ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ

മാലിന്യ സംസ്‌കരണത്തിനായി പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിന് പകരം നിലവിലുള്ള നിയമങ്ങൾ ശക്തമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ഏപ്രിൽ പത്തിനകം മഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായുള്ള സമഗ്രകർമപദ്ധതിയെകുറിച്ച് മന്ത്രി പി. രാജീവ് എഴുതിയ കുറിപ്പ്

നിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകർമപദ്ധതി അതിവേഗം നടപ്പിലാക്കും.

മാലിന്യ സംസ്‌കരണത്തിനായി പുതിയ നിയമങ്ങൾ കൊണ്ടു വരുന്നതിന് പകരം നിലവിലുള്ള നിയമങ്ങൾ ശക്തമാക്കിയാണ് കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് ലംഘിക്കുന്നവർക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

ഏപ്രിൽ പത്തിനകം മഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കാനാണ് തീരുമാനം.

ഉറവിട മാലിന്യ സംസ്‌കരണം കർമപദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാർച്ച് 13 മുതൽ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി അടിയന്തര കൗൺസിൽ യോഗങ്ങൾ ചേരും. തുടർന്ന് മുഴുവൻ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും. മാർച്ച് 14 മുതൽ 16 വരെയുള്ള തീയതികളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലെയും എല്ലാ വീടുകളിലുമെത്തി ബോധവൽക്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാർച്ച് 17നകം റിപ്പോർട്ട് നൽകണം. ഇവർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾ നൽകണം. തൊഴിലുറപ്പ് തൊഴിലാളികളെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും.

ഏപ്രിൽ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഏപ്രിൽ 12 മുതൽ 15 വരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ ഫീൽഡ് തലത്തിൽ ചെന്ന് പരിശോധന നടത്തും. ഏപ്രിൽ 30നകം വിജിലൻസ് സ്‌ക്വാഡുകളും പരിശോധന പൂർത്തിയാക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും. നടപടിയെടുക്കാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കെതിരെയും നടപടി സ്വീകരിക്കും. ഫ്‌ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കും.

വാതിൽപടി ശേഖരണം

ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഇല്ലാത്ത വാർഡുകളുടെ കണക്കുകൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകണം. കുടുംബശ്രീ വഴി ഒഴിവുകൾ നികത്തണം. മാർച്ച് 25നകം എല്ലാ വാർഡുകളിലും കുറഞ്ഞത് രണ്ടുപേർ വീതം ഹരിത കർമ്മ സേനയിൽ ഉണ്ടെന്ന് ഉറപ്പാക്കും. മാർച്ച് 26 മുതൽ 30 വരെ അതാത് തദ്ദേശസ്ഥാപനങ്ങൾ ഇവർക്കു വേണ്ട പരിശീലനം നൽകും. സർക്കാർ ഉത്തരവ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏപ്രിൽ ഒന്നു മുതൽ എല്ലാ വാർഡുകളിലും ഹരിത കർമ്മ സേനയുടെ പ്രവർത്തനം സജീവമാകണം. മെയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കർമ്മ സേന വഴി ശേഖരിക്കും.

സംഭരണവും കൈകാര്യം ചെയ്യലും

മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരം പ്രദേശങ്ങളിൽ മാർച്ച് 31 - നകം താൽക്കാലിക കളക്ഷൻ സെന്ററുകൾ ഒരുക്കണം. മാലിന്യങ്ങൾ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യങ്ങൾ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കും.

ശുചിമുറി മാലിന്യ സംസ്‌കരണം

ശുചിമുറി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് ഉപയോഗിക്കുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. വലിയതോതിൽ ശുചിമുറി മാലിന്യങ്ങൾക്ക് കാരണമാകുന്ന ഫ്‌ളാറ്റുകൾ അപ്പാർട്ട്‌മെന്റുകൾ തുടങ്ങിയവക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താൻ ജൂൺ 30 വരെ സമയം നൽകിയിട്ടുണ്ട്.

പൊതുസ്ഥലത്ത് നിന്നും ജലസ്രോതസ്സുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ

പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതൽ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കും. ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകൾ, യുവജന ക്ലബുകൾ, എന്നിവയുമായി സഹകരിച്ചാകും പ്രവർത്തനങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ. ഇതിനായി വാർഡുകളിലും 50 വളന്റിയർമാർ വീതമുള്ള രണ്ട് ക്ലസ്റ്ററുകൾ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂർവ്വ ശുചീകരണവും ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. വേസ്റ്റ് ബിന്നുകൾ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കർമ്മ സേനയെ നിയോഗിക്കും. മെയ് 11 മുതൽ 20 വരെയാണ് ജലസ്രോതസുകൾ ശുദ്ധീകരിക്കുക.

അവലോകനം ചെയ്യാൻ വാർ റൂമുകൾ

കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വാർ റൂമുകൾ സജ്ജമാക്കും. കളക്ടറേറ്റിൽ രൂപീകരിക്കുന്ന ജില്ലാ തല എംപവർ കമ്മിറ്റിക്ക് സ്വതന്ത്രമായ അധികാരം നൽകും. കളക്ടറാകും ഈ കമ്മിറ്റിയുടെ നോഡൽ ഓഫീസർ.

ഇതിനുപുറമേ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശിക അടിസ്ഥാനത്തിലുള്ള വാർ റൂമുകളും ഒരുക്കും. പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി എല്ലാ ആഴ്ചകളിലും തദ്ദേശസ്ഥാപനങ്ങളിൽ കൗൺസിൽ യോഗം ചേരും. ദൈനംദിന പ്രവർത്തനങ്ങൾ ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല കമ്മിറ്റിക്ക് കൈമാറും.

മെയ് 22ന് ഓരോ തദ്ദേശസ്ഥാപനങ്ങളും ചെയ്ത പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് വ്യക്തമായ റിപ്പോർട്ട് തയ്യാറാക്കി പരസ്യപ്പെടുത്തും. മെയ് 24 മുതൽ 31 വരെ പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച് പരാതികൾ നൽകാൻ അവസരം ഒരുക്കും. ഹരിതമ്യം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ ഇതിനുള്ള സൗകര്യം ഉണ്ടാകും.

പരാതികൾ സംബന്ധിച്ച് വിജിലൻസ് പരിശോധനയും ജനകീയ സമിതിയുടെ ഓഡിറ്റിങ്ങും നടത്തും.

വിപുലമായ ബോധവൽക്കരണ പരിപാടികൾ

കർമ്മ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അടുത്തദിവസം മുതൽ വിപുലമായ ബോധവൽക്കരണ ക്യാമ്പയിനുകൾ ആരംഭിക്കും. വാർ റൂമുകളുടെ നേതൃത്വത്തിൽ ആയിരിക്കും ഇത് നടപ്പാക്കുന്നത്. സാധാരണ ബോധവൽക്കരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് സംബന്ധിച്ച നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകളെ കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരിക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾ.

Comments