തീയ്യരുടെ കുലഗുരുവായ
മുത്തപ്പനില്ലാത്ത എന്ത് മുസ്ലിം
വിരുദ്ധതയാണ് കരിവെള്ളൂരിലെ
ക്ഷേത്ര പ്രമാണിമാര്‍ക്കുള്ളത്?
തീയ്യരുടെ കുലഗുരുവായ മുത്തപ്പനില്ലാത്ത എന്ത് മുസ്ലിം വിരുദ്ധതയാണ് കരിവെള്ളൂരിലെ ക്ഷേത്ര പ്രമാണിമാര്‍ക്കുള്ളത്?
പുരോഗമനവും വിപ്ലവുമൊക്കെ റോട്ടില്‍ മാത്രം. കാവെന്ന ക്ഷേത്രത്തിലെത്തിയാല്‍ എല്ലാവരുടെയും ശരീര ഭാഷ മാറും. കുപ്പായമൂരിയ തന്ത്രികളാണിവര്‍. തികഞ്ഞ കുലപുരുഷന്മാര്‍. മനുഷ്യർ അവരുടെ എല്ലാ സങ്കടങ്ങളോടെയും ഒത്തുകൂടിയ കാവിടങ്ങളൊക്കെ കനത്ത ജാതി വിവേചനത്തിന്റെ തീവ്രഭക്തിയുടെ കേന്ദ്രങ്ങളാക്കി ഈ പുരോഗമനക്കാര്‍ മാറ്റിക്കഴിഞ്ഞു. കുപ്പായമിട്ട് ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കീഞ്ഞാല്‍ പുരോഗമനവും വിപ്ലവവും ഉടന്‍ തിളച്ച് തുടങ്ങും. ഇത്തരം വിരോധാ ഭാസങ്ങളുടെ കളിയാട്ടമാണ് ഇന്ന് ഉത്തരകേരളത്തില്‍ പലേടത്തും നടമാടുന്നത്.
19 Mar 2022, 11:18 AM
കരിവെള്ളൂരിലെ ജാതിഭ്രഷ്ടിനെ കുറിച്ച് ഒന്നും എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതായിരുന്നു.
ജാതി ഭ്രഷ്ട്, ഊരുവിലക്ക്, അയിത്തം, ആചാര ലംഘനം തുടങ്ങിയ അധികാരത്തിന്റെ പീഡന സങ്കേതങ്ങള്‍ സര്‍വ സ്വാതന്ത്ര്യത്തോടെയും വിഹരിക്കുന്ന വേദഭൂമികളായി ഉത്തര മലബാര്‍ എന്നേമാറിക്കഴിഞ്ഞു. മറത്ത് കളി രംഗത്തെ പണ്ഡിതനും തീയ്യ സമുദായക്കാരനുമായ വിനോദ് പണിക്കറുടെ വിലക്ക് വാര്‍ത്ത കേട്ടപ്പോ എന്തെങ്കിലും പുതുമയോ അതിശയമോ ഒന്നും തോന്നിയില്ല. ജാതിഭ്രഷ്ടിന്റെയും ഊരുവിലക്കിന്റെയും നീതി നിഷേധത്തിന്റെയും തൊഴില്‍ നിഷേധത്തിന്റെയും എത്രയോ കണ്ണീര്‍ക്കഥകള്‍ കെട്ടു നാറി അഴുകി അടിഞ്ഞുക്കിടക്കുകയാണ് നമ്മുടെ ആചാരാനുഷ്ഠാന കേന്ദ്രങ്ങളില്‍. മൂക്കുപൊത്തി മാത്രമേ അതിന്റെ പരിസരത്തൂടെ നടന്നു പോകാനാകൂ.
കൈക്കോട്ടു പണിക്കാരുടെ ഭരതമുനിയും ദണ്ഡിയും
വിപ്ലവത്തിന്റെ ഉഷ്ണജ്വാലയണയാത്ത കരിവെള്ളൂരിലെ ചോന്ന മണ്ണിലിരുന്ന് വിലക്കിന്റെ രസകരമായ അനുഭവങ്ങള്‍ വിനോദേട്ടന്‍ (വിനോദ് പണിക്കര്‍ ) സംസാരിക്കുകയായിരുന്നു.

തീയ്യന്മാരുടെ രണ്ട് മഹാക്ഷേത്രങ്ങളാണ് മറ്റൊരു തീയ്യനെ വിലക്കിയിരിക്കുന്നത്. അത് മറത്ത് കളി രംഗത്തെ ഒരു പ്രതിഭയെ ആണെന്നുള്ളത് ഏറെ കൗതുകകരമായ കാര്യമാണ്.
ഉത്തരകേരളത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തികച്ചും പ്രാദേശികമായ എര്‍പ്പാടായതിനാല്‍ പല പ്രശ്‌നങ്ങള്‍ക്കും അതിന്റെ അനുഷ്ഠാന പരിസരത്തിനു പുറത്ത് യാതൊരു ശ്രദ്ധയും കിട്ടാറില്ല. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയം എന്ന നിലയ്ക്ക് അത് ചര്‍ച്ച ചെയ്യപ്പെടുകയോ പൊതുജന ശ്രദ്ധയിലേക്ക് വരികയോ ചെയ്യാറുമില്ല.
നമ്മുടെ മറത്ത് കളിയും അങ്ങനെ തികച്ചും പ്രാദേശികമായ ഒരനുഷ്ഠാനമാണ്.
കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയിലുള്ള വളരെ കുറച്ചുപേര്‍ക്കുമാത്രം ഗ്രാഹ്യമുള്ള അതീവ സങ്കേതബദ്ധമായ ഒരനുഷ്ഠാന പദ്ധതിയാണ് മറത്ത് കളി.
പോയ കാലത്ത് കേരളത്തിലെ ഇതര ഭാഗങ്ങളില്‍ ബ്രാഹ്മണരായ പണ്ഡിത സാര്‍വ്വഭൗമന്മാര്‍ മാത്രമാണ് സംസ്‌കൃത വൈജ്ഞാനിക മേഖലയില്‍ വ്യാപരിച്ചിരുന്നത്. അങ്ങനെയൊരു കാലത്ത് തന്നെയാണ് തൃക്കരിപ്പൂരിലെയോ കരിവെള്ളൂരിലെയോ പിലിക്കോട്ടേയോ കണ്ടംകൊത്തുന്നവരും കാലിപൂട്ടുന്നവരും ബീഡിപ്പണിയെടുക്കുന്നവരും സംസ്‌കൃത സാഹിത്യവും നാട്യശാസ്ത്രവുമൊക്കെ പച്ചവെള്ളം പോലെ കൈകാര്യം ചെയ്തിരുന്നത്.
തൃക്കരിപ്പൂരിലെ പഴയ വീട്ടില്‍ പ്രാഥമിക വിദ്യാഭ്യസം മാത്രമുള്ള അച്ഛന്‍ വെറും കട്ടിലില്‍ കിടന്ന്
‘ഉദയഗിരി ചുകന്നു ഭാനു ബിംബം വിളങ്ങി
നളിനമുകുളജാലെ മന്ദഹാസം തിളങ്ങി...’
എന്നുതുടങ്ങുന്ന കാവ്യം നല്ല ഈണത്തില്‍ അക്ഷരസ്ഫുടതയോടെ ചൊല്ലുമായിരുന്നു. ഗീതയും ശ്രീകൃഷ്ണചരിതം മണിപ്രവാളവും ചൊല്ലി അര്‍ത്ഥം വ്യാഖ്യാനിക്കുമായിരുന്നു. അച്ഛന്റെ അങ്ങാടിയില്‍ വരുന്ന അക്ഷരമറിയാത്ത ചങ്ങാതിക്ക് പുരാണങ്ങള്‍ വായിച്ച് അര്‍ത്ഥം വിവരിച്ചുകൊടുക്കുന്നത് കുട്ടിക്കാലത്തെ പതിവ് കാഴ്ചയാണ്.

മറത്ത് കളിയെ കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. ഭ്രഷ്ടിനെയും അയിത്തത്തെയും മറികടന്ന് തീയ്യന്മാര്‍ ഉത്തരകേരളത്തില്‍ സാധ്യമാക്കിയ സംസ്‌കൃത വൈജ്ഞാനിക പാരമ്പര്യത്തെ കുറിച്ച്. ഒരു പക്ഷേ കേരളത്തില്‍ തീയ്യന്മാര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്ന്. ഇപ്പോള്‍ 80 പിന്നിട്ട കുണിയന്‍ ദാമോദരന്‍ പണിക്കറും പിലിക്കോട് മാധവന്‍ പണിക്കറും സംസ്‌കൃത കാവ്യങ്ങളും മീമാംസയും ജ്യോതിഷ ശാസ്ത്രവും വേദാന്തവുമൊക്കെ പഠിച്ചെടുത്ത കഠിന കാലത്തെ കുറിച്ച് എത്രയോ തവണ പറഞ്ഞിട്ടുണ്ട്.
ദീര്‍ഘദൂരം കാല്‍നടയായി പോകണം.
ചെരിപ്പിടാന്‍ പോലും അധികാരമില്ല.
സ്വാതന്ത്ര്യാനന്തരം ജന്മിത്വത്തിന്റെയും അധികാരവാഴ്ചയുടെയും കാലം.
പണ്ഡിതന്മാരായ കൊടക്കാട്ടെയും പിലിക്കോട്ടെയും ബ്രാഹ്മണരുടെ ഇല്ലങ്ങളിലെ തൊഴുത്തിലും പറമ്പിലും ഒളിച്ചും പതുങ്ങിയുമാണ് അവര്‍ സംസ്‌ക്യത പഠനം നടത്തിയത്. ദണ്ഡിയെയും ഭാമഹനെയും ചൊല്ലിപ്പഠിച്ച അതേ നാക്കുകൊണ്ട് കണ്ടം പൂട്ടുമ്പോള്‍ പോത്തുകളുടെ പുറത്തടിച്ച് ദാമോദരന്‍ പണിക്കര്‍ ഹോ:.. ഹോ... എന്ന് വിളിച്ചു., സംസ്‌കൃത വിജ്ഞാനത്തിന്റെ വിളഭൂമികള്‍ പോത്തുകള്‍ ഉഴുതുമറിച്ചു.
മേത്തെ ചളി കുഴുകിക്കളയാതെ കണ്ടത്തില്‍ കരുവാളിച്ച തീയ്യന്മാര്‍ കാളിദാസനെയും ഭാസനെയും ഭവഭൂതിയെയും വ്യാഖ്യാനിച്ചു.
ചെമ്പകമണമോലുന്ന മീനരാവുകളില്‍ അവര്‍ ഭരതമുനിയെയും രാജശേഖരനയും കീറിപ്പിളര്‍ന്നു. ഭണ്ഡിയുടെയും ഭരതമുനിയുടെയും ശ്ലോകങ്ങളാല്‍ കാവ് മുറ്റത്തെ കളിപ്പന്തല്‍ മുഖരിതമായി.
ഇത് പൂണൂലിട്ടവന്റെയല്ല കൈക്കോട്ട് പിടിച്ച് തഴമ്പ് പൊട്ടിയവന്റെ സംസ്‌കൃതമാണ്.
അക്ഷരമെന്തെന്നറിയാത്തവര്‍ നാട്യവും രസവും നാടകയോഗിയും അറിഞ്ഞു.
അക്ഷരമറിവും ബ്രാഹ്മണ്യവുമല്ല വിജ്ഞാനത്തിനാധരമെന്ന് തര്‍ക്കിച്ച് മറത്തുകളിപ്പന്തലില്‍ പണിക്കന്മാര്‍ പോരെടുത്തു. കൊട്ടനും അമ്പുവും പൊക്കനും ചിണ്ടനും കോരനും അങ്ങനെ തെരുവന്‍ മുണ്ടുടുത്ത് കൊട്ടമ്പാളയിട്ട പലരും സംസ്‌കൃതത്തില്‍ സംസാരിച്ചു. തൃക്കരിപ്പൂരിലെയോ പയ്യന്നൂരിലെയോ ഏറ്റവും സാധാരണക്കാരായ മനുഷ്യരാണ് അക്ഷരമറിയാത്ത ജനതയു മുന്നില്‍ സംസ്‌കൃത ജ്ഞാനശേഖരത്തിന്റെ കെട്ടഴിക്കുന്നത്.
അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വടക്കെ മലബാറിലെ കാഴ്ചകളാണ്. എത്രയെത്ര പ്രതിസന്ധികളും കഷ്ടതകളും അതിജീവിച്ചാണ് മറത്തു കളിയെന്ന വിജ്ഞാനാധിഷ്ഠിതമായ നാട്യകല ഈ നിലയിലെത്തിയത്.
പിലിക്കോട് മാധവന്‍ പണിക്കറും കരിവെള്ളൂര്‍ ദാമോദരന്‍ പണിക്കറും സംസ്‌കൃതാഭ്യസനത്തിന്റെ അനുഭവങ്ങള്‍ പറയുമ്പോള്‍ തരിച്ചിരുന്ന് കേള്‍ക്കാനെ കഴിയൂ.
ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും കാലം.
സംസ്‌കൃത വിദ്യാഭ്യാസം എന്നത് മേല്‍ജാതിക്കാരനുപോലും ചിന്തിക്കാന്‍ പറ്റാത്ത കാലം. കണ്ടത്തില്‍ പണിയെടുക്കുന്ന തീയ്യന്മാര്‍ക്കെന്ത് വേദം? എന്ത് പാണിനീയം? അന്ന് ഇല്ലത്തിനുപുറത്തുള്ള ഇതര ബ്രാഹ്മണന്മാര്‍ അറിയാതെ വേണം സംസ്‌കൃത പഠനം നടത്താന്‍. ആരെങ്കിലും അറിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ഉത്തരകേരളത്തിലെ തീയ്യന്മാര്‍ സംസ്‌കൃവിജ്ഞാനത്തിന്റെ അമരക്കാരായത് എഴുതപ്പെടാത്ത ചരിത്രമാണ്. ഉത്തര കേരളത്തിനുമാത്രം സ്വന്തമായ സംസ്‌കാരം.
കണ്ടത്തില്‍ കഠിനാധ്വാനം ചെയ്ത് കരുവാളിച്ച തീയ്യന്റെ ചൂടും ചൂരുമുണ്ട് കാളിദാസന്റെയും ഭരതമുനിയുടെയും സംസ്‌കൃത കല്പനകള്‍ക്ക്.
ഇത് ഉത്തരകേരളത്തിലെ വസന്തോത്സവമായ പൂരക്കളിയില്‍ മാത്രം അനുഭവപ്പെടുന്നതാണ്.
വിജ്ഞാനത്തിന്റെയും ശരീരത്തിന്റെയും അതിരുകളില്ലാത്ത ആട്ടങ്ങള്‍

മറത്ത് കളി അതിന്റെ അനുഷ്ഠാന നിഷ്ഠകള്‍ വെടിഞ്ഞ് ഒരു കലാരൂപം എന്ന സ്വതന്ത്ര സ്വത്വത്തോടെ ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അനുഷ്ഠാന പരിസരം വിട്ട് പൊതു ഇടങ്ങളില്‍ ഒരു രംഗാവതരണമായി അത് സ്വീകരിക്കപ്പെട്ട് കഴിഞ്ഞു. ഒരു പക്ഷെ ഉത്തരമലബാറിലെ തെയ്യത്തിന് എക്കാലവും അപ്രാപ്യമായ ഒന്നാണിത്. വടക്കന്‍ കേരളത്തിലെ പല അനുഷ്ഠാനങ്ങള്‍ക്കും ആ പ്രദേശത്തിനപ്പുറം വലിയ പ്രസക്തിയും പ്രശസ്തിയുമില്ല. അതുകൊണ്ടു തന്നെ അതിലെ പല പ്രശ്‌നങ്ങളും പൊതു സാമൂഹ്യബോധത്തിന്റെ പരിധിയില്‍ വരുന്നതുമല്ല. പോയ കാലത്തെ മീനവെയില്‍ത്തിളക്കങ്ങളില്‍ ജ്വലിച്ചു നിന്ന മറത്തു കളിയെന്ന അത്ഭുതത്തെ ഇന്ന് എത്ര പേര്‍ക്കറിയാം.
ഉത്തരകേരളത്തില്‍ തന്നെ ഇന്ന് എത്ര പേര്‍ ഇതറിഞ്ഞാസ്വദിക്കുന്നുണ്ട്.
കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയിലുള്ള ചില പ്രദേശങ്ങളില്‍ മാത്രമാണ് പതിനെട്ട് സുരസുന്ദരിമാര്‍ പതിനെട്ട് നിറങ്ങളില്‍ നടിച്ച പൂരക്കളിയെന്ന ആയോധനാധിഷ്ഠിതമായ സംഘകലയുള്ളത്. രണ്ട് ദേശക്കാര്‍ തമ്മിലുള്ള മത്സര സമാനമായ കളിയനുഷ്ഠാനമാണ് പൂരക്കളി. ഓരോ ദേശത്തിന്റെയും നായകന്‍ പണിക്കരാണ്. രണ്ട് പണിക്കന്മാര്‍ തമ്മിലുള്ള സംസ്‌കൃത ഭാഷയിലുള്ള തര്‍ക്കമാണ് മറത്ത് കളി. പണിക്കര്‍ ഒരു ജാതിപ്പേരല്ല, ആചാരപദവിയാണ്.
വടക്കന് മീനപ്പൂരമെന്നാല്‍ അത്യുഷ്ണത്തില്‍ പൂക്കുന്ന വൃക്ഷഛായകളിലെ വാസന്ത മഹോത്സവമാണ്. വിജ്ഞാനത്തിന്റെയും ശരീരത്തിന്റെയും അതിരുകളില്ലാത്ത ആട്ടങ്ങളാല്‍ കളിപ്പന്തലുകളണരുന്ന കാലം കൂടിയാണ് പൂരക്കാലം. പൂക്കുഞ്ഞിയുടെ പൂവിടലും മുണ്ടിന് മുകളില്‍ ഉറുമാല് കെട്ടി വാല്യക്കാരുടെ പൂരക്കളിയും മധു കുടിച്ച് മദോന്മത്തരായ തീയ്യച്ചെറുപ്പക്കാരും തീപ്പൊരി ചിതറുന്ന കളിപ്പന്തലിലെ പണിക്കന്മാരുടെ വീറും വാശിയും മുഞ്ചും.
അതൊരു വല്ലാത്ത കാലം തന്നെയാണ്. മറത്ത് കളിയുടെ ചരിത്രവും സാമൂഹ്യ പ്രസക്തിയും വിചിന്തനം ചെയ്യുമ്പോഴാണ് വിലക്ക് എന്ന ആചാരം എത്രമാത്രം അളിഞ്ഞു നാറിയ അശ്ലീലമാണെന്ന് മനസ്സിലാക്കാനാകുന്നത്. വിലക്കിന്റെയും ഭ്രഷ്ടിന്റെയും വിവേചനങ്ങള്‍ എത്ര കരുത്തോടെയാണ് മനുഷ്യനെ ബുദ്ധിമുട്ടിച്ച് അതിന്റെ എല്ലാ വൃത്തികേടുകളോടെയും ഇവിടെ നിലനില്ക്കുന്നത്.
അന്തമില്ലാത്ത വിജ്ഞാനത്തിന്റെ വിഹായസ്സാണ് മറത്തു കളി. നമുക്ക് ചിന്തിച്ചെത്താന്‍ പറ്റാത്ത അത്രയും വിപുലമാണ് ആ വൈജ്ഞാനിക മേഖലയുടെ ആഴവും പരപ്പും.

വിശാലമായ പാടശേഖരത്തിന്റെ കരയിലെ വീട്ടില്‍ കസേരയില്‍ വിശ്രമിക്കുന്ന ദാമോദരന്‍ പണിക്കറശ്ശനോട് ഒരു പത്ത് മിനിറ്റ് സംസാരിച്ചാ മതി.
കയ്യിലെ വിരുത് വളയൂരി ഉടുത്ത് കെട്ടിയ ഉറുമാലും ചല്ലനും ചൊറയുമഴിച്ച് വെച്ച് കസേരയില്‍ വിശ്രമത്തിലാണ് ദാമോദരന്‍ പണിക്കര്‍. ശസ്ത്രക്രിയ കഴിഞ്ഞ കാലില്‍ വേദനയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടാണ്. പണിക്കറശ്ശന്റെ ജ്ഞാനത്തിന്റെയും പ്രതിഭയുടെയും ധാരാളിത്തത്തിന് മുന്നില്‍ നമ്മള്‍ നിശ്ശബ്ദമാകും. കളിപ്പന്തലുകളില്‍ എതിര്‍ പണിക്കറെ കുഴക്കുന്ന എത്രയോ സംസ്‌കൃത പദ്യങ്ങളും പാട്ടുകളും ഈ മനുഷ്യന്‍ രചിച്ചിട്ടണ്ട്. സംസ്‌കൃത സാഹിത്യവും സിദ്ധാന്തങ്ങളുമൊഴിഞ്ഞ വേളകളില്‍ ഞേങ്ങോലുമെടുത്ത് പോത്തുകളെയുമഴിച്ച് കണ്ടത്തില്‍ പൂട്ടാന്‍ പോകും. അറിവാണ്, അധ്വാനമാണ്, ജീവിതമാണ് മറത്ത് കളി.
വിലക്കിന്റെയും ജാതിവിവേചനത്തിന്റെയും
തിക്താനുഭവങ്ങള്‍
മറത്ത് കളിയെന്ന വിജ്ഞാനത്തിന്റെ രംഗഭൂമിയില്‍ നിന്നാണ് മതവൈരത്തിന്റെ പേരില്‍ ക്ഷേത്രാചാരം നിലനിര്‍ത്താനായി അതിലെ ഒരു കലാകാരന്‍ മാറ്റി നിര്‍ത്തപ്പെടുന്നത്. മതത്തിന്റെ പേരില്‍ ആചാരലംഘനത്തിന്റെ പേരില്‍ എത്രയോ കാലമായി അറിവിന്റെ അനുഷ്ഠാനത്തെ, കലയെ വിനിമയം ചെയ്യുന്ന ഒരാളെ തിരസ്‌ക്കരിക്കുന്നതിന്റെ യുക്തി എത്ര ആലോചിച്ചാലും മനസ്സിലാകുന്നതല്ല.
ആധുനിക പരിഷ്‌കൃത സമൂഹത്തിന് ഭ്രഷ്ട് ഊരുവിലക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ഇതൊട്ടും പഴഞ്ചനല്ല. വിലക്കിന്റെയും ജാതിവിവേചനത്തിന്റെയും തിക്താനുഭവങ്ങള്‍ പേറുന്ന എത്രയോ മനുഷ്യര്‍ ഇവിടെയുണ്ട്.
ഊരുവിലക്കിന്റെയും ജാതി ഭ്രഷ്ടിന്റെയും പലവിധ പാഠഭേദങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കാസര്‍ഗോഡിന്റെ ഉള്‍നാടന്‍ തെയ്യഗ്രാമങ്ങള്‍. കാസര്‍ഗോഡ് ജില്ലയിലെ തെയ്യക്കാരായ മാവിലരും നല്‍ക്കത്തായരും കടുത്ത ജാതി വിവേചനങ്ങള്‍ക്കുള്ളില്‍ തന്നെയാണിപ്പോഴും തങ്ങളുടെ അനുഷ്ഠാനങ്ങള്‍ നിവര്‍ത്തിക്കുന്നത്. കരിവെള്ളൂരില്‍ തന്നെ ഇപ്പോഴും തെയ്യവുമായി ബന്ധപ്പെട്ട ഊരുവിലക്കുകളും തര്‍ക്കങ്ങളും നിലനില്ക്കുന്നുണ്ട്. ഇതേ കരിവെള്ളൂരിലെ തെയ്യക്കാവില്‍ വെച്ചാണ് പരസ്യമായി ഒരു തെയ്യക്കാരനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടുള്ളത്. ഊരുവിലക്കിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ളത് തെയ്യക്കാരാണ് .
പക്ഷെ കരിവെള്ളൂരിലെ വിനോദ് പണിക്കരുടെ വിലക്ക് വിചിത്രമാണ്.
ആചാരത്തിന്റെ മറവില്‍ ജാതിയതയുടെയും മതവിദ്വേഷത്തിന്റെയും വിഷം തുപ്പുന്ന എത്ര മനുഷ്യരാണ് നമുക്ക് ചുറ്റും പുളയ്ക്കുന്നത്. ഞങ്ങളുടെ ആചാര സംരക്ഷണത്തിന് നിങ്ങളുടെ മകനെയും മരുമകളെയും വീട്ടില്‍ നിന്ന് മാറ്റിത്താമസിപ്പിക്കണം അല്ലെങ്കില്‍ നിങ്ങള്‍ സ്വന്തം വീട്ടില്‍ നിന്ന് മാറിത്താമസിക്കണം എന്ന് ഒരു ഉളുപ്പുമില്ലാതെ പറയാന്‍ മടിയില്ലാത്ത ആചാര സംരക്ഷകരാണ് ഇന്ന് മഹാക്ഷേത്രങ്ങളുടെ അധികാരം കയ്യാളുന്നത്.
തീയ്യരുടെ കാവുകളും കഴകങ്ങളും ഒരിക്കലും വൈദിക വിധി പ്രകാരമുള്ള ക്ഷേത്രസങ്കല്പത്തില്‍ പെടുന്നതായിരുന്നില്ല. അത് ക്ഷേത്രമെന്ന മേല്‍ത്തട്ട് അധികാര വ്യവസ്ഥിതിയുടെ നേര്‍ വിപരീതമായിരുന്നു.
തീയ്യന്‍ എന്ന ശരീരം തന്നെ വൈദിക വിരുദ്ധമാണ്, ആചാര വിരുദ്ധമാണ്.
തീയ്യനും അവന്റെ തൊഴിലിനും ഒരു കാലത്തും ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിക്കില്ല. എന്നാല്‍, കാവില്‍ സ്ഥിതി വേറെയാണ്. തീയ്യനെന്നാല്‍ ഒരു കാവ് തന്നെയാണ്.
കാവിന്റെ പരമാധികാരിയാണ തീയ്യന്‍. കാവെന്ന വനപര്‍വ്വം ഉടലില്‍ പേറുന്നവന്‍. തീയ്യനും തീയ്യന്റ തൊഴിലുമില്ലെങ്കില്‍ കാവില്ല.
കാവിലെ ആചാരക്കാരനായ കലയക്കാരനെ പരമാധികാരിയായ അന്തിത്തിരിയനെ ക്ഷേത്രത്തിന് ആവശ്യമില്ല. റാക്കും ഇറച്ചിയും നിഷിദ്ധമായ ക്ഷേത്രത്തിന് തീയ്യനെ വേണ്ട. പക്ഷെ മദ്യവും മാംസവുമില്ലാതെ കാവില്‍ ഒരനുഷ്ഠാനവുമില്ല. കലയക്കാരനെന്ന വളരെ പ്രാധാന്യമുള്ള ആചാരക്കാരനായ തീയ്യനാണ് കാവില്‍ കലശം എഴുന്നള്ളിക്കേണ്ടത്. കളിയാട്ടത്തിന് വേണ്ടുന്ന തിരിയോല കാവിലെത്തിക്കേണ്ടതും കലയക്കാരനാണ്. മദ്യമുണ്ടാക്കുന്നത് കൊണ്ടാണ് തീയ്യന്‍ കലശക്കാരനെന്ന കലയക്കാരനാകുന്നത്. കലശം എന്നാല്‍ അമൃതല്ല കള്ള് എന്നാണ് അര്‍ത്ഥം.

തീയ്യന് എങ്ങനെ കൂട്ടിയാലും ബ്രാഹ്മണനാകില്ല. പിന്നെ എന്ത് വിശുദ്ധി സങ്കല്പത്തിന്റെ മോളിലാണ് ആചാര വിധിപ്രകാരമാണ് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മോനെ വീട്ടില്‍ നിന്ന്പുറത്താക്കാനാവശ്യപ്പെടുന്നത്. തെയ്യം അനുഷ്ഠാനത്തില്‍ മാപ്പിളയും തീയ്യനും തമ്മില്‍ പറിച്ചു മാറ്റാനാകാത്ത ഹൃദയബന്ധമുണ്ട്. അതുകൊണ്ടാണ് തന്റെ മുന്നിലെത്തിയ പര്‍ദ്ദയിട്ട പൈതങ്ങളുടെ കരം ഗ്രഹിച്ച് നീ വേറെയൊന്ന്വല്ല എന്ന് തെയ്യം ആരുടെയും കണ്ണ് നനയിക്കും വിധം പറയുന്നത്. പക്ഷെ ഇവിടെ ഒരച്ഛന്റെ കണ്ണീരില്‍ കുതിര്‍ന്ന് തീയ്യപരമ്പരകള്‍ എത്രയോ കാലമായി മാപ്പിളത്തെയ്യങ്ങളില്‍ നിന്നും വാങ്ങിയ അനുഗ്രഹമൊഴികളൊക്കെ റദ്ദ് ചെയ്യപ്പെടുകയാണ്.
മുസ്ലിം പുരോഹിതര്‍ പെരുമ്പട്ട പള്ളിയിലേക്ക് ആനയിക്കുന്ന പടാര്‍കുളങ്ങര വിഷ്ണുമൂര്‍ത്തി തൊണ്ട പൊട്ടിപ്പറയുന്ന മൊഴികളിലൊക്കെ പുതിയ ആചാര സംരക്ഷകര്‍ വിഷം കോരിയൊഴിക്കുകയാണല്ലോ. റംലയുടെ കരം നുകര്‍ന്ന് മുത്തപ്പന്‍ പറഞ്ഞ മൊഴികള്‍ കൊതിയോടെ ആവേശത്തോടെ ഉള്ള് നിറഞ്ഞ് കേട്ട് നവോത്ഥാന കേരളം ഇനിയും അതിന്റെ ആഘോഷിച്ച് അവസാനിപ്പിച്ചിട്ടില്ല. തീയ്യരുടെ കുലഗുരുവായ മുത്തപ്പനില്ലാത്ത എന്ത് മുസ്ലിം വിരുദ്ധതയാണ് കരിവെള്ളൂരിലെ ക്ഷേത്ര പ്രമാണിമാര്‍ക്കുള്ളത്.
മകന്‍ മുസ്ലിം യുവതിയെ വിവാഹം കഴിച്ച് നാലുവര്‍ഷമായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഈ ഒരൊറ്റക്കാരണത്താല്‍ വിനോദ് പണിക്കര്‍ വിലക്ക് നേരിടുന്നു. നാട്ടുകാര്‍ക്കിതിലൊന്നും വലിയ കാര്യമൊന്നുമില്ല. പുരോഗമനവും വിപ്ലവുമൊക്കെ റോട്ടില്‍ മാത്രം. കാവെന്ന ക്ഷേത്രത്തിലെത്തിയാല്‍ എല്ലാവരുടെയും ശരീര ഭാഷ മാറും. കുപ്പായമൂരിയ തന്ത്രികളാണിവര്‍.
തികഞ്ഞ കുലപുരുഷന്മാര്‍. മനുഷ്യർ അവരുടെ എല്ലാ സങ്കടങ്ങളോടെയും ഒത്തുകൂടിയ കാവിടങ്ങളൊക്കെ കനത്ത ജാതി വിവേചനത്തിന്റെ തീവ്രഭക്തിയുടെ കേന്ദ്രങ്ങളാക്കി ഈ പുരോഗമനക്കാര്‍ മാറ്റിക്കഴിഞ്ഞു. കുപ്പായമിട്ട് ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കീഞ്ഞാല്‍ പുരോഗമനവും വിപ്ലവവും ഉടന്‍ തിളച്ച് തുടങ്ങും. ഇത്തരം വിരോധാ ഭാസങ്ങളുടെ കളിയാട്ടമാണ് ഇന്ന് ഉത്തരകേരളത്തില്‍ പലേടത്തും നടമാടുന്നത്.
കുപ്പായമിട്ട് ഇവിടെ പ്രവേശനമില്ല
കഴിഞ്ഞദിവസമുണ്ടായ ഒരനുഭവം ഇവിടെ പറയാം.
മറത്ത് കളിയുടെ ഈറ്റില്ലം എന്നു പേരുകേട്ട തൃക്കരിപ്പൂരിനടുത്തുള്ള തലയന്നേരി അറയില്‍ കളി കാണാന്‍ പോയി. വളരെ അടുത്തറിയുന്ന പണിക്കന്മാര്‍ തമ്മിലാണ് മറത്ത് കളി. അവിടെയെത്തി നേരെ ക്ഷേത്രത്തില്‍ കേറി. മറത്ത് കളി ഗംഭീരമായി നടക്കുന്നുണ്ട്. പക്ഷെ ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോ എന്തോ പന്തികേട് തോന്നി. ഉള്ളില്‍ പുറത്ത് നിന്നുമുള്ള മറ്റാരുമില്ല. മറത്ത് കളി പണിക്കന്മാരും വിരലിലെണ്ണാവുന്ന ക്ഷേത്ര പുരോഹിതന്മാരും മാത്രം. തികച്ചും അര്‍ഹതയില്ലാത്ത ഒരിടത്ത് വന്നു പെട്ടതു പോലെ തോന്നി. എന്തോ പന്തികേട് തോന്നി അപ്പോത്തന്നെ പുറത്തേക്ക് കടന്നു. കാര്യമന്വേഷിച്ചപ്പോ, ഇവിടെ പൊതുജനങ്ങള്‍ അകത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അകത്ത് പ്രവേശിക്കണമെങ്കില്‍ കുപ്പായമൂരി പുറത്തുവെക്കണം എന്നാണ് പുതിയ നിയമം.

കേട്ടപ്പോ വല്ലാത്ത അതിശയം തോന്നി.
തൃക്കരിപ്പൂരില്‍ ചക്രപാണി ക്ഷേത്രത്തില്‍ മാത്രമാണ് ഇങ്ങനെയൊരു വ്യവസ്ഥയുള്ളത്. ആകെ ഒരന്താളിപ്പായി. ഇതെന്താ ഇങ്ങനെ.
അതേ ക്ഷേത്രത്തിലെ മറ്റൊരു സ്ഥാനികനോട് ചോദിച്ചപ്പോ കുപ്പായമിട്ട് കടന്നാലും കുഴപ്പമില്ലെന്ന് പറഞ്ഞു. പക്ഷേ ക്ഷേത്രത്തിന് പുറത്ത് വലിയ അക്ഷരത്തില്‍ കുപ്പായം വിലക്കപ്പെട്ടിരിക്കുന്നുവെന്ന് എഴുതി സ്ഥാപിച്ചിട്ടുണ്ട്.
വളരെയധികം നിരാശയും ദേഷ്യവും തോന്നി.
പോയ കാലത്ത് ഇതേ കാവില്‍ മെടഞ്ഞ കീറ്റോലയിലിരുന്ന് മാധവന്‍ പണിക്കറുടെയും ദാമോദരന്‍ പണിക്കറുടെയും എത്രയോ മറത്തു കളികള്‍ കണ്ടിട്ടുണ്ട്. മീനിന് വെള്ളമെന്ന പോലെയാണ് പൂരക്കളിക്കും തെയ്യത്തിനും ജനത്തിരക്കും അവരുടെ ആരവങ്ങളും. മറത്ത് കളി ഒരു സദസ്സിന് മുന്നിലാണ് അവതരിപ്പിക്കേണ്ടത്. സഭയും സദസ്സുമില്ലാതെ അതിന് ആസ്വാദ്യത ഉണ്ടാകില്ല.
ആള്‍ക്കാര്‍ മതിലിന് പുറത്ത് നിന്ന് കളി കാണാന്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഒരാള്‍ പൊക്കത്തിലുള്ള ക്ഷേത്ര മതില്‍ പണിത് വെച്ച് സാധാരണക്കാരെ അകത്ത് കടത്തിവിടാതെ മറത്ത് കളി കളിക്കുന്നതിന്റെ അധികാര ഹുങ്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഹിംസാത്മക ഭക്തിയുടെ സ്വകാര്യ ഇടങ്ങള്‍
ഇതുപോലെ മനുഷ്യന്റെ പൊതുവിടങ്ങള്‍ വിശുദ്ധയജ്ഞ ഭൂമികളാക്കുന്നവര്‍ക്ക് ആരെയും പേടിയില്ല. എല്ലാ അധികാരവും അവരുടെ കൂടെയാണ്. അത്രയും അഹങ്കാരത്തോടെ ഹിംസാത്മകമാണ് അവരുടെ ശരീര ഭാഷ. കലയക്കാരായ തിയ്യന്മാര്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ശുദ്ധി സങ്കല്പത്തെ കവില്‍ സ്ഥാപിച്ചെടുക്കാന്‍ പറ്റുന്നത്.

ആലോചിക്കുമ്പോള്‍ അതിശയകരമായി തോന്നുന്നു. അത്രയും മതവല്‍ക്കരിച്ച ജാതി കേന്ദ്രമാക്കിത്തീര്‍ത്ത ഹിംസാത്മക ഭക്തിയുടെ സ്വകാര്യ ഇടങ്ങളാക്കി കാവുകളെ എത്ര ആസൂത്രിതമായാണ് കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഇനി ആര്‍ക്കാണ് കാവുകളെ ക്ഷേത്രങ്ങളില്‍ നിന്ന് മോചിപ്പിക്കാനാവുക.
ഈ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഒത്തുകൂടിയ കാവകക്കുളിര്‍പ്പച്ചകള്‍ ഒരു സങ്കല്പം മാത്രമായി മാറിക്കഴിഞ്ഞു. വിനോദ് പണിക്കറുടെ വിലക്കിനെതിരെ കവലപ്രസംഗം നടത്തുന്നതില്‍ യാതൊരു കാര്യവുമില്ല. ക്ഷേത്ര സ്ഥാനികര്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ തന്നെയാണ്. അല്ലാതെ പുറത്ത് നിന്നു വരുന്നവരല്ല.
പുരോഗമന പ്രസംഗവേദിയിലും സദസ്സിലും അവരുണ്ട് എന്നതാണ് വസ്തുത.
ചോദ്യം ചെയ്യപ്പെടേണ്ടത് ഈ അധികാര കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെയാണ്.
മാര്‍ച്ച് നയിക്കേണ്ടത് ക്ഷേത്ര നടയിലേക്കാണ്.
ജാതിയാണ് വിഷയം. തൊഴിലാണ് ജാതിക്കടിസ്ഥാനം. എല്ലാ ജാതിക്കാര്‍ക്കും തൊഴിലിന്റെ അടിസ്ഥാനത്തിലാണ് കാവില്‍ അധികാരം ലഭിച്ചിട്ടുള്ളത്. അല്ലാതെ ജാതിമികവിലല്ല. ജാതിയില്‍ നിന്ന് തൊഴില്‍ ഇല്ലാതാകുമ്പോള്‍ ജാതി എന്നത് അപകടകരമായ ഒരധികാര വ്യവസ്ഥയായി മാത്രം മാറുന്നു.
കള്ള് ചെത്തലാണ് തീയ്യന്റെ കുലത്തൊഴില്‍. അതുകൊണ്ടാണ് കള്ളും തിരിയോലയും കൊടുക്കുന്ന കലയക്കാരനെന്ന ആചാരക്കാരനുണ്ടാകുന്നത്.
പക്ഷെ കാലം മാറിയപ്പോ കുലത്തൊഴില്‍ ഘടന അടിമുടി മാറി. എത് തൊഴിലും എത് ജാതിക്കാരനും ചെയ്യാമെന്ന സ്ഥിതി വന്നു. മറത്ത് കളി, തെയ്യം പോലുള്ള അനുഷ്ഠാനങ്ങളില്‍ മാത്രം കുലത്തൊഴിലൊതുങ്ങി. ഒരു തീയ്യന് മറത്ത് കളി പണിക്കരോട് ജാതീയമായി എന്തെങ്കിലും കല്പിക്കണമെങ്കില്‍ മറത്തു കളിക്കാരനെ പോലെ തിയ്യനും കുലത്തൊഴില്‍ ചെയ്തിരിക്കണം. തെങ്ങില്‍ കേറാനറിയാത്ത ഏറനറിയാത്ത തീയ്യന് കാവില്‍ എന്താണ് കാര്യം.
ഞങ്ങള്‍ക്ക് കുലയരിഞ്ഞ് കുലത്തൊഴില്‍ ചെയ്ത് കുലപുരുഷന്മാരാകാന്‍ കഴിയില്ല, പകരം നിങ്ങള്‍ കുലത്തൊഴില്‍ പാരമ്പര്യം കാത്ത് സൂക്ഷിക്കണം എന്ന് പറയുന്നത്രയും വിരോധാഭാസം എന്താണുള്ളത് .

ജാതിമതഭേദമന്യേ വൈദിക വിശുദ്ധി സങ്കല്പങ്ങളെ പാടെ നിരാകരിച്ച തെയ്യക്കാവുകള്‍ പടിയിറങ്ങുകയാണ്. കുപ്പായമിട്ട് ഇവിടെ പ്രവേശിക്കരുത് എന്നുള്ള തീട്ടൂരം വലിയൊരു വിപത് സൂചനയാണ്.
ഓര്‍ത്തു പോകുന്നത് അച്ഛനും വലിയച്ഛനുമൊക്കെ റാക്ക് കൂടിച്ച് തിമിര്‍ത്താടിയ പത്ത് നാല്ലത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ പൂരക്കളിപ്പന്തലുകളെയാണ്. ആര്‍പ്പും ആരവവുമായി തിങ്ങിക്കൂടിയ ജനാരവങ്ങള്‍ക്ക് നടുവില്‍ എല്ലാ സങ്കടങ്ങളും മാറ്റിവെച്ച തീയ്യന്മാര്‍ ഉറുമാംമെടുത്ത് കെട്ടി പന്തലില്‍ കീഞ്ഞ് കെട്ടിത്തൊഴുതു. അങ്കച്ചേകവന്മാരെ പോലെ ചാണകം തേച്ച മുറ്റത്ത് ചിത്ര സ്തംഭത്തിന് ചുറ്റും നിറഞ്ഞാടി. തൊഴുത്തിലും കാട്ടു പൊന്തയിലും ഒളിച്ച് നേടിയ വിജ്ഞാനം കൊണ്ട് തന്നെ തീയ്യന്മാര്‍ എല്ലാ വിലക്കുകളെയും അതിജീവിച്ച ചരിത്രമാണ് മറത്തു കളിയുടേത്.
വിനോദേട്ടനുമായി ദീര്‍ഘനേരം സംസാരിച്ചു. മകന്റെ മതം മാറിയുള്ള വിവാഹ ശേഷം പയ്യന്നൂരിലെ പരവന്തട്ട കാവില്‍ മറത്തു കളി അനുഷ്ഠാന വിധി പ്രകാരം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവിടത്തെ ദൈവവത്തിനില്ലാത്ത അയിത്ത മാണ് കരിവെള്ളൂരില്‍ അടിച്ചേല്‍പിക്കുന്നത്.
കാവിലെത്തുന്ന ജനങ്ങളുടെ കുപ്പായമൂരിക്കുന്ന അതേ സവര്‍ണ ബോധം തന്നെയാണ് വിനോദ് പണിക്കരുടെ ജീവിതത്തിലും ഇടപെടുന്നത്.
മറത്തു കളിയിലൂടെ സ്വായത്തമാക്കിയ എല്ലാ അറിവുകളും ഇത്തരം കാലഹരണപ്പെട്ട ദുരാചാരങ്ങളിലൂടെ റദ്ദ് ചെയ്യപ്പെടുകയാണ്
കാവുകള്‍ കേന്ദ്രീകരിച്ച് അധികാരവും പണവും രാഷ്ട്രീയ സ്വാധീനവും വിപണി താല്‍പര്യവുമുള്ള ഒരു പുതിയ ശക്തിരൂപപ്പെട്ടു വരികയാണ്. ബ്രാഹ്മണ വല്കരണം എന്നത് പഴകിപ്പതം വന്ന പ്രയോഗമാണ്. ഇത് ബ്രാഹ്മണ്യ മൊന്നുമല്ല. അതിനും അപ്പുറമാണ്. അധികാരത്തിന്റെയും പണത്തിന്റെയും തീവ്ര മതചിന്തയുടെയും ഏറ്റവും ഹിംസാത്മകമായ പുതിയ ഉല്‍പ്പന്നമാണത്.
പേരിട്ട് നിര്‍വചിക്കാനാകാത്ത അത്യന്തം അപകടകരമായ ഒരു സവര്‍ണ്ണ തത്വ സംഹിതയായി അത് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. അവരാണ് ക്ഷേത്രങ്ങളായ കാവുകളുടെ പൗരോഹിത്യം കയ്യാളുന്നത്. യാതൊരു ചരിത്രബോധമോ യുക്തിചിന്തയോ അവര്‍ക്കില്ല.
പകര്‍ച്ചവ്യാധികള്‍ ഫണം വിടര്‍ത്തിയിടുന്ന കാലത്ത് ആര്‍ക്കും കീഴടക്കാനാകാത്ത ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം.
ഇനി അവരുടെ വിളയാട്ടമാണ്. പ്രതിരോധ കൂത്തി വെപ്പുകള്‍ എത്രമാത്രം ഫലപ്രദമാകും?
കൃഷ്ണ കുമാർ
20 Mar 2022, 08:14 PM
നല്ല നിരീക്ഷണം
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read
മുഹമ്മദ് അബ്ഷീര്‍ എ.ഇ.
Feb 26, 2023
3 Minute Read
ഡോ. രാജേഷ് കോമത്ത്
Feb 26, 2023
4 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read
കെ.വി. മനോജ്
Feb 20, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Feb 04, 2023
3 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
Sumesh PV Kannuveed
20 Mar 2022, 09:35 PM
അനിയേട്ടാ... നന്നായി പറഞ്ഞു. കാര്യങ്ങൾ. അങ്ങ് പറഞ്ഞതു തന്നെയാണ് കാര്യം . ക്ഷേത്രത്തിലെത്തിയാൽ പാർട്ടിക്കാരില്ല . ഭക്തൻ മാത്രം , അവരാണ് ഏറ്റവും അപകടം. ഈ ഡബിൾ റോൾ കളിക്കാനുള്ള അവസരമാണ് എല്ലാത്തിനും കാരണം.