ദിലീപ് കേസ്:
സംഭവിച്ചത് ഒന്നുകിൽ പാളിച്ച,
അല്ലെങ്കിൽ ആസൂത്രിത അട്ടിമറി
ദിലീപ് കേസ്: സംഭവിച്ചത് ഒന്നുകിൽ പാളിച്ച, അല്ലെങ്കിൽ ആസൂത്രിത അട്ടിമറി
നടി ആക്രമിക്കപ്പെട്ടതില്‍ നിന്ന് പൊലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ദുര്‍ബ്ബലമായ ആരോപണത്തിലേക്ക് കേസിനെ വഴിതിരിച്ചത് ഒട്ടും നിഷ്‌കളങ്കമായല്ല എന്നുതന്നെ കരുതണം. ഒന്നുകില്‍ തികഞ്ഞ പാളിച്ച. അല്ലെങ്കില്‍ ആസൂത്രിത അട്ടിമറി.
24 May 2022, 06:05 PM
കുറ്റകൃത്യത്തിന്റെ സ്വഭാവം വെച്ചുനോക്കിയാല്‍ ലൈംഗികാക്രമണത്തിന് ‘ക്വട്ടേഷന്‍' നല്‍കിയൊരു സംഭവം കേരളത്തില്‍ അതുവരെ ഉണ്ടായിട്ടില്ല. അതിക്രമത്തിനിരയായത് പൊതുസമൂഹത്തില്‍ സാമാന്യമായ പ്രശസ്തിയുള്ള ഒരു ചലച്ചിത്ര നടി. എന്നിട്ടും ലൈംഗികാക്രമണം നടന്ന് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരും അന്വേഷണ ഏജന്‍സിയായ കേരളാ പൊലീസും നീതിന്യായ സംവിധാനവും ഭരണകക്ഷിയിലെ ചില നേതാക്കളും കുറ്റകൃത്യം ആസൂത്രണം ചെയ്ത ചലച്ചിത്രനടന്‍ ദിലീപും എല്ലാം ചേര്‍ന്നൊരു പരസ്പരസഹായസംഘത്തിനുമുന്നില്‍ നീതിക്കുവേണ്ടിയുള്ള എല്ലാ പ്രതീക്ഷകളും തകര്‍ന്നുനില്‍ക്കുകയാണ് അതിജീവിത. വാസ്തവത്തില്‍ ഈ അവസ്ഥക്കുമുന്നില്‍ തകര്‍ന്നുകിടക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ കൊട്ടിഘോഷിക്കുന്ന നീതിബോധമാണ്.
2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നേരിട്ട് കുറ്റകൃത്യം നടത്തിയവര്‍ മാത്രമല്ല പ്രതികളെന്നും അതിനുപിറകില്‍ സാമ്പത്തിക, സാമൂഹ്യസ്വാധീനമുള്ള ചിലരുണ്ടായിരിക്കുമെന്നും കുറ്റകൃത്യങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാനുള്ള സാമാന്യജ്ഞാനമുള്ള ആര്‍ക്കും മനസിലാകുമായിരുന്നു. പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്നതും അത്തരം സംശയങ്ങളായിരുന്നു. ദിലീപാണ് ഈ ലൈംഗികാതിക്രമത്തിനുപിന്നില്‍ എന്ന സംശയം ഉയര്‍ന്നുവരികയും ചെയ്തു. പൊലീസിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായിരുന്നില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ജനപ്രിയ സിനിമവ്യവസായത്തിലെ താരങ്ങള്‍ കൂടിയായതുകൊണ്ട് വലിയ പൊതുജന/മാധ്യമ ശ്രദ്ധയും ലഭിച്ചിരുന്നു.
സ്വാഭാവികമായും അത്തരത്തിലൊരു കുറ്റകൃത്യത്തെക്കുറിച്ച് ചാടിക്കയറി തീര്‍പ്പുപറയാതിരിക്കുക എന്നതാണ് നാം ഭരണാധികാരികളില്‍ നിന്ന്പ്രതീക്ഷിക്കുന്ന ഔചിത്യം. എന്നാല്‍ സൂക്ഷ്മവും കൃത്യവുമായി മാത്രം അഭിപ്രായം പറയുന്നു എന്നൊക്കെ അനുയായികള്‍ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമില്ലെന്ന് പ്രഖ്യാപിച്ചു. അതെല്ലാം ചിലരുടെ സാങ്കല്പികകഥകളും ‘ഭാവനയില്‍' മെനഞ്ഞെടുക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്താതിരിക്കുന്ന ഘട്ടത്തില്‍, അവരുടെ പേര് സൂചിപ്പിക്കുന്ന തരത്തില്‍ ഒരു വാക്ക് തന്റെ വര്‍ത്തമാനത്തില്‍ തിരുകിക്കയറ്റാന്‍ പോലും മുഖ്യമന്ത്രി തയ്യാറായത് അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഇതിന്റെ പേരില്‍ മാന്യന്മാരെ അധിക്ഷേപിക്കാന്‍ ചിലര്‍ തിടുക്കം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ലെന്നും ചിലരെ അധിക്ഷേപിക്കാന്‍ നീക്കം നടക്കുന്നു എന്നുമൊക്കെ പറഞ്ഞത് എവിടെനിന്നു കിട്ടിയ വിവരമനുസരിച്ചാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴും തനിക്ക് അത്തരം വിവരങ്ങള്‍ നല്‍കിയത് ആരാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അന്ന് മുഖ്യമന്ത്രിക്ക് ഇത്ര ആധികാരികമായി ആ കുറ്റകൃത്യത്തിന്റെ സങ്കീര്‍ണ്ണതയെ തള്ളിപ്പറയാനും ദിലീപിനെ മാന്യനാക്കി അവതരിപ്പിക്കാനും ആത്മവിശ്വാസം നല്‍കുന്ന വിവരങ്ങള്‍ നല്കിയതാരായിരുന്നു എന്നിടത്തുണ്ട് ഈ കേസിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ വേരുകള്‍.
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയുടെ ഭാരവാഹികളും സി. പി.എമ്മിന്റെയും എല്‍. ഡി. എഫിന്റെയും എം. എല്‍. എ. എം പിമാരുമായ മുകേഷ്, ഗണേഷ്കുമാര്, ഇന്നസെൻറ് എന്നിവര്‍ സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ദിലീപിനൊപ്പം നില്‍ക്കുകയും മാധ്യമപ്രവര്‍ത്തകരോട് ആ വിഷയത്തിലെ ചോദ്യങ്ങളുടെ പേരില്‍ തട്ടിക്കയറുകയുമൊക്കെ ചെയ്തത് നമ്മള്‍ കണ്ടതാണ്. പിണറായി വിജയനെ നേരിട്ട് വിളിച്ച് ദിലീപ് കുറ്റക്കാരനല്ല എന്ന് മുകേഷോ ഇന്നസെന്റൊ ഗണേഷ് കുമാറോ പറയുമെന്നോ അങ്ങനെ പറഞ്ഞാല്‍ അദ്ദേഹം അത് പൊതുമധ്യത്തില്‍ ആവര്‍ത്തിക്കുമെന്നോ കരുത്താനുള്ള മൗഢ്യം നമുക്കില്ല.
അപ്പോള്‍, എവിടെനിന്നാണ് പ്രാഥമികാന്വേഷണം പോലും പൂര്‍ത്തിയാക്കാത്ത ഒരു കേസില്‍ ഗൂഢാലോചനയില്ല എന്നും മാന്യന്മാരെ അധിക്ഷേപിക്കാനാണ് ഇതിന്റെ പേരില്‍ ചിലര്‍ ശ്രമിക്കുന്നതെന്നുമുള്ള രീതിയില്‍ സംസാരിക്കാനുള്ള വിവരം മുഖ്യമന്ത്രിക്ക് കിട്ടിയത്? അതായത് മുഖ്യമന്ത്രിക്ക് അത്രയും വിശ്വാസയോഗ്യമെന്നു തോന്നുന്ന തരത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള തലത്തിലാണ് ഈ കേസില്‍ ഇടപെടല്‍ നടന്നത്.

അതിനുശേഷം പ്രാഥമികഘട്ടത്തില്‍ ഒരുതരത്തിലും രക്ഷിച്ചടുക്കാന്‍ കഴിയാത്തവിധത്തില്‍ കുറ്റകൃത്യത്തില്‍ ദിലീപിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ വന്നതോടെയാണ് തുടക്കത്തില്‍ ദിലീപ് ഉണ്ടാക്കിയെടുത്ത ഈ രാഷ്ട്രീയ പരിരക്ഷ ഇല്ലാതാകുന്നത്. അത് സ്വാഭാവികമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരു ഘട്ടം വന്നാല്‍ കയ്യൊഴിയാതെ മാറ്റ് വഴിയൊന്നുമില്ല.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് എന്ന കുപ്രസിദ്ധ ലൈംഗിക പീഡന കേസില്‍ മുസ്ലിം ലീഗ് നേതാവും അന്ന് മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്നു മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ യുവജന, സ്ത്രീ സംഘടനകള്‍ തെരുവുമുഴുവന്‍ സമരം നടത്തിയതിനുശേഷം വന്ന ഇടതുമുന്നണി മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള നീക്കം നടന്നതെന്ന് അന്ന് ആ കേസ് കൈകാര്യം ചെയ്തിരുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും കുഞ്ഞാലിക്കുട്ടി സാഹിബായി, പുലിക്കുട്ടിയായി, ജനാബായി.
ഒരു കേസില്‍ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസിന് നിരവധി വഴികളുണ്ട്. അതായത്, അറസ്റ്റ് ചെയ്യുകയും കുറച്ചുകാലം തടവിലിടുകയുമൊക്കെ ചെയ്യുന്ന കേസിലും പൊലീസ് പ്രതിക്കൊപ്പമായിരുന്നു എന്ന് തെളിയുന്നത് ആ കേസിന്റെ വിചാരണവേളയില്‍ അവര്‍ കോടതി മുമ്പാകെ സമര്‍പ്പിക്കുന്ന തെളിവുകളുടെ ദാരിദ്ര്യത്തിലാകും. പത്തു വർഷം തടവില്‍ കിടക്കുന്നതിനേക്കാളും നല്ലതാണ് മൂന്നു മാസം ജാമ്യം ലഭിക്കാതെ സബ് ജയിലില്‍ കഴിയുന്നതെന്ന് പ്രതിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
നടി ആക്രമിക്കപ്പെട്ട ഈ കേസില്‍, കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അതിന്റെ ഗൂഢാലോചനയാണ് കുറ്റകൃത്യത്തിന്റെ സ്വഭാവം നിശ്ചയിച്ചതെന്നും അതുകൊണ്ട് ഗൂഢാലോചനയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അതിനുള്ള തെളിവുകള്‍ എന്തൊക്കെയാണെന്നും അന്വേഷിക്കുകയാണ് മുഖ്യമെന്നും പൊലീസിനറിയാം. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരുടെ കുറ്റം തെളിയിക്കല്‍ ഈ കുറ്റകൃത്യത്തില്‍ താരതമ്യേന എളുപ്പമാണ്. അതിനാവശ്യമായ സാഹചര്യത്തെളിവുകളും അനുബന്ധ തെളിവുകളും ഇരയായ സ്ത്രീയുടെ സാക്ഷിമൊഴിയും ധാരാളമാണ്. എന്നാല്‍ ഗൂഢാലോചനയുടെ കാര്യത്തില്‍ അങ്ങനെയല്ല. കൃത്യമായി കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ഗൂഢാലോചന നിലനില്‍ക്കുക. അതില്‍ പങ്കുണ്ടെന്നു പറയുന്നവരെ ശിക്ഷിക്കണമെങ്കില്‍ ഗൂഢാലോചനയും കുറ്റകൃത്യവും തമ്മിലുള്ള ബന്ധം ഇഴപൊട്ടാത്ത വിധത്തിലായിരിക്കണം.

ഈ കേസില്‍ അത്തരം തെളിവുകള്‍ ലഭ്യമാക്കാനാണ് അന്വേഷണസംഘം ശ്രമിക്കേണ്ടത്. എന്നാല്‍ അത്തരം തെളിവുകള്‍ സുശക്തമാക്കാനുള്ള നീക്കം അന്വേഷണസംഘം നടത്തിയില്ല എന്നാണിപ്പോള്‍ കാണാവുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നടത്തിയ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസ് വാസ്തവത്തില്‍ യാഥാര്‍ത്ഥ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണം ദുര്‍ബലമായതിന് ഒരു പുകമറ സൃഷ്ടിക്കുക മാത്രമായിരുന്നു. അന്വേഷണസംഘത്തിന്റെ ഈ നീക്കം ആദ്യ കുറ്റകൃത്യത്തിന്റെ അന്വേഷണം പാളിപ്പോയതിന്റെ മറ്റൊരു ഭാഗമായിരുന്നു. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചോ എന്നത് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയുടെ പ്രശ്‌നമല്ല. അതാവണ്ട കാര്യവുമില്ല.
നടി ആക്രമിക്കപ്പെട്ടതില്‍ നിന്ന് പൊലീസുകാരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ദുര്‍ബ്ബലമായ ആരോപണത്തിലേക്ക് കേസിനെ വഴിതിരിച്ചത് ഒട്ടും നിഷ്‌കളങ്കമായല്ല എന്നുതന്നെ കരുതണം. ഒന്നുകില്‍ തികഞ്ഞ പാളിച്ച. അല്ലെങ്കില്‍ ആസൂത്രിത അട്ടിമറി.
വിചാരണയിലിരിക്കുന്ന കേസില്‍ തുടരന്വേഷണം നടത്താന്‍ അനുവദിക്കുന്നത് അപൂര്‍വ സാഹചര്യങ്ങളിലാണ്. അത്തരമൊരു അവസരം ലഭിച്ചിട്ടും ദിലീപിന്റെ ഭാര്യയും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്നു പൊലീസ് സംശയിക്കും ചെയ്ത കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുപോലും പല കാരണങ്ങളാല്‍ വൈകുകയാണുണ്ടായത്. ആദ്യ കുറ്റകൃത്യം നടന്നതിനുശേഷമുള്ള അന്വേഷണഘട്ടത്തില്‍ത്തന്നെ ചോദ്യം ചെയ്യേണ്ടിയിരുന്ന ഒരാളാണവര്‍ എന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന്വ്യക്തമാണ്.
ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി, കേസന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെടുന്നു എന്ന ശക്തമായ വിശ്വാസത്തില്‍ നിന്നുമാണ്. തുടരന്വേഷണത്തിന് സമയം ആവശ്യപ്പെടുമ്പോഴും ഒരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും. ഇതെല്ലാം നടക്കുന്നത് ഭരണനേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് എന്ന ആരോപണം ഒട്ടും ചെറുതായിക്കാണാനും കഴിയില്ല. സംഭവത്തില്‍ ഗൂഢാലോചനയില്ല എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിച്ച ഇടപാടുകാര്‍ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ഈ കേസിന്റെ പിറകെയുണ്ട്.
കേസിന്റെ വിചാരണ നടത്തുന്ന കോടതിയെക്കുറിച്ച് നിരന്തരമായി ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് ഇനിയെങ്കിലും മറുപടി നല്‍കിയേ മതിയാകൂ. വിചാരണാവേളയില്‍ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയോട് പുലര്‍ത്തേണ്ട നീതിഭരിതമായ സമീപനം വനിതാ ജഡ്ജിയുടെ കോടതിയിൽ നിന്നുണ്ടായില്ല എന്ന ആരോപണം ചെറുതല്ല. കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും രേഖകളും പ്രതിയായ ദിലീപിന് ചോര്‍ത്തിക്കിട്ടി എന്ന ആരോപണത്തിലും കര്‍ക്കശമായ അന്വേഷണം നടക്കണം. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഡിജിറ്റല്‍ ദൃശ്യ രേഖ കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കുകയും അതില്‍ തിരിമറികള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പ്രാഥമിക വിലയിരുത്തലുകളില്‍ വ്യക്തമാണ്. അങ്ങനെയൊരു സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രിസൈഡിംഗ് ഓഫീസറായ വിചാരണക്കോടതി ജഡ്ജിക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ സംഭവം അന്വേഷിക്കണമെന്നും അതിന്റെ അന്വേഷണക്കാലയളവില്‍ ജഡ്ജി മാറി നില്‍ക്കണമെന്നും ഹൈക്കോടതി അതിന്റെ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി ഉപയോഗിച്ച് തീരുമാനിക്കണം.
ധനികര്‍ക്കും സമൂഹത്തിലെ ഉപരിവര്‍ഗത്തിനും കോടതികളില്‍ എന്തുമാത്രം പരിഗണനയാണ് ലഭിക്കുന്നതെന്ന് ദിലീപിന്റെ ഫോണുകള്‍ പരിശോധിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഹര്‍ജിയുടെ വാദകാലയളവില്‍ നാം കണ്ടതാണ്. വാസ്തവത്തില്‍, നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത നിലനില്‍ക്കുന്നത് ദരിദ്രരും അധികാരകേന്ദ്രങ്ങളില്‍ പിടിപാടില്ലാത്തവരുമായ സാധാരണക്കാരായ കുറ്റാരോപിതരുടെയും കുറ്റവാളികളുടെയും ചെലവിലാണ്. അവരെ ശിക്ഷിച്ചും തടവിലിട്ടും പൊതുസമൂഹത്തിന്റെ നീതിയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള ആകുലതകളെ ഭരണകൂടം തൃപ്തിപ്പെടുത്തും. ധനികരും ഭരണവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായ കുറ്റവാളികള്‍ നാനാവിധ മാർഗങ്ങളിലൂടെ തിരിച്ചറിയാനാകാത്ത വിധത്തില്‍ രക്ഷപ്പെടുകയും ചെയ്യും.
കേരളത്തില്‍ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് തടവിലായ ഒരേയൊരു മുന്‍ മന്ത്രിയായ ബാലകൃഷ്ണപ്പിള്ളയെ വലതുമുന്നണിയും ഇടതുമുന്നണിയും ഒരേപോലെയാണ് അതിനുശേഷം സ്വീകരിച്ചത്. ഒരിക്കല്‍പ്പോലും പറ്റിപ്പോകാന്‍ പാടില്ലാത്തൊരു തെറ്റിന് പ്രായശ്ചിത്തം എന്നപോലെ അയാള്‍ക്ക് കാബിനറ്റ് പദവിയും നല്‍കി പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍. പിള്ളയുടെ മരണശേഷം വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ആ അഭാവമുണ്ടാക്കുന്ന രാഷ്ട്രീയപ്രതിസന്ധിയെച്ചൊല്ലി പിണറായി ആകുലനായതും നാമീയിടക്ക് കേട്ടു. വാസ്തവത്തില്‍ ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിക്കാനുണ്ടാക്കിയതല്ല ഈ വ്യവസ്ഥ. അതുകൊണ്ടാണ് അഴിമതിക്ക് തടവുശിക്ഷ ലഭിച്ച ഒരാളെ അഴിമതിക്കെതിരേ എന്ന് ഉറക്കത്തില്‍പ്പോലും നിലവിളിക്കുന്ന രാഷ്ട്രീയ മുന്നണി സര്‍വ്വാത്മനാ സ്വീകരിച്ചു വിശുദ്ധനാക്കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നടക്കുന്നതിതാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ ശിക്ഷിക്കുക എന്നതിനല്ല നീതിന്യായവ്യവസ്ഥയുടെ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. അത് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളെ ചോദ്യം ചെയ്ത് പൊരിക്കുന്ന നാടകങ്ങള്‍ക്കുവേണ്ടിയാണ്. ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ പ്രതിച്ഛായാ പരിപാടിയുടെ ഭാഗമായി വേദിയില്‍ ആനയിക്കുമ്പോള്‍ മറുവശത്ത് അവര്‍ക്ക് നീതി നിഷേധിക്കാനുള്ള എല്ലാ സാഹഹചര്യങ്ങളും പ്രവര്‍ത്തിയിലൂടെയും അല്ലാതെയും ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തനിക്ക് നീതി ലഭിക്കുന്നില്ല എന്നും ഭരണസ്വാധീനമുള്ളവര്‍ ആ നീതിനിഷേധത്തിന് കാരണമാകുന്നുണ്ടെന്നും ആക്രമിക്കപ്പെട്ട സ്ത്രീ പറയുമ്പോള്‍ അവര്‍ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ നേതൃത്വം ലൈംഗികാതിക്രമം നടത്തിയവരില്‍ നിന്ന് അധികം അകലെയല്ല നില്‍ക്കുന്നത്.
അടിയന്തിരമായി ഈ കേസില്‍ ചെയ്യേണ്ട കാര്യങ്ങളുണ്ട്. സമഗ്രമായ തുടരന്വേഷണം നടന്നിട്ടില്ല എന്ന് ബോധ്യമായ സ്ഥിതിക്ക് ഹൈകോടതി മേല്‍നോട്ടത്തില്‍ ഒരു അന്വേഷണ സംഘത്തെ നിയമിക്കണം. വിചാരണാ കോടതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഹൈക്കോടതി അന്വേഷിക്കുകയും സമയബന്ധിതമായി നടപടിയെടുക്കുകയും വേണം. വിചാരണ കോടതിയില്‍ നിന്ന് തൊണ്ടിമുതലുകളില്‍ തിരിമറിയും കൃത്രിമവും നടന്നുവെന്നും കോടതിയില്‍ നിന്ന് പ്രതിക്ക് നേരിട്ട് വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങളില്‍ അനേഷണം നടത്തണം. വിചാരണാ കോടതിയില്‍ അവിശ്വാസമുണ്ടാകാന്‍ ഇത്തരത്തിലുള്ള വളരെ മൂര്‍ത്തമായ കാരണങ്ങളുള്ള സ്ഥിതിക്ക് വിചാരണാ കോടതി ജഡ്ജിയെ മാറ്റുന്ന കാര്യം ഹൈക്കോടതി മറ്റ് കീഴ്വഴക്കങ്ങളുടെയും നീതിയുടെ വിശാലമായ നടത്തിപ്പിന്റെയും താത്പര്യം കണക്കിലെടുത്ത് തീരുമാനിക്കണം.
ധനികര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും അവരുടെ ഏതുതരത്തിലുള്ള അനീതിക്കും അന്യായത്തിനും സാമൂഹ്യസ്വീകാര്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്ന ഒരു അധികാരമണ്ഡലം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. അത്തരത്തിലൊരു കുപ്പായമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുന്നിക്കൊണ്ടിരിക്കുന്നത്. ഒരു പൊതുസമൂഹമെന്ന നിലയില്‍ അത് നിശബ്ദമായി കണ്ടിരിക്കാന്‍ പാകത്തിലൊരു നിശാവസ്ത്രത്തിലാണോ നമ്മളെന്നതാണ് ചോദ്യം.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Dec 13, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Nov 06, 2022
5 Minutes Read
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read
പ്രമോദ് പുഴങ്കര
Oct 17, 2022
8 Minutes Read