍കിയ രഹസ്യവിവരങ്ങള്‍, ഡിസംബര്‍ അഞ്ചിന് നടന്ന 'ഫൈനൽ റിഹേഴ്‌സല്‍', അദ്വാനിയടക്കമുള്ളവർ സ്‌ഫോടനാത്മകമായ മുദ്രാവാക്യങ്ങളിലൂടെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതിന്റെ തെളിവുകള്‍ എല്ലാം ഈ പത്രപ്രവര്‍ത്തകര്‍ കോടതിക്ക് നല്‍കി. എന്നിട്ടും അവയെല്ലാം തിരസ്‌കരിക്കപ്പെട്ടു. വാസ്തവത്തിന്റെയും നീതിയുടെയും പക്ഷത്തുനിന്നുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ധീരമായ ഒരു പോരാട്ടത്തെക്കുറിച്ചുകൂടിയാണ്, അതില്‍ പങ്കാളിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നത്

15 Oct 2020, 10:49 AM

വെങ്കിടേഷ്​ രാമകൃഷ്​ണൻ

സാക്ഷ്യം, അനുഭവസാക്ഷ്യം എന്നൊക്കെയുള്ള വാക്കുകളുടെ അര്‍ത്ഥവും മൂല്യവും ഒക്കെ അടിമുടി മാറി മറിഞ്ഞുകഴിഞ്ഞുവെന്നും അവ ആത്യന്തികമായി ആലങ്കാരികമോ ആത്മീയമോ  ആയ  ഏതോ സ്ഥിതിവിശേഷങ്ങളില്‍  ആണ് ഉപയോഗിക്കുക എന്നും ശഠിക്കുന്ന പല പണ്ഡിതന്മാരെയും സാമൂഹിക- മാധ്യമ സംവേദനങ്ങളിലും സംവാദങ്ങളിലും  കണ്ടിട്ടുണ്ട്. ഈ വാക്കുകളുടെ മൂലം വസ്തുനിഷ്ഠത അല്ല  ആത്മനിഷ്ഠമാണ് എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ആധാരം.  

കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ- മാധ്യമ സാഹചര്യങ്ങളില്‍ ആവര്‍ത്തിച്ചു ഉയര്‍ന്നുവന്നിട്ടുള്ള ഈ വ്യാഖ്യാനം മറ്റു ഭാഷാ- സാമൂഹിക പരിസരങ്ങളിലും കേട്ടിട്ടുണ്ട്.  തത്വശാസ്ത്രസംവാദത്തിന്റെയോ സാഹിത്യത്തിന്റെയോ തലങ്ങളില്‍ തീര്‍ച്ചയായും ന്യായീകരണ സാധ്യതകളുള്ള ഈ വ്യാഖ്യാനം,  പക്ഷേ, നിസ്സംശയം വസ്തുനിഷ്ഠതയില്‍  ഊന്നേണ്ട  നീതിന്യായവ്യവസ്ഥയുടെ ഭാഗമായി മാറിയാലോ?

ജുഡീഷ്യറിയില്‍ നിന്ന് അങ്ങനെയൊരു പകര്‍ന്നാട്ടം  കണ്ട്  അന്ധാളിച്ചു നില്‍ക്കുന്ന നാല് മാധ്യമപ്രവര്‍ത്തകരുടെ  അവസ്ഥയെക്കുറിച്ചാണ്  ഈ കുറിപ്പ്.  സ്വയം നേരില്‍കണ്ട, നേരിട്ട് അനുഭവിച്ച ചില യാഥാര്‍ത്ഥ്യങ്ങളെ പറ്റി വസ്തുനിഷ്ഠമായി, കാര്യകാരണസഹിതം ആദ്യം വാര്‍ത്തയായും, പിന്നീട് കോടതി സമന്‍സുകളോട് പ്രതികരിച്ച്  സാക്ഷിമൊഴിയായും തെളിവുകളായും പ്രതിപാദിക്കുക, ആ പരിശ്രമത്തിന് മാസങ്ങളുടെ സമയം നല്‍കി  ജുഡീഷ്യറിയുടെ മുമ്പില്‍ വിശദീകരിക്കുക, ഒടുവില്‍  അവയെല്ലാം ഏതോ  ആലങ്കാരികമോ   ആത്മീയമോ  അത്ഭുതകരമോ ആയ ഭ്രമകല്‍പനകളുടെ ഭാഗമാണ്  എന്ന് തീര്‍പ്പുകല്‍പ്പിച്ച ഒരു നീതിന്യായ വ്യവസ്ഥക്കു മുമ്പില്‍  പകച്ചുനില്‍ക്കുക. അങ്ങനെ നില്‍ക്കുന്ന  നാല് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണിത്. 

‘അയോധ്യ ബീറ്റി'ന്റെ തുടക്കം

ഉത്തര്‍പ്രദേശ് പൊലീസിന്റെ അക്കാലത്തെ കണക്കനുസരിച്ച് 1992 ഡിസംബര്‍ ആദ്യവാരം ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളില്‍നിന്ന്  അയോധ്യയിലെത്തിയ പത്രപ്രവര്‍ത്തകരുടെ എണ്ണം ഏതാണ്ട് അയ്യായിരമാണ്. അവരില്‍ ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍പ്പെടുന്നത് കണ്ടവര്‍ അഞ്ഞൂറില്‍ പരം ആയിരിക്കണം.

പള്ളി പൊളിക്കുന്നതിന്റെയും അതിനുവേണ്ടി  സംഘപരിവാര്‍ കര്‍സേവകര്‍ നടത്തിയ കടന്നാക്രമണത്തിന്റെയും ആസൂത്രിതമായ നീക്കങ്ങളുടെയും തെളിവുകള്‍  പത്രപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, മുദ്രണം ചെയ്യുന്നത് തടയാന്‍ നടത്തിയ,  ആണ്‍ - പെണ്‍  വ്യത്യാസമില്ലാത്ത മാധ്യമ വേട്ടയില്‍ പരിക്കേറ്റവര്‍ നൂറോളം പേരുണ്ടാവും. 

ഇവരില്‍ പലരും ആദ്യമായി അയോധ്യയില്‍ എത്തിയവരായിരുന്നു. പക്ഷെ 1980 കളുടെ അവസാനത്തോടെ തന്നെ  ഇന്ത്യയിലെ സാമൂഹിക -രാഷ്ട്രീയ ഭൂപടത്തിലെ ‘ഒരു  പൊള്ളുന്ന ഇടമായി' അയോധ്യ മാറിയതോടെ മിക്ക  പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ഒരു സ്ഥിരം ‘അയോധ്യാ ബീറ്റ് ' ആരംഭിച്ചിരുന്നു. ആ ബീറ്റിന്റെ ഭാഗമായ മാധ്യമ പ്രവര്‍ത്തകര്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും അയോധ്യയിലോ എട്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഇരട്ട നഗരമായ ഫൈസാബാദിലോ അല്ലെങ്കില്‍ അയോധ്യയുമായി ബന്ധപ്പെട്ട പ്രധാന നിയമ-ഭരണവ്യവഹാര വിഷയങ്ങള്‍ നടന്നിരുന്ന ലക്നോവിലോ ദല്‍ഹിയിലോ  കണ്ടുമുട്ടും, വിവരങ്ങള്‍ കൈമാറും, ദീര്‍ഘമായ ചര്‍ച്ചകളില്‍ താന്താങ്ങളുടെ വിശകലനങ്ങള്‍ മുന്നോട്ടുവെക്കും. 

അങ്ങനെ ആ ബീറ്റിലാണ്  ഞങ്ങള്‍ നാലുപേര്‍ പേര്‍ കണ്ടുമുട്ടുന്നത്; ഞാന്‍, ഇന്ത്യന്‍ എക്സ്​പ്രസ്​ ചീഫ് റിപ്പോര്‍ട്ടര്‍  രാകേഷ് സിന്‍ഹ, പയനിയർ  ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ ജയിന്‍, ബി.ബി.സി അടക്കമുള്ള വിദേശ മാധ്യമ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്ന രുചിര ഗുപ്ത. 1992 ഡിസംബര്‍ ആറിന് ഞങ്ങള്‍ നാലുപേരും  അയോധ്യയിലുണ്ട്. ഏറെക്കാലമായി  അയോധ്യ  കവര്‍ ചെയ്യുന്ന  റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍  ഞാനും രാകേഷും ഒന്നിച്ചു തന്നെ വാര്‍ത്ത ശേഖരിക്കാന്‍  ഇറങ്ങാറുണ്ട്. അന്നും അങ്ങനെ തന്നെ ആയിരുന്നു.

പള്ളിയുടെ അകത്തുകയറിയ അവസാന മാധ്യമ സംഘം

പുലര്‍ച്ചെ അഞ്ചുമണിയോടെ ഒരുസംഘം മലയാളി പത്രപ്രവര്‍ത്തകര്‍ക്കൊപ്പം ഫൈസാബാദിലെ ‘തിരുപ്പതി' ഹോട്ടലില്‍നിന്ന് ഞാന്‍ ഇറങ്ങി. തൊട്ടടുത്ത ‘ഷാനെ അവധ് ' ഹോട്ടലില്‍ നിന്ന് രാകേഷും. ആ പുലര്‍ച്ചെ അയോധ്യ ലക്ഷ്യമാക്കി ഞങ്ങള്‍ പുറപ്പെടുമ്പോള്‍  അടുത്ത്  എവിടെയോ ഉള്ള ഒരു മസ്ജിദില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നുണ്ടായിരുന്നു. കഷ്ടിച്ച്  15 മിനിറ്റ് കാര്‍യാത്രക്കുശേഷം അയോധ്യയിലെത്തിയ ഞങ്ങള്‍ - ഞാനും രാകേഷും മലയാളി പത്രപ്രവര്‍ത്തക സംഘവും - പൂര്‍ണരൂപത്തില്‍ സ്ഥിതിചെയ്യുന്ന ബാബരി മസ്ജിദിന് അകത്ത് കയറുന്ന  അവസാനത്തെ മാധ്യമ സംഘങ്ങളില്‍  ഒന്നായി മാറുകയും ചെയ്തു. 

വിശ്വഹിന്ദു പരിഷദ് നേതാവ് അശോക് സിംഗാള്‍, ഉമാഭാരതി എന്നിവര്‍. പിറകില്‍ രാജ്നാഥ് സിംഗ്
വിശ്വഹിന്ദു പരിഷത്​ നേതാവ് അശോക് സിംഗാള്‍, ഉമാഭാരതി. ക്യാമറയ്ക്ക് തൊട്ടുമുന്നിൽ രാജ്നാഥ് സിംഗ് ഇരിക്കുന്നതും കാണാം. / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

അതിനുശേഷം ഞാനും രാകേഷും  മസ്ജിദിന് എതിര്‍വശത്തെ ക്ഷേത്ര- സത്ര സമുച്ചയങ്ങളില്‍ ഒന്നായ മാനസ ഭവനിന്റെ മുകള്‍നിലയില്‍ സ്ഥാനംപിടിച്ചു. ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കും മറ്റും ഒപ്പം സംഘപരിവാറിലെ  പ്രധാനികള്‍ക്കായി  പ്രത്യേകമായി പടുത്തുയര്‍ത്തിയ പന്തലിട്ട സ്റ്റേജിനടുത്ത് രുചിര നിലയുറപ്പിച്ചു. പ്രവീണ്‍ ആകട്ടെ ക്യാമറയുമായി സംഘപരിവാര്‍ നേതാക്കന്മാര്‍ക്കും കര്‍സേവകര്‍ക്കും ഇടയിലൂടെ കറങ്ങി നടന്ന് പടങ്ങള്‍ എടുത്തു കൊണ്ടിരിക്കുകയായിരുന്നു. 

അഞ്ചിന് നടന്ന ‘ഫൈനല്‍ റിഹേഴ്‌സല്‍'

ഞങ്ങളുടെ നാല്‍വര്‍ കൂട്ടത്തില്‍ മൂന്നുപേര്‍ക്ക് - എനിക്കും  രാകേഷിനും പ്രവീണിനും - അന്ന് പള്ളി പൊളിക്കാന്‍  സാധ്യതയുണ്ട്  എന്ന പ്രബലമായ സൂചന ഉണ്ടായിരുന്നു. ഏറ്റവും മൂര്‍ത്തമായ, ഏതു കോടതിയിലും  നിര്‍ണായകമായി  എണ്ണാനാവുന്ന തെളിവ് വന്നുപെട്ടത്  പ്രവീണിന്റെ  മുന്നിലാണ്. ബാബരി മസ്ജിദ്  തകര്‍ക്കാനുള്ള അന്തിമ ആക്രമണം  സംഘപരിവാര്‍ കര്‍സേവകര്‍ അഴിച്ചുവിടുന്നതിന് കഷ്ടിച്ച്  18 മണിക്കൂര്‍ മുമ്പ് ; 1992 ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിയോടെ. 

1992 ഡിസംബര്‍ 5-ന് വൈകിട്ട് കയ്യില്‍ പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍, ദി പ്രിന്‍റ്
1992 ഡിസംബര്‍ 5-ന് വൈകിട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

ബാബറി പള്ളിയില്‍  നിന്ന്  കേവലം ഒരു കിലോമീറ്റര്‍ താഴെ ദൂരമുള്ള  ഒരു കുന്നിലും പരിസരത്തുമായി  ഒത്തുകൂടിയ നൂറോളം കര്‍സേവകര്‍  വിചിത്രമായ ഒരു അഭ്യാസപ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു  എന്ന വിവരം കിട്ടിയിട്ടാണ് പ്രവീണ്‍ അങ്ങോട്ട് ചെല്ലുന്നത്. കമ്പക്കയറും പിക്കാസും മണ്‍വെട്ടിയും ചില്ലറ ചെറിയ ഡോസ് സ്‌ഫോടകവസ്തുക്കളും ഒക്കെയായി ഒരു സംഘം കര്‍സേവകര്‍. അവര്‍ അഞ്ചാറു ചെറിയ സംഘങ്ങളായി തിരിഞ്ഞു കുന്നിനു ചുറ്റും  കമ്പക്കയര്‍ വരിഞ്ഞു കെട്ടുന്നു. പിന്നെ പിക്കാസും മണ്‍വെട്ടിയും കുന്തവും ഒക്കെ ഉപയോഗിച്ചു കുന്നിന്റെ അടിത്തറ തകര്‍ക്കുന്നു, മകുടം  വലിച്ചു വീഴ്ത്തുന്നു. ‘നാളത്തേക്കുള്ള ഫൈനല്‍ റിഹേഴ്‌സല്‍ ആണ്', അവരില്‍  ചിലര്‍ ചിരിച്ചുകൊണ്ട് പ്രവീണിനോട് പറയുന്നു. 

തന്റെ കരിയറില്‍ നിരവധി അസാധാരണ  ന്യൂസ് ഫോട്ടോഗ്രാഫുകള്‍ ക്ലിക്ക് ചെയ്തിട്ടുള്ള പ്രവീണിന്  ഈ നിമിഷത്തിന്റെ ന്യൂസ് വാല്യൂ  ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആ നിമിഷങ്ങളും അവിടുത്തെ വിചിത്ര അഭ്യാസവും ഒക്കെ ചരിത്രത്തിനുവേണ്ടി  പ്രവീണ്‍ മുദ്രണം ചെയ്തു. അടുത്തദിവസം  പള്ളി പൊളിക്കുന്നതിന്റെ ആദ്യ കടന്നാക്രമണം മുതലുള്ള ദൃശ്യങ്ങളും പ്രവീണ്‍ന്റെ ക്യാമറയില്‍ പതിഞ്ഞു. ഒന്നിലേറെ തവണ   സംഘപരിവാര്‍ കര്‍സേവകരുടെ ‘തെളിവ് നശിപ്പിക്കല്‍' ആക്രമണത്തിന് വിധേയനായെങ്കിലും ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ആ ദിവസത്തിന്റെ ഓരോ ഘട്ടവും ഓരോ അംശവും പ്രവീണ്‍ രേഖപ്പെടുത്തി. 

Praveen-Jain-Indias-leading-photojournalist-and-a-prime-prosecution-witnesses-of-Babri-Mosque-demolition.jpg
പ്രവീണ്‍ ജയിന്‍

അദ്വാനി പറഞ്ഞു, ‘ഭാരതത്തിന്റെ ചരിത്രം മാറിമറിയുകയാണ്’

തെളിവ് നശിപ്പിക്കല്‍ മാധ്യമവേട്ടയില്‍ ഏറ്റവും രൂക്ഷമായി ആക്രമിക്കപ്പെട്ടത് രുചിരയായിരുന്നു. ഇരച്ചു കയറിയ കര്‍സേവകര്‍ പള്ളിയുടെ ഒന്നാം കുംഭം തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രുചിരയും പള്ളിയിലേക്ക് ഓടിയെത്തി. അധികം ദൂരെയല്ലാതെ പന്തലില്‍ തമ്പടിച്ച സംഘപരിവാര്‍  നേതൃത്വം കര്‍സേവകരെ പ്രോത്സാഹിപ്പിക്കുന്നത് രുചിര അടുത്തുനിന്നുതന്നെ കണ്ടു. ആ പ്രോത്സാഹനത്തോടൊപ്പം തെളിവ് നശിപ്പിക്കാനുള്ള ആഹ്വാനം കൂടി അവിടെ മുഴങ്ങി. അതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള കൊടിയ ആക്രണമവും തുടങ്ങി. 

പള്ളിക്കകത്ത് കുടുങ്ങിപ്പോയ രുചിരയ്ക്ക് ഭീകര മര്‍ദനത്തോടൊപ്പം ലൈംഗികാക്രമണത്തെയും നേരിടേണ്ടി വന്നു. പള്ളിയുടെ അസ്ഥിവാരത്തിന്റെ ബലം കുറയ്ക്കാന്‍ കുഴിച്ച ഒരു വലിയ കിടങ്ങിലേക്കു തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു.  ഒരുവിധം കുതറിമാറി സംഘപരിവാറിലെ  പ്രധാനികള്‍ നിലയുറപ്പിച്ച  പന്തലില്‍ തിരിച്ചെത്തി രുചിര. ദീര്‍ഘകാലമായി പരിചയമുള്ള അദ്വാനിയെ സമീപിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും എതിരായ ആക്രമണം നിര്‍ത്താന്‍  ആവശ്യപ്പെട്ടു.

അക്കാലത്തെ ഹിന്ദു ഹൃദയ സാമ്രാട്ട് പക്ഷേ ഈ വനിതാ പത്രപ്രവര്‍ത്തകയുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു. ‘നിങ്ങള്‍ക്കെതിരെ നടന്ന ആക്രമണം ഒക്കെ ഇതുപോലെയുള്ള ഒരു ചരിത്രനിമിഷത്തില്‍ സര്‍വസാധാരണമാണ്. ഇന്ന് ഭാരതത്തിന്റെ ചരിത്രം മാറിമറിയുകയാണ്. കുറച്ചു മധുരം കഴിച്ചോളൂ.' - ഒരു ലഡ്ഡു നീട്ടിക്കൊണ്ട് അദ്വാനി പറഞ്ഞതായി രുചിര പിന്നീട് തന്റെ ലേഖനത്തില്‍ രേഖപ്പെടുത്തി. 

 l-ruchira-guptha.jpg
രുചിര ഗുപ്ത

ഈ സമയത്തൊക്കെ ഞാനും രാകേഷും മാനസഭവനിലെ രണ്ടാം നിലയില്‍നിന്ന് ബാബരിപള്ളിക്ക് നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക്  നേരെയുമുള്ള  ആക്രമണം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കെട്ടിടത്തിനകത്തെ മാധ്യമപ്രവര്‍ത്തകരെ അന്വേഷിച്ചുകൊണ്ട് സംഘപരിവാര്‍ ഗുണ്ടകള്‍ മാനസഭവനിലെത്തി. ദീര്‍ഘകാലമായി അയോധ്യ കവര്‍ ചെയ്യുകയും അതുകാരണം നിരവധി വ്യക്തിബന്ധങ്ങള്‍ സംഘപരിവാറിനകത്ത് ഉണ്ടാക്കുകയും ചെയ്തതിനാല്‍ മാനസഭവനിലെ സ്ഥിരം  ചില അന്തേവാസികള്‍ ഞങ്ങളെ കൂടുതല്‍ സുരക്ഷിതമായ, എന്നാല്‍ കുടുസ്സായ ഒരു മുറിയിലേക്ക് മാറ്റി. അവിടെ ഇരുന്നുകൊണ്ടാണ്, ഏതാണ്ട് മൂന്നുമണിയോടെ ബാബരി മസ്ജിദിന്റെ ആദ്യ കുംഭം നിലം പതിക്കുന്നത് ഞങ്ങള്‍ കാണുന്നത്.

ഞെട്ടിക്കുന്ന ആ കാഴ്ച കണ്ട് ആകെ വികാരാധീനനായി പോയ രാകേഷ് ആ നിമിഷത്തില്‍ ഒരു ചെറിയ കുറിപ്പ് എഴുതി എനിക്ക് കൈമാറി: ‘ക്രൂരതയാര്‍ന്ന  ഈ വൈകൃതം ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എന്നെ കീറിമുറിച്ചിരിക്കുന്നു. ഒരു ഹിന്ദു എന്ന നിലയില്‍ ഈ പ്രാകൃതത്വം എന്നില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപമാനത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും മോചിതനാവില്ല.'

ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി രാമജന്മഭൂമി പ്രവര്‍ത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീണ്‍ ജയിന്‍, ദി പ്രിന്‍റ്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം രാവിലെ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി രാമജന്മഭൂമി  മൂവ്മെന്‍റ് പ്രവര്‍ത്തകരെ കാണുന്നു. / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

വിനയ് കത്യാറിന്റെ വെളിപ്പെടുത്തല്‍

ഏതാണ്ട് ഒരാഴ്ച മുമ്പുതന്നെ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞ രണ്ടു പത്രപ്രവര്‍ത്തകരായിരുന്നു ഞാനും രാകേഷും. എന്നിട്ടും ആ നിമിഷം സൃഷ്ടിച്ച വൈകാരികമായ പ്രക്ഷുബ്ധത മറികടക്കാന്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആയില്ല. നവംബര്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ഞാന്‍ സംസാരിച്ച ബജ്‌റംഗദള്‍  സ്ഥാപക പ്രസിഡന്റ്  വിനയ് കത്യാറാണ് എനിക്ക് ആദ്യസൂചന നല്‍കിയത്. ബലിദാന സേനകള്‍ എന്ന് സംഘപരിവാര്‍ നാമകരണം ചെയ്തിരിക്കുന്ന  Suicide  സ്‌ക്വാഡുകള്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും മാസങ്ങള്‍ക്കുമുമ്പ് തന്നെ  പള്ളിയില്‍ രഹസ്യമായി കയറിയ  സംഘപരിവാര്‍ സംഘങ്ങള്‍ പള്ളിയുടെ  നിര്‍മ്മാണ ഘടകങ്ങള്‍  വിശദമായി പരിശോധിച്ചു  ദുര്‍ബലമായ ഭാഗങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നും അന്ന് കത്യാര്‍ എന്നോട് പറയുകയുണ്ടായി. 

Vinod_Mehta.jpg
വിനോദ് മേത്ത

ഏതാണ്ട് അതേസമയത്ത് തന്നെ തന്റെ മറ്റു ചില സംഘപരിവാര്‍ സോഴ്‌സുകളില്‍ നിന്ന് രാകേഷിനും  സമാനമായ സൂചനകള്‍ ലഭിക്കുകയുണ്ടായി. കത്യാര്‍ നല്‍കിയ  വിവരങ്ങള്‍ കൂടാതെ ഫൈസാബാദ് കന്റോണ്മെന്റിലെ മിലിറ്ററി ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വഴിയും പള്ളി തകര്‍ക്കപ്പെടാനുള്ള സൂചന ലഭിച്ചിരുന്നു. ഇതൊക്കെ വെച്ച് വെച്ച് ഞാന്‍ എഴുതിയ ലേഖനം ആദ്യം ഡെസ്‌കില്‍ വിലയിരുത്തപ്പെട്ടത് എക്‌സ്ട്രീമിസ്റ്റും സെന്‍സേഷനലും ആയിട്ടായിരുന്നു.

പക്ഷെ, ഏറെ ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും നിശിതമായ എഡിറ്റോറിയല്‍ സ്‌ക്രൂട്ടിനിക്കും ശേഷം ലേഖനം  പ്രസിദ്ധീകരണയോഗ്യമായി എഡിറ്റര്‍ എന്‍. റാം കണ്ടു.  എന്നാല്‍, നിര്‍ഭാഗ്യവശാല്‍  അതിഭയങ്കരമായ വെളിപ്പെടുത്തല്‍ ആകുമായിരുന്ന  പ്രവീണിന്റെ  റിഹേഴ്‌സല്‍ പടം പ്രസിദ്ധീകരിക്കാന്‍ പയനീര്‍ പത്രം തയ്യാറായില്ല.

 NRAM-2.jpg
എന്‍. റാം

വിഖ്യാതനായ വിനോദ് മേത്ത ആയിരുന്നു  അക്കാലത്ത് പയനിയര്‍ പത്രാധിപര്‍. രാകേഷ് ജോലിചെയ്ത ഇന്ത്യന്‍ എക്സ്​പ്രസിലെ  മുതിര്‍ന്ന എഡിറ്റര്‍മാര്‍മാരും ഡിസംബര്‍ ആറിന് പള്ളി പൊളിക്കുമെന്ന് സൂചന നല്‍കിയ വാര്‍ത്തയ്ക്ക് ക്ലിയറന്‍സ് നല്‍കിയില്ല. എന്തായാലും മൂര്‍ത്തമായ  സൂചനകളുടെ  അടിസ്ഥാനത്തില്‍ ബാബറി മസ്ജിദിന്റെ ധ്വംസനത്തെ പറ്റിയുള്ള മുന്‍കൂര്‍ പ്രഖ്യാപനം പുറത്തുവന്നത് ഡിസംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ഫ്രണ്ട്‌ലൈനില്‍ മാത്രമായിരുന്നു. 

പക്ഷേ പള്ളി പൊളിച്ചതിന്  തൊട്ടടുത്ത ദിവസം തന്നെ തന്റെ അബദ്ധം വിനോദം മേത്തക്ക് മനസ്സിലായി.  പ്രവീണിനോട് ഡിസംബര്‍ അഞ്ചിന്റെ നിരവധി ചിത്രങ്ങളും ചേര്‍ത്തുകൊണ്ട് ‘വിറ്റ്‌നസ് ' എന്ന ഒരു കോളം തന്നെ ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ചരിത്രം സൃഷ്ടിച്ച പ്രവീണ്‍ ജെയിന്‍ ചിത്രങ്ങള്‍ ഡിസംബര്‍ ഏഴാം തീയതി പയനിയറില്‍  പ്രസിദ്ധീകരിക്കപ്പെട്ടു. പള്ളി പൊളിച്ച് ഏതാണ്ട് ഒരു മാസത്തിനകം തന്നെ അന്വേഷണ ഏജന്‍സികള്‍ ഞങ്ങള്‍ നാലുപേരുടെയും മൊഴിയെടുത്തു.

ഈ ലേഖനത്തില്‍ കുറിച്ച വിവരങ്ങള്‍ക്കൊപ്പം  എന്നെയും രാകേഷിനെയും ആക്രമിക്കാന്‍ സംഘപരിവാര്‍ നേതൃത്വം ഒരുക്കിയ പദ്ധതി മിലിറ്ററി ഇന്റലിജന്‍സ് സോഴ്‌സുകളില്‍ നിന്നറിഞ്ഞ കാര്യവും പള്ളി പൊളിക്കുന്നതിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ഉയര്‍ന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ക്കും ഫൈസാബാദിലെ ആര്‍മി കണ്ടോണ്‍മെന്റ്ല്‍  നിന്ന് ഇന്ന് മിലിറ്ററി ഇന്ത്യന്‍സ് അയച്ച സന്ദേശത്തിന്റെ  കാര്യവും ഒക്കെ മൊഴിയില്‍ ഞാന്‍ വ്യക്തമായി പറഞ്ഞു. 

babri-7591.jpg
കര്‍സേവകര്‍ ബാബരിമസ്ജിദ് തകര്‍ക്കുന്നു./ ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

കോടതിയിലെത്തിയ തെളിവുകള്‍ക്ക് സംഭവിച്ചത്

അന്വേഷണത്തിന് ആദ്യഘട്ടങ്ങളില്‍ ഏജന്‍സികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് പ്രവീണിന്റെയും രുചിരയുടെയും  മൊഴികളാണ് ഏറ്റവും നിര്‍ണായകമായ മാധ്യമ തെളിവുകളായി കാണുന്നത് എന്നാണ്. എന്നാല്‍ ദശാബ്ദങ്ങള്‍ നീണ്ടുപോയ അന്വേഷണ പ്രക്രിയയും അതുകഴിഞ്ഞ് ഇഴഞ്ഞു നീങ്ങിയ വിചാരണയും ഒക്കെ  ശരിയായ വഴികളില്‍ നിന്ന് നീതിന്യായ വ്യവസ്ഥയെ വ്യതിചലിപ്പിച്ചു  എന്നുതന്നെയാണ്  ബോധ്യപ്പെടുത്തുന്നത്. എന്നെയും രാജേഷിനെയും മൊഴിനല്‍കാന്‍ സി.ബി.ഐ കോടതി വിളിച്ചിരുന്നെങ്കിലും ക്രോസ് എക്‌സാമിനേഷന്‍ നടത്തിയില്ല. ഞങ്ങള്‍ക്ക് അതില്‍ താല്‍പര്യമില്ല  എന്നാണത്രെ സംഘപരിവാര്‍ അഭിഭാഷകര്‍ കോടതിയോട് പറഞ്ഞത്.  

പക്ഷേ പ്രവീണിനെയും രുചിരയെയും ദീര്‍ഘമായും ആക്രമണോത്സുകമായും  ക്രോസ് ചെയ്യുകയുണ്ടായി. പ്രശസ്തിക്കുവേണ്ടി സ്വയം ഒപ്പിച്ച ഒരു നാടകം  ഷൂട്ട് ചെയ്ത കാണിക്കുകയാണ്  പ്രവീണ്‍ ചെയ്തത് എന്നായിരുന്നു സംഘപരിവാര്‍ അഭിഭാഷകരുടെ മുഖ്യവാദം. രുചിരയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. സിഗരറ്റു വലിക്കുമോ, എന്താണ് വിവാഹിതയാവാത്തത് എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍ . വിചാരണ തുടങ്ങുന്നതിനുമുന്‍പ് അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയെയും രുചിരക്ക് നേരിട്ടുതന്നെ സന്ദേശം നല്‍കി; ‘കുടുംബ സ്ത്രീകള്‍ പൊതുസ്ഥലത്ത് നേരിട്ട മാനഭംഗശ്രമത്തെ പറ്റി കോടതിയില്‍ സംസാരിക്കില്ല.' രുചിര  വഴങ്ങിയില്ല. സംഭവിച്ച കാര്യങ്ങള്‍, നേരിട്ടറിഞ്ഞ ഗൂഢാലോചനകള്‍, അതില്‍ തനിക്ക് വ്യക്തിപരമായി അറിയാവുന്ന മുതിര്‍ന്ന നേതാക്കളുടെ പങ്ക് എല്ലാം അക്കമിട്ടു അറിയിച്ചു. 

പ്രവീണ്‍ ജയിനും  തന്റെ രഹസ്യവേധിയായ, സംഘപരിവാറിന്റെ  ബാബരി മസ്ജിദ് ധ്വംസന ഗൂഢാലോചന പുറത്തു കൊണ്ടു വന്ന ചിത്രങ്ങള്‍, അവ ഓരോന്നും എടുത്ത  സാഹചര്യവും പശ്ചാത്തലവും വിശദമാക്കി അന്വേഷണ ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ചു. ദശാബ്ദങ്ങള്‍ക്കിപ്പുറം പക്ഷേ പ്രവീണ രുചിരയും തിരിച്ചറിയുന്നു, മനസിലാക്കാന്‍ പറ്റാത്ത വിധം മാറി പോയ ഒരു ഭരണസംവിധാനത്തിനും ജുഡിഷ്യറിക്കും മുന്നിലാണ് വസ്തുനിഷ്ഠ മാധ്യമ പ്രവര്‍ത്തനം നില്‍ക്കുന്നത്.  

‘എന്റെ ചിത്രങ്ങള്‍ ഗൂഢാലോചന അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിയിക്കുന്നതാണ്. പക്ഷേ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി.ബി.ഐ തന്നെ അതിന്റെ രൂപവും ഭാവവും മാറ്റിയിരിക്കുന്നു. ഏറ്റവും ഭയാനകമായ രീതിയില്‍ നീതിന്യായവ്യവസ്ഥയും മാറിമറിഞ്ഞിരിക്കുന്നു.'; സി.ബി.ഐ കോടതിയുടെ സെപ്റ്റംബര്‍ 30 ലെ വിധിക്കുശേഷം ഫോണില്‍ സംസാരിക്കുമ്പോള്‍ പ്രവീണ്‍ എന്നോട് പറഞ്ഞു.

അദ്വാനിയും ഉമാഭാരതിയും മുരളി മനോഹര്‍ ജോഷിയും ഒക്കെ സംഘപരിവാര്‍ കര്‍സേവകരെ സ്‌ഫോടനാത്മകമായ മുദ്രാവാക്യങ്ങളിലൂടെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതും പിന്നീട് പള്ളി  നിന്ന  സ്ഥലത്ത് താല്‍ക്കാലിക രാമമന്ദിരം പടുത്തുയര്‍ത്തുന്നതും  കണ്ടുനിന്ന   ഞങ്ങള്‍ വസ്തുനിഷ്ഠതയിലും അനുഭവ സാക്ഷ്യത്തിലും ഊന്നി നല്‍കിയ തെളിവുകള്‍  കാറ്റില്‍ അലിഞ്ഞു തീര്‍ന്നിരിക്കുന്നു.

പേരറിയാത്ത ഒരു ആള്‍ക്കൂട്ടത്തിന് ചാര്‍ത്തിക്കൊടുത്ത ബാബറി മസ്ജിദിന്റെ ധ്വംസനം  ഒരു കടംകഥ ആകുമ്പോള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ നെടുംതൂണുകളില്‍  ഒന്ന് എന്ന് വിശ്വസിക്കപ്പെടുന്ന ജുഡീഷ്യറിയും ഒരു കഥയില്ലാ കടംകഥ ആവുകയാണ്. സാക്ഷ്യത്തിനും അനുഭവ സാക്ഷ്യത്തിനും  വില കല്‍പിക്കാത്ത,  ഒരു സ്ഥാപന പൊള്ള.


Remote video URL
  • Tags
  • #Babri Masjid
  • #Venkitesh Ramakrishnan
  • #L.K Advani
  • #Uma Bharti
  • #N. Ram
  • #Preveen Jain
  • #Ruchira Gupta
  • #Saffron Politics
  • #Sangh Parivar
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Satish Varma

18 Oct 2020, 04:05 PM

കഷ്ടം നമ്മുടെ രാജ്യത്തെ കോടതിയുടെ അവസ്ഥ

Venu Edakkazhiyur

15 Oct 2020, 09:41 PM

ഇന്ത്യൻ ചരിത്രത്തിലെ ആ കറുത്ത ദിനത്തിന് ദൃക്‌സാക്ഷിയാകാൻ കഴിഞ്ഞ നാല് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വെങ്കിടേഷ് രാമകൃഷ്ണന്റെ ഈ ലേഖനം ഒരു ചരിത്ര രേഖയാണ്. അന്വേഷണ ഏജൻസികളും കോടതികളും സർക്കാരിനെ പ്രീതിപ്പെടുത്താൻ എങ്ങനെയാണ് ദാസ്യവേല നടത്തുന്നത് എന്ന് ഈ ലേഖനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അഭിവാദ്യങ്ങൾ!

Jayashree.T

15 Oct 2020, 09:37 PM

വെങ്കിടേഷിന്റെ ഈ ഒരു കുറിപ്പിനായി വിധി വന്നപ്പോൾ മുതൽ കാത്തിരിക്കുകയായിരുന്നു.പൊള്ളിക്കുന്ന സത്യങ്ങൾ!

ഇശാം

15 Oct 2020, 03:02 PM

ഞെട്ടലും കൂടെ നിരാശയും ഉൾകലർന്ന മാനസിക നിലയിൽ എത്തി വായനയ്ക്ക് ശേഷം

Ej

15 Oct 2020, 02:29 PM

Perhaps, one of the best accounts. Authentic and factual, howbeit not at all overweighted by excessive sentimentalism.

Rahul Gandhi

National Politics

ടി.എന്‍. പ്രതാപന്‍

ഭരണകൂട ഭീഷണിയെ രാജ്യം​ ചെറുക്കും, അതിന്​ രാഹുൽ നേതൃത്വം നൽകും

Mar 23, 2023

3 Minutes Read

babri-masjid-demolition

Opinion

പ്രമോദ് പുഴങ്കര

അരുണ്‍ മിശ്ര, രഞ്ജൻ ഗോഗോയ്‌, അബ്ദുള്‍ നസീര്‍, ഉദ്ദിഷ്ടകാര്യത്തിന് സംഘപരിവാറിന്റെ ഉപകാരസ്മരണകള്‍

Feb 12, 2023

3 Minute Read

K KANNAN

UNMASKING

കെ. കണ്ണന്‍

വേദകാലത്തെ ബീഫ് മെനു മോദി കാലത്തെ കൗ ഹഗ്‌

Feb 09, 2023

3 Minutes Watch

gujarat riots 2002

Book Review

ശ്രീജിത്ത് ദിവാകരന്‍

ഗുജറാത്ത് വംശഹത്യ ; ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യം

Jan 20, 2023

14 Minutes Read

Rahul Gandhi

National Politics

ഷാജഹാന്‍ മാടമ്പാട്ട്

രാഹുല്‍ ഗാന്ധി ബി.ജെ.പി. കുതന്ത്രങ്ങളെ തകര്‍ത്ത് ഗോദി മീഡിയയെ നേരിട്ട വിധം 

Jan 10, 2023

3 Minutes Read

pazhayidam Issue

Editorial

കെ. കണ്ണന്‍

പഴയിടത്തിന് സാമ്പാര്‍ ചെമ്പിന് മുന്നില്‍ വെക്കാനുള്ള വാക്കല്ല ഭയം

Jan 08, 2023

15 Minutes Watch

COVER

Life Sketch

അനുഷ ആൻ​ഡ്രൂസ്​

ആസിഡ്​ ആക്രമണ- ​റേപ്പ്​- കൊലപാതക ഭീഷണികൾക്കിടയിൽ ഒരു പെൺകുട്ടിയുടെ ഇൻസ്​റ്റഗ്രാം ജീവിതം

Jan 08, 2023

10 Minutes Read

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

Jan 05, 2023

5 Minutes Read

Next Article

സേഫ്​ സോണിൽ കളിക്കുന്ന ഹലാൽ ലവ് സ്റ്റോറി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster