truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 22 January 2021

truecoppy
Truecopy Logo
Readers are Thinkers

Friday, 22 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Women Life
Youtube
ജനകഥ
Asralan Theyyam last part by Anil kumar

Cultural Studies

ചിത്രങ്ങള്‍: പ്രസൂണ്‍ കിരണ്‍

അന്നു മീനുകള്‍
ഉപ്പുവെള്ളം മാത്രം
കുടിച്ചു

അന്നു മീനുകള്‍ ഉപ്പുവെള്ളം മാത്രം കുടിച്ചു

ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ജീവിതാഘോഷമാണ് തെയ്യം. പക്ഷേ ഉത്തരമലബാറിന്റെ ഈടുറ്റ ഉറപ്പുറ്റ ജീവിതക്കാഴ്ച്ചകള്‍ക്ക് അനുഷ്ഠാനിഷ്ഠകള്‍ക്കപ്പുറത്തെ അസ്തിത്വം എന്താണ് എന്ന ഒരന്വേഷണമാണിത്​. ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനപ്രതിഷ്ഠിക്കുന്ന, കാവുകളുടെ ചരിത്രപശ്ചാത്തലത്തെയും പാരിസ്ഥിതിക ദര്‍ശനങ്ങളെയും കടുംവെട്ടില്‍ കൊന്നു വീഴ്ത്തുന്ന ഒരു കാലത്ത്​ അടിസ്​ഥാന മനുഷ്യരിലൂടെ ഒരപൂർവ യാത്ര. അസ്രാളൻ തെയ്യത്തിന്റെ കഥയുടെ അവസാന ഭാഗം

26 Jul 2020, 11:38 AM

വി. കെ. അനില്‍കുമാര്‍

ഭാഗം 1  | ഭാഗം 2 | ഭാഗം 3


ദേവമരക്കലവും ആയിറ്റിക്കാവും തലയില്‍ ചൂടുന്നവര്‍  

ചരിത്രം ഒരു കണ്ണുകെട്ടിക്കളിയാണല്ലോ. കുളങ്ങാട്ട് മലയും കുറുവാപ്പള്ളിയറയും ആയിറ്റികാവും പയ്യക്കാല്‍ കാവും ചരിത്രത്തിന്റേയും പുരാവസ്തുവകുപ്പിന്റേയും ഏത് ഭൂപടത്തിലാണിടം പിടിച്ചിരിക്കുന്നത്?. ആയിറ്റിപ്പോതിയെന്ന മീന്‍പെണ്ണിനെ തെയ്യരൂപത്തില്‍ കണ്ടിട്ടുണ്ടോ?. തെക്കുംകര ബാബുകര്‍ണ്ണമൂര്‍ത്തിയെന്ന പെരുവണ്ണാന്റെ പെരുങ്കടലില്‍ ചിറക് വിടര്‍ത്തുന്ന മത്സ്യകന്യയാണ് ആയിറ്റിപ്പോതി തെയ്യം. മീന്‍കണ്ണ് മിഴിച്ച് ചായില്യം ചോപ്പിച്ച ചെകിളപ്പൂക്കളുലര്‍ത്തി വാലിളക്കിക്കളിക്കുന്ന കടല്‍മീനിനെ പോലൊരു തെയ്യം.

 

തീയ്യന്‍ നായടുന്ന കുളങ്ങാട്ട് മലയും മോയോന്‍ മീന്‍പിടിക്കുന്ന ആവിനീരും വൈദേശികര്‍ കപ്പലടുപ്പിക്കുന്ന ഏഴില്‍മല തീരവും വെള്ളവയറന്‍ കടല്‍പ്പരുന്തുകള്‍ വട്ടമിട്ടുപറക്കുന്ന ഇടയിലെക്കാട്ടു കാവും സ്വപ്നം കണ്ട് മോഹിച്ച് വീടു വിട്ടിറങ്ങിയ കടല്‍ സഞ്ചാരിണി. സ്വയം കപ്പലായും കടലായും മീനായും മാറുന്ന അതിയാഥാര്‍ത്ഥ്യമായാണ് ആയിറ്റിപ്പോതിയെ കാര്‍ന്നോന്മാര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചെടുത്തിട്ടുള്ളത്. അസ്രാളന്‍ പാമരത്തില്‍ പായകെട്ടി നിയന്ത്രിച്ച് തെക്കന്‍ കാറ്റിലാറാടി വന്ന ദേവമരക്കലമാണ് തെയ്യം മുടിയായി അണിയുന്നത്.

gulikan-theyyam--kuruvappalliyara_1.jpg
ഗുളികന്‍ തെയ്യം

മേലാശാരി നിര്‍മ്മിച്ച അതേ ദേവമരക്കലത്തിന്റെ ബാഹ്യരൂപമാണ് വലിയമുടിത്തെയ്യങ്ങള്‍ തലയിലേറ്റുന്നത്. പെരുങ്കളിയാട്ടത്തിലെ തെയ്യങ്ങളുടെ വലിയ മുടി നിര്‍മാണം മരക്കലനിര്‍മ്മാണം തന്നെയാണ്. നീലക്കടലാനകളും കടല്‍പ്പന്നികളും ഭീമന്‍സ്രാവുകളും പുള്ളിത്തെരണ്ടികളും പുളയ്ക്കുന്ന കടലാണ് ആടയായി വാരിച്ചിറ്റിയിരിക്കുന്നത്.

ചന്ദനമല്ല തീയ്യന്റെ കള്ളും മൊയോന്റെ മീനുമാണ് തെയ്യത്തിന്റെ ഗന്ധം. പറയൂ, കടലും കരയും മണക്കുന്ന തെയ്യം പോലെ മറ്റൊരു രൂപമുണ്ടോ

ആര്യരാജന്‍കൊടുത്ത നാന്തകവും ചേടകവും ചെറുപലിശയുമാണ് കയ്യില്‍ ആയുധമായി അണിഞ്ഞിരിക്കുന്നത്. കൈതപ്പൂക്കള്‍ വിരിഞ്ഞ പൂഴിമണല്‍പ്പരപ്പിലാണ് നൃത്തം ചെയ്യുന്നത്. ചന്ദനമല്ല തീയ്യന്റെ കള്ളും മൊയോന്റെ മീനുമാണ് തെയ്യത്തിന്റെ ഗന്ധം. പറയൂ, കടലും കരയും മണക്കുന്ന തെയ്യം പോലെ മറ്റൊരു രൂപമുണ്ടോ. ആണ്‍ചങ്ങാതിയായ അസ്രാളന്‍ ഉറഞ്ഞാടി അട്ടഹസിച്ച് അരി വാരിയെറിഞ്ഞു കൊണ്ടാണ് തെയ്യത്തിന്റ തെങ്ങോളം വലുപ്പത്തിലുള്ള വലിയമുടി വെക്കുന്നത്. തുലാമേഘത്തില്‍ നീരണിയുന്ന മരക്കലമുടിയുമായാടുന്ന തെയ്യം കുറേനേരം പടിഞ്ഞാറെ മാനം നോക്കി നിശ്ചലമായി നില്‍ക്കും. ആയിറ്റിപ്പോതിയുടെ നോട്ടത്തിലെ വേലിയേറ്റത്തില്‍ കടല്‍ ഉലര്‍ന്നുയരും. ആയിറ്റിക്കാവില്‍ ദേവി തണലിരുന്ന ഇലിപ്പയിലകളില്‍ കാറ്റുപിടിക്കും. ഇനിയും പറഞ്ഞു മതിതീരാത്ത ജീവിതവുമായി കടലോളങ്ങള്‍ കുറുവാപ്പള്ളിയറയുടെ വെളുത്ത മണലിനെ തൊട്ടുനോക്കാനെത്തും.

idayilekkadu-paattu.jpg
ഇടയിലെക്കാടുപാട്ട്

    കഥയല്ല ജീവിതമാണ്, ജീവിച്ചു തീര്‍ന്ന ജീവിതം വീണ്ടും പറയുമ്പോഴാണല്ലോ കഥയാകുന്നത്. എല്ലാ കഥകളും ജീവിച്ചു തീര്‍ന്ന ജീവിതങ്ങളാണ്. പടിഞ്ഞാറേക്ക് തുറന്നുപിടിച്ച ആയിറ്റിപ്പോതി തെയ്യത്തിന്റെ കണ്ണില്‍നിന്നും തീവെള്ളമിറ്റി. പോയകാലത്തെ ഒരു കഥ ജീവിതത്തിലേക്ക് വഴിമാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിറ്റിക്കാവില്‍ കണ്ണില്‍ വെടിയേറ്റ കിളി തെയ്യക്കാരനായ കര്‍ണ്ണമൂര്‍ത്തിയുടെ ദൈവമിഴികളില്‍ ചിറകടിച്ച് കരഞ്ഞു. ദൈവങ്ങള്‍ മനുഷ്യരായി താനങ്ങളില്‍ തണലിരിക്കുന്ന കാലം. മോത്തെഴുത്ത് മുഴുവന്‍ മായ്ച്ചുകളയാത്ത തെയ്യക്കാരന്റെ മീട് പോലെ പകലാകാശം. അവിടവിടെയായി ഒഴിഞ്ഞുപോയ മനേലയുടേയും ചായില്ല്യത്തിന്റേയും ശോണവര്‍ണ്ണങ്ങള്‍. അതികാലത്ത് കലശവുമായി ആയിറ്റിക്കാവിലെത്തിയതായിരുന്നു മൂത്തേടത്തീയ്യനായ കലയക്കാരന്‍. തെയ്യത്തെ ഉണര്‍വിലും ഉടലിലും കൊണ്ടു നടക്കുന്ന തീയ്യക്കാര്‍ന്നോന്‍. കാവിനുള്ളില്‍ പ്രവേശിച്ച് കലശത്തറയില്‍ കലശം വെച്ചു തൊഴുതു. കണ്ണു തുറന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് അസാധാരണ വലുപ്പത്തിലുള്ള കൊച്ചയെ വന്‍മരത്തില്‍ കലയക്കാരന്‍ കണ്ടത്. നാട്ടിലെ പ്രമാണിയായിരുന്ന കലയക്കാരന് സ്വന്തമായി തോക്കുണ്ടായിരുന്നു. ഇതുവരെ കാണാത്ത വലുപ്പത്തിലുള്ള വയല്‍പ്പക്ഷിയെ കണ്ടപ്പോള്‍ കലയക്കാരനില്‍ മോഹം പെരുത്തു. തറവാട്ടിലെത്തിയ കലയക്കാരന്‍ നിറച്ച തോക്കുമായി വീണ്ടും കാവിലെത്തി. വയല്‍പ്പക്ഷി കണ്ണുകള്‍ ആകാശത്തിലേക്ക് തുറന്ന് ഇലിപ്പമരത്തില്‍ അതേ ഇരുപ്പാണ്. കലയക്കാരന് ഉന്നം തെറ്റിയില്ല. ഒറ്റ വെടിതന്നെ പക്ഷിയുടെ കണ്ണില്‍ തറച്ചു. ആ നിനമിഷം പള്ളിയറയില്‍ അഗ്നിബാധയുണ്ടായി. തെയ്യം അനുഷ്ഠാനവുമായി ബന്ധപ്പെട്ട് ആളുകള്‍ വളരെ സ്വകാര്യമായി മാത്രം പറയുന്ന ഒരു നാട്ടു പുരാവൃത്തമാണിത്. കണ്ണില്‍ വെടയുണ്ട കയറി പിടഞ്ഞ അമ്മപ്പക്ഷി ആയിറ്റിപ്പോതിയായിരുന്നുവത്രെ. ഒരു തെയ്യത്തിന്റെ പ്രാദേശികപകര്‍ച്ചകള്‍ അങ്ങനെയാണ്. വെടികൊണ്ടു പിടഞ്ഞ അമ്മപ്പക്ഷിയുടെ സങ്കടത്തെ കുറുവാപ്പള്ളിയറയിലെ ആയിറ്റിപ്പോതി നിലയ്ക്കാത്ത പ്രകൃതിസ്‌നേഹമായി സ്വയം ഏറ്റുവാങ്ങുകയായിരുന്നു.

Idayilekkadu-kaavu_1.jpg

ആയിറ്റിപ്പോതിയുടെ രക്ഷകനും പടയാളിയും ആണ്‍ചങ്ങാതിയുമായ അസ്രാളന്‍ അതിരാവിലെ തെയ്യമായി അരങ്ങൊഴിഞ്ഞതിന് ശേഷം ഉച്ചയോടുകൂടിയാണ് ആയിറ്റിപ്പോതി വരുന്നത്. കൂടെ പുറങ്കാലന്‍ എന്ന കുളിയന്‍ തെയ്യവുമുണ്ടാകും. മരക്കലത്തിലെ മറ്റൊരു പടയാളിയാണ് ഭാഷയില്ലാത്തോനായ പുറങ്കാലന്‍. ആയിറ്റിപ്പോതിയും പുറങ്കാലനും ഒരുമിച്ചാണിറങ്ങുന്നത്. തെയ്യം ഉറഞ്ഞ് പടിഞ്ഞാറ് ഭാഗത്തെത്തുമ്പോള്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം ആയിറ്റിക്കാവിലേക്ക് ഗുളികന്‍ ഓടും. പാടത്തിലൂടേയും കൈപ്പാടിലൂടെയുമുള്ള ഗുളികന്റെ ഓട്ടം കാണാന്‍ ജനങ്ങള്‍ വഴികളിലൊക്കെയുണ്ടാകും.

ആഗോളതാപനത്തിന്റേയും കാവുനശീകരണത്തിന്റേയും അത്യുഷ്ണകാലത്ത് തൊണ്ടപൊട്ടിപ്പറഞ്ഞ് തെയ്യം പങ്കുവെക്കുന്ന പാരിസ്ഥികാവബോധത്തെകാണാനുള്ള വിവരമൊന്നും ഇനിയും നമുക്കായിട്ടില്ല

കവ്വായിക്കായലിന്റെ തീരത്തുള്ള ആയിറ്റിക്കാവില്‍ പ്രവേശിക്കുന്ന ഗുളികന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദേവിയിരുന്ന വന്‍മരത്തമണലില്‍ വിശ്രമിക്കും. മരക്കലമിറങ്ങിയ കന്യയ്ക്ക് അഭയമരുളിയ ദേവവിപിനം മഴുവന്‍ ചുറ്റിനടന്നുകാണും. ദേവിക്ക് തണലൊരുക്കിയ കാട്ടുവള്ളിപ്പടര്‍പ്പുകള്‍ പൊട്ടിച്ചെടുക്കും. തലയിലെ കുരുത്തോലച്ചമയത്തില്‍ കാട്ടുവള്ളികളും ഇലകളും ചൂടിയാണ് ഗുളികന്‍ കാവിറങ്ങി തിരിച്ച് കുറുവാപ്പള്ളിയറയിലേക്കോടുന്നത്.

ഗുളികന്‍ തെയ്യം
ഗുളികന്‍ തെയ്യം

കുരുത്തോലച്ചമയത്തില്‍ താനൂയലാടിയ കാടുമായി വരുന്ന നാട് കാക്കുന്ന ചങ്ങാതിയെ  ആയറ്റിപ്പോതി എതിരേല്‍ക്കും. ആയിറ്റിക്കാവില്‍ കൂടിക്കണ്ട നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ കടല്‍ക്കാറ്റും കാലവും ദേശവും വിശേഷങ്ങളും ഗുളികന്‍ ആയിറ്റിപ്പോതിയോട് ചൊല്ലിക്കെട്ടി വിശേഷിക്കുന്നത്  തെയ്യത്തിലെ വികാരനിര്‍ഭരമായ ചടങ്ങാണ്. ആര്യക്കര നാടും ആര്യമരക്കലവും നൂറ്റെട്ടഴികളും അതിസാഹസികമായ തന്റെ പൂര്‍വ്വകാലജീവിതവും ഭാഷയില്ലാത്തോന്റെ മുടിക്കാട്ടില്‍ തെയ്യം വീണ്ടും കാണും. മരക്കലമുടിയേന്തിയ ആയിറ്റിപ്പോതിയും ആയിറ്റിക്കാവിനെ പൊട്ടിച്ചെടുത്ത് തലയില്‍ ചൂടിയ ഗുളികനും തെയ്യത്തിലെ സമാനതകളില്ലാത്ത കാഴ്ച്ചയാണ്. ആഗോളതാപനത്തിന്റേയും കാവുനശീകരണത്തിന്റേയും അത്യുഷ്ണകാലത്ത് തൊണ്ടപൊട്ടിപ്പറഞ്ഞ് തെയ്യം പങ്കുവെക്കുന്ന പാരിസ്ഥികാവബോധത്തെകാണാനുള്ള വിവരമൊന്നും ഇനിയും നമുക്കായിട്ടില്ല. ചരിത്രത്തിന്റേയും ശാസ്ത്രത്തിന്റേയും ജീവിതാഘോഷമാണ് തെയ്യം. ചരിത്രത്തേക്കാള്‍ ബലപ്പെട്ട ജീവിതമാണ് ഇവിടെ പുരാവൃത്തമായി രൂപാന്തരപ്പെടുന്നത്. പക്ഷേ ഉത്തരമലബാറിന്റെ ഈടുറ്റ, ഉറപ്പുറ്റ ജീവിതക്കാഴ്ച്ചകള്‍ക്ക് അനുഷ്ഠാനിഷ്ഠകള്‍ക്കപ്പുറത്തെ അസ്തിത്വം എന്താണ്.
എന്തോ കുഴപ്പമുണ്ടന്ന് പേടിച്ച് ആരും ഇന്ന് ആയിറ്റിക്കാവില്‍ പ്രവേശിക്കാറില്ല. പിന്നിട്ടുപോയ സംവത്സരങ്ങളുടെ മണ്ണും വെള്ളവും മണക്കുന്ന കാടിന്റെ അടുത്തുകൂടി പോകാന്‍ തന്നെ പേടിയാണ്. ഉപ്പുകാറ്റാഞ്ഞുവീശുന്ന ഈ മണല്‍പ്പരപ്പില്‍ ഇങ്ങനെയൊരു കാവ് അതിശയമാണ്. എല്ലാ മാസസംക്രമങ്ങളിലും ഇന്നും കുളിച്ച് ശുദ്ധനായി വ്രതനിഷ്‌കര്‍ഷയോടെ മൂത്തേടത്തീയ്യന്‍ അതികാലത്ത് കാക്കയും മന്‍ച്ചനും പുറത്തിറങ്ങുന്നതിന് മുമ്പ് തലയില്‍ കലശവും കയ്യില്‍ കിണ്ടിയുമായി പ്രിയപ്പെട്ട ദേവകന്യാവിനെ കാണാന്‍ പോകും. കാലത്തിന്റെ ആവര്‍ത്തനം പോലെ. വാക്കോടാകുന്ന കടലിന്റെ സാന്നിദ്ധ്യത്തില്‍ ആര്യക്കെട്ടില്‍ നിന്നും കപ്പലോടിച്ചു വന്ന് കാട്ടിലൊറ്റക്കിരിക്കുന്ന പെണ്ണാളെ കൂടിക്കാണും. ഇത് ചരിത്രമോ പുരാവൃത്തമോ അല്ല, ജീവിതമാണ്. പക്ഷേ കാവുകളെ നല്ല നടവരവുള്ള മൂലധന നിക്ഷേപകേന്ദ്രങ്ങളായി മാത്രം കാണുന്ന പുതുതലമുറയിലെ നടത്തിപ്പുകാര്‍ക്ക് തെയ്യത്തിന്റെ കഠിനജീവിതം ആരാണ് പറഞ്ഞുകൊടുക്കുക. ഇനി തെയ്യം സ്വയം തന്നെ സ്വന്തം ജീവിതം തീവെയിലില്‍ പൊള്ളിപ്പറയുമ്പോള്‍ ആരാണ് അതിന് കാതോര്‍ക്കുക.

എന്തോ കുഴപ്പമുണ്ടന്ന് പേടിച്ച് ആരും ഇന്ന് ആയിറ്റിക്കാവില്‍ പ്രവേശിക്കാറില്ല. പിന്നിട്ടുപോയ സംവത്സരങ്ങളുടെ മണ്ണും വെള്ളവും മണക്കുന്ന കാടിന്റെ അടുത്തുകൂടി പോകാന്‍ തന്നെ പേടിയാണ്

ഇന്നത്തെ കാവുസംരക്ഷകര്‍ പണവും ദുരാഗ്രഹവും ആസക്തിയും നുരഞ്ഞുപൊന്തുന്ന, ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനഃപ്രതിഷ്ഠിക്കുന്നു. കാവുവെട്ടുമ്പേള്‍ അതിവിപുലമായ അതിന്റെ ചരിത്രപശ്ചാത്തലത്തെ, പാരിസ്ഥിതിക ദര്‍ശനങ്ങളെ കൂടിയാണ് കടുംവെട്ടില്‍ കൊന്നു വീഴ്ത്തുന്നത്.

ആയിറ്റിപ്പോതിയുടെ മുടി
ആയിറ്റിപ്പോതിയുടെ മുടി

കാലം മാറി വരുമ്പോള്‍ അസ്രാളന്‍ തമ്പാച്ചിയുടെ അറുപത് വര്‍ഷക്കാലത്തെ ത്യാഗപൂര്‍ണ്ണമായ, വിട്ടുവീഴ്ച്ചകളില്ലാത്ത, ഒരു യോഗിക്കുപോലും സാധ്യമാകാത്ത ജീവിതത്തെ ആരാണ് മനസ്സിലാക്കുക. ഇതൊന്നും തിരിച്ചറിയാത്തവര്‍  തെയ്യത്തെ കൂടിയ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് എങ്ങനെയാകും വിലയിരുത്തുക. പുതുസമൂഹം തികഞ്ഞ മതചിന്തയോടെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് അവരുടെ തന്നെ ഇന്നലകളാണ്. ആരും പറയാത്ത സ്വന്തം വംശചരിത്രം തെയ്യം വാചാലിലൂടെ പറയുമ്പോള്‍ പുറത്ത് സ്റ്റേജ് പരിപാടി തകര്‍ക്കുകയാണ്. പുറത്തെ ശബ്ദകോലാഹലത്തിനിടയില്‍ ആര്യര്‍നാട്ടില്‍ നിന്നും മലനാടിന്റെ അതിരില്ലാഭംഗിയിലേക്കും മനുഷ്യന്റെ സങ്കടങ്ങളിലേക്കും ഉലകീഞ്ഞ ചരിത്രം പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ലാതെ തെയ്യം ഇന്നനുഭവിക്കുന്ന ദുഃഖം ആരോട് പറയും. പുറത്ത് ആഘോഷിച്ച് തിമിര്‍ക്കുന്ന ഒരു ജനതയെ പ്രാകൃത ജീവിതത്തില്‍ നിന്ന്​ സാമൂഹിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ തെയ്യത്തിന്റെ മൊഴികളെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കഴുത്ത് ഞെരിച്ചു കൊല്ലുന്നു. കേള്‍ക്കാന്‍ ആരുമില്ലെങ്കിലും അസ്രാളന്‍ തെയ്യത്തിനും വെളിച്ചപ്പാടന്‍ മൊയോനും സത്യം വിളിച്ചു പറയാതിരിക്കാനാകില്ലല്ലോ.

Asralan-story-photos-(33)-(1).jpg
അമ്പാടി മൊയോൻ

മാണിക്കോത്ത് വീട്ടില്‍ കസേരയിലിരുന്ന് മൊയോന്‍ എണ്‍പത് വര്‍ഷക്കാലെത്തെ തമ്പാച്ചിജീവിതം ഒരടുക്കും ചിട്ടയുമില്ലാതെ പറയുകയായിരുന്നു. അതു കേട്ട് ഒരു ജീവിതത്തെ ആവിഷ്‌ക്കരിക്കുമ്പോള്‍ വല്ലാതെ പതറിപ്പോകുന്നു, കൈവിറച്ചുപോകുന്നു. ചരിത്രത്തെ സംസ്‌കാരത്തെ മാറ്റിമറിച്ച് ഒരു സമുദായത്തെ മാറ്റത്തിന്റെ പുതുജീവിതത്തിലേക്ക് നയിച്ച ഒരു സാധാരണ മനുഷ്യന്റെ, അത്ര സാധാരണമല്ലാത്ത ജീവിതം അത്ഭുതാദരങ്ങളോടെ കേട്ടിരുന്നു. കാഞ്ഞങ്ങാട് നാട്ടില്‍ കാവുമായും അനുഷ്ഠാനവുമായും ബന്ധപ്പെടുന്ന കുറച്ചാളുകള്‍ക്ക് മാത്രം അറിയുന്നൊരാള്‍. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലാത്ത ഒരാള്‍. മാണിക്കോത്തെ സാധാരണക്കാരനായ ഏത് മനുഷ്യനേയും പോലെ മീന്‍വിറ്റുജീവിക്കുന്ന ഒരു മത്സ്യത്തൊഴിലാളി. എഴുത്തും വായനയും പഠിക്കാത്ത താന്‍ അതില്‍ക്കവിഞ്ഞ് എന്തെങ്കിലുമാണെന്ന ചിന്ത ഒരിക്കലും അസ്രാളന്‍ തമ്പാച്ചിയെ ബാധിച്ചിരുന്നില്ല.

പുറത്ത് ആഘോഷിച്ച് തിമിര്‍ക്കുന്ന ഒരു ജനതയെ പ്രാകൃത ജീവിതത്തില്‍ നിന്നും സാമൂഹിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ തെയ്യത്തിന്റെ മൊഴികളെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കഴുത്ത് ഞെരിച്ചു കൊല്ലുന്നു

ഒരു കാര്യം വ്യക്തമാണ്. നിയോഗവും ദൈവ ജീവിതവും  തന്റെ തീരുമാനമായിരുന്നില്ല. താന്‍ പറയുന്നതിന്റെ യുക്തിയോ യുക്തിരാഹിത്യമോ ഒരിക്കലും തമ്പാച്ചി ആലോചിച്ചിരുന്നില്ല. പറയുന്ന സത്യത്തില്‍ ജീവിക്കുന്നു. കടല്‍ കടന്നുവന്ന അസ്രാളനും മാണിക്കോത്തെ മീന്‍പണിക്കു പോകുന്ന അസ്രാളനും രണ്ടാണെന്ന് മൊയോന്‍ ഒരിക്കലും ആലോചിച്ചിട്ടില്ല. അസ്രാളന്‍ സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും അത് തിരിയണമെന്നില്ല.

asralan

ഉത്തരമലബാറുകാര്‍ക്കുപോലും പിടുത്തം കിട്ടാത്ത അസ്രാളന്റെ ജീവിതത്തെ തുളുനാട്ടിനു പുറത്തുള്ള മുക്കുവര്‍ എങ്ങനെ വായിക്കും. വേറൊരു നാട്ടില്‍ ഇങ്ങനെയൊരു എഴുത്ത് വായിക്കാനുള്ള ഭാഷയുണ്ടോ. തെയ്യവും പാട്ടുത്സവവും അസ്രാളന്‍ തമ്പാച്ചിയും ദേവമരക്കലവും മരക്കലദേവതമാരും ഏതോ നോവല്‍പുസ്തകത്തിലെ കഥാപാത്രങ്ങളായേ അവര്‍ കണക്കാക്കൂ. അതുമല്ലെങ്കില്‍ ഒരു നാട്ടുപുരാവൃത്തിന്റെ മടുപ്പിക്കുന്ന, അമിതാലങ്കാരങ്ങള്‍ കുത്തിനിറച്ച ദീര്‍ഘമായ ആഖ്യാനം. എങ്കിലും ഒരു കാര്യം മൊയോര്‍ സമ്മതിക്കുന്നു; കടല്‍ കടന്നുവന്ന തെയ്യങ്ങളാണ് ഞങ്ങളെ അന്തസ്സുള്ള മനുഷ്യരാക്കിയത്. ജാതിയെ തുടച്ചുമാറ്റിയത്. മരണത്തെ തമ്മാമില്‍ കാണുന്ന പുറങ്കടലില്‍ എല്ലുമുറിയെ പണിത ഞങ്ങളുടെ കഠിനാധ്വാനത്തെ തിരിച്ചറിഞ്ഞത്. വേദാന്തത്തിന്റേയും ഉപനിഷത്തിന്റേയും ഭഗവദ്ഗീതയുടേയും ദേവഗന്ധം നിറഞ്ഞ വഴിയല്ല ദൈവത്തിലേക്ക്, വിയര്‍ത്തൊഴുകുന്ന മനുഷ്യന്റെ തഴമ്പിച്ച കാലുകള്‍ നടന്നു തര്‍ത്ത വഴി കൂടിയുണ്ടെന്ന് ‘സംസ്​കൃത’​ ലോകത്തോട് ആത്മാഭിമാനത്തോടെ വെളിപ്പെടുത്തിയത് തെയ്യങ്ങള്‍ തന്നെയാണ്. തോട്ടിലും കായലിലും നീര്‍ക്കെട്ടുകളിലും മാത്രം വലവീശി ജീവിതം പിടിച്ചവരെ കടല്‍ക്കെട്ടുകളിലടിഞ്ഞ ചേറിന്റെ മീന്‍സാമ്രാജ്യത്തിലേക്ക് ഓടം തുഴഞ്ഞു കൊണ്ടുപോയത് അസ്രാളന്‍ തമ്പാച്ചിയെ പോലുള്ള കടല്‍പ്പോരാളികളാണ്. കഥയൊന്നുമറിയില്ലെങ്കിലും അസ്രാളന്‍ തമ്പാച്ചി നടന്നു പോകുമ്പോള്‍ അനുസരണയുള്ള നായക്കുട്ടിയെ പോലെ  ഒരു പെരുങ്കടല്‍ പിന്നാലെ പോകുന്നത് മൊയോര്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കും.

ദര്‍ശനം ദിരിശനം

ദര്‍ശനവും ദിരിശനവും ഒന്നല്ല. രണ്ടും രണ്ട് ജീവിതങ്ങളാണ്. തെയ്യത്തിന്റെ ദര്‍ശനമാണ് ദിരിശനം. അക്ഷരമറിയാത്ത അസ്രാളന്‍ വര്‍ത്താനം പറയുമ്പോള്‍ ദിരിശനം എന്ന അസംസ്‌കൃത വാക്ക് പലതവണ കടന്നുവരും. ദിരിശനത്തെ ദര്‍ശനമെന്ന് തിരുത്തിയെഴുതുമ്പോള്‍ അത് വേറെ ജീവിതവും വേറെ വ്യക്തിയുമാകും. ദര്‍ശനം അറിവും ദിരിശനമെന്നത് അറിവിനപ്പുറത്തെ അനുഭവവുമാകുന്നു. അക്ഷരമറിയാത്ത അന്തിത്തിരിയന്മാരും വെളിച്ചപ്പാടന്മാരും ഉപയോഗിക്കുന്ന വാക്കാണ് ദിരിശനം. ദര്‍ശനം എന്നു പറയാനുള്ള അറിവോ ദര്‍ശനമോ അവര്‍ക്കില്ല.

അസ്രാളന്‍ തമ്പാച്ചി നടന്നു പോകുമ്പോള്‍ അനുസരണയുള്ള നായക്കുട്ടിയെ പോലെ  ഒരു പെരുങ്കടല്‍ പിന്നാലെ പോകുന്നത് മൊയോര്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കും

തുളുനാട്ടിലെ തമ്പാച്ചിമാരുടെ ജീവിതം ഈ ദര്‍ശനാനുഭവങ്ങളുടെ പുസ്തകമാണ്. ജീവിതത്തിലെ തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദര്‍ഭത്തില്‍ വെച്ചാണ് ദൈവത്തിന്റെയും മനുഷ്യന്റെയും വഴികൾ കൂട്ടിമുട്ടുന്നത്. ഒരു ദേശത്തില്‍ നിന്ന്​ മറ്റൊരു ദേശത്തിലേക്കും ഒരു ഭാഷയില്‍ നിന്ന്​മറ്റൊരു ഭാഷയിലേക്കുമുള്ള ശരീരത്തിന്റെ പദാനുപദ വിവര്‍ത്തനമാണ്. അതൊരു ദിശമാറിയൊഴുകലാണ്. മനുഷ്യന്റെ കാലുകളിലൂടെ ദൈവത്തിന്റെ വഴികള്‍ താണ്ടലാണ്. ഉത്തരമലബാറില്‍ മാത്രം കാണുന്ന ദൈവനിയോഗത്തിന്റെ വേറിട്ട വഴിയാണ്.

Asralan-Athinja;l-kadal.jpg
അമ്പാടി മൊയോൻ കടപ്പുറത്ത്​

അസ്രാളന്‍ തമ്പാച്ചി ആദ്യം ദൈവത്തിന്റെ ശബ്ദം കേള്‍ക്കുന്നത് മാണിയാട്ട് വീട്ടില്‍ പൂപോലെ നിലാവുതിര്‍ന്ന രാത്രിയില്‍ ഓളുടെ ഒപ്പരം പായയില്‍ കെടക്കുമ്പോഴാണ്. പിന്നെ കേള്‍ക്കുന്നത് ആകാശം തുളച്ചുപോകുന്ന ഉരുപ്പ് മരത്തില്‍ പടര്‍ന്ന കുരുമുളക് പറിക്കുമ്പോഴാണ്. കച്ചാന്‍ കാറ്റില്‍ കുളിര്‍ത്ത് മാണിക്കോത്തെ വീട്ടില്‍ മുറ്റത്ത് രാത്രിയില്‍ കിടക്കുമ്പോഴും ദൈവം വന്നു വിളിച്ചു. അമ്പാടിയെ ദൈവം നേരിട്ട് ഇടനിലക്കാരില്ലാതെ മൂക്കുകയറിട്ട് തെളിച്ചു കൊണ്ടു പോകുകയായിരുന്നു. ജീവിതത്തോടുള്ള പൊയ്ത്തില്‍ കടലിനേയും കിഴക്കന്‍ മലകളേയും തോല്‍പിച്ചു. വിദ്യയുടേയും അറിവിന്റേയും മറ്റൊരു ലോകമായിരുന്നു. സ്‌ക്കൂളില്‍ പോയി ഒന്നും പഠിച്ചില്ല. കഷ്ടപ്പാടുള്ള കഠിനജീവിതം മാത്രമായിരുന്നു മുന്നില്‍. ദൈവത്തെക്കുറിച്ചൊരിക്കലും ചിന്തിച്ചില്ല. പക്ഷേ ദൈവനിയോഗത്തിന്റെ വഴികളെ തടഞ്ഞു നിര്‍ത്താന്‍ മനുഷ്യന് കഴിയില്ലല്ലോ. ആര്യക്കെട്ടിലെ കന്യാവിന്റെ തോഴന്‍  ഇങ്ങ് അതിഞ്ഞാല്‍ കടലില്‍ വലയിളക്കാന്‍ പോകുന്ന മുക്കുവന്റെ മത്സ്യഗന്ധം തേടി വന്നത് ആരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. തേളപ്പുറത്ത് അമ്പാടി മൊയോന്റെ ചാപ്പയിലേക്കുള്ള വഴി വില്ലാപുരത്ത് വീരന് കാണിച്ചു കൊടുത്തത് ആരാണ്. അതാണ് ദിരിശനത്തിന്റെ വഴി. ആ വഴിയാണ് തുളുനാട്ടിലെ മൊയോറുടെ അനുഷ്ഠാനജീവിതത്തിന് വെളിച്ചം പകരുന്നത്. ആത്മീയാചാര്യനായി അവര്‍ക്ക് കടലിലേക്ക് മാത്രമല്ല, ദൈവത്തിലേക്കുള്ള വഴിയും പറഞ്ഞു കൊടുക്കുന്നത് അസ്രാളന്‍ തമ്പാച്ചിയാണ്.
നമ്മുടെ പരിമിതമായ അറിവും യുക്തിചിന്തയുടെ പിടിവാശിയും കൊണ്ട് തമ്പാച്ചിയുടെ വഴികളെ കണ്ടെത്താനാകില്ല. ഒരു ജീവിതം മറ്റൊന്നായി മാറുന്നതിന്റെ രസതന്ത്രം എത്ര ആലോചിച്ചാലും നമുക്ക് പിടികിട്ടണമെന്നില്ല. മാണിക്കോത്ത് നിരത്തിലൂടെ കൂട്ടയും തലയില്‍ വെച്ചു പോകുന്നത് വെറുമൊരു മൊയോനല്ല, ഉത്തരകേരളത്തിന്റെ ബദല്‍ ചരിത്രത്തെ നിര്‍മിച്ചെടുത്ത മനുഷ്യനാണ്. പെടക്കുന്ന അയിലയോ മത്തിയോ മാത്രമല്ല, അസ്രാളന്റെ കൂട്ടയില്‍ നല്ല പെടക്കുന്ന ദൈവവുമുണ്ട്. കരയില്‍ ദൈവവും കടലില്‍ മുകയനുമെന്ന ഉഭയജീവിതമാണ് അസ്രാളന്റേത്. അറുപത് കൊല്ലം മുമ്പാണ് മൊയോന്‍അമ്പാടി അമ്പാടിയെന്ന വെളിച്ചപ്പാടന്‍ മൊയോനാകുന്നത്​, അസ്രാളന്‍ തമ്പാച്ചിയാകുന്നത്. എന്താണ് അസ്രാളന്‍ എന്നോ എന്താണ് മരക്കലമെന്നോ എന്താണ് പയ്യക്കാല്‍ കാവെന്നോ കുറുവാപ്പള്ളിറയെന്നോ ഒന്നുമറിയില്ല. ഇതിനു മുമ്പുണ്ടായിരുന്ന അസ്രാളന്‍ തമ്പാച്ചി മരിച്ചിട്ട് നാല്‍പത് കൊല്ലം കഴിഞ്ഞിരുന്നു. തേളപ്പുറത്ത് തറവാട്ടിലെ വാല്ല്യക്കാരില്‍ അസ്രാളന്‍ ദൈവം ആവേശിച്ച് ദര്‍ശനപ്പെട്ട് വെട്ടിയുറഞ്ഞ് തൃക്കരിപ്പൂരിലെ പയ്യക്കാലിലെത്തി നര്‍ത്തനമാടിയാലേ വെളിച്ചപ്പാടനായി ആചാരപ്പെടുത്താനാകൂ. വെളിച്ചപ്പാടെന്ന ദൈവനിയോഗം സ്വയം തെരഞ്ഞെടുപ്പല്ല. ഒരു വ്യക്തിക്കതില്‍ ഒന്നും ചെയ്യാനില്ല.

Asralan-story-photos-(12).jpg

ഒരാള്‍ക്ക് അസ്രാളന്‍ തമ്പാച്ചിയുടെ ജീവിതം പഠിച്ചെടുത്ത് ചെയ്യാനാകുന്ന ഒന്നല്ല. പയ്യക്കാല്‍ കാവിന്റെയും കുറുവാപ്പള്ളിയറയുടേയും വാതില്‍ എങ്ങോട്ടാണെന്ന് പോലും എനിക്കറിയുമായിരുന്നില്ല. മാണിക്കോത്ത് നെരത്തും അതിഞ്ഞാല്‍ കടലും മാത്രേ അറിയൂ. പേക്കടം നാടോ തൃക്കരിപ്പൂര്‍ നാടോ അറിയില്ല. ആയിറ്റിക്കാവിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല. നിയോഗത്തിന്റെ കാലങ്ങളെ അമ്പാടി വെളിച്ചപ്പാടന്‍ ഓര്‍ത്തെടുക്കുന്നത് അങ്ങനെയാണ്. പക്ഷേ ഇന്ന് തമ്പാച്ചി ഈ നാട്ടിലെ മൊയോറുടെ ദൈവമാണ്.

മാണിക്കോത്ത് നിരത്തിലൂടെ കൂട്ടയും തലയില്‍ വെച്ചു പോകുന്നത് വെറുമൊരു മൊയോനല്ല, ഉത്തരകേരളത്തിന്റെ ബദല്‍ ചരിത്രത്തെ നിര്‍മ്മിച്ചെടുത്ത മനുഷ്യനാണ്

മൊയോറുടെ പതിനൊന്ന് താനങ്ങളില്‍ വെച്ച് ഏറ്റവും പ്രാധാന്യമുള്ള തൃക്കരിപ്പൂര്‍ പയ്യക്കാലില്‍ മാത്രമാണ് അസ്രാളന്‍ ദൈവത്തിന് വെളിച്ചപ്പാടനുള്ളത്. അറുപത് വര്‍ഷത്തിലധികമായി തമ്പാച്ചി നിയോഗത്തിന്റെ പാതയില്‍ തൃക്കരിപ്പൂരിലെ മൊയോറുടെ അനുഷ്ഠാന ജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ട്.
തമ്പാച്ചിജീവിതം എന്നത് നിയോഗത്തിന്റെ ഏറ്റവും കഠനിമായ പാതയാണ്. നിലവിലുള്ള പാരമ്പര്യ പൗരോഹിത്യത്തിന് സങ്കല്‍പിക്കാന്‍ പോലും പറ്റാത്തതാണ് തമ്പാച്ചിമാരുടെ നിയോഗപ്പാടിന്റെ അറിവനുഭവങ്ങള്‍. എണ്‍പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ കേരളീയജീവിതം തമ്പാച്ചിക്ക് പറയാനുണ്ട്. കൊടിയ ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടിന്റേയും വറുതിയുടേയും നാളുകളായിരുന്നു. എല്ലാവരും ദരിദ്രരും കഷ്ടതയനുഭവിക്കുന്നവരുമായിരുന്നു. സ്ഥിരവരുമാനമോ സാമ്പത്തിക ലാഭമോ ഒന്നുമില്ലാത്ത സമര്‍പ്പിത ജീവിതമാണ് ഓരോ തമ്പാച്ചിമാരുടേതും.  ഇത് പൗരോഹിത്യത്തിന്റേയും സന്യാസത്തിന്റേയും മറ്റൊരു ബദല്‍ മാര്‍ഗമാണ്. പരമമായ ദൈവത്തിലേക്ക് ഇങ്ങനേയും ഒരു വഴിയുണ്ടെന്ന്  ജീവിച്ച് തെളിയിക്കലാണ്. ബ്രാഹ്മണ്യത്തിന്റേയും സന്യാസപാരമ്പര്യത്തിന്റേയും മഹത്തായ ഗുരുപരമ്പരകളും ഉപാസനകളും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സവര്‍ണമായ എല്ലാ ആഭിജാത്യത്തോടും കൂടിയാണ് അത്തരം സന്യാസപരമ്പരകളും അതിലെ ദൈവങ്ങളും എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്നത്. വേദങ്ങളും ഉപനിഷത്തുക്കളും ശ്രുതിയും സ്മൃതിയും അതിന്റെ സര്‍വ്വഗരിമയും അവര്‍ക്ക് താങ്ങായുണ്ട്. പക്ഷേ അസ്രാളന്‍ അക്ഷരമറിയാത്ത സന്യാസിയാണ്. കടലില്‍ പോയി മീന്‍പിടിക്കുന്ന സന്യാസജീവിതമാണ് അസ്രാളന്റേത്. മിഥുനമാസത്തിലെ പേമാരിയില്‍ നാലാളാഴത്തില്‍ പടന്നപ്പൊഴയില്‍ മുങ്ങി എളേക്ക വാരിയാണ് ദൈവത്തെ മുഖാമുഖം കണ്ടിട്ടുള്ളത്. ആറുമക്കളില്‍ നാലുമക്കളും മുലക്കുഞ്ഞുങ്ങളായി മരിച്ച ദുഖത്തിലും ദൈവത്തിന്റെ സന്ദേശങ്ങള്‍ വായിച്ചു. പാട്ടും പൂരവും കഴിഞ്ഞാല്‍ ഓളും മക്കളും പട്ടിണിയാകുമല്ലോ. കടലില്‍ പോകാനും കഴിയില്ല. ഹൃദയത്തിന്റെ പള്ളിയറകളില്‍ ദൈവത്തെ പാടിക്കൂട്ടി കൈക്കോട്ടും കോടാലിയുമായി കേക്ക് കൊടക്മലയിലേക്ക് നടന്നു. ദൈവത്തിലേക്ക് കാട്ടിലൂടേയും മലയിലൂടേയും കടലിലൂടേയും എത്താം എന്ന് തമ്പാച്ചി ചിരിച്ചുകൊണ്ട് മുറുക്കിത്തുപ്പി. ഇവിടെ ഈശാവാസ്യവും കഠവും കേനവും മാണ്‍ഡൂക്യവുമൊന്നുമില്ല.  ഗീതയില്ല ഗായത്രിയില്ല. ദൈവാനുഭവമെന്നത് കഷ്ടതകള്‍ നിറഞ്ഞ ജീവിതം വെന്തുതിളക്കുന്ന കാടും കടലും മാത്രം. അതിനും മീതെയല്ലല്ലോ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ശ്രുതിയും സ്മൃതിയും.

 Athinjal-kadal.jpg

അമ്പാടി മനോഹരമായതൊക്ക ഇരുപത്തിയേഴ് വയസ്സില്‍ ഉപേക്ഷിച്ചു. കുപ്പായമൂരിയെറിഞ്ഞിട്ട് അറുപതിലേറെ വര്‍ഷമായി. കുപ്പായക്കൂടുകളില്‍ നിന്നും ദൈവങ്ങള്‍ക്കാവേശിക്കാന്‍ ശരീരത്തെ തുറന്നിട്ടു. ദൈവത്തെ സ്വീകരിക്കുന്നതിനായി കാറ്റും മഴയും വെയിലും കൊണ്ട് പാകപ്പെട്ട ശരീരത്തെ ഒരുക്കി നിര്‍ത്തി.

സവര്‍ണ്ണമായ എല്ലാ ആഭിജാത്യത്തോടും കൂടിയാണ് സന്യാസപരമ്പരകളും അതിലെ ദൈവങ്ങളും ജീവിക്കുന്നത്. പക്ഷേ അസ്രാളന്‍ അക്ഷരമറിയാത്ത സന്യാസിയാണ്. കടലില്‍ പോയി മീന്‍പിടിക്കുന്ന സന്യാസജീവിതമാണ് അസ്രാളന്റേത്

ശരീരത്തിന്റെ ആവശ്യങ്ങളെ യോഗയുടെ കഠിനമാര്‍ഗ്ഗങ്ങളിലൂടെ പിടിച്ചു കെട്ടേണ്ടുന്ന ഉപാസന മാര്‍ഗങ്ങളൊന്നും ഇവിടെ ഇല്ല. മനുഷ്യന്റെ ആവശ്യത്തേയും അനാവശ്യത്തേയും തിരിച്ചറിയുക എന്നതാണ് ഒരു തമ്പാച്ചി ജീവിതത്തിന്റെ ധര്‍മം. ദിരിശനം വന്ന ആള്‍ക്ക് വിവാഹം കഴിക്കാം. രതി അനുഭവിക്കാം. മീനും ഇറച്ചിയും കഴിക്കാം. പണിക്കുപോകാം. ഇതൊക്കെ ജീവിതത്തിലെ ഒഴിച്ചുകൂടനാകാത്ത കാര്യങ്ങളാണല്ലോ.    
നിറമുള്ള വസ്ത്രങ്ങളൊക്കെ ഉപേക്ഷിച്ചു. ഒരൊറ്റമുണ്ടു മാത്രമുടുത്തു. ഒരു തുണിക്കടയും ഇന്നോളം മോഹിപ്പിച്ചിട്ടില്ല. അറുപത് വര്‍ഷക്കാലമായി ചെരിപ്പില്ലാതെ ജീവിതത്തിന്റെ ഏരത്തേക്കും താഴത്തേക്കും നടന്നു. അരയോളം പനങ്കുല പോലെ മുടി തഴച്ചു. പടന്നപ്പൊഴയില്‍ എളേക്ക വാരുമ്പോ കുടുമക്കെട്ടഴിഞ്ഞ് മുടി ഉലര്‍ന്നു. കുപ്പായമിടാത്ത പെണ്ണ് എളേക്ക വാരുന്നത് കാണാന്‍ പൊഴക്കരയില്‍ ആണ്ങ്ങ ഒളിഞ്ഞുനോക്കാന്‍ വന്നു. തമ്പാച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. രാജപുരത്ത് യശ്മാന്റെ വീട്ടുകൂടലിന് പോകുമ്പോ പാറക്ക് പറങ്കിമാവിന്റെ കാട് കൊത്തുന്ന പെണ്ണ്ങ്ങ മുടി കണ്ടിറ്റ് സുയിപ്പാക്കി. ഒരിക്ക ഗുരുവായൂര് പോയിനി. ആട്ന്ന് മലമ്പുഴ കാണാനും പോയി. ബസ്സ് കേറിയപ്പോ തച്ചോളി ഒതേനന്റെ ആള്‍ക്കാര്‍ ഇനീണ്ടോ എന്ന് പറഞ്ഞ് മലമ്പുഴ ബസ്സിലുള്ളവര്‍ ചിരിച്ചു. മാണിക്കോത്തേക്ക് തിരിച്ചു വന്ന് കാത്യന്‍ കോരനെ വിളിച്ചു. കോരാ കുടുമ ഇനി വേണ്ട. അതെടുത്തോ. തമ്പാച്ചി ചിരിച്ചു. ഞങ്ങളെ മൊയോറെ തമ്പാച്ചിക്ക് തീയ്യന്മാറെ പോലെ മൊട്ടയടിക്കണ്ട. കുടുമ വേണമെങ്കില്‍ വെക്കാം. കുടുമ പോയിട്ട് അത്രയൊന്നും ആയിട്ടില്ല. തമ്പാച്ചിയായവുക എന്നാല്‍ ഒരു മനുഷ്യന്‍ അയാളുടെ ശരീരത്തിലേക്ക് പൂര്‍ണ്ണമായും ചുരുങ്ങുക എന്നാണ്. പുറംലോകത്തുള്ള ഒരു പ്രലോഭനങ്ങളിലേക്കും ശരീരം പോകരുത്. കുപ്പായമില്ലാതെ വെറും ഒറ്റമുണ്ടുടുത്ത് മാത്രമേ എവിടേയും പോകാന്‍ പാടുള്ളു. പുറത്ത് നിന്നും ഒരു ഭക്ഷണവും കഴിക്കാന്‍ പാടില്ല. അത്യാവശ്യ ഘട്ടത്തില്‍ മൊയോറുടെ വീട്ടില്‍ നിന്നും എന്തങ്കിലും കഴിക്കാം. പുറത്ത് പണിക്ക് പോകാം. പക്ഷേ ഭക്ഷണം പുറത്തു നിന്നും പറ്റില്ല. ദൈവമായതിന് ശേഷം കൂടുതലും മീന്‍പണി മാത്രേ എടുത്തുള്ളു. മൊയോന്‍ മാറി വെളിച്ചപ്പാടന്‍ മൊയോനായിട്ടും മനുഷ്യനില്‍ നിന്നും ദൈവമമായി മാറീട്ടും കഷ്ടപ്പാടിനും ദുരിതത്തിനും ഒരു കുറവുമുണ്ടായില്ല. കൂടിയതേയുള്ളു. നിയോഗം വന്നതിന് ശേഷം എതം പോലെ എന്ത് പണിയും ചെയ്യാന്‍ പറ്റാത്ത സ്ഥിതി വന്നില്ലേ. അതുകൊണ്ട് കടലിനെ മാത്രം ആശ്രയിച്ചു. അത്യാവശ്യം മാത്രം പുറത്ത് പണിക്ക് പോയി.

 asrals-Wife.jpg
തമ്പാച്ചിയും ഭാര്യ പാറു മൊയിയും

ദൈവം വീട്ടില്‍ വന്ന് വിളിച്ചു കൊണ്ടുപോകുന്നതിനു മുമ്പ് ബീഡി വലിച്ചിരുന്നു. ഓറ് എടക്ക് കള്ളു കുടിച്ചിരുന്നു. ദേഷ്യം വന്നാ പിന്നെ ഒന്നും നോക്കൂല കയ്യില്‍ കിട്ടിയതുകൊണ്ട് അടിക്കും. തമ്പാച്ചിയുടെ ഓള് പാറുമൊയി എടക്ക് കേറി പയമ തൊടങ്ങി. മാണിയാട്ട് എന്റെ വീട്ടില്‍ കെടക്കുമ്പോ എല്ലാറും ഒര്‍ങ്ങിയോ എന്ന് ചോയിച്ചത് ഞാനും കേട്ടിനി. കൂറ്റ് കേട്ട് പുറത്തേക്ക് കീഞ്ഞപ്പോ ആരെയും കാണുന്നില്ല. ദൈവത്തെ ഞാന്‍ കണ്ടിട്ടുണ്ട്. ആ രൂപത്തെയല്ല. അതിന്റെ ശക്തിയെ അതിന്റെ സത്യത്തെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ജീവിതം നീരൊഴുക്കിലൊലിച്ചു പോയപ്പോ എല്ലാ കഷ്ടപ്പാടിലും പിടിച്ചു നില്‍ക്കാനുള്ള ഒരേയൊരു പിടിവള്ളി ദൈവം തന്നെയായിരുന്നു.  കാക്ക് ചൊറഞ്ഞ പാമ്പിനെ പോലെ ഉള്ളില്‍ അസ്രാളന്‍ തമ്പാച്ചിയേയും കൊണ്ട് നടക്കുന്ന ഇവര്‍ ഏടപ്പോയാലും ശെരിയാകുന്നില്ല. പണിക്ക് പോയടത്തൊന്നും നില്‍ക്കാനാകുന്നില്ല. മക്കളൊക്കെ മരിച്ചു പോകുന്നു. വല്ലാത്ത പരീക്ഷണം തന്നെയായിരുന്നു. മനസ്സില്‍ ഒരുറച്ച വിശ്വാസമുണ്ടായിരുന്നു. എത്ര കഷ്ടപ്പാടാണെങ്കിലും ദൈവം കൈവിടില്ല എന്ന്.  ഇന്നും ആ വിശ്വാസം കൂടെയുണ്ട്. ന്‌ലാവ് പൊടിയുന്ന രാത്രിയില്‍ കൂടെക്കൂടിയ ദൈവമില്ലെങ്കില്‍ ഇന്ന് ഈ ജീവിതം ഇങ്ങനെയാകുമായിരുന്നില്ല.

ഞാന്‍ കാണാന്‍ നല്ല പാങ്ങുള്ള പെണ്ണായിരുന്നു.. ഓറ് നല്ല കരിങ്കല്ലു പോലത്തെ മന്‍ച്ചന്‍. ദിരിശനപ്പെട്ട് കണ്ട ആരിക്കും മോത്ത് നോക്കാനാവൂല. പേടിയാകും. സാക്ഷാല്‍ അസ്രാളന്‍ പോലും ഓറെ കണ്ടാ പേടിച്ചോടും. അത്രക്കും രൂക്ഷതയാണ്

ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്ന കഷ്ടതകളൊക്കെ അനുഭവിച്ചു  ആരെയും പഴിച്ചില്ല. ഓറ്  ഉപ്പുവെള്ളത്തിലും ഞാന്‍ ചുള്ളിക്കരയില്‍ പൊരിവെയിലത്തും നയിച്ചു. ദൈവം അധ്വാനിക്കുന്നവരുടെ കൂടെയാ ഉണ്ടാവുക. ദൈവത്തെ വിശ്വസിക്കുക എന്നാല്‍ സത്യം പ്രവര്‍ത്തിക്കുക എന്നാണ്. അല്ലാതെ പൈസ ഉണ്ടാക്കാനല്ല മൊയോന്‍ ദൈവത്തിന്റെ വഴി തെരഞ്ഞെടുത്തത്. പൈസ കയ്യില്‍ നിന്നും നഷ്ടപ്പെടുക മാത്രമേ ഉണ്ടായിട്ടുള്ളു. അന്ന് കഷ്ടപ്പെടുത്തിയ ദൈവം തന്നെ ഇന്ന് സമാധാനം തന്നു. കഷ്ടപ്പാടുകളൊഴിഞ്ഞു. തൊണ്ണൂറ് വയസ്സിലും ഓറ് നല്ല ആരോഗ്യത്തോടെ തൃക്കരിപ്പൂരില്‍ പോയി താനത്തെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു. ചിട്ടയില്ലാതെ അലഞ്ഞ ജീവിതത്തിന് ഒരു ചിട്ടയുണ്ടാക്കിത്തന്നത് ദൈവമാണ്.  

 Asralan-s-Wife-Paaru-moyyi_0.jpg
പാറു മൊയ്യി

ചെറുപ്പത്തില്‍ തന്നെ മംഗലം കഴിഞ്ഞു. നിയോഗപ്പെട്ട് ആചാരപ്പെടുമ്പോ നമ്മ രണ്ടാളും ചെറുപ്പണമാണ്. ഓറ് ഭയങ്കര കണിശക്കാരനായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ചിട്ടയായിരുന്നു. വെളിച്ചപ്പാടായതിന് ശേഷം ഒരുമിച്ചു കിടന്നിട്ടില്ല. കുട്ടികളൊക്കെയുണ്ടായിട്ടുണ്ട്. തമ്പാച്ചിയായാല്‍ കല്യാണം കഴിക്കുന്നതിനൊന്നും കുഴപ്പമില്ല. തൃക്കരിപ്പൂര് താനത്തേക്ക് പോകുമ്പോ കൂടോപ്പോകും. ഒപ്പരം പോകില്ല. ആദ്യം ഓറാണ് ഇറങ്ങുക. കുറേ അങ്ങെത്തിക്കഴിഞ്ഞാല്‍ ഞാനിറങ്ങും. അന്ന് ബസ്സില്ല. കാഞ്ഞങ്ങാട് നിന്ന്​രാവിലത്തെ ലോക്കലിന് പോകും. പരസ്പരം കാണാത്ത വിധത്തില്‍ രണ്ട് ഭാഗത്തായി രിക്കും. പാട്ടും പൂരവും കൂടിയാ താനത്ത് താമസിക്കണം. അരിയും പരിപ്പും വെള്ളരിക്കയും പറങ്കീം കൊത്തമ്പാരിയുമായി കൂടെപ്പോകണം. അച്ചമ്മാര്‍ക്ക് ഭക്ഷണം കൊടുക്കണം. ഓളും പുരുവനും ഒരുമിച്ചിരുന്ന് അന്നത്തെ കാലത്ത് നിയോഗപ്പെട്ടവര്‍ യാത്ര ചെയ്യാന്‍ പാടില്ല. മംഗലം കഴിഞ്ഞ ആണും പെണ്ണും  ഒന്നിച്ച് പോകുന്ന പതിവ് പണ്ട് കുറവാണ്. ഞാന്‍ കാണാന്‍ നല്ല പാങ്ങുള്ള പെണ്ണായിരുന്നു. ഓറ് നല്ല കരിങ്കല്ലു പോലത്തെ മന്‍ച്ചന്‍. ദിരിശനപ്പെട്ട് കണ്ട ആരിക്കും മോത്ത് നോക്കാനാവൂല. പേടിയാകും. സാക്ഷാല്‍ അസ്രാളന്‍ പോലും ഓറെ കണ്ടാ പേടിച്ചോടും. അത്രക്കും രൂക്ഷതയാണ്. ആദ്യമൊക്കെ വലിയ ഓലക്കുടയും വടിയുമായി കുപ്പായമിടാതെ നടക്കുന്ന തമ്പാച്ചിയുടെ കൂടെപ്പോകുമ്പോ ചെറിയ നാണക്കേടൊക്കെ തോന്നിയിരുന്നു. പിന്നെ അതൊക്കെ പോയി. കാഞ്ഞങ്ങാട് വണ്ടിയറങ്ങി ഞാന്‍ നെരത്തുമ്മലേക്കൂടിയും ഇവറ് റെയിലിന്റെ ഏരത്തേക്കേൂടിയും രണ്ടും രണ്ട് വയിക്ക് വീട്ടിലേക്ക് നടക്കും. ഒപ്പരം നടന്നൂടാ.
പുരുവന്‍ ദൈവമായതില്‍ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വീട്ടില്‍ എപ്പോഴും കഷ്ടപ്പാടു തന്നെയായിരുന്നു. ദൈവത്തെ സ്വശരീരത്തില്‍ തളച്ചതിന് ശേഷം തമ്പാച്ചിയുടെ ആധിയകന്നു. കേക്ക് കൊടക് മലകളില്‍ പണിക്ക് പോകുന്നത് നിര്‍ത്തി. കടലിലെ പണി മാത്രമായി. കടലില്‍ ഇന്നത്തെ പോലെ എപ്പോഴും മീന്‍ കിട്ടില്ല. ഓറ് സ്വന്തമായി ഓടൂം വലയും വാങ്ങി. ദൈവത്തിന്റെ വലയാണെന്ന് പറഞ്ഞിറ്റ് കാര്യമില്ല. മീനുണ്ടെങ്കിലേ കിട്ടൂ. പുരുവന്‍ പിടിക്കുന്ന മീന്‍ കാഞ്ഞങ്ങാടിന് കേക്ക് ചുള്ളിക്കരയില്‍ കൊണ്ടു പോയി വില്‍ക്കും. മീന്‍കൂട്ട തലയില്‍ വെച്ച് വീടുകള്‍ തോറും പോകും. മോന്തിയാവോളം പോകും. വീടുകളില്‍ മീനുമായ് വരുന്ന മൊയ്യിയെ വീട്ടുകാര്‍ക്ക് വലിയ കാര്യമാണ്. തീയ്യറുടേയും നായന്മാരുടേയും വീടുകളാണ് കൂടുതലും. ഈ മീന്‍ തന്നെയാണ് ഇപ്പോഴും നമ്മളെ ജീവിപ്പിക്കുന്നത്.  മീന്‍ വിറ്റിട്ടാണ് എല്ലാ കാര്യങ്ങളും നടത്തിയത്. ഓര്‍ക്ക് താനത്ത് നിന്നും അന്നത്തെ കാലത്ത് പൈശയൊന്നും കിട്ടൂല. അരിയും തേങ്ങയും കിട്ടും. വെളിച്ചപ്പാടന്മാര്‍ക്ക് ഇന്ന് പണം നേരത്തേ ബാങ്കിലിട്ടു കൊടുക്കുന്ന സമ്പ്രദായമൊക്കെയുണ്ട്. അന്ന് ഒന്നുമില്ല. എല്ലാം നമ്മള്‍ തന്നെ ചെയ്യണം. എനക്ക് എഴുപത് വയസ്സ് കഴിഞ്ഞു. രണ്ടു കൊല്ലം മുമ്പ് വരെ മീന്‍ വില്‍ക്കാന്‍ പോയി. ഇപ്പോ പോകാറില്ല. ഓറ് കടല്‍പ്പണി മതിയാക്കീട്ട് പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞു. നാല് മക്കള്‍ മരിച്ചു പോയി. രണ്ടാണ്‍മക്കള്‍ ജീവിച്ചിരിപ്പുണ്ട്. ഓട്ടോറിക്ഷ ഓടിക്കുന്ന സുരേശന്റെ കൂടെെയാണ് താമസിക്കുന്നത്.  ഇന്ന് സമാധാനമുണ്ട്. സന്തോഷമുണ്ട്. ഓര്‍ക്ക് തൊണ്ണൂറ് വയസ്സിനടുത്തായി പ്രായം.

പുരുവന്‍ ദൈവമായതില്‍ ഒരിക്കലും സങ്കടപ്പെട്ടിട്ടില്ല. വീട്ടില്‍ എപ്പോഴും കഷ്ടപ്പാടു തന്നെയായിരുന്നു. ദൈവത്തെ സ്വശരീരത്തില്‍ തളച്ചതിന് ശേഷം തമ്പാച്ചിയുടെ ആധിയകന്നു

നല്ല ആരോഗ്യമുണ്ട്. എത്ര ദാരിദ്ര്യമാണെങ്കിലും താനത്തെ കാര്യങ്ങള്‍ മൊടക്കീട്ടില്ല. ജീവിതത്തില്‍ അനുഭവിക്കാത്ത പ്രയാസങ്ങളില്ല. പക്ഷേ പൂപോലെ നിലാവുതിര്‍ന്ന രാത്രിയില്‍ കേട്ട ആ ഒച്ച അതാണിവിടെവരെ വീഴാതെ എത്തിച്ചത് എന്ന ഉറപ്പുണ്ടായിരുന്നു. ആ ദൈവം നമ്മളെ  കൈവിടില്ല, എത്ര കഷ്ടപ്പാടുകളിലും സത്യം കൈവിടാതെ ഞാങ്ങ മൊയോനും മൊയ്യിയും ജീവിച്ചു. പുരുവന്റെ ശരീരത്തില്‍ ദൈവത്തെ തന്നതും എന്റെ കൂട്ടയില്‍ മീന്‍ തന്നതും കടലാണ്. കടല്‍ സത്യമാണ്. കടലില്‍ കളവില്ല. ആ സത്യമാണ് ദൈവവം. അതാണ് ഞങ്ങള്‍ക്കിപ്പോഴും തുണ.

Wife.jpg

കടലില്‍ പോയി മീന്‍ പിടിച്ച ഒരു മുക്കുവന്റെ ജീവിതം കഠിനമായ കര്‍മ്മങ്ങളുടെ നൈരന്തര്യത്തിലൂടെ മറ്റൊന്നായി മാറുകയായിരുന്നു. മീന്‍പണിയെടുക്കുന്നവനും ദൈവത്തിലേക്ക് നേരിട്ടൊരു വഴിയുണ്ട് എന്നതിന്റെ ചരിത്രസാക്ഷ്യമാണ് തേളപ്പുറത്തമ്പാടിയുടെ ജീവിതം. ദൈവത്തെ സേവിക്കുക എന്നത് ഒരു പണിയും ചെയ്യാതെ മന്ത്രം ജപിക്കുകയോ സപ്രമഞ്ചത്തിലിരുന്ന് ഭക്തരെ ഉപദേശിക്കുകയോ അല്ല. അത് മണ്ണില്‍ പണിയെടുത്തും കഷ്ടപ്പെട്ടും ഒരു മനുഷ്യന്‍ സ്വായത്തമാക്കുന്ന ജീവിതാവബോധമാണ്. ആ അറിവാണ് അമ്പാടി മൊയോന്റെ അനുഷ്ഠാന ജീവിതത്തിന്റെ അന്തസത്ത. മനുഷ്യന് ദൈവത്തിലേക്ക് യാതൊരു എളുപ്പവഴിയുമില്ലെന്ന് അസ്രാളന്‍ തമ്പാച്ചിയെന്ന ഈ ദൈവമനുഷ്യന്‍ പറയുന്നു. അമ്പാടിയുടെ ജീവിതത്തില്‍ യോഗയോ ധ്യാനോ സംസ്‌കൃതമോ ഭഗവദ്ഗീതയോ ഉണ്ടായിട്ടില്ല. എഴുത്തറിയാത്തതു കൊണ്ട് ജീവിതത്തില്‍ ഇന്നേ വരെ ഒരു ഗ്രന്ഥവും വായിച്ചില്ല. പകരം കടലിനേയും കാടിനേയും കായലിനേയും വായിച്ചു. അതു വായിക്കാനുളള ഭാഷ അമ്പാടി മൊയോനറിയുമായിരുന്നു. അതേ ഭാഷ ഉപയോഗിച്ച് മനുഷ്യന്റെ സങ്കടങ്ങളേയും വായിച്ചു. സുഖങ്ങള്‍ക്കും ആസക്തികള്‍ക്കും പിറകെ പായുന്ന മനുഷ്യന്റെ നിസ്സാരതയെ തിരിച്ചറിഞ്ഞു. ശരീരത്തെ നിരാകരിക്കുന്നതു കൊണ്ട് ശരീരത്തിന്റെ അധിക സുഖത്തെക്കുറിച്ചുള്ള ദുഃഖമോ ആസക്തിയോ അമ്പാടി മൊയോനെ ബാധിച്ചില്ല. നിലനില്‍ക്കണമെങ്കില്‍ ഭക്ഷണം കഴിക്കണം. അത് ദൈവം തരില്ല. അതിനായി പണിയെടുക്കണം. കടലില്‍ തീവെയിലുകൊണ്ട് ഉപ്പുകാറ്റില്‍ ദ്രവിച്ച് കരുവാളിച്ച് തണ്ടുവലിക്കണം. ദൈവത്തെ ഒരു വളര്‍ത്തുമൃഗത്തെയെന്ന പോലെ തുടലില്‍ പൂട്ടി കൂടെക്കൊണ്ടു നടന്നു. ദൈവം അനുസരണയോടെ വാലാട്ടി അമ്പാടി മൊയോന്റെ പിന്നാലെ നടന്നു. ആദ്യം അമ്പാടിയെ ദൈവം കീഴടക്കി. പിന്നെ ദൈവത്തെ  അമ്പാടി കീഴടക്കി.
ആര്‍ഷഭാരതം മുന്നോട്ടു വെക്കുന്ന എല്ലാ പാരമ്പര്യ ദൈവവിചാരത്തിനും ദാര്‍ശനീക ചിന്തകള്‍ക്കും അപ്രാപ്യവും അജ്ഞാതവുമാണ് അമ്പാടി മൊയോന്റെ ദിരിശനജീവിതം. അദ്വൈതവേദാന്തം പറയുന്ന ശങ്കരനെയോ ഈശാവാസ്യമിദം സര്‍വ്വം എന്ന ഉപനിഷദ് സൂക്തം ചൊല്ലിപ്പഠിപ്പിക്കുന്ന ആചാര്യന്മാരേയോ മീന്‍പണിക്കും റോഡ്പണിക്കും ഹോട്ടല്‍ പണിക്കും ഇടയില്‍ ഒരിക്കലും കണ്ടുമുട്ടിയില്ല. അങ്ങനെയൊരു ദര്‍ശനത്തെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലായിരുന്നു. ദൈവത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഒരു ഗുരുവും ഉണ്ടായിട്ടില്ല. മീന്‍പണി എടുക്കുന്ന ഒരാള്‍ക്ക് നടന്നെത്താവുന്ന ദൂരത്തായിരുന്നില്ലല്ലോ ഭാരതഭൂമിയിലെ ആഢ്യദൈവങ്ങള്‍. പാഠാലയത്തിലെ വിദ്യ അഭ്യസിച്ചിട്ടില്ലാത്തതിനാല്‍ പൗരാണിക ദൈവസങ്കല്‍പങ്ങളൊന്നെും അമ്പാടിയെ ബുദ്ധിമുട്ടിച്ചില്ല. ദൈവത്തെ സ്വശരീരത്തില്‍ കൊണ്ടു നടന്നിട്ടും അമ്പാടി താന്‍ ദൈവത്തിന്റെ വഴിയിലാണെന്ന ചിന്ത കൊണ്ടു നടന്നിരുന്നില്ല. ദൈവം മൊയോന് മറ്റാര്‍ക്കും പകുത്ത് കൊടുക്കാനാത്ത സ്വകാര്യതയാണ്. ലവണവാതത്തില്‍ ദ്രവിച്ചടര്‍ന്ന ആ ജീവിതത്തിന്റെ എല്ലാ ഏടുകളും വായിച്ചെടുക്കുക എളുപ്പമല്ല. അത് വായിക്കാനുള്ള ലിപിവിജ്ഞാനീയം നിലവിലില്ല. ലിപിയില്ലാത്ത ദേവഭാഷയിലെഴുതിയ മൊയോനെ വായിക്കാനറിയാത്ത നിരക്ഷരരായ മനുഷ്യരാണ് ചുറ്റും. മനുഷ്യനും ദൈവവും ചേര്‍ന്ന് കെട്ടിയ കടല്‍പ്പാട്ടാണീ മീന്‍പണിക്കാരന്‍. ഇനിയും കേട്ടുതീര്‍ന്നിട്ടില്ലാത്ത ഈ പാട്ടിലെ വാക്കുകള്‍ മീനും നക്ഷത്രങ്ങളും മലയും മരങ്ങളുമാണ്.  

അസ്രാളന്‍ തമ്പാച്ചിയുടെ കുടുംബം
അസ്രാളന്‍ തമ്പാച്ചിയുടെ കുടുംബം

ദൈവം തേളപ്പുറത്തമ്പാടി മൊയോന്റെ വീട്ടിലേക്കുള്ള വഴി ചോയിച്ച് ചോയിച്ച് വന്നതാണ്. അല്ലാതെ മൊയോന്‍ അങ്ങോട്ട് പോയതല്ല. സമ്മതം ചോദിച്ചിട്ടല്ല കുരുമൊളക് പറിക്കുന്ന മരത്തിന്‍മുകളിലേക്ക് അസ്രാളന്‍ ദൈവം ചാടിക്കയറിയത്.

മനുഷ്യനും ദൈവവും ചേര്‍ന്ന് കെട്ടിയ കടല്‍പ്പാട്ടാണീ മീന്‍പണിക്കാരന്‍. ഇനിയും കേട്ടുതീര്‍ന്നിട്ടില്ലാത്ത ഈ പാട്ടിലെ വാക്കുകള്‍ മീനും നക്ഷത്രങ്ങളും മലയും മരങ്ങളുമാണ്

സമ്മതം ചോദിച്ചല്ല നിലാവിന്റെ ഓടം തുഴഞ്ഞ് വീരനായ കടല്‍പ്പോരാളി മൊയോന്റെ ശരീരത്തില്‍ തിളച്ചു തൂവിയത്. ദൈവമാകുക എന്നത് അമ്പാടി മൊയോന്റെ  തീരുമാനമല്ല. ഇതൊന്നും എനക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല എന്നാണ് മൊയോന്‍ എപ്പോഴും പറയുന്നത്. എഴുത്ത് പഠിച്ചില്ല, ഗ്രന്ഥങ്ങള്‍ വായിച്ചില്ല, എന്നിട്ടും ഞാന്‍ നാല് നാട്ടിലെ കാര്യം നോക്ക്ന്ന്ണ്ട്. നാല് നാട് നടന്ന് ഭരിക്കുന്നുണ്ട്. തുളുനാടിന്റെ ആരും പറയാത്ത ആരും എഴുതാത്ത ചരിത്രവും പുരാവൃത്തവും അസ്രാളന്‍ തമ്പാച്ചിയെ പോലെ അറിയുന്നവരില്ല. ഒരു ദേശത്തിലെ ജാതി സമൂഹങ്ങള്‍, അവരുടെ കുലവൃത്തി, ഇല്ലക്രമം, ഉത്പത്തി ആചാരപരമായി അവരെ എങ്ങിനെ വിളിക്കണം എന്നിങ്ങനെയുള്ള നാട്ടുവഴക്കങ്ങളുടെ അതിവിപുലമായ അറിവിന്റെ ഉടമയാണ് എഴുത്തറിയാത്ത തമ്പാച്ചി. ചരിത്രകാരന്മാര്‍ക്ക് ഇപ്പോഴും കൃത്യമായി രേഖപ്പെടുത്താനാകാത്ത തുളുനാട്ടിലെ മൊയോറുടെ പുരാവൃത്തവും ദൈവങ്ങളുടെ ചരിത്രവും കാവുകളുടെ ഉത്പത്തിയും അസ്രാളനറിയാം. ഉദിനൂര്‍ കോവിലകത്തെ സ്വരൂപാചാരം മാത്രം വിശകലനം ചെയ്താല്‍ മനസ്സിലാക്കാനാകും തമ്പാച്ചിയുടെ അറിവിന്റെ ആഴം. എഴുത്തറിയാത്ത ഞാന്‍ കൂട്ടിയ ഇതൊന്നും കൂടില്ല. എനക്ക് ഒന്നുമാവില്ല. ഞന്‍ എത്രയോ നിസ്സാരന്‍, ഈ ശരീരം കൊണ്ട് എന്താക്കാനാ. ഇതൊന്നും എന്റെ കഴിവല്ല. ഇതൊക്കെ ചെയ്യുന്നത് ഈ  ശരീരമാണെന്ന് ഒരിക്കലും തോന്നീട്ടില്ല. അതിഞ്ഞാല്‍ കടലില്‍ തണ്ടു വലിക്കുന്ന മൊയോന്‍ എന്താക്കാന്‍. ഇതൊക്കെ നേരത്തെയുള്ള തീരുമാനങ്ങളാണ്. മനസ്സുപൊട്ടി സങ്കടപ്പെട്ട് വിളിച്ചാല്‍ വിളികേക്കുന്ന ദൈവമുണ്ട്. പണമോ പഠിപ്പോ പദവിയോ അല്ല അതിനുള്ള യോഗ്യത. അത് സത്യത്തെ മനസ്സിലാക്കലാണ്. നിങ്ങളുടെ അന്നത്തെ സത്യം കൈവെടിയാതെ കഷ്ടപ്പെട്ട് കണ്ടെത്തലാണ്. നിങ്ങള്‍ കണ്ടെത്തുന്ന സത്യമാണ് ദൈവത്തിന് നിങ്ങളിലേക്കുള്ള വഴി. മറ്റൊരു മായാജാലവുമില്ല. നിങ്ങളിലെ സത്യവഴി ദൈവം കണ്ടെത്തിക്കഴിഞ്ഞാല്‍ ബാക്കിയെല്ലാം മായക്കാര്‍ നോക്കിക്കോളും. ഇതൊക്കെ മായക്കാരുടെ കളിയാ. ഞാന്‍ ഒന്നുമല്ല.
 ദൈവമെന്നാല്‍ ഇന്ന് കാണുന്നതുപോലെ എളുപ്പത്തിലുള്ള, സുഖസൗകര്യങ്ങളുള്ള, പണവും പദവിയും പ്രതാപവുമുള്ള ഒരേര്‍പ്പാടല്ല. അമ്പാടി മൊയോന്‍ കണ്ടെത്തിയ ദൈവം കഷ്ടതകള്‍ നിറഞ്ഞ കഠിനാധ്വാനത്തിന്റേതാണ്. ത്യാഗപൂര്‍ണമായ കര്‍മങ്ങളുടെ നൈരന്തര്യം. ആവശ്യമില്ലാത്ത സുഖങ്ങളുടെ, സങ്കല്‍പങ്ങളുടെ,  ആസക്തികളുടെ നിരാസമാണ്. ഏകാന്തഗുഹയിലെ ധ്യാനമല്ല. പൂജാപാത്രം മാറ്റി കീറിമുഷിഞ്ഞ വസ്ത്രവുമായി മനുഷ്യരോടൊത്ത് കര്‍മവ്രതിയായി ചേര്‍ന്ന് വിയര്‍ത്തൊഴുകലാണ്. മറ്റുള്ളവര്‍ വിലമതിക്കുന്നതൊന്നും അമ്പാടിക്കാവശ്യമില്ലായിരുന്നു. മുടി മുറിച്ചില്ല. കുപ്പായമിട്ടില്ല. ഹോട്ടലില്‍ പോയി ഒരു ചായ പോലും കുടിച്ചില്ല. ഓളും മക്കളും പട്ടിണി കിടക്കാതിരിക്കാന്‍ ആവും പോലെയൊക്കെ നയിച്ചു. അങ്ങനെയാണ് മൊയോന്റെ കപ്പല്‍ ദൈവത്തിലേക്ക് പായ നിവര്‍ത്തിയോടിയത്. മറ്റൊരാള്‍ക്കും സഞ്ചരിക്കാനാകാത്ത വഴികളിലൂടെ സഞ്ചരിച്ചു. അറിവുകളില്ല അനുഭവങ്ങള്‍ മാത്രമേയുള്ളുവെന്ന് ദര്‍ശനപ്പെട്ട് മൊഴി പറഞ്ഞു. ആ അനുഭവങ്ങളാണ് നിങ്ങളുടെ അറിവുകള്‍. കിഴക്കന്‍ മലകളില്‍ തണുത്ത് വിറച്ച് കരിങ്കല്‍ പാറനുറുക്കി റോഡ് പണിയെടുത്തും കടലാഴങ്ങളില്‍ വലയെറിഞ്ഞും പഠിച്ച ജീവിതദര്‍ശനം വേദാന്തദര്‍ശനങ്ങള്‍ക്കും എത്രയോ മോളിലായിരുന്നു. ചോരകുടിച്ചു വീര്‍ക്കുന്ന അട്ടകളുടെ ചതുപ്പില്‍ കിടന്ന് ഒറ്റായാന്റെ ചിന്നംവിളികള്‍ക്ക് കാതോര്‍ത്താണ് ഞാനും നീയും രണ്ടല്ല ഒന്നാണെന്ന വേദാന്തതത്വമറിഞ്ഞത്. ഭജനവും പൂജനവും ആരാധനയും നിര്‍ത്തി നിമീലിത ലോചനം തുറന്നു നോക്കൂ. ഇരുട്ടില്‍ നീ ധ്യാനിക്കുന്ന ദൈവമവിടെയില്ല. കരിനിലമുഴുന്ന കര്‍ഷകരോടും വര്‍ഷം മുഴുവന്‍ പെരിയ കരിങ്കല്‍ പാറ നുറുക്കി വഴിയൊരുക്കുന്ന പണിയാളരോടും ഇരുകൈകളിലും മണ്ണുമായി ചേര്‍ന്നമരുന്നു ദൈവമെന്ന് യുഗപ്രഭാവനായ കവി എഴുതിയ കവിത വെറുതെയായില്ല.  

മുടി മുറിച്ചില്ല. കുപ്പായമിട്ടില്ല. ഹോട്ടലില്‍ പോയി ഒരു ചായ പോലും കുടിച്ചില്ല. ഓളും മക്കളും പട്ടിണി കിടക്കാതിരിക്കാന്‍ ആവും പോലെയൊക്കെ നയിച്ചു. അങ്ങനെയാണ് മൊയോന്റെ കപ്പല്‍ ദൈവത്തിലേക്ക് പായ നിവര്‍ത്തിയോടിയത്

തുളുനാട്ടിലെ മൊയോറ് ഇന്നനുഭവിക്കുന്ന സാമൂഹികമായ ഉന്നതിയില്‍ അസ്രാളനെ പോലുള്ള ആത്മീയാചാര്യന്മാരുടെ ത്യാഗമുണ്ട്. മനുഷ്യനാകേണ്ടിടത്ത് മനുഷ്യനായും ദൈവമാകേണ്ടിടത്ത് ദൈവമായും ...ഈ ഇരട്ടജീവിതസൗഭാഗ്യം മറ്റ് മതാചാര്യന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ ഉണ്ടാകില്ല. ഓരേ സമയം ദൈവമെന്ന കടലിലും മനുഷ്യനെന്ന കാട്ടിലും ജീവിക്കുന്ന ഉഭയജീവിതപ്രവാഹം. സന്യാസത്തില്‍ പൂര്‍വ്വാശ്രമമില്ലല്ലോ. അത് ചോദിക്കാന്‍ പോലും പാടില്ലല്ലോ. ഇവിടെ ദൈവം ശരീരത്തില്‍ നിന്നിറങ്ങിക്കഴിഞ്ഞാല്‍ മനുഷ്യനെന്ന മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളിയെന്ന പൂര്‍വ്വാശ്രമത്തിലേക്ക് തന്നെയാണ് തിരിച്ചുപോകുന്നത്. മൊയോന്‍ എന്ന കീഴാളജാതിസ്വത്വത്തെ അഭിമാനപൂര്‍വ്വം തന്നെയാണ് അസ്രാളന്‍ കൊടയും വടിയുമായി കൊണ്ടുനടക്കുന്നത്. ജാതിയെ സംസ്‌ക്കാരം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് കുടഞ്ഞെറിഞ്ഞത്. കേരളത്തില്‍ ഇന്ന് മറ്റെവിടെയുമുള്ള മുക്കുവര്‍ക്ക് ഇങ്ങനെയെയൊരു ജാതിസ്വത്വമില്ല. ഉയര്‍ന്ന ജാതിക്കാരുടെ കാവില്‍ ചെല്ലുമ്പോള്‍ കിട്ടുന്ന ബഹുമാനത്തിലൊന്നും ജാതി ഒരു തടസ്സമായി വരുന്നില്ല.
    

Asralan-Daivam---payyakkal-paattu.jpg

ജാതിഭേദത്തിന്റെ ഒരോര്‍മ്മ അസ്രാളന്‍ പങ്കുവെച്ചതിങ്ങനെയാണ്: ഒരു ദിവസം ചുള്ളിക്കരയിലുള്ള നായരെശ്ശ്മാന്റെ വീട്ടില്‍ പോയി. അവര്‍ക്കെന്നും മീന്‍ കൊടുക്കുന്നത് ഓള് പാറുവാണ്. ആ വീടുമായി നല്ല അടുപ്പമുണ്ട്. വൈകുന്നേരം ചുള്ളിക്കര പോയിട്ട് ചില്ലറ ആവശ്യങ്ങളുണ്ട്. അതുവരെ സമയം പോണല്ലോ അതിനാണ് കുഞ്ഞികൃഷ്ണന്‍ യശ്മാന്റെ വീട്ടില്‍ പോയത്. കുറച്ച് നാട്ടുകാര്യങ്ങള്‍ പറയാലോ. ആചാരക്കാരനായ അസ്രാളന്‍മൊയോനെ കണ്ടപാടെ നായര്‍ക്ക് വലിയ സന്തോഷമായി. ഇറയത്തെ ചൂടിക്കട്ടിലില്‍ കേറിയിരിക്കാന്‍ പറഞ്ഞു. കട്ടിലിലിരുന്ന് മുറുക്കി കിസ പറയാന്‍ തുടങ്ങി. ഇതും കണ്ടുകൊണ്ടാണ് നായരുടെ ഭാര്യയുടെ അമ്മ കേറി വന്നത്. ‘അയ്യയ്യോ എന്റെ കുഞ്ഞീഷ്ണ, നീ ആരെയാ കട്ടിലില് ഇരുത്തിയത്. നമ്മ രണ്ടില്ലത്ത് നായമ്മാരല്ലേ. നീ തീണ്ടലും തൊടലുമൊക്കെ മറന്നുപോയാ. മൊയോനെയാണോ അവത്ത് കേറ്റിയിര്ത്ത്ന്നത്’; കുഞ്ഞികൃഷ്ണന്‍ യശ്മാന്റെ ഭാര്യയുടെ അമ്മ പൊട്ടിത്തെറിച്ചു. ‘അപ്യയോട് ഞാനൊന്നും പറഞ്ഞില്ല. കുഞ്ഞീഷ്ണ നീയൊരു കാര്യം ചെയ്യ് വെര്ന്ന പൂരത്തിന് ഓളെ അമ്മേനീം കൂട്ടീറ്റ് നമ്മളെ കൊയങ്കര താനത്ത് വാ. പൂരംകുളിക്ക് നമ്മ നായമ്മാറെ പടിഞ്ഞാറ്റയില്‍ കേറി പാലു കുടിക്കുന്നത് നിന്റെ ഓളമ്മക്ക് കാണിച്ചു കൊടുക്ക്. ' ഒരു തമാശക്കഥ പറയുന്നതുപോലൈ അസ്രാളന്‍ പൊട്ടിച്ചിരിച്ചു.

മൊയോന്‍ എന്ന കീഴാളജാതിസ്വത്വത്തെ അഭിമാനപൂര്‍വ്വം തന്നെയാണ് അസ്രാളന്‍ കൊടയും വടിയുമായി കൊണ്ടുനടക്കുന്നത്. ജാതിയെ സംസ്‌ക്കാരം കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് കുടഞ്ഞെറിഞ്ഞത്

ജാതിയും അതിന്റെ  പ്രശ്‌നങ്ങളുമൊന്നും അത്ര പെട്ടെന്നൊന്നും പോകില്ലല്ലോ. കുഞ്ഞികൃഷ്ണന്‍ യശ്മാന്റെ അമ്മയുടെ കാലമാണിപ്പോ. ജാതിയും അതിന്റ വിവേചനവുമൊക്കെ ജീവിതത്തില്‍ പല തരത്തിലും ഇടപെട്ടു കൊണ്ടിരിക്കുകയാണല്ലോ. പക്ഷേ തമ്പാച്ചി ഈ തൊണ്ണൂറ് വയസ്സുവരെയുള്ള കണിശമായ ജീവിതത്തില്‍ കടുകിട തെറ്റാതെയുള്ള അനുഷ്ഠാന നിഷ്ഠയോടെ തന്റെ നിയോഗത്തിന്റെ പാതയില്‍ തന്നെയാണ്. ജീവിതം പല പരീക്ഷണ ഘട്ടങ്ങളിലൂടെയൊക്കെ കടന്നുപോയി. അപ്പോഴൊക്കെയും താനറിയാത്ത തന്നെ അറിയുന്ന ഒരു ദൈവം കൈതാങ്ങാനുണ്ടായിരുന്നു.

Ambadi-moyon-Asralan-Daivamayi.jpg

അസ്രാളന്‍ തമ്പാച്ചി നിലവിലെ എണ്ണമറ്റ ദൈവങ്ങളിലെ ഒരു ദൈവം മാത്രം. സ്വന്തം വലുപ്പം ഒരു കാലത്തും അറിയാതെ പോകുന്ന ആനയെപോലെ. തുളുനാട്ടിലെ മുകയരുടെ മണ്ണില്‍മാത്രം വേരുപടര്‍ന്ന തച്ചനറിയാത്ത വന്‍മരം. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മൊയോറെ കാവുമായി ബന്ധപ്പെടുന്നവര്‍ക്ക് മാത്രമറിയുന്ന ദൈവം. ലോകം മുഴുവന്‍ സമ്പത്തും സ്വാധീനവുമുള്ള ആള്‍ദൈവങ്ങള്‍ മദിക്കുന്ന അതേ കടലില്‍ത്തന്നെയാണ് അസ്രാളനും ജീവിക്കുന്നത്. പണമോ സമ്പത്തോ പദവിയോ ശിഷ്യഗണങ്ങളോ രാഷ്ട്രീയപിടിപാടോ ഒന്നുമില്ല. ഭരണാധിപന്മാരോ കോടീശ്വരന്മാരോ ആരുമില്ല കൂട്ടിന്. ആകാശത്ത് നിന്നും ആപ്പിളെടുക്കാനോ പതിനായിരങ്ങളെ കെട്ടിപ്പിടിച്ച് രോഗശാന്തി വരുത്താനോ ഒന്നുമറിയില്ല.  അക്ഷരമറിയാത്തതു കൊണ്ട് ഭാഗവതസപ്താഹവും ഗീതാജ്ഞാനയജ്ഞവും നടത്താറില്ല. പണം വാരുന്ന സ്ഥാപനങ്ങളില്ല. ഒരു കുപ്പായം പോലുമില്ല. താനത്ത് സംക്രമത്തിന് പോയാല്‍ തിരിച്ച് കാഞ്ഞങ്ങാട്ടേക്ക് വരുന്നതിന് ബസ്സിന് പൈശ ഉണ്ടാകില്ല. പണം വേണമെന്ന്, പദവി വേണമെന്ന് ഇന്നേ വരെ ആഗ്രഹിച്ചിട്ടില്ല. ഒന്നറിയാം ജീവിക്കണമെങ്കില്‍ പണിയെടുക്കണം. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഈ ശരീരത്തെ മുന്‍നിര്‍ത്തിയുള്ള സുഖത്തിനു വേണ്ടിയുള്ള പാച്ചില്‍ വെറുതേയാണ്. ശരീരം അത്രയും നിസ്സാരമാണ്. അറിവാണ് ശക്തി.

എന്നെക്കൊണ്ട് കടലില്‍ പോകാനാകും. പനത്തടി മലമുകളിലെ പിടിച്ചാല്‍ പിടികിട്ടാത്ത ഉരുപ്പില്‍ കേറി കുരുമുളക് പറിക്കാനാകും. സ്രാവിനെയോ തെരണ്ടിയെയോ പിടിക്കാനാകും. ചോരകുടിച്ച് കടിച്ചു തൂങ്ങുന്ന ഉമ്പുഷുവിനെ ചുമ്മിണി മുക്കിയ തുണി കൊണ്ട് കൊല്ലാനാകും. മറ്റൊന്നുമെനക്കാകില്ല. നീലേശ്വരം പൊഴ കണ്ടിട്ടില്ലേ. കലങ്ങിമറിയുന്ന കാര്യങ്കോട് പൊഴകണ്ടിട്ടില്ലേ അറുപത് കൊല്ലം മുമ്പ് വൃശ്ചികത്തില്‍ നിറഞ്ഞു പൊന്തിയ പൊഴകള്‍ രാത്രിയില്‍ ഞാന്‍ ചാടിക്കടന്നു എന്നാണ് പറയുന്നത്. മായക്കാര്‍ കൊണ്ടുപോയ എന്നെ രാത്രി വാല്യക്കാര്‍ ചൂട്ടുംകത്തിച്ച് പരതി നടന്നു. ആരിക്കും കാണാന്‍ പറ്റിയില്ല. എനക്കറിയാത്ത കാര്യമാണ്. അത് എന്നെക്കൊണ്ടാകുന്നതല്ല. ഞാന്‍  കണ്ടിട്ടില്ലാത്ത പോയിട്ടില്ലാത്ത നാല് നാട്ടിലെ മൊയോറുടെ ചരിത്രം പറയണം. നാല് നാട്ടിലെ എല്ലാ ജാതിക്കാരുടേയും പുരാണം വിശേഷിക്കണം. നാല് നാട്ടിലെ ദൈവങ്ങളുടെ വന്നതും പോയതുമായ കാര്യം പറയണം. സ്വന്തമായി ഒപ്പിടാനാറിയാത്ത എനക്കതൊന്നും ചെയ്യാനാകില്ല. ഓരോ നാട്ടിലേയും തമ്പുരാന്മാരെ അവരവരുടെ കീഴ്‌വഴക്കപ്രാകരം വിശേഷിക്കണം. ഇതൊക്കെ എന്നെകൊണ്ട് കഴിയുന്നതാണോ. എഴുത്തറിയുന്ന ഒരു വാല്യക്കാരന്‍ വെളിച്ചപ്പാടന്‍ പെന്നും പുസ്തകവുമായി കാസര്‍ഗോഡ്ന്ന് വന്നിനി. ചെല കാര്യങ്ങള്‍ പഠിക്കാന്‍.

അക്ഷരമറിയാത്തതു കൊണ്ട് ഭാഗവതസപ്താഹവും ഗീതാജ്ഞാനയജ്ഞവും നടത്താറില്ല. പണം വാരുന്ന സ്ഥാപനങ്ങളില്ല. ഒരു കുപ്പായം പോലുമില്ല

കൊര്‍ച്ച് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തപ്പോള്‍ തന്നെ ഇതൊന്നും കയ്യപ്പ എന്നും പറഞ്ഞ് ഓന്‍ കീഞ്ഞ്‌പോയി. പോയി പിന്നെ വന്നിട്ടില്ല. ഓന്റെ വിചാരം അറിവ് പെന്നിലും പുസ്തകത്തിലുമാണെന്നാണ്. ഇതൊന്നും എന്റെ കഴിവല്ല. എല്ലാം മായക്കാരുടെ കളിയാ.
എണ്‍പത് വര്‍ഷക്കാലത്തെ ഓര്‍മ്മകളാണ്. ആര്‍ക്കും അടങ്ങാത്ത കടല്‍ച്ചേകോനെ ഏഴ് വര്‍ഷക്കാലം ശരീരത്തില്‍ കൊണ്ടുനടന്നു. ആദ്യമായി ദൈവം ശരീരത്തിന്റെ വാതിലില്‍ മുട്ടുമ്പോള്‍ ഇരുപത്തി രണ്ടു വയസ്സ്. ഏത് നിമിഷവും തുടല് പൊട്ടിക്കുന്ന കരിവീരനെ എങ്ങനെ ഏഴ് വര്‍ഷക്കാലം ഈ ശരീരത്തില്‍ കൊണ്ടുനടന്നു എന്നത് ഇന്നോര്‍ക്കുമ്പോ അതിശയം. എത്ര ദൂരങ്ങള്‍, എത്ര ദേശങ്ങള്‍ ഈ കാലയളവില്‍ താണ്ടി. കാലത്തിനും ദേശത്തിനും തെയ്യത്തിനും പലപല മാറ്റങ്ങള്‍ വന്നു. തുളുനാട്ടിലെ അനുഷ്ഠാനത്തില്‍ സാമൂഹികമായും സാംസ്‌ക്കാരികമായും സംഭവിച്ച മാറ്റങ്ങള്‍ തൊണ്ണൂറ് വയസ്സായ ഈ ശരീരത്തിന്റെ ജരാനരകളില്‍ വായിച്ചെടുക്കാം. തലപ്പാളിയിലെ വെള്ളിവെളിച്ചവും തഴമ്പിച്ച കാലുകളിലെ ചിലമ്പനക്കവുമായി തന്നെ അനുധാവനം ചെയ്ത എത്രയോ ദേവജന്മങ്ങള്‍ കാലത്തിനുമപ്പുറത്തേക്ക് തുഴഞ്ഞു. ഒരേകടലില്‍ ഒന്നിച്ച് ജീവിതം തേടിയവര്‍ പലരും ഓടവും വലയും ഉപേക്ഷിച്ച് കടലാഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിടുമ്പോള്‍ സങ്കടത്തോടെ നോക്കിനിന്നു. നാല് കര്‍ണ്ണമൂര്‍ത്തി തലമുറയ്ക്കായി ചിലമ്പണിഞ്ഞ് അരമണികെട്ടി കിലുങ്ങി. ഓരോ കര്‍ണ്ണമൂര്‍ത്തി കെട്ടിയാടുന്ന ആയിറ്റിപ്പോതിപൂങ്കന്യാവിനേയും അരിയെറിഞ്ഞാനയിച്ചു. കുറുവാപ്പള്ളിയറയില്‍ തുലാമാസം പുലര്‍ച്ചയ്ക്ക് അസ്രാളന്റെ കപ്പലടുക്കുമ്പോള്‍ ചേടകമെടുത്തുറഞ്ഞു. കുഞ്ഞമ്പുകര്‍ണ്ണമൂര്‍ത്തി, കണ്ണന്‍കര്‍ണ്ണമൂര്‍ത്തി, ബാബുകര്‍ണ്ണമൂര്‍ത്തി അങ്ങനെ തെയ്യത്തെക്കാള്‍ വലിയ തെയ്യക്കാരോടൊപ്പം മരക്കലം തുഴഞ്ഞു. മരിച്ചുപോയ മലയന്‍ പണിക്കറും മകന്‍ സജിത് പണിക്കറും അസ്രാളന്റെ തുഴക്കരുത്തിന് താളമിട്ടു.          

Asralan-velichappadan-And-Asralan-vellattam.jpg

കണ്‍മുന്നില്‍ നിന്ന്​ മാഞ്ഞുപോകുന്ന കടല്‍പോലെ മലപോലെ പുഴപോലെ പ്രിയപ്പെട്ടവര്‍  കണ്ണെത്താത്ത ആഴങ്ങളിലേക്ക് പൊലിഞ്ഞുപോയി. അസ്രാളന്‍ ഓര്‍മ്മകളുടെ അണിയലങ്ങളോരോന്നോരോന്നായി എടുത്തണിഞ്ഞു. നടന്നു തീര്‍ക്കാന്‍ ഇനിയും ദൂരങ്ങളേറെയുണ്ട്. ആശ്രയമില്ലാതെ കന്യാക്കമാര്‍ ഈ കടല്‍ക്കരയില്‍ സങ്കടപ്പെടുമ്പോള്‍ നാട് കാക്കുന്ന പോരാളിക്ക് വിശ്രമമില്ല. വില്ലാപുരത്ത് വീരന് പ്രായമില്ല. ജരാനരകളില്ല. കുപ്പായക്കൂടുകളുപേക്ഷിച്ച് കാറ്റും വെയിലും തട്ടി കരുവാളിച്ച ഈ ശീരം കപ്പിത്താന്‍ നങ്കൂരമുറപ്പിച്ച ആഴപ്പരപ്പ് മാത്രം. ചിലമ്പനക്കം കേള്‍ക്കുന്നില്ലേ. കൂര്‍ത്ത മുള്‍പ്പടര്‍പ്പുകളിലൂടെ നടന്നുപോകുമ്പോള്‍ തഴമ്പ് പൊട്ടി ചോരയൊലിച്ച കാലുകളില്‍ ചിലമ്പണീയിച്ചത് നൂറ്റിയെട്ട് കടലിനുമപ്പുറമുള്ള ദൈവമാണ്. ഉള്ളില്‍ ദൈവം കിലുങ്ങുന്ന ഈ കാല്‍ച്ചിലമ്പ് അതേദൈവം തന്നെ അഴിച്ചെടക്കും. തെക്കന്‍കാറ്റില്‍ കടലിളകുമ്പോള്‍ വില്ലാപുരത്ത് ദേവന് പൂ കൊയ്യാന്‍ പോകുന്ന അഞ്ഞൂറ് വീരന്മാരില്‍ ഏറ്റവും ബലവും വീര്യവുമുള്ളവന്‍ മരക്കലമോടിച്ചു വരും. ചിലമ്പഴിച്ചെടുത്ത് അതേ മരക്കലം തുഴഞ്ഞുതുഴഞ്ഞുപോകും.

പൂങ്കന്യാവിനെപോലെ കടല്‍

ഉറച്ചില്‍കഴിഞ്ഞ് കുളിര്‍മ്മകൊടുക്കുന്ന തെയ്യത്തെ പോലെ കടല്‍ ശാന്തമായിരുന്നു. കടലിന്റെ മുമ്മൊഴികളുമായി കുളിര്‍ത്ത കാറ്റിളകി. വെള്ളിത്തിരമാലകള്‍ അസ്രാളന്‍ തമ്പാച്ചിയുടെ കാലുകളില്‍ കാക്കരു കെട്ടുകയും അഴിക്കുകയും ചെയ്തു കൊണ്ടിരുന്നു. എത്രയോ തവണ ഓടവും വലയുമായി ജീവിതം തേടിയലഞ്ഞ അതേ സമുദ്രവിശാലത. ഈ കടലില്‍ മുങ്ങിനിവര്‍ന്നാണ് ദൈവം തന്റെ പീഢിത ജീവിതം തേടിവന്നത്. അസ്രാളന്‍ കടലിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ചോപ്പ് ചുറ്റി അരമണിയും നെറ്റിപ്പട്ടവും കാല്‍ച്ചിലമ്പുകളുമണിഞ്ഞ് നില്‍ക്കുന്ന പൂങ്കന്യാവിനെപോലെ കടല്‍. ഇന്ന് മായക്കാറില്ല. ഇനി ആരുടേയും ജീവിതം തേടി മായക്കാര്‍ വരില്ല. എന്റേത് പഴയ കഥ. ഇത് പുതിയ കഥയുടെ കാലമാണ്. നാശത്തിന്റെ കാലമാണ്. കഥമുളക്കാത്ത ജീവന്‍ നശിച്ച അമ്‌ളഭൂമിയാണിന്നുള്ളത്. ഇപ്പൊഴത്തെ വാല്യക്കാര്‍ക്ക് പുതിയ കഥയാണ് വേണ്ടത്.

അസ്രാളന്‍ കടലിലേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ചോപ്പ് ചുറ്റി അരമണിയും നെറ്റിപ്പട്ടവും കാല്‍ച്ചിലമ്പുകളുമണിഞ്ഞ് നില്‍ക്കുന്ന പൂങ്കന്യാവിനെപോലെ കടല്‍

പുതിയ കഥകളറിയാത്തതിനാല്‍ മായക്കാറ് ഉറക്കമാണ് ഇനി ഉണരില്ല. ഈ ദുരന്തഭൂമിയില്‍ മായക്കാറുടെ ആവശ്യമില്ല. ഇനി തെക്ക് നിന്ന് ദൈവവാഹിയായ കച്ചാന്‍കാറ്റടിക്കില്ല. തിരുമുഖത്തോട് തിരുമുഖം ദര്‍ശിച്ച് നാല് കണ്ണും ദൃഷ്ടിച്ച് അസ്രാളന്റെ മൊഴികള്‍ കടലിന് മുകളില്‍ മുഴങ്ങി.

Daivathinte-kalpaadukal.jpg

കടല്‍ ഒന്നേയുള്ളു എന്നാണല്ലോ. പക്ഷേ ഇന്ന് കടല്‍ പലതാണ്. ചെമ്പകപ്പൂക്കളുലര്‍ന്ന കടല്‍ ഇനി മരക്കലപ്പാട്ടില്‍ പോലും കാണാന്‍ കഴിയില്ല. കുറുന്തോട്ടി മാമലകള്‍ ഒളിപ്പിച്ച കടലിന്റെ പാട്ടു തേടി ആരും വരില്ല. അകിലും വളര്‍കുങ്കുമവും കൊണ്ട് ഇനി ആര്‍ക്കാണ് മരക്കലം പണിയേണ്ടത്. മേലാശാരിയുടെ മരക്കല നിര്‍മ്മിതിയുടെ ഗണിതശാസ്ത്രപുസ്തകത്തിന് തീപിടിച്ചു. നേരറിവോനും നല്ലറിവോനുമായ നേക്കണിശന്റെ തൊണ്ടയിലെ പാട്ടുകെട്ടു പോകാന്‍ തുടങ്ങിയിരിക്കുന്നു. കണിയാന്‍നാരണേട്ടന് പകരം പാട്ടറിയാത്ത പണണമറിയുന്ന ജ്യോതിഷികള്‍ വന്നു. എത്രയോ കാലങ്ങളായി ധനുമസത്തില്‍ പാട്ടിന്റെ നീരണിയുന്ന മരക്കലക്കമ്പികള്‍ ഇനിയാരാണ് മീട്ടുക. ആര്യക്കെട്ടില്‍ നിന്നും കുളങ്ങാട്ട് മലയും കച്ചില്‍പട്ടണവും പാഴിപട്ടണവും എഴില്‍മലയും അചലപത്തനവും കിള്ളാനദിയും വപ്രാനദിയും കാണാനുള്ള മോഹവുമായി ദേവതമാര്‍ തുഴഞ്ഞ കടല്‍ ഇതല്ല. പതിനഞ്ചു വയസ്സില്‍ ആദ്യമായി പുറങ്കടലിലെത്തിയ ദിനങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്. അന്നത്തെ കടലിന്നില്ല, കരയിന്നില്ല. ചെക്കിയും ചെമ്പകവും ചെമ്പരത്തിയും പൂത്ത അതേ മലങ്കാടുകള്‍ ഇന്നില്ല. അന്നു പെയ്ത മഴയല്ല ഇന്നു പെയ്യുന്നത്. കടലിലടിഞ്ഞ അന്നത്തെ ചേറല്ല ഇന്നത്തെ ചേറ്. അന്നത്തെ മീനല്ല ഇന്നത്തെ മീന്‍. എല്ലാം മാറുമ്പോള്‍ കടലും മീനും ചേര്‍ന്ന് നിര്‍മ്മിച്ച നാട്ടുദൈവതങ്ങള്‍ക്കും മാറാതിരിക്കാനാകില്ലല്ലോ.  

Asralan-story-new-(5).jpg

അന്ന് മീനുകള്‍ക്ക് നല്ല രുചിയായിരുന്നു. മീനുകള്‍ മനഷ്യനെ ഭയപ്പെട്ടിരുന്നില്ല. മീനുകളുടെ സ്വാതന്ത്ര്യമായിരുന്നു പുറങ്കടല്‍പ്പരപ്പുകള്‍. ഇന്നത്തെ മീന്‍രുചിയല്ല ശരിക്കും മീനിന്റെ രുചി. അന്ന് കടല്‍ ശാന്തമായിരുന്നു. നിശ്ശബ്ദമായിരുന്നു. മീനുകള്‍ക്ക് തന്നെ തേടിവരുന്ന മീനവരെ അറിയാമായിരുന്നു. മനുഷ്യന്‍ ഭക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു കടലില്‍ പോയത്. കടല്‍ ഒരു കച്ചവട കേന്ദ്രമായിരുന്നില്ല. മനുഷ്യന്റെ ദുരയും ആസക്തിയും കടലില്‍ നുരഞ്ഞുപൊന്തിയിരുന്നില്ല.

അന്നം തരുന്ന കടലിനെ മനുഷ്യന്‍ ഒരിക്കലും മലിനമാക്കിയില്ല. ഇന്നു കാണുന്ന ഒരു യന്ത്രസാമഗ്രിയും രാസമാലിന്യത്താല്‍ കടലിനെ കൂട്ടിത്തൊട്ടശുദ്ധമാക്കിയില്ല

എഴുപത്തിയഞ്ച് വര്‍ഷം മുമ്പുള്ള കടല്‍ജീവിതമാണ്. അന്ന് മനുഷ്യന്‍ കടലില്‍ മീനും ജീവിതവുതമാണ് തേടി പോയത്. വിയര്‍പ്പുപൊട്ടി പണിയെടുത്തു. മനുഷ്യനില്‍ ഒരു കടലുണ്ടല്ലോ. കടലുപ്പ് തന്നെയാണ് വിയര്‍പ്പിലും പുരട്ടിയിരിക്കുന്നത്. കടല്‍ അമ്മയും ദൈവവുമാണ്. മനുഷ്യന്‍ കടലിനെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല. അഞ്ചുപേര്‍ വിയര്‍ത്ത് തണ്ടുവലിച്ചും ഒരാള്‍ ചുക്കാന്‍ പിടിച്ചും മറ്റേയാള്‍ സഹായത്തിനുമായി എഴുപേരാണ് പുറങ്കടലില്‍ ഒരോടത്തില്‍ വലയിളക്കാന്‍ പോയിരുന്നത്. മീനുകള്‍ വലയിലേക്കൊടിയെത്താന്‍ വേണ്ടി എത്രയോ തവണ ഞാന്‍ ആഴക്കടലിലേക്ക് എടുത്ത് ചാടീട്ടുണ്ട്. അന്നം തരുന്ന കടലിനെ മനുഷ്യന്‍ ഒരിക്കലും മലിനമാക്കിയില്ല. ഇന്നു കാണുന്ന ഒരു യന്ത്രസാമഗ്രിയും രാസമാലിന്യത്താല്‍ കടലിനെ കൂട്ടിത്തൊട്ടശുദ്ധമാക്കിയില്ല. ജീവന്‍ തളിര്‍ക്കുന്ന കടലിലെ ഉപ്പുവെള്ളം ഏറ്റവും പരിശുദ്ധമായിരുന്നു. അന്ന് മീനുകള്‍ മലിനപ്പെടാത്ത ഉപ്പുവെള്ളം മാത്രം കുടിച്ചു. ആ ഉപ്പുവെള്ളമാണ് മീനിന്റെ രുചി. ആ രുചി മീനുകള്‍ക്കിന്നില്ല. മനുഷ്യന്റേയും മീനിന്റേയും വിശപ്പകറ്റിയത് കടിലെ വിഷം കലരാത്ത ഉപ്പുവെള്ളമാണ്.

 Asralan-story-new-(27).jpg

മനുഷ്യരുടെ വിശപ്പിന്റെ, സങ്കടത്തിന്റെ കടല്‍ ഇന്നില്ല. ദൈവങ്ങള്‍ നീന്തിത്തുടിക്കുന്ന കടലും ഇന്നില്ല. കടല്‍ ഇന്ന് നിശ്ശബ്ദമല്ല, ശാന്തമല്ല, പരിശുദ്ധമല്ല. ഇന്ന് മീനുകള്‍ക്ക് മനുഷ്യനെ പേടിയാണ്. കടല്‍ ശബ്ദമുഖരിതമാണ്. ഭക്ഷണത്തിന് വേണ്ടിയല്ല ഇന്ന് മനുഷ്യന്‍ കടലില്‍ പോകുന്നത്. മനുഷ്യന്‍ കരയോട് കാണിക്കുന്ന എല്ലാ ദുരാഗ്രഹവും അത്യാര്‍ത്തിയും കടലിനോടും കാണിക്കുന്നു. ഓരോ നിമിഷവും കടല്‍ വിഷലിപ്തമാക്കുന്നു. സ്വന്തം ചാപ്പക്കുമുന്നിലെ ഇത്തിരിസ്ഥലത്ത് ചണവിത്തുകള്‍ വാളി മുളപ്പിച്ച് ചെടിയുടെ തണ്ടില്‍ നിന്നും ചണനൂലെടുത്താണ് അന്ന് വലകളുണ്ടാക്കിയത്. മീനിന് കയറാനും രക്ഷപ്പെടാനുമുള്ള സാധ്യതകള്‍ വലയ്ക്കുണ്ടായിരുന്നു. മനുഷ്യന്റെ വിശപ്പിനനുസരിച്ചാണ് വലക്കണ്ണികളുടെ വലുപ്പം നിശ്ചയിച്ചത്. ഇന്ന് മീന്‍കടല്‍ ഒരന്തര്‍ദ്ദേശീയ വിപണിയാണ്. മീനിനെക്കൊണ്ട് പലതുണ്ട് കാര്യങ്ങള്‍. കടല്‍ പട്ടണം പോലെ പ്രക്ഷുബ്ധമാണ്, ആസക്തമാണ്. പലവിധം യന്ത്രങ്ങളാണ്  മീന്‍പിടുത്തത്തിനായി കടലിലാകെ ഓടിക്കൊണ്ടിരിക്കുന്നത്. മീന്‍ എവിടെ പോയൊളിച്ചാലും അതിനെ പിടികൂടുന്നതിനുളള സാങ്കേതിക സംവിധാനങ്ങള്‍ നിലവിലുണ്ട്. പ്രജനനകാലത്ത് മീന്‍ പിടിക്കല്‍ നിരോധനമൊക്കെയുണ്ടെങ്കിലും മീന്‍പിടുത്തം നന്നായി നടക്കുന്നുണ്ട്. മീന്‍ ഇന്ന് വിശപ്പല്ല, പണമാണ്. കച്ചവടക്കാര്‍ കടലില്‍ ഒരു നിയമവും പാലിക്കുന്നില്ല. പണത്തിന് മുന്നില്‍ നേരും നെറിയും ധര്‍മ്മവുമില്ല. എത്ര ചെറിയമീനിനേയും കടലിന്റെ എത്ര ആഴത്തില്‍ ഒളിക്കുന്ന മീനിനെയും പിടിക്കാനുള്ള വിദ്യയൊക്കെ ഇന്നുണ്ട്. കടല്‍ ഓരോ നിമിഷവും വിഷം കുടിച്ചു കൊണ്ടിരിക്കുന്നു. കരയില്‍ തള്ളുന്ന എല്ലാ മാലിന്യങ്ങളും കടലില്‍ അടിയുന്നുണ്ട്. അതൊക്കെയും കടല്‍ കരയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നു. ഇന്ന് മീനുകള്‍ക്ക് രക്ഷയില്ല. മീനുകള്‍ ശുദ്ധമായ ഉപ്പുവെള്ളമല്ല ഇന്നു കുടിക്കുന്നത്. മാരകവിഷമുള്ള എണ്ണ കലര്‍ന്ന വെള്ളമാണ്  കുടിക്കുന്നത്. ഇന്ന് മീനിന് രുചിയില്ല. മീനിന്റെ തലയില്‍ മാറാരോഗമാണ്. അതാണ്  നമ്മള്‍ കഴിച്ചു കൊണ്ടിരിക്കുന്നത്.

devathamar-Marakkalam-Thuzhanja-Kadal.jpg

കടലും കരയും ഒരു പോലെയാണ്. കരയോട് ചെയ്യുന്ന ദ്രോഹം കടലിലാണവസാനിക്കുന്നത്. മനുഷ്യന് എങ്ങനെയായാലും പണമുണ്ടാക്കണം. അത് കടലിനേയും കരയേയും ദൈവങ്ങളേയും വിറ്റിട്ടാണെങ്കിലും മനുഷ്യന്‍ അതു ചെയ്യും.

മീനുകള്‍ ശുദ്ധമായ ഉപ്പുവെള്ളമല്ല ഇന്നു കുടിക്കുന്നത്. മാരകവിഷമുള്ള എണ്ണ കലര്‍ന്ന വെള്ളമാണ്  കുടിക്കുന്നത്. ഇന്ന് മീനിന് രുചിയില്ല. മീനിന്റെ തലയില്‍ മാറാരോഗമാണ്. അതാണ്  നമ്മള്‍ കഴിച്ചു കൊണ്ടിരിക്കുന്നത്

തെളിഞ്ഞ ഉപ്പുവെള്ളത്തിലെ മീനിനെ പോലെ ശുദ്ധമായ കാവന്തരീക്ഷത്തില്‍ വളര്‍ന്ന ദൈവങ്ങളുടേയും തലയില്‍ അസുഖം ബാധിച്ചിരിക്കുകയാണ്. കരയിലാകെ വിഷം കലര്‍ന്നിരിക്കുകയാണല്ലോ. മീനിന് സ്വച്ഛവും ശുദ്ധവുമായ കടല്‍ നഷ്ടപ്പെടുന്നതു പോലെ കരയിലെ ദൈവത്തിന് സ്വച്ഛമായ കാവകങ്ങള്‍ നഷ്ടമാവുകയാണ്. തലയില്‍ വിഷം രോഗമായി പെരുകുന്ന മീനിനെ പോലെ മരങ്ങളും കാട്ടുവള്ളിപ്പടര്‍പ്പുകളും കണ്ടല്‍വനങ്ങളും സ്വാഭാവിക പ്രകൃതിയും നഷ്ടപ്പെട്ട് വിഷം ശ്വസിക്കുന്ന തെയ്യത്തിന്റ തലയിലും രോഗമാണ്. വിഷം തിന്ന മീനിന്റെ രുചിനഷ്ടം പോലെ വിഷം തളിച്ച ചെക്കിപ്പൂവിലും മഞ്ഞള്‍ക്കുറിയിലും തെയ്യത്തിന്റെ സ്വാഭാവിക രുചിയും നഷ്ടപ്പെട്ടുപോയിട്ടുണ്ട്.  
ഇന്ന് കടലും കാവും ഒരുപോലെയാണ്. അന്നത്തെ കടല്‍ പോലെ അന്നത്തെ കാവകങ്ങളും ശാന്തമായിരുന്നു. അന്ന് കടലും കാവും മനഷ്യന്റെ ആര്‍ത്തിയുടേയോ ദുരാഗ്രഹത്തിന്റെയോ കേന്ദ്രങ്ങളായിരുന്നില്ല. കടലും കാവും നിശ്ശബ്ദമായിരുന്നു. കടലിലും കാവിലും വൈവിധ്യങ്ങളോടുകൂടിയ ജീവജാലങ്ങള്‍ സൈ്വര്യവിഹാരം നടത്തിയിരുന്നു. ഇന്ന് കടലിലെ മീനുകള്‍ക്കും കാവിലെ ദൈവങ്ങള്‍ക്കും ഒരു സമാധാനവുമില്ല. മനുഷ്യന്റെ എല്ലാ സ്വാര്‍ത്ഥചിന്തകള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഇന്ന് കടലും കാവും ഇരയാകുന്നുണ്ട്. കച്ചവടവും പണവുമാണ് രണ്ടിനേയും നിയന്ത്രിക്കുന്നത്.

 Kaavu_0.jpg


ഇനിയൊരു അസ്രാളന്‍ തമ്പാച്ചിയൊന്നും ഉണ്ടാകില്ല. ഇന്നത്തെ കാലത്ത് ഇതിന് ആരെ കിട്ടും?. സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാത്ത ദൈവമാകുന്ന പണിക്ക് ആരെങ്കിലും വരുമോ. ആകെയുള്ള ഒരു ജീവിതം ഇതിന് വേണ്ടി സമര്‍പ്പിക്കുമോ. നിലവിലുണ്ടായിരുന്ന തമ്പാച്ചി മരിച്ച് നാല്‍പത് വര്‍ഷം കഴിഞ്ഞിട്ടാണ് പുതിയ അസ്രാളന്‍ ദര്‍ശനപ്പെട്ട് വന്നത്. അതൊക്കെ പഴയ കത. ഇനി ദിരിശിനമൊന്നും കിട്ടൂല. ഇന്ന് കാവുകളും കടലും ഒന്നും മൊയോറുടെ കയ്യിലല്ല. കാവ് പുത്തന്‍തന്ത്രിമാരും കടല്‍ മൊതലാളിമാരും സ്വന്തമാക്കീലേ. നാട് ഭരിക്കുന്നവരൊക്ക അവരുടെ ആള്‍ക്കാരാ. ഇന്ന് മൊയോറുടെ കാവ് മൊയോറുടേതല്ല. പുലയരുടെ കാവ് പുലയരുടേതല്ല. തീയ്യരുടെ കാവ് തീയ്യരുടേതല്ല. വാണ്യരുടെ കാവ് വാണിയരുടേതല്ല. എല്ലാം പണമുള്ളവര്‍ കൊണ്ടുപോയി. മൊയോറുടെ താനങ്ങളില്‍ പ്രതിഷ്ഠ നടത്താനും കാലുംപലകസ്ഥാപിക്കാനും പണ്ടൊന്നും ഒരുതന്ത്രിയും ഉണ്ടായിരുന്നില്ല. ബ്രാഹ്മണരെ മൊയോര്‍ ബഹുമാനിച്ചിരുന്നു. ബ്രാഹ്​മണർ മൊയോറേയും. തന്ത്രിയുടെ പുണ്യാഹം കൊണ്ട് ശുദ്ധം വരുത്തിയ ഇല്ലക്കുളത്തില്‍ മീന്‍മണമുള്ള മുക്കുവന് കുളിക്കാനുള്ള അധികാരമുണ്ട്.  അത് അധികാര സ്ഥാപനമായിരുന്നില്ല. പരസ്പരബഹുമാനവും സഹവര്‍ത്തിത്വവുമായിരുന്നു. അല്ലാതെ കാവുകളുടെ അധികാരം തന്ത്രിമാര്‍ക്ക് പൂര്‍വികര്‍ കൊടുത്തിരുന്നില്ല. നവമുതലാളിത്തം മീനായമീനുകളെയെല്ലാം തപ്പിപ്പിടിച്ച് ആധിപത്യമുറപ്പിച്ച് ഉള്‍ക്കടല്‍ സ്വന്തമാക്കുന്നതുപോലെയാണ് നവബ്രാഹ്മണ്യവും പുത്തന്‍പണക്കാരും കാവിലെ ഉള്‍ക്കാട്ടിലോ ഗ്രാമങ്ങളിലോ താനത്തോ കോട്ടത്തോ അഭയം തേടിയ നമ്മുടെ നാട്ടുദൈവങ്ങളെയും കാട്ടുദൈവങ്ങളെയും വലവീശി പിടിക്കുന്നത്.

ഇന്ന് മൊയോറുടെ കാവ് മൊയോറുടേതല്ല. പുലയരുടെ കാവ് പുലയരുടേതല്ല. തീയ്യരുടെ കാവ് തീയ്യരുടേതല്ല. വാണ്യരുടെ കാവ് വാണിയരുടേതല്ല. എല്ലാം പണമുള്ളവര്‍ കൊണ്ടുപോയി

അതിന് വെളി കാണിച്ചു കൊടുക്കാന്‍ നമ്മുടെ ആളുകള്‍ തന്നെയുണ്ട്. കടല്‍ കേന്ദ്രീകരിച്ച് വന്‍മൂലധന ശക്തികള്‍ പ്രവര്‍ത്തിക്കുന്നതു പോലെ കാവു കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ കൊത്തിക്കീറിയ കുളങ്ങാട്ട്മലയുടേയും ഏഴില്‍മലയുടേയും പാങ്ങ് കണ്ടിട്ടാണ് വിദേശത്ത് നിന്നും കപ്പലില്‍ ദൈവങ്ങള്‍ ഈ തീരത്തേക്ക് വന്നത്. നമ്മുടെ തീരം തേടി എത്രയോ സഞ്ചാരികളും ദൈവങ്ങളും വര്‍ത്തക പ്രമാണിമാരും പ്രവാചകരും വന്നു. മലയില്‍ തലവെച്ച് കടലിലേക്ക് കാലുനീട്ടിയുറങ്ങുന്ന ഈ നാട്. മലയും ആഴവും ചേര്‍ന്ന മലയാളഭൂമി, കുന്നും അലയും ചേര്‍ന്ന കുന്നലനാടെന്ന ഈ ദ്രാവിഡഭൂമി അവരുടെ സ്വര്‍ഗ്ഗമായിരുന്നു. ദൈവങ്ങള്‍ക്കുപോലും ഈ നാട് സ്വപ്നം കാണാനേ പറ്റിയുള്ളു. അതിസാഹസികരായ സഞ്ചാരികളെ പോലെ ഒടുവില്‍ അവര്‍ ഈ കറുത്തമണ്ണും നീലജലവും ഇരുണ്ട മനുഷ്യരേയും തേടിവന്നു. വന്നവര്‍ വന്നവര്‍ തിരികെ പോയില്ല. പോകാനവര്‍ക്കാകില്ല. പലകാരണങ്ങളുണ്ടാക്കി മലനാട്ടിലെ തീയ്യരുടെ, മൊയോറുടെ, പുലയരുടെ പടിഞ്ഞാറ്റയില്‍ അവര്‍ കുടിയിരുന്നു. മൂത്ത കള്ള് കുടിച്ചു. ചുട്ട മത്തി തിന്നു. ചിറ്റേനി കുത്തി ചോറ് തിന്നു. ദീനവും മഹാമാരിയും സങ്കടവും ഉണ്ടാകുന്ന കാലങ്ങളില്‍ മനുഷ്യന് കാവലിരുന്നു. മലനാട് കണ്ട തെയ്യങ്ങള്‍ പേറ്റിച്ചിയായും വിഷഹാരിയായും അവര്‍ക്ക് മലങ്കാടുകളില്‍ കൂട്ടിരുന്നു. ദുരിതങ്ങള്‍ ഈയ്യംപോലെ വരിഷിക്കുമ്പോള്‍ പൈതങ്ങള്‍ക്കുമുകളില്‍ കരുതലിന്റെ ഇരുമ്പുകുട ചൂടിനിന്നു.  അന്തിത്തിരിയും കൂകിത്തെളിഞ്ഞ പാര്‍കോഴിയും മധുക്കലശവുമായി ആനയിച്ചവരെ മഹാമാരിക്കു വിട്ടു കൊടുക്കാതെ കാത്തു. മനുഷ്യരോട് ശുദ്ധമായ വായു, ശുദ്ധമായ വെള്ളം, ശുദ്ധമായ ഭക്ഷണം, ശുദ്ധമായ തൊഴില്‍ എന്ന ജീവിത തത്വം എകര്‍ന്ന മലയും പടര്‍ന്ന വള്ളിയും കുഴിഞ്ഞ സമുദ്രവും ആധാരമാക്കി പറഞ്ഞുകൊണ്ടിരുന്നു.

Asralan-story-photos-(96)-(1).jpg

പക്ഷേ പുതിയ കാലം ഈ ഭൂമിയും ഈ വെള്ളവും  അശുദ്ധമാക്കി. പൊന്നിന്‍പഴുക്ക പോലത്തെ പെണ്ണുങ്ങളും തെറവും അര്‍ക്കത്തുമുള്ള വീരന്മാരും ഒളിവളര്‍ന്ന മലകളും താഴ് വാരങ്ങളും നെയ്തലാമ്പല്‍പ്പൊയ്കകളും യന്ത്രങ്ങള്‍ വന്ന് കിളച്ചുമറിച്ചു. ദൈവങ്ങളുടെ ചോരവാര്‍ന്ന മണ്ണോര്‍മ്മകളെ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോയി. പൊട്ടിച്ചു കൊണ്ടുപോകുന്ന മലയിലും മണ്ണിലും തകര്‍ന്നുപോയ മരക്കലക്കമ്പികള്‍ മീട്ടിയ രാഗങ്ങളെ അടക്കം ചെയ്തിട്ടുണ്ട്. ദേവഗന്ധമിറ്റിയ നിങ്ങളുടെ കരിങ്കല്‍ക്കൊട്ടാരങ്ങളുടെ അകത്തളങ്ങളില്‍ നേരംകെട്ട നേരത്ത് പാട്ട് കേക്കാം, കടലിളക്കം കേള്‍ക്കാം. അപ്പോ പേടിച്ചിട്ട് കാര്യമൊന്നുമില്ല. കാണാത്തത് കാണുന്നുവെന്നും കേള്‍ക്കാത്തത് കേള്‍ക്കുന്നുവെന്നും തെയ്യത്തോട് സങ്കടമുണര്‍ത്തിച്ചിട്ട് കാര്യമില്ല.
പിറന്ന നാടുംവീടും സുഖങ്ങളുമുപേക്ഷിച്ച അസ്രാളനാണ് നിങ്ങളുടെ കരം പിടിച്ചിരിക്കുന്നത്. ഈ ഭൂമി ജീവിക്കാന്‍ കൊള്ളില്ലെന്നും ഇവിടെ പണിയെടുക്കാന്‍പറ്റില്ലെന്നും പറഞ്ഞ് നിങ്ങള്‍ വിമാനമേറി പറന്നുപോയി. തെയ്യത്തിനും പാട്ടിനും പൂരത്തിനും നിങ്ങള്‍ മറുനാടുകളില്‍ നിന്നും വന്നുചേര്‍ന്നു. ഈ നാടുപേക്ഷിച്ചു പോകുന്നവരോടാണ് ഇനിയും ഈ നാടു കണ്ടുമതിവരാത്ത തെയ്യം അടയാളം നല്‍കി ചൊല്ലിക്കെട്ടുന്നത്. ‘പഞ്ചസാരകൊണ്ട് തടം മാടി അതില്‍ തേനൊഴിച്ച് നുകരുന്ന മധുരഭോജ്യം പോലെ എന്നെ നിങ്ങള്‍ അനുഭവിച്ചില്ലേ. ന്ങ്ങളെ ഉപേക്ഷിച്ച് പോകാനോ കൊക്കില്‍ കൊത്തിയെടുത്ത് പറക്കാനോ എനക്ക് പറ്റുന്നില്ലല്ലോ.'; തെയ്യം കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചുപോകാനുള്ള വിമാനയാത്ര ഉറപ്പാക്കിയ നിങ്ങളുടെ കരം നുകര്‍ന്ന് നെറുകയില്‍ മഞ്ഞള്‍ക്കുറി തൊട്ട് അസ്രാളന്റെ സങ്കടക്കൂറുകള്‍. കണ്ണുകള്‍ ഉപ്പുനീരണിയുന്നത് ദൈവത്തിന്റേതാണ്. മുടിയെടുത്ത് പിരിഞ്ഞുപോകല്‍ അത്രമേല്‍ സങ്കടകരമാണ്. നീലക്കടലാനകള്‍ക്കൊപ്പം മരക്കലം തുഴഞ്ഞ കാട്ടാനകള്‍ക്കൊപ്പം കാടിളക്കിയ മീന്‍മണമുള്ള മനുഷ്യന്റെ സങ്കടം.


അസ്രാളന്‍ സീരീസിലെ മറ്റുഭാഗങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക.

  • Tags
  • #Cultural Studies
  • #VK Anilkumar
  • #Asralan Series
  • #Theyyam
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

M.Dasan

15 Aug 2020, 10:18 AM

Thanku for the valuable information. Congrats.like to know more about it. Can I have ur no. Can I call u

ജഗദീഷ് തുളുവൻ ,എടാട്ടുമ്മൽ

4 Aug 2020, 01:25 PM

ഞാൻ ഉൾപ്പെടുന്ന സമുദായത്തിന്റെ തൊഴിലും ജീവിതവും ആരാധിക്കുന്ന ദൈവങ്ങളുടെ വരവും അസ്റ്റാളൻ തമ്പാച്ചിയുടെ ജീവിതത്തിലൂടെ വളരെ തട്ടത്തിലുള്ള പഠനം നടത്തി വിശദമായി എഴുതിയ അനിൽ കുമാറിന് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ലിജിൻ വെങ്ങാട്ട്

1 Aug 2020, 07:37 PM

ആശ്രളൻ മീൻ മണമുള്ള ദൈവം VK അനിൽകുമാർന്റെ ലേഖനം നല്ല നിലവാരം പുലർത്തി. ഇതിൽ കടലും കപ്പലും കടൽതിരയും തീരവും കുളങ്ങട്ട് മലയും നാടും വീടും കപ്പൽ നിർമാനവും മീനും മീൻ പിടിത്തക്കാരും മീൻചട്ടിയും മനുഷ്യരും ഗോത്രവും ജാതി സമൂഹവും വിശ്വാസവും സംസ്കാരവും ജീവിതവും ഉണ്ട് പിന്നെ, മൂന്നു ജില്ലകളും ഉണ്ട്. കോഴിക്കോട് ജില്ലയിലെ സമൂതിരി കോവിലകത്തെ തമ്പുരാന്മാരുടെ വലയനാട്ടുദേവിയും വാതിൽ കാപനായ ക്ഷേത്രപ്പാലകനുണ്ട് കണ്ണൂർ ജില്ലയിലെ ചിറക്കല്കോവിലകം, കാസർഗോഡ് ജില്ലയിലെ ഉദിനൂർ കൂലോം അതിനടുത്തുള്ള ആയിറ്റി കാവ് ഇതിനടുത്തുള്ള ഇടയില കാട് അവിടെ കുടിയിരിക്കുന്ന വലയനാട്ട് ഭഗവതി കൂടെയുള്ള വാതിൽകാപനയ് ക്ഷേത്രപ്പാലകൻ ഈശ്വശ്വരൻ തൊട്ടടുത്തുള്ള കുറുവാപ്പള്ളി അറ കോയൊങ്കര ശ്രീപയ്യക്കൽ ഭഗവതി ക്ഷേത്രം ഇതിനെ ഒക്കെ ചേർത്തുവച്ച ലേഖനം സാമൂഹ്യ പാഠം നൽകുന്നതായിരുന്നു. ഈ ലേഖനം തയ്യാറാക്കിയ VK അനിൽകുമാർ നും ഫോട്ടോഗ്രാഫർക്കും അമ്പാടി വെളിച്ചപ്പാടാനും ഭാര്യകും അഭിനന്ദനങ്ങൾ അറിയിക്കുന്നു

sandeep kkkot

1 Aug 2020, 03:56 PM

കരകാണാത്ത കടലില്‍ വലയിളക്കി കിട്ടിയ ,രാസതീര്‍ഥം കുടിക്കാത്ത ഉപ്പുവെള്ളം മാത്രം മാത്രം കുടിച്ച മീനിന്‍റെ രുചി നുകര്‍ന്ന ഒരു അനുഭവം വായനയിലൂടെ കിട്ടി. വെറുമൊരു തേളപ്രത്ത് അമ്പാടി മൊയോനിലൂടെ സഞ്ചരിച്ച് അദ്ദേഹം അസ്രാളന്‍ തമ്പാച്ചിയായും പിന്നീട് തമ്പാച്ചി ജീവിതത്തിലൂടെ സഞ്ചരിച്ച് ഒരു ജാതിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിത സംസ്കാരം കരട് കലര്‍ത്താതെ, കടല്‍ ജീവിതത്തിലൂടെ വരച്ചുകാട്ടിത്തന്നു. ആരുമറിയാതെ പോകുമായിരുന്ന, ഒരു ചരിത്ര പുസ്തകത്തിലും എഴുച്ചേര്‍ക്കാത്ത എന്തിനേറെ നമ്മളുടെ നാടുകളില്‍ കൊട്ടിഘോഷിച്ചുകൊണ്ട് സാംസ്കാരിക നായകന്മാരെയും എഴുത്തുകാരെയും കൂട്ടി ചേര്‍ത്ത കമ്മിറ്റികള്‍ പുറത്തിറക്കുന്ന ഏത് പെരുങ്കളിയാട്ട സ്മരണികകളിലാണ് ഇത്രവും വിപുലമായി അസ്രാളന്‍ ദേവത്തെ എഴുതിച്ചേര്‍ത്തത്....... അന്ന് മനുഷ്യന്റെ വിശപ്പിനനുസരിച്ചാണ് വലക്കണ്ണികളുടെ വലുപ്പം നിശ്ചയിച്ചത്. ഇന്നോ........... അനിലേട്ടന്‍ പറഞ്ഞത് ശെരിയാണ് ,സാമ്പത്തികമായി യാതൊരു മെച്ചവുമില്ലാത്ത ദൈവമാകുന്ന പണിക്ക് ആരെങ്കിലും ഇനി വരുമോ ! ഭക്തിഭ്രാന്ത് വെന്തുതിളയ്ക്കുന്ന വെറും ആരാധനാലയങ്ങളായി കാവുകളെ പുനപ്രതിഷ്ഠിക്കുന്ന, കാവുകളുടെ ചരിത്രപശ്ചാത്തലത്തെയും പാരിസ്ഥിതിക ദര്‍ശനങ്ങളെയും കടുംവെട്ടില്‍ കൊന്നു വീഴ്ത്തുന്ന ഒരു കാലത്ത്​ അടിസ്​ഥാന മനുഷ്യരിലൂടെ ഒരപൂർവ യാത്രതന്നെയാണ് അനിട്ടേന്‍ നടത്തിയത്...... അസ്രാളന്‍ മീന്‍മണക്കുന്ന ദൈവം, ആവീരെ നീരും കാതേരെ തണലും വെളുത്ത മണലും കുളുത്ത പടലും, തേളപ്പുറത്തെ വെള്ളിവെളിച്ചം അന്നുമീനുകള്‍ ഉപ്പുവെള്ളം മാത്രം കുടിച്ചു.. ഇതിലേത് വായിക്കുമ്പോഴാണ് കവിതയുടെ മണം മണക്കാത്തത്.......... എല്ലാ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം.... തെയ്യം തൊണ്ടപൊട്ടിപറയുന്നത് ആര് കേള്‍ക്കാന്‍ ഉത്തരകേരളത്തിന് ഇങ്ങയുമൊരു ചരിത്രമുണ്ടെന്ന് പുതുതലമുറ പഠിക്കട്ടെ, രാസവെള്ളം കലര്‍ന്ന കടലിലൂടെ ഇനി ഏത് ദൈവം മരക്കലത്തിലേരി വരും........ഇവകളൊക്കെയും ചിതലരിക്കാത്ത ഒരു ചരിത്രഗ്രന്ഥമായി എന്നെന്നും കാത്തുസൂക്ഷിക്കും.

എം.രവീന്ദ്രൻ പയ്യട്ടം

29 Jul 2020, 01:06 PM

അസ്രാളൻ തമ്പാച്ചിയുടെ ജീവിതം വായിച്ചു തീർന്നപ്പോൾ ഉള്ളകത്തെവിടെയോ ഒരു കടലിരമ്പി. പിന്നാലെയൊരു കാവിളകി... മരക്കലമേറി വന്ന ദൈവങ്ങളുടെ തിരിച്ചു പോക്കിന്റെ ചിലമ്പൊച്ച കേട്ടു. അവരുടെ പിന്നാലെ പോകുന്ന അസ്രാളനെ കണ്ടു. അധികാരവും പണവും കവർന്നെടുക്കുന്ന വിശുദ്ധമായ ഗ്രാമസംസ്കാരത്തിനു വിലാപ കാവ്യമെഴുതുന്ന വി കെ അനിൽ കുമാറിനെ കണ്ടു. ആഗോള വലക്കെട്ടുകൾ കുടഞ്ഞിടുന്ന വമ്പൻ സ്രാവുകൾക്കിരയാകാനാണ് ഇനി നാട്ടു ദൈവങ്ങളുടേയും അസ്രാളന്മാരുടേയും വിധി. ഒരു നിയോഗം പോലെ കണ്ണുചിമ്മാതെ കീഴാള ദെൈവങ്ങൾക്ക് കാവലാളാകുന്ന എഴുത്തുകാരന് നന്ദി

ഗിരീഷ് പൂക്കോത്ത്

28 Jul 2020, 04:15 AM

പ്രിയ വി.കെ.അനിൽകുമാർ... ഉറക്കം ഞെട്ടിയുണർന്ന ഇന്നത്തെ പുലർകാലത്തെ ഏകാന്തതയിൽ ഇടതടവില്ലാതെ വായിച്ചു തീർത്തു. ഒന്നും പറയാനില്ല. ഹൃദ്യമായ ഭാഷ.അഭിനന്ദനങ്ങൾ.

ടി സി വി സതീശൻ

27 Jul 2020, 07:13 PM

ഒരുപാട് അറിവുകൾ നൽകിയ ലേഖനം. അസ്രാളന്‍ തമ്പാച്ചി നടന്നു പോകുമ്പോള്‍ അനുസരണയുള്ള നായക്കുട്ടിയെ പോലെ ഒരു പെരുങ്കടല്‍ പിന്നാലെ പോകുന്നത് മൊയോര്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കും എന്തൊരു ഭാഷയാണ് അനിൽകുമാറേ, ഫിക് ഷൻ തോറ്റുപോവുമല്ലോ.. അഭിനന്ദനങ്ങൾ.

ശശിലേഖ

26 Jul 2020, 11:10 PM

ഗംഭീരം, കടലും കരയും മണക്കുന്ന മനുഷ്യരുടെ എഴുതപ്പെടാത്ത ജീവിത ചരിത്രങ്ങളുടെ നേർചിത്രം. പച്ചയായ ഭാഷ.അനിലിൻ്റെ എഴുത്തിലൂടെ തമ്പാച്ചിയുടെ ദിരിശിനം നമുക്കും കിട്ടിയിരിക്കുന്നു.

സുരേന്ദ്രകുമാർ ടി പി

26 Jul 2020, 03:40 PM

നാല് ഭാഗങ്ങളിലായി വന്ന അസ്രളാൻ തമ്പാച്ചി യുടെദൈവ തുല്യമായ ജീവിതം, ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം എത്ര ഹൃദ്യമായാ ണ് അവതരിപ്പിച്ചിരിക്കുന്നത്. എന്തോരു ഭാഷാശൈലി, കല, സംസ്കാരം, ചരിത്രം, ധന തത്വ ശാസ്ത്രം വരെ സൂക്ഷ്മമായി പ്രതിപാദിച്ചിരിക്കുന്നു . ഇങ്ങനെ യൊരു അനുഭവം തന്നതിന് മനസാൽ അനിലിനെ നമിക്കുന്നു .

വൈക്കത്ത് അനിൽ കുമാർ

26 Jul 2020, 01:08 PM

ദർശനെമെന്നത് അറിവും ദിരിശനമെന്നത് അറിവിനപ്പുറത്തുള്ള അനുഭവമാണെന്നുള്ള നിരീക്ഷണത്തെ എങ്ങനെ ഉപമിക്കും ! അസ്രാ ളൻ തമ്പാച്ചിയുടെ ദിരിശനം സിദ്ധിച്ചതു കൊണ്ടായിരിക്കണം അനിൽ കുമാറിന് ലേഖനത്തിലൂടെ ഇങ്ങെനെ ഉറഞ്ഞ് തുള്ളാൻ സാധിച്ചത് ! അഭിനന്ദനങ്ങൾ !

ayyappan

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്  

Nov 17, 2020

21 Minutes Listening

25YearsOfDDLJ

Cultural Studies

റിമ മാത്യു

ബോളിവുഡ്​ അഥവാ  ദ ഗ്രേറ്റ് ഇന്ത്യന്‍ മൊറാലിറ്റി

Oct 31, 2020

18 Minutes Read

Lakshmi Rajeev and Dr. TS Shyamkumar 2 3

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

സ്ത്രീകള്‍ എങ്ങനെ ആരാധനാ പദ്ധതികളില്‍ നിന്ന് ബഹിഷ്‌കൃതരായി?

Oct 26, 2020

6 Minutes Read

adfdaf

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

Oct 22, 2020

3 Minutes Read

Sreenarayana Guru

Cultural Studies

കെ. എസ്. ഇന്ദുലേഖ

നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല

Sep 20, 2020

11 Minutes Read

പപ്പുവാന്യൂഗിനിയ

Cultural Studies

അശോകകുമാർ വി.

കൊന്ത, കബറ് , സുറുമ എജ്ജാതി ഭാഷകളാണ്...

Aug 29, 2020

13 Minutes Read

Sreejan

Cultural Studies

വി. സി. ശ്രീജന്‍

ശൂദ്രൻ, ചട്ടമ്പിസ്വാമിയുടെ പ്രയോഗങ്ങൾ

Aug 18, 2020

19 Minutes Read

Anilkumar

Cultural Studies

വി. കെ. അനില്‍കുമാര്‍

കുരങ്ങുകളിക്കാരുടെ കെണി

Aug 06, 2020

31 Minutes Read

Next Article

മൃതദേഹങ്ങള്‍ തുമ്മില്ല, ചുമയ്ക്കില്ല, അത് കൊണ്ട് കോവിഡ് പകരില്ല

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster