ഇന്ത്യ @ 2024; ലോകത്തിലെ
ഏറ്റവും ചെലവേറിയ ഇലക്ഷൻ,
1.35 ലക്ഷം കോടി രൂപ

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഇലക്ഷൻ പ്രക്രിയയായിരുന്നു ഇന്ത്യയിൽ ഇന്നലെ അവസാനിച്ചത്, 1.35 ലക്ഷം കോടി രൂപയോളമാണ് ചെലവായത്. 2020-ലെ യു.എസ് തെരഞ്ഞെടുപ്പിന് ചെലവായത് 1.2 ലക്ഷം കോടി രൂപയാണ്. ഒരു വോട്ട് ചെയ്യുന്നതിന് ചെലവാകുന്ന തുക ഏതാണ്ട് 1400 രൂപയാണ്.

Election Desk

സ്വാതന്ത്ര്യാനന്തരം ഇന്ത്യ കണ്ട ഏറ്റവും നീണ്ട സമയമെടുത്ത രണ്ടാമത്തെ ദേശീയ തെരഞ്ഞെടുപ്പിനാണ് ഇന്നലെ തിരശ്ശീല വീണത്. ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ നീണ്ട 44 ദിവസത്തെ അതി സങ്കീർണമായ പ്രക്രിയ. ഏഴു ഘട്ടങ്ങൾ. 96.9 കോടി വോട്ടർമാർ. 543 മണ്ഡലങ്ങൾ.

ഏഴു ഘട്ടങ്ങളിലെ പോളിങ് ശതമാനം,
ബ്രാക്കറ്റിൽ 2019-ലേത്.

ഒന്ന്: 66.14 (69.76)
രണ്ട്: 66.71 (70.09)
മൂന്ന്: 65.68 (66.83)
നാല്: 69.16 (69.12)
അഞ്ച്: 62.2 (62.01)
ആറ്: 63.36 (64.22)
ഏഴ്: (പ്രാഥമിക കണക്ക്): 62 (65.29)

നാലാം ഘട്ടത്തിലൊഴികെ, ആറു ഘട്ടങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ കുറവായിരുന്നു പോളിങ് ശതമാനം.

1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ നടന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പായിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. അന്ന് 25 സംസ്ഥാനങ്ങളിലെ 401 മണ്ഡലങ്ങളിലുള്ള 489 സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ. അതായത്, അന്ന് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന 86 ദ്വയാംഗ മണ്ഡലങ്ങളുമുണ്ടായിരുന്നു. ഇവയിൽ ഒന്ന് ജനറൽ വിഭാഗവും ഒന്ന് പട്ടികവിഭാഗ സംവരണവുമായിരുന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 1874 സ്ഥാനാർഥികളും 53 പാർട്ടികളും 1,96,000 പോളിങ് ബൂത്തുകളുമാണുണ്ടായിരുന്നത്.

1962- 1989 കാലത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നാലു മുതൽ 10 ദിവസം കൊണ്ട് അവസാനിക്കുന്നതായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി തിരിച്ച് അധികാരത്തിലെത്തിയ 1980-ലെ തെരഞ്ഞെടുപ്പായിരുന്നു ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയായത്, വെറും നാലു ദിവസം.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഇലക്ഷൻ പ്രക്രിയയായിരുന്നു ഇത്തവണത്തേത്, 1.35 ലക്ഷം കോടി രൂപയാണ് ചെലവായത്. 2020-ലെ യു.എസ് തെരഞ്ഞെടുപ്പിന് ചെലവായത് 1.2 ലക്ഷം കോടി രൂപയാണ്.
ഇലക്ഷന് ചെലവായ ആകെ തുക 1998-ൽ 9000 കോടി രൂപയും 2019-ൽ 55,000 കോടി രൂപയുമായിരുന്നു. അതായത്, 1998 മുതൽ 2019 വരെയുള്ള 20 വർഷങ്ങളിലെ വർധനയാണിത്. സെന്റർ ഫോർ മീഡിയ എന്ന സ്ഥാപനത്തിന്റെ കണക്കനുസരിച്ച് ഒരു വോട്ട് ചെയ്യുന്നതിന് ചെലവാകുന്ന തുക ഏതാണ്ട് 1400 രൂപയാണ്. 2019-ൽ ഇത് 700 രൂപയായിരുന്നു. അതായത്, ഒരു വോട്ടിന് വന്ന ചെലവിൽ ഇരട്ടി വർധന.

ഇലക്ഷനുവേണ്ടിയുള്ള ചെലവിൽ ഇപ്പോൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുവേണ്ടിയുള്ള ചെലവാണ് കൂടുതൽ. 2019-നുശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിൽ 25 കോടി രൂപയാണ് ഇ.വി.എമ്മുകൾക്ക് നീക്കിവച്ചിരുന്നത് എങ്കിൽ കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അത് 611.27 കോടി രൂപയായി.
ഇലക്ഷൻ കമീഷന്റെ ബജറ്റ് 2018-19-ൽ 236.6 കോടി രൂപയായിരുന്നത് 2023-24-ൽ 340 കോടി രൂപയായി. 2022-ൽ കമീഷനിൽ 591 ജീവനക്കാരാണുണ്ടായിരുന്നതെങ്കിൽ 2024-ൽ 855 പേരായി ഉയർന്നു.

ഒരു സ്ഥാനാർഥിക്ക് ശരാശരി 75- 95 ലക്ഷം രൂപ വീതമായിരുന്നു ചെലവാക്കാവുന്ന തുകയുടെ ശരാശരി പരിധി. ഇത് പതിന്മടങ്ങായിട്ടുണ്ടാകുമെന്നുറപ്പുമാണ്. പരിധിയിലും 12 ഇരട്ടി കൂടുതൽ വരെ സാധാരണ ചെലവാക്കേണ്ടിവരാറുണ്ട്. ഒരു മണ്ഡലത്തിൽ 50 കോടി രൂപ വരെ ചെലവാക്കുന്ന സ്ഥാനാർഥികളുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കുന്നു.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിൽ ദേശീയ പാർട്ടികൾ അവരുടെ ആകെ ചെലവിന്റെ 50.58 ശതമാനം പരസ്യങ്ങൾക്കും 19.68 ശതമാനം യാത്രക്കും 15.43 ശതമാനം സ്ഥാനാർഥികൾക്കും 14.31 ശതമാനം മറ്റിനങ്ങളിലുമായാണ് ചെലവഴിച്ചത്. പത്തു വർഷം കൊണ്ട് പരസ്യത്തിൽ 641 ശതമാനത്തിന്റെയും യാത്രയിൽ 802 ശതമാനത്തിന്റെയും സ്ഥാനാർഥികളുടെ ചെലവിൽ 416 ശതമാനത്തിന്റെയും വർധനയുണ്ടായി.

1951-52ലെ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാൻ അനുമതിയുണ്ടായിരുന്ന തുക 25,000 രൂപയാണ്. ഇപ്പോൾ ഈ തുക 300 ഇരട്ടിയിലേറെയായി വർധിച്ചു. 2019-ൽ ഒരു മണ്ഡലത്തിൽ ചെലഴിക്കപ്പെട്ടത് 100 കോടി രൂപയോളമാണ്.

ഇന്ത്യയിൽ സ്ഥാനാർഥികളുടെ സാമ്പത്തികനില പരിശോധിച്ചാലും ഏറെ വൈരുധ്യങ്ങൾ കാണാം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കനുസരിച്ച്, 2009-ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ 29 ശതമാനം പേർക്കും ഒരു കോടിയിലേറെ രൂപയുടെ സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ, 2019-ൽ ഒരു കോടി രൂപയിലേറെ സ്വത്തുള്ളവരുടെ എണ്ണം 88 ശതമാനമായി ഉയർന്നു. 2019-ൽ 32 ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ചേർന്ന് ചെലവാക്കിയ തുക 2994 കോടി രൂപയായിരുന്നു. ഇതിൽ, 529 കോടി രൂപയും സ്ഥാനാർഥികൾക്കായാണ് ചെലവാക്കിയത്. ചെലവുകളുടെ പരിധികളില്ലാത്ത കയറ്റവും പണത്തിന്റെ അവിഹിതമായ ഇടപാടുകളും, ഇലക്ഷനുവേണ്ടി വ്യവസ്ഥാപിതമായി ചെലവാക്കാനാകുന്ന തുകയുടെ യഥാർഥ പരിധികളെ അട്ടിമറിക്കുക മാത്രമല്ല, വോട്ടുകളെ അനധികൃതമായി സ്വാധീനിക്കാനും ചെലവഴിക്കപ്പെടും. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട്, ഇന്ത്യയുടെ തെരഞ്ഞെടുപ്പുചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയും തട്ടിപ്പുമായിരുന്നു.

സംഘാടനത്തിൽ മാത്രമല്ല, രാഷ്ട്രീയമായും ഏറെ പ്രധാന്യമുള്ള ഇലക്ഷനായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കെതിരെ ‘ഇന്ത്യ’ സഖ്യം നേർക്കുനിന്ന് പോരാടിയ ഇലക്ഷൻ. അതിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു കാമ്പയിൻ. പ്രധാനമന്ത്രി നരേന്ദ്രമോദി 200-ലേറെ റാലികളിൽ പങ്കെടുത്തു. മാധ്യമങ്ങൾക്ക് 80ഓളം അഭിമുഖങ്ങൾ നൽകി. രാഹുൽ ഗാന്ധി 107, പ്രിയങ്ക ഗാന്ധി 108 പൊതുപരിപാടികളിൽ വീതം പങ്കെടുത്തു.
വലിയ വിവാദങ്ങളും വിദ്വേഷ പ്രസംഗങ്ങളും വ്യക്തിഹത്യകളും നിറഞ്ഞതായിരുന്നു കാമ്പയിൻ. നരേന്ദ്രമോദിയുടെ തുടർഭരണം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലവും കഴിഞ്ഞദിവസം പുറത്തുവന്നു. യഥാർഥ ഫലത്തിനായി ഇനി ഒരു ദിവസത്തെ കാത്തിരിപ്പു മാത്രം, ജൂൺ നാലിനാണ് വോട്ടെണ്ണൽ.

ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചുവെന്ന് ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായശേഷം ഇറക്കിയ പ്രസ്താവനയിൽ ഇലക്ഷൻ കമീഷൻ പറഞ്ഞു. 'ഇന്ത്യൻ വോട്ടറാണ് യഥാർഥ വിജയി', കമീഷൻ പറയുന്നു.

Comments