ഞങ്ങൾ അറിഞ്ഞ വെബ്സീൻ, എഴുത്തുകാർ പ്രതികരിക്കുന്നു

വിമർശനങ്ങളെ സദാ സ്വാഗതം ചെയ്തു കൊണ്ട്, പ്രാതികൂല്യങ്ങളെ അനുകൂലമാക്കിക്കൊണ്ട്, വായനക്കാരുടെ അഭിരുചികളും വീക്ഷണങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവിന്റെ ജനാധിപത്യ ബോധത്തോടെ, പ്രത്യാശ നിറഞ്ഞ സമരവീര്യത്തോടെ, പാരമ്പര്യഭാരങ്ങളുടെയും പ്രാചീനഗന്ധങ്ങളുടെയും ഗൃഹാതുരതകളില്ലാതെ... പാരായണത്തിന്റെ നാനാത്വം ഇതിലൂടെ അറിഞ്ഞിട്ടുണ്ട്.

Think

നൂറ് പാക്കറ്റ് പിന്നിട്ട ട്രൂകോപ്പി വെബ്‌സീന് ആശംസകളുമായി എഴുത്തുകാർ. സൗജന്യമായി വായിക്കാവുന്ന രണ്ട് പാക്കറ്റുകളുമായി ട്രൂകോപ്പി വെബ്‌സീൻ 100-ാം ലക്കം ഇന്നലെ പുറത്തിറങ്ങി. 165 രചനകളാണ്, നൂറാം പാക്കറ്റിൽ വായനക്കാർക്കു മുന്നിലെത്തുന്നത്. എഴുത്തിലൂടെ, വായനയിലൂടെ, കേൾവിയിലൂടെ തങ്ങൾ അറിഞ്ഞ ട്രൂ കോപ്പി വെബ്സീനെ കുറിച്ച് എഴുത്തുകാർ പ്രതികരിക്കുന്നു. അവയിൽ ചിലത്.

ഴുപതുകളിലെ സമാന്തര പ്രസിദ്ധീകരണങ്ങൾ അച്ചടിയെ ഉപയോഗിച്ചതു പോലെ സൈബർ സാധ്യതകളെ പ്രയോജനപ്പെടുത്താനും പലരും ശ്രമിച്ചു പോന്നു. അവർക്കിടയിൽ പരുവം കൊണ്ട ഒരു ആശയെ/ആശയത്തെ അതിന്റെ വിപണനപരമായ സാധ്യതകൾ കൂടി പരിഗണിച്ചു കൊണ്ട് സാക്ഷാത്കരിക്കാൻ കഴിഞ്ഞ ഒരു സംരംഭമാണ് ട്രൂകോപ്പി. ലെഗസിയുള്ള മാധ്യമസ്ഥാപനങ്ങൾക്ക് ഇതിനേക്കാൾ മികച്ച രീതിയിൽ ചെയ്യാമായിരുന്ന ഒരു കാര്യമാണ് ട്രൂകോപ്പി ചെയ്തത്. നൂറ് പാക്കറ്റുകൾ കഴിഞ്ഞ സ്ഥിതിയ്ക്ക് അതവരുടെ മിടുക്കായി പോയന്നെ ഇനി പറയാനാവൂ, മലയാളത്തിന്റെ നവകാല മാധ്യമചരിത്രത്തിൽ അവർ അവരുടേതായ ഒരു സ്‌പേസ് സംഘടിപ്പിച്ചിരിക്കുന്നു
എ. ഹരിശങ്കർ കർത്ത


"ല്ല പഴയ'തിനേക്കാൾ, "അത്ര നല്ലതല്ലാത്ത പുതിയ' താണ് വേണ്ടതെന്ന് പറഞ്ഞത് ബ്രെഹ്ത് ആണ്. മത വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ നിലയ്ക്കു നിർത്തുന്നതിൽ സമൂഹം പരാജയപ്പെടുകയാണെന്ന വലുതായ ഭയം വർദ്ധിച്ചു വരുന്ന കാലത്ത് നിർഭയരായ എഡിറ്റർമാരുടെ കൂട്ടായ പ്രവർത്തനമാണ് ട്രൂകോപ്പിയെ വ്യത്യസ്തമാക്കുന്നത്.

"വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നു ഞാനറിഞ്ഞിട്ടില്ല' എന്ന അഭിമാനത്തോടെ
True copy Webzine, അതിന്റെ നൂറാം പാക്കറ്റ് പുറത്തിറക്കിയിരിക്കുന്നു. പഴയ ലക്കങ്ങളെ കൂടി ചേർത്തു കൊണ്ടാണ് പുതിയ പാക്കറ്റ് ഇറങ്ങിയിരിക്കുന്നത്.

വിമർശനങ്ങളെ സദാ സ്വാഗതം ചെയ്തു കൊണ്ട്, പ്രാതികൂല്യങ്ങളെ അനുകൂലമാക്കിക്കൊണ്ട്, വായനക്കാരുടെ അഭിരുചികളും വീക്ഷണങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവിന്റെ ജനാധിപത്യ ബോധത്തോടെ, പ്രത്യാശ നിറഞ്ഞ സമരവീര്യത്തോടെ, പാരമ്പര്യഭാരങ്ങളുടെയും പ്രാചീനഗന്ധങ്ങളുടെയും ഗൃഹാതുരതകളില്ലാതെ...
പാരായണത്തിന്റെ നാനാത്വം ഇതിലൂടെ അറിഞ്ഞിട്ടുണ്ട്. സ്വേച്ഛാധിപത്യവിരുദ്ധതയും നൈതിക വീക്ഷണവും മുഖമുദ്രയാക്കി കൊണ്ട്, മനുഷ്യന്റെ അടിസ്ഥാനസത്തയെ സ്പർശിച്ചു കൊണ്ട് എങ്ങനെ ഒരു പ്രസിദ്ധീകരണം സാഹചര്യങ്ങളെ മറികടന്നുപോന്നു എന്നറിയാൻ, അവയെ ഒന്നിച്ചൊരിടത്തു കാണാൻ വെബ്‌സീനിന്റെ ഈ പുതിയ സംരഭം സഹായിക്കുന്നു. (കുറച്ചു കൂടി ലളിതമായ Subscription രീതികൾ സ്വീകരിക്കണമെന്ന് ഒരാവശ്യം കൂടി എഡിറ്റോറിയൽ ടീമിനു മുന്നിൽ വെക്കുകയാണ്.)
എസ്. ശാരദക്കുട്ടി


തുടക്കം മുതൽ ട്രൂകോപ്പിക്കൊപ്പമുണ്ട്. എഴുത്തിൽ ഗുരുക്കന്മാരോ ഉപദേശകരോ വഴികാട്ടികളോ ആരുമില്ല. മുന്നും പിന്നും നോക്കാനില്ല. എഴുത്തിടങ്ങളിലെ ഒറ്റപ്പെട്ട താരകളോടാണ് എന്നും പ്രിയം. എഴുത്തുകാരനാകാൻ ഒരു സാധ്യതയുമില്ലാത്ത ജീവിതമായിരുന്നു.

ദൈവമാകാൻ ഒരു സാധ്യതയുമില്ലാത്ത മനുഷ്യൻ തെയ്യമാകുന്നതു പോലെ എഴുത്തിന്റെ എകർന്ന മുടിയേന്തിയുള്ള ആട്ടമായിരുന്നു പിന്നീട്. വായനയുടെ അതുവരെ അപരിചിതമായ ഒരു പുത്തൻ സങ്കേതം മലയാളത്തിൽ ട്രൂകോപ്പിയുടെ രൂപത്തിൽ ആവിഷ്കരിച്ചപ്പോൾ തുടക്കം മുതൽ പങ്കാളിയാകാൻ കഴിഞ്ഞു. ഓരോ കണ്ണികൾ കോർത്ത് ട്രൂ കോപ്പിയെന്ന ലോകമാകെ പടർന്ന വലനൂറ്റവർക്കൊപ്പം പങ്കാളിയാകുന്നതിൽ സന്തോഷം.... "കൊന്നാലും ചാകാത്തവരുടെ ചോര' നൂറാം പാക്കറ്റിൽ തളംകെട്ടിക്കിടക്കുന്നുണ്ട്...
വി.കെ. അനിൽ കുമാർ


വശ്യപ്പെട്ടിട്ടും എഴുതിക്കൊടുക്കാത്ത ലേഖനങ്ങളാണ് ട്രൂ കോപ്പിയിൽ എന്റെ ഏറ്റവും വലിയ സംഭാവന. എന്നാലും ട്രൂകോപ്പി വെബ്‌സീൻ ഇന്ന് 100 പാക്കറ്റുകൾ തികയ്ക്കുമ്പോൾ സന്തോഷമുണ്ട്. ഇക്കാലത്തിനിടയിൽ എന്റേതായി ചില ആർട്ടിക്കിളുകളും പോസ്റ്റ്‌മോർട്ടം ടേബിളെന്ന കഥയും അതിൽ പ്രസിദ്ധീകൃതമായി. മികച്ച കണ്ടന്റും കാലോചിതമായ രൂപകൽപ്പനകളുമായി ട്രൂകോപ്പി ഇനിയും ഒരുപാട് ഉയരട്ടെ എന്നാശംസിക്കുന്നു.
മനോജ് വെള്ളനാട്


തെങ്കിലും ഒരു പ്രസിദ്ധീകരണം 100 ആഴ്ച്ച തികയ്ക്കുന്നു എന്നത് വാർത്തയോ അത്ഭുതമോ ഒന്നുമല്ല. ഓൺലൈനായും ഓഫ് ലൈനായും എത്രയോ പ്രസിദ്ധീകരണങ്ങൾ നൂറും ആയിരവുമൊക്കെ തികയ്ക്കുന്നുണ്ട്.
പക്ഷേ, ഒറ്റ പരസ്യം പോലും ഇല്ലാത്ത, അലസവായനയ്ക്ക് വഴങ്ങി തരാത്ത, കുലമഹിമയോ പാരമ്പര്യമോ അവകാശപ്പെടാൻ ഇല്ലാത്ത, രാഷ്ട്രീയകക്ഷികളുടെ പിന്തുണ ഇല്ലാത്ത, ട്രൂ കോപ്പി വെബ്‌സീൻ 100 തികയ്ക്കുന്നു എന്നത് അത്ഭുതം തന്നെയാണ്. ഈ നൂറിൽ 92 ഉം വായിച്ച ഒരാൾ എന്ന നിലയിൽ, മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് ഇതിനെ മാറ്റി നിർത്തുന്നത് ഉള്ളടക്കത്തിലെ പുതുമയും നിലപാടുകളിലെ ഉറപ്പും നാം ഇതുവരെ എവിടെയും വായിക്കാത്ത പുതിയ എഴുത്തുകാരുടെ സാന്നിധ്യവുമാണ്.

ഓരോ ആഴ്ച്ചയും പ്രസക്തമായ ഒരു വിഷയം വെബ്‌സീനിന് പറയാനുണ്ടായിരുന്നു. പറയുന്ന വിഷയത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പറയാനും അവർ ശ്രദ്ധിച്ചു. ഏത് പ്രസിദ്ധീകരണത്തിലേയും ഫിക്ഷൻ ആദ്യം വായിക്കുന്ന ഞാൻ, വെബ്‌സീനിൽ നിന്ന് ധാരാളം നല്ല കഥകൾ വായിച്ചു. അവയൊന്നും നെറ്റിപ്പട്ടം ചാർത്തിയ കൊമ്പൻമാരുടേതല്ല. അത് എഴുതിയവർക്കൊന്നും മലയാള സാഹിത്യത്തിൽ കാര്യമായ മേൽവിലാസവും ഇല്ലായിരുന്നു. പുതിയ കവികളെ വായിച്ചു. അതിൽ തന്നെ എഫ്ബിയിൽ എഴുതുന്ന കവികളും ഉണ്ട് എന്നത് എനിക്ക് അത്ഭുതം തന്നെയാണ്.
അഞ്ചോളം നല്ല നോവലുകൾ വായിച്ചു. അതും നോവൽ സാഹിത്യത്തിലെ തമ്പുരാക്കന്മാരുടേതോ തമ്പുരാട്ടിമാരുടേതോ അല്ല. എഴുതി തുടങ്ങുന്നവർ പോലുമുണ്ട് ആ നോവലിസ്റ്റുകളിൽ. പറയേണ്ട രാഷ്ട്രീയം പറയേണ്ട സമയത്ത് കൃത്യമായി പറയുക എന്നത് ധീരത തന്നെയാണ്. ആ ധീരതയും വെബ്‌സീൻ കാണിച്ചിട്ടുണ്ട്.

വെബ്‌സീനിന്റെ മുഴുവൻ ടീമിനും അഭിമാനിക്കാവുന്ന അടയാളക്കുറി തന്നെയാണ് ഈ 100. ഈ നൂറിൽ 78 ലും ഈയുള്ളവന്റെ ചെറിയ എഴുത്തും ഇടം പിടിച്ചിട്ടുണ്ട് എന്നത് അഭിമാനമാണ് സന്തോഷകരമാണ്.
മഹത്തുക്കളുടെ കാലടി പതിഞ്ഞ മണ്ണൊന്നും അവർ സൂക്ഷിക്കുന്നില്ലെങ്കിലും, വായിക്കുന്ന വായിച്ചതിനെപ്പറ്റി ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ കൂടെ നടക്കാൻ ഈ 100 പാക്കിലും ട്രൂ കോപ്പി വെബ്‌സീനിന് കഴിഞ്ഞിട്ടുണ്ട്. അത് ഇനിയും അവർക്ക് തുടരാൻ കഴിയട്ടെ എന്ന ആശംസയോടെ.
മുഹമ്മദ് അബ്ബാസ്


ലയാള മാധ്യമ രംഗത്തെ സുപ്രധാനമായ ഒരു ചുവടുവയ്പ്പായിരുന്നു "ട്രൂ കോപ്പി തിങ്ക്'. അത് രൂപീകരിക്കാനുണ്ടായ സവിശേഷ സാഹചര്യവും മുന്നോട്ടു വച്ച മാധ്യമ സംസ്‌കാരവും മലയാളത്തിന് അവഗണിക്കാനാകില്ല. ഡിജിറ്റൽ മാധ്യമ രംഗത്തെ ഗതിനിർണായകമായ പരീക്ഷണമായിരുന്നു ട്രൂ കോപ്പിയുടെ വെബ്സീൻ. ഇപ്പോൾ 100 പതിപ്പുകൾ പിന്നിടുന്ന ട്രൂ കോപ്പിയ്ക്ക് ആശംസകൾ. നൂറാം പതിപ്പിനോട് അനുബന്ധിച്ചുള്ള കളക്ടേഴ്സ് എഡിഷനിലെ 100 എഴുത്തുകാരിൽ ഒരാളാവാൻ കഴിഞ്ഞതിൽ സന്തോഷം.
പി.ബി. ജിജീഷ്

ട്രൂകോപ്പി വെബ്സീൻ നൂറു ലക്കം പിന്നിടുകയാണ്. കേരളത്തിലെ ആദ്യ ഡിജിറ്റൽ മാസിക, മലയാളത്തിലെ മാഗസിൻ ജേണലിസത്തെ സൂക്ഷ്മമായി ആധുനികമാക്കിയവരിൽ നിന്നുള്ള നവീന സംരഭം. മലയാളിയുടെ വായനയിൽ ആഴത്തിലുള്ള സ്വാധീനമായി അവർ യാത്ര തുടരുകയാണ്. പല ലക്കത്തിലും ഞാനും എഴുതിയിട്ടുണ്ട്. അതൊരു ചേർന്നു നിൽക്കലായിരുന്നു. വേറിട്ട വായനകളുടെ ഇടമായി അവരുടെ യാത്ര തുടരട്ടെ. കാലത്തേയും ലോകത്തേയും അറിയാനുള്ള ഒരിടം. ആശംസകളും അഭിവാദ്യങ്ങളും
എൻ.ഇ. സുധീർ

ട്രൂകോപ്പി തിങ്കിന്റെ തുടക്കം മുതലേ അവർക്കൊപ്പമുണ്ടായി, അവർ എനിക്കൊപ്പവും. അത് എഴുത്തായും വീഡിയോ അഭിമുഖമായും ചർച്ചകളായും വന്നുപോയി. ബിരിയാണിയും ചായകളും ചിരികളുമായി രസകരമായ സമയങ്ങൾ ആ ടീമിനൊപ്പം ചെലവഴിക്കാനായി. ഉത്തർപ്രദേശ് രാഷ്ട്രീയം പറയുന്ന ലോങ് നരേറ്റീവ് ഫുട്ടേജ് ഐഡിയ പറഞ്ഞപ്പോൾ മടി കൊണ്ട് ഇല്ലെന്ന് പറയാനാണ് ആദ്യം തോന്നിയത്. പക്ഷേ ആ എപ്പിസോഡുകളെല്ലാം നന്നായി വന്നു. മടിയുടെ സൂക്കേട് ഉണ്ടായിട്ടും ലോക്ഡൗൺ കാലത്ത് വെബ്സീൻ ടീം നിർബന്ധിച്ച് എഴുതിച്ചതാണ് 25 തുടരാഴ്ച്ചകളിലായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യൻ യാത്രകൾ. നിരന്തരം ലേഖനങ്ങൾ ചോദിച്ചു, വിളിച്ചു, അങ്ങനെ എഴുതി. ഓരോ കണ്ടന്റും ഇടവും രൂപകൽപ്പനയും കൊണ്ട് അവർ മനോഹരമാക്കി. മലയാളത്തിൽ വേറിട്ട സോഷ്യോ-പൊളിറ്റിക്കൽ റീഡിങ് കോർണർ സൃഷ്ടിക്കാൻ ട്രൂകോപ്പിയ്ക്ക് കഴിഞ്ഞു. ഒപ്പം ചേരാനായതിൽ സന്തോഷം. എല്ലാ സ്നേഹ നിർബന്ധങ്ങൾക്കും പ്രോത്സാഹനത്തിനും ചിയേഴ്സ്. ആശംസ, നന്ദി.
വി.എസ്. സനോജ്


നൂറാം പതിപ്പിൽ എത്തിനിൽക്കുന്ന ട്രൂ കോപ്പിയ്ക്ക്‌- അവരുടെ ആത്മാർത്ഥ ശ്രമങ്ങൾക്ക്‌, അവരുടെ നിലപാടുകൾക്ക്‌ - എല്ലാ ആശംസകളും, സ്നേഹബഹുമാനങ്ങളും
പ്രിയ ജോസഫ്


ലയാളത്തിലെ ഡിജിറ്റൽവായനയ്ക്ക് ദിശാബോധം നൽകിയ ട്രൂകോപ്പി വെബ്സീൻ നൂറ് പതിപ്പുകൾ പിന്നിടുന്നു. അച്ചടിമാധ്യമങ്ങൾ അരുകാക്കിയ ദൃശ്യകലാസാഹിത്യത്തിനും ഒരിടം നൽകി എന്നത് ട്രൂകോപ്പിയോടുള്ള മമത വർദ്ധിപ്പിക്കുന്നു. ആശംസകൾ
സുധീഷ് കോട്ടേമ്പ്രം

ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 100
best-of-truecopy

Comments