മുഹമ്മദ് അബ്ബാസ്

നമ്മുടെ കാത്തിരിപ്പുകൾക്കു മേൽ
ഹിറ്റ്ലറുടെ മണമുള്ള കാറ്റു വീശാതിരിക്കാൻ…

‘‘ഒരു മുസ്‍ലിം നാമം വഹിക്കുന്ന ആളെന്ന നിലയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്തെങ്കിലും എഴുതുമ്പോൾ എനിക്ക് പലവട്ടം ആലോചിക്കേണ്ടി വരുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചും, മണിപ്പുർ കലാപത്തെ കുറിച്ചും എഴുതുമ്പോൾ എനിക്ക് ജോസഫ് മാഷിൻ്റെ കൈ വെട്ടിയവരെ കുറിച്ചു കൂടി പറയേണ്ടിവരുന്നു’’- മുഹമ്മദ് അബ്ബാസ് എഴുതുന്നു.

നരേന്ദ്രമോദി സർക്കാരിൻ്റെ പത്തുവർഷത്തെ എങ്ങനെയാണ് വിലയിരുത്തുക?

മുഹമ്മദ് അബ്ബാസ്: ഇന്ത്യയെ ഇന്നു കാണുന്ന തമസ്സിലേക്ക് നയിച്ച പത്തു വർഷങ്ങൾ.
പൊതുമേഖല എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കിയ പത്തു വർഷങ്ങൾ.
അന്നം, വസ്ത്രം, പാർപ്പിടം, തൊഴിൽ, തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ഒട്ടും പരിഗണിക്കാത്ത പത്തു വർഷങ്ങൾ.
പൊതുജന സമരങ്ങൾക്ക് പ്രസക്തി നഷ്ടമായ പത്തു വർഷങ്ങൾ.
മനുഷ്യ ജീവനും രക്തത്തിനും വിലയില്ലാതായ പത്തു വർഷങ്ങൾ.
വസ്ത്രം നോക്കി ശത്രുവിനെ തിരിച്ചറിയാൻ നമ്മൾ പഠിച്ച പത്തു വർഷങ്ങൾ.
പറഞ്ഞാൽ തീരാത്ത അനീതികളുടെ ഇരുണ്ട തുരങ്കത്തിലൂടെ നമ്മൾ കടന്നുപോയ പത്തു വർഷങ്ങൾ.

അപരരും അവരുടെ മതവുമാണ്, തന്റെ പ്രശ്നങ്ങൾക്കെല്ലാം മൂലകാരണമെന്ന് ശരാശരി ഇന്ത്യക്കാരെ പറഞ്ഞുപഠിപ്പിച്ച കൺകെട്ടു വിദ്യയുടെ പത്തു വർഷങ്ങൾ.
നമ്മുടെ ഇല്ലായ്മകൾക്ക് പരിഹാരം, അത് മറ്റു രാജ്യങ്ങളിലെ അതിഥികളിൽനിന്ന് മതിൽ കെട്ടി മറയ്ക്കലാണെന്ന് കാട്ടിത്തന്ന പത്തു വർഷങ്ങൾ.
ഭരണകൂട ഉപകരണങ്ങളെയെല്ലാം വർഗീയ വൽക്കരിച്ച പത്തു വർഷങ്ങൾ.
ഒരു വിലയിരുത്തലിനും വഴങ്ങാത്ത ശബ്ദമില്ലായ്മയുടെ നീണ്ട പത്തു വർഷങ്ങൾ.

2020 മാര്‍ച്ച് 8-ന് മഹാരാഷ്ട്രയിലെ ഔറാംഗാബാദിലെെ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെ ട്രെയിന്‍ കയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍നിന്ന് തെറിച്ചു വീണ ചപ്പാത്തികള്‍.  അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നടന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. / Photo: via cpimwb.org.in
2020 മാര്‍ച്ച് 8-ന് മഹാരാഷ്ട്രയിലെ ഔറാംഗാബാദിലെെ റെയില്‍വേ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെ ട്രെയിന്‍ കയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ പക്കല്‍നിന്ന് തെറിച്ചു വീണ ചപ്പാത്തികള്‍. അപ്രതീക്ഷിത ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നടന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. / Photo: via cpimwb.org.in

2024- ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയപ്രാധാന്യം എന്താണ് എന്നാണ് കരുതുന്നത്? മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന് കരുതുന്നുണ്ടോ? ‘ഇന്ത്യ’ സഖ്യത്തിൻ്റെ സാധ്യത എത്രത്തോളമുണ്ട്?

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യ നേരിട്ട തിരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. കാരണം, അന്ന് ജനാധിപത്യത്തെ നമ്മുടെ മുൻവാതിലിലൂടെ കടന്നു വന്നാണ് ഏകാധിപത്യം പിടികൂടിയത്. ഇന്നത് നമ്മുടെ പിൻവാതിലുകളിലൂടെയും, ജാലകങ്ങളിലൂടെയും പലതരം ഗന്ധങ്ങളോടെ അദൃശ്യമായിട്ടാണ് കടന്നുവന്നിരിക്കുന്നത്.

നമ്മുടെ മുൻവാതിലുകളിൽ ഇപ്പോഴും ജനാധിപത്യം എന്ന് എഴുതിവെച്ചിട്ടാണ് അത് നമ്മളെ പിടികൂടിയിരിക്കുന്നത്. ഇനിയൊരു തെരഞ്ഞെടുപ്പും പാർലമെൻ്ററി ജനാധിപത്യവും ഇന്ത്യയ്ക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. ഈ ബസ് കൂടി പോയിക്കഴിഞ്ഞാൽ നമ്മുടെ കാത്തിരിപ്പുകൾക്കു മേൽ ഹിറ്റ്ലറുടെ മണമുള്ള കാറ്റുകൾ വീശും. അതത്ര സുഖകരമാവില്ലെന്ന ചരിത്രപാഠങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

‘ഇന്ത്യ’ സഖ്യം എന്നു പറയുന്നത്, അറുപതു ശതമാനത്തിലേറെ വോട്ടുകളുടെ സഖ്യമാണ്. പലതായി ചിന്നിച്ചിതറിക്കിടക്കുന്ന ഈ വോട്ടുകളെ ഒരു പരിധിവരെ ഏകീകരിച്ച് മുമ്പോട്ട് പോവാൻ കഴിഞ്ഞാൽ തീർച്ചയായും ‘ഇന്ത്യ’ സഖ്യത്തിന് നല്ല സാധ്യതയുണ്ട്. അതിന് വലുതും ചെറുതുമായ അടുക്കളപ്പോരുകൾ മാറ്റിവെയ്ക്കണം.

ഈ ബസ് കൂടി പോയിക്കഴിഞ്ഞാൽ നമ്മുടെ കാത്തിരിപ്പുകൾക്കു മേൽ ഹിറ്റ്ലറുടെ മണമുള്ള കാറ്റുകൾ വീശും. അതത്ര സുഖകരമാവില്ലെന്ന ചരിത്രപാഠങ്ങൾ നമ്മുടെ മുമ്പിലുണ്ട്.
ഈ ബസ് കൂടി പോയിക്കഴിഞ്ഞാൽ നമ്മുടെ കാത്തിരിപ്പുകൾക്കു മേൽ ഹിറ്റ്ലറുടെ മണമുള്ള കാറ്റുകൾ വീശും. അതത്ര സുഖകരമാവില്ലെന്ന ചരിത്രപാഠങ്ങൾ നമ്മുടെ മുമ്പിലുണ്ട്.

എം.പി.മാരുടെ തലയെണ്ണി അധികാരത്തിന്റെ പങ്കു പറ്റാമെന്ന മോഹവും സംഖ്യത്തിലെ എല്ലാ കക്ഷികളും മാറ്റിവെക്കണം. ‘ഞാനാണ് വല്യേട്ടൻ’ എന്ന് ആരും കരുതാതിരുന്നാൽ മതി. കാരണം ഇത് ഏട്ടാനിയന്മാരുടെ ശക്തിയും ശൗര്യവും തെളിയിക്കാനുള്ള തിരഞ്ഞെടുപ്പല്ല. ഇന്ത്യയെന്ന കുടുംബം തന്നെ നിലനിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ്.

ഫാസിസത്തിൻ്റെ ലക്ഷണങ്ങൾ എല്ലാ മേഖലയിലും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന യൂണിയൻ സർക്കാരാണ് ഇന്ത്യയുടേത്. വലതുപക്ഷത്തേയ്ക്ക് ചായുന്ന സാഹചര്യം തന്നെയാണ് ആഗോള തലത്തിൽ എന്നും കാണാം. ജനാധിപത്യരാഷ്ട്രീയത്തിൻ്റെ ജനാധിപത്യമെന്ന ആശയത്തിൻ്റെ ഭാവി എന്തായിരിക്കും?

ജനാധിപത്യം എന്ന ആശയത്തിനും അതിൻ്റെ രാഷ്ട്രീയത്തിനും ഇപ്പോൾ ഫാഷിസത്തെ ചെറുത്തു തോൽപ്പിക്കാനുള്ള ശക്തി ഇന്ത്യയിലെങ്കിലും ഉണ്ട്. അതുകൊണ്ടാണ് ഭരണകക്ഷിക്ക് ശ്രീരാമക്ഷേത്രവും, സി.എ.എയും ഈഡിക്കളിയും മതിയാവാതെ വരുന്നത്.

നമ്മൾ ഫാഷിസത്തെ ഭയക്കുന്നത്ര തന്നെ ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും ജനാധിപത്യമെന്ന ആശയത്തെ ഭയക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് ഇന്ത്യൻ ജനതയെ ഇന്നത്തെ ഈ തമസ്സിൽ നിന്ന് വെളിച്ചത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ രാഹുൽഗാന്ധി എന്ന ഒറ്റ വ്യക്തിക്കോ കോൺഗ്രസ് എന്ന ഒറ്റപ്പാർട്ടിക്കോ കഴിയില്ല.

ഇന്ത്യൻ ജനതയെ ഇന്നത്തെ ഈ തമസ്സിൽ നിന്ന് വെളിച്ചത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ രാഹുൽഗാന്ധി എന്ന ഒറ്റ വ്യക്തിക്കോ കോൺഗ്രസ് എന്ന ഒറ്റപ്പാർട്ടിക്കോ കഴിയില്ല.
ഇന്ത്യൻ ജനതയെ ഇന്നത്തെ ഈ തമസ്സിൽ നിന്ന് വെളിച്ചത്തിലേക്കും, സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ രാഹുൽഗാന്ധി എന്ന ഒറ്റ വ്യക്തിക്കോ കോൺഗ്രസ് എന്ന ഒറ്റപ്പാർട്ടിക്കോ കഴിയില്ല.

ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു പറയുന്നതു തന്നെ ബഹുസ്വരതയാണെന്ന് കോൺഗ്രസ് അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് പ്രതീക്ഷയ്ക്ക് വക തരുന്ന കാര്യം തന്നെയാണ്.

സാംസ്കാരിക രംഗത്ത്, നരേന്ദ്രമോദി സർക്കാർ ഉണ്ടാക്കിയ ഹിന്ദുത്വാധിനിവേശം വളരെ വലുതാണ്. വായനയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമായ ഒരാൾ എന്ന നിലയിൽ, താങ്കളുടെ വായന- എഴുത്ത് ജീവിതത്തെ, ചിന്തകളെ, രാഷ്ട്രീയത്തെ, ഔട്ട്പുട്ടിനെ സമകാലീന രാഷ്ട്രീയാവസ്ഥ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

ഒരു മുസ്‍ലിം നാമം വഹിക്കുന്ന ആളെന്ന നിലയിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്തെങ്കിലും എഴുതുമ്പോൾ എനിക്ക് പലവട്ടം ആലോചിക്കേണ്ടി വരുന്നു. ഗുജറാത്ത് വംശഹത്യയെക്കുറിച്ചും, മണിപ്പുർ കലാപത്തെ കുറിച്ചും എഴുതുമ്പോൾ എനിക്ക് ജോസഫ് മാഷിൻ്റെ കൈ വെട്ടിയവരെ കുറിച്ചു കൂടി പറയേണ്ടിവരുന്നു.

ഗുജറാത്ത് വംശഹത്യയെക്കുറിച്ചും, മണിപ്പുർ കലാപത്തെ കുറിച്ചും എഴുതുമ്പോൾ എനിക്ക് ജോസഫ് മാഷിൻ്റെ കൈ വെട്ടിയവരെ കുറിച്ചു കൂടി പറയേണ്ടിവരുന്നു.
ഗുജറാത്ത് വംശഹത്യയെക്കുറിച്ചും, മണിപ്പുർ കലാപത്തെ കുറിച്ചും എഴുതുമ്പോൾ എനിക്ക് ജോസഫ് മാഷിൻ്റെ കൈ വെട്ടിയവരെ കുറിച്ചു കൂടി പറയേണ്ടിവരുന്നു.

അനവസരത്തിലാണെങ്കിലും ഞാനത് പറഞ്ഞില്ലെങ്കിൽ, എന്റെ പേരു മാത്രം നോക്കി എൻ്റെ എഴുത്ത് വിലയിരുത്തപ്പെടുന്നു. ബാബറി മസ്ജിദിൻ്റെ തകർച്ചക്കുമുമ്പ്, അബ്ബാസ് എന്ന എനിക്ക് ഹിന്ദുമതത്തെയും, മോഹനൻ എന്ന എൻ്റെ സുഹൃത്തിന് ഇസ്‍ലം മതത്തെയും നിർഭയം വിമർശിക്കാമായിരുന്നു. അതിന് ബാലൻസിങ്ങിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഇന്ന് അതല്ല അവസ്ഥ.

വിശ്വാസിയാണെങ്കിലും അല്ലെങ്കിലും എനിക്ക് ഹിന്ദു വർഗീയതയെ വിമർശിക്കാൻ മുസ്‍ലിം വർഗീയതയെയും വിമർശിച്ചേ പറ്റൂ എന്ന അവസ്ഥയാണ്. വായനക്കാരൻ എന്ന നിലയിലും, എന്തെങ്കിലും എഴുതുന്ന ആളെന്ന നിലയിലും ഇത് ഉണ്ടാക്കുന്ന മാനസികമായ ബുദ്ധിമുട്ട് ചെറുതല്ല. വിമർശിക്കാൻ വേണ്ടി മാത്രം വിമർശിക്കുക എന്ന വൈരുദ്ധ്യത്തിലേക്ക് എൻ്റെ വിമർശനങ്ങൾ ചുരുങ്ങിപ്പോവുന്നു.

മണിപ്പുര്‍ കലാപം
മണിപ്പുര്‍ കലാപം

ഇന്ത്യ എന്ന രാജ്യം, ആശയം തന്നെ ബഹുസ്വരതയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ബഹുസ്വരതയെ പ്രകീർത്തിക്കുന്നതായിരുന്നു. ഭരണഘടനയുടെ ആധാരശില തന്നെ അതാണ്. നമ്മുടെ എല്ലാത്തരം ദേശീയ പ്രതിനിധാനങ്ങളും ബഹുസ്വരതയെ ഉൾച്ചേർത്തതാണ്. എന്നാൽ നരേന്ദ്രമോദിയുടെ ഭരണകാലം ഹിന്ദുത്വ vs ബാക്കിയെല്ലാം എന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റിത്തീർക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ വിശ്വാസം എന്ന രാഷ്ട്രീയ പദ്ധതിയുടെ നടപ്പാക്കലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. എങ്ങനെ പ്രതിരോധിക്കും?

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ മുമ്പിൽ വെച്ചുതന്നെ പ്രതിരോധിക്കണം. ലളിതയുക്തികൾ കൊണ്ട് ഇനി പിടിച്ചുനിൽക്കാനും പ്രതിരോധിക്കാനും കഴിയില്ല. പ്രതിരോധിക്കുക എന്നതിലുപരി നമ്മൾ എത്തിനിൽക്കുന്ന അവസ്ഥയെ തിരിച്ചറിയുക എന്നതാണ് ഒന്നാമത്തെ കാര്യം.

മതം നിൻ്റെ കിടപ്പറരഹസ്യം പോലെ സ്വകാര്യമാണെന്നും, അത് നിൻ്റെ വിശപ്പടക്കില്ലെന്നും അത് നിനക്ക് വസ്ത്രവും പാർപ്പിടവും തരില്ലെന്നും സഹജീവികളെ പറഞ്ഞു പഠിപ്പിക്കേണ്ടത് മതവിശ്വാസിയുടെയും, പൗരരുടെയും മതരഹിതരുടെയും കടമയാണ്. അവകാശങ്ങളോടൊപ്പം കടമകൾ കൂടി നമുക്കുണ്ടെന്ന് തിരിച്ചറിഞ്ഞേ പറ്റൂ.

ആകാശത്തുനിന്ന് ആരും നമ്മുടെ രക്ഷക്കായി ഇറങ്ങിവരില്ല. നമ്മൾ തന്നെയാണ് നമ്മുടെ വിമോചകരെന്ന് തിരിച്ചറിയണം
ആകാശത്തുനിന്ന് ആരും നമ്മുടെ രക്ഷക്കായി ഇറങ്ങിവരില്ല. നമ്മൾ തന്നെയാണ് നമ്മുടെ വിമോചകരെന്ന് തിരിച്ചറിയണം

നാലുനേരത്തെ അന്നം തിന്ന്, ശീതീകരിച്ച വീട്ടിൽ കിടന്നുറങ്ങി മതം പറയുന്നവരുടെ പൊള്ളത്തരം അതാതു മതങ്ങളിലെ വിശ്വാസികൾ തന്നെ ചോദ്യം ചെയ്യണം. പ്രതിരോധമെന്നത് ഒരു ആശയമല്ലെന്നും, അതൊരു തിരിച്ചറിവാണെന്നും, അതിന് പ്രവർത്തിയല്ലാതെ എളുപ്പമാർഗ്ഗം വേറെയില്ലെന്നും നമ്മളറിയണം.

ഞാനിട്ട അടിവസ്ത്രം എത്ര മഹത്തരമെന്നു പറയാൻ ഓരോരുത്തർക്കും അവകാശമുണ്ട്. അതിൻ്റെ നിറമാണ് ലോകത്തിലെ ഏറ്റവും നല്ല നിറമെന്നു പറയാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. പക്ഷേ എൻ്റെ അടിവസ്ത്രം മാത്രമാണ് നല്ലതെന്നും, നിന്റേത് മോശമാണെന്നും മറ്റൊരാളോട് പറയാൻ തുടങ്ങുന്ന ആ അതിർ വരമ്പിൽ വെച്ചുവേണം അത്തരക്കാരെ പിടികൂടാൻ.

ആകാശത്തുനിന്ന് ആരും നമ്മുടെ രക്ഷക്കായി ഇറങ്ങിവരില്ല. നമ്മൾ തന്നെയാണ് നമ്മുടെ രക്ഷകരെന്ന് ഓരോ മനുഷ്യനും തിരിച്ചറിയുമ്പോഴേ, വിമോചനം സാധ്യമാവുന്നുള്ളൂ. ഭാഷയും വിശ്വാസവും നിറങ്ങളും പലതാണെന്നും, ഖസാക്കുകാർ പറയും പോലെ, സത്തിയം പലതാണെന്നും ഇനിയെങ്കിലും നമ്മൾ ഉൾക്കൊള്ളണം. പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞു തരാൻ ഞാൻ ആളല്ല, എനിക്കതിനുള്ള കഴിവുമില്ല.

കേരളത്തിൽ എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും ‘ഇന്ത്യ’ സംഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരിക്കും. ബി.ജെ.പിയ്ക്ക് ഇതുവരെ തൊടാൻ പറ്റാത്ത സംസ്ഥാനമാണ് കേരളം. പക്ഷേ അതിനായി ബി.ജെ.പി പണവും മാധ്യമ പിന്തുണയും വർഗ്ഗീയതയുമുൾപ്പെടെ പല തരത്തിലുള്ള തന്ത്രങ്ങൾ പയറ്റുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് യു.ഡി.എഫിനെയാണോ എൽ.ഡി.എഫിനെയാണോ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തിപ്പെടുത്തേണ്ടത്?

യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ചുപറയാം, കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തന്നെയാണ് ശക്തിപ്പെടുത്തേണ്ടത്. കാരണം, അവസാനത്തെ പ്രതീക്ഷ അവരാണ്. വർഗീയതയ്ക്കെതിരെ എക്കാലത്തും മതനിരപേക്ഷ നിലപാടുകൾ എടുത്തിട്ടുള്ളതും അവരാണ്. കുറെ കൂടി ചരിത്ര ബോധവും അവർക്കാണ്. ഇടതുപക്ഷത്തിന് പാർലമെന്റിൽ ശക്തിയുണ്ടായിരുന്ന കാലങ്ങളിലൊക്കെ ഏകാധിപത്യങ്ങൾക്കും മുതലാളിത്തവൽക്കരണത്തിനും എതിരെ അവർ ശബ്ദമെങ്കിലും ഉയർത്തിയിട്ടുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമല്ലേ, ഉറച്ച ശബ്ദങ്ങളെങ്കിലും ഉണ്ടാവുന്നത്?


Summary: Muhammad Abbas writes about Narendra Modi 's 10 year ruling and 2024 Loksabha election.


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments