ഒ.കെ. ജോണി / flickr

സംഭവിക്കാതിരിക്കട്ടെ,
ഒരു Silent coup

‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്​ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതുന്നു.

ആർ.എസ്​.എസ്​ ശാഖയിലൂടെ, കുട്ടിക്കാലം മുതൽ ഹിന്ദുത്വ രാഷ്ട്രീയവിദ്യാഭ്യാസത്തിൽ മാത്രം മുഴുകിയ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ബി.ജെ.പി പ്രതിനിധിയായി പ്രധാനമന്ത്രിയായപ്പോഴും രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര– ജനാധിപത്യമൂല്യങ്ങളോട് ആദരവ് കാണിച്ചതിന്റെ യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല എന്നതാണ്, മോദിയുടെയും മോദി പ്രതിനിധീകരിക്കുന്ന സംഘപരിവാരത്തിന്റെയും രാഷ്ട്രീയവിജയം.
മനുസ്​മൃതിയാണ് പാലിക്കപ്പെടേണ്ട നിയമസംഹിതയെന്ന് വിശ്വസിച്ചിരുന്ന, നാസിസത്തിന്റെയും ഹിറ്റ്​ലറുടെയും ആരാധകനായിരുന്ന, ആർ.എസ്​.എസിന്റെ രണ്ടാം സർസംഘചാലക് എം.എസ്.​ ഗോൾവാൾക്കറുടെ ആശയങ്ങൾക്കെതിരായ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത സംഘപരിവാരത്തെ സംബന്ധിച്ച് അത് അവരുടെ വിജയം തന്നെയാണ്. അധിനിവേശകരായ ഇംഗ്ലീഷുകാരോട് പൊരുതുകയല്ല; ആഭ്യന്തര ശത്രുക്കളായ തദ്ദേശീയ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും കമ്യൂണിസ്​റ്റുകളെയും നേരിടാനുള്ള ഊർജ്ജം സംഭരിക്കുകയാണ് ഹിന്ദുക്കൾ ചെയ്യേണ്ടതെന്ന ഗോൾവാൾക്കറുടെ ആശയത്തോട് നീതിപുലർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും ജാഗരൂകരായിരുന്നുവെന്നതിന്റെ തെളിവുകൾ ആവർത്തിക്കേണ്ടതില്ല. ലോകം ശ്രദ്ധിച്ച ഗുജറാത്ത് കലാപം മുതൽ മണിപ്പുർ കലാപം വരെയുള്ളവയാണ് ആ തെളിവുകൾ.

ആർ.എസ്​.എസ്​ ശാഖയിലൂടെ, കുട്ടിക്കാലം മുതൽ ഹിന്ദുത്വ രാഷ്ട്രീയവിദ്യാഭ്യാസത്തിൽ മാത്രം മുഴുകിയ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോഴും പ്രധാനമന്ത്രിയായപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളോട് ആദരവ് കാണിച്ചതിന്റെ യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ല.

പൊതുശത്രുക്കളായ ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പരസ്​പരം തമ്മിലടിപ്പിച്ച് ആ പദ്ധതിക്ക് വേഗം കൂട്ടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ സാമൂഹികബോധമില്ലാത്ത കത്തോലിക്കാ തീവ്രവാദികളുടെ സഹായത്തോടെ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണല്ലോ. ഹിന്ദുത്വ അജണ്ടകളുടെ സാധൂകരണത്തിനായി നിർമിക്കപ്പെടുന്ന അശ്ലീല പ്രൊപ്പഗാൻഡ സിനിമകൾ കുട്ടികൾക്കുവേണ്ടി രൂപതകൾ തോറും പ്രദർശിപ്പിക്കുന്ന ഇടയന്മാർ കുഞ്ഞാടുകളെ ചെന്നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് തിരിച്ചറിയുന്നില്ലെന്നതും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയഘടകങ്ങളിലൊന്നാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര–ജനാധിപത്യത്തെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്​ഥാപിക്കുകയെന്ന സംഘപരിവാര അജണ്ടയിൽനിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് ഈ തിരഞ്ഞെടുപ്പുകാലത്തും ബി.ജെ.പി നേതാക്കൾ നൽകുന്ന വാഗ്ദാനം.

കഴിഞ്ഞദിവസം ദ ഹിന്ദു പത്രത്തിൽ കാണാനിടയായ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്​താവന​യുടെ റി​പ്പോർട്ട് വ്യക്തമാക്കുന്നതും അതാണ്: Mr. Singh cited implementation of the Citizenship Amendment Act, scrapping of Article 370 and building the Ram Temple and said, the BJP always fulfils promises made in its election manifesto. "Time is not far to establish Ram Rajya. It has already started. we will establish Ram Rajya and implement Uniform Civil Code (UCC) if the NDA is voted to power.

ഗാന്ധിഘാതകരെ പൂജിച്ചുകൊണ്ടുതന്നെ ഗാന്ധിജിയുടെ രാമരാജ്യസങ്കൽപ്പമാണ് തങ്ങൾ സാക്ഷാത്കരിക്കുന്നതെന്ന് വ്യാജം പറയുന്നതിലെ കാപട്യത്തെയും ജനവഞ്ചനയെയും രാഷ്ട്രീയായുധമാക്കുവാനുള്ള ശേഷിയാണ് ലോകത്തിലെ ഏറ്റവും വലിയ നുണഫാക്ടറിയുടെ ഉടമകളാക്കി അവരെ മാറ്റിയത്. രാജ്നാഥ് സിങ്ങ് പറയുന്ന രാമരാജ്യം ആർ.എസ്. എസിന്റെ ഹിന്ദുരാഷ്ട്രമാണെന്ന് ആർക്കാണറിയാത്തത്? അത്യന്തം മാരകമായ ഒരു പദ്ധതിക്ക് പൊതുജനസമ്മതിയുണ്ടാക്കുവാനുള്ള ഇത്തരം തന്ത്രങ്ങളാണ് സംഘപരിവാരം നിരന്തരം ഉപയോഗപ്പെടുത്തുന്നത്.

രാജ്നാഥ് സിങ്ങ്

ദേശീയപ്രസ്​ഥാനത്തിന്റെ ഭാഗമായി ജനാധിപത്യവാദികൾ സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യത്തെയും അതിന്റെ ഫലമായി സംസ്​ഥാപിതമായ മഹത്തായ മതേതര– ജനാധിപത്യ റിപ്പബ്ലിക്കിനെയും മുക്കാൽ നൂറ്റാണ്ടു തികയുമ്പോഴേക്കും ഒരു വർഗ്ഗീയ ഫാഷിസ്റ്റ് ഭരണത്തിന്റെ നുകത്തിനുകീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഹിംസാത്മകമായതും കഴിഞ്ഞ ദശകത്തിലെ മോദി ഭരണത്തിലാണ്.

വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ഭാഷയിൽ മാത്രം പാർലമെൻ്റിലും പുറത്തും സംസാരിക്കുവാൻ മടിയില്ലാതിരുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയെന്ന വിശേഷണം അലങ്കാരമായി കരുതുന്ന ഒരാൾ, അത് ആ പദവിയോടുതന്നെയുള്ള അവഹേളനമാണെന്ന് തിരച്ചറിയുന്നില്ലെന്നതാണ് കൗതുകകരമായ സംഗതി. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കോ, ഉപപ്രധാനമന്ത്രിയായിരുന്ന ലാൽ കൃഷ്ണ അദ്വാനിക്കോ ഇത്തരമൊരു അനൗചിത്യം സാദ്ധ്യമായിരുന്നില്ലെന്നതും പറയാതെവയ്യ. ഹിന്ദുത്വപ്രത്യയശാസ്​ത്രത്തോടുള്ള കടുത്ത പ്രതിബദ്ധത മാത്രമല്ല; അന്ധമായ അന്യമത വിദ്വേഷവും അസഹിഷ്ണുതയും പരസ്യമായി പ്രകടിപ്പിക്കുവനുള്ള കൂസലില്ലായ്മയും പരിഗണിച്ചുകൊണ്ടായിരിക്കാം ഗുജറാത്തിലെ മുഖ്യമന്ത്രിപദത്തിൽനിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് മോദിയെ ആർ.എസ്​.എസ്​ അവരോധിച്ചത്. ആർ.എസ്​.എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെന്ന ഭാരതത്തെ സമ്പൂർണ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുവാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കാൻ നരേന്ദ്ര മോദിക്ക് കഴിയുകയും ചെയ്തു. മൂന്നാം തവണ അധികാരത്തിലേറുന്നതോടെ ഇന്ത്യ എന്ന രാജ്യം ഭാരതമെന്ന ഹിന്ദുരാജ്യമായി മാറുമെന്ന ശുഭപ്രതീക്ഷയാണ് അവർക്കുള്ളത്.

കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് തങ്ങൾ പടുത്തുണ്ടാക്കിയതാണ് ആധുനിക ഇന്ത്യയെന്ന അപഹാസ്യമായ അവകാശവാദമുയർത്താൻ വാജ്പേയിയും അദ്വാനിയും മുതിർന്നിട്ടില്ല.

അടിയുറച്ച മതേതര–ജനാധിപത്യവാദിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്രുവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ച് പാർലമെൻ്റിൽ പല തവണ നടത്തിയ പരിഹാസപ്രസംഗങ്ങളിലും വസ്​തുതാവിരുദ്ധമായ വിമർശനങ്ങളിലും ഈ അസഹിഷ്ണുത തെരുവുനിലവാരത്തോളം താഴുന്നതറിയാൻ ലോക്സഭാ ടി.വിയുടെ ആർക്കൈവൽ ഫൂട്ടേജുകൾ മാത്രം നോക്കിയാൽ മതി. ബ്രിട്ടീഷുകാർ കൊള്ളയടിച്ച് നാമാവശേഷമാക്കിയ ഒരു രാജ്യത്തെ ദാരിദ്ര്യത്തിൽനിന്നും അജ്ഞതയിൽനിന്നും വർഗീയ ഭ്രാന്തുകളിൽനിന്നും മോചിപ്പിക്കാനും ശാസ്​ത്രബോധത്തിൽ അടിയുറച്ച പരിഷ്കൃത സമൂഹമാക്കി മാറ്റാനും പരിശ്രമിച്ച പ്രധാനമന്ത്രി നെഹ്രുവിനെ ചരിത്രത്തിൽനിന്നുതന്നെ മായ്ച്ചുകളഞ്ഞ്, കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് തങ്ങൾ പടുത്തുണ്ടാക്കിയതാണ് ആധുനിക ഇന്ത്യയെന്ന അപഹാസ്യമായ അവകാശവാദമുയർത്താൻ വാജ്പേയിയും അദ്വാനിയും മുതിർന്നിട്ടില്ല.

ആയിരം വർഷം മുമ്പ് അസ്​തമിച്ച ചോളരാജാക്കന്മാരുടേതെന്ന് അവകാശപ്പെടുന്ന ഒരു ചെങ്കോൽ സന്യാസിമാരിൽനിന്ന് ഏറ്റുവാങ്ങി രാജ്യത്തിന്റെ നിയമനിർമ്മാണസഭയിൽ പ്രതിഷ്ഠിക്കുന്നതിലെ പ്രതീകാത്മകതയും വിശ്വഗുരുവെന്ന വിശേഷണവുമെല്ലാം ഒരു മതേതര ജനാധിപത്യരാജ്യത്തിലാണെന്നോർക്കുക. ഇന്ത്യൻ പാർലമെൻ്റിൽ ചോളരാജാക്കന്മാർക്കെന്താണ് പ്രസക്തിയെന്ന ലളിതമായ ചോദ്യം ഉന്നയിക്കുവാൻപോലും മാദ്ധ്യമങ്ങളെന്നല്ല നമ്മുടെ, വിശേഷിച്ച് കേരളത്തിലെ, അക്കാദമിക് സമൂഹവും മുതിർന്നില്ലെന്നത് ആപത് സൂചനയാണ്. ഹിന്ദുരാഷ്ട്ര സംസ്​ഥാപനത്തിന്റെ പ്രാരംഭാനുഷ്ഠാനങ്ങളായിരുന്നു അവയെന്ന ഭയജനകമായ യാഥാർത്ഥ്യത്തിലേക്ക് ഉണരാൻ പോലും നമുക്കാവുന്നില്ലെന്നതും ബി.ജെ.പിയുടെ വിജയമാണെന്ന് സമ്മതിച്ചേതീരൂ.

നാർസിസവും നാസിസവും സമന്വയിക്കുന്ന ബിംബനിർമിതി

2024–നുശേഷം ഇന്ത്യ എല്ലാ വിഭാഗം മനുഷ്യർക്കും ഇടമുള്ള ഒരു ജനാധിപത്യരാജ്യമായി തുടരുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും നിശ്ചയമായും ഈ തിരഞ്ഞെടുപ്പ്. പത്തു വർഷം മുമ്പ് മോദി അടിത്തറയിട്ട ഹിന്ദുത്വരാഷ്ട്ര നിർമിതിയെക്കുറിച്ച് തെരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പു മാത്രം തിരിച്ചറിവുണ്ടായതുപോലെയാണ് ഇന്ത്യയിലെ പ്രതിപക്ഷ മുന്നണിയുടെ പ്രതികരണങ്ങൾ എന്നത് അവരെത്രമാത്രം ഇൻസെൻസിറ്റീവാണെന്നാണ് കാണിക്കുന്നത്. കഴിഞ്ഞ ഒരു ദശകക്കാലം മോദിഭരണം സൃഷ്ടിച്ച ഇരുട്ടിൽത്തപ്പുകയായിരുന്നു അവർ.

ആയിരം വർഷം മുമ്പ് അസ്​തമിച്ച ചോളരാജാക്കന്മാരുടേതെന്ന് അവകാശപ്പെടുന്ന ഒരു ചെങ്കോൽ സന്യാസിമാരിൽനിന്ന് ഏറ്റുവാങ്ങി രാജ്യത്തിന്റെ നിയമനിർമ്മാണസഭയിൽ പ്രതിഷ്ഠിക്കുന്നതിലെ പ്രതീകാത്മകതയും വിശ്വഗുരുവെന്ന വിശേഷണവുമെല്ലാം ഒരു മതേതര ജനാധിപത്യരാജ്യത്തിലാണെന്നോർക്കുക.

തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്ത്യയും ലോകവും കണ്ടിരുന്ന നേതാവ് എൽ.കെ. അദ്വാനിയെപ്പോലും, സ്വന്തം വർഗീയ നിലപാടുകൊണ്ടും സമഗ്രാധിപത്യസ്വഭാവം കൊണ്ടും പ്രതിപക്ഷത്തോടുള്ള അമാന്യവും നിന്ദ്യവുമായ സമീപനം കൊണ്ടും നുണകളുടെ ആവർത്തനം കൊണ്ടും നിഷ്പ്രഭനാക്കി, രണ്ടാം തവണയും പ്രധാനമന്ത്രിപദത്തിലെത്താൻ മോദിക്ക് കഴിഞ്ഞതും നേരത്തെ സൂചിപ്പിച്ച സങ്കുചിതമായ ഹിന്ദുത്വ പ്രത്യയശാസ്​ത്രബോധത്തിന്റെ കരുത്താണ്. കണിശമായ സമഗ്രാധിപത്യ പ്രത്യയശാസ്ത്രപദ്ധതിയും ദേശീയതലത്തിൽ പ്രമുഖരായ അനേകം ഹിന്ദുത്വ സൈദ്ധാന്തികരുമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘത്തിനുകീഴിലുള്ള സംഘപരിവാര സംഘടനകളെല്ലാം നരേന്ദ്ര മോദി എന്ന വ്യക്തിയെ മുൻനിർത്തിയാണ്, രാമരാജ്യം എന്ന പ്രച്ഛന്നനാമത്തിൽ ഇപ്പോൾ അറിയപ്പെടുന്ന അവരുടെ നവ ഹിന്ദുത്വരാഷ്ട്രത്തിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായിത്തന്നെയാണ് മോദിയെന്ന ആദർശബിംബത്തെ ആൾദൈവ പദവിയിലേക്കുയർത്താനും അവർ മുതിർന്നത്. ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വിമർശനാതീതനായ മദ്ധ്യകാല രാജാവിന്റെ പദവിയിലേക്കുയർത്തി പ്രതിഷ്ഠിക്കുന്നതിന്റെ പ്രതീകാത്മക അനുഷ്ഠാനങ്ങളായിരുന്നുവല്ലോ പാർലമെൻ്റിലെ ചെങ്കോൽ പ്രതിഷ്ഠയും അനു​ബന്ധ ബ്രാഹ്മണപൂജാവിധികളും രാമക്ഷേത്രത്തിലെ മുഖ്യപൂജാരിയുടെ പദവിയലങ്കരിക്കലുമെല്ലാം. ആർ.എസ്​.എസിന്റെ പ്രഖ്യാപിത ഹിന്ദുരാഷ്ട്രത്തിലെ ശ്രീരാമതുല്യനായ ഹിന്ദു രാജാവാണ് മോദിയെന്ന് പരസ്യപ്പെടുത്തുന്ന മതാനുഷ്ഠാനങ്ങളാണ് ഇവയെല്ലാം. മതവികാരവും അന്യമത വിദ്വേഷവും ആളിക്കത്തിക്കുന്ന വർഗീയ രാഷ്ട്രീയത്തിന്റെ ഈ ജൈത്രയാത്രയെ തടഞ്ഞുനിർത്താതെ ഇന്ത്യയിൽ ജനാധിപത്യം പുനഃസ്​ഥാപിക്കുവാൻ കഴിയുകയില്ല.

മുഖ്യധാരാ മാദ്ധ്യമങ്ങളെയും ഔദ്യോഗിക മാദ്ധ്യമങ്ങളെയും, സമാന്തരമായി ഉയർന്നുവന്ന ഇൻ്റർനെറ്റ് മാദ്ധ്യമങ്ങളെയും അതിസമർത്ഥമായി ഉപയോഗിച്ച് നടത്തിയ ആൾദൈവനിർമിതി ഒരു ഏകാധിപതിയുടെ വീരപരിവേഷം മോദിക്ക് സമ്മാനിച്ചിട്ടുണ്ടെന്നത് നേരാണ്. അഭിനയവാസനയുണ്ടെങ്കിലും കാമറകൾക്കുമുന്നിൽ പതറുന്ന ഒരു അമച്വർ മോഡലിങ്ങ് കലാകാരനെപ്പോലെ ഫോട്ടോ ഷൂട്ടിനായി പലതരം എക്സോട്ടിക് ലൊക്കേഷനുകളിൽ, പല വേദികളിൽ, പല ഭാവഹാവാദികളിൽ, അവതരിപ്പിക്കുന്ന പരിതാപകരമാംവിധം പ്രകടനപരത നിറഞ്ഞ കോസ്​റ്റ്യൂം ഡ്രാമകൾ ഈ പരിവേഷത്തെ വീണ്ടും പൊലിപ്പിക്കുവാനുള്ളതാണെങ്കിലും അതിൽ ആത്മരതിയുടെ ഒരു പൂർത്തീകരണവുമുണ്ട്. മോദി എന്ന് നിത്യേന നൂറുവട്ടം മൈക്കിനു മുന്നിൽ സ്വയം സംബോധന ചെയ്യുന്ന ഒരാളുടെ, തന്നെക്കുറിച്ചുതന്നെയുള്ള ഉറപ്പുള്ള ഗ്യാരണ്ടിയാണത്. നാർസിസവും നാസിസവും പല മാത്രകളിൽ സമന്വയിക്കുന്ന ബിംബനിർമിതിയാണത്. അദ്വാനിയെപ്പോലൊരു മുതിർന്ന നേതാവിനുപോലും നൽകാൻ കഴിയാതെപോയ ആ ഗ്യാരണ്ടിയുടെ കാലാവധി ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുന്നില്ലെങ്കിൽ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികൾ പുതിയൊരു സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്ക് മുതിരേണ്ടിവരും എന്ന് തീർച്ചയാണ്.

ഒന്നും പഠിക്കാത്ത കോൺഗ്രസ്

ഒരു നൂറ്റാണ്ടു കാലത്തെ ആസൂത്രിത പ്രവർത്തനത്തിലൂടെ വളർന്നുവന്ന മിലിറ്റന്റ് സ്വഭാവമുള്ള ബി.ജെ.പിയെപ്പോലൊരു പ്രസ്​ഥാനത്തെ നേരിടാൻ തിരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പ് വട്ടംകൂട്ടാനൊരുങ്ങുന്ന കോൺഗ്രസിന്റെ ബൗദ്ധിക പാപ്പരത്തമാണ് മോദിയുടെയും ബി.ജെ.പിയുടെയും ജൈത്രയാത്രക്ക് തുണയാകുന്നത്. ഇപ്പോഴും കോൺഗസിനെ തള്ളിപ്പറയാത്ത കപിൽ സിബലിനെയും മണിശങ്കർ അയ്യരെയും പോലുള്ള നിരവധി പ്രഗൽഭരായ നേതാക്കളെ അവഗണിച്ച് കെ.സി. വേണുഗോപാലിനെപ്പോലുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഒരു ദേശീയപ്പാർട്ടിയുടെ ദൗർബ്ബല്യമാണ് ബി.ജെ.പി സമർത്ഥമായി ഉപയോഗപ്പെടുത്തുന്നത്. കോൺഗ്രസ്​ നേതാക്കളെ ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും ബി.ജെ.പിക്ക് വിലയ്ക്കെടുക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടതോടെ ആ പാർട്ടിയുടെ വിശ്വാസ്യതയും നഷ്ടമായിരിക്കുന്നു.

അഭിനയവാസനയുണ്ടെങ്കിലും കാമറകൾക്കുമുന്നിൽ പതറുന്ന ഒരു അമച്വർ മോഡലിങ്ങ് കലാകാരനെപ്പോലെ ഫോട്ടോ ഷൂട്ടിനായി പലതരം എക്സോട്ടിക് ലൊക്കേഷനുകളിൽ, പല വേദികളിൽ, പല ഭാവഹാവാദികളിൽ, അവതരിപ്പിക്കുന്ന പരിതാപകരമാംവിധം പ്രകടനപരത നിറഞ്ഞ കോസ്​റ്റ്യൂം ഡ്രാമയിൽ ആത്മരതിയുടെ ഒരു പൂർത്തീകരണമുണ്ട്.

മൃദുഹിന്ദുത്വയുടെ പേരിലാണ് കോൺഗ്രസ്​ പൊതുവെ വിമർശിക്കപ്പെടാറുള്ളതെങ്കിലും കേരളത്തിലെ പ്രദേശ് കോൺഗ്രസ്​ പ്രസിഡൻ്റ് കെ. സുധാകരനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെ പല പ്രമുഖരും പരസ്യമായിത്തന്നെ ഹിന്ദുത്വയെ വരവേൽക്കുന്നവരാണ്. ശബരിമലയിൽ സ്​ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാരത്തോടൊപ്പം തെരുവുകലാപത്തിനിറങ്ങിയ ചെന്നിത്തലയെപ്പോലുള്ളവരുടെ നിലപാടുകൾ തീർത്തും കോൺഗ്രസ്​ വിരുദ്ധവും സംഘപരിവാരത്തിന് ശക്തി പകരുന്നതുമാണ്. രാഹുൽ ഗാന്ധിയുടെ സത്യസന്ധതയും ആത്മാർത്ഥതയും കൊണ്ടുമാത്രം ബി.ജെ.പിയെപ്പോലൊരു വർഗീയ പാർട്ടിയെ നേരിടാനാവില്ലെന്ന് ആരാണ് കോൺഗ്രസിനെ ബോദ്ധ്യപ്പെടുത്തുക? നിർഭാഗ്യവശാൽ, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്​ ഈ ആപത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

രാഷ്ട്രീയ വിവേകവും പക്വതയും ചരിത്രബോധവുമുള്ള വലിയ നേതാക്കളില്ലെന്നതാണ് കോൺഗ്രസിന്റെ മുഖ്യ ദൗർബ്ബല്യം. മൃദുഹിന്ദുത്വയിൽനിന്ന് മുഴുഹിന്ദുത്വയിലേക്ക് ഏതു ഘട്ടത്തിലും ചുവടുമാറാൻ സന്നദ്ധരായ നേതാക്കളുള്ള കോൺഗ്രസിനേക്കാൾ ബി.ജെ.പി ഭയപ്പെടുന്നത് ഇടതുപക്ഷത്തെയും പ്രാദേശിക പാർട്ടികളെയുമാണ്. വർഗ്ഗീയതക്കെതിരെ പ്രതിരോധമുയർത്താൻ കേരളത്തിലെ കോൺഗ്രസ്​ സന്നദ്ധമാവുകയില്ലെന്ന് പലവട്ടം തെളിയിക്കപ്പെട്ടുകഴിഞ്ഞതിനാൽ ഇടതുപക്ഷമുന്നണിയിലാണ് മലയാളികൾ തെല്ലെങ്കിലും പ്രതീക്ഷയർപ്പിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷത്തെയും തമിഴ്നാട്ടിലെ ഡി.എം.കെയെയും ബംഗാളിലെ തൃണമൂലിനെയും ബീഹാറിലെ ആർ.ജെ.ഡിയെയും ആം ആദ്മി പാർട്ടിയെയും പോലുള്ള ചെറിയ പാർട്ടികളുടെ ഇച്ഛാശക്തിയാണ് കോൺഗ്രസ്​ നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിക്ക് അൽപമെങ്കിലും കരുത്ത് നൽകുന്നത്.

കേരളത്തിലെ ഇടതുപക്ഷത്തെയും തമിഴ്നാട്ടിലെ ഡി.എം.കെയെയും ബംഗാളിലെ തൃണമൂലിനെയും ബീഹാറിലെ ആർ.ജെ.ഡിയെയും ആം ആദ്മി പാർട്ടിയെയും പോലുള്ള ചെറിയ പാർട്ടികളുടെ ഇച്ഛാശക്തിയാണ് കോൺഗ്രസ്​ നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിക്ക് അൽപമെങ്കിലും കരുത്ത് നൽകുന്നത്. പണക്കൊഴുപ്പിന്റെയും ദുരധികാരപ്രയോഗത്തിന്റെയും ബലത്തിൽ എൻ.ഡി.എ ഈ തിരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂടാ. ചില കേന്ദ്രങ്ങളിലെങ്കിലും ഇലേക്ട്രാണിക് വോട്ടിങ്ങ് മെഷിനിൽ കൃത്രിമത്വം നടത്താനുള്ള സാദ്ധ്യതയുണ്ടെന്ന സംശയം കോടതികളിലും ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. എന്നാലും അടിയന്തരാവസ്​ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ തിരസ്​കരിച്ച സാധാരണ മനുഷ്യർ മോദിയുടെ ജനാധിപത്യവിരുദ്ധ സർക്കാരിനെയും തിരസ്​കരിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത്തരം വിലയിരുത്തലുകളും വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയുടെ ഹിന്ദുരാഷ്ട്ര സംസ്​ഥാപന പദ്ധതി കൂടുതൽ അക്രമാസക്തമാകുമെന്നതിന്റെ സൂചനകളുമുണ്ട്.

മാധ്യമങ്ങളുടെയും
ബുദ്ധിജീവികളുടെയും നിഷ്പക്ഷതാനാട്യം

ബി.ജെ.പിയുടെ പത്ത് വർഷത്തെ ദുർഭരണത്തിൽ ഭരണഘടനാസ്​ഥാപനങ്ങളും സാംസ്​കാരിക സ്​ഥാപനങ്ങളും ബ്യൂറോക്രസിയും ഉൾപ്പടെയുള്ള ഇന്ത്യയിലെ സകല സ്​ഥാപനങ്ങളും കാവിവൽക്കരണപ്രക്രിയക്ക് വിധേയമായിക്കഴിഞ്ഞു. മോദി വീണ്ടും അധികാരത്തിൽ വന്നാലും ഇല്ലെങ്കിലും സംഘപരിവാരത്തിന്റെ വിഭാഗീയ പ്രത്യയശാസ്​ത്രസ്വാധീനത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുക ശ്രമകരമായിരിക്കും. വിരലിലെണ്ണാവുന്ന കുത്തക മുതലാളിമാരും സംഘപരിവാരവും ചേർന്ന് സ്വന്തം വരുതിയിലാക്കിയ ഒരു രാജ്യത്തെ മോചിപ്പിക്കുവാനുള്ള അവസാന സന്ദർഭമാണിതെന്നത് വാസ്​തവത്തിൽ സ്വാതന്ത്ര്യപ്രേമികളെ അസ്വസ്​ഥരും ജാഗരൂകരുമാക്കേണ്ടതാണ്.

ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളുമില്ലാത്ത ഒരു സമഗ്രാധിപത്യ ഭരണത്തിനുകീഴിൽ ലഭിക്കുവാൻ പോകുന്ന വികസനത്തെ സംബന്ധിച്ച ഗ്യാരണ്ടിയെക്കുറിച്ചാണ് മോദിയും ബി.ജെ.പിയും ഇന്ത്യൻ മാദ്ധ്യമങ്ങളും ഒരുപോലെ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും പുതിയ ഉപരി–മദ്ധ്യവർഗ്ഗവും മോദിയുടെ ഈ വികസനവാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്നതിനെക്കുറിച്ചാണ് വേവലാതിപ്പെടുന്നത്. ആ വാഗ്ദാനങ്ങൾ അവരുടെ ഫാഷിസ്റ്റ് അജണ്ടയിൽനിന്ന് ശ്രദ്ധതിരിക്കുവാനാണെന്ന വസ്​തുത മറച്ചുവെയ്ക്കുകയാണവർ. അത്, ഈ ഏകാധിപത്യഭരണകൂടത്തിന്റെ അതിക്രമങ്ങളെയും ജനാധിപത്യവിരുദ്ധതയെയും മൂടിവെക്കാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ജനാധിപത്യാവകാശങ്ങളും മനുഷ്യാവകാശങ്ങളുംപോലും ലംഘിക്കപ്പെടുന്ന ഒരു അർദ്ധ ഫാഷിസ്റ്റ് ഭരണത്തിനുകീഴിലായിരിക്കുമ്പോഴും ഏകാധിപതികളുടെ വികസനവാഗ്ദാനങ്ങളിൽ രോമാഞ്ചമണിയുന്ന ഒരു സമൂഹം ജനാധിപത്യവും സ്വാതന്ത്ര്യവും അർഹിക്കുന്നില്ലെന്നുതന്നെ കരുതേണ്ടിവരും.

കേരളത്തെ ജീവിക്കുവാൻ കൊള്ളാത്ത, ഇസ്‍ലാമിക തീവ്രവാദികളുടെ നാടായി പലവട്ടം ആക്ഷേപിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്​ഥതയിലാണ് കേരളത്തിലെ മുൻനിര വാർത്താ ചാനലെന്ന വൈപരീത്യവുമുണ്ട്.

കേരളത്തിലെ അക്കാദമിക് സമൂഹവും അത്തരത്തിലൊന്നാണെന്ന് പറയേണ്ടിവരുന്നത്, ഈ വക കാര്യങ്ങളിൽ അവർ പാലിക്കുന്ന മൗനവും സമർത്ഥമായ നിഷ്പക്ഷതാനാട്യവും കാണുമ്പോഴാണ്. ഒരു രാജ്യം ഫാഷിസത്തിന്റെ പിടിയിമർന്നുകൊണ്ടിരിക്കുമ്പോഴും തങ്ങൾ സുരക്ഷിതരാണെന്ന ഭാവത്തിൽ മൗനം പാലിക്കുന്ന അക്കാദമിക് ബുദ്ധിജീവികളെ സാമൂഹികവിരുദ്ധരെന്നു മാത്രമേ വിളിക്കാനാവൂ. ഫാഷിസത്തിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്വം രാഷ്ട്രീയപ്പാർട്ടികളുടെയും വിരലിലെണ്ണാവുന്ന ഏതാനും എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാത്രം ചുമതലയാണോ?

ഇന്ത്യയിൽ വളർന്നുവരുന്ന ഫാഷിസ്റ്റ് പ്രവണതകളെക്കുറിച്ച് ശബ്ദിക്കുന്ന എഴുത്തുകാരെയും ബുദ്ധിജീവികളെയും, കേരള മുഖ്യമന്ത്രിയെ വിമർശിക്കാതെ സെലക്ടിവ് വിമർശനം നടത്തുന്നവർ എന്നാക്ഷേപിക്കുന്ന അരാഷ്ട്രിയ നാട്യക്കാരായ മലയാളം ടെലിവിഷൻ ആങ്കർമാർ സംഘപരിവാറിന്റെ വാടകഗുണ്ടകളാണെന്ന് പലരും തിരിച്ചറിഞ്ഞിട്ടില്ല. ഇതേ മലയാളം ചാനലുകളാണ് കേരളത്തിൽ വർഗ്ഗീയവാദികൾക്ക് പൊതുമണ്ഡലത്തിൽ സ്വീകാര്യതയുണ്ടാക്കിയത്. നിഷ്പക്ഷരായ അരാഷ്ട്രീയവാദികളായി മേനി നടിക്കുന്ന ഈ ടെലിവിഷൻ ജേണലിസ്റ്റുകൾ കേരളത്തിലെ ഇടത്–വലതുമുന്നണികളെ ഒരുപോലെ ആക്രമിക്കുവാനാണ് ശ്രമിക്കുന്നത്. അത് ബോധപൂർവ്വമാണ്. നിയമസഭയിൽ ഒരു സീറ്റുപോലുമില്ലാത്ത ബി.ജെ.പിയുടെ വക്താക്കളെ മലയാളികൾക്കിടയിൽ പ്രതിഷ്ഠിച്ചത് ഈ ചാനലുകളാണ്. ഇടതും വലതും ഒരുപോലെ തിരസ്​കരിക്കപ്പെടേണ്ട മുന്നണികളാണെന്ന് വരുത്തിത്തീർക്കുന്നതിലൂടെ ബി.ജെ.പിയാണ് ബദലെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് മുൻനിര മലയാളം ചാനലുകൾ സംഘപരിവാരത്തിന് കേരളത്തിൽ ഇടമുണ്ടാക്കിക്കൊടുത്തത്. അച്ചടി മാദ്ധ്യമങ്ങൾ രണ്ട് പതിറ്റാണ്ടുമുമ്പുവരെ തെല്ലെങ്കിലും നിലനിർത്തിയിരുന്ന മതേതര–ജനാധിപത്യബോധവും പ്രതിബദ്ധതയും ക്രമേണ കയ്യൊഴിഞ്ഞുതുടങ്ങിയതിന്റെ പിന്നിലും സംഘപരിവാര വിധേയത്വമാണുള്ളത്. കേരളത്തെ ജീവിക്കുവാൻ കൊള്ളാത്ത, ഇസ്‍ലാമിക തീവ്രവാദികളുടെ നാടായി പലവട്ടം ആക്ഷേപിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്​ഥതയിലാണ് കേരളത്തിലെ മുൻനിര വാർത്താ ചാനലെന്ന വൈപരീത്യവുമുണ്ട്.

രവീഷ് കുമാര്‍

ഏത് ഏകാധിപത്യ ഭരണകൂടത്തെയും പോലെ വ്യാജ പ്രൊപ്പഗാൻഡയാണ് മോദി സർക്കാരിന്റെയും പ്രതിരോധമാർഗ്ഗം. ഔദ്യോഗിക മാദ്ധ്യമങ്ങളെയും പാർട്ടി മാദ്ധ്യമങ്ങളെയും മാത്രമല്ല, സ്വകാര്യ മുഖ്യധാരാ മാദ്ധ്യമങ്ങളെയും വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ജിഹ്വകളാക്കുന്നതിൽ ഈ സർക്കാരിനെപ്പോലെ ലോകത്തിലെ ഒരു ജനാധിപത്യഭരണകൂടവും വിജയിച്ചിട്ടുണ്ടാവില്ല. പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളെയും നേതാക്കളെയും ഭീഷണിപ്പെടുത്താൻ ഇ.ഡി ഉൾപ്പടെയുള്ള സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്ന അതേ രീതിയിലാണ് സ്വതന്ത്ര മാദ്ധ്യമങ്ങളെയും നിശ്ശബ്ദരാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നത്. ബി.ജെ.പിയുടെയും മോദി സർക്കാരിന്റെയും ഇടപെടലുകളെത്തുടർന്നാണ് കരൺ താപ്പറും രവീഷ് കുമാറും പോലുള്ള രാജ്യാന്തര പ്രശസ്​തരായ ഒരു ഡസനിലേറെ സ്വതന്ത്ര മാദ്ധ്യമപ്രവർത്തകർ തൊഴിൽരഹിതരായത്. വിമർശനമുന്നയിക്കുന്ന മാദ്ധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കുക മാത്രമല്ല, ഭരണകൂട പങ്കാളികളായ അദാനിയെപ്പോലുള്ള വൻവ്യവസായികളുടെ ഉടമസ്​ഥതയിലേക്ക് മാദ്ധ്യമങ്ങളെ കൊണ്ടുവരാനും അതുവഴി സ്വതന്ത്ര മാദ്ധ്യമങ്ങളെ തുടച്ചുനീക്കുവാനും ബി.ജെ.പി ഭരണകൂടത്തിന് കഴിഞ്ഞുവെന്നതുതന്നെ ജനാധിപത്യത്തി​ന്റെ അന്ത്യമടുത്തുവെന്നതിന്റെ തെളിവാണ്. എല്ലാ ഏകാധിപതികളെയും പോലെ തന്റെ ശബ്ദം മാത്രം ജനം കേട്ടാൽ മതിയെന്നതാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ‘മൻ കീ ബാത്ത്’ എന്ന പരിപാടി അതിന്റെ പ്രഖ്യാപനമാണ്. ബി.ജെ.പിയുടെയും മോദി സർക്കാരിന്റെയും പബ്ലിക്ക് റിലേഷൻസ്​ സ്​ഥാപനമായി പ്രവർത്തിക്കുന്ന എ.എൻ.ഐ എന്ന സ്വകാര്യ വാർത്താ ഏജൻസിക്കുമാത്രം അഭിമുഖം നൽകുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ പി.ടി.ഐയെപ്പോലും നിശ്ചലമാക്കിയിരിക്കുന്നു. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ പുനവതരണങ്ങളായ ഈ അഭിമുഖങ്ങളിൽ സർക്കാരിനെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോ ഉത്തരങ്ങളോ അല്ല, പ്രതിപക്ഷത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ വിമർശനങ്ങളാണെന്നതാണ് തമാശ. ഭയത്തിന്റെ നിഴലിലായ ഭൂരിഭാഗം വാർത്താ മാദ്ധ്യമങ്ങളും സെൽഫ് സെൻസർഷിപ്പിന് വിധേയമായിരിക്കുന്നു. കേരളത്തിലെ ഒരു വാർത്താചാനലിന് എഡിറ്റർ പദവിയിൽ നിയമിക്കപ്പെട്ട ഒരു സ്​ഥിരം സംഘപരിവാര വക്താവുപോലുമുണ്ട്. ഉത്തരേന്ത്യൻ മാദ്ധ്യമങ്ങളിൽ ആ ജോലിചെയ്യുന്നത് ആങ്കർമാർ തന്നെയാണെന്നതാണ് ഒരു വ്യത്യാസം.

അടിയന്തരാവസ്​ഥയിലേതിനേക്കാൾ ഭയാനകമായ അന്തരീക്ഷത്തിലാണ് ഇന്നത്തെ ഇന്ത്യൻ മാദ്ധ്യമ മേഖല. ആശയവിനിമയത്തിന്റെയും സംവാദത്തിന്റെയും സാംസ്​കാരികപ്രവർത്തനത്തിെൻ്റയും കലാ–സാഹിത്യ പ്രവർത്തനത്തിന്റെയും അക്കാദമിക് മേഖലയുടെയുമെല്ലാം മേൽ ഫാഷിസം പിടിമുറുക്കിക്കഴിഞ്ഞു. നാസി ജർമനിയിലേതുപോലെ സിനിമ എന്ന ബഹുജന വിനോദ മാദ്ധ്യമത്തെയും തങ്ങളുടെ പ്രത്യയശാസ്​ത്ര പ്രബോധനത്തിനും നുണപ്രചരണത്തിനുമായി സംഘപരിവാരം ഉപയോഗിക്കുന്നുണ്ട്. കേരള സ്​റ്റോറി എന്ന സിനിമയും ആ പദ്ധതിയുടെ ഭാഗമായിരുന്നു. ഹിറ്റ്​ലറുടെയും ഗീബൽസിന്റെയും കണ്ടുപിടുത്തമായ പ്രഖ്യാത സംവിധായിക ലെനി റീഫൻസ്​താലിനെപ്പോലുള്ള പ്രതിഭകൾ ബോളിവുഡിൽ ഇല്ലെന്നതുമാത്രമാണ് ഒരാശ്വാസം. സംഘപരിവാര പ്രത്യയശാസ്​ത്രത്തെ ഉദാത്തവൽക്കരിക്കുവാനായി കാലാപാനി പോലുള്ള ഒറ്റപ്പെട്ട സിനിമകൾ നിർമിച്ച പ്രിയദർശനെപ്പോലുള്ളവരാണിപ്പോൾ ഇന്ത്യയിലെ സിനിമാനയങ്ങളും നിശ്ചയിക്കുന്നത്. ഭരണകർത്താക്കൾ മാറുമ്പോഴും ഏറെക്കുറെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന നമ്മുടെ അക്കാദമികളും സാംസ്​കാരിക സ്​ഥാപനങ്ങളും സർവ്വകലാശാലകൾ പോലും പത്തുവർഷത്തിനിടയിൽ സമ്പൂർണമായ കാവിവൽക്കരണത്തിന് വിധേയമായി. വരാൻ പോകുന്ന വിപത്തുകളല്ല, വന്നുകഴിഞ്ഞ വിപത്തുകളാണിതെല്ലാം.

ദൂരദർശന്റെ ലോഗോയുടെ നിറം കാവിയാക്കിയെന്നതിന്റെയൊന്നും ആന്തരാർത്ഥം മനസ്സിലാകാത്തവർ കൂടുതൽ ഭയാനകമായ വാർത്തകൾ കേൾക്കേണ്ടിവരുമെന്ന് പറയാതെവയ്യ.

ഈ വരികളെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഔദ്യോഗിക മാദ്ധ്യമമായ ദൂരദർശന്റെ ലോഗോയുടെ നിറം കാവിയാക്കിയെന്ന വാർത്ത ടെലിവിഷനിൽ കേട്ടത്. ഇതിന്റെയൊന്നും ആന്തരാർത്ഥം മനസ്സിലാകാത്തവർ കൂടുതൽ ഭയാനകമായ വാർത്തകൾ കേൾക്കേണ്ടിവരുമെന്നും പറയാതെവയ്യ. അണിയറയിലൊരുങ്ങുന്ന ഒരു Silent coup- യുടെ അപായ സൂചനയായിട്ടാണ് എനിക്കിതനുഭവപ്പെടുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ഏകാധിപതിയാകാൻ മോഹിച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്​ഥക്ക് 21 മാസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഭരണഘടനയുടെ ദുരുപയോഗമാണ് ഇന്ദിരയുടെ കാലത്തുണ്ടായതെങ്കിൽ, ഇന്ന് ഭരണഘടനാ തത്വങ്ങളെ പാടെ അവഗണിച്ച് അസാധുവാക്കുവാനുള്ള മോദിസർക്കാരിന്റെ ഉദ്യമങ്ങളാണ് ഈ തിരഞ്ഞെടുപ്പുകാലത്തും തുടരുന്നത്. മാസങ്ങൾ മാത്രം നീണ്ടുനിന്ന ഇന്ദിരാ ഗാന്ധിയുടെ 1975–ലെ പ്രഖ്യാപിത അടിയന്തരാവസ്​ഥയേക്കാൾ ഭയജനകമായ ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്​ഥ ഒരു ദശകം പൂർത്തിയാക്കുമ്പോൾ ഇന്ത്യ ഒരു തുറന്ന തടവറയായിരിക്കുന്നു. നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്​ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്. മോദിയുടെ വികസന ഗ്യാരണ്ടിയിലല്ല; ജനാധിപത്യം സംരക്ഷിക്കുമെന്ന ഇന്ത്യൻ ജനതയുടെ ഗ്യാരണ്ടിയിലാണ് മഹാഭൂരിപക്ഷം ജനാധിപത്യവിശ്വാസികളും വിശ്വാസമർപ്പിക്കുന്നത്. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പി​ന്റെ പ്രാധാന്യം.

ജനങ്ങളേക്കാൾ, തിരഞ്ഞെടുപ്പു കമീഷൻ പോലുള്ള സർക്കാർ ഏജൻസികളിലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനിലും വിശ്വാസമർപ്പിച്ചിരിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താൻ തന്റേതായ എളിയ തോതിൽ ശ്രമിക്കുന്ന ഏതൊരാളും ഇന്നത്തെ അവസ്​ഥയിൽ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയാണ്. ജനാധിപത്യ പാർട്ടികൾക്കിടയിലെ സങ്കുചിതമായ അധികാരത്തർക്കങ്ങളേക്കാൾ പ്രധാനം ഇന്നത്തെ ജനാധിപത്യവിരുദ്ധമായ തീവ്രവലതുപക്ഷത്തെ നിഷ്കാസനം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും ജനാധിപത്യത്തിനും പകരമല്ല വികസന മുദ്രാവാക്യങ്ങളെന്ന് തിരിച്ചറിയാനാവുമെങ്കിൽ ഇന്ത്യൻ ജനത മോദിയുടെ സമഗ്രാധിപത്യ ഭരണത്തിന് വിരാമമിടും എന്നാണ് എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ.


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments