ചോരയുടെ ചരിത്രമുള്ള മണ്ണില്‍
ഈ സ്ത്രീകള്‍ ജീവിതം
പടുത്തുയര്‍ത്തുന്നു
ചോരയുടെ ചരിത്രമുള്ള മണ്ണില്‍ ഈ സ്ത്രീകള്‍ ജീവിതം പടുത്തുയര്‍ത്തുന്നു
ഭരണകൂട ഏറ്റുമുട്ടലുകളും ഗോത്ര കലാപങ്ങളും പ്രതിസന്ധിയിലാക്കിയ സ്ത്രീ ജീവിതങ്ങളുടെ ബദലാണ് ഐമ കൈതല്‍. കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല ഒരുകാലവുമെന്ന് അവര്‍ക്ക് നന്നായി ബോധ്യമുണ്ട്. ആ ബോധ്യങ്ങളിലാണ് ഇന്നവര്‍ ഉറച്ച ജീവിതം പടുക്കുന്നത്. ആ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലേക്കാണ് ഡല്‍ഹി ലെന്‍സ് ചെന്നെത്തിയത്. 'ഡല്‍ഹി ലെന്‍സ്' പരമ്പര തുടരുന്നു
28 Aug 2022, 03:04 PM
"ഞങ്ങള്‍ പോരാടി നേടിയതാണ് ഈ സ്വാതന്ത്ര്യം. അതിന്റെ ചൂട് ഓരോ സ്ത്രീയുടെ നെഞ്ചിലും കെടാതെയുണ്ട്'.
ഇവോദ നീളന്‍ മുടി പുറകിലേക്ക് ചുറ്റികെട്ടി. മുന്നിലെ ചെമ്പു പാത്രത്തിലേക്ക് കുട്ടയില്‍ നിന്നും മീന്‍ ചെരിഞ്ഞു. ചെമ്പന്‍ നിറമുള്ള പുഴമീന്‍ പാത്രത്തില്‍ നിറഞ്ഞു. ഒരു നീണ്ട നിരയാകെ മീന്‍ കച്ചവടക്കാരാണ്. വില്‍പ്പനക്കാര്‍ എല്ലാവരും സ്ത്രീകള്‍. മീനിന്റെ വില വലിയ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. പലനിറത്തിലും വലിപ്പത്തിലുമുള്ള മീനുകള്‍.
ഇവോദയാണ് മണിപ്പൂരിന്റെ സ്ത്രീജീവിതത്തിലേക്കുള്ള വഴി തുറന്നത്. അടുത്തുള്ള കച്ചവടക്കാരിയെ തന്റെ മീന്‍ കുട്ട കൂടെ നോക്കാന്‍ ഏല്‍പ്പിച്ച് എനിക്കൊപ്പം വന്നു. ഒരു വില്‍പ്പനക്കാരിയുടെ അടുത്ത് വലിയ ആള്‍കൂട്ടം. നോക്കിയപ്പോള്‍, ചെമ്പില്‍ കറുത്ത ചെറിയ മീനുകള്‍. അടുപ്പിലെ പുകചൂടേറ്റ് ഉണക്കിയ മീനുകളാണവ. വെയില്‍ കുറവായതിനാല്‍ മീന്‍ ഉണക്കുന്നത് ഇപ്പോഴും പരമ്പരാഗത മാര്‍ഗങ്ങളിലാണ്. മണിപ്പൂരി കലര്‍ന്ന ഹിന്ദിയില്‍ ഇവോദ പറഞ്ഞു.
രണ്ടു നിലകളുള്ള ഐമ കൈതല്‍ മാര്‍ക്കറ്റില്‍ നാലായിരത്തോളം കച്ചവടക്കാരുണ്ട്. എല്ലാ ഭക്ഷ്യ വസ്തുക്കളും സുലഭമായി ലഭിക്കും. ആയിരകണക്കിന് മനുഷ്യര്‍ മാര്‍ക്കറ്റിലാകെ ഒഴുകുന്നു. തിരക്കിന് ഓരം ചേര്‍ന്ന് ഇവോദക്ക് പുറകെ നടന്നു. സ്ത്രീകള്‍ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് എമ കൈതല്‍. കച്ചവടത്തിലെ പുരുഷാധിപത്യത്തിന് വിലക്കു കല്‍പ്പിച്ച ഇടം.
ചുറ്റിലും സ്ത്രീ മുന്നേറ്റങ്ങളുടെ ശക്തമായ കാഴ്ചകളാണ്. മാര്‍ക്കറ്റും പരിസരങ്ങളുമെല്ലാം പൂര്‍ണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തില്‍. ബാക്കിയുള്ളവര്‍ വെറും കാഴ്ചക്കാര്‍. വൈദേശീയ അധിനിവേശങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ആഴത്തില്‍ ചോര വീഴ്ത്തിയ മണ്ണാണ് മണിപ്പൂരിന്റേത്. അത്രമേല്‍ നിവര്‍ന്നുനിന്നു ജീവിക്കാന്‍ അവരെ പാകപ്പെടുത്തിയതും ആ ചോരയുടെ ചരിത്രമാണ്. ഒന്‍പത് ജില്ലകളിലും പോരാട്ടങ്ങളുടെ വേര് ഒരുപോലെ ആഴ്ന്നുകിടക്കുന്നുണ്ട്.
വിസ്മയിപ്പിക്കുന്ന പ്രകൃതി രമണീയമായ ഇടംകൂടെയാണ് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാല്‍. എണ്ണമറ്റ കുളങ്ങളും അരുവികളും ഏഴോളം വലിയ പുഴകളാലും ജലസമൃദ്ധമാണ്. ആകെ വിസ്തീര്‍ണ്ണത്തിന്റെ 67% വനമാണ്. ആര്‍ദ്ര വനങ്ങളാലും പൈന്മര കാടുകളാലും ദൃശ്യ മനോരം. ഇംഫാലിന്റെ ഹൃദയത്തിലാണ് ഐമ കൈതല്‍ (അമ്മമാരുടെ മാര്‍ക്കറ്റ്). ഭരണകൂട ഏറ്റുമുട്ടലുകളും ഗോത്ര കലാപങ്ങളും പ്രതിസന്ധിയിലാക്കിയ സ്ത്രീ ജീവിതങ്ങളുടെ ബദലാണ് ഐമ കൈതല്‍. ആ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലേക്കാണ് ഡല്‍ഹി ലെന്‍സ് ചെന്നെത്തിയത്.

പ്രതീക്ഷയുടെ തുരുത്ത്
നാലുമക്കളുള്ള കര്‍ഷകനായ അച്ഛന്റെ വേവലാതിയാണ് പതിനേഴാമത്തെ വയസ്സിലെ വിവാഹത്തിലെത്തിയത്. വിദ്യാലയത്തില്‍ നിന്നു വന്ന വൈകുന്നേരമാണ് ഇവോദ അയാളെ ആദ്യമായി കാണുന്നത്. അടുത്ത ദിവസം വിവാഹവും നടന്നു. ഏറെ പ്രിയപ്പെട്ട പാഠപുസ്തകങ്ങളോട് അന്ന് യാത്ര പറഞ്ഞതാണ്. പിന്നീട് ഒരിക്കലും അക്ഷരങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. മൂന്നു മക്കളുമായി കുടുംബം നോക്കാത്ത ഭര്‍ത്താവിനെയും സംരക്ഷിക്കേണ്ട അവസ്ഥ വന്നു. രാപ്പകല്‍ തുച്ഛമായ തുകയ്ക്ക് കൃഷിപ്പണിചെയ്തു. ഒടുവില്‍ ഭര്‍ത്താവിന്റെ അപകട മരണത്തിനും സാക്ഷിയായി.

നാല്പത്തിയെട്ടുകാരിയായ ഇവോദ അക്കാലത്തിനുള്ളില്‍ എല്ലാ ദുരനുഭവങ്ങളുടെയും അനുഭവസ്ഥയായി. ജീവിതം വഴിമുട്ടിയപ്പോഴാണ് ഐമ കൈതല്‍ വാതില്‍ തുറന്നത്. അന്നു മുതലാണ് ജീവിച്ചു തുടങ്ങിയത്. കച്ചവടത്തെ കുറിചുള്ള ആദ്യാവസാനം മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞു കൊടുത്തു. വനിതാ കൂട്ടായ്മ മീന്‍ പാത്രങ്ങളും ഇരിക്കാനുള്ള സ്റ്റൂളും നല്‍കി. മനുഷ്യര്‍ ചുറ്റിലും സഹായഹസ്തവുമായി നിരന്നു.
ജീവിതം പുതിയ ദിശയിലേക്ക് മുളപൊട്ടി വിടര്‍ന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ മാര്‍ക്കറ്റിലെ വനിതാ സംഘടന ഏറ്റെടുത്തു. ഉയര്‍ന്ന പഠനങ്ങള്‍ക്കായി മക്കളിന്നു ഡല്‍ഹിയിലാണ്. മാന്യമായി ജീവിക്കാനുള്ള വരുമാനം മീന്‍ കച്ചവടത്തില്‍ നിന്നും കിട്ടുന്നുണ്ട്. പോരാട്ടങ്ങളുടെ ചോരകുതിര്‍ന്ന മണ്ണില്‍ ഇന്നു നിറയെ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകളാണ്.
ചരിത്രത്തില്‍ വീണ പെണ്ണിന്റെ ചോര
ഓരോ സ്ത്രീജീവിതത്തിനും അത്രമേല്‍ കരുത്തു കൊടുക്കുന്നത് കടന്നു വന്ന വഴികളാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിഴലിച്ചിരുന്ന മണ്ണാണ് മണിപ്പൂരിന്റേത്. ആ സംഘര്‍ഷങ്ങളാണ് ഓരോ കുടിലിലും ആയുധമെത്തിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആയുധ പരിശീലനം അതാത് ഗോത്രങ്ങള്‍ നല്‍കി പോന്നു. ജീവനറ്റു വീഴുന്നതുവരെ ഗോത്രത്തിനു വേണ്ടി പോരാടാന്‍ അവര്‍ സദാ സന്നദ്ധരായിരുന്നു.
ആ മനസ്സും കരുത്തുറ്റ ശരീരവുമാണ് ബ്രിട്ടീഷുകാര്‍ മുതലെടുത്തത്. രണ്ടാം ലോക മഹായുദ്ധങ്ങള്‍ക്കായി എണ്ണമറ്റ മണിപ്പൂരി പുരുഷന്മാരെയാണ് അവര്‍ അണിനിരത്തിയത്. അന്നുപോയവരുടെ ജീവനറ്റ ശരീരം പോലും പിന്നീടു ഗ്രാമം കണ്ടിട്ടില്ല. അനാഥമായ കുടുംബങ്ങളുടെ വേദനയും ആരും കേട്ടില്ല. ആ വേദനകളാണ് കുടിലുകളിലെ സ്ത്രീജീവിതത്തെ പുറത്തെത്തിച്ചത്.

ജീവിക്കാനാവാത്ത വിധമുള്ള ബ്രിട്ടന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളെ പട്ടിണിയിലേക്കു കൂപ്പുകുത്തിച്ചു. കുടിലുകള്‍ വിശന്നു വലഞ്ഞു. ഒടുവില്‍ രോഷംകൊണ്ടവ വിറച്ചു. വൈകാതെ ബ്രിട്ടന്റെ അസംഘ്യം അനീതികള്‍ സ്ത്രീകളെ തെരുവിലിറക്കി. പൊടുന്നനെയാണ് അതിനൊരു മുന്നേറ്റത്തിന്റെ കരുത്തു വന്നത്. കടലുപോലെ ആര്‍ത്തിരമ്പിയ സ്ത്രീകള്‍ക്കുമുന്നില്‍ ബ്രിട്ടണ്‍ വിറച്ചു.
നൂപി ലാന്‍ (വനിത യുദ്ധം) എന്ന പേരില്‍ അറിയപ്പെടുന്ന വലിയ പ്രക്ഷോഭത്തിലേക്ക് അതുവഴിവച്ചു. അന്നത്തെ പോരാട്ടങ്ങളുടെ ചൂടാണ് ലിംഗ സമത്വത്തിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കും ആ നാടിനെ ഉയര്‍ത്തിയത്. ഏതുശക്തിക്കുമുന്നിലും പതറാത്ത സ്ത്രീ മനസ്സിന് മുന്നില്‍ കൈകൂപ്പി സുഭാഷ് ചന്ദ്രബോസ്സ് പറഞ്ഞത് മണിപ്പൂര്‍ മണി രത്‌നമാണെന്നാണ്.
പോയകാലം ചിന്തിയ ചോരയുടെ ചരിത്രമാണ് ഇന്നാ ജനതയെ മുന്നോട്ട് നയിക്കുന്നത്. അവരുടെ കരുത്തും സ്വപ്നങ്ങളും നഷ്ടപ്പെടലില്‍ നിന്നുണ്ടായതാണ്. കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല ഒരുകാലവുമെന്ന് അവര്‍ക്ക് നന്നായി ബോധ്യമുണ്ട്. ആ ബോധ്യങ്ങളിലാണ് ഇന്നവര്‍ ഉറച്ച ജീവിതം പടുക്കുന്നത്.

കരുതലിന്റെ അടയാളം
ത്യാഗങ്ങളുടെയും പോരാട്ടത്തിന്റെയും ആത്മാവുകൊണ്ടാണ് ഐമ കൈതല്‍ മാര്‍ക്കറ്റിന്റെ ഓരോകല്ലുകളും പടുത്തത്. മണിപ്പൂരി സ്ത്രീകളുടെ ജാതകം മാറ്റിയ കരി നിയമങ്ങളാണ് ലല്ലപ് - കബ. ഈ നിയമം അനുസരിച്ച് പുരുഷന്മാരെ ആവശ്യാനുസരണം ഏതുരീതിയില്‍ ഉപയോഗപ്പെടുത്താനും ഭരണകൂടങ്ങള്‍ക്ക് സാധിക്കും. പലപ്പോഴും രാപ്പകല്‍ അടിമ ജോലികള്‍ക്കും യുദ്ധങ്ങള്‍ക്കും വരെ ഉപയോഗിച്ചു. വരാന്‍ സന്നദ്ധരല്ലാത്തവരെ കഠിനമായി ശിക്ഷിച്ചു.
കുടുംബങ്ങളിലും ഗ്രാമങ്ങളിലും പുരുഷസാന്നിധ്യം കുറഞ്ഞു. അതോടെ കുടുംബത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. വിളഞ്ഞ പാടങ്ങള്‍ കര്‍ഷകരില്ലാതെ തരിശ്ശായി. വിശന്നു ജീവനറ്റുവീഴുന്ന കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ കരയാനാവാതെ നില്‍ക്കേണ്ടിവന്ന അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു. മരവിച്ച മനസ്സാണ് പുതിയ ചിന്തകള്‍ക്ക് വഴിവച്ചത്. കൂട്ടമായി അവര്‍ പാടങ്ങളിലേക്കിറങ്ങി. അടുത്ത കാലത്തിനായി വിത്തെറിഞ്ഞു. മണ്ണാഴങ്ങളിലേക്ക് ഇറങ്ങിയ വിത്തുകള്‍ നൂറുമേനി തിരികെ കൊടുത്തു. ആ വിളകള്‍ വില്‍ക്കാന്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവന്നു. അത് ചെറുചന്തകളായി. ഐമ കൈതല്‍ എന്ന ചരിത്രത്തിലേക്ക് നടന്നത് ആ വഴിയാണ്.
മാര്‍ക്കറ്റുകളുടെ രാജ്ഞി എന്ന വിശേഷണവും ഐമ കൈയ്തലിനു സ്വന്തമാണ്. ഇരുനില കെട്ടിടത്തില്‍ മൂന്നു ഭാഗങ്ങളാക്കി തിരിച്ചാണ് കച്ചവടം. തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ വില്‍ക്കാനുള്ള അനുമതിയുള്ളു. 2016 ഇല്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മാര്‍ക്കറ്റിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ പ്രതിസന്ധികളുടെ കടലാഴങ്ങള്‍ താണ്ടിയ മനുഷ്യര്‍ കൂടുതള്‍ ഭംഗിയില്‍ വീണ്ടും അതൊക്കെയും പടുത്തുയര്‍ത്തി.

അമ്മ മാര്‍ക്കറ്റ് എന്നാല്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടം കൂടെയാണ്. പെണ്‍കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കായി വലിയതുകയാണ് ഓരോ വര്‍ഷവും സമാഹരിക്കുന്നത്. മാര്‍ക്കറ്റിനു പുറത്തുള്ള വലിയ ലോകത്തേക്ക് അടുത്ത തലമുറയെ എത്തിക്കാനാണ് ആ കരുതല്‍. നാലായിരത്തോളം വരുന്ന സ്ത്രീ വ്യാപാരികളുടെ ക്ഷേമങ്ങള്‍ക്കായും പ്രത്യേകം പദ്ധതികളുണ്ട്. അതു നിയന്ത്രിക്കുന്നതും സ്ത്രീകളുടെ തന്നെ യൂണിയനാണ്.
അവസാനിക്കാത്ത ചരിത്രം
തലമുറയെത്തന്നെ ഇല്ലാതാക്കുന്ന പ്ലാസ്റ്റിക്ക് എന്ന വിപത്തിന് മാര്‍ക്കറ്റില്‍ സ്ഥാനമില്ല. പ്ലാസ്റ്റിക്ക് പൊതിഞ്ഞു വരുന്ന ഉല്‍പ്പന്നങ്ങളും എവിടെയും ലഭ്യമല്ല. നൂറുശതമാനം ആത്മാര്‍ത്ഥമായാണ് അവര്‍ കാലത്തെ കാക്കുന്നത്. വര്‍ണ്ണാഭമായ പാക്കറ്റുകളില്‍ പൊതിഞ്ഞ് ഉല്‍പ്പങ്ങള്‍ വലിയ തുകയ്ക്ക് വില്‍ക്കുന്ന വന്‍കിട കമ്പനികളോടുള്ള വെല്ലുവിളികൂടിയാണത്.
പ്രധാനമായും മാര്‍ക്കറ്റിലെത്തുന്നത് ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ധാന്യങ്ങളുമാണ്. കേരളത്തിലെ തെങ്ങ് കൃഷിപോലെ മണിപ്പൂരില്‍ മത്സ്യകൃഷി സജീവമാണ്. വീടിനോട് ചേര്‍ന്നുള്ള ചെറിയ കുളങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. മിക്ക കുടുംബങ്ങളുടെയും ജീവിതമാര്‍ഗ്ഗമാണത്. എന്ത് തരം ഉല്‍പ്പനങ്ങള്‍ ആണെങ്കിലും മാര്‍ക്കറ്റില്‍ നേരിട്ട് കൊണ്ടുവന്നു വില്‍ക്കാം. ഒരു കച്ചവടവും ഇടനിലക്കാരന്‍ വഴിയല്ല നടക്കുന്നത്.
കാര്‍ഷിക വിളകള്‍ക്കാണ് ആദ്യ പരിഗണന. കൂടുതല്‍ സ്ഥലവും അത്തരം ഉല്പന്നങ്ങള്‍ക്കാണ്. കച്ചവട സ്റ്റാളുകളില്‍ മിക്കവയും പാരമ്പര്യമായി സ്ത്രീകള്‍ കൈമാറി പോരുന്നവയാണ്. വിവാഹം കഴിഞ്ഞ സ്ത്രീകളാണ് പ്രധാന കച്ചവടക്കാര്‍. വില്‍ക്കുന്ന സ്റ്റാളുകളും സ്ത്രീകള്‍ക്കു മാത്രമേ വാങ്ങാന്‍ സാധിക്കു.
വ്യക്തി ജീവിതം പോലെ പ്രധാനപ്പെട്ടതാണ് അവര്‍ക്ക് ഓരോരുത്തര്‍ക്കും സാമൂഹ്യ ജീവിതം. വിലകയറ്റത്തിനെതിരെയും ഭരണകൂടങ്ങളുടെ കാടന്‍ നിയമങ്ങള്‍ക്കെതിരെയും അവര്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഇറോം ശര്‍മിളയുടെ ജീവിതത്തിലൂടെ ആ നാടിനെ വരിഞ്ഞു മുറുക്കിയ നിയമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. പൊലീസിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്സ്പ പോലുള്ള കെടുതികള്‍ മനുഷ്യരുടെ വേരറുത്തിട്ടുണ്ട്. ആര്‍മിക്കുമുന്നില്‍ വിവസ്ത്രരായി നടത്തിയ പ്രതിഷേധവും ലോകം കണ്ടതാണ്. പൊള്ളുന്ന ജീവിത അനുഭവങ്ങളിലൂടെയാണ് അവരിന്നും കടന്നു പോകുന്നത്.
ഓരോ സ്ത്രീക്കും പറയാനുള്ളത് ആണധികാരത്തിന്റെ ക്രൂരതകളാണ്. അത്രമേല്‍ പ്രതിസന്ധി തീര്‍ത്തിട്ടുണ്ട് പുരുഷവര്‍ഗ്ഗം. ആ ആധിപത്യ ബോധത്തിന്റെ ബദലാണ് ഐമ കൈതല്‍. നടക്കുന്നതിനിടെ ഇവോദ അവസാനിക്കാത്ത ചരിത്രം എണ്ണമിട്ടു പറഞ്ഞുകൊണ്ടിരുന്നു ഞങ്ങളും ആ ചരിത്രത്തിനൊപ്പം നടന്നു..
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Mar 16, 2023
5 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read
ഡോ. രാഖി തിമോത്തി
Mar 08, 2023
8 minutes read
സല്‍വ ഷെറിന്‍
Mar 07, 2023
10 Minutes Read