ബി.ബി.സി ഡോക്യുമെൻററി ;
കാണരുത് എന്നു പറഞ്ഞാൽ
കാണും എന്നു പറയുന്നത് ഒരു പ്രതിഷേധമാണ്
ബി.ബി.സി ഡോക്യുമെൻററി ; കാണരുത് എന്നു പറഞ്ഞാൽ കാണും എന്നു പറയുന്നത് ഒരു പ്രതിഷേധമാണ്
ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻററി ഇന്ത്യയുടെ ഇന്റഗ്രിറ്റിയെ ബാധിക്കും, വിഭാഗീയതയും മതസ്പര്‍ധയും വളര്‍ത്തും എന്നാണ് സർക്കാർ ഭാഷ്യം. എങ്കില്‍ എന്തുകൊണ്ട് അത് നിരോധിച്ച്, ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഭരണഘടനാപരമായ കടമ നിര്‍വഹിക്കുന്നില്ല? അതിനുപകരം, ഐ.ടി നിയമത്തിലെ ഒരു വ്യവസ്ഥ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനകത്ത് വൈരുധ്യമില്ലേ? യുക്തിസഹമായി ഇതിനെ എങ്ങനെ വിശദീകരിക്കും.
24 Jan 2023, 02:54 PM
ബി.ബി.സിയുടെ ‘ഇന്ത്യ- ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യധ്വംസനമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ്. ഈയൊരു മൗലികാവകാശത്തിനുകീഴിലാണ് ‘ഫ്രീഡം ഓഫ് പ്രസ്' വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള ബുള്‍ഡോസിംഗാണ് യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ലളിതമായ ഒരു ചോദ്യം: എന്തുകൊണ്ടാണ് മോദി ഓര്‍മകളെ ഭയപ്പെടുന്നത്? ഓര്‍മകളെ മായ്ക്കാനാകില്ല എന്നതാണ് പ്രധാന കാര്യം. അത് റിയാലിറ്റിയാണ്, ചരിത്രമാണ്. എത്ര കണ്ട് വിലക്കിയാലും കത്തിച്ചുകളഞ്ഞാലും ചരിത്രം ഇരുണ്ട ചാരക്കൂനയില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഓര്‍മകളുടെ ചിറകുവിരിച്ച് മനുഷ്യമനസ്സുകളിലേക്ക് പറന്നുകൊണ്ടേയിരിക്കും. കാലാന്തരത്തോളം അത് സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇതാണ് ലോകത്തെല്ലായിടത്തും സംഭവിച്ചിട്ടുള്ളത്. ഹിറ്റ്‌ലര്‍ ചരിത്രപാഠപുസ്തകങ്ങളെ കത്തിച്ചതും ഓര്‍മകളെ പേടിച്ചാണ്, അതിലൂടെ പുതിയ ചരിത്രത്തെ നിര്‍മിക്കാനാണ് നോക്കിയത്.
ഇന്ത്യന്‍ കലണ്ടറില്‍നിന്ന് മൂന്നു വര്‍ഷങ്ങളെ മായ്ച്ചുകളയണമെന്ന് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നുണ്ട്. 1948 (ജനുവരി 30), 1992 (ഡിസംബർ 6), 2002.
1992 ഡിസംബര്‍ ആറ് ഇന്ത്യന്‍ ചരിത്രത്തില്‍നിന്നും ഓര്‍മകളില്‍നിന്നും മാഞ്ഞുപോകുന്നതാണോ? 2002-ല്‍ ഗുജറാത്തില്‍ നടന്നത് കലാപമായിരുന്നില്ല, ഏകപക്ഷീയമായ വംശഹത്യയായിരുന്നു. അതിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തീര്‍ച്ചയായും മോദിയുടെ പക്ഷത്തുനില്‍ക്കുന്ന സംഘങ്ങള്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അവരത് പറയട്ടെ. അതിന്റെ മറ്റൊരു വേര്‍ഷന്‍ കേള്‍ക്കാനോ പറയാനോ അനുവദിക്കില്ല എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്? ‘വംശഹത്യയില്‍ ഞാന്‍ കുറ്റവാളിയല്ല' എന്ന് മോദിക്കും ആര്‍.എസ്.എസിനും പറയാനും കാമ്പയിന്‍ നടത്താനുമുള്ള അവകാശം പോലെത്തന്നെ, വസ്തുതകളുടെ വെളിച്ചത്തില്‍ അങ്ങനെയല്ല എന്നു പറയാനും സ്വാതന്ത്ര്യമുണ്ട്. ഈയൊരു സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെങ്കില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എന്താണ് വില? അതുകൊണ്ട്, ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച നടപടി ഭരണഘടനാവിരുദ്ധമായ നീക്കമാണ്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന നറേഷനുകള്‍ ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അതില്‍ ഒന്ന്, ഈ ഡോക്യുമെൻററി ഇന്ത്യയുടെ ഇന്റഗ്രിറ്റിയെ ബാധിക്കും, വിഭാഗീയതയും മതസ്പര്‍ധയും വളര്‍ത്തും എന്നാണ്. എങ്കില്‍ എന്തുകൊണ്ട് അത് നിരോധിച്ച്, ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഭരണഘടനാപരമായ കടമ നിര്‍വഹിക്കുന്നില്ല? അതിനുപകരം, ഐ.ടി നിയമത്തിലെ ഒരു വ്യവസ്ഥ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനകത്ത് വൈരുധ്യമില്ലേ? യുക്തിസഹമായി ഇതിനെ എങ്ങനെ വിശദീകരിക്കും.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഓര്‍മകള്‍, ഹിന്ദു- മുസ്‌ലിം വിഭജനത്തിന് കാരണമാകും എന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും പറയുന്നത്. ഈ വാദത്തിനുപുറകില്‍ വിഷലിപ്തമായ വിദ്വേഷപ്രചാരണം ഒളിഞ്ഞിരിപ്പുണ്ട്. ഗുജറാത്ത് വംശഹത്യ എന്നാല്‍, ഹിന്ദുവും മുസ്‌ലിമും തമ്മിലുള്ള ഏറ്റുമുട്ടലാക്കി തീര്‍ക്കുകയാണ്. യഥാര്‍ഥത്തില്‍ അത്, ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത പദ്ധതിയാണ്, അല്ലാതെ ഇന്ത്യയിലെ ഹിന്ദുക്കള്‍ ആസൂത്രണം ചെയ്തതല്ല. ആര്‍.എസ്.എസ് അല്ല ഹിന്ദു എന്ന് സംഘ്പരിവാര്‍ ഓര്‍ക്കണം. ഗുജറാത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ സത്യത്തില്‍ ആര്‍.എസ്.എസിനെയും സംഘ്പരിവാറിനെയും മോദിയെയുമാണ് തുറന്നുകാട്ടുക. ഇവരെയൊക്കെ തുറന്നുകാട്ടിയാല്‍ എങ്ങനെയാണ് അത് ഹിന്ദു v/s മുസ്‌ലിം ആയി മാറുക? അങ്ങനെയെങ്കില്‍ ബില്‍ക്കീസ് ബാനുവിനെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതികളെ മോചിപ്പിച്ചത് മതസ്പര്‍ധക്ക് കാരണമാകില്ലേ? വരികള്‍ക്കിടയിലൂടെ ഒരു വിദ്വേഷപ്രചാരണത്തിനാണ് ആര്‍.എസ്.എസ് മുതിരുന്നത്. അതിനെയും നമ്മള്‍ ചെറുത്തുതോല്‍പ്പിക്കണം. ഏകപക്ഷീയമായി ഇന്ത്യയില്‍ ഒരു അതോറിറ്റേറിയനിസം നടപ്പാക്കാനാണ് ശ്രമം.
സംഘപരിവാറിന്റെ ഏകാധിപത്യപ്രവണതകള്‍ക്കുമുന്നില്‍ ഭയന്ന് തലകുനിക്കാനില്ല എന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. ഏകാധിപത്യപരമായ ഈ നീക്കത്തെ ചെറുക്കുകയും ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ബി.ബി.സി ഡോക്യുമെന്ററി കേരളത്തിലുടനീളം ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. അത് ഒരു പ്രതിഷേധമാണ്. ബീഫ് കഴിക്കരുത് എന്നു പറയുമ്പോള്‍ അത് കഴിക്കും എന്നു പറഞ്ഞത് ഒരു പ്രതിഷേധമായിരുന്നു. അതുപോലെ, ഡോക്യുമെന്ററി കാണരുത് എന്നു പറഞ്ഞാല്‍ കാണും എന്നത് പ്രതിഷേധമാണ്. അത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന പ്രതിഷേധമായിരിക്കും.
രാജ്യസഭ എം.പി, ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ്
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read