അനില്‍ പി നെടുമങ്ങാട്:
ജീവിച്ചിരിക്കുന്നുവെന്ന്
തോന്നിക്കൊണ്ടിരിക്കുന്ന
ഒരാളെപ്പറ്റി ഓർമക്കുറിപ്പ്
അനില്‍ പി നെടുമങ്ങാട്: ജീവിച്ചിരിക്കുന്നുവെന്ന് തോന്നിക്കൊണ്ടിരിക്കുന്ന ഒരാളെപ്പറ്റി ഓർമക്കുറിപ്പ്
26 Dec 2020, 01:59 PM
ജീവിച്ചിരിക്കുന്നുവെന്ന് തോന്നിക്കൊണ്ടിരിക്കുന്ന ഒരാളെപ്പറ്റി ഓർമക്കുറിപ്പ് എഴുതേണ്ടി വരുന്നത് എന്തൊരു ദുരന്തമാണ്? നാടകരംഗത്തുണ്ടായിരുന്നിട്ടും ഞാൻ സംസാരിച്ചിരുന്നിട്ടില്ലാത്ത ഒരാളാണ്. അനിലേട്ടൻ എന്നെയും ഞാൻ അനിലേട്ടനെയും ഒരിക്കലും കണ്ടതായി നടിച്ചില്ല. ഈ വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ മാർട്ടിൻ പ്രക്കാട്ട് പുതിയ സിനിമയിൽ കാസ്റ്റ് ചെയ്യാനായി എന്നെ വിളിച്ചപ്പോൾ എന്നെ കംഫർട്ടബിൾ ആക്കാനാണെന്നു തോന്നുന്നു അനിൽ നെടുമങ്ങാടും ഉണ്ടെന്നു പറഞ്ഞു. നാടകക്കാർ ആയതുകൊണ്ട് പരിചയവും ഒരു കൂട്ടും ഒക്കെ കാണുമല്ലോ എന്ന് കരുതിക്കാണും.
സ്‌കൂൾ ഓഫ് ഡ്രാമ സീനിയർ എന്ന നിലയിലും നല്ലൊരു നടൻ എന്ന നിലയിലും ദൂരെ നിന്നുള്ള പരിചയമേ ഉള്ളൂ എന്ന് ഞാൻ പറഞ്ഞു. ലൊക്കേഷനിൽ വച്ച് അനിലേട്ടനെ കണ്ടപ്പോൾ, മാർട്ടിൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ അനിലേട്ടൻ അമ്പരന്നു നോക്കി. എനിക്കറിയാമല്ലോ എന്ന് അനിലേട്ടൻ പറഞ്ഞപ്പോൾ മാർട്ടിൻ എന്നെ നോക്കി. എനിക്കും അറിയാമെന്നു ഞാൻ പറഞ്ഞു. സംസാരിക്കാതെയും കൂട്ടുകൂടാതെയും ഞങ്ങൾക്ക് ഞങ്ങൾ അഭിനയിച്ച നാടകങ്ങളിലൂടെ പരസ്പരം അറിയുമായിരുന്നു. "നിന്നെ എന്നെങ്കിലും ഒന്ന് പരിചയെപ്പെടണം എന്ന് കരുതിയിരിക്കുകയായിരുന്നു. നീ അറിയപ്പെടുന്ന ദേഷ്യക്കാരിയല്ലേ', കൂട്ടായപ്പോൾ പുള്ളി പറഞ്ഞു തുടങ്ങി. ഭയങ്കര ചൂടൻ എന്ന് ചിലർ പറഞ്ഞ അറിവ് വച്ചാണ് നല്ല നടൻ എന്ന അറിവുണ്ടായിരുന്നിട്ടും പരിചയപ്പെടാതിരുന്നത് എന്ന് ഞാനും പറഞ്ഞു.
മനുഷ്യരെപ്പറ്റി ചുറ്റുമുള്ള ആൾക്കാർ ഉണ്ടാക്കുന്ന കഥകൾ എത്ര ബാലിശവും പൊള്ളയുമാണെന്നു ഞാൻ പിന്നീട് മനസിലാക്കി. മനസിന്റെ ആർദ്രത ഒരു മനുഷ്യനിൽ എത്രയാഴങ്ങളിൽ ജലാശയങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു. ബുദ്ധിയുള്ള നടന്മാരെ കാണുന്നത് വിരളമാണ്. പ്രത്യേകിച്ച് വായനാശീലവും രാഷ്ട്രീയബോധവും ഉള്ളവരെ. അങ്ങനെയുള്ള അപൂർവം നടന്മാരിൽ ഒരാളാണ് അനിലേട്ടൻ. ഇടതുപക്ഷാനുഭാവിയായ അനിലേട്ടന് കോൺഗ്രസിലും സുഹൃത്തുക്കളുണ്ടായിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങളിൽ മിക്കപ്പോഴും മലയാള സാഹിത്യവും ലോക നാടകവും പലവിധ അഭിനയ സമ്പ്രദായങ്ങളും കാഫ്കയും സക്കറിയയും കാമുവും ഴെനെയും ഒക്കെ കടന്നു വന്നു. "എന്താണെങ്കിലും എനിക്ക് അഭിനയിക്കണമെങ്കിൽ കഥ വേണം. വാലും തുമ്പും ഇല്ലാത്ത ആശയങ്ങളുടെ നടൻ അല്ല ഞാൻ. കഥ പറയുന്ന നടൻ ആണ്. മറ്റെതൊന്നും മോശമായി കാണുന്നത് കൊണ്ടല്ല. ഞാൻ കഥ ഇഷ്ടപ്പെടുന്ന നടൻ ആണ്.' ഒരിക്കൽ അനിലേട്ടൻ അഭിപ്രായപ്പെട്ടു.

അനിലേട്ടന്റെ വായനയെക്കുറിച്ച് അദ്‌ഭുതപ്പെട്ടു ചോദിച്ചപ്പോൾ ഞങ്ങളുടെ ജനറേഷനിലെ മിക്ക നാടകക്കാർക്കും നല്ല വായനാശീലം ഉണ്ടെന്നാണ് പുള്ളി പറഞ്ഞത്. കുറേയായി വായന ഒക്കെ മുടങ്ങിക്കിടക്കുകയാണെന്നും ഒന്നുകൂടി എല്ലാം പുതുതായി തുടങ്ങണം എന്ന് ഇടയ്ക്കു പറഞ്ഞു. "നീ എഴുതിയതൊന്നും വായിച്ചിട്ടില്ല. തിരക്ക് ഒന്ന് കുറയുമ്പോള്‍ പുസ്തകം വാങ്ങി വായിക്കണം' എന്ന് പറഞ്ഞപ്പോൾ പുസ്തകം കൊടുക്കാം എന്ന് ഞാൻ ഏറ്റതാണ്. സ്വന്തം പുസ്തകത്തിന്റെ ഒരു കോപ്പി പോലും കൈയിൽ ഇല്ലാത്ത ഞാൻ ഇനി ഒരു കോപ്പി അനിലേട്ടനായി വാങ്ങി വയ്‌ക്കേണ്ടതില്ല.
അനിലേട്ടനെപ്പറ്റി ഒന്നും എഴുതണ്ട എന്ന് കരുതിയിരുന്നതാണ്. ഇരുന്നു ആലോചിക്കുന്തോറും വിഷമം കൂടുന്നു. എഴുതാനാണെങ്കിൽ ഒരുപാടുണ്ട്. ഷൂട്ടിങ് വളരെ ബുദ്ധിമുട്ടുള്ള ലൊക്കേഷനിലും മറ്റും ആയിരുന്നതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ മൊബൈലുകളിൽ ചിത്രങ്ങൾ ഒന്നും എടുത്ത് സൂക്ഷിച്ചിരുന്നില്ല. ഞങ്ങളുടെ കൂടെ അഭിനയിക്കാൻ വന്ന ചില ആർട്ടിസ്റ്റുകൾ പോകാൻ നേരം ഞങ്ങളോടൊത്ത് എടുത്ത ഫോട്ടോയാണ് അനിലേട്ടന്റെ കൂടെയെടുത്ത ഒരേയൊരു ചിത്രം.

കഴിഞ്ഞ മാസം "ആകെയുള്ള പോട്ടം. എനിക്ക് ഇഷ്ടപ്പെട്ടില്ല' എന്നും പറഞ്ഞ് എനിക്ക് അയച്ചു തന്നത്. മറ്റേത് വൈകുന്നേരം സായാഹ്‌ന സൂര്യന്റെ വെങ്കല മഴയിൽ കുളിച്ചു നിൽക്കുന്ന അനിലേട്ടന്റെ ഫോട്ടോ പുള്ളി അറിയാതെ ഞാൻ എടുത്തതാണ്. ഞാൻ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ ജാള്യതയോടെ മാറിനിന്നു കളഞ്ഞു. പിന്നീടിപ്പോഴോ അസ്തമയത്തിലാണല്ലോ തന്റെ ഉദയം എന്ന് ആലോചിച്ചു നിൽക്കുന്ന സ്വന്തം ചിത്രം കവർ ഫോട്ടോ ആക്കിയിരിക്കുന്നത് ഞാനെപ്പോഴോ കണ്ടു. എന്തുചോദിച്ചാലും "വയസായെടെ', ഇനിയെങ്കിലും ജീവിക്കണ്ടേ എന്ന് ഇടയ്ക്കിടെ പറയും.
സിനിമയിലും നാടകത്തിലും അല്ലാതെ അഭിനയിക്കാൻ കൂട്ടാക്കാത്ത മനുഷ്യനാണ്. അർധരാത്രിയടുപ്പിച്ച് വട്ടവടയിലെ കഠിനമായ തണുപ്പത്ത് ക്വാർട്ടർ മദ്യം മേടിക്കാൻ പോയിട്ട് മനുഷ്യർ ഉറങ്ങിയ ഓണം കേറാ മൂലയിൽ എവിടെയോ നിന്നും ഞാൻ എത്രയോ ദിവസങ്ങൾക്കു മുന്നേ ആഗ്രഹിച്ച ഓറഞ്ചും തപ്പിപ്പിടിച്ച് കൊണ്ടുവന്ന അനിലേട്ടൻ ഇപ്പോഴും എന്റെ മുന്നിലുണ്ട്. സ്നേഹം മാത്രം.

സേതു
Feb 19, 2021
5 Minutes Read
വേണു
Feb 17, 2021
52 Minutes Listening
ഡോ.ദീപേഷ് കരിമ്പുങ്കര
Feb 10, 2021
18 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read