വലിയ പ്രതീക്ഷയാണ്,
വ്യത്യസ്തതകളുടെ
പുതിയ ഇന്ത്യൻ പാർലമെന്റ്

കഴിഞ്ഞ 10 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ പാർലമെന്റ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ വ്യത്യസ്തതകളെ സംഘപരിവാർ വിരുദ്ധതയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ഐക്യമാക്കി മാറ്റുന്നതിന് നാം സാക്ഷ്യം വഹിക്കും. ഒരുപക്ഷേ ലോകത്തുതന്നെ 21-ാം നൂറ്റാണ്ടിലെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണികളുടെ ഒരു പ്രാഥമിക മാതൃകാരൂപമായി ഇത് മാറ്റാനാകും- പ്രമോദ് പുഴങ്കര എഴുതുന്നു.

ന്ത്യ ഒരു ജനാധിപത്യ മതേതര ബഹുസ്വര റിപ്പബ്ലിക്കായി നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യം മാത്രമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനതക്കുമുന്നിലുണ്ടായിരുന്നത്. 400 സീറ്റുകൾക്ക് മുകളിൽ തങ്ങൾക്കു തരൂ എന്നാവശ്യപ്പെട്ട ബി ജെ പി, അതിനുപകരമായി വാഗ്ദാനം ചെയ്തത് ഇന്ത്യയെ എങ്ങനെ മതേതര ജനാധിപത്യ രാജ്യമല്ലാതാക്കുകയും അതിനെ ഹിന്ദുത്വ ഫാഷിസ്റ്റുകളും കോർപ്പറേറ്റുകളും ചേർന്ന് നടത്തുന്നൊരു രാഷ്ട്രീയ-സാമ്പത്തിക പദ്ധതിയുടെ പണിശാലയാക്കി മാറ്റുകയും ചെയ്യാമെന്നാണ്. എങ്ങനെയാണ് ഇന്ത്യയെ അതിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലാകെ മതവൈരത്തിന്റെയും വെറുപ്പിന്റെയും ഭൂരിപക്ഷ മതാധിപത്യത്തിന്റെയും വിഷം തീണ്ടിക്കാമെന്നാണ്. ജനാധിപത്യത്തിന്റെ ജൈവാവസ്ഥയെ സാധ്യമാക്കുന്ന പ്രതിപക്ഷമെന്ന, വിമതത്വമെന്ന, പ്രതിഷേധമെന്ന ആശയത്തെത്തന്നെ തടവറകളിലും അല്ലാതെയുമായി അടച്ചുപൂട്ടാമെന്നാണ്.
140 കോടിയോളം വരുന്ന മനുഷ്യർക്കുവേണ്ടി ഒരൊറ്റ സർവ്വാധികാരിയും രക്ഷകനുമായി ഒരു വർഗീയ ഫാഷിസ്റ്റിനെ എന്നേക്കുമായി വാഴിക്കാമെന്നാണ്.
ഇന്ത്യയുടെ ബഹുസ്വരതയെയും ഉപദേശീയതകളെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തടവറയിൽ ആമത്താഴിട്ട് പൂട്ടാമെന്നാണ്.

കഴിഞ്ഞ പത്തു വർഷക്കാലത്തെ മോദി സർക്കാരുകൾ അതിന്റെ എല്ലാവിധ തയ്യാറെടുപ്പുകളും ആരംഭങ്ങളും നടത്തിക്കഴിഞ്ഞിരുന്നു. തങ്ങൾക്ക് സമ്പൂർണ്ണാധിപത്യമുള്ള ഒരു പാർലമെന്റ് ലഭിക്കുന്നതോടെ ഹിന്ദുത്വ ഫാഷിസ്റ്റുകളും കോർപ്പറേറ്റ് സഹായികളും ആ പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഈ മഹാരാജ്യത്തിന്റെ അകലങ്ങളിൽ നിഴലുപോലെ ജീവിച്ചുപോകുന്ന മനുഷ്യർ തങ്ങളിൽനിന്ന് അകന്നുപോകുന്ന ഇന്ത്യയെന്ന രാജ്യത്തിന്റെ ഉത്പത്തിയുടെ ജനാധിപത്യശബ്ദത്തെ പതുക്കെയെങ്കിലും ദൃഢമായി ഒന്നോർത്തു പറയുകയും ഫാഷിസത്തിന്റെ കണ്ണിലേക്ക് നേരിട്ട് നോക്കുകയും ചെയ്തതോടെ ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയാധികാര പരിപാടി ആടിയുലഞ്ഞുപോയിരിക്കുന്നു. അത് വീണുപോയിട്ടില്ല, പക്ഷെ അതിനിനി കുറച്ചുകാലമെങ്കിലും മുമ്പത്തെപ്പോലെ ഏകപക്ഷീയമായി ഓടാനാകില്ല.

നരേന്ദ്രമോദി

മൂന്നാം തവണയും നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമ്പോൾ അതിനുമുമ്പുള്ള രണ്ട് മോദി സർക്കാരുകൾക്കുള്ള ജനസമ്മതിയല്ല ഉള്ളത്. ഉത്തർപ്രദേശടക്കമുള്ള ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളിൽ പലതിലും തോൽവിയും പിന്നോട്ടടിയും ഇത്തവണ ബി ജെ പി നേരിട്ടു. 400 സീറ്റുകൾ എന്നൊക്കെയുള്ള വമ്പൻ അവകാശവാദങ്ങളുടെ പരിസരത്തെത്തുന്നതുപോയിട്ട് ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലെത്തി ബി ജെ പി. നരേന്ദ്ര മോദിയുടെ തന്നെ ഭൂരിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നര ലക്ഷം വോട്ടോളം കുറഞ്ഞുപോയി. പ്രതിപക്ഷത്തെയും പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും ഈ തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കാകുമെന്നുപറഞ്ഞ ബി ജെ പിക്ക് പാർലമെന്റിൽ അഭിമുഖീകരിക്കേണ്ടിവരുന്നത് മുമ്പത്തേക്കാളും ഏതാണ്ട് ഇരട്ടി ശക്തിയുള്ള പ്രതിപക്ഷത്തെയാണ്. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ ജനാധിപത്യത്തിന് നിലനിൽപ്പിനും പോരാട്ടത്തിനുമുള്ള പ്രതീക്ഷകൾ നൽകുന്നതാണ്. അത് ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും രഥയാത്രയുടെ ക്രൗര്യവേഗങ്ങളെ ഇടങ്കോലിട്ടുനിർത്തി എന്നതുകൊണ്ടുമാത്രമല്ല, ഹിന്ദി ഭൂപ്രദേശത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമ്പൂർണ്ണ താവളമാക്കി മാറ്റാനുള്ള പദ്ധതിയെ അതിശക്തമായി പ്രതിരോധിച്ചു എന്നതുകൊണ്ടുകൂടിയാണ്.

ഇന്ത്യയെ ഭരിക്കുന്നതിന് പശു പ്രദേശമെന്നറിയപ്പെടുന്ന ഹിന്ദി മേഖലയുടെ മുകളിൽ സ്ഥാപിച്ചെടുക്കുന്ന തങ്ങളുടെ ആധിപത്യം മാത്രം മതിയാകും എന്ന തിരച്ചറിവിലാണ് സംഘപരിവാറും ബി ജെ പിയും അവരുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ഹിന്ദി ഭൂമികയാക്കിയത്. മണ്ഡൽ രാഷ്ട്രീയാനന്തരം ഹിന്ദി മേഖലയിൽ ജാതി രാഷ്ട്രീയ കക്ഷികൾ എന്ന് അക്കാലത്തിന്റെ ചരിത്ര രാഷ്ട്രീയ സാഹചര്യങ്ങളിൽ വിളിക്കപ്പെട്ടിരുന്ന കക്ഷികൾ നേടിയ ആധിപത്യത്തെ ക്രമേണയായി സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ദുർബലപ്പെടുത്തിയിരുന്നു. കോൺഗ്രസിന്റെ അധികാരക്കുത്തക തകർത്തതിനുശേഷം ഹിന്ദി മേഖലയിൽ അധികാരത്തിലെത്തിയ ഈ കക്ഷികളെല്ലാം മണ്ഡൽ രാഷ്ട്രീയത്തിന്റെ സുവർണ്ണകാലം അവസാനിച്ചതായി മനസിലാക്കിയിരുന്നു. കഴിഞ്ഞ പല ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മണ്ഡൽ രാഷ്ട്രീയത്തിന് മുകളിൽ സംഘപരിവാറിന്റെ കമണ്ഡൽ രാഷ്ട്രീയം നിർണ്ണായകമായ മേൽക്കയ്യും നേടിയെടുത്തു. ജാതികൾക്കുള്ളിലെ ഉപജാതികളെ വരെ സൂക്ഷ്മമായി സ്വാധീനിച്ചുകൊണ്ടുള്ള സംഘപരിവാറിന്റെ ഇടപെടൽ ഹിന്ദി മേഖലയിലെ പ്രാദേശിക കക്ഷികളെ അപ്രസക്തരാക്കി മാറ്റുന്നു എന്ന പ്രതീതിയുമുണ്ടായി. എന്നാൽ ഇതിൽനിന്നുമുള്ള ഒരു തിരിച്ചുവരവാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

‘ഹിന്ദുക്കളെല്ലാം ബി ജെ പിക്കൊപ്പം’ എന്ന രാഷ്ട്രീയ സമൂഹനിർമാണത്തിന്റെ പരിപാടിക്ക് അതിന്റെ ഏറ്റവും ഭീകരമായ നടത്തിപ്പ് പരീക്ഷണങ്ങളിൽ പലതും നടന്ന ഉത്തർ പ്രദേശിൽ അവിടുത്തെ ജനങ്ങൾ വളരെ സ്വാഭാവികമായെന്നോണം തടയിട്ടു

ഇതിന്റെ ഏറ്റവും പ്രകടമായ പ്രതിഫലനമുണ്ടായത് ഉത്തർ പ്രദേശിലാണ്. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിത ഇന്ത്യയിലെ എക്കാലത്തെയും ഭീകരമായ ഹിന്ദുത്വ ഫാഷിസ്റ്റ് പദ്ധതിയുടെ രംഗഭൂമിയായ ഉത്തർ പ്രദേശിൽ കഴിഞ്ഞ രണ്ടു നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വമ്പൻ വിജയത്തോടെ ഗുജറാത്തിനെപ്പോലെ മറ്റൊരു ഹിന്ദുത്വ പരീക്ഷണശാലയുടെ അരങ്ങായിരുന്നു സംഘപരിവാർ ഒരുക്കിക്കൊണ്ടിരുന്നത്. എന്നാൽ വർഗീയ വിഷപ്രചാരണം അതിന്റെ മൂർദ്ധന്യത്തിലെത്തിച്ചിട്ടും ഈ കുടിലപദ്ധതിയുടെ രഥയാത്രയെ ഉത്തർ പ്രദേശിലെ ജനങ്ങൾ വലിയ തോതിൽ തള്ളിക്കളഞ്ഞു. അതിന്റെ രാഷ്ട്രീയാരോഗ്യം എത്രകാലത്തേക്കാകും എന്നതിനെക്കുറിച്ചുള്ള പ്രവചനം നടത്താറായിട്ടില്ലെങ്കിലും അത് ഇന്ത്യയുടെ ഈ ചരിത്രസന്ധിയിൽ മതേതര, ജനാധിപത്യ ഇന്ത്യക്ക് നൽകിയ സംഭാവന ചെറുതല്ല. എക്കാലത്തേക്കുമായി ഹിന്ദുത്വ രാഷ്ട്രീയത്താൽ മസ്‌തിഷ്‌ക്ക പ്രക്ഷാളനം ചെയ്യപ്പെട്ടൊരു ഭൂരിപക്ഷ മതസമുദായം എന്ന ധാരണയെ ഉത്തർ പ്രദേശിലെ ഹിന്ദുക്കൾ മാറ്റിയെടുത്തു എന്നതും ചെറിയ കാര്യമല്ല. ഹിന്ദുവായി ജനിച്ചവരുടെ സ്വാഭാവിക രാഷ്ട്രീയകക്ഷിയാണ് തങ്ങളെന്ന ബി ജെ പിയുണ്ടാക്കിയ നിർമിതി കൂടിയാണ് പൊളിഞ്ഞുവീണത്. ഇന്നലെവരെ ആഭ്യന്തര ശത്രുക്കളെന്നും ഹിന്ദുക്കളുടെ അഭിമാനം വീണ്ടെടുക്കാൻ കൊല്ലേണ്ടവരെന്നും ആക്ഷേപിച്ച മുസ്‍ലിംകളെ കൂടെനിർത്തുന്ന രാഷ്ട്രീയം പറഞ്ഞ സമാജ്‍വാദി പാർട്ടിക്കും കോൺഗ്രസിനും വോട്ടു ചെയ്യാൻ അവർ മടി കാണിച്ചില്ല. 2014-ൽ 71-ഉം 2019-ൽ 62-ഉം സീറ്റുകൾ നേടിയ ബി ജെ പി ഇത്തവണ 33 സീറ്റിലൊതുങ്ങി. മണ്ഡൽ രാഷ്ട്രീയകാലത്തിന്റെ ദുർബലബാക്കിയായി മാറുമെന്ന് പ്രചരിപ്പിച്ച സമാജ്‌വാദി പാർട്ടി 37 സീറ്റും സഖ്യകക്ഷിയായ കോൺഗ്രസ് ആറ് സീറ്റും നേടി.

ഇന്നലെവരെ ആഭ്യന്തര ശത്രുക്കളെന്നും ഹിന്ദുക്കളുടെ അഭിമാനം വീണ്ടെടുക്കാൻ കൊല്ലേണ്ടവരെന്നും ആക്ഷേപിച്ച മുസ്ലിംകളെ കൂടെനിർത്തുന്ന രാഷ്ട്രീയം പറഞ്ഞ സമാജ്‍വാദി പാർട്ടിക്കും കോൺഗ്രസിനും വോട്ടു ചെയ്യാൻ യു.പി ജനത മടി കാണിച്ചില്ല

അതായത്, ഹിന്ദുക്കളെല്ലാം ബി ജെ പിക്കൊപ്പം എന്ന രാഷ്ട്രീയ സമൂഹനിർമാണത്തിന്റെ പരിപാടിക്ക് അതിന്റെ ഏറ്റവും ഭീകരമായ നടത്തിപ്പ് പരീക്ഷണങ്ങളിൽ പലതും നടന്ന ഉത്തർ പ്രദേശിൽ അവിടുത്തെ ജനങ്ങൾ വളരെ സ്വാഭാവികമായെന്നോണം തടയിട്ടു എന്നാണ്. നരേന്ദ്ര മോദി മത്സരിച്ച വാരണാസിയിൽപ്പോലും ബി ജെ പിക്ക് തങ്ങളുടെ വമ്പൻ ആധിപത്യം നിലനിർത്താനായില്ല. 2019-ൽ 4,80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മോദി ഇത്തവണ (2024) 1,52,000 എന്ന സാധാരണ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങി. ഉത്തർ പ്രദേശിലെമ്പാടും കഴിഞ്ഞ രണ്ടു തവണയും ബി ജെ പിക്ക് പടുകൂറ്റൻ വിജയങ്ങൾ നൽകിയ മണ്ഡലങ്ങളിലെല്ലാം ഇത്തവണ ഗതിമാറ്റം ദൃശ്യമായി. രാജ്യത്തൊട്ടാകെയെടുത്താൽ കഴിഞ്ഞതവണ (2019) 303 സീറ്റുകളിൽ ബി ജെ പിക്ക് 50% ത്തിലേറെ വോട്ടു നേടാനായ മണ്ഡലങ്ങൾ 224 ആയിരുന്നെങ്കിൽ ഇത്തവണ അത് 156 ആയി ചുരുങ്ങി. ഉത്തർ പ്രദേശിൽ ഇത് 2019-ൽ 40 സീറ്റും 2024-ൽ വെറും 13 സീറ്റുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയ രാജസ്ഥാനിലും ഇത്തരത്തിലുള്ള സീറ്റുകളുടെ എണ്ണം പകുതിൽ താഴെയായി കുറഞ്ഞു. രാജസ്ഥാനിൽ കഴിഞ്ഞ 2019-ൽ സംസ്ഥാനത്തെ 25 ലോക്സഭ സീറ്റുകളും വിജയിച്ച ബി ജെ പിക്ക് ഇത്തവണ 14 സീറ്റുകളിലെ ജയിക്കാനുമായുള്ളൂ.

ഫാഷിസം അതിന്റെ സമഗ്രാധിപത്യ ഭരണകൂട സ്വഭാവത്തെയും അതിന്റെ രാഷ്ട്രീയത്തെയും ഊട്ടിയുറപ്പിക്കുന്നത് അത് നേടിയെടുക്കുന്ന ബഹുജന പിന്തുണ കൊണ്ടാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടികളുടെ സീറ്റു നിലയും കണക്കുകളുമൊക്കെ നമ്മുടെ മുന്നിലുണ്ട്. അതിൽനിന്നും നമ്മൾ കണ്ടെത്തുന്ന രാഷ്ട്രീയ നിഗമനങ്ങളും പാഠങ്ങളും എന്തൊക്കെയാണ് എന്നതാണ് പ്രധാനം. ഉത്തർ പ്രദേശ് ഫലം കാണിക്കുന്നത് ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സൂക്ഷ്മപ്രയോഗങ്ങൾ നടക്കുന്ന ഏറ്റവും വലിയ തട്ടകത്തിൽ ആ രാഷ്ട്രീയത്തിനെതിരെ മതേതര, ജനാധിപത്യ രാഷ്ട്രീയത്തിന് മേൽക്കൈ നേടാനായി എന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം നിന്ന ജനങ്ങളെന്നാൽ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ബി ജെ പിക്കെതിരെയും അവരുടെ സർവ്വശക്തനായ നേതാവ് മോദിക്കെതിരെയും വലിയ തോതിൽ വോട്ടുചെയ്യുന്ന രാഷ്ട്രീയാലോചനയുള്ള ജനസമൂഹമാണ് എന്ന് കാണിക്കുകയാണ്. ഇത് ഇങ്ങനെത്തന്നെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വഴിയിൽക്കൂടി മാത്രം പുരോഗമിക്കും എന്നൊന്നും പറയാനാകില്ലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റെ പ്രത്യയശാസ്ത്രത്തെ ഒരു ജനസമൂഹത്തിന്റെ സ്വാഭാവിക ജീവിതമാക്കി മാറ്റുന്നതിൽ വലിയ തിരിച്ചടി നേരിട്ടു എന്നതാണ് കാര്യം. ഇതാകട്ടെ ചെറിയ കാര്യമല്ല.

വി.ഡി സവർക്കർ

ഫാഷിസം അതിന്റെ സമഗ്രാധിപത്യ ഭരണകൂട സ്വഭാവത്തെയും അതിന്റെ രാഷ്ട്രീയത്തെയും ഊട്ടിയുറപ്പിക്കുന്നത് അത് നേടിയെടുക്കുന്ന ബഹുജന പിന്തുണ കൊണ്ടാണ്. അതൊരു സൈനിക, സംഘടനാ പ്രയോഗം മാത്രമല്ല. വാസ്തവത്തിൽ ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ സംഘടന സ്വഭാവത്തിലും അതിന്റെ പ്രത്യയശാസ്ത്ര പദ്ധതിയിലും കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയ സൈനിക സ്വഭാവം ഉൾച്ചേർത്തിട്ടുണ്ട്. “സമൂഹത്തെ ഹിന്ദുത്വവത്ക്കരിക്കുക, ഹിന്ദുത്വത്തെ സൈനികവത്ക്കരിക്കുക” എന്ന് വി.ഡി. സവർക്കർ മുതൽക്കേ പറയുന്നത് ഇതുകൊണ്ടുകൂടിയാണ്. ഇറ്റലിയിൽ പോയി ഫാഷിസ്റ്റ് നേതാവായ മുസോളിനിയുമായി കൂടിക്കാഴ്ച നടത്തി, ഫാഷിസ്റ്റ് രാഷ്ട്രീയ സംഘടനാക്രമത്തിൽ അത്യാകൃഷ്ടനായി ഇന്ത്യയിൽ മടങ്ങിയെത്തിയ ഹിന്ദു മഹാസഭാ നേതാവ് ബി.എസ്. മുഞ്ചേ ഉടനടി ചെയ്തത് നാസിക്കിൽ ‘ഭോൺസാല സൈനിക സ്‌കൂൾ’ ആരംഭിക്കുകയായിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഘടനയും അതിന്റെ ഉള്ളടക്കവും രൂപപ്പെടുത്തിയിരിക്കുന്നതും ഇത്തരത്തിൽ ഹിംസാസജ്ജമായ സൈനികമാതൃകയിലാണ്. എന്നാൽ ഇതുകൊണ്ട് ഇന്ത്യ പോലൊരു രാജ്യത്ത് രാഷ്ട്രീയാധികാരം നേടാനാവില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും കേവലമായ സൈനിക ശേഷികൊണ്ടോ സംഘടനാ ശേഷികൊണ്ടോ ഫാഷിസം രാഷ്ട്രീയാധികാരത്തിലെത്തിയിട്ടില്ല.

രാഷ്ട്രീയാധികാരത്തിലേക്കുള്ള അതിന്റെ യാത്രയെ സുഗമമാക്കിയതൊക്കെയും ഫാഷിസം നേടിയെടുത്ത ബഹുജന പിന്തുണയാണ്. ഈ ബഹുജനപിന്തുണയെ രാഷ്ട്രീയമായി നേരിടുകയും ഫാഷിസ്റ്റ് ചേരിയിലേക്ക് ചാഞ്ഞുനിൽക്കുന്ന ആ ബഹുജന പൊതുബോധത്തെ മാറ്റിയെടുക്കുകയും ചെയ്തുകൊണ്ടല്ലാതെ ഫാഷിസത്തിനെതിരായ രാഷ്ട്രീയ സമരത്തിന് വിജയിക്കാനാകില്ല. മേൽപ്പറഞ്ഞ രാഷ്ട്രീയ സമരം വിജയിക്കണമെങ്കിൽ ഏതു തരത്തിലുള്ള ബദൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് ഫാഷിസ്റ്റുകൾക്കെതിരെ ഉയർത്തേണ്ടത് എന്ന് തിരിച്ചറിയണം. വ്യവസ്ഥയോടും അതിനോടുള്ള അസംതൃപ്തിയോടും കലഹിക്കുന്നു എന്ന വ്യാജേന ഫാഷിസ്റ്റുകൾ നേടിയെടുക്കുന്ന ബഹുജനപിന്തുണയെ ശരിയായ ജനാധിപത്യ രാഷ്ട്രീയ സമരത്തിലേക്കെത്തിക്കാനുള്ള രാഷ്ട്രീയമായിരിക്കണം ഉയർത്തേണ്ടത്. ഇത്തരത്തിലുള്ള സമരങ്ങൾ വലിയ തോതിൽ നടന്നതുകൊണ്ടല്ല ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് ഉത്തർ പ്രദേശ് പോലെ അവരുടെ പ്രത്യയശാസ്ത്ര ശക്തികേന്ദ്രമായി വികസിപ്പിച്ചുകൊണ്ടിരുന്ന ഒരിടത്ത് അടിപതറിയത്. മറിച്ച് അത്തരത്തിലുള്ള രാഷ്ട്രീയ ബോധത്തിലേക്ക് മാറാനുള്ള രാഷ്ട്രീയോർജ്ജം ജനം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാപട്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് പ്രകടിപ്പിക്കുന്നു എന്നതിലാണ്. അതുകൊണ്ടാണ് രാമക്ഷേത്രമടക്കമുള്ള വർഗീയ അജണ്ടകൾക്ക് തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയാതെ പോയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയലും പൗരത്വ നിയമ ഭേദഗതിയും പോലുള്ള, മുസ്ലിംകളെ അപരവത്ക്കരിക്കുകയും ശത്രുസ്ഥാനത്ത് നിർത്തുകയും ചെയ്യുന്ന സംഘപരിവാറിന്റെ, ഒരു നൂറ്റാണ്ടു കാലമായി ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ ശരീരത്തിൽ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്ത പ്രത്യയശാസ്ത്രപദ്ധതി ഹിന്ദുരാഷ്ട്ര സംസ്ഥാപനമെന്ന അതിന്റെ വലിയ ലക്ഷ്യത്തിലേക്ക് എത്തുന്നു എന്ന പ്രതീതിയുണ്ടാക്കിയ ഒരു ദശയിൽ വെച്ചാണ് അതിന്റെ സൈനികരാവും എന്ന് സംഘപരിവാർ ഉറച്ചു വിശ്വസിക്കുകയും അതിനായി രൂപപ്പെടുത്തിയെടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഗംഗാതടവാസികൾ ഹിന്ദുമഹാമണ്ഡലത്തിന് പുറത്തേക്ക് കൈകൾ നീട്ടുകയും തങ്ങളെപ്പോലെ വിശക്കുന്ന, തൊഴിലില്ലാതാവുന്ന മതഭേദമെന്യേയുള്ള മനുഷ്യരുമായി ജനാധിപത്യത്തിന്റെ ജീവസാധ്യതകളിലേക്ക് കൈകൾ കോർത്തത്. നാഗരികതയുടെ മഹാപ്രയാണങ്ങളിൽ ഗംഗ ഒരു മതത്തിന്റെ പേരാകുന്നില്ല എന്ന് ഇന്ത്യ നന്ദിയോടെ ഓർക്കും.

ബി ജെ പിയ്ക്ക് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്ത ഒഡീഷയിൽ പോലും ‘ഒഡിയ അസ്മിത’ എന്ന പ്രാദേശികാഭിമാന മുദ്രാവാക്യത്തിന്റെ കൂടി ബലത്തിലാണ് ബി ജെ പി വിജയിച്ചത്.

സംഘപരിവാറും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരും അവസാനിപ്പിക്കാൻ ശ്രമിച്ച നിരവധിയായ ജനാധിപത്യ സാധ്യതകളേയും ഇന്ത്യ എന്ന ആശയത്തെ ഒരു ഭൗമദേശരാഷ്ട്രമായി നിലനിർത്തുന്ന അതിന്റെ ആന്തരിക വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ജനാധിപത്യ സമരസാധ്യതകളായി വീണ്ടെടുത്തു എന്നതു കൂടിയാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രസക്തി. മോദി സർക്കാർ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ ആക്രമണങ്ങൾ തിരിഞ്ഞതേറെയും ഇന്ത്യയുടെ ദുർബലമെങ്കിലും അനിവാര്യതയാൽ ഉൾച്ചേർക്കപ്പെട്ടുകൊണ്ടിരുന്ന ഫെഡറൽ സ്വഭാവത്തിനു നേരെയാണ്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി ജെ പിയുടെ രാഷ്ട്രീയ പരിപാടി ഇതിലേക്കുന്നം വെച്ചുള്ളതായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അമിത് ഷാ അടക്കമുള്ള ബി ജെ പി നേതാക്കൾ അതാവർത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ പിയ്ക്കെതിരെ നിന്ന സംസ്ഥാന / പ്രാദേശിക കക്ഷികൾക്ക് ചെറുതും വലുതുമായ വിജയങ്ങൾ നൽകിക്കൊണ്ട് ജനം തിരസ്കരിച്ചത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ സാമ്രാജ്യമോഹങ്ങളെക്കൂടിയാണ്. ബി ജെ പിയ്ക്ക് അനുകൂലമായി ജനങ്ങൾ വോട്ടു ചെയ്ത ഒഡീഷയിൽ പോലും ‘ഒഡിയ അസ്‌മിത’ എന്ന പ്രാദേശികാഭിമാന മുദ്രാവാക്യത്തിന്റെ കൂടി ബലത്തിലാണ് ബി ജെ പി വിജയിച്ചത്. അതായത്, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിൽ മാത്രം വിജയിക്കാൻ കഴിയുന്ന ഇന്ത്യയിലെ രാഷ്ട്രീയ ഭൂപ്രദേശങ്ങളുടേയും ജന സമൂഹങ്ങളുടെയും വ്യാപ്തി കുറഞ്ഞിരിക്കുന്നു എന്നുതന്നെ കരുതാം. അതാകട്ടെ ഒട്ടും ചെറിയ കാര്യമല്ല.

മുന്നണി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവും പ്രാദേശിക കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ അതിനെ നിർണയിക്കുന്ന വിധത്തിൽ സ്വാധീനം ചെലുത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ച, ഇന്ത്യയെ നിലനിർത്താൻ പോകുന്ന ഏറ്റവും മികച്ച രാഷ്ട്രീയ മാറ്റം.

സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണവും ഭരണവും നടപ്പാക്കുന്നതിന് ഗവർണർമാരെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും പലതരത്തിൽ ഉപയോഗിച്ച്, ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിച്ച്, മോദി സർക്കാർ നടത്തിയ തേർവാഴ്ച കൂടി നിരാകരിക്കുന്ന ജനവിധിയാണ് വന്നിരിക്കുന്നത്. മോദി സർക്കാർ ഇത്തരത്തിൽ ആക്രമിച്ച പ്രതിപക്ഷം ഭരിക്കുന്ന ഡൽഹി ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ഭേദപ്പെട്ട വിജയം നേടിയത് ഇതിന്റെ ലക്ഷണമാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏകകക്ഷി ഭരണവും അതിന്റെ രാഷ്ട്രീയ മേൽക്കോയ്മയും അവസാനിച്ച 1980-കളുടെ അവസാനത്തിലാണ് ഇന്ത്യയിലെ വിവിധ പ്രാദേശിക ജനതകളെയും ഇന്ത്യയെ നിർമിച്ച അവരുടെ ഉപദേശികതകളുടെയും രാഷ്ട്രീയ കക്ഷികൾ ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനും അതിനെ നിർണയിക്കാനും നിശ്ചയിക്കാനും സ്വാധീനിക്കാനും തുടങ്ങിയത്. ഇത് 2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നതുവരെയും തുടർന്നു. സ്വന്തം നിലയിൽ പാർലമെൻറിൽ കേവലഭൂരിപക്ഷം നേടിയ ബി ജെ പി എന്നാൽ ഇത്തരത്തിൽ ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സംസ്കാരത്തെ തീർത്തും നിരാകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് കൈക്കൊണ്ടത്. ഇതാകട്ടെ അവരെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നില്ല. സംഘപരിവാറിന്റെയും ആ എസ് എസിന്റെയും ഇന്ത്യ എന്നു പറയുന്നത് ഉപദേശീയതകൾക്കോ സംസ്ഥാനങ്ങളുടെ ഭരണഘടനാനുസൃതമായ സ്വയംഭരണത്തിനോ ഇടമില്ലാത്ത ഏകശിലാരൂപത്തിലുള്ള ഇന്ത്യയായിരുന്നു. ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്, വിവിധ സംസ്കാരങ്ങൾക്ക് മുകളിൽ ഹിന്ദുത്വയുടെ രാഷ്ട്രീയ സാംസ്കാരിക രൂപങ്ങൾ ആധിപത്യ സ്ഥാപിക്കുന്നതിന് മോദി സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. എന്നാൽ ഇതിനെതിരെയുള്ള തങ്ങളുടെ രാഷ്ട്രീയപ്രതിഷേധം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം പ്രകടിപ്പിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി രാഷ്ട്രീയത്തെ തങ്ങളുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി അംഗീകരിക്കാൻ തയ്യാറായി എന്നത് ഗുണപരമായ മാറ്റമാണ്.

മുന്നണി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവും പ്രാദേശിക കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ അതിനെ നിർണയിക്കുന്ന വിധത്തിൽ സ്വാധീനം ചെലുത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ച ഇന്ത്യയെ നിലനിർത്താൻ പോകുന്ന ഏറ്റവും മികച്ച രാഷ്ട്രീയ മാറ്റം. കോൺഗ്രസ് നേതൃത്വം നൽകുന്ന ‘ഇന്ത്യ’ മുന്നണിയിൽ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും ഏതെങ്കിലും ഒരു സംസ്ഥാനത്ത് തങ്ങളുടെ ശക്തി തെളിയിക്കുകയും ബി ജെ പിക്ക് എതിരായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിൽ സാമാന്യമായി വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി രാഷ്ട്രീയത്തെ തങ്ങളുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി അംഗീകരിക്കാൻ തയ്യാറായി എന്നത് ഗുണപരമായ മാറ്റമാണ്. അങ്ങനെ അംഗീകരിക്കുന്നതിന് കോൺഗ്രസിനുള്ള വിമുഖത ഏക കക്ഷി ഭരണത്തിന്റെ പ്രതാപ കാലങ്ങളിൽ നിന്ന് താഴോട്ടിറങ്ങി വന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നതിനുള്ള ബുദ്ധിമുട്ടായിരുന്നു. രാഷ്ട്രീയ കക്ഷി എന്ന നിലയിൽ തങ്ങളുടെ അസ്തിത്വം തന്നെ അപകടത്തിലായി എന്ന തിരിച്ചറിവാണ് ഒരു പരിധി വരെ കോൺഗ്രസിനെ ദേശീയതലത്തിൽ മുന്നണി രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാറ്റുന്നതിന് നിർബന്ധിതരാക്കിയത്.

കോൺഗ്രസ് നേരിടുന്ന ചരിത്രപരമായ പ്രതിസന്ധിയുടെ കാരണങ്ങളുടെ ഇങ്ങേയറ്റത്ത് നിൽക്കുന്ന നേതാവ് കൂടിയാണ് രാഹുൽ ഗാന്ധി എന്നത് അയാളുടെ വ്യക്തിപരമായ കുഴപ്പമല്ല, മറിച്ച് അയാൾ കയ്യേൽക്കേണ്ടിവന്ന ചരിത്രപരമായ വിഴുപ്പുഭാണ്ഡങ്ങളുടെ ഭാരമാണ്.

വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളും തങ്ങളുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മേൽക്കോയ്മയെ മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ നിർണയിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ഘടകങ്ങളെയും സംഘപരിവാറിന്റെ ഏകശിലാ ഹിന്ദുത്വ രാഷ്ട്ര പദ്ധതി അടിമുടി തകർക്കുമെന്ന് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ ഭാഗം കൂടിയാണ് മുമ്പ് എൻ.ഡി.എ ഘടകകക്ഷികളായിരുന്ന ഡി എം കെ, ടി എം സി തുടങ്ങിയ കക്ഷികൾ ‘ഇന്ത്യ’ മുന്നണിയിൽ സജീവമായി പങ്കാളികളായത്. മുന്നണി രാഷ്ട്രീയത്തെ നിലനിർത്തുന്നതിനും അതിനെ ദേശീയതലത്തിലെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവുമായി ചേർത്തുനിർത്തുന്നതിനും പ്രാദേശിക കക്ഷികൾ ഇത്തവണ കാണിച്ച അനിതര സാധാരണമായ ജനാധിപത്യബോധം എടുത്തുപറയേണ്ടതാണ്. തമിഴ്നാട്ടിൽ ഡി എം കെയും ഉത്തർപ്രദേശിൽ സമാജവാദി പാർട്ടിയും ബിഹാറിൽ ആർ ജെ ഡിയും സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തെ മുന്നണി രാഷ്ട്രീയവുമായി വിജയകരമായി ചേർത്തുവച്ചവരാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ പാർലമെൻറ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ കക്ഷികൾ, തങ്ങളുടെ വ്യത്യസ്തതകളെ സംഘപരിവാർ വിരുദ്ധതയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ഐക്യമാക്കി മാറ്റുന്നതിന് നാം സാക്ഷ്യം വഹിക്കും. ഒരുപക്ഷേ ലോകത്തുതന്നെ 21-ാം നൂറ്റാണ്ടിലെ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണികളുടെ ഒരു പ്രാഥമിക മാതൃകാരൂപമായി ഇത് മാറും.

സ്വന്തമായി കേവല ഭൂരിപക്ഷം നേടാനാകാത്ത ബി ജെ പിക്ക് ഇത്തവണ ജെ ഡി-യു, ടി ഡി പി, ശിവസേന (ഷിൻഡേ) തുടങ്ങി പല കക്ഷികളുടെയും പിന്തുണയോടു കൂടി മാത്രമേ കേന്ദ്രസർക്കാരിനെ നിലനിർത്താനാകു. സംഘപരിവാറിന്റെയോ ബി ജെ പിയുടെയോ രാഷ്ട്രീയ അജണ്ടകൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാകില്ലെങ്കിലും അത് നടപ്പാക്കുന്നതിന് കേവലമായ ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ സഹായിക്കില്ല എന്ന് കണക്കാക്കുന്ന ടി ഡി പിയെ പോലുള്ള കക്ഷികളുടെ പിന്തുണ വേണ്ടിവരുമ്പോൾ അത് അത്ര എളുപ്പമാവില്ല. മാത്രവുമല്ല സംസ്ഥാനങ്ങളെ ആക്രമിക്കുകയും അവയുടെ സാമാന്യമായ സ്വയംഭരണ അവകാശത്തിനു മുകളിൽ കുതിര കയറുകയും ചെയ്യുന്ന ബി ജെ പിയുടെ പരിപാടി ഇനി അത്രകണ്ട് എളുപ്പമാകണമെന്നില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടയും അതുപോലെതന്നെ സമഗ്രാധിപത്യ ഭരണകൂടത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിയമനിർമാണങ്ങളും സാധ്യമാക്കുന്ന പലതരത്തിലുള്ള ഭരണഘടനാ ഭേദഗതികൾ അടക്കമുള്ള പാർലമെൻറ് വഴിയുള്ള പരിപാടികൾ മുന്നണി രാഷ്ട്രീയത്തിന്റെയും ശക്തമായ പ്രതിപക്ഷത്തിന്റെയും സാന്നിധ്യത്തിൽ കടുത്ത എതിർപ്പുകളും തടസ്സങ്ങളും നേരിടും എന്ന കാര്യത്തിൽ സംശയമില്ല. അടുത്ത അഞ്ചുവർഷത്തേക്ക് ഇന്ത്യയുടെ ജനാധിപത്യ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഇന്ത്യ എന്ന ആശയത്തെ തിരിച്ചുപിടിക്കുന്നതിന് ജനം നൽകിയ ഏറ്റവും വലിയ അവസരം കൂടിയാണിത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രതിപക്ഷമായി രൂപം കൊള്ളുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രതിപക്ഷമായി രൂപം കൊള്ളുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയാണ്. ‘കോൺഗ്രസ് മുക്തഭാരതം’ എന്നും അതിനു പിന്നാലെ ‘പ്രതിപക്ഷ മുക്ത ഭാരതം’ എന്നുമുള്ള ബി ജെ പിയുടെയും മോദിയുടെയും സമഗ്രാധിപത്യ സ്വപ്നങ്ങൾക്ക് ഇതേൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ മാറ്റത്തിലേക്ക് കോൺഗ്രസ് കടക്കുമ്പോൾ അത് കോൺഗ്രസിന്റെ വർഗ്ഗരാഷ്ട്രീയ സ്വഭാവത്തെ ഏതെങ്കിലും തരത്തിൽ മാറ്റും എന്നുള്ള വ്യാമോഹമോ പ്രതീക്ഷയോ ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ അത്തരം മാറ്റങ്ങൾ ഇല്ലാതെ തന്നെ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ ഐക്യമുന്നണി എന്ന ഈ ചരിത്രദശയിലെ ഏറ്റവും പ്രസക്തമായ അടിയന്തര ആവശ്യത്തെ സാധ്യമാക്കുന്നതിന് കോൺഗ്രസിന്റെ ഇപ്പോഴത്തെ മാറ്റം സഹായിക്കും. സുദീർഘമായ പതിറ്റാണ്ടുകൾ ഭരണം കയ്യാളിയ കോൺഗ്രസ് തങ്ങളുടെ ഏകകക്ഷി കുത്തക ഭരണത്തിൽ നിന്ന് താഴേക്കിറങ്ങുകയും അത്തരത്തിലുള്ള ഭരണാധിപത്യത്തിലേക്ക് തിരിച്ചുപോകുന്നത് വന്യസ്വപ്നങ്ങളിൽ പോലും അസാധ്യമാണെന്ന് മനസ്സിലാക്കിയതോടെയുമാണ് ഈ പുതിയ രാഷ്ട്രീയ മുന്നണിയെ അംഗീകരിക്കാൻ തയ്യാറായത്.

ഇന്ത്യയിൽ നടന്ന രണ്ടു വലിയ കർഷക സമരങ്ങൾ എങ്ങനെയാണ് ഇപ്പോൾ ഉണ്ടായ ജനാധിപത്യ കക്ഷികളുടെ തെരഞ്ഞെടുപ്പുനേട്ടങ്ങളെ സഹായിച്ചതെന്ന് സുവിദിതമാണ്.

എന്നാൽ അതിനെ കേവലം അവസരവാദപരമായ ഒരു രാഷ്ട്രീയ പരിപാടി മാത്രമായിട്ട് കാണേണ്ടതില്ല. ബൂർഷ്വാ വർഗ്ഗ രാഷ്ട്രീയത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയും അത്തരം നയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയകക്ഷികൾ ഉദാര ജനാധിപത്യത്തിനുനേരെ ഉയരുന്ന ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കുന്നതിന് തൊഴിലാളിവർഗ്ഗം അടക്കമുള്ള ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ ഭാഗമാകുന്നത് പുരോഗമനപരമായ രാഷ്ട്രീയമായി വേണം കണക്കാക്കാൻ. അത് സാധ്യമാക്കിയത് ഇത്തരം രാഷ്ട്രീയകക്ഷികളുടെ അവസരവാദമല്ല, മറിച്ച് അതിലേക്ക് അവരെ എത്തിച്ച ജനകീയ സമ്മർദ്ദമാണ്.

അതുകൊണ്ടാണ് നാമിപ്പോൾ കാണുന്നതുപോലെ കോൺഗ്രസിനെ അവർ തന്നെ കൊണ്ടുവന്ന പലവിധത്തിലുള്ള സാമ്പത്തിക നയങ്ങൾക്കെതിരെയും സമഗ്രാധിപത്യ ഭരണകൂടത്തിനെ, അതിന്റെ മർദ്ദക സ്വഭാവത്തെ മൂർച്ഛിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന നിയമങ്ങൾക്കെതിരെയും സംസാരിക്കാൻ നിർബന്ധിതരാക്കുന്നത്. ഒരുപക്ഷേ, ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് ബാഹ്യമായ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പ് അജണ്ടകളെ നിശ്ചയിക്കുന്ന രീതിയിലേക്ക് രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ മുകളിലുള്ള ജനങ്ങളുടെ അസംതൃപ്തികൾ ചെറുതായെങ്കിലും സ്വാധീനം ചെലുത്തുന്നു എന്നതു കൂടിയാണ്. ഇത്തരത്തിലുള്ള അസംതൃപ്തികളെ എങ്ങനെയാണ് ജനാധിപത്യ രാഷ്ട്രീയമാക്കി വളർത്തിയെടുക്കുക എന്നുള്ളതാണ് യഥാർത്ഥ വെല്ലുവിളി. അങ്ങനെ ചെയ്യാനായില്ലെങ്കിൽ തീവ്ര വലതുപക്ഷം ആയിരിക്കും അതിനെ മുതലെടുക്കുക എന്നത് ചരിത്രപാഠവും ഇന്ത്യയിൽ നാം ഇപ്പോൾ കണ്ട കഥയുമാണ്.

ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന വിശാല ഹിന്ദു എന്ന രാഷ്ട്രീയ സംഘടനാപദ്ധതിയെ ഒരു വലിയ വിഭാഗം ഹിന്ദുക്കൾ കയ്യൊഴിയുകയാണ്.

പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം സാധ്യമാക്കിയ മണ്ഡൽ കമീഷൻ റിപ്പോർട്ടിനു ശേഷമുള്ള ഇന്ത്യയുടെ രാഷ്ട്രീയമെന്നത് പിന്നാക്ക ജാതി രാഷ്ട്രീയ കക്ഷികളുടെ ശക്തമായ സ്വാധീനം നിറഞ്ഞതായിരുന്നു. വാസ്തവത്തിൽ ഇതിനെ ചെറുക്കുകയെന്ന ലക്ഷ്യം കൂടി വച്ചാണ് ബാബറി മസ്ജിദ് തകർത്തടക്കമുള്ള സംഘപരിവാറിന്റെ അതി തീവ്ര ഹിന്ദുത്വ ഹിംസ ഭീമാകാരമായ രൂപത്തിൽ എത്തിയത്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലുമായി ഹിന്ദി പശുപ്രദേശത്ത് നാം കണ്ടത് ഈ ജാതി രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരു പരിധിവരെ കീഴ്പ്പെടുകയും അല്ലാത്തവ ദുർബലമാവുകയും ചെയ്തതാണ്.
ജാതി വേർതിരിവുകളെയും അതിനുള്ളിലെ ഉപജാതികളെയും വളരെ സൂക്ഷ്മമായി ഹിന്ദുത്വ പ്രത്യയശാസ്ത്ര അജണ്ടക്കുകീഴിൽ കൊണ്ടുവരുന്നതിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുന്നതിലും സംഘപരിവാറും ബി ജെ പിയും വലിയ വിജയം നേടിയിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് കാണിക്കുന്നത് ഈ ഹിന്ദുത്വ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന്റെ സംഘടനാഛായകൾക്കു കീഴിൽ നിന്ന് ഇത്തരം ജനവിഭാഗങ്ങൾ വിശാല മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ കുറച്ചുകൂടി തെളിച്ചമുള്ള ഭൂമിയിലേക്ക് നീങ്ങിനിൽക്കുന്നതിന് വീണ്ടും സന്നദ്ധത പ്രകടിപ്പിക്കുന്നു എന്നുള്ളതാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബി ജെ പിക്ക് തിരിച്ചടി നൽകി എന്നതു മാത്രമല്ല ഇതിന്റെ സവിശേഷത. ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന വിശാല ഹിന്ദു എന്ന രാഷ്ട്രീയ സംഘടനാപദ്ധതിയെ ഒരു വലിയ വിഭാഗം ഹിന്ദുക്കൾ കയ്യൊഴിയുന്നു എന്നതു കൂടിയാണ് ഇത് കാണിക്കുന്നത്. ഒരു തെരഞ്ഞെടുപ്പിലെ തോൽവി ആർ എസ് എസിനെ അപ്പാടെ ഉലച്ചു കളയുന്നില്ല. എന്നാൽ തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായി തങ്ങൾ ഉണ്ടാക്കിയ ഒരു രാഷ്ട്രീയ സാമൂഹ്യ ശരീരത്തിലുണ്ടാകുന്ന ഇളക്കങ്ങളും വിള്ളലുകളും ഭിന്നതകളും അവരെ പ്രതിസന്ധിയിലാക്കും. ഇത്തരത്തിൽ ഒരു പ്രതിസന്ധി സംഘപരിവാർ വടക്കേ ഇന്ത്യയിൽ ഇനി നേരിടും എന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന.

Photo : Indian national congress / Facebook

ആർ എസ് എസ് നേതൃത്വം നൽകുന്ന ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഒരു നൂറ്റാണ്ടോളമായി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തനവും അത് നിർമിച്ചിരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ഘടനകളും ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നേരിട്ട തിരിച്ചടി കൊണ്ട് ഇല്ലാതാകും എന്നു കരുതുന്നത് മൗഢ്യമായിരിക്കും. ഈ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാക്കിയെടുത്തിരിക്കുന്നത് അതിശക്തമായ ഹിന്ദുത്വ രാഷ്ട്രീയ സാമൂഹ്യഘടനയെയാണ്. അതിനപ്പുറത്തേക്ക് അതിനെ ഹിംസാത്മകമായ ഒരു സമഗ്ര ആധിപത്യ ഫാഷിസ്റ്റ് ഭരണകൂടമാക്കി മാറ്റുകയും കോർപ്പറേറ്റ് ഫാഷിസ്റ്റ് കൂട്ടുകെട്ടാക്കി ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ബി ജെ പിയുടെ രാഷ്ട്രീയ അധികാരം ചെയ്യുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിലേൽക്കുന്ന തിരിച്ചടികൾ ഈ സാമൂഹ്യഘടനയെയും അതിന്റെ സൂക്ഷ്മമായ പ്രയോഗരീതികളെയും അവസാനിപ്പിക്കുന്നില്ല. അതിന് ആർ എസ് എസ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ സമഗ്രമായ രീതിയിൽ നേരിട്ടേ മതിയാവൂ. ഇത് സാധ്യമാകണമെങ്കിൽ ജനങ്ങൾക്കിടയിൽ നിന്നും രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ ആധാരമാക്കിയുള്ള സമരങ്ങൾ ഉയർന്നുവരണം.

നരേന്ദ്രമോദി എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സർവ്വശക്തനായ നേതാവ് എന്ന ‘ബ്രാൻഡ്’ അതിവേഗത്തിൽ അവസാനിക്കുകയാണ്.

ഇന്ത്യയിൽ നടന്ന രണ്ടു വലിയ കർഷക സമരങ്ങൾ എങ്ങനെയാണ് ഇപ്പോൾ ഉണ്ടായ ജനാധിപത്യ കക്ഷികളുടെ തെരഞ്ഞെടുപ്പുനേട്ടങ്ങളെ സഹായിച്ചതെന്ന് സുവിദിതമാണ്. ഇത്തരം ജനകീയ സമരങ്ങൾക്ക് മാത്രമാണ് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ അതിന്റെ രാഷ്ട്രീയ യുക്തിയിലേക്ക് എത്തിക്കാനാവുക എന്നത് കർഷക സമരങ്ങളിലൂടെ തെളിയുന്നു. ഒരുതരത്തിൽ ഭേദിക്കാനാകാത്ത ഹിന്ദുത്വ രാഷ്ട്രീയ കോട്ടയായി മാറിയെന്ന് വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ട ഹിന്ദി മേഖലയിൽ കർഷക സമരങ്ങളുടെ കൂടി വലിയ സ്വാധീനത്തിലാണ് ഇത്തവണ ബി ജെ പി അടിപതറിപ്പിക്കാനായത്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അടക്കം കോൺഗ്രസ് പരീക്ഷിച്ചു പരാജയപ്പെട്ട മൃദുഹിന്ദുത്വ നിലപാടുകൾ എന്തുകൊണ്ടാണ് സംഘപരിവാറിനെ എതിർക്കുന്നതിൽ അവരുടെ അതേ കളി നിയമങ്ങൾ ഉപയോഗിക്കുന്നത് എത്രമാത്രം ആത്മഹത്യാപരവും പിന്തിരിപ്പൻ രാഷ്ട്രീയവുമാകും എന്നത് തെളിയിച്ചതാണ്. ഇപ്പോൾ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തും പ്രാദേശിക കക്ഷികളും കോൺഗ്രസും മികച്ച ഹിന്ദുക്കൾ തങ്ങളാണ് എന്ന തെരഞ്ഞെടുപ്പടവ് പ്രയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ജനങ്ങളുടെ ജനാധിപത്യ മതേതര രാഷ്ട്രീയ സന്നദ്ധതയെ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നതു കൂടിയാണത്.

നരേന്ദ്രമോദി എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സർവ്വശക്തനായ നേതാവ് എന്ന ‘ബ്രാൻഡ്’ അതിവേഗത്തിൽ അവസാനിക്കുകയാണ്. 2014-ലും 2019- ലും ബി ജെ പി അധികാരത്തിലെത്തുമ്പോൾ അതിൽ ഹിന്ദുക്കളുടെ സാമ്രാജ്യ സമ്രാട്ട് എന്ന രീതിയിലാണ് സംഘപരിവാർ മോദിയെ അവതരിപ്പിച്ചത്. അത് വലിയ രീതിയിൽ വിജയം കാണുകയും ചെയ്തു. എന്നാൽ ഇനിയങ്ങോട്ട് മോദി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പോലും വലിയ തോതിൽ സ്വാധീനിക്കാൻ ശേഷിയില്ലാത്ത ‘മറ്റൊരു രാഷ്ട്രീയ നേതാവ്’ മാത്രമായി മാറുകയാണ്. സർവ്വശക്തനും എതിരാളികൾക്ക് തൊടാൻ കഴിയാത്തവനുമായ ഉത്തമപുരുഷനായ ചക്രവർത്തി എന്ന നിലയിൽ അക്ഷരാർത്ഥത്തിൽ തന്നെ ചെങ്കോൽ നൽകി വാഴിക്കപ്പെട്ട മോദി ഒരു ജനാധിപത്യ സമ്പ്രദായത്തിൽ ഘടകകക്ഷികളുമായി പിന്തുണയ്ക്കു വേണ്ടി വിലപേശുന്ന സാധാരണ രാഷ്ട്രീയ നേതാവ് മാത്രമാണെന്ന് ജനങ്ങൾ വീണ്ടും കാണുന്നതോടെ അയാളുടെ കെട്ടിപ്പൊക്കിയ പ്രചാരണനാട്യങ്ങൾ അതിവേഗം പൊഴിഞ്ഞുവീഴുകയാണ്. രാജ്യം ഭരിക്കുന്നത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണെന്നും അല്ലാതെ ആകാശത്തുനിന്ന് പൊട്ടിവീണ രക്ഷകനല്ലെന്നും ഭരണാധികാരികൾക്കും ജനങ്ങൾക്കും ഇടയ്ക്കിടയ്ക്ക് ബോധ്യം വരുന്നത് ജനാധിപത്യത്തിന് നല്ലതാണ്.

രാഹുൽ ഗാന്ധി ഒരു നേതാവ് എന്ന നിലയിൽ തന്റെ സ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉറപ്പിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു കാഴ്ച.

രാഹുൽ ഗാന്ധി ഒരു നേതാവ് എന്ന നിലയിൽ തന്റെ സ്ഥാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉറപ്പിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു കാഴ്ച. കോൺഗ്രസ് നേരിടുന്ന ചരിത്രപരമായ പ്രതിസന്ധിയുടെ കാരണങ്ങളുടെ ഇങ്ങേയറ്റത്ത് നിൽക്കുന്ന നേതാവ് കൂടിയാണ് രാഹുൽ ഗാന്ധി എന്നത് അയാളുടെ വ്യക്തിപരമായ കുഴപ്പമല്ല, മറിച്ച് അയാൾ കയ്യേൽക്കേണ്ടിവന്ന ചരിത്രപരമായ വിഴുപ്പുഭാണ്ഡങ്ങളുടെ ഭാരമാണ്. ഇതിനെ സമ്പൂർണ്ണമായി മറികടക്കുക എന്നത് അയാളുടെ വ്യക്തിത്വം കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല. എന്നാൽ ആ പരിമിതികളെ ഒരു പരിധിവരെ മാറ്റിനിർത്താനും ജനാധിപത്യ രാഷ്ട്രീയത്തെ സാധ്യമാക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും താൻ സന്നദ്ധനാണെന്നും മുന്നണി രാഷ്ട്രീയമടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് സന്നദ്ധമാണെന്നും കാണിക്കുന്നതിന് രാഹുൽഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനം ഇക്കാലയളവിൽ സഹായിച്ചു എന്നതിൽ സംശയമില്ല. വ്യക്തിപരമായി തന്നെ ഒരു രാഷ്ട്രീയ പ്രവർത്തകനാകാനോ ഒരു പാർട്ടിയെ നയിക്കാനോ ഒരു ഭരണാധികാരിയാകാനോ ശേഷിയില്ലാത്ത ദുർബല മനുഷ്യനായി ബി ജെ പിയും നരേന്ദ്രമോദിയും നിരന്തരമായി ആക്രമിച്ചു കൊണ്ടിരുന്ന ഒരാളായിരുന്നു രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ ഭാരത് ജോഡോ യാത്ര അടക്കമുള്ള പ്രാഥമികമായ രാഷ്ട്രീയ പ്രവർത്തനം നടത്തി ഈ പ്രതിച്ഛായയെ രാഹുൽ ഗാന്ധി മറികടന്നു എന്നത് കേവലമായ സംഘടന പ്രവർത്തനം മാത്രമല്ല, മറിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒരു മാറ്റം കൂടിയാണ്. ബി ജെ പിയെ സംബന്ധിച്ചാകട്ടെ നിരന്തരമായി ദുർബലനെന്നും ‘ഷേഹ്സാദ’ എന്നും ആക്ഷേപിച്ചുകൊണ്ടിരുന്ന ഒരാൾ ഇനി അത്തരത്തിലുള്ള വഷളനാക്ഷേപങ്ങൾ യാതൊരു തരത്തിലും ഫലിക്കാത്ത രീതിയിൽ ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് കൃത്യമായ അടിത്തറയോടെ കടന്നുവന്നു എന്നത് ഭാവിയിൽ അവർ നേരിടുന്ന വലിയ വെല്ലുവിളിയായിരിക്കും.

10 വർഷമായി ഇന്ത്യ ജനാധിപത്യത്തിന്റെ എതിർ ദിശയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. പ്രതിഷേധങ്ങളെയും വിവിധ സ്വരങ്ങളെയും അടിച്ചമർത്തുക എന്നത് അക്ഷരാർത്ഥത്തിൽ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം നടപ്പാക്കിയതിന്റെ കാഴ്ചകളായിരുന്നു നാം കണ്ടുകൊണ്ടിരുന്നത്. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ കോർപ്പറേറ്റ് കൊള്ളയെയും പല തലങ്ങളിൽ എതിർത്തു എന്നതിന്റെ പേരിൽ നിരവധി മനുഷ്യാവകാശ രാഷ്ട്രീയ പ്രവർത്തകരെയാണ് തടവിലടച്ചത്. ഭീമാ കൊറേഗാവ് കേസിൽ ഇത്തരത്തിൽ തടവിലടയ്ക്കപ്പെട്ടവരിൽ റോണാ വിൽസൺ, സുരേന്ദ്ര ഗാർഡലിങ്ങ് എന്നിവരടക്കമുള്ളവർ ഇപ്പോഴും തടവിൽ തന്നെയാണ്. സംഘപരിവാർ നടത്തിയ ഡൽഹി കലാപത്തിൽ കള്ളക്കേസ് ചുമത്തി തടവിലിട്ട ഉമർ ഖാലിദ് തടക്കമുള്ളവർ തടവിലാണ്. ഇതിനെല്ലാം ഉടനടി എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ. എന്നാൽ ഇത്തരം അടിച്ചമർത്തലുകൾ കൊണ്ട് ജനങ്ങളുടെ ജനാധിപത്യ പ്രതിഷേധത്തെ ഇല്ലാതാക്കാൻ കഴിയും എന്ന ബി ജെ പിയുടെയും മോദി സർക്കാരിന്റെയും ഹുങ്കിനെ പൗരസമൂഹം കൂടുതൽ സജീവവും സക്രിയവും ശക്തവും ആയി പ്രതിരോധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചരിത്രപരമായി തങ്ങളുടെ രാഷ്ട്രീയ പ്രസക്തി ഏറ്റവും പ്രകടമാക്കേണ്ട ഒരു സന്ദർഭത്തിൽ അമ്പരപ്പിക്കുന്ന രാഷ്ട്രീയ നിഷ്ക്രിയത്വത്തോടെ ഒരു പ്രസ്ഥാനത്തിന് ആത്മഹത്യ ചെയ്യാനാവുക എന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷം.

ഇത്തരം പ്രതിരോധങ്ങളുടെ മുന്നിൽ നിൽക്കേണ്ട മുഖ്യധാര ഇടതുപക്ഷ കക്ഷികൾ അമ്പരപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ ദുർബലരാകുന്ന കാഴ്ച കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ബാക്കിയാക്കുന്നത്. 34 വർഷത്തെ തുടർഭരണത്തിനു ശേഷംഅധികാരത്തിൽ നിന്നു മാത്രമല്ല രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നു കൂടി ഏതാണ്ട് തുടച്ചുമാറ്റപ്പെട്ട ബംഗാളിലെ സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷം ആ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും ഇത്തവണ നില മെച്ചപ്പെടുത്തും എന്ന പ്രതീക്ഷ പോലും അസ്ഥാനത്തായി.

എങ്ങനെയാണ് ചരിത്രപരമായി തങ്ങളുടെ രാഷ്ട്രീയ പ്രസക്തി ഏറ്റവും പ്രകടമാക്കേണ്ട ഒരു സന്ദർഭത്തിൽ അമ്പരപ്പിക്കുന്ന രാഷ്ട്രീയ നിഷ്ക്രിയത്വത്തോടെ ഒരു പ്രസ്ഥാനത്തിന് ആത്മഹത്യ ചെയ്യാനാവുക എന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷം. അതിന്റെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ കേരളത്തിൽ ഭരണപക്ഷ ഇടതുപക്ഷം നേരിട്ട പടുകൂറ്റൻ തോൽവി പോലും എങ്ങനെയാണെന്നോ എന്തുകൊണ്ടാണെന്നോ പരിശോധിക്കനോ തിരുത്താനോ ആകാത്ത വിധത്തിൽ ജീർണിച്ചുപോയ ഒരു രാഷ്ട്രീയ സംഘടനാശരീരമായി അവർ മാറിയിരിക്കുന്നു.

ഒന്നോടിച്ചു നോക്കിയാൽ പോലും മനസ്സിലാകുന്ന വിധത്തിൽ, കേന്ദ്രത്തിൽ മോദി സർക്കാരും ഇന്ത്യയിലൊട്ടാകെ സംഘപരിവാറും ഏതു രീതിയിലാണോ ജനാധിപത്യ സങ്കല്പനങ്ങളെ ആക്രമിച്ചത് അതിനെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഒഴിച്ചുനിർത്തി അതേപടി പകർത്തുക എന്നതായിരുന്നു കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ വിജയ മാതൃക. അത് യു.എ.പി.എ പോലുള്ള ഒരു ജനാധിപത്യവിരുദ്ധ നിയമം നടപ്പാക്കുന്നതിലായാലും മാധ്യമങ്ങൾക്കെതിരെയുള്ള ആക്രമണമായാലും പൗരാവകാശ സംഘടനകൾക്കും പൗര സമൂഹത്തിനും നേരെയുള്ള അസഹിഷ്ണുതയായാലും, സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും സമഗ്രാധിപത്യ ഭരണകൂട കൈപ്പുസ്തകമായിരുന്നു കേരളത്തിലെ പിണറായി സർക്കാരിന്റെ മാതൃക. ഇത് മുഖ്യധാരാ ഇടതുപക്ഷം അവരുടെ ജീവനാഡിയാകേണ്ട ഇടതുപക്ഷ വർഗ്ഗ രാഷ്ട്രീയം കയ്യൊഴിഞ്ഞതിന്റെ ഭാഗമാണ്. ഇതിനെ തിരിച്ചുപിടിക്കുക എന്നതിന് എളുപ്പവഴികളില്ല.

മോദി സർക്കാരും ഇന്ത്യയിലൊട്ടാകെ സംഘപരിവാറും ഏതു രീതിയിലാണോ ജനാധിപത്യ സങ്കല്പനങ്ങളെ ആക്രമിച്ചത് അതിനെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഒഴിച്ചുനിർത്തി അതേപടി പകർത്തുക എന്നതായിരുന്നു കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ വിജയമാതൃക.

ഇന്ത്യ ആവശ്യപ്പെടുന്ന രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലൂന്നിയ ജനകീയ സമരങ്ങൾ ഇടതുപക്ഷത്തിന് നടത്താനാവുമോ എന്നതാണ് ചോദ്യം. പ്രായോഗികമായി അതിനൊന്നും സാധ്യമല്ലാത്ത വിധത്തിൽ നേർത്തുപോയ ഒരു രാഷ്ട്രീയശരീരമാണ് ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിൻ്റേത്. അവർക്ക് ഇനി ചെയ്യാനുള്ളത് ഒരു ജനാധിപത്യ സമൂഹത്തിന് പാകമാകുന്ന വിധത്തിൽ തങ്ങളെ പുനഃസംഘടിപ്പിക്കുകയും ഇന്ത്യയിലെ നിരവധിയായ പൗരാവകാശ മുന്നേറ്റങ്ങളും ജനകീയ മുന്നേറ്റങ്ങളുമായി ഉപാധികളില്ലാതെ ഐക്യപ്പെടുകയുമാണ്. അതിന് തയ്യാറാകണമെങ്കിൽ കേരളത്തിലെ അടക്കമുള്ള ജനകീയ സമരങ്ങളെയും വർഗ്ഗരാഷ്ട്രീയത്തെയും ഒറ്റുകൊടുക്കുന്ന ദല്ലാൾ നേതൃത്വങ്ങളെ മാറ്റേണ്ടിവരും. അതെല്ലാം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അവർക്ക് ചിന്തിക്കാനാകാത്ത കാര്യമാകുന്നതുകൊണ്ട് ഇന്ത്യൻ ഇടതുപക്ഷം അഭിമുഖീകരിക്കാൻ പോകുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, എന്നാൽ ആത്മഹത്യാപരമായ രാഷ്ട്രീയനയങ്ങളിലൂടെ സ്വയം സ്വീകരിച്ച അപ്രസക്തിയെയാണ്. എന്നാൽ ഇത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയോ അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളുടെയോ പ്രസക്തി ഇല്ലാതാക്കുന്നില്ല. അതാരാണ് മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു പുതിയ ഇടതുപക്ഷ രാഷ്ട്രീയ ഭാവുകത്വത്തെ സൃഷ്ടിക്കുക.

സിദ്ദിഖ് കാപ്പൻ

ഇന്ത്യയിലെ മാധ്യമങ്ങൾ യാതൊരു മറയുമില്ലാത്ത വിധത്തിൽ സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും ഉച്ചഭാഷിണികളായി മാറിയ ഒരു ദശാബ്ദമാണ് കടന്നുപോയത്. വാർത്താമാധ്യമങ്ങൾ എന്നതിനപ്പുറം സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും മോദി സർക്കാരിന്റെ സമഗ്രാധിപത്യ ഭരണകൂട നയങ്ങളെയും പ്രചരിപ്പിക്കുന്ന പ്രചാരണ വാഹനങ്ങളായാണ് അവ മാറിയത്. അതിനുവേണ്ട മൂലധന നിക്ഷേപം മുഴുവൻ ഇന്ത്യയിലെ കോർപ്പറേറ്റുകളാണ് നൽകിയത്. ഇന്ത്യയിലെ വാർത്താമാധ്യമങ്ങളെ ഏതാണ്ട് മുഴുവനായിത്തന്നെ ഇന്ത്യൻ കോർപ്പറേറ്റുകൾ നിയന്ത്രിക്കുകയാണ്. ഹിന്ദുത്വ - കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ ഈ സമഗ്രാധിപത്യ ഭരണകൂട സംവിധാനത്തെ പിന്താങ്ങുകയും അതിനുവേണ്ട പ്രചാരണ അജണ്ടകൾ നടപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് മാധ്യമങ്ങൾ നടത്തിയത്. തങ്ങളെ അനുകൂലിക്കുകയും തങ്ങൾക്ക് വിധേയരാവുകയും ചെയ്യാത്ത മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുകയും തടവിലിടുകയുമാണ് മോദി സർക്കാർ ചെയ്തത്. അതിൽ ബി ബി സി മുതൽ ഇങ്ങേയറ്റത്ത് സിദ്ദിഖ് കാപ്പൻ വരെ ഉണ്ട്. എന്നാൽ ഇത്തരം വെല്ലുവിളികൾ ചരിത്രത്തിൽ എപ്പോഴും സൃഷ്ടിച്ചിട്ടുള്ളതുപോലെ അതിനു ബദലായ രാഷ്ട്രീയാഖ്യാനങ്ങൾ ഇന്ത്യയിൽ ഉയർത്തിക്കൊണ്ടുവന്നു. അങ്ങനെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ, നിരവധിയായ സ്വതന്ത്ര വാർത്താ ആഖ്യാനങ്ങളിൽ എല്ലാം മോദി സർക്കാരിനും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കുമെതിരായ വലിയ സമരങ്ങൾ നടന്നത്.
ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്, ജനം എന്തു കാണണം എന്ന് നിശ്ചയിക്കുന്ന ഭരണകൂട പദ്ധതിക്കപ്പുറത്തേക്ക് ജനങ്ങൾക്ക് കാണാനുള്ളത് തെരഞ്ഞെടുക്കുന്ന ഒരു രാഷ്ട്രീയ സാധ്യത ഇന്ത്യയിൽ സാവകാശത്തിൽ ഉരുത്തിരിഞ്ഞേക്കാം എന്നതാണ്. ഇന്ത്യയിലെ മുഖ്യധാരാ കോർപ്പറേറ്റ് മാധ്യമങ്ങൾ അവയുടെ സംഘപരിവാർ, മോദി സർക്കാർ പ്രചാരണസേവയിൽ എന്തെങ്കിലും കുറവ് ഇനി വരുത്തും എന്ന വ്യാമോഹം നമുക്കുണ്ടാകേണ്ടതില്ല. എന്നാൽ അതിനു ബദലായ നിരവധിയായ സൂക്ഷ്മാഖ്യാനങ്ങൾ ഇന്ത്യൻ സമൂഹം സൃഷ്ടിക്കുന്നുണ്ട്. അത് എത്രത്തോളം വിപുലമാകുന്നു എന്നും അതിന്റെ രാഷ്ട്രീയമായ കാതൽ എത്രത്തോളം ജനാധിപത്യസത്ത നിറഞ്ഞതാണ് എന്നുള്ളതും ആയിരിക്കും അടുത്തഘട്ടത്തിലെ ഫാഷിസ്റ്റ് വിരുദ്ധ സമരത്തെ ഏറെ നിർണായകമായി സ്വാധീനിക്കുന്ന ഒരു ഘടകം.

ജനാധിപത്യ സമ്പ്രദായത്തിൽ ഘടകകക്ഷികളുമായി പിന്തുണയ്ക്കു വേണ്ടി വിലപേശുന്ന സാധാരണ രാഷ്ട്രീയ നേതാവ് മാത്രമാണ് മോദി എന്ന് ജനങ്ങൾ വീണ്ടും കാണുന്നതോടെ അയാളുടെ കെട്ടിപ്പൊക്കിയ പ്രചാരണനാട്യങ്ങൾ അതിവേഗം പൊഴിഞ്ഞുവീഴുകയാണ്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടവും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരായ രാഷ്ട്രീയ സാമൂഹ്യ സമരവും മറ്റൊരു ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. സംഘപരിവാറിന്റെയും അതിന്റെ ഏറ്റവും ജനാധിപത്യവിരുദ്ധ ഹിംസയുടെ ക്രൗര്യം മുഴുവൻ പേറുന്ന പ്രതിനിധിയായ നരേന്ദ്രമോദിയുടെയും രാഷ്ട്രീയ പടിയിറക്കത്തിന്റെ ആരംഭം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യ എന്ന ഈ രാഷ്ട്രീയദേശം സൃഷ്ടിക്കപ്പെട്ടത് വൈവിധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും വിവിധങ്ങളായ രാഷ്ട്രീയ സാമൂഹ്യധാരകളുടെ വിലോഭനീയമായ രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്. ഇന്ത്യയെ നിലനിർത്തുന്ന ഈ രാഷ്ട്രീയ പ്രക്രിയയെ അവസാനിപ്പിക്കുകയായിരുന്നു സംഘപരിവാറിന്റെയും മോദി സർക്കാരിന്റെയും ഉന്നം. എന്നാൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെയും ജനാധിപത്യ സ്വപ്നങ്ങൾക്ക് വേണ്ടിയുള്ള യാത്രകളുടെയും ചരിത്രം ഓർമകളിലേക്ക് കടന്നുവന്ന ഒരു ജനത അതിന്റെ വിരൽത്തുമ്പുകളിൽ ആ രാഷ്ട്രീയത്തെ വീണ്ടെടുക്കാൻ ശ്രമിച്ചതിന്റെ പ്രതീക്ഷാഭരിതമായ മേഘച്ഛായകൾ ഇന്ത്യയുടെ ആകാശത്തിൽ നിറയുന്നു. അവ പെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Comments