പി.എസ്. റഫീഖ്

ബി.ജെ.പിക്കെതിരെ സാധ്യതകൾ അനവധി;
പക്ഷെ, ഇലക്ഷൻ നേരാംവണ്ണം നടക്കണം

‘‘ഇലക്ഷൻ സുതാര്യമായും നേരാംവണ്ണവും നടക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കള്ളസാക്ഷിയെ ഉണ്ടാക്കി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ച ബി.ജെ പി ജനാധിപത്യത്തെയും ഇലക്ഷൻ കമ്മീഷനെയുമെല്ലാം കൊഞ്ഞനം കുത്തുകയാണ്. തിരഞ്ഞെടുപ്പു കമീഷനിൽ ധൃതിയിൽ നടന്ന അഴിച്ചുപണി സംശയാസ്പദമാണ്. വോട്ടിംഗ് മെഷീനിൽ ​കൃത്രിമം നടക്കാമെന്ന് വിദഗ്ദർ തന്നെ പറയുന്നു’’- പി.എസ്. റഫീഖ് എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

പി.എസ്. റഫീഖ്: കഴിഞ്ഞ പത്തുകൊല്ലം നമ്മൾ കണ്ടത്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ ഗ്രൂപ്പുകളായ ആർ.എസ്.എസി​ന്റെയും സംഘപരിവാറിൻ്റെയും പരേഡ് മാത്രമാണ്. നുണകളും വംശീയതയും വർഗ്ഗീയതയും ക്രൂരതകളും കൈമുതലാക്കി അത് അണിയറയിലുണ്ടായിരുന്നു. എൽ.കെ. അദ്വാനിയുടെ തീവ്രമുഖവും അടൽ ബിഹാരി വാജ്പേയിയുടെ സൗമ്യമുഖവും ഒരുപോലെ അവതരിപ്പിച്ചാണ് അവരുടെ തുടക്കം തന്നെ. മികച്ച വാഗ്മിയും തന്ത്രശാലിയുമായ വാജ്പേയിയിലൂടെ അവർ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ സമ്മതി നേടിയെടുത്തു. ഇപ്പുറത്ത് അദ്വാനി രഥയാത്ര നടത്തി ബാബരി മസ്ജിദ് രാംമന്ദിറിലേക്ക് മാറ്റപ്പെടേണ്ടത് ഹിന്ദുവിൻ്റെ അന്തസ്സിൻ്റെ ഭാഗമാണെന്ന് ഹിന്ദി ബെൽറ്റിലെങ്കിലും വരുത്തിത്തീർത്തു. ബാബരി പൊളിക്കപ്പെട്ടു. അതിനെത്തുടർന്നുണ്ടായ കലാപങ്ങളും മനുഷ്യക്കുരുതികളും ഹിന്ദുത്വയുടെ ലാഭത്തിലേക്ക് ചേർത്തുവച്ചു. തുടർന്നും കോൺഗ്രസിൻ്റെ ദൗർബല്യം മുതലെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും കാത്തിരുന്നു. തുടർഭരണത്തിലൂടെ അഴിമതിയിൽ മുങ്ങിയിരുന്ന കോൺഗ്രസിനെ തൂത്തെറിയാൻ അണ്ണാ ഹസാരെയെപ്പോലെ കപട ഗാന്ധിയനായ ഒരാളെ അവതരിപ്പിച്ചു. ഗുജറാത്ത് കലാപത്തിലൂടെ ഹിന്ദുവിൻ്റെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട മോദിയെ അപ്പോഴേക്കും കോർപ്പറേറ്റുകൾ ഏറ്റെടുത്തിരുന്നു. കനത്ത പി. ആർ വർക്കിലൂടെ മോദി വിശ്വഗുരുവായി ഉയർത്തപ്പെട്ടു. നൂറ്റാണ്ടുകൾക്കു മുമ്പ് മരിച്ചു മണ്ണടിഞ്ഞു പോയ മുഗൾ രാജാക്കന്മാർക്കെതിരെ പോരാടാൻ ജനങ്ങളുടെ കയ്യിൽ വാളെടുത്തു കൊടുക്കുകയാണ് ഇപ്പോഴും മോദിയും ബി.ജെ.പിയും ചെയ്യുന്നത്.

കഴിഞ്ഞ പത്തുവർഷത്തെ ബി.ജെ.പി ഭരണത്തിൻ്റെ പ്രത്യാഘാതം, അത് മനുഷ്യരെ മാരകമായി അകറ്റി എന്നുള്ളതാണ്. ഭൂരിപക്ഷത്തിനിടയിൽ ന്യൂനപക്ഷങ്ങളോടുള്ള സംശയം നിറച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ നിറച്ച് അവർ ഈ നാട് ഭരിക്കുന്നു. ഡീ മോണിറ്റൈസേഷനിലൂടെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലു തകർത്ത്, ജി.എസ്.ടി എന്ന പകൽക്കൊള്ള നടപ്പാക്കി, ആർട്ടിക്കിൾ 375 റദ്ദാക്കി, സി.എ.എ- എൻ.ആർ.സി തുടങ്ങിയ മനുഷ്യവിരുദ്ധ നിയമങ്ങൾ നടപ്പാക്കാൻ തുനിഞ്ഞ്, സർവ്വകലാശാലകളിൽ സ്വന്തം ആളുകളെ തിരുകിക്കയറ്റി, തങ്ങൾക്ക് പ്രാതിനിധ്യമില്ലാത്ത സംസ്ഥാനങ്ങളെ ഗവർണർമാർ വഴി ഞെരുക്കി ഫെഡറലിസത്തെ തകർക്കാൻ ഏതു വിധേനയും ശ്രമിച്ച്, ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയും വിലക്കെടുത്തും നോക്കുകുത്തികളാക്കിയും, മീഡിയയെ വിഴുങ്ങിയും വായിലൊതുങ്ങാത്തവയെ താഴിട്ടു പൂട്ടിയും… അങ്ങനെയങ്ങനെ ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗ സാധ്യതകളെങ്ങനെയെന്നുള്ള പരീക്ഷണങ്ങളാണ് പത്തു കൊല്ലമായി ഇന്ത്യയിൽ നടക്കുന്നത്. ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതെഴുതുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഴികൾക്കുള്ളിലാണ്.

മദ്യനയവുമായി ബന്ധപ്പെട്ട് ആപ് നേതാക്കളെ, പ്രത്യേകിച്ച് അരവിന്ദ് കെജ്രിവാളിനെ, ജയിലിലടച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവാനാണ് സാധ്യത ഏറെയും.

2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

‘ഇന്ത്യ’ സഖ്യത്തിന് സാധ്യതകളേറെയാണ്. ജനങ്ങൾ തീർച്ചയായും അസംതൃപ്തരാണ്. തൊഴിലില്ലായ്മയും ഭീഷണമായ വിലക്കയറ്റവും ജനങ്ങളെ വലയ്ക്കുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പ്രതീക്ഷിച്ച മൈലേജുണ്ടാക്കിയില്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പി നേടിയ ലക്ഷക്കണക്കിന് കോടികൾ അവർക്ക് മറച്ചുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് ആപ് നേതാക്കളെ, പ്രത്യേകിച്ച് അരവിന്ദ് കെജ്രിവാളിനെ, ജയിലിലടച്ചത് ബി.ജെ.പിക്ക് തിരിച്ചടിയാവാനാണ് സാധ്യത ഏറെയും.

ഈ സാധ്യതകളൊക്കെ നിലനില്ക്കുമ്പോഴും ഇലക്ഷൻ സുതാര്യമായും നേരാംവണ്ണവും നടക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കള്ളസാക്ഷിയെ ഉണ്ടാക്കി ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ച ബി.ജെ പി ജനാധിപത്യത്തെയും ഇലക്ഷൻ കമീഷനെയുമെല്ലാം കൊഞ്ഞനം കുത്തുകയാണ്. തിരഞ്ഞെടുപ്പു കമീഷനിൽ ധൃതിയിൽ നടന്ന അഴിച്ചുപണി സംശയാസ്പദമാണ്. വോട്ടിംഗ് മെഷീനിൽ ​കൃത്രിമം നടക്കാമെന്ന് വിദഗ്ദർ തന്നെ പറയുന്നു.

ഫാഷിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ജനാധിപത്യത്തിൻ്റെ ഭാവി ഇരുണ്ടതാണെന്ന് പറയപ്പെടുമ്പോഴും മനുഷ്യരിലും അവരുടെ സ്വതന്ത്ര വാഞ്ഛയിലുമുള്ള വിശ്വാസം പ്രതീക്ഷയുടെ ഒരലയായി നിലനില്ക്കുന്നു. ലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഏകാധിപതികളെ ശരിവയ്ക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ നാം കണ്ടതും വലിച്ചെറിഞ്ഞതുമായ പലതും തിരിച്ചുവരുന്നു. ഭൂമിക്കും വിഭവങ്ങൾക്കും വേണ്ടി കയ്യേറ്റങ്ങളും കൊലകളും ക്രൂരമായി തുടരുന്നു. വംശീയ ഉന്മൂലനം നടന്നുകൊണ്ടിരിക്കുന്ന പലസ്തീനിൻ്റെ മാത്രം കാര്യമെടുത്താൽ മതി. സമ്പന്നരാജ്യങ്ങളുടെയും അവരുടെ സാമ്രാജ്യത്വ താല്പര്യങ്ങളുടെയും ദല്ലാളുമാരാകാൻ ചെറു രാജ്യങ്ങളെല്ലാം മത്സരിക്കുന്നു. ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന അതിസമ്പന്നരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നിരുന്നാലും ഒരു ജനാധിപത്യ വ്യവസ്ഥിതിയിലൂടെ മാത്രമേ ഈ രാജ്യത്തിന് നിലനില്ക്കാൻ കഴിയൂ എന്നാണ് വിശ്വസിക്കുന്നത്. അത്ര ബഹുസ്വരമാണ് ഇന്ത്യ. ഒരു രാജ്യം ഒരു ഭരണാധികാരി ഒരു ഭാഷ എന്നെല്ലാം പുലമ്പുന്ന മോദിക്കും ബി.ജെ.പിയ്ക്കും ഏറ്റവും വലിയ തലവേദനയും അതാണ്.

ഗുജറാത്ത് കലാപത്തിലൂടെ ഹിന്ദുവിൻ്റെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട മോദിയെ കോർപ്പറേറ്റുകൾ ഏറ്റെടുത്ത്, കനത്ത പി. ആർ വർക്കിലൂടെ വിശ്വഗുരുവായി ഉയർത്തി.

സാംസ്കാരിക രംഗത്ത്, സിനിമ ഉൾപ്പെടെയുള്ള സകല ദൃശ്യകലാരംഗത്ത് നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. കലാരംഗത്ത്, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ താങ്കളുടെ കലാ-സാഹിത്യ പ്രവർത്തനത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

മനുഷ്യരുടെ ഏറ്റവും വലിയ വിനിമയോപാധി ഭാഷയാണല്ലോ. നമ്മുടെ ഭാഷക്ക് ആദികാലം മുതൽക്കേ ഒരു സവർണാഭിമുഖ്യമുണ്ട്. ഭാഷയെയും കലകളെയും മുഖ്യധാരയിലുല്പാദിപ്പിച്ചവരും ഉപയോഗിച്ചവരും പടർത്തിയവരും സവർണരായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഇന്നും ഒരെഴുത്തുകാരനോ എഴുത്തുകാരിക്കോ അല്ലെങ്കിൽ കലാ സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ആർക്കുമാകട്ടെ, നമ്പൂതിരി- മേനോൻ- നായർ വാലുള്ളവരാണെങ്കിൽ സ്വീകാര്യത കൂടും. ഇന്ത്യൻ സമൂഹം അതിസങ്കീർണമായ ഉൾപ്പിരിവുകളുള്ള ജാതിസമൂഹമാണ്. ജാതി പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ കേരളവും ഒട്ടും പിന്നിലല്ല. ഇവിടത്തെ വിദ്യാഭ്യാസവും ഉയർന്ന സാംസ്ക്കാരികനിലയും താരതമ്യേന മെച്ചപ്പെട്ട ജീവിതവും അത് പുറത്തെടുക്കുന്നതിൽ നിന്നും നമ്മെ വിലക്കുന്നുണ്ടെന്ന് മാത്രം.

സിനിമാരംഗത്ത് കുറച്ചുകാലമായി ചില വർഗ്ഗീയ പ്രവണതകൾ ദൃശ്യമാണ്. ഇസ്‍ലാമിക ഭീകരതക്കെതിരെ ഹോളിവുഡിലാരംഭിച്ച പ്രൊപ്പഗാന്റ സിനിമകളുടെ തുടർച്ച ഹിന്ദിയിലെ പാക്കിസ്ഥാൻ versus ഇന്ത്യൻ ആർമി സിനിമകളിലൂടെയുണ്ടായി. ഏറ്റവും ഒടുവിൽ കേരള സ്റ്റോറി പോലെയുള്ള സിനിമകളിൽ വരെ അതെത്തിനില്ക്കുന്നു. ഒരു സിനിമ ഇറങ്ങുമ്പോൾ നായകൻ്റെ മതക്കാരും ജാതിക്കാരും അതല്ലാത്തവരും ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയിൽ പോരടിക്കുന്നത് നാം കാണാറുണ്ടല്ലോ. കലാകാരനെന്ന നിലയിൽ എന്നെയത് വേദനിപ്പിക്കുന്നുണ്ട്. നമ്മുടെ കലാജീവിതം കൊണ്ട് അതിനെ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല.

ഇസ്‍ലാമിക ഭീകരതക്കെതിരെ ഹോളിവുഡിലാരംഭിച്ച പ്രൊപ്പഗാന്റ സിനിമകളുടെ തുടർച്ച ഹിന്ദിയിലെ പാക്കിസ്ഥാൻ versus ഇന്ത്യൻ ആർമി സിനിമകളിലൂടെയുണ്ടായി. ഏറ്റവും ഒടുവിൽ കേരള സ്റ്റോറി പോലെയുള്ള സിനിമകളിൽ വരെ അതെത്തി നില്ക്കുന്നു.

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ഇന്ത്യയുടെ ബഹുസ്വരതയെ ഇ.ഡിയെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാനോ ജയിലിലിടാനോ കൊല ചെയ്യാനോ ഒരു മോദിക്കും കഴിയില്ല. സ്വാതന്ത്ര്യ സമരത്തിൻ്റെയും രക്തസാക്ഷിത്വങ്ങളുടെയും ദീർഘകാലചരിത്രം ഇന്ത്യക്കുണ്ട്. രാമക്ഷേത്രവും പട്ടേലിൻ്റെ പ്രതിമയുമൊന്നും ഇന്ത്യൻ ജനതയുടെ പട്ടിണി മാറ്റില്ലെന്ന് അവർക്കറിയാം.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

ഇതെഴുതുമ്പോൾ പോലും കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. നല്ല വിലയ്ക്ക് ബി.ജെ.പിക്ക് വിൽക്കപ്പെടാൻ വേണ്ടി ജയിക്കുന്നവരായി കോൺഗ്രസ്സുകാർ മാറുന്നു എന്നത് ദുഃഖകരമാണ്. ഇവിടെനിന്ന് കഴിഞ്ഞ തവണ ജയിച്ച് പാർലമെൻ്റിലെത്തിയവരുടെ പ്രകടനം നാം കണ്ടതാണ്. എന്തിനാണ് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നത്? അദ്ദേഹം ഹിന്ദി ബെൽറ്റിൽനിന്ന് ജനവിധി തേടണം.

എന്തിനാണ് രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നത്? അദ്ദേഹം ഹിന്ദി ബെൽറ്റിൽനിന്ന് ജനവിധി തേടണം

കേരളം പ്രതിരോധിക്കുന്നത് ഇടതുപക്ഷ മനസ്സുകൊണ്ടാണ്. അത് നിലനില്ക്കണം. ഇതൊക്കെയാണെങ്കിലും കോൺഗ്രസ്സ് മുക്ത ഭാരതമെന്ന ഫാഷിസ്റ്റുകളുടെ ലക്ഷ്യത്തെ ചെറുത്തു തോല്പിക്കണം. ‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള സത്വര നടപടികളുണ്ടാകണം.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments